നബി(സ്വ) പറഞ്ഞു: നല്ല സംസ്കാരം പകർന്ന് നൽകുന്നതിനേക്കാൾ ശ്രേഷ്ഠമായ ഒന്നും ഒരു പിതാവും തന്റെ സന്തതിക്ക് നൽകിയിട്ടില്ല (തുർമുദി).
സന്താനശിക്ഷണത്തിന്റെ മൂല്യവും പ്രാധാന്യവും വ്യക്തമാക്കുന്ന വചനമാണിത്. സന്താന സംരക്ഷണത്തിനും പരിചരണത്തിനും മനുഷ്യൻ സ്വമേധയാ പ്രചോദിതനായിരിക്കും. മനുഷ്യ പ്രകൃതത്തിന്റെ പൊതുവായ സവിശേഷതയാണത്. ഇസ്ലാം സന്താനശിക്ഷണത്തിനും ആത്മീയമായ പരിചരണത്തിനും ഏറെ പ്രാധാന്യം കൽപിക്കുന്നുണ്ട്. മനുഷ്യന് സ്വന്തം ധർമവും കർത്തവ്യവും നിർവഹിച്ച് വിജയം വരിക്കുന്നതിനുള്ള പരിശീലനവും പാകപ്പെടുത്തലുമാണവ എന്നതാണ് കാരണം. സർവത്ര സ്വതന്ത്രമായും നിയന്ത്രണങ്ങളില്ലാതെയും വളരുന്നവർ, തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാൻ കൊള്ളാത്തവരായി മാറാനാണ് കൂടുതൽ സാധ്യത.
ഭൗതിക ജീവിതവും ആ ജീവിത കാലത്തേക്ക് മാത്രം ഉപകാരപ്പെടുന്ന കാര്യങ്ങളുമായുള്ള ബന്ധങ്ങളും മാത്രമല്ല മനുഷ്യനെ സംബന്ധിച്ചിടത്തോളമുള്ളത്. ഭൗതിക ജീവിതകാലത്തെ മുഴുവനായി ഉപകാരപ്രദമാക്കാൻ വിശ്വാസി ബാധ്യസ്ഥനാണ്. തനിക്കും താൻ ജീവിക്കുന്ന സമൂഹത്തിനും ലോകത്തിനും അടിസ്ഥാനപരമായ ചില ഗുണങ്ങളും നേട്ടങ്ങളും സൃഷ്ടിക്കാനുതകും വിധം മനുഷ്യക്കുഞ്ഞ് വളർന്നു വലുതാവണം. അതിനുപകരിക്കുന്ന തരത്തിലാണ് കുട്ടികളുടെ പ്രകൃതത്തെ അല്ലാഹു ക്രമീകരിക്കുന്നത്. അവരുടെ ഭൗതികാവശ്യങ്ങൾ നിർവഹിക്കുന്നതോടൊപ്പം അവരിൽ അർപ്പിതമായ ദൗത്യനിർവഹണത്തിന് പ്രാപ്തരാക്കാനുള്ള ബാധ്യതയും മാതാപിതാക്കൾക്കുണ്ട്.
മനുഷ്യരല്ലാത്ത ജന്തുജാലങ്ങളിൽ ഉത്തരവാദിത്തത്തിന്റെ പ്രശ്നമില്ലാത്തതിനാൽ പരസ്പര ബാധ്യതയുടെയോ സ്വന്തം ബാധ്യതയുടെയോ പ്രശ്നമുദിക്കുന്നില്ല. അതുകൊണ്ടു തന്നെ അവയുടെ പ്രകൃതിയും ജീവിതവും മനുഷ്യന്റേതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. പിറന്നതിനോടടുത്ത കുറച്ച് കാലം മാത്രമാണ് അവ മാതാക്കളെ ആശ്രയിക്കുന്നതും അവരെ ചുറ്റിപ്പറ്റി കഴിയുന്നതും. അവയുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം നിർവഹിക്കുന്നതിന് പറ്റിയ വിധത്തിൽ ജീവിക്കാൻ പ്രത്യേകമായ പരിശീലിനം പൊതുവെ വേണ്ടിവരുന്നില്ല. എന്നാൽ മാതാവിന്റേതോ തത്തുല്യമായതോ ആയ സംരക്ഷണമില്ലാതെ ജീവിക്കാൻ സാധിക്കാത്ത വിധത്തിലാണല്ലോ മനുഷ്യക്കുഞ്ഞ് ജന്മമെടുക്കുന്നത്.
ഒരു കുടുംബ സംവിധാനത്തിന്റെ ഭാഗമായി നടക്കുന്ന വളർച്ചയും ജീവിതവുമാണ് മനുഷ്യ പ്രകൃതത്തിന് ഇണങ്ങിയത്. നിർദേശിക്കപ്പെട്ട ചിട്ടകളും മര്യാദങ്ങളും പാലിച്ച് ജീവിക്കാൻ സാഹചര്യമൊരുങ്ങണം. അഥവാ ഒരുക്കുന്നത് രക്ഷിതാക്കളുടെ കടമയാണ്. ഓരോ തലമുറയെയും തൊട്ടടുത്ത ഇളം തലമുറയെ പരിശീലിപ്പിച്ച് പാകപ്പെടുത്തുന്നതിന് സൗകര്യപ്പെടുന്ന അവസ്ഥയിലാണ് നാഥൻ ക്രമീകരിച്ചിരിക്കുന്നത്.
കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ കൈകളിലും പരിധിയിലും ഒതുങ്ങുന്നൊരു കാലമുണ്ട്. ആ കാലഘട്ടത്തെ കൃത്യമായി ഉപയോഗപ്പെടുത്തി വേണം അവരെ വളർത്താൻ. പിടിയിലൊതുങ്ങുന്ന കാലത്ത് ശ്രദ്ധിക്കാതിരുന്നാൽ പിന്നീട് ഖേദിച്ചതുകൊണ്ട് ഫലമുണ്ടാകില്ല.
വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട നിധിയാണ് സന്താനങ്ങൾ. ഇമാം ഗസ്സാലി(റ) ഇതിനെക്കുറിച്ച് വളരെ വിശദമായി വിവരിക്കുന്നുണ്ട്. മാതാപിതാക്കളുടെ അടുത്ത് വിശ്വസിച്ചേൽപ്പിക്കപ്പെട്ടവരാണ് സന്തതി അവന്റെ ഹൃദയം അമൂല്യവും നിർമലവും എല്ലാവിധ രൂപങ്ങളിൽ നിന്നും ആശയങ്ങളിൽ നിന്നും മുക്തവുമായിരിക്കും. അതിൽ കൊത്തിവെക്കുന്നതെന്തും അത് സ്വീകരിക്കും. ആകർഷകമായി തോന്നുന്നതിലേക്കെല്ലാം അത് ചായും. നല്ലത് ശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്താൽ അതനുസരിച്ച് വളരും. അങ്ങനെ ഇഹത്തിലും പരത്തിലും വിജയിക്കും. അവന്റെ പിതാവും അധ്യാപകനും ശിക്ഷണം നൽകിയവരും പ്രതിഫലത്തിൽ പങ്കാളിയാവുകയും ചെയ്യും. ഇനി തിന്മ ശീലിപ്പിക്കുകയോ അവനെ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്താൽ അവൻ പരാജിതനും നശിച്ചവനുമായിത്തീരും. അതിന്റെ പേരിലുള്ള ശിക്ഷ അവന്റെ രക്ഷിതാവിന്റെയും ഉത്തരവാദപ്പെട്ടവരുടെയും ചുമലിലാവുകയും ചെയ്യും. നിങ്ങളെയും കുടുംബത്തെയും നിങ്ങൾ നരകത്തിൽ നിന്ന് സൂക്ഷിക്കണമെന്ന് അല്ലാഹു പറഞ്ഞതോർക്കുക.
ഐഹികമായ തീയിൽ നിന്ന് മക്കളെ സംരക്ഷിക്കുന്ന പിതാവ് പരലോക ശിക്ഷയിൽ നിന്ന് അവരെ രക്ഷിക്കാൻ ഏറ്റവും കടമപ്പെട്ടവനാണ്. നല്ല ശീലങ്ങൾ പകർന്നും ദുർഗുണങ്ങളിൽ നിന്ന് സംസ്കരിച്ചും നല്ല സ്വഭാവങ്ങൾ പഠിപ്പിച്ചും ദുഷിച്ച കൂട്ടുകാരിൽ നിന്ന് സൂക്ഷിച്ചുമാണ് അവനെ സംരക്ഷിക്കേണ്ടത്. സുഖാഡംബര ജീവിതശൈലി അവരെ പഠിപ്പിക്കാതിരിക്കണം. അമിതമായ അലങ്കാരവും ആസ്വാദനവും അവർക്ക് പ്രിയതരമാക്കരുത്. കാരണം പിന്നീട് അവ നേടുന്നതിൽ മാത്രമായി സ്വന്തം ജീവിത കാലത്തെ അവർ പാഴാക്കിക്കളയും. അങ്ങനെ വലിയ നാശത്തിലകപ്പെട്ടേക്കും. അതിനാൽ ആദ്യം മുതൽ തന്നെ അവരുടെ കാര്യത്തിൽ ജാഗ്രത കാണിക്കേണ്ടതാണ് (ഇഹ്യാഉ ഉലൂമിദ്ദീൻ).
മക്കളുടെ ഭൗതിക കാര്യങ്ങളിൽ വലിയ താൽപര്യം കാണിക്കുക എന്നത് മനുഷ്യരിൽ പൊതുവെ കാണപ്പെടുന്നതാണ്. ഈ സ്ഥിതി മറികടക്കാൻ വിശ്വാസികൾ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഭൗതികാവശ്യങ്ങളും താൽപര്യങ്ങളും എല്ലാ മനുഷ്യർക്കുമുണ്ടല്ലോ. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൗതികാവശ്യങ്ങളുമായി ബന്ധപ്പെട്ട് തന്നെ ധാരാളം ചിട്ടകളും മര്യാദകളുമുണ്ട്. അതിന് പുറമെ ആത്മീയതയും പാരത്രിക വിശ്വാസവും പ്രധാനമാണ്. അവ പരിഗണിച്ച് മാത്രമേ വിശ്വാസികൾ ജീവിതം നയിക്കാവൂ. വാക്കുകളിലും പ്രവർത്തനങ്ങളിലും പെരുമാറ്റത്തിലും ബന്ധങ്ങളിലും ജീവിതാവശ്യങ്ങളുടെ നിർവഹണത്തിലുമെല്ലാം ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യേണ്ട കാര്യങ്ങൾ ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
മക്കൾക്ക് അവരുടെ പ്രായവും ബുദ്ധിയും അനുസരിച്ച് സമയാസമയങ്ങളിൽ അറിവും മാതൃകയും നൽകാനുള്ള ബാധ്യത നിർവഹിക്കുന്ന മാതാപിതാക്കളെയാണ് ഈ ഹദീസിൽ സൂചിപ്പിച്ചിട്ടുള്ളത്. മനുഷ്യ പുത്രനെന്ന നിലയിൽ ജീവിതം നയിക്കാൻ പരിശീലിപ്പിക്കുകയെന്നത് മാതാപിതാക്കളിൽ നിന്ന് മക്കൾക്ക് ലഭിക്കേണ്ട അവകാശമാണ്. അത് വകവെച്ച് നൽകുകയെന്നതാണ് മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന വലിയ സമ്മാനം. മക്കളുടെ സംസ്കരണവും സംരക്ഷണവും കൃത്യമായി നിർവഹിച്ചാൽ തിരുനബി(സ്വ) വാഴ്ത്തിപ്പറഞ്ഞ മാതാപിതാക്കളുടെ ഗണത്തിൽ ഉൾപ്പെടും. പ്രതിഫലം ലഭിക്കുകയും ചെയ്യും. മറിച്ചായാൽ ഖേദവും ശിക്ഷയുമായിരിക്കും അനുഭവം.
അലവിക്കുട്ടി ഫൈസി എടക്കര