അസ്വിറാതുല്‍ മുസ്തഖീം സെഷനിലെ രണ്ടാം ഭാഗമായ ഇമാം ശാഫിഈ(റ) എന്ന പ്രാധാന്യമുള്ള വിഷയമാണ് ചര്‍ച്ച ചെയ്യാനുള്ളത്. ഇമാം ശാഫിഈ(റ)ന്‍റെ ചരിത്രാവതരണമല്ല ഇതിന്‍റെ ലക്ഷ്യം. പ്രത്യുത അവിടുത്തെ മദ്ഹബിന്‍റെ ആധികാരികതയും അതുമായി കേരള മുസ്ലിംകള്‍ക്കുള്ള ബന്ധവും വിശദീകരിക്കുകയാണ.് കേരള മുസ്ലിംകള്‍ ശാഫി മദ്ഹബില്‍ നിന്നു വ്യതിചലിച്ചിരിക്കുന്നുവെന്ന അവാസ്തവമായ വിമര്‍ശനങ്ങള്‍ ചില ബിദ്അത്തുകാരില്‍ നിന്ന് ഉയരുന്ന പശ്ചാതലത്തില്‍ ഏറെ പ്രസക്തമാണ് ഈ വിശകലനം.
ഫലസ്തീനിലെ ഗസ്സയിലാണ് ഇമാം അവര്‍കള്‍ ജനിച്ചത്. രണ്ടു വയസ്സായപ്പോള്‍ സകുടുംബം മക്കയിലേക്ക് താമസം മാറ്റി. അവിടെയാണ് പ്രാഥമിക പഠനം. 7-ാം വയസ്സില്‍ ഖുര്‍ആനും പത്താം വയസ്സില്‍ ഇമാം മാലിക്(റ)ന്‍റെ അല്‍ മുവത്വ എന്ന ഹദീസ് സമാഹാരവും മന:പാഠമാക്കി. ഫത്വ നല്‍കാനും ഗവേഷണം നടത്താനും കര്‍മശാസ്ത്ര ഗുരുക്കളില്‍ പ്രധാനിയായ മുസ്ലിമുബ്നു ഖാലിദുസ്സന്‍ജി(റ)യില്‍ നിന്ന് പതിനഞ്ചാം വയസ്സില്‍ അനുമതി ലഭിക്കുകയുണ്ടായി. കഠിനമായ അധ്വാനവും സൂക്ഷ്മമായ വിശകലനവും വഴി പിന്നീട് അവിടുന്ന് തന്‍റെ മദ്ഹബ് വികസിപ്പിച്ചു. ഹിജ്റ 199-ലോ 200-ലോ ശാഫിഈ(റ) ഇറാഖ് വഴി ഈജിപ്തിലെത്തി. ശേഷമുള്ള നാലുവര്‍ഷം കൊണ്ട് അവിടുന്ന് ക്രോഡീകരിച്ച അഭിപ്രായ സമാഹാരമാണ് ശാഫിഈ മദ്ഹബിന്‍റെ ആകെത്തുക.
ഇമാം ശാഫിഈ (റ) ഇരുനൂറോളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അല്‍ ഉമ്മ്, മുഖ്തസറുല്‍ മുസ്നി, മുഖ്തസറുല്‍ ബുവൈത്വി, അല്‍ ഇംലാഅ് എന്നീ നാലു ഗ്രന്ഥങ്ങളാണ് ശാഫിഈ മദ്ഹബിന്‍റെ അടിസ്ഥാനം. ഈ ചതുര്‍ഗ്രന്ഥങ്ങളെ നിഹായതുല്‍ മത്വ്ലബ് ബി ദിറാസതില്‍ മദ്ഹബ് എന്ന 30 വാള്യങ്ങളുള്ള ബ്രഹദ് ഗ്രന്ഥത്തില്‍ ഇമാമുല്‍ ഹറമൈനി(റ) സംക്ഷേപിച്ചു. അവിടുത്തെ ശിഷ്യന്‍ ഇമാം ഗസ്സാലി(റ) ഇത് ബസ്വീത് എന്ന ഗ്രന്ഥത്തില്‍ ചുരുക്കിയെടുക്കുകയും പിന്നീട് വസീത്വായും വസീത്വിനെ വജീസായും ഇതിനെ ഖുലാസ്വയായും ചുരുക്കി എഴുതുകയും ചെയ്തു. ആശയലോപം വരാതെയാണ് ഈ പരിണാമങ്ങള്‍ മുഴുക്കെയും. ഗസ്സാലി(റ)യുടെ പ്രയുക്ത ചതുര്‍ ഗ്രന്ഥങ്ങളുടെ സന്തതികളല്ലാതെ ഒരു ഗ്രന്ഥവും ശാഫിഈ മദ്ഹബില്‍ കാണാനാവില്ല. ഗസ്സാലി(റ)യോട് വിധേയത്വമില്ലാത്ത ഒരു പണ്ഡിതനും അദ്ദേഹത്തിന്‍റെ ശേഷം ഉണ്ടായിട്ടില്ലെന്ന് ഇമാം സുയൂഥി(റ) അല്‍ഹാവി ലില്‍ ഫതാവയില്‍ പറയുന്നുണ്ട്.
നാം മസ്അല തീര്‍പ്പിനുപയോഗിക്കുന്ന തുഹ്ഫ, നിഹായ, മുഗ്നി എന്നീ പ്രധാന ഗ്രന്ഥങ്ങള്‍ ഇമാം നവവിയുടെ മിന്‍ഹാജുത്വാലിബിന്‍റെ വ്യാഖ്യാനങ്ങളാണ്. മിന്‍ഹാജ് ഇമാം റാഫി(റ)യുടെ അല്‍ മുഹര്‍ററിന്‍റെ സംക്ഷേപവും. അല്‍ മുഹര്‍റര്‍ ഇമാം ഗസ്സാലിയുടെ ഖുലാസ്വയുടെ ചുരുക്കെഴുത്തുമാണ്. പില്‍ക്കാല ഗ്രന്ഥങ്ങളെല്ലാം ഇമാം ഗസ്സാലി (റ)യോടു ബന്ധപ്പെട്ടു കിടക്കുകയാണെന്ന് സാരം. ഈ ഗ്രന്ഥങ്ങളെല്ലാം ശാഫിഈ മദ്ഹബാണ്. ഇമാം പറയാത്ത ചില കാര്യങ്ങള്‍ പില്‍ക്കാല രചനകളായ പ്രയുക്ത ഗ്രന്ഥങ്ങളില്‍ കാണുന്നതുപോലും ഇമാമിന്‍റെ പൊതു പ്രയോഗങ്ങളില്‍ നിന്ന് മനസ്സിലാക്കിയെടുത്തതാണ്. ഇമാം ശാഫിഈ(റ)ന്‍റെ അടിസ്ഥാന നിദാന ശാസ്ത്ര രീതി ആശ്രയിച്ചു കൊണ്ടുമാണ്. ഒരിക്കലും സാധ്യതയുണ്ടാവുമോ എന്ന് സംശയിക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്കുപോലും പില്‍ക്കാല പണ്ഡിതര്‍ ഇമാം ശാഫിഈ(റ)ന്‍റെയും ശിഷ്യരുടെയും വാചകങ്ങളില്‍ നിന്ന് നിര്‍ദ്ധാരണം നടത്തിയിട്ടുണ്ട്. ഇന്നേവരെ നടന്നിട്ടില്ലാത്തവയാണെങ്കിലും എപ്പോഴെങ്കിലും നടന്നെങ്കിലോ എന്നു കരുതി അവര്‍ വിധി തീരുമാനങ്ങള്‍ കണ്ടെത്തിയത് എത്രമാത്രം അത്ഭുതകരമാണ്. ശരിക്കും മരിച്ച ഒരാള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയാല്‍ പിന്നീടുള്ള അയാളുടെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി മസ്അലകള്‍ വരെയും കര്‍മശാസ്ത്ര പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. ഭാര്യ, സ്വത്തുക്കള്‍, പുത്രി, പുത്രന്‍മാരുമായുള്ള ബന്ധങ്ങള്‍, പിന്നീടുള്ള മരണത്തിനുശേഷം ചെയ്യേണ്ട ക്രിയകള്‍ പോലുള്ള അനുബന്ധ കാര്യങ്ങളെല്ലാം അവര്‍ വിശദീകരിച്ചു. തുഹ്ഫയിലും ഫതാവല്‍ ഹദീസിയ്യയിലുമൊക്കെ ഇക്കാര്യങ്ങള്‍ പറഞ്ഞുവെച്ചു. രണ്ടാം മരണത്തില്‍ മയ്യിത്ത് കുളിപ്പിക്കല്‍, നിസ്കരിക്കല്‍ എന്നിവ നിര്‍ബന്ധമില്ലെന്നും എന്നാല്‍ തുണിയില്‍ പൊതിഞ്ഞ് മറവു ചെയ്യേണ്ടതുണ്ടെന്നുമാണ് മസ്അല. ഇതൊന്നും സംഭവിക്കില്ലെന്നു തോന്നാം, എന്നാല്‍ സംഭവിക്കുമെങ്കില്‍ ഇതൊക്കെയാണ് നിയമമെന്ന് ഫിഖ്ഹ് പണ്ഡിതര്‍ പറഞ്ഞിരിക്കുന്നു.
പത്തുവര്‍ഷം മുമ്പ് മുപ്പത്തഞ്ചുകാരനായ ഒരാള്‍ ശസ്ത്രക്രിയക്ക് വിധേയനായി സ്ത്രീയായി മാറി. അദ്ദേഹത്തിന് ഭാര്യയും മൂന്നുകുട്ടികളുമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി ചോദ്യങ്ങളുണ്ടായി. ഭാര്യയുമായുള്ള ബന്ധം നിലനില്‍ക്കുമോ മുറിയുമെങ്കില്‍ അവളുടെ രണ്ടാം വിവാഹത്തിന് ഇദ്ദ വേണ്ടതുണ്ടോ? ഇദ്ദ വേണമെങ്കില്‍ ത്വലാഖിന്‍റെ ഇദ്ദയോ ഭര്‍ത്താവ് മരിച്ചാലുള്ളതോ? പെണ്‍കുട്ടിയെ കെട്ടിക്കാന്‍ ഇയാള്‍ക്കാവുമോ? സ്ത്രീയായതിനാല്‍ വിലായത്ത് നശിക്കുമോ അതോ കുട്ടിയുടെ പിതാവെന്ന നിലയില്‍ നിലനില്‍ക്കുമോ തുടങ്ങിയ പത്ത് ചോദ്യങ്ങള്‍ ഈജിപ്തിലെ ഫിഖ്ഹ് കൗണ്‍സിലിനു മുന്നിലെത്തി. അവര്‍ക്കു തോന്നിയത് പോലെ ചിലതൊക്കെ പറഞ്ഞുവെങ്കിലും അതൊന്നും അര്‍ത്ഥ പൂര്‍ണമായിരുന്നില്ല. മര്‍ഹും പി.എം.കെ ഫൈസി ഈ ചോദ്യങ്ങളെല്ലാം നമ്മുടെ സമസ്തയുടെ പണ്ഡിതന്‍മാര്‍ക്കു മുമ്പിലെത്തിച്ചു. മഹാനായ ചെറുശ്ശോല ഉസ്താദ്, നെല്ലിക്കുത്ത് ഇസ്മാഈല്‍ ഉസ്താദ്, ഇ സുലൈമാന്‍ ഉസ്താദ്, എപി ഉസ്താദ് അടക്കമുള്ള ആലിമുകള്‍ ചേര്‍ന്ന് അതിനു ശരിയായ നിവാരണം നല്‍കുകയുണ്ടായി.
പുരുഷന്‍ സ്ത്രീയായും സ്ത്രീ പുരുഷനായും മാറുമ്പോള്‍ രണ്ടു രീതിയില്‍ ഈ മാറ്റം വീക്ഷിക്കാനാവും. ഒന്ന് രൂപത്തില്‍ മാത്രം മാറ്റം വന്ന് അടിസ്ഥാന പ്രകൃതത്തില്‍ മാറ്റമില്ലാത്ത അവസ്ഥ. ഇങ്ങനെയുള്ളവര്‍ക്ക് സര്‍ജറിക്കു മുമ്പുള്ള സ്വഭാവമാണ് നിയമം. പുരുഷനാണ് ഇങ്ങനെ രൂപഭേദം വരുന്നതെങ്കില്‍ വിവാഹബന്ധം നിലനില്‍ക്കും. എന്നാല്‍ ലൈംഗികാവയവം നഷ്ടപ്പെട്ടതു കാരണം ഭാര്യയുടെ അവകാശം ഇല്ലാതായതുകൊണ്ട് അവള്‍ക്ക് ഫസ്ഖ് ഉപയോഗിച്ച് വിവാഹ ബന്ധം വേര്‍പ്പെടുത്തുവാന്‍ അവകാശമുണ്ട്. പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ മാറ്റം വന്ന് പ്രകൃതി പരമായി തന്നെ എതിര്‍ വര്‍ഗമായി മാറുന്നതാണ് രണ്ടാമത്തെ രീതി. കൃത്രിമ ഗര്‍ഭപാത്രം വച്ചു പിടിപ്പിക്കുകയും സ്ത്രീ ജന്യമായ രക്തങ്ങള്‍ പുറപ്പെടുകയുമൊക്കെ ചെയ്താല്‍ ഇപ്രകാരമുള്ള മാറ്റമായി. ഇങ്ങനെ വരുമ്പോള്‍ നിക്കാഹ് ബന്ധം മുറിഞ്ഞു. ത്വലാഖിന്‍റെ ഇദ്ദയനുഷ്ഠിച്ച് സ്ത്രീക്ക് വേറെ വിവാഹമാവാം. ഭര്‍ത്താവ് നിര്‍ജീവിയായി കോലം മറിഞ്ഞുവെങ്കില്‍ മരണത്തിന്‍റെ ഇദ്ദയായ നാലുമാസവും പത്തു ദിവസവും അനുഷ്ഠിക്കേണ്ടി വരും. ഇതെല്ലാം ഇബ്നുഹജര്‍(റ) തുഹ്ഫയില്‍ പറഞ്ഞിട്ടുള്ളതാണ്.
ഖുര്‍ആനും സുന്നത്തും പോരേ, എന്തിനാണ് ഫിഖ്ഹും മദ്ഹബുകളുമെന്നൊക്കെ ചോദിക്കുന്നവര്‍ക്ക് ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനേ കഴിയൂ. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും നേര്‍ക്കുനേര്‍ മസ്അലകള്‍ കണ്ടെത്താനുള്ള അര്‍ഹത സ്വതന്ത്ര മുജ്തഹിദുകള്‍ക്കും അവരുടെ അടുത്ത പദവിയിലുള്ളവര്‍ക്കുമാണ്. ഈ സ്ഥാനമുള്ളവര്‍ ഹിജ്റ നാലുനൂറ്റാണ്ടിനു ശേഷം ഉണ്ടായിട്ടേയില്ല. ഇങ്ങനെയുള്ള മഹദ്ജ്ഞാനികള്‍ക്കല്ലാതെ സ്വതന്ത്ര ഇജ്തിഹാദിന് അര്‍ഹതയില്ല. നാലുനൂറ്റാണ്ടുവരെയുള്ളവര്‍ തന്നെ നടന്നതും നടക്കാനിരിക്കുന്നതുമായ സര്‍വകാര്യങ്ങളിലും തീരുമാനം പറഞ്ഞിട്ടുണ്ടെന്നത് ഇസ്ലാമിക കര്‍മശാസ്ത്രത്തിന്‍റെ ആഴം വെളിപ്പെടുത്തുന്ന കാര്യമാണ്.
ബീജം പുറത്തെടുത്ത് സന്താനോല്‍പാദനം നടത്തുന്നത് ഇപ്പോള്‍ വ്യാപകമായിരിക്കുന്നു. ഇത് സംബന്ധമായി ഇബ്നുഹജര്‍ (റ) വിശദമാക്കിയിട്ടുമുണ്ട്. വിവാഹ ബന്ധം നിലനില്‍ക്കുമ്പോള്‍ ഹറാമല്ലാത്ത രീതിയില്‍ ബീജം പുറത്തെടുത്ത് ഭാര്യയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ചാല്‍ അത് ഔദ്യോഗിക സന്താനമായിതീരും. ഇതിന് വിരുദ്ധമായി ബന്ധം നിലനില്‍ക്കാത്തപ്പോഴോ നിഷിദ്ധ രീതിയില്‍ പുറത്തെടുത്താലോ ആ സന്താനം അവന്‍റെതാവില്ല. ഇങ്ങനെയൊരു സംഭവം നടക്കുന്നതിനു നേരിയ സാധ്യത പോലുമില്ലാത്ത കാലത്താണ് തുഹ്ഫയില്‍ ഈ മസ്അല പറയുന്നതെന്നോര്‍ക്കുക. ഫുഖഹാക്കള്‍ ഇതു പറഞ്ഞപ്പോള്‍ പരിഹസിച്ചു തള്ളിയിരുന്നു അന്നത്തെ വൈദ്യശാസ്ത്ര വിശാരദര്‍. പക്ഷേ കാലം അവര്‍ക്കു മറുപടി നല്‍കി. ഇന്ന് സര്‍വ സാധാരണമായിരിക്കുന്നു ബീജം പുറത്തെടുക്കലും അതു വഴിയുള്ള ഗര്‍ഭധാരണവുമൊക്കെ. ഇങ്ങനെ നിരവധി വിഷയങ്ങള്‍ ഫിഖ്ഹ് പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് മദ്ഹബ് സ്വീകരിക്കാതെ ഒരാള്‍ക്കും മുസ്ലിമായി ജീവിക്കാനാവില്ല. ഖുര്‍ആനിലും ഹദീസിലുമില്ലാത്തതു കൊണ്ടല്ല ഇത്. മറിച്ച് അതില്‍ വ്യക്തമായി പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സൂചനാപരമായതുകൊണ്ടാണ്. ഇമാം നവവി(റ)വിനു പോലും പ്രമാണങ്ങളില്‍ നിന്ന് സ്വതന്ത്രമായി വിധി തീര്‍പ്പു കണ്ടെത്താനുള്ള യോഗ്യതയില്ലായീരുന്നു. എന്നിട്ടല്ലേ നമ്മുടെ കാലത്തു ബിദ്അത്ത് മൗലവിമാര്‍ അതിനര്‍ഹരാവുന്നത്.
ഫിഖ്ഹിന്‍റെ ഈ വൈപുല്യം മനസ്സിലാക്കിയ ശേഷം ഇനി തര്‍ക്ക വിഷയങ്ങളിലേക്കുവരാം. ഖുത്ബയുടെ ഭാഷയിലാണ് പൊതുവെ ബിദ്അത്ത് വാദം ആരംഭിക്കാറുള്ളത്. ശാഫിഈ ഫിഖ്ഹനുസരിച്ച് ആര്‍ക്കും ഖുതുബ ഭാഷയിലെ പ്രാദേശികത്വം സമര്‍ത്ഥിക്കാനാവില്ല. ഇമാം ശാഫിഈ(റ)ന്‍റെ അല്‍ ഉമ്മ് മുതല്‍ സൈനുദ്ദീന്‍ മഖ്ദും(റ)ന്‍റെ ഫത്ഹുല്‍ മുഈന്‍ വരെയുള്ള ഗ്രന്ഥങ്ങളിലെല്ലാം ഖുതുബക്കുള്ള നിബന്ധനയായി കൗനുഹാ ബില്‍ അറബിയ്യ, അതായത് അത് അറബിയായിരിക്കണമെന്ന് പറയുന്നു. ഇതിനെതിരെയുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ ഒരിക്കലും ശാഫിഈ ഫിഖ്ഹിനു യോജിച്ചു വരുന്നില്ല. ഇപ്രകാരം തന്നെയാണ് സ്ത്രീകളുടെ പള്ളി പ്രവേശനവും. ഇഖ്തിലാഫുല്‍ ഹദീസില്‍ സ്ത്രീകളുടെ പള്ളിപ്രവേശം പാടില്ലെന്ന് കൃത്യമായി ശാഫിഈ(റ) പറയുന്നുണ്ട്. നബി(സ്വ)യുമായി ബന്ധപ്പെട്ട ഒരു സ്ത്രീയും പള്ളിയിലേക്ക് പോയിരുന്നില്ല. അത് കൊണ്ടാണല്ലോ ഇബ്നുതൈമിയ്യ മജ്മൂഇല്‍ ഫതാവ 4-ാം വാള്യം 456-ാം പേജില്‍ ഇങ്ങനെ പറയുന്നത്: ‘പര്‍ദ്ദാ നിയമത്തിന് മുമ്പും വളരെ ചെറിയൊരു വിഭാഗമേ പള്ളിയില്‍ പോയിരുന്നു. നിയമം വന്നതോടെ അവരും പോക്ക് നിര്‍ത്തുകയും ചെയ്തു.’
ഒറ്റപ്പെട്ട വല്ലവരും പളളിയില്‍ പോയാല്‍ അത് വലിയ ചര്‍ച്ചയായിരുന്നതും പലരും ചോദ്യം ചെയ്തിരുന്നതും ഇതു കൊണ്ടായിരുന്നു. ബസ്വറയിലെ വലിയ ജുമുഅത്ത് പള്ളിയിലിരിക്കുകയായിരുന്ന ഹസന്‍ ബസ്വരി(റ)നെ സമീപിച്ച് പള്ളിയുടെ മുറ്റത്ത് നിന്ന് ഒരു സത്രീ ഇങ്ങനെ ചോദിച്ചു: മഹാനരേ എന്‍റെ ഭര്‍ത്താവിനെ വര്‍ഷങ്ങളായി കാണാതായിരുന്നു. അദ്ദേഹം തിരിച്ചെത്തിയാല്‍ ഈ പള്ളിയില്‍ വെച്ച് രണ്ട് റക്അത്ത് സുന്നത്തു നിസ്കരിക്കാമെന്ന് ഞാന്‍ മുമ്പ് നേര്‍ച്ച ചെയ്തു. ഇപ്പോള്‍ അദ്ദേഹം മടങ്ങി വന്നിരിക്കുന്നതിനാല്‍ ആ രണ്ട് റക്അത്തുമാത്രം ഞാന്‍ പള്ളിയില്‍ കേറി നിര്‍വഹിക്കട്ടെയോ? ഈ ചോദ്യത്തില്‍ നിന്നു തന്നെ അന്ന് സ്ത്രീകള്‍ പള്ളിയിലെത്താറില്ലെന്നു മനസ്സിലാവുന്നുണ്ട്. അല്ലെങ്കില്‍ പ്രത്യേക സമ്മതം വാങ്ങേണ്ടതില്ലല്ലോ. ബസ്വരി(റ) പ്രതികരിച്ചു: ഉമര്‍(റ)നോടായിരുന്നു ഈ ചോദ്യമെങ്കില്‍ നിന്‍റെ തല കാണില്ലായിരുന്നു. നീ ഇവിടെ വന്ന് നിസ്കരിക്കേണ്ടതില്ല. നിന്‍റെ നേര്‍ച്ച വീട്ടാന്‍ നിങ്ങളുടെ കുടുംബത്തിന്‍റെ സ്വകാര്യ പള്ളിയില്‍ വെച്ചു നിര്‍വഹിച്ചാല്‍ മതി. ഇതാണ് മുസ്ലിം ലോകത്തിന്‍റെ രീതി. ഇതാണ് ശാഫിഇ മദ്ഹബ്.
ഇനി നിസ്കാരാനന്തര പ്രാര്‍ത്ഥനയെക്കുറിച്ച് പരിശോധിക്കാം. ഖുര്‍ആനും ഹദീസുമനുസരിച്ച് ചിന്തിച്ചാല്‍ ഇമാം ദുആ ചെയ്ത് മഅ്മൂം ആമീന്‍ പറയുന്നതാണ് മുസ്ലിംങ്ങളുടെ രീതിയെന്ന് മനസ്സിലാക്കാം. ഇതാണ് ശാഫിഈ മദ്ഹബും. ഫത്ഹുല്‍ മുഈന്‍ പോലുള്ള കിതാബുകളിലെ നിസ്കാരാനന്തരം ഇമാം ഇരിക്കേണ്ടതെങ്ങനെയെന്ന ഭാഗം ദുര്‍വ്യാഖ്യാനിച്ചാണ് ബിദ്അത്തുകാര്‍ ശാഫിഈ മദ്ഹബ് അവരുടെ കൂടെയാണെന്ന് വാദിക്കുന്നത്. ഇവര്‍ ഒരു മദ്ഹബുകാരുമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇവര്‍ ഗള്‍ഫ് സലഫികളുടെ രീതിയിലുമല്ല. കാരണം, അവര്‍ മദ്ഹബ് സ്വീകരിക്കുന്നവരാണല്ലോ. എന്നു മാത്രമല്ല മുഹമ്മദുബ്നു അബ്ദില്‍ വഹാബിന്‍റെ മദ്ഹബുകാരുമല്ല. അയാള്‍ ഹമ്പലി മദ്ഹബുകാരനായിരുന്നു. നാം സ്വതന്ത്ര ഇജ്തിഹാദ് വാദിക്കുന്നവരല്ലെന്നും ഹമ്പലി മദ്ഹബ് പിന്തുടരുന്നവരാണെന്നും ഹമ്പലി മദ്ഹബിലെ കിതാബുല്‍ ഇന്‍സ്വാഫിന് അബ്ദുല്‍ വഹാബ് എഴുതിയ സംക്ഷേപത്തില്‍ വ്യക്തമാക്കിയതുകാണാം. ലാ മദ്ഹബിയ്യത് (മദ്ഹബ് നിഷേധം) സുന്നത്ത് ജമാഅത്തിന്‍റെ രീതിക്കു പുറത്താണെന്നും അത് പിഴച്ച രീതിയാണെന്നും ചുരുക്കം. അല്ലാഹു നന്മയില്‍ നിലനില്‍ക്കാന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ.
അസ്വിറാതുല്‍ മുസ്തഖീം
പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍