ഇസ്ലാമിക സമ്പദ് വ്യവസ്ഥയുടെ മികവും ഫലവും പ്രകടമായി പ്രകാശിതമാവുന്നതാണ് സകാത്ത് സംവിധാനം. ഏറ്റവും മികച്ച രീതിയിൽ സകാത്ത് സംവിധാനം നടപ്പിലാക്കുന്നതിലൂടെ നിരവധി സാമൂഹിക മാനങ്ങൾ ഇസ്ലാം ലക്ഷ്യം വെക്കുന്നുണ്ട്.
ശോചനീയവും ദുർബലവുമായ നിർവഹണ രീതിയിൽ സകാത്തിന്റെ മുഴുവൻ സൗന്ദര്യവും നഷ്ടപ്പെടുമെന്നതാണ് സത്യം. നിർബന്ധവും കൃത്യവുമായ അച്ചടക്കവും രീതിയും സകാത്ത് സംവിധാനത്തിൽ ഇസ്ലാം നിഷ്കർഷിച്ചത് മുഴുവൻ മേന്മകളോടെയും സകാത്ത് നടപ്പിലാക്കാനാണ്. ലോകസാമ്പത്തിക വ്യവസ്ഥിതിയിൽ ഇസ്ലാമിലെ സകാത്തിനെ വെല്ലുന്ന ഒരു ജനകീയ സമ്പദ് വ്യവസ്ഥ കാണാനാവില്ലെന്നത് ഏറ്റവും ശ്രദ്ധേയമായ ഘടകമാണ്. വ്യവസ്ഥാപിതവും ശാസ്ത്രീയവും പ്രസക്തവുമായ സകാത്ത് വ്യവസ്ഥ ഇസ്ലാമിന്റെ എതിരാളികൾപോലും അത്യത്ഭുതത്തോടെയാണ് നിരീക്ഷിക്കുന്നത്.
സമ്പന്നരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നവർ അവശരെ മറക്കുന്നതാണ് അനുഭവം. തൊഴിലാളികൾക്കു വേണ്ടി ശബ്ദമുയർത്തുന്നവർ സമ്പന്നരുടെ ശത്രുക്കളായി മാറുന്നു. രണ്ട് വിഭാഗത്തെക്കുറിച്ചും ഒന്നും പറയാനില്ലാത്തവരാണ് വേറെ ചിലർ. ഒരിക്കലും പ്രായോഗികമല്ലാത്ത സിദ്ധാന്തങ്ങൾ അടിച്ചേൽപ്പിക്കുന്നു മറ്റൊരു കൂട്ടർ. ഇവയുടെയെല്ലാം ഇടയിൽ നിന്നാണ് വേറിട്ടതും സമ്പന്നവുമായ ഒരു സാമ്പത്തിക പ്രൊജക്ട് ഇസ്ലാം അവതരിപ്പിക്കുന്നത്. അത് സമ്പന്നനെ പരിഗണിച്ചും അവശത അനുഭവിക്കുന്നവരെ പരിപാലിച്ചുമുള്ള സംവിധാനമാണ്. വൈയക്തികവും സാമൂഹികവും സാമ്പത്തികവുമായി നിരവധി സൗന്ദര്യങ്ങൾ സകാത്തിൽ അടങ്ങിയിട്ടുണ്ട്. ഇവയിൽ പലതും പ്രത്യക്ഷമായി ബോധ്യപ്പെടുന്നതാണെങ്കിൽ ആന്തരികമായ സൗകര്യങ്ങൾ സകാത്ത് ഉൾക്കൊള്ളുന്നു എന്നതാണ് വസ്തുത.
സമൂഹത്തിന്റെ ക്ഷേമം സകാത്ത് ഉറപ്പുവരുത്തുണ്ട്. ജനങ്ങളെ മാനസികമായി അടുപ്പിക്കുന്നതോടൊപ്പം സാധുജനങ്ങളുടെ സാമ്പത്തിക പുരോഗതി കൂടി സകാത്തിലൂടെ പരിഹരിക്കപ്പെടുന്നു. ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിയുന്നവർ അന്യന്റെ മുന്നിൽ കൈനീട്ടാൻ ഇടവരരുത്. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം ഓരോരുത്തർക്കും ഉണ്ടാവണം. സമ്പന്നർ അവരുടെ സമ്പത്തിന്റെ നിശ്ചിത വിഹിതം കൈമാറുന്നതിലൂടെ പാവപ്പെട്ടവനും സകാത്തിന്റെ അവകാശികൾക്കും ലഭിക്കുന്ന സാന്ത്വനം വളരെ വലുതാണ്. അവരും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ അത് സഹായകമാവും. സകാത്ത് പാവപ്പെട്ടവന്റെ അവകാശമാണ്. സമ്പന്നന്റെ ഔദാര്യമല്ല എന്ന് പറയുന്നതിന്റെ പൊരുൾ അതാണ്. മാത്രമല്ല ഒരു നാട്ടിലെ പാവപ്പെട്ടവരുടെ സംരക്ഷണം അവിടത്തെ സമ്പന്നരുടെ കടമയും ബാധ്യതയുമാണ്. സകാത്തിന്റെ വിഹിതം അവരുടെ സംരക്ഷണത്തിന് തികയാതെ വന്നാൽ പാവപ്പെട്ടവരുടെ ഭക്ഷണവും വസ്ത്രവും മറ്റ് അടിസ്ഥാനാവശ്യങ്ങൾക്ക് വേണ്ടതും സമ്പന്നർ നൽകണമെന്നതാണ് ഇസ്ലാമിന്റെ നിലപാട്. സകാത്തിന്റെ അവകാശികളിലെ ആദ്യത്തെ നാലു വിഭാഗം (ഫഖീർ, മിസ്കീൻ, സകാത്തിന്റെ ജോലിക്കാർ, കടബാധിതർ) സമൂഹത്തിൽ കൂടുതൽ സംരക്ഷണവും പരിരക്ഷയും ആവശ്യമുള്ളവരാണ്. സകാത്തിന്റെ ജോലിക്കാർ അല്ലാത്ത മൂന്ന് വിഭാഗം ഏറ്റവും അവശരാണ്. അവർക്ക് നൽകുന്ന സകാത്തിലൂടെ സമൂഹത്തിലെ വലിയൊരു അവശ വിഭാഗമാണ് സുരക്ഷിതത്വം നേടുന്നത്. അവസാനത്തെ നാല് വിഭാഗത്തെ (പുതുമുസ്ലിംകൾ, മോചനകരാർ എഴുതിയ അടിമകൾ, യോദ്ധാക്കൾ, യാത്രക്കാർ) ഉൾപ്പെടുത്തിയതിൽ സാമൂഹിക നന്മക്കപ്പുറം പ്രബോധനതാൽപര്യം കൂടി വായിച്ചെടുക്കാൻ കഴിയും.
അഭിവൃദ്ധി, വളർച്ച, സംസ്കരണം, ശുദ്ധി, ഉയർച്ച എന്നിങ്ങനെയുള്ള അർത്ഥങ്ങളാണ് സകാത്ത് എന്ന അറബി പദത്തിനുള്ളത്. അർഹർക്ക് സകാത്ത് നൽകുന്നതിലൂടെ മേൽ അർത്ഥങ്ങളുടെ ആശയങ്ങളിലേക്കെല്ലാം സകാത്ത് ദായകൻ കയറിച്ചെല്ലുന്നു. അല്ലാഹു പറഞ്ഞു: നബിയേ, അങ്ങ് അവരുടെ സമ്പത്തിൽ നിന്ന് സകാത്ത് വാങ്ങുക. അത് അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യും (അത്തൗബ 103).
ദായകന്റെ സമ്പത്തിൽ ബാഹ്യവും ആന്തരികവുമായ അഭിവൃദ്ധിയും വളർച്ചയും കൈവരിക്കാൻ കഴിയുമെന്നത് സകാത്ത് ദായകന് ലഭിക്കുന്ന പരിരക്ഷയാണ്. സമ്പത്തിനോടുള്ള അതിമോഹവും പിശുക്ക് അടക്കമുള്ള ദുർഗുണങ്ങളും ഇല്ലായ്മ ചെയ്യാനും സകാത്ത് സഹായകമാവുന്നുണ്ട്. അല്ലാഹു ഏൽപിച്ച സമ്പത്തിന്റെ നിശ്ചിത ഭാഗം മറ്റുള്ളവന്റെ അവകാശമാണെന്ന ബോധം മനസ്സിൽ വളരുമ്പോൾ ഉണരുന്ന വികാരംകൊണ്ട് സമൂഹത്തിന് ലഭിക്കുന്ന സാന്ത്വനം അത്ര നിസ്സാരമല്ല.
സാമൂഹികമായ പ്രതിബദ്ധത നിർവഹിക്കുന്നതിനപ്പുറം ഒരുപാട് അറിയിപ്പുകൾ ഇസ്ലാമിലെ സകാത്തിലുണ്ട്. സമൂഹത്തിന്റെ നന്മക്കും ഉയർച്ചക്കും അനിവാര്യമായവ ഓരോ വ്യക്തിയും ചെയ്തുകൊണ്ടിരിക്കണമെന്നതാണ് അതിൽ പ്രധാനം. സകാത്ത് ദായകന്റെ നിർമിതിയിലൂടെ അതാണ് സാധിച്ചെടുക്കുന്നത്. പാവപ്പെട്ടവരുടെ ഉയർച്ചയും പുരോഗതിയുമാണ് സകാത്തിലൂടെ നേടിയെടുക്കുന്നത്. എന്നാൽ അവരെ ശ്രദ്ധിക്കാതെയും പരിഗണിക്കാതെയും തള്ളിവിടുമ്പോൾ അവരെത്തിപ്പെടുന്നത് കളവിന്റെയും തിന്മകളുടെയും ലോകത്തായിരിക്കും. മാന്യമായ ജീവിതത്തിനുള്ള വഴികൾ അടയുമ്പോൾ മതപരിത്യാഗത്തിന് പോലും വിശ്വാസി തയ്യാറാകുമെന്ന് തിരുമേനി പറയുന്നതിന്റെ രഹസ്യം അതാണല്ലോ!
സകാത്തിലൂടെ പലിശ വിപാടനം സാധ്യമാവുന്നു എന്നത് ശ്രദ്ധേയമാണ്. പരസ്പര വിരുദ്ധമായ സകാത്തിനെയും പലിശയെയും ഒരു വചനത്തിൽ തുലനം ചെയ്ത് ഖുർആൻ സംസാരിച്ചതിന്റെ പൊരുൾ അത് പ്രകടമാക്കുന്നുണ്ട്. ഖുർആൻ പറഞ്ഞു: ജനങ്ങളുടെ മുതലുകൾ വളരുന്നതിന് വേണ്ടി നിങ്ങൾ നൽകുന്ന പലിശയുണ്ടല്ലോ, അത് അല്ലാഹുവിന്റെ അടുത്ത് ഒട്ടും വളരുന്നില്ല. എന്നാൽ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് നിങ്ങൾ സകാത്തായി നൽകുന്നതോ, അങ്ങനെ ചെയ്യുന്നവർ അതിനെ ഇരട്ടിപ്പിച്ച് വളർത്തുന്നവരാണ് (അർറൂം). പലിശയെ പരിചയപ്പെടുത്താനുള്ള ശാന്തമായ ഒരു ആയുധമാണ് സകാത്ത്. സമൂഹത്തിൽ സമത്വവും ഔദാര്യവും വളർത്തി സാമൂഹികക്ഷേമം വളർത്തലാണല്ലോ സകാത്തിന്റെ ഫലം. എന്നാൽ സമൂഹത്തിന്റെ ദയനീയത ചൂഷണം ചെയ്ത് ചില പലിശ മുതലാളിമാരുടെയും കമ്പനികളുടെയും വികസനമാണ് പലിശയിലൂടെ ലഭ്യമാവുന്നത്. വ്യവസ്ഥാപിതമായ സകാത്ത് നിർവഹണത്തിലൂടെ ഓരോ ഗ്രാമത്തെയും സംരക്ഷിക്കാൻ കഴിയുമെന്നതാണ് സത്യം. സമ്പന്ന വിഭാഗം തങ്ങളുടെ സകാത്തിന്റെ നിർബന്ധ കർത്തവ്യത്തിന് മുതിരുമ്പോൾ അതെളുപ്പമാണ്. അതുകൊണ്ടാണ് സ്വന്തം നാട്ടിൽ ആവശ്യക്കാരുണ്ടെങ്കിൽ ഇതര നാടുകളിലേക്ക് സകാത്ത് തിരിച്ചുവിടരുതെന്ന് മതം നിഷ്കർഷിക്കുന്നത്.
സമൂഹത്തിനിടയിൽ ഇണക്കവും പൊരുത്തവും മാനസിക അടുപ്പവും സകാത്ത് വളർത്തിയെടുക്കുന്നുണ്ട്. അപരന്റെ ആവശ്യവും പ്രയാസവും തന്റേത് കൂടിയാണെന്ന് മനസ്സിലാക്കുന്ന വികാരം സകാത്തിലൂടെ വളരുന്നു. തിരുനബി(സ്വ) പറഞ്ഞു: പരസ്പര സ്നേഹത്തിലും കാരുണ്യത്തിലും വിശ്വാസികളുടെ ഉപമ ഒരൊറ്റ ശരീരം പോലെയാണ്. ഒരു അവയവത്തിൽ മുള്ള് തറച്ചാൽ ഉറക്കമൊഴിച്ചും പനിപിടിച്ചും മറ്റുള്ള അവയവങ്ങൾ അതിനോട് അനുകമ്പ കാണിക്കുന്നു.’
സമ്പത്ത് സമ്പന്നരിൽ മാത്രം ചുറ്റിക്കറങ്ങുമ്പോൾ ഒരു വിഭാഗം എന്നും അശ്രിതരായി കഴിയേണ്ടിവരും. ഒരു ഗ്രാമത്തിൽ പത്ത് ശതമാനം സമ്പന്നരുണ്ടെന്ന് സങ്കൽപിക്കുക. ബാക്കിയുള്ള തൊണ്ണൂറ് ശതമാനവും സമ്പന്ന വിഭാഗമായ പത്ത് ശതമാനത്തിന്റെ ആശ്രിതരും ജോലിക്കാരുമായി കഴിയുമ്പോൾ സാമൂഹിക വളർച്ച മുരടിക്കുകയാണ്. എന്നാൽ അർഹതപ്പെട്ടവർക്ക് അവരുടെ അവകാശം സകാത്തിലൂടെ കൈമാറുമ്പോൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ അവർക്ക് കൂടി കഴിയും. സകാത്ത് സംവിധാനം തുടർന്നുപോവുമ്പോൾ ആ ഗ്രാമം മുഴുവൻ സ്വന്തമായി സാമ്പത്തിക അടിത്തറയുള്ള പ്രദേശമായി മാറും. ഖുർആൻ പറഞ്ഞു: വിവിധ നാടുകളിൽ നിന്ന് അല്ലാഹു അവന്റെ ദൂതന് നേടിക്കൊടുത്തതൊക്കെയും അല്ലാഹുവിനും അവന്റെ ദൂതനും അടുത്ത ബന്ധുക്കൾക്കും അനാഥകൾക്കും അഗതികൾക്കും യാത്രക്കാർക്കുമുള്ളതാണ്. സമ്പത്ത് നിങ്ങളിലെ ധനികർക്കിടയിൽ മാത്രം ചുറ്റിക്കറങ്ങാതിരിക്കാനാണിത് (അൽഹശ്ർ 7).
സാമൂഹിക ക്ഷേമത്തിന് അടിസ്ഥാനപരമായി ചില കാര്യങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ കൂടുതൽ അലട്ടിക്കൊണ്ടിരിക്കുന്ന പ്രസ്തുത കാര്യങ്ങൾക്ക് നിവർത്തി ഉണ്ടാകുമ്പോഴോ സാമൂഹികക്ഷേമം സാധ്യമാവൂ. അവയിൽ വളരെ പ്രാധാന്യമുള്ളതാണ് ദാരിദ്ര്യവും തൊഴിലില്ലായ്മയും. സാമ്പത്തിക സമത്വവും അസ്ഥിരതയും ഒരു പ്രധാന പ്രശ്നമാണ്. ഇവക്കെല്ലാം ഇസ്ലാം പരിഹാരം നിർദേശിക്കുന്നത് സകാത്തിലൂടെയാണ്. മാത്രമല്ല, സമൂഹത്തിന്റെയും രാജ്യത്തിന്റെയും മൊത്തം സാമ്പത്തിക ഘടനയെ നിയന്ത്രിക്കുന്നതിലും സ്വാധീനിക്കുന്നതിലും സകാത്തിന് വലിയ പങ്കുണ്ട്. സകാത്ത് ലഭിക്കുന്നതിലൂടെ ലഭ്യമാവുന്ന വിഹിതം പൊതുമാർക്കറ്റിലും വാണിജ്യവ്യവസായ മേഖലകളിലുമെല്ലാം വികസനത്തിനും കാരണമാവുകയും ചെയ്യും. ഇസ്ലാമിക ഭരണമുള്ള രാഷ്ട്രങ്ങളിൽ സകാത്ത് സംഭരണത്തിലൂടെയും നിർവഹണത്തിലൂടെയും നേടിയെടുത്ത സാമ്പത്തിക-സാമൂഹിക പുരോഗതി വിലയിരുത്തുമ്പോൾ ഇക്കാര്യങ്ങൾ ബോധ്യപ്പെടുന്നതായി ഇസ്ലാമിന്റെ സകാത്ത് വ്യവസ്ഥയെകുറിച്ച് പഠനം നടത്തിയ അക്കാദമിസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ പല മുസ്ലിം രാഷ്ട്രങ്ങളും സകാത്ത് വ്യവസ്ഥ നടപ്പിലാക്കുന്നിടത്ത് പിന്നിലാണെന്നതാണ് ശരി.
ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോൾ ഇസ്ലാം മുന്നോട്ടുവെക്കുന്ന സകാത്ത് വ്യവസ്ഥിതിക്ക് കൂടുതൽ പ്രസക്തിയുണ്ട്. തന്റെ ജീവിതം ചുറ്റുപാടിനും ഉപകാരപ്രദമാവണമെന്ന ഇസ്ലാമിക വീക്ഷണം പ്രയോഗവൽകരിക്കപ്പെടുമ്പോൾ നിരവധി പേർക്ക് അതിന്റെ ഫലം ലഭിക്കും. മഹല്ല് ജമാഅത്തും മുസ്ലിം സംഘടനകളും സകാത്തിനർഹരായ സമ്പന്നരെ ബോധവൽകരിച്ച് കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിച്ചാൽ വലിയ മാറ്റം കാണാൻ കഴിയും. പാവപ്പെട്ടവൻ ദുരിതക്കയത്തിൽ നിന്ന് രക്ഷപ്പെടാൻ അന്യന്റെ മുന്നിൽ ഓച്ചാനിച്ച് നിൽക്കേണ്ട ഗതികേടുകൾക്ക് സകാത്ത് ഉചിതമായ പരിഹാരമാണെന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കാൻ സത്വര ശ്രദ്ധ വേണ്ടതുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ യൂസുഫ് നബി(അ) നിർവഹിച്ച മാതൃക വലിയൊരു പാഠമാണല്ലോ! താങ്കൾ എന്നെ ഭൂമിയിലെ ഖജനാവുകൾ ഏൽപ്പിക്കൂ. ഞാൻ ഒരു വിവരമുള്ള സൂക്ഷിപ്പുകാരനായിരിക്കും എന്ന് യൂസുഫ്(അ) പറഞ്ഞതിൽ ആസൂത്രണവും സംഭരണവും നിർവഹണവുമെല്ലാം ഒളിഞ്ഞിരിപ്പുണ്ട്.
കച്ചവടച്ചരക്കുകളുടെയും പണത്തിന്റെയും പൂഴ്ത്തിവെപ്പ് എല്ലാ കാലത്തും സാമ്പത്തിക മേഖലയിലെ ഒരു വൻ ഭീഷണിയാണ്. വിലകയറ്റത്തിനും സാമ്പത്തിക അരാജകത്വത്തിനും ഇടവരുത്തുന്ന ഇത്തരം സാമൂഹിക അക്രമങ്ങളെയും സകാത്ത് പ്രതിരോധിക്കുന്നുണ്ട്. ഒരു വർഷം സ്വന്തം ഉടമസ്ഥതയിൽ സൂക്ഷിച്ചിട്ടുള്ള സമ്പത്തിന് സകാത്ത് നൽകണമെന്ന വ്യവസ്ഥയിൽ പൂഴ്ത്തിവെച്ച സമ്പത്തുകളെല്ലാം ഉൾപ്പെടും. പൂഴ്ത്തിവെപ്പ് നിഷിദ്ധവും അക്രമവുമാണെങ്കിലും അത്തരം ചരക്കുകൾക്കും പണത്തിനുമെല്ലാം നിശ്ചിത വിഹിതം സകാത്ത് നൽകണം. സകാത്ത് ഒരു ഇബാദത്താണെങ്കിലും ഹദീസ് – ഫിഖ്ഹ് ഗ്രന്ഥങ്ങളും പണ്ഡിതന്മാരും സകാത്തിന്റെ നിയമവശങ്ങളും മാനദണ്ഡങ്ങളും ചർച്ച ചെയ്യുന്നത് സാമ്പത്തിക അധ്യായങ്ങളിലാണ്. സാമ്പത്തിക രംഗത്ത് വലിയ ഉണർവും പ്രത്യാശയും സകാത്ത് നിർവഹിക്കുന്നു എന്നതിനാലാണത്. സകാത്തിന്റെ പ്രത്യക്ഷവും ബാഹ്യവുമായ മേന്മകളേക്കാൾ വിശ്വാസിയെ നിയന്ത്രിക്കേണ്ടത് പരോക്ഷമായ ഗുണങ്ങളാണ്. സകാത്ത് സമ്പന്നന്റെ ധനം കുറക്കുകയല്ല വർധിപ്പിക്കുകയാണ് എന്ന നബിവചനം പരോക്ഷമായ നന്മയെയാണ് കുറിക്കുന്നത്. സമ്പത്തിന്റെ ഐശ്വര്യവും സംരക്ഷണവും വർധനവും അല്ലാഹുവിൽനിന്ന് ലഭിക്കാൻ സകാത്ത് കൂട്ടുനിൽക്കുന്നു എന്നതാണ് പരോക്ഷമായ മേന്മകളിൽ അതിപ്രധാനം. നിസ്കാരത്തോടൊപ്പം ചേർത്തുപറഞ്ഞ് ഖുർആൻ ഉയർത്തിക്കാണിച്ച സകാത്തിന്റെ പ്രയോക്താവായി മാറുമ്പോൾ അല്ലാഹുവിന്റെ തൃപ്തിയും പൊരുത്തവും സമ്പാദിക്കാൻ അത് മതി.
സകാത്തിന്റെ അവകാശികളെ അല്ലാഹു തന്നെ കൃത്യമായി വിവരിച്ചിട്ടുണ്ട്. എന്നിട്ടും മറ്റുള്ള അവകാശികളെ കണ്ടെത്തി സകാത്ത് പ്രഹസനമാക്കുന്ന പ്രവണത ഇസ്ലാമിക വിരുദ്ധവും അനീതിയുമാണ്. സംഘടനകൾ, സ്ഥാപനങ്ങൾ, കമ്മിറ്റികൾ തുടങ്ങിയ പുത്തൻ അവകാശികൾക്ക് സകാത്ത് വിഹിതം നൽകുന്ന പുരോഗമനവാദം, സകാത്ത് പിരിക്കാനായി സകാത്ത് കമ്മിറ്റി രൂപീകരണം, ഇസ്ലാം നിർദേശിച്ച സാമ്പത്തിക ഇനങ്ങളിലല്ലാതെ സകാത്ത് അടിച്ചേൽപ്പിക്കുന്ന രീതി, സകാത്തിന്റെ അവകാശികളെ യാചകരും അടിമകളുമായി കാണുന്ന മുതലാളിത്ത മനോഭാവം തുടങ്ങിയവ തീർത്തും സകാത്തിന്റെ അർത്ഥവും ലക്ഷ്യവും നിരാകരിക്കുന്നവയാണ്.
കർമശാസ്ത്രത്തിൽ പരാമർശിച്ച വകാലത്ത് ഉപയോഗപ്പെടുത്തി സകാത്ത് സംഭരണത്തിന് മാർഗം കണ്ടെത്തിയാൽ സകാത്ത് കമ്മിറ്റിക്കാരെ തടയിടാൻ സാധിക്കും. മഹല്ല് കമ്മിറ്റിയിലെ വിശ്വസ്തനായ ഒരു വ്യക്തി സമ്പന്നരിൽ നിന്ന് സകാത്ത് സംഭരിച്ച് അർഹർക്ക് നൽകുന്ന രീതി ഇസ്ലാമിക കർമശാസ്ത്രത്തിലെ വകാലത്ത് നിയമങ്ങൾക്ക് വിധേയമായി നടപ്പിലാക്കാൻ കഴിയുന്ന മാർഗവും സുതാര്യമായ രീതിയുമാണ്. പുരോഗമനത്തിന്റെ മേൽചട്ടയണിഞ്ഞ് സകാത്തിനെയും മലിനപ്പെടുത്താൻ ശ്രമിക്കുന്നവരെ പ്രതിരോധിച്ചില്ലെങ്കിൽ വലിയൊരു വിഭാഗത്തിന്റെ നിർബന്ധ സകാത്ത് പാഴായിപ്പോകുമെന്നത് കാണാതിരുന്നുകൂടാ.
അബ്ദുറഹ്മാൻ ദാരിമി സീഫോർത്ത്