അഭിനയത്തിലധിഷ്ഠിതമായ കല എന്ന നിലയിൽ സിനിമയുടെ ചേരുവകൾ ആകർഷകവും മധുരിതവുമായിരിക്കും. ചലചിത്രത്തിന്റെ ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടുന്നവയൊന്നും അതിനെ ന്യായീകരിക്കാൻ പര്യാപ്തമായതല്ലെന്നതാണ് വാസ്തവം. കാരണം പൂർണ ഗുണാധിഷ്ഠിതമായ ഒന്നും അത് സംഭാവന ചെയ്തിട്ടില്ല.
സിനിമക്ക് ലഭിക്കുന്ന സ്വീകാര്യതയും ആകർഷണീയതയും മൂലം അതിനെ പ്രബോധനത്തിനുള്ള മാർഗമാക്കാമോ എന്ന ചിന്ത ചിലരെ നേരത്തേതന്നെ പിടികൂടിയിട്ടുണ്ട്. സിനിമയും നാടകവും അവകളിലെ അഭിനയവും ഭാവാവിഷ്കാരവും പ്രബോധനത്തിനുപയോഗിക്കാമെന്ന് മുസ്ലിം ബ്രദർഹുഡ് ദശാബ്ദങ്ങൾക്കു മുമ്പേ ഫത്വ നൽകിയിട്ടുമുണ്ട്. അതിന്റെ ചുവടുപിടിച്ച് കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയും തുടർന്ന് മറ്റു ചില സംഘടനകളും സിനിമ-നാടകങ്ങളുമായി രംഗത്തുവരികയുണ്ടായി. പരിഷ്കൃത സമൂഹത്തിൽ സ്വീകാര്യത നേടിയ ഈ കലാരൂപത്തെ മാറ്റിനിർത്തിയാൽ ഇസ്ലാമിന്റെ കാലികതക്ക് ഉടവു(?) തട്ടുമോ എന്ന ആശങ്ക പിടികൂടിയ ഇസ്ലാമിസ്റ്റ് പുരോഗമനവാദികളും സിനിമയുടെ പിറകെ കൂടി.
വിശുദ്ധ ഖുർആനിലും തിരു സുന്നത്തിലും സിനിമ ഹറാമാണെന്ന് പറഞ്ഞു കാണുന്നില്ല എന്നാണിവരുടെയെല്ലാം പിടിവള്ളി. ഇതുപോലെ പർദ എന്ന പദം ഖുർആനിലില്ലാത്തതിനാൽ പുരോഹിതന്മാർ കൂട്ടിച്ചേർത്തതാണ് സ്ത്രീകളുടെ ഇസ്ലാമിക വസ്ത്ര നിയമം എന്നും ചിലർ പറയാറുണ്ട്. ഈ രണ്ടു പദങ്ങളും അറബിയല്ലെന്ന ബോധം പോലും അന്ധവിമർശകർ കാണിക്കാറില്ല.
ഒരു കാര്യത്തിന് നിയമസാധുത നൽകുന്നത് പ്രമാണമാണ്. അല്ലാതെ അക്കാര്യം വ്യാപകമാണെന്നതും പൊതു സ്വീകാര്യതയുണ്ടെന്നതു കൊണ്ടും മാത്രം അതു പ്രാമാണികമാകില്ല. ആവിഷ്കാരവും അഭിനയവും ആസ്വാദനവും വ്യക്തിയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായിരിക്കാം. എന്നാൽ സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം മത-ധാർമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം സ്വീകരണവും നിരാസവും.
പെൺപങ്കാളിത്തം സിനിമക്കനിവാര്യമാണെന്ന് സിനിമാ വാദികളായ ഇസ്ലാമിസ്റ്റുകൾ വരെ പറയുന്നതാണ്. ആണും പെണ്ണും ഇടകലർന്നു നടത്തുന്ന ഒരു നടനകലയെ ഒരിക്കലും ഇസ്ലാമിക പശ്ചാത്തലത്തിൽ മഹത്ത്വവൽക്കരിക്കാനാവില്ല. ആണും പെണ്ണും കൂടിക്കലരുന്ന ഒരു രംഗത്തെയും ഇസ്ലാം നിരുപാധികം അംഗീകരിക്കുന്നില്ല. ഇടകലരുന്നതിനെ മാത്രമല്ല, അതിന് സാഹചര്യമൊരുങ്ങുന്നതിനെയും ഇസ്ലാം നിയന്ത്രിച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അത്യുദാരമായ ആൺ-പെൺ സമ്പർക്കങ്ങൾ നടക്കുന്ന സിനിമയെ ഒരു കേവല കലാരൂപം മാത്രമെന്ന നിലയിൽ പരിഗണിക്കാനാവില്ല.
സ്വന്തം വ്യക്തിത്വത്തിന് പ്രൗഢിപകരുന്ന വേഷവിധാനം സൗന്ദര്യ വിചാരത്തിന്റെ ഭാഗമാണ്. ഔറത്ത് മറയുന്നുവെങ്കിൽ ഇസ്ലാം അത് വിലക്കുന്നില്ല. എന്നാൽ സിനിമയിലെ മേക്കപ്പുകൾ, വസ്ത്രാലങ്കാരങ്ങൾ പ്രൗഢിക്കല്ല, വശീകരണത്തിനാണെന്ന് ആർക്കുമറിയാം.
കഥാപാത്രത്തിനനുസരിച്ച വേഷഭൂഷാദികളാണ് നടീനടന്മാരെ ശ്രദ്ധേയരാക്കുന്നത്. കഥാപാത്രത്തെയാണല്ലോ അഭിനേതാവ് അവതരിപ്പിക്കുന്നത്. ഹാസ്യം, പരിഹാസം, നൃത്തം, സംഗീതം തുടങ്ങിയവക്കനുയോജ്യമായ വസ്ത്രധാരണം സിനിമകളിലും മറ്റു നടനകലകളിലും അനിവാര്യമാണ്. സ്വന്തം മതവും സംസ്കാരവും ഇതിന് പ്രതിബന്ധമായിക്കൂടാ എന്നതാണ് നടപ്പുവ്യവസ്ഥ. വസ്ത്രാലങ്കാരത്തിന്റെ പരിധിയിൽ സാധൂകരണം നേടാൻ സിനിമാ വേഷങ്ങൾക്കാവില്ല എന്ന് മനസ്സിലാക്കാൻ ചുമർ ചിത്രങ്ങൾ കണ്ടാൽ തന്നെ ബോധ്യമാവും.
തിരക്കഥയും ഇതിവൃത്തവും രൂപപ്പെടുന്നത് നിർമാതാവിന്റെ താൽപര്യം പോലെയാണ്. കച്ചവട താൽപര്യത്തിനപ്പുറം ഒരു ജനപ്രിയ കല എന്ന പരിഗണന നൽകി അതിനെ മാന്യവൽക്കരിക്കുന്നതിന് സിനിമക്കാർ തയ്യാറല്ല. മതവും മതചിഹ്നങ്ങളും മതവിശ്വാസികളും അനുകൂലമായും പ്രതികൂലമായും സിനിമാ വ്യവസായത്തിന്റെ ഭാഗമായി അഭ്രപാളിയിൽ കാണിക്കപ്പെടും. നിർമാതാവിനു മുടക്കിയതു പതിന്മടങ്ങു ലാഭമായി തിരിച്ചുകിട്ടണമെങ്കിൽ സിനിമാ കൊട്ടകളിൽ ജനം തള്ളിക്കയറി കാണണം. അതിനുള്ള ചേരുവകൾ കാണിക്കാൻ സംവിധായകൻ നിർബന്ധതിനാണ്. അത് യഥാർത്ഥ്യത്തോട് നീതി പുലർത്തിക്കൊള്ളണമെന്നൊന്നുമില്ല. ലാഭത്തോടാണ് അയാൾക്കു പ്രതിബദ്ധതയുണ്ടാവുക. ഇതിനാലാണ് സ്ത്രീ കഥാപാത്രത്തിന്റെ വസ്ത്രം വലുപ്പം കുറയുന്നതും പ്രദർശനപരത വർധിക്കുന്നതും, ഐറ്റം നമ്പറെന്ന പേരിൽ അൽപവസ്ത്ര ധാരികളുടെ നൃത്തരംഗം കൂട്ടിച്ചേർക്കുന്നതും ‘മസാല’വത്കരിക്കുന്നതും അത്തരം അഭിരുചിക്കാരെ തൃപ്തിപ്പെടുത്തിയാലേ വ്യവസായം മുന്നോട്ടുപോകൂ എന്നതു കൊണ്ടാണ്. പക്ഷേ, ഇതൊന്നും വിശ്വാസിക്ക് അംഗീകരിക്കാനാകില്ലെന്നു വ്യക്തം.
ചുരുക്കത്തിൽ മുസ്ലിമിന്റെ സംസ്കാരത്തിനിണങ്ങിയ വസ്ത്രധാരണ രീതികൾക്ക് പരിഗണന നൽകാൻ സിനിമക്കു കഴിയില്ല. ശ്ലീലതയുടെ പരിധി കടന്ന ആഭാസവേഷങ്ങൾ സ്വീകരിക്കാൻ തയ്യാറാവുന്നവർക്ക് ഈ കലയിൽ പണവും മാർക്കറ്റും കൂടുതലാണ്. എത്രയധികം ഗ്ലാമറസ്സാകാൻ സാധിക്കുമോ എന്നതാണ് സാമ്പത്തിക-പ്രശസ്തി സംബന്ധ അളവുകോൽ. ബോക്സ് ഓഫീസ് ഹിറ്റാകുന്നതപ്പോഴാണ്. വ്യക്തിത്വത്തിനും അന്തസ്സിനും നിരക്കുന്ന വേഷം വലിച്ചെറിയുന്നവരുടെ നടനവൈകൃതങ്ങളാണ് സിനിമ കാണിക്കുന്നത്. സിനിമ ഇങ്ങനെയായതിന് സിനിമക്കാരെ മാത്രം ആക്ഷേപിക്കേണ്ടതില്ല. കാരണം കലയെന്നതിനപ്പുറം ഒരു വ്യവസായമായി അതിനെ മാറ്റിപ്പണിതവരാണ് പ്രഥമ ഉത്തരവാദികൾ. ഫാൻസ് അസോസിയേഷനുകളുണ്ടാക്കിയവരും കണ്ടു വിജയിപ്പിച്ചവരും പ്രതിപ്പട്ടികയിൽ രണ്ടാമതു വരുന്നു.
വസ്ത്രധാരണത്തിൽ കൃത്യമായ നിലപാടുള്ള മതമാണിസ്ലാം. മനുഷ്യന്റെ സാംസ്കാരികവും സദാചാരപരവുമായ വ്യക്തിത്വം പ്രകടിപ്പിക്കുന്ന വസ്ത്ര നിയമങ്ങളാണതിലുള്ളത്. സ്ത്രീയും പുരുഷനും എങ്ങനെ, എന്ത് ധരിക്കണമെന്ന നിയമ വ്യവസ്ഥ മതത്തിനുണ്ട്. ഇവ പരിഗണിച്ച് കൊണ്ട് ഏതായാലും ഒരു സിനിമ സാധ്യമാകില്ല. മറ്റൊരു സംസ്കാരത്തിന്റെയോ മതത്തിന്റെയോ വേഷം മുസ്ലിമിനു സ്വീകരിക്കാവതല്ല പുരുഷൻ സ്ത്രീയുടെയും സ്ത്രീ പുരുഷന്റെയും വസ്ത്രം ധരിക്കുന്നതും ആശാസ്യമല്ല. വളരെ ഗൗരവത്തോടെ ഇതിനെതിരെ ഇസ്ലാം താക്കീത് നൽകിയിട്ടുണ്ട്. അത്തരക്കാർ ശപിക്കപ്പെട്ടവരാണെന്നാണ് ഹദീസ് പാഠം. മറക്കേണ്ട ഭാഗം വെളിവാക്കുന്നതിന്റെ ഗൗരവം ഇതിനു പുറമെയാണ്. വസ്ത്രധാരണത്തിന് ഇസ്ലാം നിശ്ചയിച്ച നിയമ വ്യവസ്ഥകളൊന്നും പാലിക്കാത്ത കല എന്ന നിലയിൽ തന്നെ സിനിമ സത്യവിശ്വാസിക്കന്യമാണ്.
തിരക്കഥയും അതിലെ സംഭാഷണങ്ങളും അഭിനേതാവിനെക്കൊണ്ട് പലതും ചെയ്യിക്കും, പറയിക്കും. സിനിമയുടെ ലോകത്തെത്തുന്നതോടെ നാണവും മാനവും സംസ്കാരവും വിശ്വാസവും മാറ്റിവെച്ച് സർവസ്വതന്ത്രനായിത്തീരാൻ അവൻ/അവൾ നിർബന്ധിതരാണ്. അവിടെ സ്വന്തം വ്യക്തിത്വത്തിന് പരിഗണനയില്ല. ക്യാമറ ഓണായാൽ കഥാപാത്രത്തിനൊത്ത ജീവിതമാണ്. മറ്റുള്ളവരെ ഏറെ നോവിക്കുന്ന പ്രമേയങ്ങൾ കൂടുതൽ സ്വീകാര്യമാവും. പ്രണയവർണങ്ങൾ വിരിയിച്ചും വിരചിച്ചുമുള്ള നടനങ്ങളും ഭാഷകളും താടി, മുടി വെട്ടുന്ന രീതികളും പുതുതലമുറ നന്നായി ഏറ്റെടുക്കുന്നുവെന്ന് സാഹചര്യം ബോധ്യപ്പെടുത്തുന്നു.
നൃത്തവും സംഗീതവും സിനിമയിലെ പ്രധാന ഘടകങ്ങളാണ്. കാമുകീ കാമുകന്മാരായ അഭിനേതാക്കളുടെ പ്രണയം മൊട്ടിടുന്നതു മുതൽ അതിന്റെ പരിണതിയുടെ എല്ലാ ഘട്ടങ്ങളും ചിത്രീകരിക്കപ്പെടും. ശൂന്യവും നിർമലവുമായ ഒരു പ്രേക്ഷക മനസ്സിൽ പ്രണയ സങ്കൽപം മൊട്ടിടാൻ പര്യാപ്തമായിരിക്കുമത്. മതവും ജാതിയുമില്ലാത്തതും അതിർവരമ്പുകളില്ലാത്തതും കുടുംബത്തെയും സമൂഹത്തെയും ധിക്കരിക്കുന്നതുമായ പ്രണയപാഠങ്ങൾ കാഴ്ചക്കാരിൽ സ്വാധീനമുണ്ടാകുന്നു.
തിന്മയുടെ വിത്ത് വിതക്കുന്ന രംഗങ്ങളാണ് കൂടുതലും. പുതിയ തരംഗമായി മാറിയ ഹോം സിനിമകളും ഇത്തരം തിന്മ പ്രോത്സാഹിപ്പിക്കുന്നു. നായികാ നായകന്മാർ, പ്രധാന അഭിനേതാക്കൾ ചെയ്യുന്ന തിന്മകൾ പലതും സമൂഹത്തിൽ പടരുന്നതിന്റെ ഉദാഹരണങ്ങളനവധി പറയാനാവും.
സിനിമയെ കേവലം ഒരു കലാരൂപമെന്ന നിലയിൽ കാണുന്നതിന് പകരം അതിലെ ചേരുവകൾ വിലയിരുത്തിയാണ് വിധി പറയേണ്ടത്. ജനപ്രിയവും സ്വീകാര്യവുമായ ഒരു കലയെ നാം മാറ്റി നിർത്തുകയും നമ്മൾ മാറിനിൽക്കുകയും ചെയ്തുകൂടാ എന്ന് ലാഘവത്തോടെ തീരുമാനമെടുത്തുകൂടാ. കേവലമായ ഒരു വിനോദമല്ല എന്ന നിലയിലേ വിശ്വാസികൾക്ക് സിനിമയെ കാണാൻ പറ്റൂ. അതിന് വ്യക്തമായ കാരണങ്ങളുണ്ട്.
മറ്റൊരാളെ നിന്ദിച്ചും പരിഹസിച്ചും നടത്തുന്ന ഭാവ പ്രകടനം നിഷിദ്ധമായ പരദൂഷണത്തിന്റെ പരിധിയിലാണുൾപ്പെടുക. ഇമാം നവവി(റ) ഗീബത്തിനെ നിർവചിച്ചു പറഞ്ഞു: ‘വാക്കാലോ പ്രവൃത്തിയാലോ സൂചനയാലോ കണ്ണ്, കൈ, കാൽ തുടങ്ങിയവയാലുള്ള ആംഗ്യം കൊണ്ടോ ചൂണ്ടിക്കാണിക്കൽ കൊണ്ടോ നിന്റെ സഹോദരനിഷ്ടമില്ലാത്തത് അവനെക്കുറിച്ച് പ്രദർശിപ്പിക്കുന്നതും ഗീബത്താണ്. അപരന് സഹോദരന്റെ ന്യൂനതകൾ ധരിപ്പിക്കുന്നതും നിഷിദ്ധമായ പരദൂഷണം തന്നെ. ഞൊണ്ടി നടന്നോ പ്രത്യേകമായ രീതിയിൽ തല താഴ്ത്തിയോ മറ്റോ പരിഹസിച്ചു കാണിക്കുന്നതും ഗീബത്തിൽ പെട്ടതാണ്’ (തുഹ്ഫതുൽ അഹ്വദി).
ഹാസ്യവും തമാശയും സിനിമകളിൽ മുഖ്യ ഇനമാണ്. അതിനെക്കുറിച്ച് ഇസ്ലാമിന്റെ നിലപാട് പ്രധാനമാണ്. തമാശ പറയുന്നതിനെ ഇസ്ലാം പാടെ വിലക്കുന്നില്ലെങ്കിലും പരിധി നിശ്ചയിച്ചിട്ടുണ്ട്. അതു നൽകുന്ന മാനസികോല്ലാസം അവഗണിക്കപ്പെടേണ്ടതല്ല. അതിനാലത് സുന്നത്തായ രംഗങ്ങൾ വരെയുണ്ട്. ഇബ്നുഹജർ(റ) തമാശയെക്കുറിച്ച് വിവരിക്കുന്നു: ‘തമാശയിൽ വല്ല ഗുണവുമുണ്ടെങ്കിൽ അഥവാ അതുകൊണ്ട് സംബോധിതന് മനഃസംതൃപ്തിയും ആശ്വാസവും ലഭിക്കുമെങ്കിൽ സുന്നത്തായിത്തീരും. എന്നാൽ അതിൽ നിരന്തരം ഏർപ്പെടുന്നതും അതിരുവിടുന്നതും മോശമാണ്. കാരണം, അല്ലാഹുവിന്റെ ദിക്റിനും മതകാര്യങ്ങൾ ചിന്തിക്കുന്നതിനും അതു തടസ്സമാവും. മനസ്സിനെ അത് കടുത്തതാക്കിത്തീർക്കും. മറ്റുള്ളവരോട് അസഹിഷ്ണുത ഉണ്ടാക്കുകയും ചെയ്യും. വ്യക്തിഗാംഭീര്യതയും ആദരണീയതയും നശിപ്പിക്കും’ (ഫത്ഹുൽബാരി).
നബി(സ്വ)യിൽ നിന്നും സ്വഹാബികളിൽ നിന്നും ഉദ്ധരിക്കപ്പെട്ട തമാശ രംഗങ്ങൾ കേവലം ഹാസ്യം എന്ന നിലക്കായിരുന്നില്ല. മറിച്ച് സഹചരരുടെ അവസ്ഥയറിഞ്ഞ് തിരുനബി(സ്വ) നടത്തിയതായിരുന്നു അവയെന്ന് ഇമാം ഗസ്സാലി(റ) പറയുന്നു. മാത്രമല്ല, അവയൊന്നും അസത്യമോ അസംബന്ധമോ ഗീബത്തോ ഉള്ളടങ്ങിയതായിരുന്നുമില്ല.
ഖുർആനിലും ഹദീസിലും വന്നിട്ടുള്ള മലക്കുകളുടെ ആഗമനം പോലുള്ള ചില സംഭവങ്ങൾ ഭാവാഭിനയങ്ങൾക്കു ന്യായമായി കാണുന്നത് ശരിയല്ല. കാരണം അവരെ അവ്വിധം നിയോഗിച്ചത് അല്ലാഹുവാണ്. നാഥന്റെ പ്രത്യേക സൃഷ്ടികളായ മലക്കുകളുടെ സവിശേഷത തന്നെ അവരുടെ നിയോഗത്തിനനുസരിച്ച് രൂപം സ്വീകരിക്കാനാവുമെന്നതാണ്. അവർ തങ്ങളെ നിയോഗിച്ച വിധത്തിൽ ദൗത്യം നിർവഹിക്കുകയായിരുന്നുവെന്നു സാരം.
മറക്കേണ്ട ശരീര ഭാഗം പ്രദർശിപ്പിക്കലും വിവാഹബന്ധം നിഷിദ്ധമല്ലാത്ത അന്യരുമായി കൂടിച്ചേരലും ഇതര മതാചാര വേഷങ്ങൾ സ്വീകരിക്കലും നിഷിദ്ധമാണെന്നതിന് പ്രമാണങ്ങൾ നിരത്തേണ്ടതില്ല. ഇക്കാര്യങ്ങൾ പരിഗണിച്ചാൽ പ്രഥമദൃഷ്ട്യാ തന്നെ അവിശുദ്ധമായ ഒരേർപ്പാടാണ് സിനിമ എന്നതിനാലാണ് സത്യവിശ്വാസികൾ പരമ്പരാഗതമായി അതിനോട് അകന്നുകഴിയുന്നത്. ഇടക്കാലത്ത് സമുദായത്തിന്റെ അച്ചടക്കവും സദാചാര വിചാരങ്ങളും അട്ടിമറിച്ച സംഘടനകളും വ്യക്തികളുമാണ് ഈ നിലപാടിൽ മായം ചേർത്തത്. ഹലാൽ സിനിമകൾ അവരുടെ സ്വപ്നങ്ങളിലാണുള്ളത്. മതപരമായി അതിന് പിൻബലമില്ല.
നാടകവും അഭിനയവും മറ്റു കലാ രൂപങ്ങളെയും മതത്തിന്റെ പേരിൽ അരങ്ങേറ്റിയത് പുരോഗമന പ്രസ്ഥാനങ്ങളാണ്. വലിയൊരു വിപത്തിന്റെ ആമുഖമായിരുന്നു ഇത്. സമൂഹത്തിൽ ഇത്തരം കലാരൂപങ്ങളോടുള്ള വെറുപ്പിന് അന്ത്യം കുറിച്ചു എന്നതാണ് അവരെ കൊണ്ടുണ്ടായ പ്രധാന ദൂഷ്യം. സിനിമാ രംഗത്ത് ജോലി ചെയ്യുന്നവരെപ്പോലും സമൂഹം നീരസത്തോടെയാണ് കണ്ടിരുന്നത്. അതിലെല്ലാം മാറ്റം വന്നത് സിനിമയുടെ സ്വാധീനത്തെ കുറിക്കുന്നു. മതസംഘടനകളുമായി ബന്ധമുള്ളവർ നടത്തുന്ന വിനോദ ചാനലുകളിലെ ആസ്വാദന പ്രോഗ്രാമുകളും ഹറാം-ഹലാൽ എന്നു വ്യവഛേദിച്ചു തന്നെ കാണേണ്ടതുണ്ട്.
സിനിമാ വളർച്ചയുടെ അടിസ്ഥാനം പ്രേക്ഷകരുടെ വർധനവാണ്. കോടികൾ മുടക്കി നിർമിക്കുന്ന സിനിമകൾ കോടികൾ ലാഭം നൽകുന്ന വിധത്തിൽ ആക്കിത്തീർക്കുന്നത് കാണികളാണ്. അഹിതമല്ലാത്ത ഒരു മേഖലയെ പ്രോത്സാഹിപ്പിക്കുക എന്നതിൽ തുടങ്ങി സമയ നഷ്ടം, സാമ്പത്തിക നഷ്ടം, സാംസ്കാരിക ക്ഷതം, താരങ്ങളോടുള്ള ആരാധനാ മനഃസ്ഥിതി, അനുകരണ ഭ്രമം, അന്യരുടെ സൗന്ദര്യ-ശരീരാസ്വാദനം, അരുതാത്തതും വ്യാജവുമായ സംസാരങ്ങൾ, സംഗീത-നൃത്തങ്ങൾ ആസ്വദിക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സിനിമയിൽ ഉൾച്ചേർന്നിട്ടുണ്ട്. അതിനാൽ തന്നെ മതത്തിന്റെ അനുകൂല പരിധിയിൽ സിനിമയെ ഉൾപ്പെടുത്തിയുള്ള പ്രചാരണവും പ്രസ്താവനകളും മുസ്ലിം-ഇസ്ലാം വിരുദ്ധ കേന്ദ്രങ്ങളെ സന്തോഷിപ്പിക്കാനേ ഉപകരിക്കൂ.
മുശ്താഖ് അഹ്മദ്