ഇസ്ലാം കാര്യങ്ങളില്‍ മൂന്നാമത്തേതാണ് സകാത്ത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വിശ്വാസി അനിവാര്യമായും നിര്‍വഹിക്കേണ്ട സാമ്പത്തിക ബാധ്യതയാണിത്. ചില കാര്‍ഷിക വിളകള്‍, ലോഹങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നീ മൂന്നിനങ്ങളിലാണ് സകാത്ത് നിര്‍ബന്ധമുള്ളത്. സാമ്പത്തികമായ വര്‍ധനവുണ്ടാവുന്നതും പ്രകൃതിയുടെ പങ്കാളിത്തം ഉപയോഗപ്പെടുത്തുന്നതുമായവയിലാണ് പൊതുവായി ഈ ബാധ്യത. ധാന്യവിളകളായ നെല്ല്, ഗോതമ്പ് തുടങ്ങിയവയിലും നാണ്യവിളകളായ കാരക്ക, മുന്തിരി എന്നിവയിലുമാണ് കാര്‍ഷിക വിളകളിലെ സകാത്ത്. വളര്‍ത്തുമൃഗങ്ങളില്‍ ആട്, മാട്, ഒട്ടകം എന്നിവയില്‍ സകാത്ത് നിര്‍ബന്ധമാവും.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പെട്ടതാണ് സകാത്ത് എന്നതിനാല്‍ അത് തനിക്ക് ബാധകമാവുന്നുവോ എന്ന ആലോചന പ്രധാനമാണ്. കേവലമായ ഒരു ദാനം മാത്രമല്ല സകാത്ത്. ആത്മീയവും ഭൗതികവുമായ ഒരു ശുദ്ധീകരണം കൂടിയാണത്. നിശ്ചിത അളവിലും കാലത്തിലും സ്വഭാവത്തിലും ചില സാമ്പത്തിക ഇനങ്ങള്‍ തന്റെ അധീനതയിലുണ്ടാവുന്നതോടെ വിശ്വാസിയില്‍ ഒരു ശുദ്ധീകരണം ആവശ്യമായി വരുന്നുണ്ട്. സകാത്ത് നല്‍കുമ്പോഴാണത് നേടാനാവുക.
സ്വദഖ സ്വീകരിക്കാന്‍ നബി(സ്വ)യോട് നിര്‍ദേശിക്കുന്ന ഖുര്‍ആന്‍ സൂക്തത്തില്‍ അതിന് നല്‍കിയ വിശേഷണങ്ങള്‍ ഈ ശുദ്ധീകരണം വ്യക്തമാക്കുന്നു. സൂറതുത്തൗബയിലെ 103-ആം സൂക്തം സ്വദഖയെ കുറിച്ച് അവരെ ശുദ്ധീകരിക്കുന്നതും സംസ്കരിക്കുന്നതും എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം ഐഛിക ദാനവുമായി ബന്ധപ്പെട്ടതാണ്. ഐഛികദാനം തന്നെ ശുദ്ധീകരണമാണെന്ന് ഇത് വ്യക്തമാക്കുന്നു. എങ്കില്‍ നിര്‍ബന്ധ ദാനത്തിന്റെ സ്ഥിതി ഇതിലും ഉപരിയാകുമല്ലോ. വിശ്വാസിയുടെ ആത്മീയ ശുദ്ധിയുടെ അസ്തിവാരമാണ് സാമ്പത്തിക വിശുദ്ധി. തിരുനബി(സ്വ) സകാത്തിനെക്കുറിച്ച്, അത് സ്വീകരിക്കുന്നത് ചിലര്‍ക്ക് ഉത്തമമല്ല എന്നു പഠിപ്പിക്കുന്നയിടത്ത് ഇങ്ങനെ പറയുന്നു: നിശ്ചയം, അത് ജനങ്ങളുടെ അഴുക്കുകളാണ് (മുസ്ലിം).
സകാത്തായി നല്‍കുന്ന സമ്പത്ത് അഴുക്കാണെന്നതിന് സാമ്പത്തികമായ ശുദ്ധീകരണ പ്രക്രിയയായതിനാല്‍ അത് ചിലര്‍ക്ക് നല്‍കേണ്ടതില്ലെന്ന് മാത്രമാണ് അര്‍ത്ഥമാക്കുന്നത്. ഇമാം നവവി(റ) ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ എഴുതുന്നു: സകാത്ത് ജനങ്ങളുടെ സമ്പത്തിനെയും അവരെത്തന്നെയും ശുദ്ധീകരിക്കുന്ന ഒരു കര്‍മമാണ്. ജനങ്ങളെ സംസ്കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ദാനത്തെ അവരില്‍ നിന്നും അങ്ങ് വസൂലാക്കുക എന്ന് അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ സകാത്ത് മാലിന്യങ്ങള്‍ നീക്കുന്ന സംവിധാനം പോലെയാണ് (ശര്‍ഹുമുസ്ലിം). നിസ്കാരം പാപങ്ങള്‍ പൊറുപ്പിക്കുമെന്ന പോലെ സകാത്ത് സാമ്പത്തികമായ വിശുദ്ധിയുടെ ഉപാധിയാണ്. ഐഛിക ദാനവും ഈ ഇനത്തില്‍ പെടുന്നുവെങ്കിലും നിര്‍ബന്ധ ദാനത്തില്‍ ദാതാവ് അനിവാര്യമായ ഒരു കര്‍മമാണ് നിര്‍വഹിക്കുന്നത്. സുന്നത്തായ ദാനത്തെ പോലെ തുറന്ന മനസ്സിന്റെ ഉല്‍പന്നമായിരിക്കില്ല ചിലപ്പോള്‍ നിര്‍ബന്ധ ദാനം. അതിനാല്‍ അത് ചിലര്‍ക്ക് വേണ്ട എന്നുമാത്രം. അതു മോഹിക്കേണ്ടതില്ല എന്ന വിചാരം മറ്റുള്ളവരില്‍ വളര്‍ത്താന്‍ കൂടിയാണ് റസൂല്‍ (സ്വ)യുടെ ഈ പ്രയോഗം.
സമ്പത്തുമായി ബന്ധപ്പെട്ടുള്ള ഒരു തരം അശുദ്ധാവസ്ഥയുണ്ടെന്നും അതു നീക്കം ചെയ്യപ്പെടേണ്ടതാണെന്നും ഉപര്യുക്ത ഹദീസ് തെര്യപ്പെടുത്തുന്നു. അതിനുള്ള ഉപാധി സമയബന്ധിതമാണ്. അതാണ് സകാത്ത്. കൊടുക്കേണ്ടിവരുമെങ്കില്‍ വാങ്ങേണ്ടവരും ഉണ്ടാവുമല്ലോ. വാങ്ങേണ്ടവരുടെ അവകാശമായിത്തീരുന്നു ആ ദാനം. അന്യരുടെ അവകാശമാകുന്നതോടെ സമ്പത്തില്‍ അതൊരു അവിശുദ്ധ സാന്നിധ്യമായിത്തീരുന്നു. സകാത്ത് കണക്കുപ്രകാരം നല്‍കുമ്പോള്‍ മാത്രമേ അതു ശുദ്ധീകരിക്കാനാവൂ. എങ്ങനെയെങ്കിലും നല്‍കിയാല്‍ ബാധ്യത വീടില്ല. സകാത്തായി പരിഗണിക്കപ്പെടുംവിധം നല്‍കണം. അല്ലാത്തപക്ഷം സകാത്ത് മഗ്റമായി (നല്‍കാതെ പിടിച്ചുവെച്ചത്) തന്നെ കിടക്കും. അഥവാ ദാനം ചെയ്യുന്നുണ്ടാവും, സാമ്പത്തിക കൈമാറ്റം നടന്നുമിരിക്കും. പക്ഷേ, സകാത്ത് വീടുകയില്ല.
സകാത്തിന്റെ സാമൂഹിക പ്രാധാന്യവും പ്രതിഫലവും മാത്രമല്ല വിശ്വാസി പരിഗണിക്കേണ്ടത്. അതിലടങ്ങിയ ആത്മീയ ശുദ്ധീകരണം അതിപ്രധാനമാണ്. അതു സാധിക്കണമെങ്കില്‍ സകാത്തും താനും തമ്മിലെങ്ങനെ എന്നറിയേണ്ടതുണ്ട്. കൃഷിയും ജന്തുപരിപാലനവും ഇന്നു താരതമ്യേന കുറവാണ്. എന്നാല്‍ വ്യത്യസ്തമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാര്‍വത്രികമാണ്. സ്വര്‍ണം, വെള്ളി നാണയങ്ങളെ പിന്നിലാക്കി കടലാസ് നാണയങ്ങളായ കറന്‍സികള്‍ രംഗം കയ്യടക്കിയിരിക്കുന്നു. സൗകര്യവും സുരക്ഷിതത്വവും ഇതുവഴി സാധിക്കുന്നുണ്ട്. അതിനാല്‍ നാമിടപെടുന്നതും ഏര്‍പ്പെടുന്നതുമായ സാമ്പത്തിക മേഖലകള്‍ സകാത്ത് ബാധകമാവുന്നതാണോ എന്ന് ആലോചിക്കേണ്ടതുണ്ട്.
സ്വര്‍ണം, വെള്ളി എന്നിവ ആഭരണമായും അല്ലാതെയും സൂക്ഷിപ്പുള്ളവര്‍, വ്യാപാരികള്‍, സാമ്പത്തിക നിക്ഷേപങ്ങളും സൂക്ഷിപ്പുമുള്ളവര്‍, കടം നല്‍കിയത് തിരിച്ചു കിട്ടാനുള്ളവര്‍, പ്രൊവിഡന്‍റ് ഫണ്ട് പോലെ നിര്‍ബന്ധിത നിക്ഷേപമുള്ളവര്‍, ബിസിനസ് പങ്കാളിത്തമുള്ളവര്‍, ഭൂമി, വാഹന, കെട്ടിട കച്ചവടക്കാര്‍ എന്നിങ്ങനെ ഏതെങ്കിലും മേഖലകളുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരേറെയാണ്. ഇത്തരം മേഖലകളില്‍ സകാത്ത് കടന്നുവരുന്നുണ്ടോ, എങ്കിലെങ്ങനെയാണത് നിര്‍വഹിക്കുക എന്നതെല്ലാം മനസ്സിലാക്കി ബാധ്യത നിര്‍വഹിച്ചേ തീരൂ.
ലോഹങ്ങളില്‍ സ്വര്‍ണത്തിനും വെള്ളിക്കുമാണ് സകാത്തുള്ളത്. ദീനാര്‍, ദിര്‍ഹം എന്നീ നാണയങ്ങളിലൂടെയാണ് അതിന്റെ മൂല്യം നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്. അവ നാണയങ്ങളായി ഇക്കാലത്ത് ഉപയോഗിക്കപ്പെടുന്നതിനു പകരം വിവിധ തരം കറന്‍സികളാണു വ്യാപകം. പക്ഷേ, പഴയകാലത്ത് സ്വര്‍ണവെള്ളി നാണയങ്ങള്‍ കൊണ്ട് സാധിച്ചിരുന്ന ക്രയവിക്രയങ്ങളെല്ലാം ഇന്ന് ഈ കറന്‍സികള്‍ കൊണ്ടാണ് സാധിക്കുന്നത്. കടലാസ് നാണയങ്ങളും ലോഹനാണയങ്ങളും തമ്മിലുള്ള പ്രകടമായ വ്യത്യാസം വസ്തു മൂല്യത്തിലാണ്, ഉപയോഗത്തിലല്ല. അതിനാല്‍ ലോഹ നാണയങ്ങളുടെ വിലക്കനുസൃതമായ വസ്തു തന്നെയാണവ. സ്വര്‍ണം വെള്ളി നാണയങ്ങള്‍ ആഭരണമാക്കാനും ഗുണമേന്മ വര്‍ധിപ്പിച്ച് പുനസംവിധാനിക്കാനും മറ്റും സാധിക്കും. കടലാസ് നാണയങ്ങള്‍ക്ക് വസ്തു മൂല്യമില്ലാത്തതിനാല്‍ അതങ്ങനെതന്നെ ഉപയോഗിക്കാനേ സാധിക്കൂ.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സകാത്ത് നിര്‍ണയിക്കപ്പെട്ടത് അവ ലോഹസമ്പത്താണ് എന്ന നിലയില്‍ മാത്രമല്ല, ഒരു വിനിമയോപാധികൂടിയാണ് എന്ന നിലക്കാണ്. അതുകൊണ്ടുതന്നെ സകാത്ത് നിര്‍ബന്ധമാകുന്ന തോത് എണ്ണത്തിലേക്ക് മാറിയതില്‍ നിന്ന് ചില കാര്യങ്ങള്‍ മനസ്സിലാക്കാനാവും. സ്വര്‍ണവും വെള്ളിയും തൂക്കിയും അളന്നും തിട്ടപ്പെടുത്താന്‍ സാധിക്കുന്ന പദാര്‍ത്ഥങ്ങളാണ്. തൂക്കിത്തിട്ടപ്പെടുത്താനാണ് എളുപ്പം. അതിനാല്‍ വിലപിടിപ്പുള്ള ഒരു വസ്തു എന്ന നിലയില്‍ മാത്രം സകാത്ത് നിര്‍ബന്ധമായതായിരുന്നെങ്കില്‍ അക്കാലത്ത് നിലവിലുള്ള അളവ്തൂക്ക മാര്‍ഗത്തിലൂടെയാണ് സകാത്തിന്റെ കണക്ക് വ്യക്തമാക്കുമായിരുന്നത്. മഖ്തും, ഖഫീസ്, മുകൂക്, മുദ്ദ്, സ്വാഅ് തുടങ്ങിയ അളവ് പാത്രങ്ങളും റാത്തല്‍, ഊഖിയ, അംനാഅ് തുടങ്ങിയ തൂക്കങ്ങളും അന്നു നിലവിലുണ്ടായിരുന്നു. എന്നിരിക്കെ അന്നത്തെ നാണയങ്ങളായ ദിര്‍ഹമും ദീനാറും മാനദണ്ഡമാക്കിയതില്‍ നിന്ന്, സ്വര്‍ണം വെള്ളി എന്നിവക്ക് വിനിമയോപാധി എന്ന പരിഗണനയും നല്‍കിയിരിക്കുന്നുവെന്ന് മനസ്സിലാക്കാം.
ദീനാറിന്റെയും ദിര്‍ഹമിന്റെയും വിനിമയ മൂല്യവും യഥാര്‍ത്ഥ മൂല്യവും പരിഗണിച്ചാണ് സകാത്തിന്റെ സംഖ്യ കണക്കാക്കേണ്ടത് എന്നാണ് കര്‍മശാസ്ത്ര നിയമം. നിശ്ചിത എണ്ണത്തില്‍ കുറഞ്ഞാല്‍ സകാത്ത് ബാധകമാണോ എന്ന ചര്‍ച്ചയില്‍ ഇമാം മാവര്‍ദി(റ) വിവരിക്കുന്നു: ഇമാം ശാഫിഈ(റ) പറഞ്ഞു: 200 ദിര്‍ഹമിന് ഒരു ദിര്‍ഹമോ അതിലും താഴെയോ കുറവുണ്ടെങ്കിലും കുറഞ്ഞതുതന്നെ 200 തികഞ്ഞതിന്റെ സ്ഥാനത്ത് ഉപയോഗിക്കപ്പെടുന്നുവെന്നായാലും 200 തികഞ്ഞതിനേക്കാള്‍ ഗുണമേന്മ ഈ കുറഞ്ഞതിനുണ്ടെങ്കിലും അതില്‍ സകാത്തില്ല (അല്‍ഹാവി അല്‍കബീര്‍). തുടര്‍ന്ന് ഇതദ്ദേഹം വിശദമാക്കുന്നതിങ്ങനെ: ഒരാളുടെ അടുത്തുള്ള വെള്ളിനാണയം ഇരുനൂറില്‍ താഴെയാണെങ്കില്‍ അല്‍പം മാത്രമേ കുറവുള്ളൂ എന്നതിനാല്‍ (ഒന്നോ രണ്ടോ മാത്രമാണ് കുറവുള്ളൂവെതെന്നതിനാല്‍) ഇരുനൂറിനെ പോലെ അതു പരിഗണിക്കപ്പെടുന്നുണ്ട്. എന്നാലും സകാത്ത് ബാധകമല്ല. അതുപോലെ ഒരാളുടെ അടുത്ത് പത്തു ദിര്‍ഹം കുറഞ്ഞ് 190 ദിര്‍ഹമേയുള്ളൂ. പക്ഷേ, അതിന്റെ ഗുണമേന്മ കാരണം 200ന് സമാനമാണ്. എന്നാലും സകാത്ത് നിര്‍ബന്ധമില്ല (അല്‍ഹാവി അല്‍ കബീര്‍). ഒരു വിനിമയോപാധി എന്ന നിലയില്‍ വലിയ പരിഗണന തന്നെ സകാത്ത് നിര്‍ണയത്തില്‍ ദീനാര്‍ദിര്‍ഹമുകള്‍ക്കുണ്ട് എന്നു മനസ്സിലാക്കാനിതു ധാരാളം. വിനിയോഗമൂല്യവും യഥാര്‍ത്ഥ മൂല്യവും പരിഗണിക്കപ്പെടുന്നു എന്നു ചുരുക്കം.
യഥാര്‍ത്ഥ മൂല്യത്തിനാണ് സകാത്ത് ബാധകമാവുന്നത്. അതുകൊണ്ടാണ് മുന്തിയതരം ദിര്‍ഹമും മേന്മകുറഞ്ഞ ദിര്‍ഹമും കൈയിലുള്ള ആള്‍ സകാത്ത് നല്‍കുമ്പോള്‍ ആനുപാതികമായി നല്‍കണമെന്ന് കര്‍മശാസ്ത്രം പറയുന്നത്. ഇമാം മാവര്‍ദി(റ) പറയുന്നു: ഒരാളുടെ അടുത്ത് മുന്തിയതും താഴ്ന്നതുമായ ദിര്‍ഹമുണ്ടെങ്കില്‍ അവ പരസ്പരം കൂട്ടി സകാത്ത് നല്‍കണം. ഓരോന്നില്‍ നിന്നും അതിന്റെ തോതനുസരിച്ചായിരിക്കണം. താഴ്ന്ന തരം മാത്രം നല്‍കിയാല്‍ മുന്തിയ തരത്തിനുള്ള സകാത്ത് വീടുകയില്ല (അല്‍ഹാവി അല്‍ കബീര്‍).
നാണയങ്ങളുടെ യഥാര്‍ത്ഥ മൂല്യമാണ് സകാത്തില്‍ പരിഗണനീയമെങ്കില്‍ പഴയ കാലത്തെ 200 ദിര്‍ഹമിന്റെ യഥാര്‍ത്ഥ വസ്തു മൂല്യമാണ് സകാത്തിന്റെ അടിസ്ഥാന സംഖ്യയായി പരിഗണിക്കാവുന്ന ചെറിയ തോത്. അപ്പോള്‍ 200 ദിര്‍ഹം എത്ര തൂക്കം വെള്ളിയെയാണ് ഉള്‍ക്കൊള്ളുന്നതെങ്കില്‍ അത്രയും വെള്ളി വാങ്ങാന്‍ വേണ്ട കറന്‍സി സൂക്ഷിപ്പുള്ളവര്‍ക്ക് സകാത്ത് ബാധകമാവും.
സ്വര്‍ണവും വെള്ളിയും എന്നും വസ്തുമൂല്യമുള്ള ലോഹങ്ങളാണ്. അതു വിനിമയം ചെയ്യുമ്പോള്‍ കൈമാറുന്ന പണത്തിന് സംഭവിക്കുന്ന മൂല്യശോഷണമാണ് ഇന്ന് മാര്‍ക്കറ്റുകളില്‍ അനുഭവപ്പെടുന്നത്. അതുകൊണ്ട് സ്വര്‍ണത്തിനും വെള്ളിക്കും പ്രത്യേകമായി ഒന്നും സംഭവിക്കുന്നില്ല. വമ്പന്‍സ്രാവുകളിടപെട്ട് വിപണി തകര്‍ന്നാലും സ്വന്തമാക്കിയാലും സ്വര്‍ണവും വെള്ളിയും ഉയര്‍ന്ന പരിഗണനയില്‍ തന്നെ നിലനില്‍ക്കുന്നുവെന്നതാണനുഭവം. ഏതു തരത്തിലുള്ള കറന്‍സിയായാലും 200 ദിര്‍ഹം വെള്ളിക്കു തുല്യമായ സംഖ്യയുണ്ടെങ്കില്‍ സകാത്ത് നല്‍കണം. വെള്ളിയെ അടിസ്ഥാനപ്പെടുത്തുമ്പോഴാണ് സകാത്ത് ബാധ്യതയുടെ ചെറിയ അംശവും പരിഗണനീയമാവുക എന്ന നിലയിലാണ് സൂക്ഷ്മതക്കായി വെള്ളിയുടെ വില പരിഗണിക്കപ്പെട്ടു വരുന്നത്. രൂപക്ക് കൃത്യമായ സ്വര്‍ണനിക്ഷേപ മുല്യമില്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ ഇതാണ് സൂക്ഷ്മതയുടെ മാര്‍ഗം.
സ്വര്‍ണം വെള്ളി നാണയങ്ങളില്‍ സകാത്ത് നിര്‍ബന്ധമായതിനെക്കുറിച്ച് കര്‍മശാസ്ത്ര പണ്ഡിതര്‍ പറയുന്നു: അവ രണ്ടും അല്ലാഹുവില്‍ നിന്നുള്ള വിശേഷാനുഗ്രഹങ്ങളില്‍ പെട്ടതാണ് കാരണം. അതുകൊണ്ടാണ് ലോകത്തിന്റെ നിലനില്‍പും സൃഷ്ടിജാലങ്ങളുടെ കാര്യങ്ങള്‍ ക്രമമായി നടക്കുന്നതും. മനുഷ്യര്‍ക്ക് ആവശ്യങ്ങളേറെയാണ്. അവയെല്ലാം നിര്‍വഹിക്കാന്‍ ഇവരണ്ടുകൊണ്ടും സാധ്യമാവുന്നു (മുഗ്നി, നിഹായ). സ്വര്‍ണവും വെള്ളിയും വിനിമയോപാധികളുടെ സര്‍വകാല പ്രതീകമാണ്. വിനിമയമൂല്യമുള്ള എല്ലാ നാണയങ്ങളും അവയുടെ യഥാര്‍ത്ഥ മൂല്യത്തിന്റെ തോതനുസരിച്ച് സംഖ്യ കണക്കാക്കി സകാത്ത് നല്‍കി ബാധ്യതയില്‍ നിന്നൊഴിവായി സമ്പത്തും ശരീരവും സംശുദ്ധമാക്കണം.
സ്വര്‍ണം, വെള്ളി
20 മിസ്ഖാല്‍ദീനാര്‍ (85 ഗ്രാം) സ്വര്‍ണം ഒരു വര്‍ഷം കൈവശമുള്ളവര്‍ അതിന്റെ രണ്ടര ശതമാനം (2.125 ഗ്രാം) സകാത്ത് നല്‍കേണ്ടതാണ്. 200 ദിര്‍ഹം (595 ഗ്രാം) വെള്ളി ഒരു വര്‍ഷം കൈവശമുള്ളയാള്‍ 5 ദിര്‍ഹം (14.875 ഗ്രാം) ആണ് സകാത്ത് നല്‍കേണ്ടത്. നിശ്ചിത വിഹിതം അടിസ്ഥാനമാണ്. അധികമുള്ള ചെറിയ അംശവും സകാത്തിന്റെ പരിധിയില്‍ വരും. ദിര്‍ഹം, ദീനാര്‍ എന്നിങ്ങനെ നാണയ രൂപത്തിലുള്ളവയും സ്വര്‍ണമോ വെള്ളിയോ ആയി സൂക്ഷിച്ചതിനും പരിധി ലംഘിച്ച അമിതാഭരണത്തിനും സകാത്ത് നല്‍കണം. നാണയമായി അടിച്ചതിന്റെ അളവാണ് നാണയമല്ലാത്തതിലും അമിതാഭരണങ്ങളിലും സകാത്തില്‍ പരിഗണിക്കപ്പെടുക.
സ്വര്‍ണമായോ വെള്ളിയായോ ഉള്ള സൂക്ഷിപ്പു ധനത്തിനും മുകളില്‍ പറഞ്ഞ തൂക്കം തന്നെയാണ് അളവാക്കേണ്ടത്. എന്നാല്‍ ഇക്കാലത്തെ നാണയങ്ങള്‍ ഈ ഇരുലോഹ നിര്‍മിതമല്ലാത്തതിനാല്‍ ഈ അളവിന്റെ വിലയാണ് പരിഗണിക്കേണ്ടത്. സ്വര്‍ണവും വെള്ളിയും മൂല്യത്തില്‍ വ്യത്യാസമുള്ളതിനാല്‍ തന്നെ വെള്ളിയുടെ വില സംഖ്യയായി നിശ്ചയിക്കുന്ന രീതിയാണ് പൊതുവെ സ്വീകരിക്കപ്പെടുന്നത്. നാണയങ്ങളുടെ മാര്‍ക്കറ്റ് മൂല്യമാണ് പരിഗണിക്കപ്പെടുക. കറന്‍സിക്ക് ഇത്ര സ്വര്‍ണ നിക്ഷേപമൂല്യം എന്നതില്‍ നിന്നും വ്യത്യസ്തമായി നിശ്ചിത സംഖ്യക്ക് എത്ര സ്വര്‍ണമോ വെള്ളിയോ ലഭിക്കുന്നത് എന്നാണ് നോക്കേണ്ടത്. അപ്പോള്‍ മാര്‍ക്കറ്റില്‍ നിന്നും 200 ദിര്‍ഹം അല്ലെങ്കില്‍ 595 ഗ്രാം വെള്ളി വാങ്ങാവുന്ന സംഖ്യ കറന്‍സിയായി ഒരു വര്‍ഷം കൈവശമുള്ളവന്‍ അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കണം.
സൂക്ഷിപ്പ് സംഖ്യയും കടവും
സൂക്ഷിപ്പ് സംഖ്യ ബാങ്ക് നിക്ഷേപമായാലും സ്വന്തം കൈവശം സൂക്ഷിച്ചാലും സകാത്ത് ബാധകമാണ്. രണ്ടും ചേര്‍ത്താലേ സകാത്ത് സംഖ്യയുണ്ടാവൂ എങ്കിലും നിര്‍ബന്ധം തന്നെ. കടം നല്‍കി കിട്ടാനുള്ള സംഖ്യ, പ്രൊവിഡന്‍റ് ഫണ്ട് പോലെ ലഭിക്കുമെന്നുറപ്പുള്ള സംഖ്യ, ദീര്‍ഘകാല കുറിയില്‍ നിക്ഷേപിച്ച സംഖ്യ എന്നിവ സകാത്തിന്റെ പരിധിയില്‍ വരുന്നതാണ്. അതിനാല്‍ അളവും കാലവും പരിഗണിച്ച് സകാത്ത് നല്‍കേണ്ടതാണ്. കടം കൊടുത്ത സംഖ്യക്കുള്ള സകാത്ത് സംഖ്യ തിരിച്ചുകിട്ടും മുമ്പ് നല്‍കാവുന്നതാണ്. അങ്ങനെ നല്‍കിയില്ലെങ്കില്‍ തിരിച്ചുകിട്ടിയ ശേഷം മുഴുവന്‍ വര്‍ഷത്തേക്കുമുള്ള സകാത്ത് ഒന്നിച്ചു നല്‍കണം. ഓരോ വര്‍ഷത്തെയും സകാത്ത് വിഹിതം കഴിച്ചുള്ളതാണ് അടുത്ത വര്‍ഷത്തിന്റെ അടിസ്ഥാന സംഖ്യയായി കണക്കാക്കുക.
പ്രൊവിഡന്‍റ് ഫണ്ട്
ഉദ്യോഗസ്ഥന്മാരില്‍ നിന്നും നിശ്ചിത വിഹിതവും സമാനമായ മാനേജ്മെന്‍റ് വിഹിതവും തൊഴിലാളിക്കുവേണ്ടി സൂക്ഷിക്കപ്പെടുന്നതാണല്ലോ പിഎഫ്. അതിനാല്‍ അത് തൊഴിലാളിയുടേതാണ്. ലഭിക്കാന്‍ വൈകുമെന്ന് മാത്രമേയുള്ളൂ. ഫണ്ടിലേക്ക് അടവായ തുക സകാത്തിന്റെ അളവ് എത്തിയതു മുതല്‍ വര്‍ഷം തികയുമ്പോള്‍ സകാത്ത് നല്‍കണം. ഒരു റബീഉല്‍ അവ്വല്‍ മാസത്തിലാണു സകാത്തിന്റെ അളവെത്തിയതെങ്കില്‍ അടുത്ത റബീഉല്‍ അവ്വല്‍ ആദ്യത്തിന്റെ സകാത്ത് നിര്‍ബന്ധമാവും. അതിന് രണ്ടര ശതമാനം സകാത്ത് കണക്കാക്കിയാല്‍ സകാത്തിന്റെ അളവില്‍ താഴെയായിരിക്കും ബാക്കി സംഖ്യ. അതില്‍ തൊട്ടടുത്ത മാസം ഫണ്ട് വിഹിതം അടവാക്കുന്നതോടെയാണ് അളവ് പൂര്‍ത്തിയാവുക. അതിനാല്‍ അടുത്തവര്‍ഷം റബീഉല്‍ ആഖറിലാണ് സകാത്ത് നിര്‍ബന്ധമാവുന്നത്. ആ വര്‍ഷത്തെ സകാത്ത് വിഹിതം കൊണ്ട് മൊത്തം സംഖ്യ സകാത്തിന്റെ അളവില്‍ കുറയാന്‍ സാധ്യതയില്ല.
ഉദാഹരണം: മാസത്തില്‍ 250+250 പിഎഫ് വിഹിതമുള്ളവന്റെ 20 മാസത്തെ വിഹിതം 10000 രൂപയായിരിക്കും. പതിനായിരം രൂപയാണ് കണക്കനുസരിച്ച് സകാത്ത് നിര്‍ബന്ധമാവുന്ന അടിസ്ഥാന സംഖ്യയെങ്കില്‍ വര്‍ഷം തികഞ്ഞ റബീഉല്‍ അവ്വലില്‍ സംഖ്യയുടെ രണ്ടര ശതമാനമായ 250 രൂപ സകാത്ത് നിര്‍ബന്ധമാവും. അതോടെ മൊത്തം പിഎഫ് സംഖ്യ 9750 ആയി ചുരുങ്ങും. അത് സകാത്ത് നിര്‍ബന്ധമായ സംഖ്യയാണെന്ന് കണക്കാക്കിയ 10000 രൂപയില്ല. എന്നാല്‍ അടുത്ത മാസത്തെ പിഎഫ് വിഹിതം ചേരുമ്പോള്‍ 10250 ആയി സംഖ്യ ഉയരും. അതിനാല്‍ അടുത്ത മാസം (റബീഉല്‍ ആഖിറില്‍) മുതലാണ് സകാത്തിന്റെ രണ്ടാം വര്‍ഷം തുടങ്ങുക. തുടര്‍ന്ന് ഒരു വര്‍ഷം തികയുന്ന അടുത്ത റബീഉല്‍ ആഖിറില്‍ 256 രൂപ 25 പൈസ സകാത്ത് നല്‍കണം. അതോടെ സംഖ്യ വീണ്ടും ന്യൂനമായി. അടുത്ത മാസം മുതലേ സകാത്ത് വര്‍ഷം തുടങ്ങൂ. അപ്പോള്‍ അടുത്ത വര്‍ഷം ജമാദുല്‍ ആഖിറിലാണ് സകാത്ത് വര്‍ഷം തികയുക. അന്ന് 10,493 രൂപ 75 പൈസക്കുള്ള സകാത്ത് വിഹിതം നിര്‍ബന്ധമാവും. അഥവാ 262.35 രൂപയാണ് സകാത്ത് നല്‍കേണ്ടത്. ബാക്കി 10231 രൂപ 41 പൈസ. ഈ സംഖ്യയുടെ സകാത്ത് വര്‍ഷം ആ മാസം മുതല്‍ തന്നെ ആരംഭിക്കുന്നു. സകാത്ത് ബാധകമായ സംഖ്യയില്‍ നിന്നാണ് സകാത്ത് വിഹിതം കുറയുക. അടിസ്ഥാന സകാത്ത് സംഖ്യയുണ്ടാവുന്നതു മുതല്‍ വര്‍ഷം ആരംഭിക്കുന്നു. മതേതരമായ മേഖലകളില്‍ സാധാരണ പിഎഫിന് പലിശ നിശ്ചയിക്കപ്പെടാറുണ്ട്. അതുപക്ഷേ, തൊഴിലാളിയുടെ വിഹിത സമ്പത്തല്ലാത്തതിനാല്‍ സ്വീകരിക്കാന്‍ പാടില്ലാത്തതുപോലെ തന്നെ സകാത്തും ബാധകമല്ല.
സ്ത്രീധനം, മഹ്ര്‍
സ്ത്രീധനമായി നല്‍കപ്പെട്ടത് യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ ധനമാണ്. അത് അവള്‍ക്കവകാശപ്പെട്ടതായതിനാലാണ് വിവാഹമോചനം നടക്കുന്നുവെങ്കില്‍ അതു തിരിച്ചുനല്‍കുന്നത്. അങ്ങനെ തിരിച്ചു നല്‍കപ്പെടുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളുടെ സകാത്ത് നല്‍കണം. ഓരോ വര്‍ഷത്തിനും നല്‍കേണ്ട വിഹിതം കഴിഞ്ഞ ശേഷമുള്ള സംഖ്യക്കാണ് അടുത്ത വര്‍ഷത്തെ സകാത്ത് ബാധകമാവുക. ഇതുപ്രകാരം മഹ്റായി ലഭിച്ചത്/ലഭിക്കേണ്ടത് സകാത്ത് നിര്‍ബന്ധമാവുന്ന അളവുണ്ടാവുകയും അതു സൂക്ഷിക്കുകയോ കടമായോ ഇരിക്കുകയാണെങ്കിലും സകാത്ത് ബാധകമാണ്. മഹ്ര്‍ ആഭരണമാണെങ്കില്‍ താഴെ വിവരിക്കുന്ന ആഭരണത്തിന്റെ സകാത്ത് വ്യവസ്ഥ പ്രകാരമാണ് നല്‍കേണ്ടത്.
കുറികള്‍
ഒരു വര്‍ഷത്തിലധികം ദൈര്‍ഘ്യമുള്ള കുറികളിലും സകാത്തു ബാധകമാവുന്ന അവസ്ഥ വരാം. ആദ്യ നറുക്കുവിഹിതം തന്നെ സകാത്തിന്റെ അളവ് സംഖ്യയുണ്ടെങ്കില്‍ ഒരു വര്‍ഷം തികയുന്നതിനു മുമ്പ് നറുക്ക് വീണവര്‍ക്ക് കുറിയിലെ നിക്ഷേപമെന്ന നിലയില്‍ ആ സംഖ്യക്ക് സകാത്ത് ബാധകമല്ല. എന്നാല്‍ നറുക്ക് വീഴാതെ ഒരു വര്‍ഷം തികയുന്നവര്‍ക്ക് ഓരോ നറുക്ക് സംഖ്യക്കും അതിന്റെ വര്‍ഷം കണക്കാക്കി സകാത്ത് നിര്‍ബന്ധമാവും. 10000 രൂപയാണ് ഒരു നറുക്ക് സംഖ്യയെങ്കില്‍ പന്ത്രണ്ട് മാസത്തിനു ശേഷം കുറി ലഭിക്കുന്നപക്ഷം ഒന്നാം നറുക്ക് സംഖ്യയുടെ രണ്ടര ശതമാനം സകാത്ത് നല്‍കണം. പിന്നീട് കുറി നീളുന്നതിനനുസരിച്ച് രണ്ട്, മൂന്ന്.. എന്നിങ്ങനെ നറുക്കുകള്‍ക്ക് വര്‍ഷം കണക്കാക്കി സകാത്ത് നല്‍കണം.
ഉദാഹരണത്തിന് റബീഉല്‍ അവ്വല്‍ 10000, റബീഉല്‍ ആഖിറില്‍ 10000 എന്നിങ്ങനെ അടച്ചാല്‍ അടുത്ത റബീഉല്‍ അവ്വലില്‍ ഒന്നാം നറുക്കിന്റെ സംഖ്യക്കും റബീഉല്‍ ആഖിറില്‍ രണ്ടാം നറുക്കിന്റെ സംഖ്യക്കും സകാത്ത് നല്‍കണം. ഈ ക്രമത്തില്‍ തുടരുമ്പോള്‍ കുറി ലഭിക്കുന്നതിന്റെ ഒരു വര്‍ഷത്തില്‍ താഴെയുള്ള നറുക്ക് സംഖ്യകള്‍ സകാത്തില്‍ നിന്നൊഴിവാകുന്നതാണ്. സകാത്തിന്റെ അളവില്ലാത്ത സംഖ്യയാണ് നറുക്കെങ്കില്‍ നിസ്വാബ് തികയുന്ന നറുക്ക് മുതലാണ് സകാത്ത് വര്‍ഷം ആരംഭിക്കുക. സാമ്പത്തിക ക്രയത്തില്‍ വളരെ ശ്രദ്ധവേണമെന്ന പൊതുവായ നിര്‍ദേശം ഇത്തരം ഘട്ടങ്ങളില്‍ കൂടുതല്‍ മനസ്സിലാക്കപ്പെടുന്നുണ്ട്.
ഓഹരി വിപണി, മൂച്വല്‍ഫണ്ട്
ഇവയില്‍ നിക്ഷേപമുള്ളവര്‍ അവരുടെ വിഹിതം സകാത്തിന്റെ സംഖ്യയുണ്ടെങ്കില്‍ വര്‍ഷം തികയുമ്പോള്‍ നിശ്ചിത വിഹിതം സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. ഓഹരി വിപണിയും മ്യൂച്വല്‍ ഫണ്ടുമായി ബന്ധപ്പെട്ടു ചില സങ്കീര്‍ണതകളുണ്ടെങ്കിലും നിക്ഷേപ സംഖ്യക്ക് കണക്ക് ഉണ്ടാകുമല്ലോ. അതിനാല്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്. കടംപോലെ പരിഗണിച്ച് സകാത്ത് നല്‍കിയാല്‍ മതിയാകും. വിപണി തകരുകയോ ഫണ്ട് പൊളിയുകയോ ചെയ്ത് നിക്ഷേപത്തുക നഷ്ടപ്പെട്ടാലും സുരക്ഷിത സംഖ്യ സകാത്തില്‍ നിന്നൊഴിവാകുകയില്ലെന്നോര്‍ക്കുക.
കച്ചവടം
കച്ചവ വസ്തുക്കള്‍ക്കാണ് സകാത്ത് നിര്‍ബന്ധമാവുന്നത്. കടയിലെ സംവിധാനങ്ങള്‍ സകാത്തില്‍ നിന്നൊഴിവാണ്. വര്‍ഷാവര്‍ഷം രണ്ടര ശതമാനം സകാത്താണ് നല്‍കേണ്ടത്. കച്ചവടോദ്ദേശ്യത്തോടെ വില നല്‍കി വാങ്ങുന്ന ചരക്കുകള്‍ക്കാണ് കച്ചവടത്തിന്റെ സകാത്ത് ബാധകമാവുക. തന്റെ കൈവശമുള്ള സ്വത്ത് കച്ചവടത്തിനായി തീരുമാനിച്ചാല്‍ അതും കച്ചവടച്ചരക്കിന്റെ പരിധിയില്‍ വരും. എന്നാല്‍ കച്ചവടത്തിന് തീരുമാനിച്ച വസ്തുക്കള്‍ മറ്റൊരാവശ്യത്തിന് മാറ്റിവെച്ചാല്‍ അവ സകാത്തില്‍ നിന്നൊഴിവാകും.
കച്ചവടം ആരംഭിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ സകാത്ത് നിര്‍ബന്ധമാവാനുള്ള സംഖ്യക്കുള്ള വസ്തുക്കള്‍ സ്റ്റോക്കുണ്ടെങ്കിലാണ് സകാത്ത് നല്‍കേണ്ടത്. ബിസിനസ് വിഷയത്തില്‍ നിന്നും മാറ്റിവെച്ച സംഖ്യക്ക് പണത്തിന്റെ സകാത്താണ് ബാധകമാവുക. അപ്പോള്‍ രണ്ടിനും വെവ്വേറെ വര്‍ഷങ്ങളാണ് കണക്കാക്കേണ്ടത്. കച്ചവട വസ്തുക്കള്‍ ചെറുതും വലുതും സ്ഥാവരവും ജംഗമവുമെല്ലാം കച്ചവടത്തിന് എന്നു തീരുമാനിക്കുന്നതോടെ വസ്തു എന്ന പരിഗണന നഷ്ടപ്പെട്ടു. അവ കച്ചവടച്ചരക്കിന്റെ പരിധിയില്‍ വരും. ആ നിലക്ക് സകാത്ത് ബാധകമാവുകയും ചെയ്യും.
കച്ചവടത്തിനായി നീക്കിവെച്ചതില്‍ സകാത്തുണ്ടെന്നതാണ് പൊതുവായ നിയമം. അടിസ്ഥാനപരമായി സകാത്ത് ബാധകമാവാത്ത ഭൂമി, വീട്, വാഹനങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഗ്രന്ഥങ്ങള്‍, തേങ്ങ, അടക്ക തുടങ്ങിയ വ്യത്യസ്ത തരം വസ്തുക്കള്‍, ജീവികള്‍ എന്നിവയൊക്കെ കച്ചവടത്തിന് എന്നു തീരുമാനിച്ചാല്‍ സകാത്തിന്റെ പരിധിയില്‍ വരും.
സമുറ(റ) പറയുന്നു: വില്‍പനക്കുവേണ്ടി തയ്യാറാക്കപ്പെട്ടതില്‍ നിന്നെല്ലാം സകാത്ത് നല്‍കാന്‍ നബി(സ്വ) ഞങ്ങളോട് കല്‍പിക്കാറുണ്ടായിരുന്നു (അബൂദാവൂദ്). ചില ജീവികളെ കുറിച്ച് സകാത്തില്ലെന്നു പറഞ്ഞത് കച്ചവടത്തിനു വേണ്ടിയുള്ളതല്ലെങ്കിലാണ് (മുഗ്നി). നബി(സ്വ) പറഞ്ഞത് അവയെ നേരിട്ട് സകാത്ത് ബാധിക്കില്ലെന്നാണ്. കച്ചവടത്തിനുള്ള വസ്തുക്കളെന്ന നിലയില്‍ സകാത്ത് ബാധകവുമാണ് (അല്‍ഹാവില്‍ കബീര്‍).
കച്ചവടച്ചരക്കിന്റെ സകാത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വരുമാന മാര്‍ഗങ്ങളിലും നിക്ഷേപങ്ങളിലും വ്യത്യസ്ത ഘട്ടങ്ങളില്‍ സകാത്ത് നല്‍കേണ്ട സ്ഥിതിയും വരുന്നു. അതിന്റെ കാരണം എല്ലാ സമയത്തും വില നിശ്ചയിക്കാന്‍ പ്രയാസമാണ് എന്നതാണ് (മുഗ്നി). വസ്തുക്കളുടെ വില്‍പന വില കണക്കാക്കി രണ്ടര ശതമാനം സകാത്ത് നല്‍കണം.
ആഭരണം
ആഭരണങ്ങള്‍ അലങ്കാരത്തിനും, അതിന്റെ വര്‍ധിത മൂല്യം പരിഗണിച്ച് സൂക്ഷിപ്പ് സ്വത്തായും ഉപയോഗിക്കുന്നു. അനുവദനീയ അലങ്കാരത്തിന് സ്ത്രീകള്‍ക്ക് ആഭരണങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ആപേക്ഷികമായി ഒരു സ്ത്രീക്ക് അനുവദിക്കപ്പെട്ട പരിധിയിലൊതുങ്ങിയ സ്വര്‍ണം വെള്ളി ആഭരണങ്ങള്‍ക്ക് സകാത്തില്ല. എന്നാല്‍ അമിതമായ ആഭരണത്തിനും സൂക്ഷിപ്പിനായുള്ള ആഭരണത്തിനും ഹറാമായ വിഷയത്തില്‍ ഉപയോഗിക്കുന്ന സ്വര്‍ണം, വെള്ളികള്‍ക്കും രണ്ടര ശതമാനം സകാത്ത് ബാധകമാണ്. ശുദ്ധസ്വര്‍ണം മുകളില്‍ പറഞ്ഞ തൂക്കമുണ്ടെങ്കില്‍ സകാത്ത് നല്‍കണം. ആഭരണം എന്ന നിലയില്‍ അനുവദനീയമായ പരിധിയിലൊതുങ്ങി സൗന്ദര്യത്തിനുപയോഗിക്കുമ്പോള്‍ അതൊരു ഉപയോഗ വസ്തുവാണ്. ആ നിലയിലാണ് അതിന് സകാത്തില്ലാതാവുന്നത്.
ആഭാസകരമായ അമിതത്വത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. അതിനാല്‍ അത് ഒരു സൂക്ഷിപ്പ് ധനം പോലെത്തന്നെയാണ്. ഹറാമായ വിഷയങ്ങള്‍ അലങ്കാര പരിധിയില്‍ വരാത്തതിനാല്‍ അത് അവിശുദ്ധ വഴിയില്‍ ഉപയോഗിക്കുന്ന സമ്പത്താണ്. പുരുഷന്മാര്‍ സ്വര്‍ണം ഉപയോഗിക്കുന്നത് ഹറാമാണെന്നതിനാല്‍ അത് കുറ്റകരവും അളവുണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധവുമാണ്.
ഫിത്വര്‍ സകാത്ത്
നല്‍കുന്നത് ധാന്യങ്ങളും ഭക്ഷ്യ വസ്തുക്കളുമാണെങ്കിലും ശരീരത്തിന്റെ സകാത്താണിത്. ശവ്വാല്‍ പിറവിയുടെ സമയത്ത് ജീവിച്ചിരിപ്പുള്ളവരുടെ പേരിലെല്ലാം ഇത് നിര്‍ബന്ധമാണ്. മുഖ്യാഹാരത്തില്‍ നിന്ന് ഒരു സ്വാഅ് (320 മി.ലിറ്റര്‍) ഒരാളുടെ സകാത്തായി നല്‍കണം. പെരുന്നാള്‍ നിസ്കാരത്തിന് മുന്പാണിത് വിതരണം ചെയ്യേണ്ടത്. വൈകിയാല്‍ കൊടുത്തുവീട്ടലും നിര്‍ബന്ധമാണ്, പെരുന്നാള്‍ ദിവസത്തെ തൊട്ടു പിന്തിക്കല്‍ ഹറാമും.
പെരുന്നാള്‍ ദിനത്തിലെ ആവശ്യങ്ങളും അത്യാവശ്യ ജീവിത സൗകര്യങ്ങളും കഴിഞ്ഞ് പണമോ മറ്റു സമ്പത്തോ മിച്ചമുള്ളവര്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. വലിയ സംഖ്യ പണമായി സൂക്ഷിപ്പുള്ളവര്‍ക്കോ സമ്പന്നര്‍ക്കോ മാത്രം നിര്‍ബന്ധമാവുന്നതല്ല ഇത്. അന്നേ ദിവസം നിശ്ചിത അളവ് ധാന്യം നല്‍കാനാവുന്നവര്‍ക്കൊക്കെ ബാധ്യതയുള്ളതാണിത്. ഇന്നത്തെ അവസ്ഥയില്‍ ഫിത്വര്‍ സകാത്തിന്റെ ബാധ്യതയില്‍ നിന്നൊഴിവാകുന്നവര്‍ കുറവാണ്. ഫിത്വര്‍ നോമ്പിന്റെ പരിപൂര്‍ത്തി കൂടിയാണെന്നതിനാല്‍ അതു കൊടുത്തുവീട്ടാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സമയത്തുതന്നെ നല്‍കുക
സകാത്ത് നിര്‍ബന്ധമാവുന്നതോടെ നിശ്ചിത വിഹിതത്തില്‍ അവകാശികള്‍ മാറുകയാണ്. അതുടനെ അവരിലേക്കെത്തിക്കാന്‍ ഉടമക്ക് ബാധ്യതയുണ്ട്. വൈകിക്കുന്നത് അനുവദനീയമല്ല. വിതരണവും അവകാശികളുമായും ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി അനിവാര്യമാവുന്ന സമയദൈര്‍ഘ്യം പ്രശ്നമല്ല.
റമളാന്‍ എല്ലാ പുണ്യങ്ങള്‍ക്കും വളരെയേറെ നല്ല കാലമാണ്. പക്ഷേ, അതു സകാത്തിന്റെ സീസണാണെന്ന ധാരണ ശരിയല്ല. റമളാനിന്റെ പുണ്യം നേടാന്‍ സ്വദഖ വേറെ ചെയ്യാവുന്നതാണ്. സകാത്ത് റമളാന്‍ വരെ പിന്തിരിക്കുകയല്ല വേണ്ടത്. സമയമായാല്‍ അതര്‍ഹരിലേക്കെത്തിക്കണം. റമളാന്‍ വരെ വച്ചുതാമസിപ്പിക്കുന്നത് പലപ്പോഴും ദോഷകരമായി മാറും.
സകാത്തിന്റെ വിഷയത്തില്‍ സ്വാര്‍ത്ഥതയും പക്ഷപാതവും ദുര്‍ബല ചിന്തകളും വെടിയണം. സകാത്ത് അവകാശികള്‍ക്ക് നേരിട്ടുതന്നെ നല്‍കുന്നതാണ് ഉത്തമം. സാധ്യമല്ലെങ്കില്‍ വിശ്വസ്തനായ ഒരാളെ പകരം ചുമതലപ്പെടുത്തുക. സകാത്തിന്റെ പേരു പറഞ്ഞുവരുന്ന കമ്മിറ്റികളെ ഏല്‍പിക്കാതിരിക്കുക. പാവങ്ങള്‍ക്കു നല്‍കേണ്ട സകാത്ത് ധനം കൊണ്ട് സ്വന്തം സംഘടനാ ചെലവുകള്‍ നടത്തിയതും മുഴുവനായി കൊടുത്തു തീര്‍ക്കാതെ കമ്മിറ്റികള്‍ കൈവശം വച്ചതും പലയിടത്തും വിവാദമായതാണ്. കമ്മിറ്റികളെ ഏല്‍പിച്ചത് കൊണ്ട് സ്വന്തം ബാധ്യത വീടിയെന്ന് സമാധാനിക്കാനുമാവില്ല.
സകാത്ത് എന്ന പേരില്‍ കുറേയേറെ സംഖ്യകള്‍ ദാനം ചെയ്താലും വിധിവിലക്കുകള്‍ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ അത് ഒരു കേവലദാനം മാത്രമായി മാറും. അതാണ് നബി(സ്വ) സകാത്ത് കടമായിത്തന്നെ അവശേഷിക്കുന്ന കാലം വരുമെന്ന് പറഞ്ഞത്. അതുകൊണ്ടുതന്നെ താനുമായി ബന്ധപ്പെട്ട മേഖലയില്‍ സകാത്ത് കടന്നുവരുന്നുവോ എന്നാലോചിച്ച് നിയമവിധേയമായി കൊടുത്തുവീട്ടാന്‍ ഉത്സാഹിക്കുക.
അലവിക്കുട്ടി ഫൈസി എടക്കര
1 comment
അസ്സലാമു അലൈക്കും,
ബഹുമാനപ്പെട്ട ഉസ്താദിനോട് ഒരു ചെറിയ സംശയം ചോദിക്കട്ടെ. എനിക്ക് മാസം തോറും കിട്ടുന്ന ശമ്പളം (ഉദാ: 7,500രൂപ) ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചാൽ ഒരു വർഷവും രണ്ട് മാസവും തികയുമ്പോൾ സകാത് നൽകണം എന്നു മനസ്സിലായി, പക്ഷെ രണ്ടാമത്തെ വർഷം സകാതു നൽകാൻ നേരം തുക കണ്ടെത്തുന്നതിലാണു സംശയം.
രണ്ടാമത്തെ മാസത്തെ ശമ്പളം കിട്ടിയപ്പോൾ അക്കൗണ്ടിൽ ഉള്ളത്: 15,000/-
ഒരു വർഷവും രണ്ടു മാസവും തികഞ്ഞപ്പോൾ (12+2=14 മാസം): 1,05,000/-
അപ്പോഴത്തെ സകാത് തുക (15000 X 2.5% = 375/-) കഴിച്ച് ബാക്കി :1,04,625/-
എങ്കിൽ ശമ്പളം കിട്ടി മൂന്നാമത്തെ മാസം മുതൽ അക്കൗണ്ടിൽ അധികമായി വന്ന തുകയുടെ സകാത് എങ്ങനെ കണക്കാക്കും?
അതല്ല മുകളിൽ പറഞ്ഞ ഉദാഹരണത്തിലെ 1,04,625/- രൂപയുടെ 2.5% ആണോ സകാതായി നൽകേണ്ടത്?