സത്യവിശ്വാസിയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സമീപനങ്ങളും കേവല ഭൗതികമല്ല. ആത്മീയമായ നേട്ടങ്ങളും കോട്ടങ്ങളും പരിഗണിച്ച് ക്രമപ്പെടുത്തേണ്ടതാണവ. ഒരു പ്രവർത്തനത്തിന് ക്ഷിപ്രവും പ്രത്യക്ഷവുമായി ലഭ്യമാകുന്ന ഗുണഫലങ്ങളേക്കാൾ ഉന്നതവും ഉദാത്തവുമായ ആത്മീയ ലക്ഷ്യങ്ങളും മൂല്യങ്ങളുമുണ്ടാവും. പ്രത്യക്ഷമായ ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ പ്രായോഗിക രീതികളും പ്രവർത്തന മാർഗങ്ങളും തിരഞ്ഞെടുക്കാനവസരമുണ്ട്. അതോടൊപ്പം അനിവാര്യമായും പരിഗണന നൽകി അനുവർത്തിക്കേണ്ട നിയമ വ്യവസ്ഥകൾ പാലിക്കാതിരുന്നുകൂടാ.

പ്രത്യക്ഷമായ ലാഭം മാത്രം പ്രചോദിപ്പിക്കുകയോ നഷ്ടം നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നു എന്നതിനാൽ മാത്രം മതം അംഗീകരിക്കുന്നില്ല. ഉദാഹരണത്തിന്, അവിശുദ്ധമായ ഒരു സാമ്പത്തിക പ്രവർത്തനം അമിത ലാഭം നൽകുന്നുവെന്നതിനാൽ മാത്രം വിശ്വാസിക്ക് ചേർന്നതല്ല. സമ്പത്തിലോ സൗകര്യത്തിലോ കുറവ് വരുത്തുന്നു എന്നത് അതു ചെയ്യാതിരിക്കാനും കാരണമാവരുത്. നിരോധിക്കപ്പെട്ട ഒരു പ്രവർത്തനത്തെ ഏറ്റെടുക്കാൻ സത്യവിശ്വാസിയുടെ ആത്മീയ ബോധം അനുവദിക്കാതിരിക്കുക സ്വാഭാവികം. അത് പുണ്യകരവുമാണ്.

ഉപഭോക്താവ് വഞ്ചിതനാവുന്ന ഒരു വ്യാപാര സാധ്യത ആത്മീയ വിചാരത്തിന്റെ പേരിൽ ഒഴിവാക്കിയാൽ പ്രതിഫലം ലഭിക്കും. അത്തരത്തിലുള്ള തിരസ്‌കാരം സാങ്കേതികമായി പ്രവർത്തനമാണെന്നതിനാൽ പ്രതിഫലത്തിന് നിയ്യത്ത് അനിവാര്യമാണ്. ഒരു സൽകർമം അതിന്റെ യഥാർത്ഥ ചൈതന്യം ഉൾക്കൊണ്ട് പ്രതിഫലാർഹമായിത്തീരാൻ നിയ്യത്ത് വേണമല്ലോ. തിന്മ തിരസ്‌കരിക്കുക എന്ന പുണ്യത്തിനും നിയ്യത്താവശ്യമാണ്. ഇമാം സർകശീ(റ) രേഖപ്പെടുത്തുന്നു: ‘ഉപേക്ഷിക്കൽ കരുത്തോടെയാണെങ്കിൽ അത് പ്രവർത്തി തന്നെയാണ്’ (അൽ മൻസൂർ ഫിൽ ഖവാഇദ്). നിദാന ശാസ്ത്ര ഗ്രന്ഥങ്ങളിൽ ഈ ആശയം വ്യക്തമായി കാണാം.

കച്ചവടം

സുവ്യക്തമായൊരു സാമ്പത്തിക പ്രവർത്തനമാണ് വ്യാപാരം. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൗതിക ലാഭത്തിലധിഷ്ഠിതമായ ഒരു കേവല പ്രവർത്തനമല്ല ഇത്. ധാരാളമാളുകൾക്ക് ഉപകാരപ്രദമാവുന്ന സേവന പ്രവർത്തനം കൂടിയാണ്. പണത്തിന് വസ്തുവും വസ്തുവിന് പണവും കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ എല്ലാവർക്കും ദൈനംദിന ജീവിതാവശ്യങ്ങൾ പൂർത്തിയാക്കാനവസരമുണ്ടാവുന്നു. ആവശ്യക്കാരന് കൈയിലുള്ള സംഖ്യ കൊണ്ട് ആവശ്യമായ ജീവിത വിഭവം നേടാൻ സാഹചര്യം ഒരുക്കിയത് വ്യാപാരിയാണ്. അതുകൊണ്ടുതന്നെ വ്യാപാരിയും വ്യാപാരവും നിലനിൽക്കേണ്ടത് ധാരാളം പേരുടെ ആവശ്യമാണ്. ഈ ആവശ്യത്തെയാണ് വ്യാപാരി പൂർത്തീകരിക്കുന്നത്. ഈ സേവനത്തിന്റെ യഥാർത്ഥ മൂല്യം പ്രത്യക്ഷ ലാഭത്തിനുമെത്രയോ മുകളിലാണ്. അത് ഒരു ഭൗതിക സർക്കാറോ സാമൂഹിക സംവിധാനമോ നൽകുന്ന സബ്‌സിഡിയിലോ മറ്റാനുകൂല്യങ്ങളിലോ പരിമിതപ്പെടുത്താവുന്നതുമല്ല. വിശ്വാസിയെ സംബന്ധിച്ചിടത്തോളം താൻ നടത്തുന്ന വ്യാപാര സേവനത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള പ്രതിഫലം പാരത്രിക ലോകത്താണ് നൽകപ്പെടുക.

കച്ചവടത്തെ പ്രതിഫലാർഹമായ ഒരനുഷ്ഠാനമെന്ന തലത്തിലാണ് ഇസ്‌ലാം കാണുന്നത്. അതിനാൽ അതിന്റെ നിർവഹണത്തിൽ ഒഴിച്ചുകൂടാനാവാത്ത ചില വ്യവസ്ഥകളുണ്ട്. മനുഷ്യപ്രകൃതത്തിന്റെ ഭാഗമായുണ്ടാകാവുന്ന സ്വാർത്ഥതകളും ദുർമോഹങ്ങളും കുതന്ത്രങ്ങളും അതിനെ മലിനപ്പെടുത്തിക്കൂടാ. ഉപഭോക്താവ് വഞ്ചിതനാവുന്നതിനോ വിഷമിക്കുന്നതിനോ കാരണമാവുന്ന വാക്കും പ്രവൃത്തിയും കച്ചവടത്തിന്റെ ആത്മീയത കെടുത്തുമെന്ന് മാത്രമല്ല ആത്മികമായ നാശത്തിനു കാരണമാവുകയും ചെയ്യും. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കൽ, ഇല്ലാത്ത മേന്മ പറയൽ, കള്ളസത്യം ചെയ്യൽ, പൂഴ്ത്തിവെച്ച് വിലയും ആവശ്യവും വർധിപ്പിക്കൽ, വസ്തുക്കളുടെ അളവും തൂക്കവും വർധിപ്പിക്കുന്നതിനായി കൃത്രിമ തന്ത്രങ്ങൾ അവലംബിക്കൽ, ന്യൂനതകൾ മറച്ച് വെക്കൽ, നിശ്ചയിച്ചുറച്ച ഉപാധികൾ ലംഘിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ വ്യാപാരമേഖലയിൽ സാധ്യതയുള്ളവയാണ്. ഇവയൊന്നും വിശ്വാസിക്ക് ചേർന്നതല്ല. വ്യാപാരത്തിന്റെ പുണ്യം നഷ്ടപ്പെടാനിടവരുത്തുകയും ചെയ്യും. ഇവയിൽ പലതും മുന്നറിയിപ്പ് നൽകപ്പെട്ട മഹാപാപങ്ങളും ഗൗരവ ശിക്ഷയുള്ളതുമാണ്.

നേരാംവിധം വ്യാപാരം നടത്തുന്നവനും വ്യാപാര വിഷയത്തിൽ മാന്യമായും മയത്തോടെയും പെരുമാറുന്നവനും ലഭിക്കുന്ന പ്രതിഫലവും മഹത്ത്വവും തിരുനബി(സ്വ) വിളംബരം ചെയ്തു. അബൂസഈദ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ‘സത്യസന്ധനും വിശ്വസ്തനുമായ വ്യാപാരി നബിമാർ, സ്വിദ്ദീഖുകൾ, ശുഹദാക്കൾ എന്നിവരോടൊപ്പമായിരിക്കും യാത്രയാക്കപ്പെടുക’ (തിർമുദി).

മുആദ്(റ) നിവേദനം. തിരുനബി(സ്വ) പറഞ്ഞു: ‘സംസാരിക്കുമ്പോൾ കളവ് പറയാത്ത, വിശ്വസിച്ചാൽ വഞ്ചിക്കാത്ത, വാഗ്ദാനം ചെയ്താൽ ലംഘിക്കാത്ത, വാങ്ങുമ്പോൾ വസ്തുവിനില്ലാത്ത കുറ്റം പറയാത്ത, വിൽക്കുമ്പോൾ വസ്തുവിനില്ലാത്ത മേന്മകൾ പറയാത്ത, കൊടുക്കാനുള്ളത് അകാരണമായി നീട്ടിവെക്കാത്ത, കിട്ടാനുള്ളതിന്റെ പേരിൽ ആളുകളെ വിഷമിപ്പിക്കാത്തവരായ കച്ചവടക്കാരുടേതാണ് ഏറ്റവും നന്മ നിറഞ്ഞ ജോലി’ (ബൈഹഖി).

അമ്പിയാക്കൾ തുടങ്ങിയ മഹാന്മാരോടൊപ്പം യാത്രയാക്കപ്പെടും വിധത്തിലുള്ള മഹത്ത്വം കച്ചവടക്കാരനെ കാത്തിരിക്കുന്നു. അത് സാധ്യമാകുന്നതിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളായി ഉപര്യുക്ത ഹദീസിലെ കാര്യങ്ങളെ നാം മനസ്സിലാക്കുക. ലാഭത്തിന് വേണ്ടി നടത്തപ്പെടുന്ന വ്യാപാരം വിശ്വാസിയിൽ നിന്നാവുമ്പോൾ വലിയ മഹത്ത്വം നേടിത്തരുന്നതാണെന്ന് ചുരുക്കം.

പക്ഷേ, ലാഭമോഹത്തിലും അധിക കച്ചവടത്തിനായുള്ള ആർത്തിയിലും, അരുതാത്തതും അപരന് വിഷമം വരുത്തുന്നതുമായ കാര്യങ്ങൾ വരുന്നു. ഇക്കാലത്ത് സമൂഹത്തിൽ വ്യാപാരത്തിന് അവലംബിക്കുന്ന രീതികളും മാർഗങ്ങളും പൂർണമായി ഇസ്‌ലാമിക വ്യവസ്ഥക്ക് വിധേയമല്ലെന്ന് മനസ്സിലാക്കാം. എന്നാൽ അൽപം സൂക്ഷ്മത പുലർത്തിയാൽ, ജീവിതോപാധിയായി സ്വീകരിച്ച വ്യാപാരം പാരത്രികമായ പദവി കൂടി നേടിത്തരുന്നതാക്കി മാറ്റാം.

കൂലിവേല

സാർവത്രികമായ ഒരു ഉപജീവന മാർഗമാണ് കൂലിവേല. ഒരാൾ തന്റെ ബൗദ്ധികമോ കായികമോ ആയ ശേഷിയെ മറ്റൊരാൾക്ക് വേണ്ടി വേതനാടിസ്ഥാനത്തിൽ വിനിയോഗിക്കുന്നതിനെ കൂലിവേല എന്ന് സാമാന്യമായി പറയാം. സാധാരണക്കാരനായ വ്യക്തിയടക്കം മുഖ്യ സ്ഥാനത്ത് വരുന്ന സാമ്പത്തിക പ്രവർത്തനമാണിത്. കുടുംബം പോറ്റാനും ജീവിതാവശ്യങ്ങൾ നിവർത്തിക്കാനും പണം കണ്ടെത്തുന്നതിനുള്ള സാർവത്രികമായ മാർഗം. മാനുഷികമായ ഒരാവശ്യം നിർവഹിക്കുന്നതിനു വേണ്ടി നടത്തുന്ന കൂലിവേലയും അധ്വാനവും മഹത്തായ പുണ്യമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

ഒരിക്കൽ റസൂൽ(സ്വ)യും കുറേ സ്വഹാബികളും ഒന്നിച്ചുനിൽക്കെ, സമീപത്തുകൂടി ആരോഗ്യവാനായ ഒരു മനുഷ്യൻ കടന്നുപോയി. അയാളെ ചൂണ്ടി സ്വഹാബികൾ നബി(സ്വ)യോട് പറഞ്ഞു: അയാൾ ധർമസമരത്തിൽ സംബന്ധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. അപ്പോൾ തിരുനബി(സ്വ) പഞ്ഞു: അയാൾ തന്റെ ചെറിയ മക്കളെ പോറ്റാനായി അധ്വാനിക്കുന്നവനാണെങ്കിൽ അവൻ അല്ലാഹുവിന്റെ മാർഗത്തിൽ പരിശ്രമം നടത്തുന്നവൻ തന്നെയാണ്. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനായി പരിശ്രമിക്കുന്നവനാണെങ്കിലും അല്ലാഹുവിന്റെ മാർഗത്തിൽ പരിശ്രമം ചെയ്യുന്നവൻ തന്നെ. തന്റെ സ്വന്തം കാര്യത്തിൽ അന്യരെ ആശ്രയിക്കാതെ ജീവിക്കാനായി അധ്വാനിക്കുന്നവനാണെങ്കിലും അവൻ അല്ലാഹുവിന്റെ മാർഗത്തിൽ പരിശ്രമം ചെയ്യുന്നവനാണ്. ഇനി ലോകമാന്യത്തിനും അഹങ്കാരത്തിനും വേണ്ടി അധ്വാനിക്കുന്നവനാണെങ്കിൽ അവൻ പിശാചിന്റെ മാർഗത്തിലാണ് (ത്വബ്‌റാനി).

ഇബ്‌നു അബ്ബാസ്(റ) നിവേദനം: ഹലാലായ ജീവിത വിഭവം അന്വേഷിക്കുന്നത് ജിഹാദാണ് (അല്ലാഹുവിന് പൊരുത്തമുള്ള പരിശ്രമം). തൊഴിലെടുക്കുന്ന വിശ്വാസിയായ അടിമയെ അല്ലാഹു ഇഷ്ടപ്പെടുന്നു (ഇസ്വ്‌ലാഹുൽ മാൽ).

അബൂഹുറൈറ(റ) നിവേദനം. തിരുദൂതർ(സ്വ) പറഞ്ഞു: ഹലാലായ വിധേനയും യാചനയിൽ നിന്ന് രക്ഷപ്പെടാനും ആശ്രിതർക്ക് വേണ്ടിയുള്ള പരിശ്രമമായും അയൽവാസിയോട് കാരുണ്യത്തിലായും ആരെങ്കിലും ഭൗതികസമ്പത്തു തേടിയാൽ അവന്റെ മുഖം പൂർണ ചന്ദ്രന് സമാനമായ നിലയിൽ അല്ലാഹുവിനെ കണ്ടുമുട്ടും (ശുഅബുൽ ഈമാൻ).

ആഇശ(റ) നിവേദനം. തിരുനബി(സ്വ) പറഞ്ഞു: അധ്വാനിച്ച് ക്ഷീണിതനായി ഒരാൾ വൈകുന്നേരമായാൽ അവൻ സായാഹ്നം പ്രാപിക്കുക പാപങ്ങൾ പൊറുക്കപ്പെട്ടവനായിട്ടായിരിക്കും (ത്വബ്‌റാനി). അധ്വാനിച്ചതിന്റെ പേരിൽ ഒരാളുടെ കൈയിൽ തഴമ്പ് കണ്ടപ്പോൾ നബി(സ്വ) അതേക്കുറിച്ചിങ്ങനെ പറഞ്ഞു: അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന കൈയാണിത് (തഫ്‌സീർ ശഅ്‌റാവി).

അധ്വാനത്തിന് വേതനം പറ്റുക എന്നതിൽ മാത്രം ഒതുങ്ങാത്ത അവസ്ഥ കൂലിവേലകൾക്കുണ്ട്. അല്ലാഹുവിന്റെ മാർഗത്തിൽ നടത്തുന്ന പരിശ്രമമായും പാപം പൊറുക്കാനും നാഥന്റെയും റസൂലിന്റെയും പ്രീതി കരസ്ഥമാക്കാനുള്ള ഉപാധിയായും തൊഴിലിനെയും അധ്വാനത്തെയും ഇസ്‌ലാം പവിത്രമാക്കി. മഹത്തായ അനുഷ്ഠാനമെന്ന അവസ്ഥ തൊഴിലിനുണ്ടാവാനും അത് നേടാനും തൊഴിലുടമയുമായുള്ള കരാർ പാലിക്കണം. എങ്കിൽ മാത്രമേ വേതനത്തിന് തന്നെ അർഹതയുണ്ടാവൂ. ഇബ്‌നു അറബി(റ) വിവരിക്കുന്നു: ‘കൂലിവേലയിൽ അധ്വാനത്തെ സമയം കൊണ്ടോ ജോലിയെ ക്ലിപ്തമായ സ്വഭാവ ഗുണം കൊണ്ടോ കണക്കാക്കിയിരിക്കണം. സമയമാണു വ്യവസ്ഥയെങ്കിൽ നിശ്ചിത സമയം ജോലി ചെയ്യണം. വിശേഷണം കൊണ്ട് ക്ലിപ്തപ്പെടുത്തിയതാണെങ്കിൽ അത് പൂർത്തീകരിക്കണം (ടാർജറ്റ് പൂർത്തിയാക്കണം). ഇത് രണ്ടും ഒഴിവാക്കാൻ തൊഴിലാളിക്കവകാശമില്ല. നിശ്ചിത രൂപത്തിൽ അധ്വാനം നിർവഹിച്ചില്ലെങ്കിൽ വേതനത്തിന് അർഹതയുമുണ്ടാവില്ല (അഹ്കാമുൽ ഖുർആൻ).

അധ്വാനിച്ച് നേടുന്ന ധനം കുടുംബത്തെ സംരക്ഷിക്കുന്നതിനായി വിനിയോഗിക്കുന്നതിന്റെ പുണ്യം ഹദീസുകളിൽ ധാരാളം വന്നിട്ടുണ്ട്. ചുരുക്കത്തിൽ, തൊഴിലിന് വേതനവും പുണ്യവും പ്രതിഫലവും ലഭിക്കുന്നു. വേതനമായി ലഭിച്ച പണം സ്വന്തം നിർബന്ധ ബാധ്യതകൾ വീട്ടുന്നതിന് വിനിയോഗിക്കുന്നതിന് പോലും മറ്റൊരു പുണ്യമുണ്ട്. സ്വന്തം കുടുംബത്തിന്റെ ഭക്ഷണം, വസ്ത്രം തുടങ്ങിയവക്കെല്ലാം വിനിയോഗിക്കുന്ന പണം പുണ്യം നേടിത്തരുമെന്നർത്ഥം.

കൈത്തൊഴിൽ

എന്തെങ്കിലും ഉൽപാദിപ്പിക്കുകയോ രൂപഭേദം വരുത്തി ഉപയോഗപ്രദമാക്കുകയോ ചെയ്യുന്ന തൊഴിൽ വിവിധ രൂപത്തിൽ നടത്തപ്പെടാറുണ്ട്. സ്വന്തമായി നടത്തുന്നതിനെക്കുറിച്ച് കൈത്തൊഴിലെന്ന് പറയുന്നു. തനിക്കും അപരർക്കും ഉപയുക്തമായതും ആവശ്യമായതും ഇങ്ങനെ ഉൽപാദിപ്പിക്കുന്നത് ഉദാത്തമായ ഒരു സാമ്പത്തിക പ്രവർത്തനമാണ്. ദുരുദ്ദേശ്യത്തോടെയും അപകടം വരുത്താനും ഉപദ്രവിക്കാനുമാണുൽപാദിപ്പിക്കുന്നതെങ്കിൽ കുറ്റകരമത്രെ. അക്രമിക്ക് ആയുധം നിർമിച്ച് നൽകുന്നത് വലിയ പാതകമാണ്. ജീവിതാവശ്യങ്ങളിലെ ഉപയോഗത്തിന് എന്തെങ്കിലും നിർമിച്ച് നൽകുന്നത് പുണ്യവും. ആ ഉൽപന്നം വിൽപന നടത്തി നേടുന്ന പണം പ്രത്യക്ഷമായ ഗുണമാണെങ്കിൽ വിൽപന വീണ്ടുമൊരു പുണ്യമായിത്തീരുന്നു. ഇവിടെ ഒരു വസ്തുവിന് ഉണ്ടായിരിക്കേണ്ട ശരാശരി ഗുണങ്ങൾ പൂർത്തീകരിക്കാൻ നിർമാതാവ് ബാധ്യസ്ഥനാണ്. കുറവുണ്ടെങ്കിൽ ഉപഭോക്താവിനെ അത് ബോധ്യപ്പെടുത്തേണ്ടതുണ്ട്.

നല്ല ഡിമാന്റുള്ള വസ്തുക്കൾക്ക് ഡ്യൂപ്ലിക്കേറ്റുകൾ നിർമിക്കുന്ന രീതി വ്യാപകമാണല്ലോ. ഒരാൾ ഒരു വസ്തു ചില ഗുണമേന്മകളോടെ നിർമിച്ചാൽ പിന്നെ അത് മറ്റൊരാൾ നിർമിച്ചുകൂടാ എന്നില്ല. പക്ഷേ, ജനപ്രീതിയും സ്വീകാര്യതയും നേടിയ ഒറിജിനൽ തന്നെയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്താൻ വേണ്ടി സാധനം നിർമിക്കുന്നത് പാടില്ല. അതേ സമയം താൻ നിർമിച്ച വസ്തുവിന്റെ യഥാർത്ഥ ഗുണങ്ങളും സ്വഭാവവും വിളംബരപ്പെടുത്തിയാകുന്നത് വിരോധിക്കപ്പെട്ടതുമല്ല. കാരണം രണ്ടും രണ്ടുതരം നിർമിതികളായിരിക്കുമല്ലോ.

കള്ളനോട്ട് നിർമാണം, വിലയേറിയ ലോഹങ്ങളിൽ കൃത്രിമം കാണിക്കുന്ന വേലകൾ, നജസുകൾ ഉപയോഗിച്ച് വസ്തുക്കൾ നിർമിച്ച് വിൽപന നടത്തൽ തുടങ്ങിയവ ഇത്തരം ആശാസ്യമല്ലാത്ത പ്രവൃത്തികളാണ്.

നിർമാണവും ഉൽപാദനവും ഒരു വ്യവസായമെന്ന നിലയിൽ വളർന്നാലും ഉപഭോക്താവ് വഞ്ചിതനാവുന്ന വിധം വസ്തുക്കൾ നിർമിച്ച് വിതരണം നടത്തുന്നത് അവിശുദ്ധമാണ്. മദ്യം നിർമിക്കുക, പ്രതിമകൾ നിർമിക്കുക തുടങ്ങിയവയും കുറ്റകരം തന്നെ.

കൈത്തൊഴിൽ ചെയ്തു ഉപജീവനം നടത്തുന്നതിനെ പ്രവാചകർ(സ്വ) പുകഴ്ത്തിയിട്ടുണ്ട്. മിഖ്ദാം(റ)ൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: കൈത്തൊഴിലിൽ നിന്ന് ഭക്ഷിക്കുന്നതിനേക്കാൾ ഉത്തമമായ ഒരു ഭക്ഷണവും ആരും കഴിച്ചിട്ടില്ല. നിശ്ചയം ദാവൂദ് നബി(അ) കൈത്തൊഴിലെടുത്ത് ജീവിച്ചവരായിരുന്നു (ബുഖാരി). അമ്പിയാക്കളിൽ പലരും വ്യത്യസ്ത തൊഴിലുകൾ ചെയ്തിരുന്നു. ദാവൂദ് നബി(അ) അങ്കി നിർമിച്ചിരുന്നു. നൂഹ് നബി(അ) ആശാരിപ്പണിയും ലുഖ്മാൻ(റ) തുന്നൽ പണിയും ചെയ്തിരുന്നു (ഖുർത്വുബി).

ഉദ്യോഗം

സർക്കാറോ മറ്റു സാമൂഹിക സംവിധാനങ്ങളോ പൊതുജനത്തിനും നാടിനും സേവനം ചെയ്യുന്നതിനായി നിശ്ചയിക്കുന്നവരാണല്ലോ ഉദ്യോഗസ്ഥർ. നിർണിതമായ അധികാരവും നിശ്ചിത ചുമതലകളും അവർക്കുണ്ടാവും. സർക്കാറിന്റെ പൊതുവായതോ പ്രത്യേക വിഭാഗത്തിനുള്ളതോ ആയ നന്മകളും സേവനങ്ങളും നിർദിഷ്ട മാനദണ്ഡങ്ങൾക്ക് വിധേയമായി ചെയ്യുക എന്നതായിരിക്കും അവരുടെ ചുമതല. ഈ ചുമതലാ നിർവഹണത്തിനാണ് അവർ വേതനം പറ്റുന്നത്. വേതനം പറ്റിയാണെങ്കിലും അല്ലെങ്കിലും പൊതുസേവനത്തിനായി നിശ്ചയിക്കപ്പെട്ടവർ അത് കൃത്യമായി നിർവഹിച്ചിരിക്കണം. അലംഭാവം കൊണ്ടോ കൃത്യവിലോപം കൊണ്ടോ അർഹർക്ക് ലഭിക്കേണ്ടത് നഷ്ടമായാൽ ഉത്തരവാദിത്വത്തിൽ നിന്നു ഒഴിവാകുന്നതല്ല.

നിങ്ങളെല്ലാവരും ചുമതലകളും ഉത്തരവാദിത്വങ്ങളുമുള്ളവരാണ്. അത് ആരിലാണോ, എന്തിലാണോ അതിനെക്കുറിച്ച് വിചാരണയുണ്ടാവുമെന്ന് നബി(സ്വ) പഠിപ്പിച്ചു. സേവന വേതന വ്യവസ്ഥയാണെങ്കിൽ സേവനത്തിൽ വീഴ്ച സംഭവിച്ചാൽ വേതനത്തിലുള്ള അവകാശത്തിനെ ബാധിക്കുമെന്നറിയണം. ഏതെങ്കിലുമൊരു അതോറിറ്റിയോ മാനേജ്‌മെന്റോ നിശ്ചയിച്ചേൽപിച്ച ഉത്തരവാദിത്വങ്ങൾ നിർവഹിക്കാതിരുന്നാൽ അതിന്റെ പേരിലുള്ള അവകാശങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ല. രേഖകൾ ശരിപ്പെടുത്തിയാൽ മാത്രം ബാധ്യത തീരുകയില്ല.

അഴിമതി, പക്ഷപാതം, കൈക്കൂലി, അനീതി, അക്രമം തുടങ്ങിയ അരുതായ്മകൾ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് വ്യാപകമാണിന്ന്. അതു കൊണ്ടുണ്ടായിത്തീരുന്ന സങ്കീർണതകളും പ്രതിസന്ധികളും ചെറുതല്ല. ഉത്തരവാദിത്വ നിർവഹണത്തിന് വേതനം പറ്റുന്നവൻ സേവനത്തിന്റെ പൂർണ ഫലങ്ങൾ അർഹർക്കും നിശ്ചിത മേഖലക്കും നഷ്ടമാകും വിധത്തിലോ ന്യൂനത വരുത്തും വിധത്തിലോ നടത്തുന്ന കൃത്രിമം പൊറുക്കപ്പെടുന്നതല്ല. പദ്ധതിയെ അപേക്ഷിച്ച് താൻ പറ്റുന്ന വിഹിതം കുറവാണെങ്കിലും പദ്ധതിയുടെ ഗുണമേന്മ കുറയുന്നതിന് അവ കാരണമാകരുത്. കടുത്ത വഞ്ചന കൂടിയാണിത്.

പൊതുവെ ലഭ്യമാക്കേണ്ടതോ മാനദണ്ഡങ്ങൾക്ക് വിധേയമായി സംവരണം ചെയ്യപ്പെട്ടതോ ആയ അവസരങ്ങൾ സ്വന്തം ഇഷ്ടാനുസരണം ചിലർക്ക് പ്രത്യേകം നൽകുന്ന പക്ഷപാത നിലപാടും കുറ്റകരമാണ്. തന്നെ ഏൽപിച്ച ഉത്തരവാദിത്വ നിർവഹണത്തിന് ഗുണഭോക്താക്കളിൽ നിന്ന് അനധികൃതമായി വല്ലതും പറ്റി അത് നിർവഹിച്ചു കൊടുക്കുന്നതും മഹാപാതകമാണ്. കൈക്കൂലിയായാണ് അത് പരിഗണിക്കുക. ഇത്തരം അവിഹിത സമ്പത്തും സൗകര്യവും അവനെ ശാപത്തിനർഹനാക്കിത്തീർക്കും. അവകാശികളും അർഹരും നീതിപൂർവം സമീപിക്കപ്പെടണമെന്നത് ഏതൊരു പദവിയുടെയും താൽപര്യമാണ്. സാമൂഹിക നീതിയുടെ സംസ്ഥാപനത്തിനായി തന്റെ അധികാര മേഖലയിൽ നീതിനിഷ്ഠ പുലർത്തൽ ഏതൊരു ഉദ്യോഗസ്ഥന്റെയും ബാധ്യതയത്രെ. ഉത്തരവാദിത്വ നിർവഹണത്തിൽ നിന്ന് ഒളിച്ചോടുന്നത് ഗുരുതരമായ തെറ്റാണ്. അധികാരം കയ്യിലെടുത്ത് ഭീതി സൃഷ്ടിക്കരുത്. ഉദ്യോഗസ്ഥരുടെ കീഴിൽ ജനം ഭീതിയിൽ കഴിയുന്ന സാഹചര്യമല്ല സൃഷ്ടിക്കേണ്ടത്. സമാധാനത്തോടെ കഴിയാൻ സാഹചര്യമുണ്ടാവണം. പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുകയുമരുത്.

പൊതുജനത്തിന്റെ ദൈനംദിന ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജനങ്ങൾക്ക് പ്രാപിക്കാൻ സാധിക്കും വിധത്തിൽ സദാ സജീവമാകേണ്ടതാണ്. വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ സുപ്രധാന മേഖലകളിൽ സമയനഷ്ടം, ആരോഗ്യ നഷ്ടം, ജീവഹാനി എന്നിവക്കു കാരണമാവും വിധത്തിലുണ്ടാവുന്ന കൃത്യവിലോപങ്ങൾ മാപ്പർഹിക്കാത്ത കുറ്റങ്ങളാകുന്നു. വിദ്യാർത്ഥികളുടെ പ്രായത്തിനും മാനസികാവസ്ഥക്കും അനുസരിച്ച് തയ്യാറാക്കപ്പെട്ട കരിക്കുലവും നിശ്ചിത പാഠഭാഗവും സമയവും തമ്മിൽ ബന്ധപ്പെട്ടതായിരിക്കും. അവ തമ്മിൽ സമരസപ്പെട്ടു പോവുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മക്കനിവാര്യമാണ്. അതിന് ഭംഗം വരുത്തുന്ന വിധം അധ്യാപകരും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളും അനാസ്ഥ കാണിക്കരുത്.

ജനങ്ങളുടെ വിശ്വാസവും സംതൃപ്തിയും ആർജിക്കാനായ ഉദ്യോഗസ്ഥൻ ഭാഗ്യവാനാണ്. തന്റെ ഭരണീയരുടെ പ്രാർത്ഥനയും സന്തോഷവും അവന് നേടാനാവുന്നു. നീതിമാനായ ഭരണാധികാരിക്ക് പാരത്രികമായി വലിയ സൗഭാഗ്യമുണ്ട്. ഭരണാധികാരിയെ നീതിപൂർവം സഹായിക്കുന്നവനും അതിനനുസൃതമായ പ്രതിഫലം പ്രതീക്ഷിക്കാം. സമൂഹനന്മയിൽ കേന്ദ്രീകൃതമായ നടത്തിപ്പാണ് ഉദ്യോഗസ്ഥനിൽ നിന്നുണ്ടാവേണ്ടത്. ഒരു ചുമതലയിലിരിക്കെ അത് ഭംഗിയായി നിർവഹിക്കാതിരിക്കുന്നതിനെ കുറിച്ച് നബി(സ്വ) ഗൗരവസ്വരത്തിൽ പറഞ്ഞിട്ടുണ്ട്. നസ്വീഹത്ത് അടിസ്ഥാനമായതായിരിക്കണം സേവന മേഖലയും ഉത്തരവാദിത്വ നിർവഹണവും. അല്ലാത്തപക്ഷം പരാജയമാണ് എന്നോർക്കുക.

മഅ്ഖിലുബ്‌നു യസാർ(റ) നിവേദനം. തിരുനബി(സ്വ) പറഞ്ഞു: ‘അല്ലാഹു ഒരാളിൽ ചില ഉത്തരവാദിത്വങ്ങളേൽപ്പിച്ചു. പക്ഷേ, അതിന്റെ നിർവഹണത്തിൽ വീഴ്ച വരുത്തിയാണവൻ മരണപ്പെട്ടത്. എങ്കിൽ അല്ലാഹു അവന് സ്വർഗം നിഷേധിക്കാതിരിക്കില്ല’ (ബുഖാരി). ഇനി ഉത്തരവാദിത്വം നിർവഹിച്ചാലോ അത് വലിയ വിജയത്തിനുള്ള കാരണവുമായിരിക്കും.

അബ്ദുല്ല(റ) നിവേദനം. റസൂൽ(സ്വ) പറഞ്ഞു: ഒരാളെ വിശ്വസിച്ച് ഒരു കാര്യമേൽപ്പിച്ചു. അത് നിറവേറ്റുകയും നിറവേറ്റാതിരിക്കുകയും ചെയ്യാൻ പറ്റിയ സാഹചര്യമാണവന്റേത്. എന്നിട്ടവനത് കൃത്യമായി നിർവഹിച്ചാൽ  അവന് സ്വർഗീയ ഹൂറിയെ അല്ലാഹു ഇണയായി നൽകുന്നതാണ് (മകാരിമുൽ അഖ്‌ലാഖ്).

സാമ്പത്തികമായ ഒട്ടേറെ പ്രവർത്തനങ്ങളും ബാധ്യതകളും മനുഷ്യ ജീവിതത്തിൽ കടന്നുവരും. അതിലെല്ലാം സാമൂഹിക നീതിയും അർഹതകൾ അംഗീകരിക്കുന്നതും ചൂഷണമോ അടിച്ചേൽപ്പിക്കലോ ഇല്ലാത്ത വ്യവസ്ഥകളും നിർദേശങ്ങളുമുണ്ട്. ഭൗതികമായ നേട്ടത്തിനേക്കാൾ ഉന്നതമായതും അതുല്യമായതുമായ പാരത്രിക നേട്ടങ്ങളും പ്രതിഫലങ്ങളും ലഭിക്കുന്നവയാണവ.

ചുരുക്കത്തിൽ, സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ സാമ്പത്തിക പ്രവർത്തനങ്ങളൊന്നും വെറും ഭൗതികമല്ല. വിധിവിലക്കുകളും നിയമവ്യവസ്ഥകളും നിർദേശങ്ങളും പ്രോത്സാഹനങ്ങളാണ്. അവയെ തുടർന്ന് പ്രതിഫലവും ശിക്ഷയുമുണ്ട്. സമ്പത്ത് എങ്ങനെ വിനിയോഗിച്ചു എന്ന ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് വിശ്വസിക്കുന്നവർ വളരെ ജാഗ്രതയോടെയും തത്തുല്യമായ ആവേശത്തോടെയും സാമ്പത്തിക പ്രവർത്തനത്തിന് തയ്യാറാവാതിരിക്കില്ല.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ