വഹാബിസമടക്കമുള്ള ‘മതപരിഷ്‌കരണ’ പ്രസ്ഥാനങ്ങളോട് കേരളത്തിലെ പണ്ഡിതന്‍മാര്‍ 1920-കള്‍ മുതല്‍ അതി നിശിതമായ പോരാട്ടം നടത്തിയത് എത്രമാത്രം ദീര്‍ഘവീക്ഷണത്തോടെയായിരുന്നുവെന്ന് ഇന്ന് വ്യക്തമാകുകയാണ്. പൊതു ബോധത്തിന്റെ അതിക്രൂരമായ ആക്രമണം നേരിട്ടു കൊണ്ടായിരുന്നു അവര്‍ ആ പോരാട്ടം സ്ഥൈര്യത്തോടെ മുന്നോട്ട് കൊണ്ടുപോയത്. നിസ്സാരമായ കര്‍മശാസ്ത്ര നിബന്ധനകളില്‍ കടിച്ചു തൂങ്ങുന്ന താര്‍ക്കികന്‍മാരായി അവര്‍ മുദ്ര കുത്തപ്പെട്ടു. പഴഞ്ചന്‍മാരും വഴക്കമില്ലാത്തവരും ഭാഷാ ശുദ്ധിയില്ലാത്തവരും പൊതു സമൂഹത്തില്‍ ഇസ്‌ലാമിന്റെ മുഖമായി കാണിക്കാന്‍ കൊള്ളാത്തവരും വിദ്യാവിഹീനരും തീവ്രവാദികളുമായി അവര്‍ അപഹസിക്കപ്പെട്ടു. മതത്തിലേക്ക് കാറ്റും വെളിച്ചവും കടക്കുന്നതിന് എതിര് നില്‍ക്കുന്നവരാണ് ഈ പണ്ഡിതന്‍മാരെന്ന് സ്ഥാപിച്ചെടുക്കാന്‍ എഴുത്തുകാരും പത്രപ്രവര്‍ത്തകരും പുരോഗമനവാദികളെന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയക്കാരുമൊക്കെ കൈകോര്‍ത്തു (വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന കഥയില്‍ കുഞ്ഞിപ്പാത്തുമ്മാനെ അടച്ചിട്ട മുറിയുടെ ജനല്‍ തുറന്ന് വെളിച്ചത്തിന്റെ വെളിച്ചം കാണിക്കുന്ന നിസാര്‍ അഹമ്മദ് ഉദാഹരണം). സമുദായ പാര്‍ട്ടിയുടെ പിന്‍ബലത്തോടെ ഈ നുണ പ്രചാരണങ്ങള്‍ക്ക് ഭരണ സംവിധാനം തന്നെ ഉപയോഗിച്ചു. വഹാബിസമെന്ന പ്രത്യയശാസ്ത്രം സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കുന്ന സ്ഥിതി വന്നു. സുന്നി പണ്ഡിതന്‍മാര്‍ക്ക് മുന്നോട്ട് പോകുക ദുഷ്‌കരം തന്നെയായിരുന്നു അന്ന്. എന്നിട്ടും അവര്‍ ആ ദൗത്യം ഉപേക്ഷിച്ചില്ല. ഒരു വിട്ടു വീഴ്ചക്കും അവര്‍ തയ്യാറായതുമില്ല.
ഇന്ന് വഹാബിസത്തിന്റെ എല്ലാ മുഖം മൂടികളും അഴിഞ്ഞു വീഴുകയാണ്. തീവ്രവാദത്തിന്റെ കുത്തൊഴുക്കിലേക്ക് ചാലിട്ടു നില്‍ക്കുന്നു എല്ലാ വഹാബി ഗ്രൂപ്പുകളുമെന്ന് ഇന്ന് പൊതു സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. രാജശാസനകളാല്‍ വഹാബിസത്തിന് രക്ഷാകര്‍തൃത്വമൊരുക്കിയ സഊദിയുടെ ഇളമുറ ഭരണാധികാരി തന്നെ അതിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. തീവ്രവാദത്തിന്റെ സ്വര്‍ഗം തേടിപ്പോയവരെല്ലാം ഒരു നിലയിലല്ലെങ്കില്‍ മറ്റൊരു നിലയില്‍ വഹാബിസവുമായി ബന്ധമുള്ളവരാണെന്നും വ്യക്തമായിരിക്കുകയാണ്. പണ്ട് നിഷ്‌കളങ്കരായ മനുഷ്യരെ അവിശ്വാസികളായി മുദ്രകുത്തി അധിക്ഷേപിക്കാന്‍ കൂട്ടുനിന്ന അതേ പൊതു ബോധം ഇപ്പോള്‍ വഹാബിസത്തിന്റെ ചങ്കിലേക്ക് ചോദ്യശരങ്ങള്‍ പായിക്കുകയാണ്. ഇന്ന് ഈ പ്രതയശാസ്ത്രത്തെ വിചാരണ ചെയ്യുകയെന്നത് യഥാര്‍ത്ഥ മതസംസ്ഥാപനവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമല്ലാതായിരിക്കുന്നു. അത് സമൂഹത്തിന്റെ സമാധാനപരമായ സഹവര്‍ത്തിത്വവുമായി ബന്ധപ്പെട്ട വിഷയമായിത്തീര്‍ന്നിരിക്കുന്നു. ഇന്ന് എല്ലാവരും തിരിച്ചറിയുന്നു, എന്തുകൊണ്ടാണ് പണ്ഡിതന്‍മാര്‍ നാടുനീളെ മൈക്ക് കെട്ടി പ്രസംഗിച്ചതെന്ന്, എന്തിനായിരുന്നു മുഖാമുഖങ്ങളെന്ന്, എന്തിനായിരുന്നു ഖണ്ഡനങ്ങളെന്ന്. തീവ്രവാദത്തിന്റെയും വികലമായ മതരാഷ്ട്ര വാദത്തിന്റെയും കെട്ട വഴിയിലേക്കാണ് യുവാക്കളെ ഇവര്‍ നയിക്കുന്നതെന്ന് പണ്ഡിതന്‍മാര്‍ക്ക് അറിയാമായിരുന്നു. അത്‌കൊണ്ട് നിസ്‌കാരത്തില്‍ കൈ എവിടെ കെട്ടണം, ഖുത്വുബയുടെ ഭാഷയെന്തായിരിക്കണം എന്നൊക്കെ അവര്‍ നിശിതമായി നിഷ്‌കര്‍ഷിച്ചു. അങ്ങനെയാണ് ഈ മതബാഹ്യ പ്രത്യയശാസ്ത്രം ഇവിടെ ന്യൂനാല്‍ ന്യൂനപക്ഷമായത്.
ഫാസിസം അതിന്റെ ഏറ്റവും ക്രൂര ഭാവത്തോടെ ഉദിച്ചു നില്‍ക്കുമ്പോള്‍ വഹാബിസത്തെ വിചാരണ ചെയ്യുന്നത് മൗഢ്യമല്ലേ എന്നാണ് ഇപ്പോഴത്തെ ചോദ്യം. ഉത്തരം വ്യക്തമാണ്. ഫാസിസത്തിന് വഴി മരുന്നിട്ടു കൊടുക്കുന്ന തീവ്രവാദ പ്രവണതയും ബഹുസ്വരവിരുദ്ധതയും ഉള്‍ച്ചേര്‍ന്നിരിക്കുന്നിടത്തോളം ഹിന്ദുത്വ ഫാസിസത്തിനെതിരായ പോരാട്ടം പൂര്‍ണമാകണമെങ്കില്‍ വഹാബിസത്തെ തുറന്ന് കാണിച്ചേ മതിയാകൂ. ഇത് ഇവിടെ മാത്രമല്ല, എവിടെയൊക്കെ മുസ്‌ലിം സമൂഹം തീവ്രവാദത്തിന്റെ പേരില്‍ രാക്ഷസവത്കരിക്കപ്പെടുന്നുണ്ടോ അവിടെയൊക്കെ വഹാബിസത്തിന്റെയോ സലഫിസത്തിന്റെയോ ആശയധാര ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പുകളെ കാണാന്‍ സാധിക്കും. ഇറാഖിലും സിറിയയിലും മനുഷ്യരെ കൊന്നു തള്ളി ലോകത്താകെ പടരുന്നുവെന്ന പ്രതീതി പരത്തിയ ഇസില്‍ തീവ്രവാദികളുടെ ആശയസ്രോതസ്സ് വഹാബിസമാണ്. അല്‍ ഖാഇദയും താലിബാനും വാര്‍ത്തെടുത്ത അച്ച് അത് തന്നെയാണ്. ഫിലിപ്പൈന്‍സില്‍ അബൂസയ്യാഫ് ഗ്രൂപ്പ്. ഈജിപ്തില്‍ അന്‍സാര്‍ അല്‍ ശരീഅ. നൈജീരിയയില്‍ ബോക്കോ ഹറാം. സൊമാലിയയില്‍ അശ്ശബാബ്. സിറിയയില്‍ അന്നുസ്‌റ. മൊറോക്കോയില്‍ സലഫിയ്യ ജിഹാദിയ്യ. പാരമ്പര്യ നിരാസവും മനുഷ്യക്കുരുതിയുമാണ് ഇവയുടെയെല്ലാം അടിസ്ഥാനപരമായ മുഖമുദ്ര. മതത്തില്‍ ബലാത്കാരമില്ലെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുമ്പോള്‍ പുണ്യ കേന്ദ്രങ്ങള്‍ തകര്‍ത്തെറിയാനും നിരപരാധരായ മനുഷ്യരെ പച്ചക്ക് കൊല്ലാനും ഇവര്‍ക്ക് ആശയ പിന്‍ബലം കിട്ടുന്നത് എവിടെ നിന്നാണ്. ഇസ്‌ലാമില്‍ ഒരിടത്തും ഐഡിയോളജിക്കല്‍ വയലന്‍സ് ഇല്ല. വ്യവസ്ഥാപിതമായ രാഷ്ട്ര സംവിധാനം രൂപപ്പെട്ട ശേഷം പ്രതിരോധമെന്ന നിലയിലാണ് ഇസ്‌ലാമിലെ പൊതുവെയുള്ള യുദ്ധങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇബ്‌നു അബ്ദുല്‍ വഹാബ് തന്റെ വികല തത്ത്വശാസ്ത്രം അക്രമാസക്തമായി അടിച്ചേല്‍പ്പിക്കുകയായിരുന്നു. ആയിരക്കണക്കിന് വിശ്വാസികളെ കൊന്നൊടുക്കിയും പാരമ്പര്യ കേന്ദ്രങ്ങള്‍ തകര്‍ത്തെറിഞ്ഞുമാണ് വഹാബിസം സ്ഥാപിച്ചത്. ആ മാതൃക അതേപടി പകര്‍ത്തുകയാണ് ഇസ്‌ലാമിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ തീവ്രവാദ ഗ്രൂപ്പുകളും ചെയ്യുന്നത്.
പാരമ്പര്യ ഇസ്‌ലാം അടിസ്ഥാനപരമായി സാമ്രാജ്യത്വവിരുദ്ധവും പാശ്ചാത്യവിരുദ്ധവുമാണ്. അഥവാ അവര്‍ പ്രതിനിധാനം ചെയ്യുന്ന ദര്‍ശനങ്ങള്‍ക്കെതിരാണ്. എന്നാല്‍ പടിഞ്ഞാറന്‍ മൂല്യബോധത്തിലധിഷ്ഠിതമാണ് വഹാബിസം. അവര്‍ ഇസ്‌ലാമിനെ ശുദ്ധീകരിക്കുന്നുവെന്ന് തോന്നിപ്പിച്ചു. ഖാദിയാനിസത്തെപ്പോലെ അടിസ്ഥാന മൂല്യങ്ങളെ നിരാകരിച്ചില്ല. അങ്ങനെ മുസ്‌ലിം ലോകത്ത് സ്വീകാര്യത ആര്‍ജിച്ചു. പക്ഷേ, ഇസ്‌ലാമിനെ അതിന്റെ സമഗ്രതയില്‍ നിന്നും ഐക്യത്തില്‍ നിന്നും അടര്‍ത്തുകയും പാശ്ചാത്യര്‍ക്ക് വളച്ചൊടിക്കാവുന്ന പരുവത്തിലാക്കി മാറ്റുകയുമാണ് അവര്‍ ചെയ്തത്. അത്‌കൊണ്ടാണ് ഇസ്‌ലാമിന്റെ തെളിച്ചമുള്ള, ആധുനിക മുഖമായി വഹാബിസത്തെയും മൗദൂദിസത്തെയും പല പാശ്ചാത്യ ചിന്തകരും വിശേഷിപ്പിക്കുന്നത്. വഹാബികളുടെ നിയന്ത്രണത്തിലുള്ള അറബ് രാഷ്ട്രങ്ങള്‍ക്ക് പാശ്ചാത്യ മേലാളന്‍മാര്‍ പിന്തുണ നല്‍കുന്നതും അതുകൊണ്ടാണ്. എന്താണ് ഇബ്‌നു അബ്ദുല്‍ വഹാബ് ചെയ്തത്? നാല് ചിന്താധാരകളുടെ സമന്വയമാണ് ഇസ്‌ലാമിക വ്യവസ്ഥ. ഈ നാല് മദ്ഹബുകള്‍ വിശദാംശങ്ങളില്‍ നേര്‍ത്ത വ്യത്യാസങ്ങള്‍ പ്രകടമാക്കിയേക്കാം. പക്ഷേ സത്തയില്‍ വൈരുധ്യമേതുമില്ല. അവ സമ്പൂര്‍ണവും അനിഷേധ്യവുമാണ്. അതിനപ്പുറത്തേക്കുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ഇസ്‌ലാമില്‍ ആവശ്യമില്ല. മദ്ഹബുകള്‍ മുസ്‌ലിംകള്‍ക്കിടയില്‍ വല്ലാത്തൊരു ഐക്യ ബോധം സൃഷ്ടിക്കുന്നുണ്ട്. ഇജ്തിഹാദിന്റെ (ഇന്‍ഡിപെന്‍ഡന്റ് റീസണിംഗിന്റെ) വാതിലുകള്‍ അവ അടയ്ക്കുന്നു. അതുവഴി സാമ്രാജ്യത്വത്തിന്റെ വിഭജിച്ച് ഭരിക്കലിനെ മദ്ഹബുകള്‍ വെല്ലുവിളിക്കുന്നു. ഇത് തിരിച്ചറിഞ്ഞ് സാമ്രാജ്യത്വത്തിന്റെ മുന്‍കൈയില്‍ സ്ഥാപിതമായ മതപരിഷ്‌കരണ നാട്യമാണ് മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ 1700-കളുടെ മധ്യത്തില്‍ സ്ഥാപിതമായ പ്രസ്ഥാനം. പണ്ഡിത നേതൃത്വത്തെ ഒന്നാകെ, സ്രഷ്ടാവിന്റെ ഏകത്വത്തില്‍ പങ്കുചേര്‍ത്തവരെന്ന് മുദ്രകുത്തി അവിശ്വാസികളുടെ പട്ടികയില്‍ പെടുത്തുകയാണ് വഹാബിസം ആദ്യം ചെയ്തത്. ഇതു തന്നെയാണ് സാമ്രാജ്യത്വം കൊതിച്ചതും. അവര്‍ക്ക് തരാതരം ഉപയോഗിക്കാവുന്ന, അപ്പപ്പോള്‍ വളച്ചൊടിക്കാവുന്ന ഒരു ഇസ്‌ലാം വേണമായിരുന്നു. ആ ആവശ്യമാണ് സലഫിസം നിവര്‍ത്തിച്ചു കൊടുത്തത്. ഇസില്‍ സംഘവും അല്‍ഖാഇദയും മറ്റനേകം ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളും അത് തന്നെ ചെയ്യുന്നു.
ഖിലാഫത്ത് പോലുള്ള ഇസ്‌ലാമിക അഭിമാനങ്ങളെ സമര്‍ത്ഥമായി ദുരുപയോഗം ചെയ്തുവെന്നതാണ് ഇസിലിന്റെ പ്രത്യേകത. ഇസ്‌ലാമിന്റെ ഖിലാഫത്തിന് പതിനാല് നൂറ്റാണ്ടിന്റെ തുടര്‍ച്ചയുണ്ടായിരുന്നു. ഓരോ നൂറ്റാണ്ടിലൂടെയും കടന്ന് വരുമ്പോള്‍ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് അത് വികസിച്ചത്. അത് എല്ലാ വൈജാത്യങ്ങളെയും അംഗീകരിക്കുമ്പോള്‍ തന്നെ ഇസ്‌ലാമിന്റെ മഹത്തായ സാഹോദര്യത്തെ ഉദ്‌ഘോഷിച്ചിരുന്നു. മുസ്‌ലിം ഉമ്മത്തിനെ അത് കോര്‍ത്തിണക്കി. രണ്ടാം ലോകമഹായുദ്ധത്തിന്റെ തേര്‍വാഴ്ചയില്‍ ആ ഖിലാഫത്ത് അസ്തമിക്കുമ്പോള്‍ വല്ലാത്തൊരു ഇരുട്ടില്‍ മതാനുയായികള്‍ അകപ്പെട്ടു. ഈ അന്ധതയും മാലക്കണ്ണും മുതലെടുത്ത് ഇസ്‌ലാമിക അധ്യാപനങ്ങളെ വളച്ചൊടിക്കുന്നവരുടെ നിരതന്നെ മുളച്ചുവന്നു. ഈ ഗണത്തിലെ ഏറ്റവും ഒടുവിലത്തെ ഇനമായിരുന്നു ഇസില്‍.
ഇറാഖിലെ ഫല്ലൂജയിലും തിക്‌രീത്തിലുമാണ് ഇസില്‍ തീവ്രവാദി വിഭാഗം ഇന്നത്തെ പേരിലും ലക്ഷ്യത്തിലും ആദ്യം പ്രത്യക്ഷപ്പെട്ടത്. അദ്ദൗല അല്‍ ഇസ്‌ലാമിയ്യ ഫീ ഇറാഖ് വശ്ശാം- (ദായിശ്) എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ച പേര്. പിന്നെ സിറിയയിലെ ഏതാനും പ്രദേശത്ത് കൂടി ആധിപത്യമുറപ്പിച്ചതോടെ ‘ഖിലാഫത്ത്’ പ്രഖ്യാപനം നടത്തുകയും പേര് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) എന്നാക്കി ചുരുക്കുകയും ചെയ്തു. ഈ സംഹാര ശക്തിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസ്സാദ് ആണെന്ന എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ശരിയാകാന്‍ തന്നെയാണ് സാധ്യത. കാരണം അത്രമേല്‍ കൗശലപൂര്‍വമാണ് അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന രാഷ്ട്രീയ പ്രയോഗമായ ഖിലാഫത്ത് എന്ന സംജ്ഞയെ തന്നെ അവര്‍ ദുരുപയോഗിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ആശയവും അവര്‍ പ്രയോഗിച്ചു. അത്‌കൊണ്ടാണ് അല്‍ ഖാഇദയെക്കാള്‍ ഇസില്‍ മാരകമാകുന്നത്. ഇസിലിന്റെ ബീജസങ്കലനത്തില്‍ അമേരിക്കയും കൃത്യമായ പങ്കുവഹിച്ചിരിക്കുമെന്നുറപ്പാണ്. അതിന്റെ വംശീയ സൃഷ്ടിപ്പ് തന്നെയാണ് തെളിവ്. ഇറാഖിലെയും ഇറാനിലെയും സിറിയയിലെയും ഭരണകൂടങ്ങള്‍ ശിയാ വിഭാഗത്തിന്റെ കൈപ്പിടിയിലായതിനാല്‍ സുന്നി വിഭാഗം (കേരളത്തില്‍ പ്രയോഗിക്കുന്ന സുന്നി എന്ന അര്‍ത്ഥത്തിലല്ല, ശിയേതരമായ എന്ന അര്‍ത്ഥത്തില്‍) അനുഭവിക്കുന്ന പാര്‍ശ്വവത്കരണത്തെ കൃത്യമായി അഭിസംബോധന ചെയ്യാന്‍ അബൂബക്കര്‍ ബഗ്ദാദി ശ്രമിക്കുന്നുണ്ട്. മേഖലയില്‍ അമേരിക്ക കാലങ്ങളായി പയറ്റി വരുന്ന വംശീയ വിഭജന തന്ത്രങ്ങളില്‍ ഇസില്‍ സംഘം കക്ഷി ചേരുകയാണ് ചെയ്തത്. ഒരര്‍ത്ഥത്തില്‍ ഇസില്‍ സഘം തളര്‍ച്ചയുടെ ഘട്ടത്തിലാണ്. മറ്റൊരര്‍ത്ഥത്തില്‍ വ്യാപനത്തിന്റെയും. തോല്‍വിയേറ്റുവെന്ന് മാധ്യമങ്ങള്‍ നമ്മോടു പറയുമ്പോഴും ശരി ഇതാണ്. ഇറാഖിലെ റമാദിയില്‍ നിന്നടക്കം തുരത്തെപ്പെട്ട ഇസില്‍ അവിടെ നിലനില്‍പ്പിനായി ഉഴലുകയാണ്. ഈ വിജയത്തിന്റെ ക്രഡിറ്റ് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും ശിയാ ഗ്രൂപ്പുകളാണ് യഥാര്‍ത്ഥത്തില്‍ ഇതില്‍ പ്രധാന പങ്കു വഹിച്ചത്. എന്നുവെച്ചാല്‍ ഇസില്‍ തോല്‍ക്കുമ്പോഴും വംശീയതയില്‍ നിന്ന് ഇറാഖ് മോചിതമാകുന്നില്ല എന്ന് തന്നെയാണര്‍ത്ഥം.
സിറിയയിലെയും ലിബിയയിലെയും അരാജകത്വവും ഇവിടങ്ങളില്‍ നടക്കുന്ന താത്പര്യങ്ങളുടെ സംഘട്ടനവുമാണ് ഇസിലിന്റെ സമ്പൂര്‍ണ പതനം വൈകിപ്പിക്കുന്നത്. സിറിയയില്‍ ബശര്‍ അല്‍ അസദിനെ അധികാരത്തില്‍ സംരക്ഷിച്ചു നിര്‍ത്തുകയെന്നത് റഷ്യയുടെ പ്രഖ്യാപിത നയമാണ്. ബശറിനെ സ്ഥാനഭ്രഷ്ടനാക്കുന്നത് പ്രശ്‌നത്തിന്റെ പരിഹാരമല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമീര്‍ പുടിന്‍ ആവര്‍ത്തിക്കുന്നു. ബശറിന്റെ പിതാവ് ഹാഫിസ് അല്‍ അസദിന്റെ കാലത്തേ മോസ്‌കോ ഈ നയം തന്നെയാണ് തുടര്‍ന്നത്. ഒരര്‍ത്ഥത്തില്‍ അത് ശീത സമര ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. സിറിയയില്‍ ന്യൂനാല്‍ ന്യൂനപക്ഷമായ അലവിയ്യ ശിയാ വിഭാഗത്തില്‍ പെട്ട അസദ് കുടുംബത്തിന് അധികാരത്തില്‍ തുടരാന്‍ സാധിച്ചത് ഇത്തരം ബാഹ്യ സംരക്ഷണം കൊണ്ടായിരുന്നു.
ലിബിയയില്‍ നിന്നും സിറിയയില്‍ നിന്നും കൊള്ളയടിക്കുന്ന എണ്ണ സമ്പത്ത് ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുയായി വൃന്ദം സൃഷ്ടിക്കാനാണ് ഇസില്‍ സംഘം ഇപ്പോള്‍ ശ്രമിക്കുന്നത്. ബംഗ്ലാദേശാണ് ഇതില്‍ ഏറ്റവും പ്രധാനം. ആഭ്യന്തരമായ പ്രതിസന്ധികളില്‍ ഉഴലുന്ന ബംഗ്ലാദേശ് തീവ്ര വികാരങ്ങള്‍ക്ക് നല്ല വേരോട്ടമുള്ള മണ്ണായി മാറിയിരിക്കുകയാണ്. രണ്ട് വസ്തുതകളാണ് ഈ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രത്തെ പ്രധാനമായും പ്രതിസന്ധിയിലാഴ്ത്തുന്നത്. ഒന്ന്, രാജ്യം സെക്യുലര്‍ ആകണോ മതാധിഷ്ഠിതം ആകണോ എന്ന ചര്‍ച്ച. സെക്യുലര്‍ പക്ഷത്താണ് ശേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാര്‍. ഈ നിലപാട് സര്‍ക്കാര്‍ മതവിരുദ്ധമാണെന്ന പ്രചാരണത്തിന് വഴി വെച്ചു. വിവിധ തീവ്രവാദി സംഘങ്ങള്‍ക്ക് തല പൊക്കാനും പിന്തുണ നേടിയെടുക്കാനും ഇത് വഴിയൊരുക്കി. ജമാഅത്തെ ഇസ്‌ലാമി അവസരം നന്നായി മുതലെടുക്കുന്നു. 1971-ലെ വിമോചന സമര കാലത്ത് കൂട്ടക്കുരുതിക്ക് കൂട്ടുനിന്ന ജമാഅത്തെ ഇസ്‌ലാമി നേതാക്കളുടെ വിചാരണയാണ് ബംഗ്ലാദേശിനെ പിടിച്ചുലക്കുന്ന രണ്ടാമത്തെ പ്രശ്‌നം. അന്ന് പാക് പക്ഷം ചേര്‍ന്ന് കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ജമാഅത്ത് നേതാക്കളില്‍ പലര്‍ക്കും യുദ്ധ ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചു. നിരവധി നേതാക്കള്‍ ജയിലിലായി. ഓരോ വിധിയും രാജ്യത്ത് വന്‍ കലാപങ്ങള്‍ക്കാണ് വഴിവെക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയും ബി എന്‍ പിയും ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യം അക്രമാസക്ത പ്രക്ഷോഭത്തിലേക്ക് രാജ്യത്തെ തള്ളിവിടുമ്പോള്‍ സര്‍ക്കാര്‍ സംവിധാനം നോക്കുകുത്തിയാകുന്നു. ഈ പഴുതിലൂടെയാണ് ജമാഅത്തെ മുജാഹിദ് പോലുള്ള ഇസില്‍ അനുബന്ധ ഗ്രൂപ്പുകള്‍ രംഗം കൈയടക്കുന്നത്. ബംഗ്ലാദേശില്‍ ഊന്നി നിന്നു കൊണ്ട് ഇന്തോനേഷ്യയിലേക്കും മലേഷ്യയിലേക്കും ഫിലിപ്പൈന്‍സിലേക്കും തീവ്രവാദികള്‍ കടന്നു കയറുമ്പോള്‍ ഇന്ത്യയില്‍ ഭീതി പടരുക സ്വാഭാവികമാണ്. ഈ സാഹചര്യത്തില്‍ വേണം സാക്കിര്‍ നായിക്ക് വിവാദവും കേരളത്തില്‍ നിന്നുള്ള യുവാക്കളുടെ തിരോധാനവും വിലയിരുത്തേണ്ടത്. ഈ സംഭവങ്ങളെ ഫാസിസ്റ്റ് ശക്തികള്‍ അതിവിദഗ്ധമായി ഉപയോഗിക്കുന്നുണ്ടെന്ന് കാണണം. മതേതര പാര്‍ട്ടികള്‍ കൃത്യമായി നിലപാടെടുക്കുന്നുണ്ടെങ്കിലും ഈ കൂട്ടക്കുഴപ്പങ്ങള്‍ മാരകമായ വംശീയ വിഭജനം സൃഷ്ടിക്കുമെന്നത് കാണാതിരുന്നു കൂടാ.
ഇസ്‌ലാമിക ആശയങ്ങളെ എങ്ങനെയാണ് തീവ്രവാദികള്‍ ചൂഷണോപാധിയായി ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ ‘പ്രവാചക സ്‌നേഹം’. നബിനിന്ദാ കാര്‍ട്ടൂണുകളോടും ക്ഷുദ്ര സിനിമകളോടും അവര്‍ നടത്തിയ അക്രമാസക്ത പ്രതികരണത്തിന്റെ ലക്ഷ്യമെന്തായിരുന്നു? ഭീകരവാദഗ്രൂപ്പുകളിലേക്ക് ആളെക്കൂട്ടുക തന്നെ. ഒരു യഥാര്‍ത്ഥ മുസ്‌ലിം പ്രവാചകരോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത് മനുഷ്യരുടെ കൈവെട്ടിയും തലവെട്ടിയുമല്ലല്ലോ. നബിനിന്ദാ കാര്‍ട്ടൂണുകള്‍ക്കും ഇന്നസന്‍സ് പോലുള്ള സിനിമകള്‍ക്കും വാറോല സാഹിത്യങ്ങള്‍ക്കും യഥാര്‍ത്ഥ വിശ്വാസിയുടെ മനസ്സില്‍ ഒരു സ്വാധീനവും ഉണ്ടാക്കാനാകില്ല. അവരുടെ പ്രവാചക പ്രേമം അത്രമേല്‍ ശക്തവും ദൃഢവുമാണ്. പിന്നെ ആരെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. അക്രമാസക്ത പ്രതികരണങ്ങള്‍ തന്നെ. അപ്പോള്‍ നബിനിന്ദ നടത്തുന്നവരും അതിനെതിരെയെന്ന പേരില്‍ തോക്കെടുക്കുന്നവരും ഒരേ പോലെ സാമ്രാജ്യത്വത്തെ സേവിക്കുന്നു.
അതുകൊണ്ട് ഫാസിസത്തെയും തീവ്രവാദ പ്രവണതകളെയും ഒരുപോലെ പ്രതിരോധിക്കുന്ന തരത്തിലുള്ള ശക്തമായ ആശയ പ്രചാരണം നടക്കേണ്ടിയിരിക്കുന്നു. കാരണം ഇവ രണ്ടും പരസ്പര പൂരകമാണ്. മതപരിഷ്‌കരണ വാദത്തെയും തീവ്രവാദത്തെയും എതിര്‍ക്കുന്നത് സംഘ് ഫാസിസത്തിനെതിരായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിലയിരുത്തണം. ഈ ആശയപ്രചാരണത്തില്‍ സലഫിസത്തെയും മൗദൂദിസത്തെയും ഒരുപോലെ തുറന്ന് കാണിക്കേണ്ടതുണ്ട്. ഈ രണ്ട് ആശയധാരകളും തീവ്രവാദത്തിന്റെ പേരില്‍ പരസ്പരം പഴിചാരുകയാണ്. സ്വയം കുറ്റവിമുക്തരാകുന്ന ഇക്കൂട്ടരുടെ വാദഗതികള്‍ അപ്പടി നിരത്തിയാല്‍ തന്നെ ഇവ രണ്ടും എത്രമാത്രം അപകടകരമാണെന്ന് പൊതു സമൂഹത്തിന് വ്യക്തമാകും. പുറപ്പെട്ടു പോകാന്‍ മാത്രം ബഹുസ്വര സമൂഹം ഇവര്‍ക്ക് അസഹ്യമാകുമ്പോള്‍ അവരുടെ പ്രത്യയ ശാസ്ത്രം എത്ര അപകടകരമാണ്? പണ്ഡിതരുടെ മുഖത്ത് നിന്നുള്ളതാണ് അറിവെന്ന് പരമ്പരാഗത മുസ്‌ലിംകള്‍ പണ്ടേ പറഞ്ഞു. അക്ഷര വായന അപകടകരമാണെന്നും. അന്ന് വഹാബികളും മൗദൂദിസ്റ്റുകളും പറഞ്ഞത് പൗരോഹിത്യത്തിന്റെ വയറ്റിപ്പിഴപ്പിനാണെന്നായിരുന്നു. ഇന്നിപ്പോള്‍ അവര്‍ തന്നെ പറയുന്നു: അക്ഷര പൂജയാണ് പ്രശ്‌നമെന്ന്.
മതത്തിന്റെ തനതായ ഭാവം പൊതുസമൂഹത്തില്‍ ഉറക്കെ പറയുകയെന്നത് മാത്രമാണ് തീവ്രവാദ പ്രവണതകള്‍ക്കെതിരായ യഥാര്‍ത്ഥ പ്രതിരോധം. കുട്ടികള്‍ മതത്തെ എങ്ങനെ കാണുന്നുവെന്ന് രക്ഷിതാക്കള്‍ നിരന്തരം നോക്കണം. അവര്‍ സിനിമ കാണുന്നുണ്ടോ/ മദ്യപിക്കുന്നുണ്ടോ/ സിഗരറ്റ് വലിക്കുന്നുണ്ടോ എന്നൊക്കെ നാം അന്വേഷിക്കും. എന്നാല്‍ പുതിയ കാലത്ത് ചില കാര്യങ്ങള്‍ കൂടി നോക്കണം. അവന്‍ പഠിക്കുന്ന/ അനുവര്‍ത്തിക്കുന്ന മതം എന്താണ്? മതരംഗത്ത് അവന്‍ ആരെയാണ് പിന്‍പറ്റുന്നത്? ഓണ്‍ലൈനില്‍ നിന്ന് മതം പഠിക്കുന്നുണ്ടോ? പള്ളികളിലും മതചടങ്ങുകളിലും അവന്‍ ഏത് കൂട്ടത്തിലാണ്?
ഫയാസിനെ ഓര്‍മയില്ലേ, കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വാര്‍ത്തകളില്‍ വന്നത്. അവന്റെ ഉമ്മ മകന്റെ മയ്യിത്ത് പോലും കാണേണ്ടെന്ന് പറഞ്ഞു. അന്ന് സമുദായപാര്‍ട്ടിയുടെ സമുന്നതനായ നേതാവടക്കം പറഞ്ഞത് ആ ഉമ്മ മതേതരത്വത്തിന്റെ ഉന്നത മാതൃകയാണെന്നായിരുന്നു. സത്യത്തില്‍ ഗതികേടുകൊണ്ടാണ് ആ ഉമ്മ മകന്റെ മയ്യിത്തിനെ പോലും നിഷേധിച്ചത്.
ഇതൊരു അനുഭവമാണ്. എന്‍ ഐ എ കുടുക്കിയെന്നൊന്നും പറഞ്ഞിട്ട് കാര്യമുണ്ടാകില്ല. തുടക്കത്തില്‍ കണ്ണീരൊഴുക്കാനും പ്രസ്താവനയിറക്കാനും ആളുണ്ടാകും. ആളും ആരവവുമൊഴിയുമ്പോള്‍ നമ്മള്‍ മാത്രമേ ഉണ്ടാകൂ. പെട്ടുപോയാല്‍ പെട്ടത് തന്നെ. എന്റെ കുട്ടി അങ്ങനെയൊന്നുമാകില്ലെന്ന് ഉമ്മമാരും ഉപ്പമാരും കണ്ണീരിനിടയിലൂടെ പറയാറുണ്ട്. അങ്ങനെയൊന്നുമാകുന്നത് നമ്മളറിഞ്ഞില്ലെന്നതായിരിക്കും സത്യം. നമ്മളറിയണം അവന്‍ എന്താണ് ആകുന്നതെന്ന്. അവന്റെ ഭക്തിയുടെ അര്‍ത്ഥമെന്തെന്ന്.
മതത്തെ കുറിച്ച് മക്കള്‍ പങ്കുവെക്കുന്ന ആശയങ്ങള്‍ക്ക് ചെവി കൊടുക്കണം. അതില്‍ അപകടം മണക്കുന്നുണ്ടോ എന്ന് നോക്കണം. ശരിയായ മതം അവന് പറഞ്ഞ് കൊടുക്കണം. അതിനുള്ള അറിവില്ലെങ്കില്‍ യഥാര്‍ത്ഥ അറിവുള്ളവരുടെ അടുത്ത് അവനെ ഏല്‍പ്പിക്കണം.
ഇസ്‌ലാമിക മൂല്യങ്ങളെയും സംജ്ഞകളെയും പരികല്‍പ്പനകളെയും വളച്ചൊടിച്ച് ലോകത്തെ ഭീതിയുടെ നിഴലില്‍ തളച്ചിടുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം തുറന്ന് കാണിക്കപ്പെടണം. ഇവര്‍ പ്രതിനിധാനം ചെയ്യുന്നത് ഇസ്‌ലാമിനെയല്ല; ഇസ്‌ലാം വിരുദ്ധരെയാണ്. ഇവരുടെ ആശയ സ്രോതസ്സുകളായ നിയോ സലഫിസവും മൗദൂദിസവും മുന്നോട്ട് വെക്കുന്നതല്ല ഇസ്‌ലാമിന്റെ രാഷ്ട്രീയമെന്ന് ഉറക്കെ പറയണം. പാരമ്പര്യ ഇസ്‌ലാമിനെ ആധുനികമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് ലോകത്തിന് മുന്നില്‍ ഫലപ്രദമായി വിനിമയം ചെയ്യണം. അതിനുള്ള ഭാഷയും രീതിയും ആവിഷ്‌കരിക്കണം. അപ്പോള്‍ മതപരിഷ്‌കരണ നാട്യക്കാരോടുള്ള പോരാട്ടം സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായും തീവ്രവാദവിരുദ്ധ പോരാട്ടമായും പരിണമിക്കും.