സത്യ വിശ്വാസമാണ് സുന്നി ആദര്‍ശം. വഞ്ചനയും കളവുമായി സുന്നി ആദര്‍ശങ്ങള്‍ക്ക് വിള്ളലുകളുണ്ടാക്കാന്‍ ഇവിടെ പല പ്രസ്ഥാനങ്ങളും രൂപപ്പെട്ടു. പണ്ഡിതോചിതമായ ഇടപെടലുകള്‍കൊണ്ട് അവക്കൊന്നും ഇവിടെ നിലനില്‍ക്കാനായില്ല. കള്ള ത്വരീഖത്തുകള്‍, പുത്തന്‍ വാദികള്‍ എന്നിവരെ നഖശിഖാന്തം സമസ്ത എതിര്‍ത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് കാഞ്ഞാര്‍ മൂസ മൗലവി തബ്ലീഗ് ബാധിച്ച് നാട്ടിലെത്തുന്നത്. അകം നിറയെ വഹാബിസവും പുറം ആത്മീയതകൊണ്ട് മിനുക്കുകയും ചെയ്ത തബ്ലീഗ് കാപട്യം അധികമാരും തിരിച്ചറിയാത്ത സന്ദര്‍ഭത്തില്‍ ആ കാലഘട്ടത്തിലെ അതുല്യ പ്രതിഭയായിരുന്ന ഖുതുബി മുഹമ്മദ് മുസ്ലിയാരാണ് ആദ്യമായി തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ പൈശാചികത തിരിച്ചറിഞ്ഞ് വിമര്‍ശനം ഉന്നയിച്ചത്. സമസ്തക്കാര്‍ സ്ഥാന നഷ്ടം ഭയക്കുന്നത് കൊണ്ടാണ് തബ്ലീഗിനെ എതിര്‍ത്തതെന്നും ഞങ്ങള്‍ ശരിയായ സുന്നത്തു ജമാഅത്തിന്‍റെ ആളുകളാണെന്നും ഉറുദു അറിയാത്തത് കൊണ്ട് ബറേല്‍വികളുടെ പ്രചാരണം വിഴുങ്ങിയതാണ് സമസ്തക്ക് പറ്റിയ അബദ്ധമെന്നും അടക്കം പറഞ്ഞവര്‍ ഇപ്പോള്‍ എല്ലാം പച്ച മലയാളത്തില്‍ തുറന്നെഴുതിയിരിക്കുന്നു. ഇബ്നു അബ്ദില്‍ വഹാബിന്‍റെ ശരിയായ വഴി ആരുടേതാണെന്നതില്‍ മാത്രമേ മുജാഹിദുകളും തബ്ലീഗുകാരും തര്‍ക്കമുള്ളൂ എന്നിടത്തെത്തിയിരിക്കുന്നു കാര്യങ്ങള്‍. ആശയ-ആദര്‍ശങ്ങള്‍ രണ്ടും ഒന്ന് തന്നെയാണെന്ന് തബ്ലീഗുകാരുടെ പുതിയ പഠനങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കിത്തരുന്നുണ്ട്. കേരളത്തിലെത്തിയ തബ്ലീഗുകാരെ മര്‍ഹൂം ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ കൈകാര്യം ചെയ്ത രീതി സമസ്ത അറുപതാം വാര്‍ഷിക സുവനീറില്‍ രേഖപ്പെടുത്തിയത് ഇപ്രകാരം കാണാം:

‘വടകരയിലെ മണപ്പുറത്ത് കോയട്ടി ഹാജി നല്ലൊരു വ്യവസായിയും സുന്നത്ത് ജമാഅത്തിന്‍റെ ധീര ഭടനുമായിരുന്നു. ഇടക്കാലത്ത്  അദ്ദേഹത്തിന് തബ്ലീഗ് ബാധിച്ചു. അന്ന് തബ്ലീഗിന്‍റെ നഗ്ന രൂപം പ്രത്യക്ഷമായിരുന്നില്ല. കാഞ്ഞാര്‍ മൂസ മൗലവിയോടൊപ്പം കോയട്ടി ഹാജി തന്‍റെ പാര്‍ട്ട്ണര്‍ ആയ എന്‍.അഹമ്മദ് ഹാജിയേയും ഗസ്തിനുവേണ്ടി ക്ഷണിച്ചു. നമുക്ക് ആദ്യം ചൊക്ലിയില്‍ പോയി ഖുതുബി തങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിച്ച് പുറപ്പെടാം എന്ന അഹമ്മദ് ഹാജിയുടെ മറുപടി എല്ലാവര്‍ക്കും സ്വീകാര്യമായി. പ്രധാന ആലിമീങ്ങളെ സന്ദര്‍ശിക്കല്‍ തബ്ലീഗ് പരിപാടികളില്‍ ഒന്നാണെന്ന് കാഞ്ഞാറും കാച്ചി വിട്ടു. എല്ലാവരും ചൊക്ലിയില്‍ ഖുതുബിയുടെ ഹള്റത്തില്‍ എത്തി.

അഹമ്മദ് ഹാജിയും കോയട്ടി ഹാജിയും ഖുതുബിയുടെ പരിചയക്കാരാണ്. മറ്റൊരാള്‍ ആരാണെന്ന് അവിടുന്ന് ചോദിച്ചതിന് തബ്ലീഗ് നേതാവ് കാഞ്ഞാര്‍ മൂസ മൗലവിയാണെന്ന് കോയട്ടി ഹാജി പരിചയപ്പെടുത്തി. ഉടനെ ഗൗരവമാര്‍ന്ന മുഖഭാവത്തോടെ മൂസ മൗലവിയോടായി തബ്ലീഗോ? നീ എന്തെല്ലാം കിതാബുകള്‍ ഓതിയിട്ടുണ്ട് എന്ന് മൗലാന ചോദിച്ചു. ഞാന്‍ കിതാബുകളൊന്നും ഓതിയിട്ടില്ല എന്ന പതിഞ്ഞ സ്വരത്തിലുള്ള മൂസ മൗലവിയുടെ മറുപടി ഖുതുബിയെ രോഷാകുലനാക്കി. കിതാബുകളൊന്നും ഓതാത്ത നീയാണോ ദീനിന്‍റെ തബ്ലീഗ് നടത്തുന്നത്? അതിനെന്താ നിനക്കധികാരം? തബ്ലീഗ് അമ്പിയാക്കളുടെ സ്വിഫത്താണ്. ജാഹിലായ നീയാണോ തബ്ലീഗുമായി നടക്കുന്നത്? ഇത് ദീനിന്‍റെ തബ്ലീഗല്ല ശൈത്വാന്‍റെ തബ്ലീഗാണ്. ഇവനോടൊപ്പമാണോ നിങ്ങള്‍ രണ്ടുപേരും നടക്കുന്നത് എന്ന് ഹാജിമാരോടായി മൂപ്പര്‍ ചോദിച്ചു. ഉടനെ ഞാന്‍ ഇവരോടൊപ്പം പോകാറില്ല കോയട്ടി ഹാജി ചിലപ്പോള്‍ പോകാറുണ്ട്. എന്നെ ഇന്ന് ക്ഷണിച്ചപ്പോള്‍ ഞാന്‍ ഇങ്ങോട്ട് കൂട്ടി വന്നതാണ് എന്ന് അഹമ്മദ് ഹാജി ഒരു വിധം പറഞ്ഞൊപ്പിച്ചു. അതിനെ സൂക്ഷിക്കണം. എന്തെങ്കിലും പേരുപറഞ്ഞ് പലശൈത്വാډാരും വരും. വിവരമുള്ള ആലിമീങ്ങളോട് ചോദിക്കാതെ അതിലൊന്നും ചെന്ന് പെടരുത് എന്ന അര്‍ത്ഥ ഗര്‍ഭമായ ഒരു ഉപദേശത്തോടെ അവരെ തിരിച്ചയച്ചു. അതോടെ കോയട്ടി ഹാജി തബ്ലീഗ് കൈവെടിയുകയും ചെയ്തു’ (സമസ്ത: 60-ാം വാര്‍ഷിക സ്മരണിക പേ. 102,103).

തബ്ലീഗ് ജമാഅത്തിനെ അകക്കണ്ണ് കൊണ്ട് കാണുകയായിരുന്നു ഖുതുബി മുഹമ്മദ് മുസ്ലിയാര്‍. എത്ര അര്‍ത്ഥവത്താണ് അദ്ദേഹത്തിന്‍റെ സംസാരം. ഇത് എന്‍ അഹ്മദ് ഹാജിയെ ചിന്താകുലനാക്കി. അദ്ദേഹം തബ്ലീഗിന്‍റെ അടിവേര് അന്വേഷിക്കാനിറങ്ങി. അദ്ദേഹത്തിന്‍റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെ പ്രസ്തുത സ്മരണികയില്‍ ഇങ്ങനെ വായിക്കാം:

1964-ലാണ് തബ്ലീഗ് ജമാഅത്തിനെ സമസ്ത നിരോധിച്ചത്. അതിന്‍റെ പിന്നിലും അഹ്മദ് ഹാജിയുടെ പ്രയത്നമാണുള്ളത്. തബ്ലീഗ് ജമാഅത്ത് നേതാവിന്‍റെ വാദങ്ങളും പ്രവര്‍ത്തികളും വിവരിച്ച ഗ്രന്ഥങ്ങള്‍ വടക്കേ ഇന്ത്യയില്‍ നിന്നും ശേഖരിച്ച് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. അതിനെ എതിര്‍ത്തു പല പ്രമുഖരും അച്ചടിച്ച നോട്ടീസുകള്‍ക്ക് നിമിഷം  വെച്ചു വായടപ്പന്‍ മറുപടി നല്‍കുന്നതില്‍ അഹ്മദ് ഹാജിയുടെ സേവനം ചെറുതൊന്നുമായിരുന്നില്ല.

മൗലാന ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ കത്ത് ആസ്പദിച്ചുകൊണ്ടാണ് സമസ്ത തബ്ലീഗിനെ കുറിച്ച് ചര്‍ച്ച ചെയ്തു തീരുമാനിച്ചത്. അന്ന് അഹ്മദ് ഹാജി സ്വന്തം പണം ചെലവു ചെയ്ത് പരിശ്രമം നടത്തിയിരുന്നില്ലെങ്കില്‍ തബ്ലീഗിന്‍റെ ദുഷിച്ച വശം ഇന്നും കേരളീയര്‍ക്ക് അറിയാന്‍ കഴിയുമായിരുന്നില്ല. ആ ത്യാഗീ വര്യന്‍റെ പരലോക ജീവിതം അല്ലാഹു സന്തോഷപൂരിതമാക്കട്ടെ ആമീന്‍. തന്‍റെ സര്‍വസ്വവും സുന്നത്ത് ജമാഅത്തിന് വേണ്ടി ചെലവഴിച്ച അഹ്മദ് ഹാജി തബ്ലീഗുകാരനായ സ്വന്തം മുതലാളിക്കെതിരായി തമിഴില്‍ തബ്ലീഗിന്‍റെ ദൂഷ്യ ഫലങ്ങള്‍ തുറന്നുകാട്ടി പുസ്തകം പ്രസിദ്ധീകരിച്ചു. ഇതിനെ പറ്റി ഹാജി പറഞ്ഞത് എന്‍റെ മുതലാളി ഈമാന്‍ തെറ്റുന്നതില്‍ എനിക്ക് ബേജാറുണ്ടെന്നായിരുന്നു. ഇക്കാരണത്താല്‍ ആ മുതലാളിയും പുത്രډാരും തബ്ലീഗിനെ ഉപേക്ഷിച്ച് സുന്നികളാവുകയാണുണ്ടായത്. ചുരുക്കത്തില്‍ ഇന്നുള്ള സുന്നികള്‍ക്ക് ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അഹ്മദ് ഹാജിയോടുള്ള കടപ്പാട് വിസ്മരിക്കാനാവില്ല’ (പേ. 98,99).

സമസ്തയുടെ പണ്ഡിതര്‍ തീരുമാനമെടുക്കും മുമ്പേ അഹ്മദ് ഹാജി സ്വന്തം ചെലവില്‍ ഈ മതവിരുദ്ധ സംഘത്തെ പറ്റി പഠനം നടത്തുകയും പുസ്തകം രചിക്കുകയും ചെയ്തു. 16/10/65-നാണ് സമസ്ത തബ്ലീഗിനെ സംബന്ധിച്ച് ആധികാരികമായി തീരുമാനം പറയുന്നത്. മുശാവറയില്‍ ഇടയ്ക്കിടക്ക് ചര്‍ച്ചക്ക് വരുന്ന തബ്ലീഗിനെ സംബന്ധിച്ച് വൈകാതെ തന്നെ തീരുമാനിക്കണമെന്ന് ബഹു.ഖുതുബി 28/8/65-ന് കത്തയച്ച് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് 29/8/65-ന് ചേര്‍ന്ന യോഗത്തില്‍ തബ്ലീഗ് ജമാഅത്തിനെ കുറിച്ച് ആലോചിച്ച് അടുത്ത മുശാവറയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താഴെ പറയുന്ന കമ്മറ്റിയെ തിരഞ്ഞെടുത്തു. കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങള്‍, പി. ഇബ്റാഹീം മുസ്ലിയാര്‍ അയനിക്കാട്, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കൊല്ലോളി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍. 16/10/65-ന് കണ്ണിയ്യത്ത് അഹ്മദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം സ്മരണികയില്‍ ഇങ്ങനെ കാണാം:

‘ഒന്ന്. കഴിഞ്ഞ യോഗത്തില്‍ തബ്ലീഗ് ജമാഅത്തിനെ പരിശോധിക്കാന്‍ നിയമിച്ച സബ് കമ്മിറ്റി ഈ യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അതില്‍ ഉള്‍കൊള്ളുന്ന വിഷയങ്ങളെ പറ്റി ഗാഢമായി അവരുടെ ഗ്രന്ഥങ്ങള്‍ ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തതില്‍ തബ്ലീഗ് ജമാഅത്തിന്‍റെ തത്വങ്ങള്‍ മുബ്തദിഉകളുടെ തത്വങ്ങളാണെന്ന് ബോധ്യപ്പെടുകയാല്‍ തബ്ലീഗ് ജമാഅത്ത് മുബ്തദിഉകളുടെ ജമാഅത്താണെന്ന് ഈ യോഗം തീരുമാനിക്കുന്നു (ഈ തീരുമാനം പാസാക്കിയതായി അധ്യക്ഷനുവേണ്ടി ഒപ്പു വെച്ചിരിക്കുന്നത് വണ്ടൂര്‍ സ്വദഖത്തുല്ല മുസ്ലിയാരാണ്)’ (സമസ്ത: 60-ാം വാര്‍ഷിക സ്മരണിക പേ. 59).

സമൂഹം ഈ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചു. തബ്ലീഗ് ജമാഅത്തിന്‍റെ കപട മുഖം മനസ്സിലാക്കിയവര്‍ അവരെ അകറ്റി നിറുത്തി. തബ്ലീഗുകാര്‍ക്ക് നിലനിനില്‍പ്പ് നഷ്ടപ്പെട്ടു. അവര്‍ സമസ്ത നിയോഗിച്ച ഉപ സമിതിയെക്കുറിച്ച് പറയുന്നത് കാണുക: ‘ദേവ്ബന്ദീ ഉലമാക്കള്‍ക്കെതിരെ വന്ന ആരോപണങ്ങളെക്കുറിച്ച് പഠിക്കാനും ഉര്‍ദുവിലുള്ള അവരുടെ ഗ്രന്ഥങ്ങള്‍ പരിശോധിക്കാനും 5 പേരെ സമസ്ത നിശ്ചയിച്ചു.അതില്‍ നാല് പേര്‍ക്കും ഉര്‍ദു അറിയില്ലായിരുന്നു. അവരില്‍ ഒരാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്. അയാള്‍ക്ക് ഇപ്പോഴും ഉര്‍ദു അറിയില്ല’ (ദേവ്ബന്ദ് പണ്ഡിതര്‍ പേ. 312).

ജീവിച്ചിരിക്കുന്ന ആളെന്നു പറഞ്ഞത് മര്‍ഹൂം താജുല്‍ ഉലമയെയാണ്. ഉറുദു അറിയാത്തതുകൊണ്ട് റസാഖാന്‍ പറഞ്ഞത് അണ്ണാക്ക് തൊടാതെ വിഴുങ്ങുകയായിരുന്നെന്നും അതില്‍ ഒട്ടും കഴമ്പില്ലെന്നും അവര്‍ പ്രചരിപ്പിച്ചു. അന്ന് സമസ്തയുടെ നേതാക്കള്‍ക്ക് ഉറുദു അറിയാത്തത് കൊണ്ട് അബദ്ധം പറ്റിയതാണെന്ന് ദുഷ്പ്രചാരണം നടത്തിയവര്‍ സമസ്ത പറഞ്ഞ തബ്ലീഗ് പ്രമാണങ്ങളൊക്കെയും തനി മലയാളത്തില്‍ തന്നെ എഴുതി വിട്ടു. അതാണ് ദേവ്ബന്ദ് പണ്ഡിതര്‍ നവോത്ഥാന ശില്‍പികള്‍ എന്ന ക്ഷുദ്ര കൃതി. കളവുകള്‍ മാത്രം കുത്തി നിറക്കപ്പെട്ട ഒരു പുസ്തകം. സമസ്ത തബ്ലീഗിനെ എതിര്‍ക്കാനുള്ള കാരണം പ്രസ്തുത പുസ്തകം പരിചയപ്പെടുത്തുന്നത് കാണുക:

ദേവ് ബന്ദീ ഉലമാഇനെയും തബ്ലീഗ് പ്രവര്‍ത്തനത്തെയും കേരളത്തില്‍ എതിര്‍ക്കാന്‍ തുടങ്ങിയതെന്തുകൊണ്ട്? എതിര്‍പ്പിനുള്ള കാരണം ആശയ വ്യത്യാസമോ വീക്ഷണ വൈരുദ്ധ്യമോ ഒന്നുമല്ല. ചിലരുടെ നേതൃത്വ മോഹം മാത്രമാണ്… തങ്ങള്‍ക്ക് കിട്ടികൊണ്ടിരുന്ന അംഗീകാരം കിട്ടാത്തത് അവരെ അസ്വസ്ഥരാക്കി. അവരാകട്ടെ സംഘടനയുടെ പ്രധാനപ്പെട്ടവരുമാണ്. ഇനി ഇതു മലബാറില്‍ വെച്ചു പൊറുപ്പിക്കാന്‍ പാടില്ലെന്ന് അന്നേ അവര്‍ പറഞ്ഞു എന്നാണറിയാന്‍ കഴിഞ്ഞത് (ദേവ് ബന്ദ്പണ്ഡിതര്‍ നവോത്ഥാന ശില്‍പികള്‍ പേ. 310).

ഇതാണ് കാരണമെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ സമസ്ത സ്വീകരിച്ചിട്ടുള്ള വിശ്വാസ ആദര്‍ശങ്ങള്‍ അതേ അര്‍ത്ഥത്തില്‍ തബ്ലീഗുകാര്‍ സ്വീകരിക്കുമെന്ന് വരും. പക്ഷേ, മറ്റു നവീന വാദികളെപ്പോലെ സുന്നികളെ മുശ്രിക്കാക്കുന്നതിലാണ് തബ്ലീഗുകാര്‍ക്കു സുഖം ലഭിക്കുന്നത്. അത് സമസ്തയുടെ ആദര്‍ശമല്ല. മാത്രമല്ല, ഇബ്നു അബ്ദുല്‍ വഹാബിന്‍റെ ശരിയായ മസ്ലക് തിരിഞ്ഞവരാണ് ഇപ്പോഴത്തെ തബ്ലീഗുകാരെന്ന് മുമ്പ് പരാമര്‍ശിച്ചത് ഓര്‍ക്കുക. അത് ലോകത്ത് സ്വീകാര്യരായ പണ്ഡിതര്‍ക്കൊന്നും മനസ്സിലായിട്ടില്ലതാനും.

അഹ്ലുസ്സുന്നക്ക് അനവധി സംഭാവനകള്‍ ചെയ്ത മഹാമനീഷികളില്‍ ചരിത്രം സ്മരിക്കുന്ന മഹദ് വ്യക്തിത്വങ്ങളാണ് ശാഹ് വലിയ്യുല്ലാഹി ദഹ്ലവിയും സാഖാന്‍ ബറേല്‍വിയും. ദഹ്ലവിയെ തങ്ങളുടെ ആശയ സ്രോതസ്സാക്കുവാനും റസാഖാനെ അവഹേളിക്കാനും അവമതിക്കുവാനുമാണ് തബ്ലീഗുകാര്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. ഇന്ത്യയിലെ ഇസ്ലാമിക ആദര്‍ശ പഠനത്തില്‍ ഈ മഹത്തുക്കളെയും അവരുടെ ആദര്‍ശങ്ങളെയും അറിയല്‍ അനിവാര്യമാണ്.

(തുടരും)

തബ്ലീഗും ദയൂബന്ദികളും/2 അബ്ദുറശീദ് സഖാഫി മേലാറ്റൂര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ