ZAKATH-MALAYALAM

സ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തേതായ സകാത്ത്, അതേ പദമുപയോഗിച്ച് തന്നെ ഖുര്‍ആനില്‍ 30 സൂക്തങ്ങളില്‍ വന്നിട്ടുണ്ട്. സ്വദഖ എന്നും അതിന്റെ ബഹുവചനമായ സ്വദഖാത്ത് എന്നും 12 സൂക്തങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. നിസ്‌കാരത്തോട് ചേര്‍ത്തി ഒരേ ആയത്തില്‍ തന്നെ സകാത്ത് 26 സ്ഥലങ്ങളില്‍ പരാമര്‍ശിച്ചതു കാണാം. തൊട്ടടുത്ത സൂക്തങ്ങളിലായി നിസ്‌കാരവും സകാത്തും പരാമര്‍ശിക്കപ്പെട്ട ഒരു ഭാഗം സൂറത്തുല്‍ മുഅ്മിനീനിലുണ്ട്. ഇതില്‍ നിസ്‌കാരത്തിന്റെയും സകാത്തിന്റെയും പരാമര്‍ശമുള്ള ആയത്തുകള്‍ക്കിടയില്‍ മറ്റൊരു ആയത്ത് കാണാം. മൂന്ന് സൂക്തങ്ങളില്‍ സകാത്ത് എന്ന പദം സ്വന്തമായും വന്നു.

നിസ്‌കാരവും സകാത്തും തമ്മിലുള്ള ബന്ധവും അവയുടെ പ്രാധാന്യവും ബോധ്യപ്പെടുത്തിത്തന്നതാണിത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ സമയവും സമ്പത്തും നാഥന്റെ പ്രീതിയിലായി അല്‍പം ചെലവഴിക്കുന്ന അനുഷ്ഠാനമാണ് സകാത്ത്. നിസ്‌കാരം നിര്‍വഹിക്കാന്‍ സമയവും സകാത്ത് നിര്‍വഹിക്കാന്‍ സമ്പത്തും വിനിയോഗിക്കണം. രണ്ടിന്റെയും നിര്‍വഹണം എങ്ങനെ വേണമെന്ന് കൃത്യമായ പാഠങ്ങളുണ്ട്. നിസ്‌കാരം എന്നാല്‍ നിശ്ചിത കര്‍മങ്ങളുടെ സംഗമമമാണല്ലോ. എന്നാല്‍ അതിന്റെ കൂടെ ഇഖാമത്ത് എന്ന പദമുപയോഗിച്ചത് നിര്‍വഹണരീതിക്കുള്ള പ്രാധാന്യം അറിയിക്കുന്നു. സകാത്ത് നിര്‍ബന്ധ ദാനമാണ്. ദാനമെന്നാല്‍ തന്നെ നല്‍കലായിട്ടും ഈതാഅ് എന്ന് ചേര്‍ത്താണ് കൂടുതല്‍ സ്ഥലങ്ങളിലും വന്നിട്ടുള്ളത്. ഹദീസിലും ഇങ്ങനെ പ്രയോഗിച്ചിരിക്കുന്നു. ദാനം ചെയ്യല്‍ നിര്‍ബന്ധമായത് മുറപോലെ നിര്‍വഹിക്കുക എന്നാണിതിന്റെ പാഠം.

പൂര്‍വ സമുദായങ്ങളിലും

പൂര്‍വകാല സമൂഹങ്ങള്‍ക്കും സകാത്തുണ്ടായിരുന്നുവെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ‘വണക്കം അല്ലാഹുവിനു മാത്രമാക്കിയവരും നേരായ വഴിയില്‍ ജീവിക്കുന്നവരുമായി അല്ലാഹുവിനു ഇബാദത്ത് ചെയ്യാനും നിസ്‌കാരം നിലനിര്‍ത്താനും സകാത്ത് കൊടുത്തുവീട്ടാനും അല്ലാതെ വേദക്കാരോട് കല്‍പിക്കപ്പെട്ടിരുന്നില്ല. അതാണ് നേരായ ദീന്‍’ (അല്‍ബയ്യിന: 5).

അല്ലാഹുവിനല്ലാതെ നിങ്ങള്‍ വഴിപ്പെടരുതെന്നും മാതാപിതാക്കള്‍ക്കും കുടുംബക്കാര്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നിങ്ങള്‍ ഗുണം ചെയ്യണമെന്നും ജനങ്ങളോട് നല്ലത് പറയുകയെന്നും നിസ്‌കാരം നിലനിര്‍ത്തുകയെന്നും സകാത്ത് നിങ്ങള്‍ കൊടുത്തുവീട്ടുകയെന്നും ബനൂഇസ്‌റാഈല്യരോട് നാം കരാര്‍ ചെയ്ത സന്ദര്‍ഭം സ്മരണീയമാണ്. പിന്നീട് നിങ്ങളില്‍ നിന്ന് കുറച്ചു പേരല്ലാത്തവര്‍ കരാറിനോട് പുറംതിരിഞ്ഞു. അങ്ങനെ നിങ്ങളും തിരിഞ്ഞുകളയുന്നവരായി (അല്‍ബഖറ: 83). പ്രവാചകന്മാരോട് സകാത്തിന് നിര്‍ദേശിച്ചത് വിവരിക്കുന്ന വേറെയും ആയത്തുകളുണ്ട്. ലൂത്വ്, യഅ്ഖൂബ്, ഇബ്‌റാഹീം തുടങ്ങിയ നബിമാരെ പരാമര്‍ശിച്ച ശേഷം ഖുര്‍ആന്‍ പറയുന്നു: അവരെ നാം നമ്മുടെ നിര്‍ദേശപ്രകാരം ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്ന നേതാക്കളാക്കി. നന്മകള്‍ ചെയ്യാനും നിസ്‌കാരം നിലനിര്‍ത്താനും സകാത്ത് കൊടുത്തുവീട്ടാനും നാം അവര്‍ക്ക് വഹ്‌യ് നല്‍കി. അങ്ങനെ അവര്‍ നമുക്ക് ഇബാദത്തെടുക്കുന്നവരായി (അല്‍അമ്പിയാഅ്: 73).

ഈ നിര്‍ദേശങ്ങളിലും നിസ്‌കാരവും സകാത്തും ഒരുമിച്ചാണ് വിവരിച്ചിട്ടുള്ളത്. സകാത്ത് നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഖാറൂന്‍ നേരിട്ട ആപത്തിനെക്കുറിച്ച് ഖുര്‍ആന്‍ വിവരിച്ചതാണല്ലോ.

സകാത്തിന്റെ നേട്ടം

സകാത്തിന്റെ നേട്ടങ്ങള്‍ പലതും ഖുര്‍ആനില്‍ നിന്നുതന്നെ ഗ്രഹിക്കാനാവും. സകാത്തടക്കമുള്ള സ്വദഖയെ വിശുദ്ധ വേദം വിശേഷിപ്പിച്ചത് ഇങ്ങനെ: അവരുടെ സമ്പത്തില്‍ അവരെ ശുദ്ധീകരിക്കുകയും ഉയര്‍ത്തുകയും ചെയ്യുന്ന ദാനത്തെ അങ്ങ് സ്വീകരിക്കുക (അത്തൗബ: 103). സകാത്ത് നല്‍കുന്നവന്റെ പാപങ്ങള്‍ പൊറുക്കുകയും ആത്മീയമായി സംസ്‌കരിച്ച് ഉന്നതാനാക്കുകയും ചെയ്യും. മറ്റൊരു ഗുണം ഖുര്‍ആന്‍ വ്യക്തമാക്കി: മനുഷ്യന്റെ പ്രകൃതമാണ് തനിക്കു ലഭിച്ചത് പരമാവധി സ്വന്തം വരുതിയില്‍ സംരക്ഷിക്കാനുള്ള ത്വര. അതിന്റെ അസംസ്‌കൃതമായ ആധിപത്യമാണ് യഥാര്‍ത്ഥത്തില്‍ പിശുക്ക്. നിര്‍ബന്ധമായ ദാനനിര്‍ദേശമായ സകാത്ത് നിര്‍വഹിക്കുകയല്ലാതെ പോംവഴിയില്ലാതാവുന്നതോടെ ഈ അടിസ്ഥാന പ്രകൃതത്തെ മറികടക്കാന്‍ സകാത്ത് ദാതാവിന് സാധിക്കുന്നു. സൂറത്തുല്‍ ഹശ്‌റ് ഒമ്പതാം സൂക്തത്തില്‍ നിന്ന് പിശുക്കില്‍ നിന്നുള്ള മോചനം ദാനത്തിന്റെ ഗുണമായി മനസ്സിലാക്കാനാവും.

സത്യവിശ്വാസി തന്റെ സമ്പത്തില്‍ അപരനുള്ള അവകാശമായി ഒരു വിഹിതം നിശ്ചയിച്ചിട്ടുണ്ട് എന്ന ഇലാഹീ ബോധനം സ്വീകരിച്ചവനായിത്തീരുന്നു. അല്ലാഹുവിന്റെ ദാസന്‍ എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കുന്നതിന് അനിവാര്യമായൊരു ഉപാധി അനുഷ്ഠിക്കുകയാണതിലൂടെ. വിശ്വാസത്തിന് നല്‍കുന്ന മൂല്യത്തോട് ചേര്‍ത്തി വായിക്കുമ്പോഴാണ് ഇതിന്റെ പ്രാധാന്യം കൂടുതല്‍ ബോധ്യമാകുന്നത്.

ദാനം ഒരു നഷ്ടമോ ശോഷണമോ അല്ല. ഉറപ്പുള്ള ലാഭം വാഗ്ദാനം ചെയ്യപ്പെട്ട കാര്യമാണത്. അത് നേടിയെടുക്കാനാവുന്ന വിധം സകാത്തിന്റെ നിര്‍വഹണം നടക്കണമെന്നു മാത്രം. ‘നിങ്ങള്‍ ചെലവ് ചെയ്യുന്ന എന്തും അല്ലാഹു അതിന് പകരം നല്‍കും. അവന്‍ നല്‍കുന്നവരില്‍ ഉത്തമനാണ് (സബഅ്: 39). സമൃദ്ധിയും ഐശ്വവും വന്നുചേര്‍ന്ന് തന്റെ ദാനക്രിയ നേട്ടമുണ്ടാക്കിത്തരുന്ന സാമ്പത്തിക പ്രവര്‍ത്തനമായിത്തീരും.

സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങള്‍ സകാത്ത് സമ്പ്രദായത്തിനുണ്ട്. വളരെയേറെ പഠനങ്ങള്‍ നടന്ന കാര്യമാണിത്. സകാത്ത് കേവലമായ ഒരു ദാനം എന്ന നിലയിലല്ല സാമ്പത്തിക മേഖലയില്‍ പ്രതിഫലിക്കുന്നത്. സാമ്പത്തിക പ്രവര്‍ത്തനം എന്ന നിലയിലാണ്. ദാതാവിനേക്കാള്‍ കൂടുതല്‍ ആവശ്യക്കാരനായിരിക്കാം സാധാരണ ഗതിയില്‍ സ്വീകര്‍ത്താവ്. അതിനാല്‍ തന്നെ സൂക്ഷിച്ചുവെക്കാതെ അതു വിനിയോഗിക്കപ്പെടും. അതുവഴി സാമ്പത്തിക പ്രവര്‍ത്തനം എന്ന തലത്തിലേക്ക് സകാത്ത് വിതരണ സമ്പ്രദായം എത്തിച്ചേരുന്നു. അങ്ങനെ ആത്മീയതക്കും സാമൂഹികതക്കുമപ്പുറമൊരു മാനം സകാത്തിനുണ്ടെന്ന് പറയാനാവും.

ഹദീസുകളില്‍ നിന്ന് സകാത്തിന്റെ ഗുണങ്ങളും നേട്ടങ്ങളും ഏറെ മനസ്സിലാക്കാന്‍ സാധിക്കും. അന്ത്യനാളില്‍ അനുഭവിക്കേണ്ടി വരുന്ന അസഹ്യമായ ചൂടില്‍ നിന്ന് മോചനം നല്‍കാന്‍ ദാനം ഉപകരിക്കും. തിരുനബി(സ്വ) പറഞ്ഞു: ഏതൊരു മനുഷ്യനും അന്ത്യനാളില്‍ അവന്‍ നല്‍കിയ ദാനത്തിന്റെ തണലിലായിരിക്കും. അല്ലാഹുവിന്റെ അന്തിമവിധി വരെ അങ്ങനെ തുടരും (അഹ്മദ്).

ദാനം മൂലം സമ്പത്തില്‍ ബറകത്തുണ്ടാവുകയും സാമ്പത്തിക വളര്‍ച്ച തന്നെ സാധ്യമാവുകയും ചെയ്യും. ഖുര്‍ആന്‍ പറയുന്നു: പലിശയെ അല്ലാഹു നശിപ്പിക്കുകയും ദാനങ്ങളെ അവന്‍ പോഷിപ്പിക്കുകയും ചെയ്യുന്നു (അല്‍ബഖറ: 276). ഹലാലായ സമ്പാദ്യത്തില്‍ നിന്ന് ഒരു കാരക്കയെങ്കിലും ദാനം ചെയ്താല്‍ അല്ലാഹു അതു സ്വീകരിക്കുകയും ദാതാവിന് വേണ്ടി അതിനെ വളര്‍ത്തുകയും ചെയ്യും. മുല കുടിക്കുന്ന കുട്ടിയെ വളര്‍ത്തുന്നതു പ്രകാരം (ബുഖാരി).

ചുരുക്കത്തില്‍, സകാത്തും ഐച്ഛികദാനവുമെല്ലാം സാമ്പത്തിക കൈമാറ്റമാണ്. പക്ഷേ, അതിന്റെ ഫലമാകട്ടെ പ്രത്യക്ഷത്തിലുള്ള കുറവിനെ നിഷ്പ്രഭമാക്കും വിധം വലിയ പ്രതിഫലവും പ്രതിഗുണവും പ്രതിധനവും നേടിത്തരുന്ന അതിമഹത്തായ സുകൃതമത്രെ. ദാനം ചിലപ്പോള്‍ അപരന്‍ അറിഞ്ഞേക്കാം. എങ്കിലും, അറിയിക്കുക എന്നത് ലക്ഷ്യമായിത്തീരാതെ ശ്രദ്ധിക്കണം.

സകാത്ത് നല്‍കാതിരുന്നാല്‍

മക്കയില്‍ വെച്ചു തന്നെ നിര്‍ബന്ധമായ ദാനത്തെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും പ്രോത്സാഹനങ്ങളും മുന്നറിയിപ്പുകളും അവതരിച്ചിട്ടുണ്ട്. പ്രായോഗിക രൂപങ്ങളടക്കമുള്ള വിശദമായ വിവരണങ്ങളോടെ സകാത്ത് നിര്‍ബന്ധമാക്കപ്പെട്ടത് ഹിജ്‌റ രണ്ടാം വര്‍ഷത്തില്‍ മദീനയില്‍ വെച്ചാണ്. വിശുദ്ധ ഖുര്‍ആനിനു പുറമെ ധാരാളം ഹദീസുകളിലൂടെ വ്യക്തമാക്കപ്പെട്ട സകാത്ത് ഇസ്‌ലാമിന്റെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണെന്നതിനാല്‍ അതിന്റെ നിര്‍ബന്ധം നിഷേധിച്ചവന്‍ ഇസ്‌ലാമില്‍ നിന്നു ഭ്രഷ്ടനാവുന്നതും അനുബന്ധ ശിക്ഷ-ശിക്ഷണങ്ങള്‍ ബാധകമാകുന്നവനായിത്തീരുകയും ചെയ്യും. എന്നാല്‍ സകാത്ത് നല്‍കാതിരിക്കുന്നതു കൊണ്ടു മാത്രം അവിശ്വാസിയാവുകയില്ല. മറിച്ച് അതിന് വലിയ ശിക്ഷ പ്രവാചകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

മറ്റു അനുഷ്ഠാനങ്ങള്‍ പോലെയല്ല സകാത്ത്. അത് അപരന് കൊടുക്കുന്നതായതിനാല്‍ സ്വീകര്‍ത്താവ് അര്‍ഹനായ അവകാശിയാകണം. അല്ലെങ്കില്‍ അപരനര്‍ഹതപ്പെട്ടത് അനര്‍ഹര്‍ തന്റേതായി ഉപയോഗിക്കുക എന്ന അപരാധവും ഉണ്ടായിത്തീരുന്നു. സകാത്ത് നല്‍കാതിരുന്നാല്‍ വലിയ ശിക്ഷ നേരിടേണ്ടി വരുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്. ഹദീസുകളില്‍ വളരെ വിശദമായിത്തന്നെ മുന്നറിയിപ്പുകള്‍ വന്നിട്ടുണ്ട്.

അല്ലാഹു, അവന്റെ ഔദാര്യമായി നല്‍കിയ സമ്പത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണമായിരിക്കുമെന്ന് ഒട്ടും ധരിക്കേണ്ടതില്ല. എന്നാല്‍ അതവര്‍ക്ക് വിനയായിരിക്കും. അന്ത്യനാളില്‍ അവര്‍ പിശുക്ക് കാണിച്ച സമ്പത്തുകൊണ്ട് അവരുടെ കഴുത്തില്‍ വളയമണിയിക്കപ്പെടും. ആകാശ ഭൂമികളുടെയെല്ലാം യഥാര്‍ത്ഥ അവകാശം അല്ലാഹുവിനാണ്. നിങ്ങള്‍ ചെയ്യുന്നതെല്ലാം അവന്‍ നന്നായി അറിയുന്നവനുമാണ് (ആലുഇംറാന്‍: 180).

സ്വര്‍ണവും വെള്ളിയും ശേഖരിക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനയേറിയ ശിക്ഷയെ കുറിച്ച് സുവാര്‍ത്തയറിയിക്കുക. അതിന്മേല്‍ നരകത്തീയിട്ട് ചുട്ടുപഴുപ്പിക്കുകയും എന്നിട്ടത് കൊണ്ട് അവരുടെ നെറ്റിത്തടങ്ങളും ശരീരത്തിന്റെ പാര്‍ശ്വങ്ങളും പുറം ഭാഗങ്ങളും ചൂടാക്കപ്പെടുകയും ചെയ്യുന്ന ദിവസത്തില്‍. ഇത് നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി സൂക്ഷിച്ചുവെച്ചതാണ്, നിങ്ങള്‍ സൂക്ഷിച്ചുവെച്ചത് നിങ്ങള്‍ തന്നെ ആസ്വദിക്കുക എന്ന് അവരോട് പറയപ്പെടും (തൗബ: 34,35).

അല്ലാഹു അവന്റെ ഔദാര്യത്തില്‍ നിന്ന് നല്‍കിയ സ്വത്തിന്റെ ചെറിയൊരു വിഹിതം നമുക്കുള്ളതല്ല. അത് ആര്‍ക്കുള്ളതാണെന്ന് അവന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവകാശികള്‍ക്ക് നല്‍കാനായി നമ്മെ ഏല്‍പിച്ചതും നമുക്കുള്ളതും തമ്മില്‍ വലിയ അന്തരമുണ്ട്. സമ്പത്തിന്റെ ഇനമനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും നാണയത്തിലും നിക്ഷേപത്തിലും അത് രണ്ടര ശതമാനം മാത്രമാണ്. അഥവാ നാല്‍പതിലൊന്ന്. ഈ അംശം അപരര്‍ക്കു നല്‍കാനായി നമ്മെ ഏല്‍പിച്ച അമാനത്താ(സൂക്ഷിപ്പു ധനം)ണ്. അത് ഓരോ വര്‍ഷാന്ത്യത്തിലും സകാത്ത് ദാതാവ് അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കണം. അതുവരെ നാം തന്നെ അതുപയോഗിക്കുന്നു, നിക്ഷേപം നടത്തുന്നു, ഉല്‍പാദനം നടത്തുന്നു. ഇത്തരം സ്വതന്ത്രമായ ക്രയാവകാശം നമുക്ക് തന്നു. എന്നാല്‍ സമയമാകുമ്പോള്‍ അവര്‍ക്ക് നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതാണ് സകാത്തിന്റെ അന്തഃസത്ത.

ദരിദ്രനോ അഗതിയോ മറ്റോ ആയ അവകാശിയുടെ ധനം കൈവശം വെക്കുന്നതും അതവര്‍ക്കു നല്‍കാതിരിക്കുന്നതും എത്രമാത്രം നിന്ദ്യമാണ്. കൊടുക്കേണ്ടത് കൊടുത്തു മാന്യനാവാന്‍ സാധിക്കാത്തവന്‍ അതിന്റെ പ്രത്യാഘാതം ഏറ്റെടുക്കേണ്ടി വരും. ഇതാണ് ഖുര്‍ആന്‍ സൂചിപ്പിച്ചത്. അപരന്റേത് പിശുക്കി സൂക്ഷിച്ച് വെച്ച് ഐഹിക ലോകത്ത് നേടിയത് മനഃസംതൃപ്തിയായാലും മനഃസംഘര്‍ഷമായാലും പാരത്രിക ലോകത്ത് മാറിപ്പോകാത്ത വിനയും വേദനയും ശിക്ഷയുമായിരിക്കും വഹിക്കേണ്ടി വരിക. നരകത്തിന്റെ പ്രകൃതത്തോട് സാമ്യപ്പെടുക മാത്രമല്ല നരകത്തീയില്‍ നിന്ന് കൂടുതല്‍ ചൂട് സംഭരിച്ച് ഒരു അധിക ശിക്ഷയെന്നോണമാണത്.

സകാത്ത് നല്‍കാന്‍ കൂട്ടാക്കാതിരുന്നവര്‍ക്ക് പരലോകത്ത് ലഭിക്കുന്ന ശിക്ഷകളെ കുറിച്ച് വിശദമായി ഹദീസുകളിലുണ്ട്. നാണയങ്ങള്‍ ചുട്ടുപഴുപ്പിക്കപ്പെട്ട ശേഷം അവരുടെ കഴുത്തില്‍ ചുറ്റും. നാണയങ്ങളുടെ സകാത്ത് നല്‍കാത്തവന്റെ ശിക്ഷയെ പറ്റി നബി(സ്വ) വിവരിച്ചപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: ഒട്ടകത്തിന്റേത് നല്‍കിയില്ലെങ്കിലോ? ഒട്ടകത്തിന്റെ ഉടമ അതിന്റെ സകാത്ത് നല്‍കിയില്ലെങ്കില്‍ നിരപ്പായ ഒരു പ്രതലത്തില്‍ അവനെ കിടത്തുകയും ശേഷം സമ്പൂര്‍ണ ശക്തിയോടെ അവയുടെ കാല്‍പാദങ്ങള്‍ കൊണ്ട് ചവിട്ടുകയും അവയെ കൊണ്ട് കടിപ്പിക്കുകയും ചെയ്യും. ഒരു മൃഗം അങ്ങനെ ചെയ്താല്‍ അടുത്തത് എത്തി ശിക്ഷ ഏറ്റെടുക്കും. സ്വര്‍ഗമോ നരകമോ അവനു വിധിക്കപ്പെടുന്നതു വരെ ഇതു തുടരും. സ്വഹാബികള്‍ വീണ്ടും ചോദിച്ചു: ആടും മാടും ഉള്ളവര്‍ അവയുടെ സകാത്ത് നല്‍കിയില്ലെങ്കിലോ? നിരപ്പായ പ്രതലത്തില്‍ അവനെ കിടത്തി യാതൊരു വൈകല്യവുമില്ലാത്ത നല്ല കരുത്തും കൊമ്പുമുള്ള ആടുകളും മാടുകളും സ്വന്തം ഉടമസ്ഥനെ കൊമ്പ്‌കൊണ്ട് കുത്തുകയും കുളമ്പ്‌കൊണ്ട് ചവിട്ടിമെതിക്കുകയും ചെയ്യും. ഒന്നിനു പിറകെ മറ്റൊന്നെന്ന വിധം അതാവര്‍ത്തിച്ചു കൊണ്ടിരിക്കും. അന്തിമവിധി തീര്‍പ്പു വരെ ഇത് തുടരും. ഇവയ്‌ക്കെല്ലാം ഭൗതിക ലോകത്തുണ്ടായിരുന്നതിനേക്കാള്‍ കരുത്തുണ്ടായിരിക്കും അപ്പോള്‍. ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലി(റ)മും ഉദ്ധരിച്ചതിന്റെ സംക്ഷിപ്തമാണിതെല്ലാം.

അവകാശികള്‍

സകാത്തിന്റെ അവകാശികളെ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സകാത്ത് നിര്‍വഹണത്തില്‍ പ്രധാനമായും പരിഗണിക്കേണ്ട കാര്യമാണ് അവകാശികള്‍ക്കെത്തിക്കുകയെന്നത്. ആര്‍ക്കെങ്കിലും നല്‍കിയാല്‍ ബാധ്യത വീടില്ല. അവകാശികള്‍ക്കു നിര്‍ദിഷ്ട രീതിയില്‍ നല്‍കിയിരിക്കണം. ഇല്ലെങ്കില്‍ അത് കേവലമായൊരു ദാനമായിത്തീരും. നിര്‍ബന്ധമായ സകാത്തായി പരിഗണിക്കുകയോ ബാധ്യതയില്‍ നിന്നൊഴിവാകുകയോ ഇല്ല. സകാത്ത് എന്ന ബാധ്യത നിര്‍വഹിച്ചവനാകണമെങ്കില്‍ ഖുര്‍ആന്‍ നിര്‍ണയിച്ച അവകാശികള്‍ക്കു തന്നെ നല്‍കണം. വക മാറ്റി ചെലവഴിക്കുന്നതിനെ കുറിച്ചു നബി(സ്വ) മുന്നറിയിപ്പു നല്‍കിയതാണ്. സകാത്ത് വിതരണത്തില്‍ കൃത്യത പാലിക്കാത്തപക്ഷം മഗ്‌റ(കടക്കാരന്‍)മായിത്തീരുമെന്നും പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കാമെന്നും ഹദീസുകള്‍ പഠിപ്പിക്കുന്നു. അവകാശികളെ ഖുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെ: നിര്‍ബന്ധ ദാനം ദരിദ്രര്‍, അഗതികള്‍, (ഇസ്‌ലാമിക ഭരണാധികാരി നിശ്ചയിച്ച) സകാത്തിന്റെ പ്രവര്‍ത്തകര്‍, നവമുസ്‌ലിംകള്‍, മോചനപത്രം എഴുതപ്പെട്ട അടിമ, കടം കൊണ്ടു പ്രയാസപ്പെടുന്നവര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതുന്നവര്‍, വഴിപോക്കര്‍ എന്നിവര്‍ക്കു മാത്രം അവകാശപെട്ടതാണ്. അല്ലാഹുവില്‍ നിന്നുള്ള അവകാശ നിര്‍ണയമാണിത്. അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാണ് (തൗബ: 60).

അവകാശികളെ എട്ടു വിഭാഗത്തില്‍ ക്ലിപ്തപ്പെടുത്തി. നമ്മുടെ സഹജീവികളായ ഇവര്‍ മാത്രമാണ് സകാത്തവകാശികള്‍. സംഘടനയും സ്ഥാപനവും സകാത്തിന്റെ അവകാശികളോ പങ്കുപറ്റുകാരോ അല്ല. അവയ്ക്കു നല്‍കിയാല്‍ ബാധ്യത വീടുകയുമില്ല. സകാത്തില്‍ നിന്നു വിഹിതം ചോദിച്ചയാള്‍ നിശ്ചിത അവകാശികളില്‍ പെടുന്നില്ലെന്നതിനാല്‍ നബി(സ്വ) നിരസിച്ചു കൊണ്ട് ഇങ്ങനെ പറയുകയുണ്ടായി: സകാത്തിന്റെ കാര്യത്തില്‍ ഒരു നബിയുടേയോ മറ്റോ വീതംവെപ്പ് അല്ലാഹു തൃപ്തിപ്പെടുന്ന കാര്യമല്ല. അല്ലാഹു തന്നെ അത് വീതിച്ചിട്ടുണ്ട്. എട്ട് ഇനം സമ്പത്തുകളില്‍ നിന്ന് എട്ടു വിഭാഗം അവകാശികള്‍ക്കാണത് ലഭിക്കുക. നീ അവരില്‍ പെടുമെങ്കില്‍ നിനക്കു ഞാന്‍ നല്‍കുമായിരുന്നു (അല്‍ മുഹര്‍ററുല്‍ വജീസ്).

ഖുര്‍ആന്‍ വിവരിച്ച അവകാശികളില്‍ പെട്ട പലരും ഇന്നത്തെ സാഹചര്യത്തില്‍ ലഭ്യമല്ലാത്തവരാണ്. അതിനു പകരക്കാരെ കണ്ടെത്തുകയോ നിര്‍ണയിക്കുകയോ ചെയ്യേണ്ട കാര്യം നമുക്കില്ല. യഥാര്‍ത്ഥ അവകാശികള്‍ ലഭ്യമാണെന്നിരിക്കെ അവരുടെ അംശം വകമാറ്റി കൊടുക്കുന്നതും സ്വീകരിക്കുന്നതും അല്ലാഹുവിന്റെ തീരുമാനത്തിനെതിരാണ്. ശരീഅത്ത് നിര്‍ദേശങ്ങള്‍ക്കെതിരായുള്ള നടപടികളെല്ലാം സകാത്തിനെ ഒരു ‘വീട്ടാകട’മായി അവശേഷിപ്പിക്കും.

You May Also Like
lets welcome ramalan-malayalam

റമളാന്‍ വരുന്നു നമുക്ക് സ്വീകരിക്കാന്‍ പഠിക്കാം

ഹിജ്‌റ വര്‍ഷം 1439-ലെ റമളാനിന്റെ മുന്നൊരുക്കപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് മുസ്‌ലിം ലോകം. സമഗ്രമായ ആസൂത്രണങ്ങളോടെ പുണ്യറമളാനിനെ സ്വീകരിക്കാന്‍…

● ശുക്കൂര്‍ സഖാഫി വെണ്ണക്കോട്

റമളാന്‍: പുണ്യങ്ങള്‍ പുണ്യവചനങ്ങള്‍

ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമാണു റമളാന്‍. വിശുദ്ധ ഖുര്‍ആനില്‍ ശഹ്റു റമളാന്‍ എന്നുതന്നെ ഇതിനെ വിളിച്ചുകാണാം.…

നോമ്പിന്റെ രീതിശാസ്ത്രം

റമളാനിലെ അതിശ്രേഷ്ഠമായ നിർബന്ധ ആരാധനയാണ് നോമ്പ്. അല്ലാഹു ഖുദ്‌സിയ്യായ ഹദീസിലൂടെ ഉണർത്തി: ‘നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിന്…

● അബൂബക്കർ അഹ്‌സനി പറപ്പൂർ