ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ അടിക്കല്ലുകള്‍ രണ്ടാണ്. ഒന്ന്: പ്രപഞ്ചത്തില്‍ വിഭവങ്ങള്‍ പരിമിതമാണ് (Limited resources)െ രണ്ട്: മനുഷ്യന്റെ ആവശ്യങ്ങള്‍ അനന്തമാണ് (Unlimitedwants). ദുര്‍ലഭ വിഭവങ്ങള്‍ നീതിപൂര്‍വം അനന്തകോടി മനുഷ്യാവശ്യങ്ങളെ നിവര്‍ത്തിയാക്കും വിധം ഓഹരി വെക്കുന്നത് എങ്ങനെയാണ് എന്ന കാര്യത്തിലാണ് ആശയസംഘട്ടനങ്ങളും സാമ്പത്തിക സിദ്ധാന്തങ്ങളും ഉടലെടുക്കുന്നത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് നല്‍കാനും ഉള്ളതു കൊണ്ടു തൃപ്തിപ്പെടാനും (ഖനാഅത്ത്) ഇസ്‌ലാം പഠിപ്പിക്കുന്നു. സ്വാര്‍ത്ഥതയെ നിരാകരിക്കുന്നു. മനുഷ്യാവശ്യങ്ങളുടെ പൂരണത്തിന് വിഭവങ്ങളെ വീതം വെക്കാന്‍, നാലു തത്ത്വങ്ങള്‍ സാമ്പത്തികശാസ്ത്രം സൃഷ്ടിച്ചെടുത്തിട്ടുണ്ട്.

1. ഉല്‍പാദനം (Production)

2. വിനിമയം (Exchange)

3. വിതരണം (Distribution)

4. ഉപഭോഗം (Consumption)

വിഭവങ്ങളെ (സമ്പത്തുകള്‍/വസ്തുക്കള്‍) വിഹിതം വെക്കാനുള്ള ഈ നാലു ഘടകങ്ങളിലോരോന്നിലും മുതലാളിത്തസോഷ്യലിസമിശ്രഇസ്‌ലാമിക സമ്പദ് വ്യവസ്ഥകള്‍ക്കും മറ്റു വീക്ഷണങ്ങള്‍ക്കും അവരവരുടേതായ വിശദീകരണങ്ങളും തീര്‍പ്പുകളുമുണ്ട്.

സമ്പത്തിന്റെ കേന്ദ്രീകരണവും ചൂഷണാത്മക നിലപാടുകളും വരാതിരിക്കാന്‍ മുകളില്‍ പറഞ്ഞ നാല് കാര്യങ്ങളിലും ശ്രദ്ധയോടെയുള്ള കൈകാര്യം അനിവാര്യമാണ്. പ്രാപഞ്ചികതയെ ശരിക്കും ഉള്‍കൊണ്ട ഇസ്‌ലാം മനുഷ്യര്‍ക്കിടയിലെ അന്തരം കുറക്കാനും ദാരിദ്ര്യം ഇല്ലാതാക്കാനും സമ്പത്തിന്റെ ഉല്‍പാദനവിനിമയവിതരണങ്ങളില്‍ ചില പ്രായോഗിക മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. അതിലൊന്നാണ് സകാത്ത് സന്പ്രദായം. വിഭവങ്ങളെ നിശ്ചിത രൂപത്തില്‍ ഉടമപ്പെടുത്തിയവന് ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോള്‍, തന്‍റേതായ വിഭവങ്ങളില്‍ ഒരു വിഹിതം അവകാശിക്ക് നല്‍കുവാന്‍ ബാധ്യസ്ഥനായിത്തീരുന്നു. ധനവിതരണത്തെ  (Distribution) പരാമര്‍ശിക്കുന്നിടത്ത് ഖുര്‍ആന്‍ ഇക്കാര്യം വീക്ഷിക്കുന്നതിങ്ങനെ: “സമ്പത്ത് നിങ്ങളിലെ സമ്പന്നന്മാര്‍ക്കിടയില്‍ മാത്രമായി കറങ്ങികൊണ്ടിരിക്കാതിരിക്കാന്‍ വേണ്ടി (സകാത്ത് സന്പ്രദായം നിലവില്‍ വന്നു)’ (അല്‍ ഹശ്ര്‍/7).

സകാത്തിന്റെ ദാര്‍ശനിക ചര്‍ച്ചയില്‍ സാമ്പത്തിക ശാസ്ത്ര വിനിമയവിതരണ രീതികളിലാണ് കൂടുതല്‍ ഊന്നുക. അവകാശികളായ എട്ടു വിഭാഗം ഉപഭോക്താക്കളെയാണ് ഇസ്‌ലാം സകാത്ത് വിതരണത്തില്‍ അര്‍ഹരായി ഗണിക്കുന്നത്.

എപ്പോഴൊക്കെ സമ്പത്ത്/ധനം വ്യക്തിയില്‍ നിശ്ചിത രീതിയില്‍ കേന്ദ്രീകരിക്കപ്പെടുന്നുവോ, അപ്പോഴൊക്കെ ഇസ്‌ലാമിന്റെ സകാത്ത് സംവിധാനം ആ വ്യക്തിയെ തേടി ചെല്ലുന്നു. നിര്‍ണിത ഉപഭോക്താക്കളിലേക്ക് അവരുടേതായി മാറിയ സകാത്തിന്റെ ഓഹരി ഇയാളുടെ സ്വത്തില്‍ നിന്ന് കൊടുത്തു വീട്ടാന്‍ ഇസ്‌ലാം അയാളോട് കല്‍പ്പിക്കുന്നു. ഏറ്റവും പ്രധാന വിഭവമായ മനുഷ്യ വിഭവത്തിനുമുണ്ട് സകാത്ത്ഫിത്വ്ര്‍ സകാത്ത്. സാമ്പത്തികവും ആത്മീയവും ശാരീരികവുമായ ശുദ്ധീകരണത്തിന്റെ ഭാഗമായ സകാത്ത് ശരീരങ്ങളെയും സമ്പത്തുകളെയും സ്പര്‍ശിക്കുന്നതിനാല്‍ ശരീര സകാത്തിനു പുറമെ ഏതാനും വിഭവങ്ങളില്‍ കൂടി സകാത്ത് നിര്‍ബന്ധമായി.

ആരാണ് സകാത്ത് നല്‍കേണ്ടത്?

സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമായ സ്വര്‍ണ്ണം, വെള്ളി ഇവയുടെ സ്ഥാനത്തു നില്‍ക്കുന്ന കറന്‍സികള്‍, കച്ചവട വസ്തുക്കള്‍, ആട്, മാട്, ഒട്ടകങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, ഈത്തപ്പഴം, മുന്തിരി തുടങ്ങിയ പഴവര്‍ഗങ്ങള്‍, ഖനികള്‍ എന്നിത്യാദി വസ്തുക്കള്‍ നിശ്ചിത രീതിയില്‍ നിശ്ചിത സമയം ഉടമസ്ഥതയില്‍ വെച്ച മുസ്‌ലിംകളായ സ്ത്രീ പുരുഷന്മാരുടെ മേല്‍ സകാത്ത് നിര്‍ബന്ധമാവും (ഫിത്വ്ര്‍ സകാത്തിന്റെ കാര്യമല്ല ഇപ്പറയുന്നത്). അപ്പോള്‍ നിശ്ചിത വ്യക്തികള്‍ ഉടമസ്ഥരായി വരാത്ത മുകളിലെ വസ്തുക്കള്‍ക്ക് സകാത്ത് കൊടുക്കേണ്ടതില്ല. ഉദാഹരണത്തിന്; മദ്റസ, യതീംഖാന, പള്ളി, ദഅ്വാ ശരീഅത്ത് കോളേജുകള്‍, മറ്റു സ്ഥാപനങ്ങള്‍ (ഇവയെ നിയമം  Artificial person/ Individual ആയി കണക്കാക്കുന്നുണ്ടെങ്കിലും) എന്നിവയുടെ പേരിലുള്ള സ്വര്‍ണ്ണം, വെള്ളി, കറന്‍സികള്‍, ഇവയുടെ പേരില്‍ വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയില്‍ നിന്ന് വിളഞ്ഞുകിട്ടുന്ന ഭക്ഷ്യധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, ഈ സ്ഥാപനങ്ങള്‍ വളര്‍ത്തുന്ന ആട്, മാട്, ഒട്ടകങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവക്കൊന്നും സ്ഥാപനം സകാത്ത് നല്‍കേണ്ടതില്ല. കാരണം സ്ഥാപനം വ്യക്തിയല്ല. സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ വ്യക്തിയാണെങ്കിലും ഉടമ അദ്ദേഹമല്ലല്ലോ.

അതുപോലെ ചില “തസ്തിക’കളിലേക്ക് വഖഫ് ചെയ്യപ്പെടുകയോ, നല്‍കപ്പെടുകയോ ചെയ്യുന്ന വസ്തുക്കളുടെ പേരിലും സകാത്തില്ല. ഉദാഹരണത്തിന്; സ്ഥാപന പ്രിന്‍സിപ്പല്‍, ഇമാം, ഖത്വീബ്, ഒന്നാം റാങ്കുകാരന്‍ എന്നീ തസ്തികകള്‍ വഹിക്കുന്ന വ്യക്തിക്ക് (അദ്ദേഹം ആവശ്യാനുസരണം മാറി മാറി വരാം) എന്നിങ്ങനെ നല്‍കിയാല്‍, അതാതു സ്ഥാനം വഹിക്കുന്നവര്‍, പ്രസ്തുത സമയത്ത് അദ്ദേഹം അനുഭവിക്കുന്ന, കൈവശം വെച്ച വസ്തുക്കള്‍ക്ക് സകാത്ത് നല്‍കേണ്ടതില്ല. കാരണം; നിശ്ചിത വ്യക്തിക്കല്ല, വ്യക്തിയുടെ തസ്തികയിലേക്കാണ് വഖ്ഫും മറ്റും ഉണ്ടായിരിക്കുന്നത് (നോക്കുക തുഹ്ഫ 3/241).

സകാത്ത് ഏതിനെല്ലാം?

ശരീരത്തിന്റെ സകാത്തിന് (ഫിത്വ്ര്‍ സകാത്ത്) പുറമേ ഒരു മുസ്‌ലിം താഴെ പറയുന്ന വസ്തുക്കളില്‍ നിബന്ധനകള്‍ ഒത്തുവന്നാല്‍ സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്.

(1) സ്വര്‍ണ്ണം, (2) വെള്ളി (3) കറന്‍സികള്‍ (4) കച്ചവട സ്വത്ത് (5) ആടുകള്‍ (6) മാടുകള്‍ (7) ഒട്ടകങ്ങള്‍ (8) ഭക്ഷ്യധാന്യങ്ങള്‍ (കൃഷി) (9) പഴവര്‍ഗങ്ങള്‍ (10) ഖനികള്‍ (11) നിധികള്‍.

ഈ സ്വത്തുക്കളെ രണ്ടായി തിരിക്കാം. (1) ആന്തരിക സ്വത്തുക്കള്‍ (Internal wealth) (2) ബാഹ്യ സ്വത്തുക്കള്‍  (External wealth) ഇവയിലെ ആന്തരിക സ്വത്തുക്കള്‍ താഴെ ചേര്‍ക്കുന്നു:

(1) കച്ചവട സ്വത്ത് (2) നിധി (3) സ്വര്‍ണ്ണം (4) വെള്ളി (5) കറന്‍സികള്‍.

ബാഹ്യസ്വത്തുക്കള്‍ ഇവയാണ്:

(1) ഖനികള്‍ (2) ആടുകള്‍ (3) മാടുകള്‍ (4) ഒട്ടകങ്ങള്‍ (5) കൃഷി (ഭക്ഷ്യധാന്യങ്ങള്‍) (6) പഴ വര്‍ഗങ്ങള്‍.

അന്യരുടെ നിരീക്ഷണങ്ങളില്‍ നിന്ന് മറഞ്ഞുകിടക്കുന്ന, അവര്‍ക്കു കണക്കറിയാത്ത വസ്തുക്കളാണ് ആന്തരിക സ്വത്തുക്കള്‍. അതേ സമയം, ബാഹ്യ സ്വത്തുക്കള്‍ പുറമേ നിന്ന് നോക്കിയാല്‍ തന്നെ കാണുവാനും കണക്കെടുക്കാനും കഴിയുന്നതാണ്. ഇസ്‌ലാമിക ഭരണം നടക്കുന്ന നാടുകളില്‍, ഭരണാധികാരി നിശ്ചയിക്കുന്ന “ആമിലീങ്ങള്‍ക്കു’ (സകാത്തുദ്യോഗസ്ഥര്‍) ഇത്തരം സ്വത്തുക്കളെ നോക്കി കണക്കെടുക്കാനും സകാത്ത് വിഹിതം നിശ്ചയിക്കാനും സാധിക്കും.

ആന്തരിക സ്വത്തുക്കളുടെ സകാത്ത് വിഹിതം ദാതാവിന് നേരിട്ട് അവകാശികളെ ഏല്‍പ്പിക്കാം. ഇത്തരം വിഹിതങ്ങളെ ഇസ്‌ലാമിക രാജ്യങ്ങളിലെ സകാത്തുദ്യോഗസ്ഥര്‍ക്ക് പിടിച്ചെടുത്ത് കൊണ്ടുപോകാന്‍ പറ്റില്ല. അങ്ങനെ ചെയ്യുന്നത് ഹറാമാണ്. ഉടമസ്ഥന് വേണമെങ്കില്‍ സ്വമേധയാ ഇമാമിനെ ഏല്‍പ്പിക്കാം. അത് ഇമാമിന് വിതരണാവശ്യാര്‍ത്ഥം സ്വീകരിക്കുകയും ചെയ്യാം. എന്നാല്‍ ബാഹ്യ സ്വത്തുക്കളുടെ വിഹിതം ഉടമസ്ഥന്‍ നല്‍കാന്‍ വിസമ്മതിച്ചാല്‍ സകാത്തുദ്യോഗസ്ഥര്‍ക്ക് എടുത്തുകൊണ്ടുപോകാം. എതിര്‍ത്തു നിന്നാല്‍ അത്തരക്കാരനോട് ഭരണാധികാരികള്‍ക്ക് യുദ്ധം നടത്തുകയുമാവാം. ആന്തരിക സ്വത്തുക്കളുടെ സകാത്ത് വിഹിതം ഇസ്‌ലാമിക ഭരണപ്രദേശങ്ങളിലെ ആമിലീങ്ങള്‍ക്കു തന്നെ പിരിച്ചെടുക്കാന്‍ പാടില്ല എന്നു വരുമ്പോള്‍, ഇക്കാലത്ത് പുത്തന്‍വാദികള്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ “സകാത്തു കമ്മിറ്റിക്കാര്‍’ വന്ന് ആന്തരിക സ്വത്തുക്കളുടെ സകാത്ത് പിരിച്ചെടുത്തുകൊണ്ടുപോകുന്നത് തനി പോഴത്തവും അസാധുവും നിഷിദ്ധവുമാണ്. സകാത്ത് വീടുകയുമില്ല.

ആരാണ് അവകാശികള്‍?

മേല്‍പറഞ്ഞ സകാത്തിന്റെ ഇനങ്ങളില്‍ ഓരോന്നിലും നിശ്ചിത കണക്ക് പൂര്‍ത്തിയായാല്‍ നിര്‍ണിത വിഹിതം താഴെ പറയുന്ന എട്ട് അവകാശികള്‍ക്ക് നല്‍കേണ്ടതാണ്:

1. നിത്യ ചെലവിന് ആവശ്യമായത്ര വരുമാനമില്ലാത്തവരായ “ഫഖീറു’കള്‍. പത്ത് രൂപ വേണ്ടിടത്ത് ഒന്നുമില്ലാത്തവരോ അഞ്ചു രൂപവരെ ഉണ്ടാക്കാനോ കഴിയുന്നുള്ളൂ എന്ന പരുവത്തിലുള്ളവരോ ആണിവര്‍.

2. നിത്യചെലവിന് വരുമാനം ഒത്തുകിട്ടുമെങ്കിലും അത് തികയാത്ത അവസ്ഥയിലുള്ളവരായ “മിസ്കീന്‍’മാര്‍. പത്ത് രൂപ വേണ്ടിടത്ത് എട്ട് കിട്ടുന്നവര്‍.

3. ഇസ്‌ലാമിക ഗവണ്‍മെന്‍റുള്ള സ്ഥലത്ത് ഭരണാധികാരി നിയമിച്ച സകാത്തുദ്യോഗസ്ഥര്‍ (ആമിലീങ്ങള്‍).

4. ഇസ്‌ലാമിലേക്ക് പുതുതായി എത്തിയവര്‍. ഇത്തരക്കാരുടെ സാമ്പത്തിക അഭിവൃദ്ധി മറ്റുള്ളവര്‍ക്ക് ഇസ്‌ലാം സ്വീകരിക്കാന്‍ പ്രചോദനമാകാന്‍ കൂടിയാണിത്.

5. നിര്‍ണിത സംഖ്യ തന്നാല്‍ മോചനം നല്‍കാം എന്ന് യജമാനന്‍ സമ്മതിച്ച, മോചനപത്രം എഴുതപ്പെട്ട അടിമ. സകാത്തു നല്‍കി ഇയാളുടെ മോചനം ഇസ്‌ലാം എളുപ്പമാക്കുന്നു.

6. അനിസ്ലാമികമല്ലാത്തതും, പള്ളി ദീനീ സ്ഥാപനങ്ങളുടെ നിര്‍മാണം, നടത്തിപ്പ്, മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളായ വിവാഹം നടത്തികൊടുക്കല്‍, അശരണരായ രോഗികളെ സഹായിക്കല്‍ എന്നിവ കാരണത്താലോ സ്വന്തം ആവശ്യനിര്‍വഹണത്തിന്റെ പേരിലോ കടം വന്ന് വലഞ്ഞവര്‍.

7. ശമ്പളം പറ്റാതെ, മുസ്‌ലിം ഭരണാധിപന്റെ മേല്‍നോട്ടത്തിലായി പടപൊരുതുന്ന യോദ്ധാവ്. ഇവര്‍ സമ്പന്നരാണെങ്കിലും സകാത്ത് നല്‍കാം. ഇവര്‍ ചെയ്യുന്ന സേവനത്തിന്റെ വില കണക്കിലെടുത്ത് ആയുധം, അങ്കികള്‍, ഭക്ഷണം എന്നിവയുടെ ചെലവും പരിഗണിച്ചാണ് ഇതു നല്‍കുക. ഇസ്‌ലാമിക ഭരണം നിലവിലുള്ള സ്ഥലത്താണ് ഈ യോദ്ധാക്കളുണ്ടാവുക. സംഘടനാ പ്രവര്‍ത്തനം, സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയ രംഗങ്ങളിലുള്ളവരൊന്നും ഈ അവകാശികളില്‍ പെടില്ല.

8. ഇസ്‌ലാം അനുവദിച്ച യാത്ര ചെയ്യുന്നവന്‍. സകാത്ത് നല്‍കുന്ന നാട്ടിലൂടെ പോകുന്നവരും പ്രസ്തുത നാട്ടില്‍ നിന്ന് യാത്ര ആരംഭിക്കുന്നവരും ഇവരില്‍ പെടും. സിയാറത് യാത്രകള്‍, പഠനഗവേഷണാവശ്യങ്ങള്‍ക്കു പോകുന്നവര്‍ എന്നിവര്‍ക്കെല്ലാം ഇതു നല്‍കാം.

സകാത്തിന്റെ അവകാശികളായ എട്ട് വിഭാഗക്കാരെ പരിശോധിക്കുമ്പോള്‍, നിബന്ധനയായി കാണേണ്ടത് മുസ്‌ലിമാവണം എന്നതാണ് (തുഹ്ഫ 7/160). രാഷ്ട്രീയസംഘടന ഭാരവാഹികളില്‍ അമുസ്‌ലിംകള്‍ ഉണ്ടെങ്കില്‍ അവരെ കൂടി ഉള്‍പ്പെടുത്തി സകാത്ത് വിതരണം നടത്തുന്നത് ശരിയാവില്ല.

വിതരണ രീതി

സകാത്തിനെ അതിന്റെ അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ പണ്ഡിതര്‍ മൂന്നു രീതികള്‍ പറഞ്ഞിട്ടുണ്ട്.

1. സകാത് കൊടുക്കുന്നയാള്‍, അവകാശികള്‍ക്ക് നേരിട്ട് എത്തിക്കുക. ഇതാണ് ഏറ്റവും ഉത്തമം.

2. ഇസ്‌ലാമിക ഭരണം നടക്കുന്ന പ്രദേശമാണെങ്കില്‍, ഇമാമിനെ (ഭരണാധികാരിയെ) വിഹിതം ഏല്‍പ്പിക്കുക.

3. സകാത്ത് ദായകന്‍, തന്റെ വിഹിതം അവകാശികള്‍ക്കെത്തിക്കാന്‍ നിബന്ധകളൊത്ത ഒരു വക്കീലിനെ ചുമതലപ്പെടുത്തുക.

ഇതിന്റെയടിസ്ഥാനത്തില്‍, ഇന്ത്യയില്‍ രണ്ടാമത്തെ രീതി നടക്കില്ല എന്നുറപ്പാണ്. ദായകന്‍, നേരിട്ടോ വക്കീല്‍ മുഖാന്തിരമോ വിതരണം ചെയ്യുന്ന രീതി മാത്രമേ പറ്റൂ. ഇന്ന് പുത്തന്‍വാദികള്‍ ഉണ്ടാക്കിയ “സകാത് കമ്മറ്റി’യെ ന്യായീകരിക്കാന്‍ പഴുതുകളില്ല തന്നെ. നിബന്ധനയൊക്കാത്തതിനാല്‍ വക്കീലിന്റെ സ്ഥാനത്തു സകാത്ത് കമ്മിറ്റിയെ പ്രതിഷ്ഠിക്കാനും പറ്റില്ല.

തുഹ്ഫ പറയുന്നു: “വക്കീലിന്റെ ശര്‍ഥ് (നിബന്ധന) നിശ്ചിത വ്യക്തിയാവണമെന്നതാണ്’ (5/298). കമ്മറ്റി നിശ്ചിത വ്യക്തിയല്ലല്ലോ. മാത്രവുമല്ല, ഇബ്നുഹജറി(റ)ന്റെ മറ്റൊരു പരാമര്‍ശം ശ്രദ്ധിക്കുക: “സകാത്തിന്റെ സാധുതക്ക് നിയ്യത്ത് നിര്‍ബന്ധമാണ്. ഉടമസ്ഥന്‍ തന്നെ നിയ്യത്ത് വെക്കണം. അല്ലെങ്കില്‍ സകാത്ത് വിതരണ ചുമതല ഏല്‍പ്പിക്കുന്ന വകീലിനെ നിയ്യത്ത് ചെയ്യാന്‍ ഉത്തരവാദപ്പെടുത്തണം” (തുഹ്ഫ 3/348, 349). “കമ്മറ്റി’ എങ്ങനെയാണ് നിയ്യത്ത് വെക്കുക?ഇനി കമ്മറ്റിയെ പ്രതിനിധീകരിക്കുന്ന സെക്രട്ടറിയോ പ്രസിഡന്‍റോ വെച്ചാല്‍ പോരേ? എങ്കില്‍ പിന്നെ കമ്മറ്റി എന്തിനാണ്. സെക്രട്ടറി, പ്രസിഡന്‍റ് എന്ന ലേബലില്ലാതെ ആ വ്യക്തികളെ വകീലാക്കിയാല്‍ മതിയല്ലോ.

വക്കാലത്താക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു നിബന്ധന; വക്കാലത്താക്കുന്ന സകാത്ത് ദാതാവ് സംസാര ശേഷിയുള്ളവനാണെങ്കില്‍ വക്കാലത്തിനെ കുറിക്കുന്ന വ്യക്തമായ വാക്കോ വക്കാലത്ത് ഉദ്ദേശിച്ചു കൊണ്ടുള്ള വ്യംഗമായ വാക്കോ എഴുത്തോ ഉണ്ടായിരിക്കണം. ഊമയാണെങ്കില്‍ വക്കാലത്തിന്റെ മേല്‍ അറിയിക്കുന്ന ആംഗ്യവും ഉണ്ടാവണം. (തുഹ്ഫ 5/309). സകാത്ത് കമ്മറ്റി നിശ്ചയിക്കുന്ന റസീവര്‍മാര്‍ നാടു നീളെ കറങ്ങി “സകാത്ത് വിഹിതം’ പിരിച്ചെടുക്കുമ്പോള്‍ ഇത്തരം ഏല്‍പ്പിക്കലുകളൊന്നും നടക്കുന്നില്ല.

മറ്റൊരു നിബന്ധന വക്കീലായി ചുമതലയേല്‍ക്കുന്ന വ്യക്തി തന്നെ വിതരണം നിര്‍വഹിച്ചിരിക്കണമെന്നാണ്. അവന്‍ മറ്റൊരാളെ ചുമതലപ്പെടുത്താന്‍ പാടില്ല (തുഹ്ഫ 5/323).

മറ്റൊന്നിങ്ങനെ: “സകാത്ത് വിതരണത്തിന് ചുമതലയുള്ള വക്കീല്‍, യഥാര്‍ത്ഥ അവകാശികള്‍ക്ക് അത് എത്തിച്ചിരിക്കുന്നുവെന്ന് സ്വത്തുടമസ്ഥന് ഉറപ്പാവണം. ഈ നിബന്ധനയും കമ്മിറ്റിക്കാര്‍ പാലിക്കുന്നുണ്ടോ? പലപ്പോഴും അമുസ്‌ലിംകളടക്കം അനര്‍ഹര്‍ക്കാണ് വിഹിതം പോകുന്നത്. യഥാര്‍ത്ഥ രീതിയിലുമല്ല വിതരണം നടക്കുന്നതും. “മിച്ചം’ വരുന്നത് അടുത്ത വര്‍ഷത്തേക്ക് വയ്ക്കുന്ന പരിപാടിയും “കമ്മറ്റിക്കാര്‍’ ചെയ്യുന്നു.

വിതരണത്തെ കുറിച്ച് ഇമാം നവവി(റ)യെ വായിക്കുക: “സ്വന്തമായി വിതരണം ചെയ്യലാണ് ഏല്‍പ്പിക്കുന്നതിനെക്കാള്‍ നല്ലത്. കാരണം, അവന്‍ സ്വയം നല്‍കുമ്പോള്‍ സകാത്ത് വീട്ടിയെന്ന് അവനു ഉറപ്പാക്കാവുന്നതാണ്. വക്കീല്‍ ശരിയാംവണ്ണം സകാത്ത് നല്‍കിയില്ലെങ്കില്‍ ഫര്‍ള് വീടുകയില്ല. സകാത്ത് അതിന്റെ അവകാശികളിലേക്കു എത്തിയില്ലെങ്കില്‍ ഉടമസ്ഥന്റെ ബാധ്യത വീടുകയില്ല’ (ശറഹുല്‍ മുഹദ്ദബ് 6/165).

അവകാശികള്‍ക്കിടയിലെ വിതരണ രീതി

സകാത്തിന്റെ അവകാശികളില്‍ ഫഖീര്‍, മിസ്കീന്‍, പുതുവിശ്വാസി, യാത്രക്കാരന്‍, കടം കൊണ്ടു വലഞ്ഞവര്‍ എന്നീ അഞ്ചു വിഭാഗം മാത്രമാണിപ്പോള്‍ നമ്മുടെ നാട്ടില്‍ ഉള്ളത്. സകാത്ത് ഈ അഞ്ചു വിഭാഗങ്ങള്‍ക്കിടയില്‍ തുല്യമായി വിഹിതിക്കല്‍ നിര്‍ബന്ധമാണ്. ഓരോ വിഭാഗത്തിലെയും എല്ലാവര്‍ക്കും കൊടുക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യണം. എന്നാല്‍ അവര്‍ക്കിടയില്‍ തുല്യത നിര്‍ബന്ധമില്ല. ഓരോ ഗ്രൂപ്പിലെയും എല്ലാവരെയും ഉള്‍ക്കൊള്ളിച്ചാല്‍ ചിലരെ പൂര്‍ണമായും ഒഴിവാക്കേണ്ടി വരരുത്. പകരം, ഓരോ ഗ്രൂപ്പിലെയും മൂന്ന് വീതം ആളുകളെ തെരഞ്ഞെടുത്ത് എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തി നല്‍കുക.

എന്നാല്‍ ശാഫിഈ മദ്ഹബിലെ ഈ പ്രബലാഭിപ്രായത്തിനെതിരെ ഇമാം റൂയാനി(റ), അബൂ ഇസ്ഹാഖുശ്ശീറാസി(റ) എന്നിവരെ പോലുള്ള പ്രമുഖ പണ്ഡിതര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിങ്ങനെ സംഗ്രഹിക്കാം.

1. നാട്ടിലുള്ള എല്ലാ വിഭാഗങ്ങളില്‍ നിന്നും മൂന്ന് വീതം വ്യക്തികള്‍ക്കെങ്കിലും സകാത്ത് മുതല്‍ ഓഹരി ചെയ്യല്‍ നിര്‍ബന്ധമാണെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലം.

2. മറ്റു മദ്ഹബിന്റെ മൂന്ന് ഇമാമുകളും ഒരു വ്യക്തിക്ക് മാത്രം നല്‍കിയാലും മതിയാകുമെന്ന പക്ഷക്കാരാണ്. ഈ അഭിപ്രായത്തെ നമ്മുടെ മദ്ഹബിലെ ചിലര്‍ പരിഗണനീയമാക്കിയിട്ടുണ്ട്.

3. എല്ലാ വിഭാഗങ്ങളില്‍ നിന്നും മൂന്ന് വീതം വ്യക്തികള്‍ക്കിടയില്‍ സകാത്ത് മുതല്‍ വിഹിതിക്കാന്‍ മതിയാകുമെങ്കില്‍ ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം അവലംബിക്കലാണഭികാമ്യം.

4. സകാത്ത് മുതല്‍ ഇതിന് മതിയാകാതിരിക്കുമ്പോള്‍ ഒരു വ്യക്തിക്ക് മാത്രം നല്‍കിയാലും മതിയാകുമെന്ന പരിഗണനീയമായ അഭിപ്രായം അവലംബിക്കാവുന്നതാണ്. പലരുടെയും സകാത്ത് സംഘടിപ്പിച്ച് വിതരണം ചെയ്യാന്‍ ആജ്ഞയില്ലെന്നാണ് കാരണം.

5. കഴിയുമെങ്കില്‍ മൂന്ന് പേര്‍ക്കെങ്കിലും നല്‍കലാണ് സൂക്ഷ്മത. (പൊന്മള ഉസ്താദിന്റെ ഫതാവാ മുഹ്യിസ്സുന്ന: ഭാഗം 3, പുറം 89,90 ല്‍ നിന്ന്).

എപ്പോള്‍ നല്‍കണം?

സമ്പത്തിലെ സകാത്തിന്റെ അതിപ്രധാനങ്ങളായ നിബന്ധനകള്‍ ഇവയാണ്:

ഒന്ന്: നിശ്ചിത കണക്ക് എത്തുക.

രണ്ട്: വര്‍ഷം പൂര്‍ത്തിയാവുക.

സകാത്തുകള്‍ നല്‍കാന്‍ റമളാന്‍ വരെ കാത്തുനില്‍ക്കുന്ന പ്രവണത ചിലരിലെങ്കിലും കാണാം. ഇത് ശരിയല്ല. വര്‍ഷം തികയുന്ന സമയത്തു തന്നെ സകാത്തു നല്‍കണം. പിന്തിക്കുന്നത് കുറ്റകരമാണ്. എന്നാല്‍, സകാത്തിന് അര്‍ഹതയുള്ളവരും കൂടുതല്‍ ബന്ധമുള്ളവരുമായ കുടുംബക്കാര്‍, ബന്ധുക്കള്‍, അയല്‍വാസികള്‍, സജ്ജനങ്ങള്‍ എന്നിവരെ പ്രതീക്ഷിക്കാവുന്നതാണ്.

ആധുനിക സാമ്പത്തിക സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ സകാത്തിന്റെ വ്യാപ്തി വലുതാവുന്നുണ്ട്. അതിങ്ങനെ പറയാം.

കറന്‍സികള്‍, ജ്വല്ലറികള്‍; ആഭരണങ്ങള്‍, വിവിധ ബിസിനസുകള്‍, ബാങ്ക് ഡെപ്പോസിറ്റുകള്‍, ബിസിനസ് നിക്ഷേപങ്ങള്‍, പി.എഫ് (പ്രോവിഡന്‍റ് ഫണ്ട്), സ്യെൂരിറ്റികള്‍ (കെട്ടിവെക്കുന്ന തുകകള്‍), കുറി, നിധി, ഇസ്‌ലാമിക ബേങ്കുകള്‍, സകാത്തിന്റെ അവകാശികളും ആസ്തികളും.

സകാത്തിന്റെ ആധുനിക ചര്‍ച്ചയില്‍ ഇക്കാര്യങ്ങളെല്ലാം കടന്നുവരണം. പഴുതുകള്‍ നോക്കി നടക്കുകയും തരം കിട്ടുമ്പോള്‍ സകാത്തു തടയുകയും ചെയ്യുന്നത് ശരിയായ ഏര്‍പ്പാടല്ല. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്തിന്റെ കാര്യത്തില്‍ ലാഘവ മനോഭാവവും അലസ സ്വഭാവവും അരുത്.

കറന്‍സി

വിനിമയ മാധ്യമങ്ങളായിരുന്ന സ്വര്‍ണം, വെള്ളികളുടെ സ്ഥാനം ഇന്ന് കറന്‍സികള്‍ ഏറ്റെടുത്തു കഴിഞ്ഞു. “ലോഹങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവക്കു മാത്രം സകാത്തു നിര്‍ബന്ധമായത് അവ എല്ലാ അവശ്യ വസ്തുക്കളുടെയും വിലയായതുമൂലമാണ്’ (അമീറഹാശിയത്തുല്‍ മഹല്ലി 2/2).

വസ്തുക്കളുടെ വിലകളാകുന്ന വര്‍ഗത്തിന്ജിസ്മുല്‍ അസ്മാല്‍  സകാത്തു നിര്‍ബന്ധമാണെന്നത് മുസ്‌ലിം ലോകത്തിന്റെ ഐകകണ്ഠ്യേനയുള്ള തീരുമാനമാണ് (ഇജ്മാഅ്) എന്ന് ശാഫിഈ മദ്ഹബിലെ പണ്ഡിതനായ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാനുദ്ദിമശ്ഖി “റഹ്മത്തുല്‍ ഉമ്മ’ (പേ. 101)യില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ സാര്‍വത്രിക വില സ്വഭാവം ഏതിനു കൈവന്നാലും അതിനെല്ലാം സകാത്ത് നിര്‍ബന്ധമാകും. അതിനാലാണ് കറന്‍സിയില്‍ സകാത്തും അനുബന്ധ വിഷയങ്ങളും ഉണ്ടെന്നു പറയുന്നത്. ഇമാം മാവറദി(റ)യുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “സാര്‍വത്രിക വിലയാവുക എന്ന ഗുണത്തില്‍ സ്വര്‍ണത്തിനോടും വെള്ളിയോടും സാമ്യമാകുന്ന മറ്റൊന്ന് പിന്നീടുണ്ടായെന്ന് വരാം. അപ്പോള്‍ വിധി അതിനും ബാധകമാവും’ (അല്‍ ഹാവില്‍ കബീര്‍ 5/92, ശര്‍ഹുല്‍ മുഹദ്ദബ് 9/394).

കറന്‍സിയില്‍ സകാത്തിന്റെ നിസ്വാബ് (കണക്ക്) വെള്ളിയുടെ നിസ്വാബായ 595 ഗ്രാമിന്റെ മൂല്യം നോക്കിയാണ് കണക്കാക്കുക. സ്വര്‍ണം, വെള്ളി എന്നിവയില്‍ ഏറ്റവും മൂല്യം കുറഞ്ഞതിനെ പരിഗണിച്ചാണ് സകാത്തു വിഹിതം കണ്ടെത്തേണ്ടത്. അപ്പോഴാണല്ലോ അവകാശികള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുക.

ആഭരണങ്ങള്‍/സ്വര്‍ണം

വിഴുങ്ങുന്നത്/പിടികൂടുന്നത്

സ്വര്‍ണ വേട്ട വ്യാപകമാണിപ്പോള്‍. സ്വര്‍ണക്കടത്തിന് എന്തെല്ലാം തന്ത്രങ്ങളാണ് പയറ്റുന്നത്. മറ്റൊന്നിനോട് ഉരുക്കിച്ചേര്‍ത്തിട്ടോ ശുദ്ധ രൂപത്തിലോ കടത്തുന്ന സ്വര്‍ണങ്ങള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചാലും ഇല്ലെങ്കിലും ഉടമാവകാശം നഷ്ടപ്പെടാത്ത വിധം ശേഷിക്കുകയും അത് 85 ഗ്രാം (10.625 പവന്‍) ഉണ്ടാവുകയും വര്‍ഷം തികയുകയും ചെയ്താല്‍ അതിന്റെ2.5 ശതമാനം സകാത്ത് നല്‍കണം. ഡ്യൂട്ടി അടച്ചോ നിയമ തടസ്സങ്ങളെല്ലാം ഒഴിവായോ പിടിച്ചെടുത്ത സ്വര്‍ണം തിരിച്ചുകിട്ടിയാല്‍ പ്രസ്തുത വിഹിതം അവകാശികള്‍ക്കു കൊടുക്കേണ്ടതാണ്.

സ്വര്‍ണം വിഴുങ്ങിയാലും പൂശിയാലും (സ്വര്‍ണം മാത്രം വേര്‍തിരിച്ചെടുത്ത് അളവും സമയവും തികയുന്നപക്ഷം) വിധി ഇതു തന്നെ. ഉപഭോക്താവിന്റെ നിലക്കൊത്ത ആഭരണങ്ങളൊഴിച്ച് ആര്‍ഭാടത്തിനോ സൂക്ഷിപ്പിനോ ഉണ്ടാക്കിയ സ്വര്‍ണങ്ങള്‍ക്കും സകാത്ത് നിര്‍ബന്ധമാണ്. സാധാരണ ആഭരണങ്ങള്‍ക്ക് സകാത് കണക്കാക്കേണ്ടതില്ല.

ബാങ്ക് ഡെപ്പോസിറ്റുകള്‍

ബാങ്ക് ഡെപ്പോസിറ്റുകള്‍ കടം കൊടുക്കുന്നതു പോലെയല്ല; ആവശ്യമുള്ളപ്പോള്‍ പിന്‍വലിക്കാമെന്നതിനാല്‍, നിക്ഷേപത്തുകയുടെ പേരില്‍ സകാത്തിന്റെ നിസ്വാബ് (കണക്ക്) എത്തുകയും തുടര്‍ന്നങ്ങോട്ട്, പ്രസ്തുത തുക ഒരു വര്‍ഷം തികയുകയും ചെയ്താല്‍ ഉടനടി അതിന്റെ രണ്ടര ശതമാനം സകാത്തായി അവകാശികള്‍ക്ക് നല്‍കണം. ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്ന നേരത്ത് ഒട്ടാകെ കൊടുത്താല്‍ പോരാ.

കടം, കുറി

മറ്റൊരാളില്‍ നിന്ന് ലഭിക്കാനുള്ള കടത്തിന്, 595 ഗ്രാം വെള്ളിയുടെ തുക ഒരു വര്‍ഷം പൂര്‍ത്തിയായ രൂപത്തിലുണ്ടെങ്കില്‍ കടം കൊടുത്തയാള്‍ അതിന് സകാത്ത് കൊടുക്കണം. കടം വാങ്ങിയവന്റെ കൈയില്‍, അതേ തുക ചെലവാക്കാതെ കിടപ്പുണ്ടെങ്കില്‍ അവനും അതിന് സകാത്ത് നല്‍കണം.

ദിവസത്തിലോ, ആഴ്ചയിലോ, മാസത്തിലോ അടച്ചുതീര്‍ക്കുന്ന രൂപത്തിലുള്ള കുറി, സകാത്തിന്റെ കണക്കെത്തുകയും ശേഷം ഒരു വര്‍ഷം കുറിയടിക്കാതെ കിടക്കുകയും ചെയ്താല്‍ ആ സംഖ്യക്ക് സകാത്ത് നിര്‍ബന്ധമാവും. നറുക്ക് കിട്ടിയതിന് ശേഷം സകാത്ത് നല്‍കിയാല്‍ മതി.

കോഴി കച്ചവടം, കാട, മത്സ്യം…

കോഴി, കാട, മത്സ്യം എന്നിത്യാദി ജീവികളെ വില്‍ക്കാന്‍ വേണ്ടി വാങ്ങുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന കച്ചവടക്കാര്‍ വര്‍ഷാവസാനം ചരക്കുകളുടെ (കോഴി, കാട, മത്സ്യം) വില കണക്കാക്കി നോക്കുകയും 595 ഗ്രാം വെള്ളിയുടെ തോത് എത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ പ്രസ്തുത വസ്തുക്കളുടെ പേരില്‍ 2.5 ശതമാനം സകാത്ത് നല്‍കണം. സ്വര്‍ണം, വെള്ളി, കറന്‍സി പോലുള്ളവ ചെലവഴിക്കാതെ ഒരു വര്‍ഷം കൈയിലിരുന്നാല്‍ സകാത്ത് കൊടുക്കണമെന്ന പോലെയല്ല ഇവിടെയുള്ളത്. ഒരേ കച്ചവടച്ചരക്ക് ഒരു വര്‍ഷം മുഴുവനും കടയിലുണ്ടാവില്ലല്ലോ. ചരക്കുകള്‍ മാറി മാറി വരും. എന്നാലും, കച്ചവടക്കാരന്റെ ഓരോ സാമ്പത്തിക വര്‍ഷത്തിലും (ഇയാള്‍ കച്ചവടം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴുള്ള) ഇഹീശെിഴ ടീേരസ ന്റെ വില നിശ്ചയിച്ചാണ് സകാത്ത് നല്‍കേണ്ടത്.

ഭൂമിക്കച്ചവടം, വണ്ടിക്കച്ചവടം, ഫ്ളാറ്റുകള്‍

ഭൂമികള്‍, വാഹനങ്ങള്‍, ഫ്ളാറ്റുകള്‍ എന്നിവ വില്‍പ്പന ഉദ്ദേശിച്ച് വാങ്ങുകയും സമയോചിതം വില്‍ക്കുകയും ചെയ്യുന്ന രൂപത്തിലാണെങ്കില്‍ ഓരോ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും Closing Stock ന്റെ (കൊല്ലവസാനമുള്ള വില്‍പനച്ചരക്കുകളായ വണ്ടി, ഭൂമി, ഫ്ളാറ്റുകള്‍) വില കണക്കാക്കുകയും 595 ഗ്രാം വെള്ളിയുടെ വില എത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ എത്രയാണോ അവയുടെ മൂല്യം അതിന്റെ2.5 ശതമാനം സകാത്തു നല്‍കണം.

സേവനങ്ങളുടെ സകാത്ത്?

എഞ്ചിനീയര്‍മാര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമാര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, വക്കീലന്മാര്‍, മറ്റു പ്രൊഫഷണലുകള്‍ എന്നിവര്‍ ചരക്കു കൈമാറ്റക്കാരല്ല. ഇവരുടെ സേവനത്തിന്റെ വര്‍ഷ പൂര്‍ത്തീകരണ വേളയില്‍ സകാത്ത് കണക്കാക്കാനോ കൊടുക്കാനോ മിനക്കെടേണ്ടതുമില്ല. അതേസമയം, ഇങ്ങനെ കിട്ടിയ ഫീസ് സ്വരൂപിച്ച് 595 ഗ്രാം വെള്ളിയുടെ തുകയെത്തുകയും അത് ഒരു വര്‍ഷം തികയുകയും ചെയ്താല്‍ അതിന് സകാത്ത് നല്‍കണം.

പ്രോവിഡന്‍റ് ഫണ്ട്

ഉദ്യോഗസ്ഥരുടെ മാസ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക മാനേജ്മെന്‍റ് പിടിച്ച് ഫണ്ടായി സൂക്ഷിക്കുന്നു. മറ്റൊരു ഫണ്ട് വിഹിതം മാനേജ്മെന്‍റ് തന്നെ തൊഴിലാളിയുടെ പേരില്‍ സൂക്ഷിക്കുന്നു. അതുവരെ കടം കൊടുത്ത പോലെ മാനേജ്മെന്‍റിന്റെ കൈയില്‍ അതു കിടക്കും. സകാത്തിന്റെ കണക്കെത്തിയേടം മുതല്‍ ഒരു വര്‍ഷം തികഞ്ഞാല്‍, പ്രസ്തുത പി.എഫ്. വിഹിതത്തിന് (ശമ്പളത്തില്‍ നിന്ന് പിടിച്ചെടുത്ത വിഹിതത്തിന് മാത്രം. മാനേജ്മെന്‍റ് വിഹിതത്തിനല്ല) സകാത്ത് നല്‍കേണ്ടി വരും.

ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, നിസ്വാബ് എത്തുകയും വര്‍ഷം തികയുകയും ചെയ്യുന്നത്, ഓരോ വര്‍ഷവും വര്‍ദ്ധമാന രൂപത്തിലാണ്. അതിനനുസരിച്ച് സകാത്ത് കണക്കാക്കണം. അതായത്, ഒരാള്‍ മാസാമാസം 500 രൂപ പി.എഫ്. അടക്കും. വെള്ളിയുടെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില പ്രകാരം ഒരു ഗ്രാമിന് 42.1 രൂപയാണ്. അതിനാല്‍ 595 ഗ്രാമിന് 42.1 ഃ 595 = 25049.5 രൂപയുണ്ടാവും. ഇതേ കണക്കില്‍ പി.എഫ്. അടച്ചാല്‍ നിസ്വാബ് എത്തുന്നത് 51 മാസത്തെ അടവോടെയാണ് (4 വര്‍ഷവും മൂന്നു മാസവും). 2014 ജനുവരിയില്‍ അവസാന പി.എഫ് 500 അടച്ച ആള്‍ക്ക് 2018ലെ ഏപ്രില്‍ മാസത്തെ അടവോടെ സകാത് കൊടുക്കാനുള്ള നിസ്വാബ് എത്തും. ഇനി ഈ തുക ഒരു വര്‍ഷം കൂടി തികയലോടെ (2019 ഏപ്രില്‍ പൂര്‍ത്തിയാവുന്നതോടെ) പ്രസ്തുത തുകയുടെ (25049.5)ന്റെ2.5 ശതമാനമായ 627 രൂപ സകാതായി നല്‍കണം. ഇത് അപ്പോള്‍ തന്നെ നല്‍കാം. വിരമിക്കുന്ന വേളയില്‍ പി.എഫ്. തുക കൈയിലെത്തിയത്ത് ശേഷം മൊത്തം വര്‍ഷത്തെ പി.എഫ് സകാത് ഒരുമിച്ച് നല്‍കിയാലും മതി.

കടം കൊടുത്ത നിസ്വാബുള്ള സംഖ്യ വര്‍ഷങ്ങളോളം കടക്കാരന്റെ കൈയില്‍ കിടന്നാലും തിരിച്ചുകിട്ടുമ്പോള്‍ അത്രയും വര്‍ഷത്തെ സകാത് കൊടുക്കണമല്ലോ. ഓരോ എക്സ്ട്രാ മാസം കഴിയുമ്പോഴും നിസ്വാബ് തുകക്കു ശേഷം അടക്കുന്ന ഓരോ പി.എഫിനും വര്‍ഷം തികയുമ്പോള്‍ സകാത്ത് കൊടുത്തുകൊണ്ടിരിക്കണം. പെന്‍ഷമ്പറ്റി പിരിയുമ്പോള്‍ നല്ലൊരു തുക സകാത്തിന് വേണ്ടി ഉദ്യോഗസ്ഥര്‍ നീക്കേണ്ടി വരും.

കച്ചവട സകാത്തില്‍ ശ്രദ്ധിക്കേണ്ടത്

കച്ചവട ചരക്കുകള്‍ വില കെട്ടി വര്‍ഷാവസാനം സകാത്തു കൊടുക്കുമ്പോള്‍ പണമാണ് സകാത്തായി നല്‍കേണ്ടത്. കച്ചവട വസ്തുക്കള്‍ വല്ലതും എടുത്ത് നല്‍കുന്നത് ശരിയാവുകയില്ല.

കാറ്ററിംഗ്, ഹോട്ടല്‍

ഓര്‍ഡര്‍ പ്രകാരം വസ്തുക്കള്‍ തയ്യാറാക്കി വില്‍ക്കുന്ന സംവിധാനങ്ങളാണല്ലോ കാറ്ററിംഗ് ഹോട്ടലുകള്‍. ഇവിടെ വര്‍ഷാവസാനം കണക്കെടുക്കാന്‍ പാകത്തിലുള്ള വില്‍പ്പനച്ചരക്കുകളുണ്ടാവില്ല; ഉണ്ടെങ്കില്‍ തന്നെ അസംസ്കൃത വസ്തുക്കള്‍ ആയിട്ടായിരിക്കും. അതേ സമയം ഇവയെ സേവന പ്രവര്‍ത്തനങ്ങളായി കണക്കാക്കാനുമാവില്ല. ബഹു ശര്‍വാനിയുടെ പരാമര്‍ശം ശ്രദ്ധിക്കുക:

“എണ്ണയുണ്ടാക്കി കച്ചവടം നടത്താനുദ്ദേശിച്ച് എള്ളു വാങ്ങിയാല്‍ അത് കച്ചവട വസ്തുവായി ഗണിക്കപ്പെടും. പ്രതിഫലത്തിന് പകരം ഉടമപ്പെടുത്തിയ എള്ളില്‍ തല്‍സമയത്തും എണ്ണ നിലനില്‍ക്കുന്നുവെന്നതാണ് കാരണം. ആട്ടിയെടുക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന എണ്ണ വേര്‍പിരിഞ്ഞ് കിട്ടിയെന്നേയുള്ളൂ. അതുകൊണ്ടു തന്നെ പ്രതിഫലത്തിന് പകരം ഉടമപ്പെടുത്തിയ വസ്തുവിലാണ് കച്ചവടം നടത്തിയതെന്ന് എണ്ണ കച്ചവടത്തെ സംബന്ധിച്ചു പറയാനാകും. ഇപ്രകാരം തന്നെ സുര്‍ക്കയുടെ കച്ചവടമുദ്ദേശിച്ച് മുന്തിരി വാങ്ങി വാറ്റിയെടുത്ത നീര് സുര്‍ക്കയാക്കി വില്‍പന നടത്തുമ്പോള്‍ അതും കച്ചവടച്ചരക്കായി തന്നെ പരിഗണിക്കപ്പെടും. വില്‍പ്പനോദ്ദേശ്യത്തോടെ പ്രതിഫലത്തിന് പകരമായി ഉടമപ്പെടുത്തിയ മുന്തിരിയില്‍ നേരത്തെ നിലനിന്നിരുന്ന നീര് സുര്‍ക്കയായി മാറുന്നത് കൊണ്ട് പൂര്‍ണമായും മറ്റൊരു ഉല്‍പന്നം ഇവിടെ ഉണ്ടാകുന്നില്ല. മുന്തിരി നീര്‍ സുര്‍ക്കയായി മാറുന്നത് കൊണ്ട് അതിന്റെ സത്ത പരിവര്‍ത്തിതമാകുന്നില്ല. ഗുണത്തില്‍ മാത്രമേ മാറ്റമുള്ളൂ (ഹാശിയതു ശര്‍വാനി 3/295).

ബോധവല്‍കരണങ്ങള്‍ വേണം

ആധുനിക മാര്‍ക്കറ്റിംഗ്, വാണിജ്യ സംവിധാനങ്ങള്‍ പുരോഗമിക്കുന്ന ഇക്കാലത്ത്, കൊമേഴ്സ് പ്രഫഷണലുകളെ ഒരുമിച്ചിരുത്തി, ട്രേഡിംഗ് രീതികളെപ്പറ്റി ആഴത്തിലറിഞ്ഞതിനു ശേഷം അവയുടെ സകാത്തു സാധ്യതകളെ കണ്ടെത്തുകയും പൊതുജനങ്ങളെ ശരിയാംവണ്ണം ബോധ്യപ്പെടുത്തേണ്ടതുമാണ്. ഇത്തരം ചര്‍ച്ചകള്‍ക്ക് ദഅ്വാ കോളേജുകള്‍, ശരീഅത്ത് കോളേജുകള്‍, മറ്റു മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് മുന്നിട്ടിറങ്ങാവുന്നതാണ്. മസ്അലകള്‍ അറിയാത്തതിന്റെയും ശ്രദ്ധയില്ലാത്തതിന്റെയും പേരില്‍ പല ഇടപാടുകാരും കച്ചവടക്കാരും സകാത്തു കൊടുക്കാതെ നടക്കുന്നുണ്ട്. ചെറുകിട ബിസിനസുകാര്‍ സകാത്തു നല്‍കുകയും വലിയ വ്യവസായികള്‍ നമുക്കൊന്നുമില്ലേ എന്ന മട്ടില്‍ നടക്കുന്നു. ശക്തമായ ബോധവല്‍കരണം വേണം.

നിസാമുദ്ദീന്‍ അഹ്സനി പറപ്പൂര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ