ഇസ്ലാം എന്ന പദം തന്നെ സമാധാനത്തെ സൂചിപ്പിക്കുന്നു. മതപാഠങ്ങളൊന്നും സമാധാന വിരുദ്ധമല്ല. വിശ്വാസങ്ങളും കര്‍മങ്ങളും സ്വഭാവ ശീലങ്ങളും ചേര്‍ന്നതാണ് ഇസ്ലാം. സ്വന്തത്തിലും അപരനിലും ഗുണം വരുത്തുന്ന ആദര്‍ശ ജീവിത വ്യവസ്ഥയാണത്. ശല്യമില്ലാതെ സ്വസ്ഥമായി ജീവിക്കാനുള്ള അവസരമാണത് സൃഷ്ടിക്കുക. ഇസ്ലാം മനുഷ്യനെ സമാധാനിയും സഹിഷ്ണുവുമാക്കുന്നു.
വിശ്വാസിയാകാനും അതടിസ്ഥാനത്തിലുള്ള കര്‍മാനുഷ്ഠാനിയാകാനും സംസ്കാരത്തോടെ ജീവിക്കാനും മറ്റുള്ളവരെ അക്രമിക്കുകയോ സ്വൈരം കെടുത്തുകയോ ചെയ്യേണ്ടതില്ല. അല്ലാഹു പ്രപഞ്ചത്തിലും സൃഷ്ടിജാലങ്ങള്‍ക്കിടയിലും സമാധാനമാണിഷ്ടപ്പെടുന്നത്.
പ്രപഞ്ചത്തിന്‍റെ ഘടന വിസ്മയാവഹമാണ്. തട്ടലും മുട്ടലുമില്ലാതെ ക്രമബദ്ധമായാണ് അതിന്‍റെ ചലന-നിശ്ചലന-ചംക്രമണങ്ങള്‍. പ്രപഞ്ചത്തിന്‍റെ ചെറിയൊരംശമായ ഭൂതലത്തിലെ പല സൃഷ്ടികളിലൊന്നായ മനുഷ്യന്‍ കുഴപ്പത്തിന് കാരണമാകാതിരിക്കണമെന്നത് ഇസ്ലാമിന്‍റെ നിര്‍ദേശങ്ങളില്‍ പ്രധാനമാണ്. സമാധാനമുള്ള ലോകത്താണ് മുസ്ലിമിന് അവന്‍റെ ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കൂടുതല്‍ സൗകര്യപ്പെടുക. സമാധാന ഭംഗം നടക്കുന്ന സാഹചര്യത്തില്‍ മുസ്ലിമിന്‍റെ ധര്‍മം സമാധാന പുനഃസ്ഥാപനമത്രെ.
കുഴപ്പമുണ്ടാക്കുന്നതിനെതിരെ ധാരാളം ഖുര്‍ആന്‍ വചനങ്ങള്‍ കാണാം. കുഴപ്പമുണ്ടാക്കരുത്, കുഴപ്പക്കാരെ പിന്തുടരുത്, കുഴപ്പക്കാരെ അല്ലാഹുവിനിഷ്ടമില്ല, കുഴപ്പക്കാര്‍ക്ക് മോശമായ പരിണതിയുണ്ട്, കുഴപ്പക്കാര്‍ ഗുണം പിടിക്കില്ല, കുഴപ്പക്കാരായി നടക്കരുത്, കുഴപ്പമുണ്ടാക്കിക്കൊണ്ടിരിക്കരുത് തുടങ്ങിയ ആശയങ്ങളുള്ള സൂക്തങ്ങള്‍ ഏതര്‍ത്ഥത്തിലും ഫിത്നകളുണ്ടാക്കുന്നതിന് വിരുദ്ധമാണ്. ഇസ്ലാമിലെ ഒരു പാഠവും സമാധാനഭംഗത്തിന് കാരണമാവുന്നില്ലെന്നു സാരം.
വിശ്വാസ കാര്യങ്ങള്‍
ഇസ്ലാമിക ദര്‍ശനങ്ങളില്‍ പ്രഥമവും പ്രധാനവുമാണ് വിശ്വാസ കാര്യങ്ങള്‍. വിശ്വാസ കാര്യങ്ങള്‍ അടിസ്ഥാനപരമായി ആറാണ്. അല്ലാഹുവിലുള്ള വിശ്വാസം, മലക്കുകളിലുള്ള വിശ്വാസം, കിതാബുകളിലുള്ള വിശ്വാസം, നബിമാരിലുള്ള വിശ്വാസം, അന്ത്യനാളിലുള്ള വിശ്വാസം, വിധിയിലുള്ള വിശ്വാസം എന്നിവയാണവ. ഈ ആറെണ്ണത്തിലും അവയുടെ അനുബന്ധ, ഉപകാര്യങ്ങളിലും വിശ്വസിക്കുക എന്നത് ഇച്ഛാ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളുമായി അതിന് ബന്ധമില്ല. അഥവാ ഈ വിശ്വാസം മനസ്സിലാക്കാന്‍ പ്രത്യക്ഷ അവയവങ്ങളുടെ സാന്നിധ്യമാവശ്യമില്ല. ഉള്ളിലുറച്ച വിശ്വാസത്തിന് സര്‍വായവങ്ങളിലൂടെയും ഗുണപരമായ പ്രവര്‍ത്തന പ്രസരണമുണ്ടാവുകയും ചെയ്യും.
അല്ലാഹുവിലുള്ള വിശ്വാസം
വിശ്വാസ കാര്യങ്ങളില്‍പ്പെട്ട അല്ലാഹുവിലുള്ള വിശ്വാസം മനുഷ്യനെ വിനീത ദാസനാക്കുകയാണ് ചെയ്യുക. അവന്‍റെ വിധിവിലക്കുകള്‍ക്ക് വിധേയപ്പെട്ട് അനുസരണവും വിധേയത്വവും പ്രകടിപ്പിച്ചുള്ള ജീവിതരീതി വരിക്കാനവന്‍ പ്രചോദിതനാകും. അല്ലാഹുവിനെ സംബന്ധിച്ച് അറിയാനവന്‍ ശ്രമിക്കും. ഈ അണ്ഡകടാഹത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നവനായ അല്ലാഹു, അവന്‍ നല്‍കിയ സൗകര്യങ്ങളുപയോഗിക്കുന്നവരോടാണ് തന്നില്‍ വിശ്വസിക്കാനും മുസ്ലിമാകാനും ആവശ്യപ്പെടുന്നത്. ശരിയായി വിശ്വസിക്കാത്തവരെയും സംരക്ഷിക്കുന്നവനാണവന്‍, അവന്‍റെ കാരുണ്യം എത്രമാത്രം അപാരവും വിശാലവുമാണ്. അഥവാ തന്‍റെ യജമാനനായ അല്ലാഹു റഹ്മാനാണ് എന്ന പാഠം വിശ്വാസിയില്‍ കാരുണ്യത്തെയാണുല്‍പാദിപ്പിക്കുക.
ഇസ്ലാമികമായി പറഞ്ഞാല്‍ അല്ലാഹു കാരുണ്യവാനാണ്. കാരുണ്യത്തെ സൃഷ്ടിച്ചതും അവനാണ്. മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചത് അല്ലാഹുവില്‍ വിശ്വസിക്കുന്നവനും കരുണയുള്ളവനായിരിക്കുമെന്നാണ്. അല്ലാഹു സൃഷ്ടിച്ച മൊത്തം കാരുണ്യത്തിന്‍റെ നൂറിലൊരംശം മാത്രമാണ് പ്രപഞ്ച സാകല്യത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ജീവജാലങ്ങളില്‍ കാണുന്ന സ്നേഹവാത്സല്യ സമീപനങ്ങള്‍ എത്ര വിസ്മയകരമാണ്. വ്യത്യസ്ത അളവില്‍ ജീവികളില്‍ കരുണയെന്ന വികാരം അവന്‍ പ്രതിഫലിപ്പിച്ചു. അതെല്ലാം പ്രസ്തുത നൂറിലൊന്നില്‍ പെട്ടതാണ്. നൈസര്‍ഗികമായ കാരുണ്യം ജീവി വര്‍ഗങ്ങളില്‍ പ്രകൃതിപരമായ ഗുണമത്രെ. മനുഷ്യനില്‍ കാരുണ്യം ഒരു ആര്‍ജിത ഗുണമായിത്തീരണം. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക, എന്നാല്‍ അല്ലാഹു നിങ്ങളോട് കരുണ കാണിക്കും (തിര്‍മുദി) എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
പ്രത്യുല്‍പാദനപരമല്ലെങ്കില്‍ പോലും കാരുണ്യം ചെയ്യണമെന്നും അതിന് അല്ലാഹു കാരുണ്യം പ്രതിഫലമായി നല്‍കുമെന്നുമാണിതിന്‍റെ സാരാംശം. റഹ്മത്ത് അഥവാ കാരുണ്യം സദ്ഗുണ ശീലങ്ങളുടെ പ്രഭവ സ്രോതസ്സാണ്. കാരണം അത് ഇലാഹീ ദാനങ്ങളില്‍ സവിശേഷ മാകുന്നു. സ്നേഹ വാത്സല്യങ്ങളും ദയാവായ്പുകളും റഹ്മത്തിന്‍റെ ഉല്‍പന്നങ്ങളാണ്.
ഉപര്യുക്ത ഹദീസിലെ ‘മന്‍ ഫില്‍ അര്‍ളി’ എന്ന പ്രയോഗം വിശാലാര്‍ത്ഥമുള്ളതാണ്. മന്‍ എന്ന സര്‍വനാമം വിപുലമായ ജീവിലോകത്തെയാണ് വിവക്ഷിക്കുന്നതെന്ന് മറ്റു ഹദീസുകളില്‍ നിന്ന് വ്യക്തം. റഹ്മത്തിനെ സൃഷ്ടിച്ച റഹ്മാനായ അല്ലാഹുവില്‍ വിശ്വസിക്കുന്നവനാണ് മുസ്ലിം. റഹ്മത്തിനെ പിശുക്കില്ലാതെ വിനിയോഗിക്കാന്‍ നിര്‍ദേശമുണ്ട്. അതിന് പ്രതി ഗുണമുണ്ടെന്നാണ് വാഗ്ദാനം. എങ്കില്‍, ഏതര്‍ത്ഥത്തിലാണ് ഒരു മുസ്ലിം ആക്രമണകാരിയായിത്തീരുക? ആക്രമണം മൂലം ഏത് വിശ്വാസത്തിനാണവന്‍ കരുത്ത് പകരുക?
മലക്കുകളിലുള്ള വിശ്വാസം
സാധാരണ ഗതിയില്‍ മനുഷ്യ ദൃഷ്ടിയില്‍ നിന്നും മറഞ്ഞ പ്രത്യേക സൃഷ്ടി വിഭാഗമാണ് മലക്കുകള്‍ പ്രപഞ്ചത്തില്‍ നിശ്ചിത ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് നിയുക്തരായവരടക്കം അവരിലുണ്ട്. നമുക്ക് സംവേദനാനുഭവമില്ലാത്തവരാണെന്നതിനാല്‍ തന്നെ അവരിലെ വിശ്വാസം പ്രധാനമാണ്. അവരിലുള്ള വിശ്വാസത്തിനായി ഒരു തരത്തിലുള്ള അതിക്രമവും സമാധാന ഭംഗവും വേണ്ടതില്ല. മലക്കുകള്‍ നിര്‍വഹിക്കുന്ന ധര്‍മമാകട്ടെ കാരുണ്യം നിറഞ്ഞതുമാണ്.
മാനവരാശിയെ ഇരുളില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനു നിയുക്തരായ പ്രവാചകര്‍ക്ക് സന്ദേശമെത്തിച്ചത് മലക്കുകളാണ്. മഴ, കാറ്റ് തുടങ്ങിയ പ്രകൃതി സൗകര്യങ്ങളും സൗജന്യങ്ങളും ചുമതലയുള്ളവര്‍ അവരിലുണ്ട്. അപകടങ്ങളിലും മറ്റും അകപ്പെടാതെ നമുക്ക് സംരക്ഷണം നല്‍കുന്ന മലക്കുകളുമുണ്ട്. നമ്മുടെ ജീവിതത്തിന്‍റെ വ്യത്യസ്ത ഘട്ടങ്ങളിലും ആവശ്യങ്ങളിലും തുണയായി നിശ്ചയിക്കപ്പെട്ടവരുമുണ്ട്. മലക്കുകള്‍ അക്രമികളല്ല, അവര്‍ കാരുണ്യവര്‍ഷത്തിന്‍റെ ചില പ്രത്യേക ഘട്ടങ്ങളില്‍ നമുക്ക് സഹായികളാണ്. അവരില്‍ വിശ്വസിക്കുന്നവര്‍, അക്കാരണത്താല്‍ അക്രമിയാകാന്‍ ഇടവരുന്നില്ല.
കിതാബുകളിലെ വിശ്വാസം
അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ വിമോചന സന്ദേശ ഗ്രന്ഥങ്ങളായ കിതാബുകളില്‍ വിശ്വസിക്കല്‍ മുസ്ലിമിനു നിര്‍ബന്ധമാണ്. റഹ്മാനായ അല്ലാഹുവിന്‍റെ കാരുണ്യം വിളംബരപ്പെടുത്താനവതരിപ്പിച്ച ഗ്രന്ഥങ്ങളിലുള്ള വിശ്വാസം കരുണയോടെ പ്രവര്‍ത്തിക്കാനാണ് പ്രചോദനമാവുക. അവയില്‍ വിശ്വസിക്കുന്നതിനും അക്രമത്തിന്‍റെ ആവശ്യമില്ല. ഖുര്‍ആന്‍ തന്നെ റഹ്മത്താണെന്ന് അല്ലാഹു പറയുന്നു. റഹ്മാനും റഹീമുമായ അല്ലാഹുവില്‍ നിന്ന് റഹ്മത്തായി അവതരിച്ച ഖുര്‍ആന്‍ കരുണാവര്‍ഷത്തിന് മാത്രമാണ് കാരണമാകേണ്ടത്. പരുഷസ്വഭാവിയായിരുന്ന ഉമര്‍(റ)വിനെ വരെ ഖുര്‍ആന്‍ പാകപ്പെടുത്തിയത് ചരിത്രം. കാരുണ്യത്തിന്‍റെയും പ്രജാവത്സലതയുടെയും പ്രതീകമായാണ് അദ്ദേഹം പില്‍ക്കാല ജീവിതം നയിച്ചത്.
ഖുര്‍ആന്‍ നേരിട്ട് കേള്‍ക്കുകയും അതിന്‍റെ പാഠങ്ങളുടെ പ്രായോഗിക പരിശീലനം സ്വായത്തമാക്കുകയും ചെയ്തവരാണ് സ്വഹാബികള്‍. അവരുടെ കാരുണ്യത്തിന്‍റെയും പരസ്പര സ്നേഹത്തിന്‍റെയും ഊഷ്മളത ചരിത്ര പ്രസിദ്ധമാണ്. ഗവേഷണ യോഗ്യരായ സ്വഹാബികള്‍ക്കിടയില്‍ ചില സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത നിലപാടുകളുണ്ടായപ്പോള്‍ പോലും അവിടെ ഖുര്‍ആനുയര്‍ത്തി അനുരജ്ഞനത്തിന്‍റെ ആഹ്വാനം മുഴക്കിയപ്പോള്‍ അവര്‍ ശാന്തരായി. ഖുര്‍ആനെ അംഗീകരിച്ച് സംഘര്‍ഷമവസാനിപ്പിക്കാന്‍ തുനിഞ്ഞവര്‍ക്കെതിരെ ചിലയാളുകള്‍ രംഗത്ത് വന്നു. അവരാണ് പില്‍ക്കാലത്ത് ഖുര്‍ആന്‍ സൂക്തങ്ങള്‍ ദുരുപയോഗിച്ച് ആക്രമണം നടത്തുന്ന എല്ലാവരുടെയും അടിസ്ഥാനവും മാതൃകയുമായത്. സമകാല സംഭവങ്ങള്‍ ഇതിനോട് ചേര്‍ത്തുവായിക്കുക.
പശ്ചാത്തല ബന്ധങ്ങള്‍ ഖുര്‍ആനികാശയങ്ങള്‍ ഗ്രഹിക്കാനനിവാര്യമാണ്. അതിനു മുതിരാതെ കേവലം നിഘണ്ടു അവലംബിച്ച് പരിഭാഷപ്പെടുത്തി തുടങ്ങിയതാണ് ദുര്‍വ്യാഖ്യാന പ്രവണതകളില്‍ ഏറെ അപകടം വരുത്തിയത്. യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ എന്താണ് മാര്‍ഗദര്‍ശനം ചെയ്യുന്നതെന്നും അതുമുഖേന അല്ലാഹു എന്തിലേക്കാണ് ക്ഷണിക്കുന്നതെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്. ‘ഏറ്റവും ശരിയായതിലേക്കത് നയിക്കുന്നു’ (അല്‍ഇസ്റാഅ്/9). ‘രക്ഷാഭവനത്തിലേക്ക് അല്ലാഹു വിളിക്കുന്നു’ (യൂനുസ്/25). കലാപത്തിന്‍റെ വഴി ഖുര്‍ആന്‍റേതല്ല. അക്രമികള്‍ക്ക് സമാധാനത്തിന്‍റെ ഭവനം അപ്രാപ്യവുമാണ്. ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍ക്കും അതിന്‍റെ പാഠങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കും അക്രമികളാകാനും അതിനെ ന്യായീകരിക്കാനും കഴിയില്ല.
അമ്പിയാക്കളിലുള്ള വിശ്വാസം
മനുഷ്യരില്‍ നിന്ന് പ്രത്യേകമായി തെരഞ്ഞെടുത്ത് സ്രഷ്ടാവ് നിയോഗിച്ചവരാണ് അമ്പിയാക്കള്‍. അല്ലാഹുവില്‍ നിന്ന് മനുഷ്യര്‍ക്ക് സന്ദേശം എത്തിച്ച് നല്‍കുക എന്നതാണവര്‍ നിര്‍വഹിച്ച ദൗത്യം. എല്ലാ ദൂതന്മാരും സത്യമതത്തെ ജനങ്ങള്‍ക്കെത്തിച്ച് നല്‍കി. അവരെ അംഗീകരിക്കലും വിശ്വസിക്കലും പിന്തുടരലും സത്യവിശ്വാസത്തിന്‍റെ ഭാഗമാണ്. അവരെ വിശ്വസിക്കുന്നതിന്‍റെ ഭാഗമായി അക്രമമോ പരോപദ്രവമോ വേണ്ടിവരുന്നില്ല. അന്ത്യദൂതരായ മുഹമ്മദ് നബി(സ്വ)യില്‍ വിശ്വസിക്കുന്നവര്‍ മുന്‍കഴിഞ്ഞ പ്രവാചകന്മാരിലും വിശ്വസിക്കും. ഏതെങ്കിലും ഒരു നബിയുടെ പ്രവാചകത്വത്തില്‍ സംശയാലുക്കളാകാന്‍ പോലും പറ്റില്ല. അതുകൊണ്ടു തന്നെ സമകാല സമൂഹത്തില്‍ അവരാരും പ്രശ്നക്കാരായിരുന്നില്ല. അടിച്ചമര്‍ത്തപ്പെട്ടവരെയും ചൂഷണത്തിന് വിധേയരായിക്കൊണ്ടിരുന്നവരെയും മോചിപ്പിക്കുകയായിരുന്നു അവര്‍. നബിമാരില്‍ വിശ്വസിച്ചു എന്നതിന്‍റെ പേരില്‍ കലാപത്തിനോ അക്രമത്തിനോ അനുയായികളാരും മുതിര്‍ന്നില്ല.
മുഹമ്മദ് നബി(സ്വ)യില്‍ വിശ്വസിക്കുന്നതിന്‍റെ ഭാഗമായും അക്രമമോ സമാധാന ഭംഗമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളോ ഇല്ലെന്നത് വ്യക്തം. മാത്രവുമല്ല, നബി(സ്വ) അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ ഭാഗമാണ്. ലോകത്തിനാകെയും അനുഗ്രഹമായല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല എന്ന് ഖുര്‍ആന്‍ പറയുന്നു. നബി(സ്വ) തന്നെ അല്ലാഹുവില്‍ നിന്ന് സമ്മാനമായി (ഹദ്യ) ലഭിച്ച റഹ്മത്താണ് ഞാന്‍ എന്നു പറഞ്ഞിട്ടുണ്ട്. തിരുനബി(സ്വ)യുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ആ വിശുദ്ധ ജീവിതത്തിന്‍റെ വ്യക്തമായ വിവരണങ്ങള്‍ ലഭ്യവും. പ്രവാചകര്‍(സ്വ) അക്രമത്തിലേക്ക് ക്ഷണിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി അതിലൊന്നും കാണാനാകില്ല.
പ്രവാചകര്‍ അല്ലാഹുവില്‍ നിന്നുള്ള സമ്മാനമാകുന്നത് വിശ്വാസികള്‍ക്കാണെങ്കിലും, റഹ്മത്താകുന്നത് സകല സൃഷ്ടികള്‍ക്കുമാണ്. ഹൃദയങ്ങള്‍ കീഴടക്കി വാഴാന്‍ നബി(സ്വ)ക്ക് സാധിച്ചത് അവിടുത്തെ കാരുണ്യം കൊണ്ടത്രെ. ഈ കാരുണ്യത്തില്‍ വിശ്വസിക്കുന്നതിന് അക്രമത്തിന്‍റെ മാര്‍ഗമാവശ്യമില്ല. മുഹമ്മദ് നബി(സ്വ) അടക്കമുള്ള മുഴുവന്‍ പ്രവാചകന്മാരിലും വിശ്വസിക്കുന്നവര്‍ അക്കാരണത്താല്‍ അക്രമികളാവുകയില്ല എന്നു മാത്രമല്ല, സ്നേഹം, ദയ, കാരുണ്യം തുടങ്ങിയ ഉദാത്ത ഗുണങ്ങളുടെ ഉടമകളാവുകയാണ് ചെയ്തിട്ടുള്ളത്.
അന്ത്യനാളിലുള്ള വിശ്വാസം
ഈ ലോകത്തിന് ഒരന്ത്യമുണ്ടെന്നും അനന്തരം പല ഘട്ടങ്ങളും പിന്നിട്ട് സ്വര്‍ഗ/നരകവാസമുണ്ടെന്നും അംഗീകരിക്കുന്നവരാണ് വിശ്വാസികള്‍. അക്രമം നടത്തി നേടാവുന്നതല്ല സ്വര്‍ഗം. പാരത്രിക വിജയത്തിന് നിമിത്തമായി എണ്ണിപ്പറഞ്ഞിട്ടുള്ള ഒരു കാര്യവും അക്രമപരമല്ല. എല്ലാവര്‍ക്കും എല്ലാറ്റിനും ഗുണകരമായ ജീവിതം നയിക്കുക എന്നതാണ് പാരത്രികമായ വിജയത്തിന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. പല നന്മകളും പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് സ്വര്‍ഗാവകാശിയാണെന്ന സുവാര്‍ത്ത നബിവചനങ്ങളില്‍ ധാരാളം കാണാം. നന്മയും ഗുണവും മാനവരില്‍ നിറഞ്ഞു കാണുന്നതിനു വേണ്ടിയാണത്.
നരകാവകാശിയായിത്തീരുന്നതിനു കാരണമായി പഠിപ്പിക്കപ്പെട്ട കാര്യങ്ങളേറെയുണ്ട്. അവയൊന്നും ഗുണപരമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നവയല്ല. അക്രമം, അനീതി, നിഷേധം തുടങ്ങിയ ദോഷകാരണങ്ങളാണവയെല്ലാം. സമാധാന ഭംഗം വരുത്തുന്ന കാര്യങ്ങളെല്ലാം നിരോധിതമാണ്. ചിലതിന് പ്രത്യേകമായ ശിക്ഷകള്‍ മുന്നറിയിപ്പ് നല്‍കിക്കാണാം. സ്വര്‍ഗത്തില്‍ പ്രവേശിക്കാനും നരകത്തില്‍ നിന്ന് മോചനം ലഭിക്കാനും നിര്‍ദേശിക്കപ്പെട്ടവയില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ കാണാനാകില്ല. ചുരുക്കത്തില്‍ അന്ത്യനാളില്‍ വിശ്വസിക്കുന്നവര്‍ അക്രമത്തിനല്ല, ശാന്തപൂര്‍ണ ജീവിതത്തിനാണ് പ്രാമുഖ്യം നല്‍കുക.
വിധിയിലുള്ള വിശ്വാസം
പ്രാപഞ്ചിക കാര്യങ്ങളെല്ലാം അല്ലാഹുവിന്‍റെ വിധിക്ക് വിധേയമാണ്. നമുക്കുണ്ടാകുന്ന എല്ലാ ഗുണദോഷങ്ങളും സന്തോഷ സന്താപങ്ങളും അല്ലാഹുവിന്‍റെ വിധിയാണ്. സത്യവിശ്വാസത്തിന്‍റെ ഭാഗമാണ് വിധിയില്‍ വിശ്വസിക്കല്‍. നമുക്ക് ഇച്ഛാ സ്വാതന്ത്ര്യമുള്ളതിനാല്‍ നാം തെരഞ്ഞെടുക്കുന്നത് നമ്മള്‍ പ്രവര്‍ത്തിക്കുന്നു. പക്ഷേ, നടക്കുന്നത് അല്ലാഹുവിന്‍റെ വിധിയുടെയും അവന്‍ നല്‍കുന്ന കഴിവിന്‍റെയും അടിസ്ഥാനത്തിലാണ്. കഠിനാധ്വാനം നടത്തിയിട്ടും ആഗ്രഹിച്ചതു നടക്കാതെ പോകുന്നത്, ഇഷ്ടപ്പെട്ട പലതും ലഭിക്കാതെ പോകുന്നത് നമ്മുടെ ബലഹീനതയെയും അല്ലാഹുവിന്‍റെ വിധി നിശ്ചയങ്ങളുടെ പ്രബലതയെയും കുറിക്കുന്നു. അല്ലാഹുവിന്‍റെ പരമാധികാരവും സര്‍വശക്തിയും പ്രതാപവും അംഗീകരിക്കുന്നവനാണ് വിശ്വാസി. അക്രമപരമായ എന്തെങ്കിലും പ്രചോദനം വിധി വിശ്വാസത്തിന്‍റെ ഭാഗമായും വരുന്നില്ല.
വിശ്വാസ കാര്യങ്ങളായ ഈ ആറും അവയുടെ അനുബന്ധ അനിവാര്യ കാര്യങ്ങളും വിശ്വസിക്കേണ്ടതെങ്ങനെ എന്നും അതിന്‍റെ പ്രചോദനങ്ങളെന്തെന്നും വിവരിക്കുന്ന ഗ്രന്ഥങ്ങളുണ്ട്. അല്ലാഹുവിന്‍റെ വിനീത ദാസനായി അവന്‍റെ പ്രപഞ്ചത്തിലൊരു ബിന്ദുവായി അച്ചടക്കത്തില്‍ കഴിയാന്‍ മാത്രമേ സത്യവിശ്വാസം കാരണമാകുന്നുള്ളൂ. മതവിശ്വാസത്തെയോ അതിന്‍റെ ചിഹ്നങ്ങളെയോ ഉയര്‍ത്തി അസമാധാനം സൃഷ്ടിക്കാന്‍ ഒരു ന്യായവും പ്രമാണങ്ങളുമില്ലെന്നു സാരം.
ഇസ്ലാം കാര്യങ്ങള്‍
സത്യവിശ്വാസിയുടെ അനുഷ്ഠാനങ്ങളില്‍ അടിസ്ഥാനപരമായതു അഞ്ചെണ്ണമാണ്. സ്വയം പ്രചോദിതനായി മാത്രം വിശ്വാസിയില്‍ ഉണ്ടാകേണ്ടതാണവ. അതില്‍ ഒന്നാമത്തേത് സത്യസാക്ഷീകരണം അഥവാ ശഹാദത്താണ്. വിശ്വാസിയാകുന്നതിന്‍റെ തന്നെ അടിസ്ഥാന ഘടകമാണിത്. ലാഇലാഹ ഇല്ലല്ലാഹ് എന്ന സത്യവചനത്തെ മനസ്സാ വാചാ ഏറ്റെടുക്കലാണിത്. അല്ലാഹു മാത്രമാണ് ഇലാഹെന്നും മുഹമ്മദ് നബി(സ്വ) അവന്‍റെ ദൂതരാണെന്നുമുള്ള സാക്ഷീകരണം അനുഷ്ഠാന വിഭാഗത്തിലാണുള്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാഹുവില്‍ നിന്ന് നബി(സ്വ)യിലൂടെ ലഭ്യമായ പാഠങ്ങളൊക്കെ സത്യമാണെന്ന അംഗീകാരവും ഇതിലടങ്ങിയിട്ടുണ്ട്. ഈ പരമസത്യത്തെ അംഗീകരിക്കുക വഴി ഒരു വിനീത ഭാവത്തെയാണ് വിശ്വാസി സ്വീകരിക്കുന്നത്. അതൊരു തരത്തിലും അക്രമവാസന വളര്‍ത്തുന്നില്ല. അതിനാല്‍ അല്ലാഹുവിലും മുഹമ്മദ് നബി(സ്വ)യിലുമുള്ള വിശ്വാസത്തിന് സ്വാര്‍ത്ഥതകളില്‍ നിന്നു മുക്തമായ ഒരസ്തിത്വമുണ്ട്.
നിസ്കാരം
അഞ്ചു നേരത്തെ നിസ്കാരം സത്യവിശ്വാസത്തിന്‍റെ പ്രത്യക്ഷത്തിലുള്ള പ്രധാന അടയാളമാണ്. നിസ്കാരത്തിന് അനുഷ്ഠാന കര്‍മമെന്നതിലുപരി ആത്മ ശിക്ഷണപരമായ ഒരവസ്ഥയുണ്ട്. അത് വിശ്വാസിയെ ഒരു ചിന്തയില്‍ കേന്ദ്രീകരിക്കുന്നവനാക്കുകയും ഭക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ജീവിതയാത്രയിലെ ഏതനുഭവങ്ങള്‍ക്കും സ്വാഭാവികമായ ചില സ്വാധീനങ്ങളുണ്ട്. അംഗീകാരവും സ്വീകാര്യതയും ആദരണീയതയും അവഹേളനവും വിജയവും പരാജയവും വീഴ്ചയും വാഴ്ചയും തുടങ്ങി എന്തും സംഭവിക്കാം. ഇടക്കിടെ വരുന്ന നിസ്കാരങ്ങള്‍മൂലം അത്യുന്നതനായ ഒരു യജമാനന്‍റെ മുന്നില്‍ വിനീതനാകുന്നതോടെ എല്ലാ തരം നെഗളിപ്പുകളുടെയും മുനയൊടിക്കുന്നു. ഒരു നാഥന്‍ തനിക്കവലംബമായുണ്ടെന്ന വിചാരം ആത്മവിശ്വാസവും മനഃസമാധാനവുമാണ് നല്‍കുക.
നിസ്കാരം ഹീനകൃത്യങ്ങളില്‍ നിന്നും വെറുക്കപ്പെട്ടവയില്‍ നിന്നും തടയുന്നുവെന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. അക്രമി, അഹങ്കാരി എന്നിങ്ങനെ യുള്ള അധമരുടെ പട്ടികയില്‍ ചേരാനിടവരുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്കരിക്കുന്നവരില്‍ നിന്നുണ്ടാവില്ല. ‘വിശ്വാസിയായിരിക്കെ മോഷണം നടത്തില്ല, കൊള്ള നടത്തില്ല’ (അബൂദാവൂദ്) എന്ന ഹദീസിന്‍റെ വിശദീകരണത്തില്‍ മോഷ്ടാവ്, കൊള്ളക്കാരന്‍ തുടങ്ങിയ പാപ വിശേഷണങ്ങളായിരിക്കും അവനപ്പോള്‍ ഇണങ്ങുക. അത്തരത്തിലുള്ള ഒരു മോശാവസ്ഥയില്‍ നിന്നു വിശ്വാസിയെ നിസ്കാരം സുരക്ഷിതനാക്കുകയാണ്. ദുഷ്കൃത്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാനാണ് നിസ്കാരം കാരണമാവുക എന്നര്‍ത്ഥം. നിസ്കാരം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായും അക്രമവും പീഡനവും വരുന്നില്ല.
സകാത്ത് നല്‍കല്‍
സമ്പത്തുമായി ബന്ധപ്പെട്ട ബാധ്യതയാണ് സകാത്ത്. സമ്പന്നന്‍ നിശ്ചിത അവകാശികള്‍ക്ക് നല്‍കേണ്ട ബാധ്യതയാണത്. സത്യവിശ്വാസി തന്‍റെ സമ്പത്തില്‍ നിന്ന് നിശ്ചിത വിഹിതം നിര്‍ദേശിക്കപ്പെട്ട പ്രകാരം ദാനം ചെയ്യുന്നു. ഒരു കൊടുക്കല്‍, വാങ്ങലിന്‍റെ പ്രശ്നം ഇതിലുണ്ട്. അവകാശിക്ക് അര്‍ഹതപ്പെട്ടത് നല്‍കുന്നതില്‍ ക്രമവിരുദ്ധത വരുന്നില്ല. മറിച്ച് സഹായവും സന്തോഷവുമാണ് ഇത് കാരണമായി അപരന് ലഭിക്കുന്നത്. സകാത്ത് എന്ന നിര്‍ബന്ധ ബാധ്യത നിര്‍വഹിക്കുന്നവന്‍റെ മനസ്സിലുണ്ടാകേണ്ടത്, തന്‍റെ സമ്പത്തിന്‍റെ ശുദ്ധീകരണത്തിന് ഇടനിലക്കാരനായവനോട് നല്ല സമീപനമാണ്. സ്വന്തം പ്രയാസം ലഘൂകരിക്കാന്‍ കാരണക്കാരനായ ദാതാവിനോട് തിരിച്ചും നല്ല വിചാരം തന്നെയാണ് ദരിദ്രനിലും ഉത്ഭൂതമാവുക. ഇസ്ലാം വളരെ പ്രോത്സാഹിപ്പിച്ച ഐഛിക ദാനമായ സ്വദഖയും സ്നേഹവും സന്തോഷവുമാണ് പകരുന്നത്.
വ്രതാനുഷ്ഠാനം
റമളാനിലെ നോമ്പനുഷ്ഠാനം നിര്‍ബന്ധമാണ്. നിബന്ധനകളൊത്തവര്‍ അതനുഷ്ഠിക്കുന്നു. നോമ്പനുഷ്ഠിക്കുന്നുവെന്നത് കലാപകാരണമാണെങ്കില്‍ വിശ്വാസികളെല്ലാം കലാപകാരികളാണെന്നു വരും. എന്നാല്‍ ആത്മശിക്ഷണവും പരിചരണവും ആത്മീയമായൊരു ശുദ്ധീകരണവുമാണത്. അപരന്‍റെ ദുഃഖങ്ങളറിയാനും മനസ്സലിയാനും കൂടി ഇത് കാരണമാകുന്നു. സാമൂഹികമായും സാംസ്കാരികമായും നല്ല പ്രതിഫലനം സൃഷ്ടിക്കാനുപകരിക്കുന്നതാണ് നോമ്പനുഷ്ഠാനം. അതൊരു അരുതായ്മക്കോ അതിക്രമത്തിനോ കാരണമാകുന്നില്ല. നോമ്പനുഷ്ഠാനത്തിന്‍റെ സാധുതക്ക് അത്തരത്തിലൊരു നിര്‍ദേശവുമില്ല.
ഹജ്ജനുഷ്ഠാനം
സാമ്പത്തികവും ശാരീരികവും സാഹചര്യപരവുമായ സൗകര്യങ്ങളൊത്തിണങ്ങിയവന് ഹജ്ജനുഷ്ഠാനം നിര്‍ബന്ധമാണ്. തന്‍റെ യജമാനന്‍റെ അതിവിശിഷ്ട ഭവനത്തിലേക്കാണവന്‍ തീര്‍ത്ഥയാത്ര നടത്തുന്നത്. എല്ലാ പാപങ്ങളില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും മോചനം തേടിയും നേടിയും നടത്തുന്ന മഹത്തായൊരു കര്‍മം. ഒരു ജീവിക്കും പോറലേല്‍പ്പിച്ച് കൂടാ എന്നു നിബന്ധനയുണ്ടതിന്. തികഞ്ഞ അച്ചടക്കവും ആത്മശിക്ഷണവും ശീലിച്ച് നടത്തുന്ന ഒരു കര്‍മം അക്രമത്തിനെങ്ങനെയാണ് കാരണമാവുക?
ഈമാന്‍ കാര്യങ്ങള്‍, ഇസ്ലാം കാര്യങ്ങള്‍ എന്നു എണ്ണിപ്പറഞ്ഞ പതിനൊന്ന് കാര്യങ്ങള്‍ വിശ്വസിക്കാനും അനുഷ്ഠിക്കാനും അക്രമത്തിന്‍റെ ആവശ്യമില്ലെന്നു ചുരുക്കം. അവയുടെ പ്രചോദനമായും അക്രമം ഉത്ഭവിക്കുന്നില്ല.
പ്രാര്‍ത്ഥനകള്‍
അല്ലാഹുവിനോട് അടിമ നടത്തുന്ന അതിവിനീയമായ അപേക്ഷയാണ് പ്രാര്‍ത്ഥന. അത് ഒരു തരത്തിലും അക്രമപരമാകാന്‍ സാധ്യതയില്ല. പ്രധാനപ്പെട്ട പ്രാര്‍ത്ഥനകളിലൊന്നാണു നിസ്കാര ശേഷമുള്ളത്. അതില്‍ ‘അല്ലാഹുവേ നീ സലാം (രക്ഷ) ആണ് നിന്നില്‍ നിന്നാണ് രക്ഷയും സമാധാനവും. നിന്നിലേക്കാണ് രക്ഷയുടെ അവലംബം. നാഥാ, നീ ഞങ്ങളെ സുരക്ഷയിലും സമാധാനത്തിലും ജീവിപ്പിക്കേണമേ. രക്ഷയുടെയും സമാധാനത്തിന്‍റെയും ഭവനത്തില്‍ നീ ഞങ്ങളെ പ്രവേശിപ്പിക്കേണമേ’ (ഇഹ്യാഅ്) എന്നു പറഞ്ഞിട്ടുണ്ട്. മുസ്ലിംകള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ നടത്തുന്ന സലാം പറയല്‍ സമാധാന പ്രാര്‍ത്ഥനയും ആശംസയുമാണ്.
ഈമാന്‍ ശാഖകള്‍
സാമൂഹ്യ ജീവിയായ മനുഷ്യന്‍ ജീവിതത്തില്‍ ധാരാളം ബന്ധങ്ങളും വ്യത്യസ്ത സാഹചര്യങ്ങളും അഭിമുഖീകരിക്കുന്നു. വിശ്വാസി എന്ന നിലക്ക് പല നിയമങ്ങള്‍ക്കും അവന്‍ വിധേയനാവാനിത് നിര്‍ബന്ധിക്കും. വിധിവിലക്കുകളും പ്രോത്സാഹന-നിരുത്സാഹനങ്ങളും അതിലുണ്ടാകും. അത്തരം ഘട്ടങ്ങളിലൊക്കെ നന്മ സമ്പാദിക്കാനവസരമുണ്ട്. അവയെല്ലാം ഓരോന്നെടുത്ത് വിലയിരുത്തിയാലും എല്ലാം വ്യക്തിപരമോ പൊതുവായതോ ആയ നന്മയെയും ഗുണത്തെയുമാണ് സൃഷ്ടിക്കുന്നത്. സേവനമോ ശിക്ഷണമോ കര്‍ത്തവ്യ നിര്‍വഹണമോ അടങ്ങുന്നതായിരിക്കുമവ. അഹിതമായതിനും അരുതാത്തതിനും അതിക്രമത്തിനും പ്രോത്സാഹനവും പ്രചോദനവും നല്‍കുന്ന ഒരു നിര്‍ദേശവും അവയിലില്ല.
വിശ്വാസി എന്ന നിലയില്‍ ഒരാള്‍ക്ക് തന്‍റെ വ്യക്തിത്വം സംരക്ഷിക്കുന്നതിനും ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനും സമാധാനാന്തരീക്ഷമാണ് വേണ്ടത്. കാലുഷ്യങ്ങളും സംഘര്‍ഷങ്ങളും ഗുണകരമായതൊന്നും സംഭാവന ചെയ്യില്ല. ഇസ്ലാമിന്‍റെ പ്രമാണങ്ങളും പൂര്‍വികരുടെ മാതൃകയും ദുര്‍വ്യാഖ്യാനിക്കുന്നവരാണ് അബദ്ധത്തിലകപ്പെട്ടത്. അച്ചടക്കമുള്ള മുസ്ലിം തന്‍റെ ജീവിതത്തിലൂടെ തന്നെ പ്രബോധനപരമായ പങ്കാളിത്തം നിര്‍വഹിക്കുന്നുണ്ട്. കലാപവും അക്രമവും ന്യായീകരിക്കുന്നവര്‍ യഥാര്‍ത്ഥ ഇസ്ലാമിനെ കൂടി തെറ്റിദ്ധരിപ്പിക്കുകയാണ്. വിഷയങ്ങളെ വൈകാരികമായി സമീപിക്കുന്നതിന് പകരം വിചാരശീലം പ്രകടിപ്പിക്കാന്‍ നാം വളരേണ്ടതുണ്ട്. ചുരുക്കത്തില്‍ ഇസ്ലാമിലെ ഒന്നും കലാപവാസനയോ അധമ വികാരങ്ങളോ വളര്‍ത്തുന്നവയല്ല.
അലവിക്കുട്ടി ഫൈസി എടക്കര