‘സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നല്ലത് സംസാരിക്കുക. എങ്കിൽ നിങ്ങളുടെ കർമങ്ങൾ നന്നാക്കിത്തരികയും പാപങ്ങൾ പൊറുത്തുതരികയും ചെയ്യും’ (അഹ്‌സാബ് 70-71).
നല്ലതു മാത്രം പറയാൻ കഴിയുകയെന്നത് അത്യുൽകൃഷ്ടമായൊരു സിദ്ധിയാണ്. ഖുർആൻ പറഞ്ഞു: ‘മനുഷ്യരോട് നല്ലത് സംസാരിക്കുക’ (അൽബഖറ 83). നന്മ കൽപിക്കലും തിന്മ വിരോധിക്കലും അധ്യയനവും അധ്യാപനവും മതപ്രബോധനവുമെല്ലാം ഈ ഗണത്തിലുള്ള സംസാരങ്ങളാണ്. മനുഷ്യരോട് നല്ലത് സംസാരിക്കുക എന്നതിന്റെ ഉള്ളടക്കം, ശത്രുക്കളോടാണെങ്കിൽ പോലും മോശപ്പെട്ടതും അശ്ലീലകരവുമായ സംസാരങ്ങൾ നടത്തുകയോ അസഭ്യ വാക്കുകൾ പ്രയോഗിക്കുകയോ ചെയ്യരുത് എന്നത് കൂടിയാണ്. തിരുനബി(സ്വ)യുടെ കാലത്തെ പരദൂഷകരായ ജൂതരെ അഭിസംബോധന ചെയ്താണ് ഈ സുക്തത്തിന്റെ അവതരണമെന്ന് ഇബ്‌നുഅബ്ബാസ്(റ) പറയുന്നത് ഇവിടെ ചേർത്തുവായിക്കാം. നല്ലതുകൊണ്ടല്ലാതെ സംസാരമരുതെന്ന് ഖുർആൻ മറ്റൊരിടത്തും ഓർമപ്പെടുത്തുന്നുണ്ട്. നമ്മളോട് ഒരാൾ എന്തൊക്കെ സംസാരിക്കണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്, അതേ നാം തിരിച്ചും പറയാവൂ എന്ന് ഉപരിസൂചിത സൂക്തം വ്യാഖ്യാനിച്ച് ജ്ഞാനികൾ പറയുന്നു.
മനുഷ്യന്റെ തിന്മകളധികവും സംഭവിക്കുന്നത് സംസാരത്തിലൂടെയാണല്ലോ. കൊച്ചുകൊച്ചു കളവുകളിൽ നിന്ന് ഏഷണിയിലും പരദൂഷണത്തിലും ദുരാരോപണത്തിലുമെല്ലാം എത്താനുള്ള വാതിലുകൾ നാവ് തുറന്നിടുന്നുണ്ട്. മനുഷ്യൻ ഏറ്റവും സൂക്ഷിക്കേണ്ട രണ്ടവയവങ്ങൾ നാവും ജനനേന്ദ്രിയവുമാണ്. ഇവ രണ്ടും നിയന്ത്രിക്കുന്നവർക്ക് സ്വർഗം ഉറപ്പുതരാമെന്നാണ് നബിവചനം. റസൂൽ(സ്വ)യുടെ ഗൗരവമുള്ള ഒരു ഓർമപ്പെടുത്തൽ ഇപ്രകാരം: ഒരു കാരക്കക്കീറ് കൊണ്ടെങ്കിലും നിങ്ങൾ നരകത്തെ സൂക്ഷിക്കുക. അതിനു കഴിയാത്തവൻ നല്ല സംസാരം കൊണ്ടെങ്കിലും.’ നല്ല സംസാരം ദാനത്തിനു സമാനമല്ല, ദാനം തന്നെയാണെന്നർത്ഥം. സ്വർഗപ്രവേശനത്തിനുള്ള കാരണം തിരക്കിയ സ്വഹാബീവര്യനായ മുആദി(റ)നോട് നാവിനെ അടക്കിവെക്കാനാണ് നബി(സ്വ) കൽപിച്ചത്. നരകത്തിൽ മനുഷ്യൻ ആപതിക്കുന്നതിന്റെ പ്രധാന കാരണക്കാരൻ നാവാണെന്നാണ് മുആദ്(റ)ന്റെ പിന്നീടുള്ള സംശയത്തിന് മറുപടിയായി അവിടന്ന് പറഞ്ഞത്.
നല്ല സംസാരങ്ങളുടെ സ്വാധീനം ബോധ്യപ്പെടുത്തുന്ന ഖുർആനിന്റെ മനോഹരമായൊരു ഉപമയുണ്ട്: നീ കണ്ടില്ലേ, അല്ലാഹു എങ്ങനെയാണ് ഒരു ഉപമ വിശദീകരിച്ചതെന്ന്, നല്ലൊരു വാക്കിനെ വിശിഷ്ടമായൊരു വൃക്ഷത്തോടാണ് (ഉപമിച്ചിരിക്കുന്നത്). അതിന്റെ താഴ്ഭാഗം ഭദ്രമാണ്, ശിഖരം ആകാശത്താണ്. റബ്ബിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ സമയത്തും കായ്ക്കനികൾ നൽകിക്കൊണ്ടിരിക്കും. മനുഷ്യർ ചിന്തിക്കാൻ അല്ലാഹു അവർക്ക് ഉപമകൾ വിവരിച്ചുകൊടുക്കുന്നു (സൂറത്തു ഇബ്‌റാഹീം 24). മുരടുറപ്പും ഉന്നത ശിഖരങ്ങളുമുള്ള വിശിഷ്ട വൃക്ഷത്തോടാണ് നല്ല വാക്കിനെ ഖുർആൻ ഉപമിച്ചത്. ‘കലിമതുൻ ത്വയ്യിബ’ എന്ന ഖുർആനിക പ്രയോഗത്തിന് പല വ്യാഖ്യാനങ്ങൾ സാധ്യമാണ്. കലിമതു തൗഹീദാണെന്നും ഈമാനിനെ സൂചിപ്പിക്കാനുള്ള പ്രയോഗമാണെന്നുമൊക്കെ കാണാം. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന നല്ല വാക്കുകൾ പറയുന്നതും കലിമതുൻ ത്വയ്യിബ തന്നെയാണ്. ഈ ഉപമയിലൂടെ സഞ്ചരിച്ചാൽ നല്ല സംസാരത്തിന്റെ സ്വാധീനവും ഫലവും ചെറുതല്ലെന്ന് കാണാനാകും.
ഇവിടെ അല്ലാഹു മരത്തിന് നാലു വിശേഷണങ്ങളാണ് പറഞ്ഞിരിക്കുന്നത്. വൃക്ഷം വിശിഷ്ടമാണെന്നതാണ് അതിലൊന്ന്. കാഴ്ചയിലും രൂപത്തിലും ആ വൈശിഷ്ട്യം കൈവരാം. നല്ല വാസന, നല്ല ഫലങ്ങൾ നൽകാൻ കഴിയുക, തണൽ നൽകാൻ കഴിയുക എന്നിവ കൊണ്ടെല്ലാം ഒരു മരം നല്ലതാണെന്ന് പറയാനാകും. വൃക്ഷത്തിന് അല്ലാഹു നൽകിയ രണ്ടാമത്തെ വിശേഷണം അതിന്റെ മുരട് ഉറപ്പുള്ളതാണെന്നാണ്. അഥവാ ആഴത്തിൽ വേരുകളുള്ളതും അതിന്റെ തണലിലിരിക്കുന്നവർക്ക് നിർഭയത്വം സമ്മാനിക്കുന്നതുമാണ്. ഒരു നല്ല കാര്യം തന്നെ, നശ്വരവും ക്ഷണികവും ഏതു സമയവും നീങ്ങിപ്പോകാവുന്നതുമാണെങ്കിൽ അതിന്റെ സന്തോഷം അനുഭവിക്കുന്നതിനെക്കാളേറെ അത് നീങ്ങിപ്പോകുമല്ലോ എന്ന സങ്കടവും ഭയവുമായിരിക്കും ഉണ്ടാവുക. എന്നാൽ അത് അനശ്വരവും സുഭദ്രവുമാണെന്നറിയുമ്പോൾ അതിനാലുള്ള സന്തോഷത്തിന് പൂർണത കൈവരുന്നു. നല്ലത് സംസാരിക്കുന്നവരുമായുള്ള സഹവാസം ഏറെ ആനന്ദകരവും സന്തോഷദായകവുമാണല്ലോ.
മരത്തിന്റെ ശിഖരങ്ങൾ ആകാശത്തിലാണ് എന്നതാണ് മൂന്നാമത്തെ വിശേഷണം. ഇത് രണ്ടു രൂപത്തിൽ മരത്തിന്റെ പൂർണതയറിയിക്കുന്നുണ്ട്. ഒന്ന്, ശിഖരങ്ങളുടെ ഉയരവും ഉയർന്നുവളരാനുള്ള ശേഷിയും അടിഭാഗം സുശക്തമാണെന്നതിലേക്കു സൂചന നൽകുന്നു. രണ്ട്, കൊമ്പുകൾ എത്രമാത്രം ഉയരുന്നുവോ അത്രകണ്ട് അതിന്റെ ഫലങ്ങളും ശിഖരങ്ങളും ഭൂമിയിലെ അഴുക്കിൽ നിന്നും മാലിന്യത്തിൽ നിന്നും അകലെയായിരിക്കും. നല്ല സംസാരങ്ങൾ അഴുക്കുകളിൽ നിന്ന് മുക്തമായ നല്ല ഫലങ്ങളാണ് പകർന്നുനൽകുന്നത് എന്നർത്ഥം. നാലാമത്തെ വിശേഷണം ഇടക്കിടെ മരം ഫലങ്ങൾ നൽകിക്കൊണ്ടിരിക്കുന്നുവെന്നതാണ്. നല്ലത് സംസാരിക്കുന്ന വ്യക്തി പരിശുദ്ധിയുള്ളവനാണ്. അവൻ ഉൽപാദിപ്പിക്കുന്നതും പരിശുദ്ധയുടെ പരിമളമാണ്.
തർക്കങ്ങളിലോ അനാവശ്യ സംസാരങ്ങളിലോ സമയം ഹോമിക്കാതിരിക്കുകയെന്നത് ഉന്നതരുടെ പ്രത്യേകതയാണ്. അതാണ് യഥാർത്ഥ ഡിപ്ലോമസി. നാവിനെ അടക്കിവെച്ചായിരുന്നു അവരുടെയെല്ലാം ജീവിതം. പ്രവാചകർ(സ്വ)യുടെ സംസാരശൈലിയെ കുറിച്ച് തിരുപത്‌നി ആഇശാ ബീവി(റ) പറയുന്നത് ഇങ്ങനെ: ‘തുരുതുരാ സംസാരിക്കുന്ന വ്യക്തിയായിരുന്നില്ല അവിടന്ന്. തിരുദൂതർ സംസാരിക്കുന്ന വാക്കുകൾ ഒരാൾക്ക് എണ്ണിത്തിട്ടപ്പെടുത്താൻ പോലും കഴിയും.’ വേണ്ടത് വേണ്ട അളവിൽ കൃത്യതയോടെ സംസാരിക്കുമായിരുന്നു റസൂലെന്ന് മഹതിയുടെ വാക്കുകളിൽ നിന്ന് വ്യക്തം. അനാവശ്യമായ വഴക്കുകളിലോ ഉപകാരമില്ലാത്ത വെറും വർത്തമാനങ്ങളിലോ അവിടന്ന് പങ്കാളിയായില്ല.
ഒരാളുടെ ജ്ഞാനം വർധിക്കുമ്പോൾ വാക്കുകൾ കുറയും. അഖ്‌നഫ് ബിൻ ഖൈസിനോട് ഒരാൾ അനാവശ്യമായി തർക്കത്തിലേർപ്പെട്ട് ഇപ്രകാരം പറഞ്ഞു: നിങ്ങൾ ഒന്ന് പറഞ്ഞാൽ എന്നിൽ നിന്ന് നിങ്ങൾക്ക് പത്തെണ്ണം കേൾക്കേണ്ടിവരും. അപ്പോൾ അദ്ദേഹത്തിന്റെ മറുപടി: ‘നിങ്ങൾ പത്തെണ്ണം പറഞ്ഞാലും എന്നിൽ നിന്ന് നിങ്ങൾക്ക് ഒന്ന് പോലും കേൾക്കേണ്ടിവരില്ല.’
ഒരിക്കൽ ഇബ്‌റാഹീം ബിൻ അദ്ഹമിന്റെ അടുത്തുകൂടെ ഒരു ജൂതൻ നായയെയും വലിച്ചുകൊണ്ട് കടന്നുപോയി. മഹാനെ ഒന്ന് പ്രകോപിപ്പിക്കാനായി അയാൾ പറഞ്ഞു: ‘ഏയ് ഇബ്‌റാഹീം, നിങ്ങളുടെ താടിക്കാണോ ഈ നായയുടെ വാലിനെക്കാൾ വൃത്തി, അതോ ഇതിന്റെ വാലാണോ നിങ്ങളുടെ താടിയെക്കാൾ പരിശുദ്ധം?’ സൗമ്യനായി മഹാൻ പറഞ്ഞു: എന്റെ താടി സ്വർഗത്തിലാണെങ്കിൽ അത് നിങ്ങളുടെ നായയുടെ വാലിനെക്കാൾ പരിശുദ്ധമായിരിക്കും. പക്ഷേ, എന്റെ താടി നരകത്തിലാണെങ്കിൽ നിങ്ങളുടെ നായയുടെ വാലിനായിരിക്കും താടിയെക്കാൾ പരിശുദ്ധി.’ ഈ സ്വഭാവ വൈശിഷ്ട്യവും പെരുമാറ്റരീതിയും കണ്ട് ജൂതൻ സത്യസാക്ഷ്യം ചൊല്ലി മുസ്‌ലിമായി. യഹ്‌യ ബിൻ മുആദ് പറയുന്നു: ഒരു വിശ്വസിയോട് നിനക്കുള്ള ബാധ്യത മൂന്നെണ്ണമാണ്. അവ ചെയ്താൽ നീ സജ്ജനങ്ങളിൽ ഉൾപ്പെടും. ഒന്ന്, അവൻ നിനക്ക് ഉപകാരം ചെയ്തില്ലെങ്കിലും നീ അവനെ ബുദ്ധമുട്ടിക്കാതിരിക്കുക. രണ്ട്, അവൻ നിന്നെ സന്തോഷിപ്പിച്ചില്ലെങ്കിലും നീ അവനെ നിരാശനാക്കാതിരിക്കുക. മൂന്ന്, അവൻ നിന്നെ പുകഴ്ത്തിയില്ലെങ്കിലും നീ അവനെ ഇകഴ്ത്താതിരിക്കുക.
നല്ല സംസാരങ്ങൾക്ക് വലിയ സ്വാധീനം സൃഷ്ടിക്കാൻ കഴിയും. അതിന് വലിയ പ്രഭാഷണങ്ങളോ സാഹിത്യ പ്രയോഗങ്ങളോ വേണമെന്നില്ല. ശ്രദ്ധയും സൂക്ഷ്മതയുമാണ് വേണ്ടത്. പറയുന്ന കാര്യങ്ങളുടെ വരുംവരായ്കകളെ കുറിച്ച് കൃത്യമായി ആലോചിച്ചായിരിക്കണം നമ്മുടെ സംസാരങ്ങൾ. അങ്ങനെയല്ലാതെ സംസാരിക്കുന്ന ചാറ്റർ ബോക്‌സുകളെ ആഘോഷിക്കാതിരിക്കുകയും ചെയ്യുക എന്നതും പുതിയ കാലത്തെ നമ്മുടെ ഉത്തരവാദിത്വമാണ്.

 

ഡോ. ഫാറൂഖ് നഈമി അൽബുഖാരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ