മനുഷ്യൻ സന്തോഷം അന്വേഷിച്ചു കൊണ്ടിരിക്കുന്ന ജീവിയാണ്. ഓരോ നിമിഷവും സുഖകരവും സന്തോഷകരവുമാക്കാൻ വിവിധ മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുന്നു അവൻ. ആ സുഖ സൗകര്യ സന്തോഷാന്വേഷണങ്ങളുടെ ഫലമാണ് ഇന്ന് സമൂഹം ഉപയോഗിക്കുന്ന മൊബൈലും ടിവിയും ടാബും മറ്റു നിരവധി ഗാഡ്ജറ്റുകളുമൊക്കെ. മലയാളത്തിൽ മുമ്പെങ്ങുമില്ലാത്തത്രയും ടിവി ചാനലുകളും പരിപാടികളും സജീവമാണിന്ന്. ഒരു ടച് കൊണ്ട് ലോകം മുഴുവൻ കാണിച്ചു തരുന്ന വാട്‌സാപ്പും ഫെയ്‌സ്ബുക്കും യൂ ടൂബുമൊക്കെ നമ്മുടെ മുന്നിൽ തുറന്നു കിടക്കുകയും ചെയ്യുന്നു.
സൗകര്യങ്ങളും സാങ്കേതികത്തികവും നിറഞ്ഞു നിൽക്കുന്ന ഈ കാലത്തും മാനസിക പിരിമുറുക്കങ്ങളും വിഷാദ രോഗങ്ങളും കുടുംബ പ്രശ്‌നങ്ങളും അധികരിച്ചതിൽ ആധുനിക ആനന്ദോപകരണങ്ങൾക്ക് പങ്കുണ്ടോയെന്ന അന്വേഷണം പ്രസക്തമാണ്. വലിയ വീടും ചെറിയ മനസ്സുകളും സാമ്പത്തിക മുന്നേറ്റവും ഐശ്വര്യമില്ലായ്മയും ഉത്തരാധുനിക ചികിത്സയും ആരോഗ്യമില്ലായ്മയും വലിയ സൗകര്യങ്ങളും കുറഞ്ഞ സമാധാനവും വലിയ ബിരുദങ്ങളും ചെറിയ തിരിച്ചറിവും ചന്ദ്രനിൽ പോകുമ്പോഴും അയൽക്കാരനെ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന കാലമാണിത്. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് മനുഷ്യനെ തള്ളിവിട്ടതാരാണ്…?
ആദ്യമായി നാം മനസിലാക്കേണ്ടത് ഇതെല്ലാം തന്നെ പകരം വെപ്പുകളാണ് എന്നതാണ്. യഥാർത്ഥ ആനന്ദത്തിൽ എത്തേണ്ട മനുഷ്യൻ വഴിയിൽ കിട്ടിയ താൽക്കാലിക രസങ്ങളിൽ മുഴുകി അവിടെ ഉറച്ചു പോയിരിക്കുന്നു. തനിക്ക് ജീവിതത്തിൽ കിട്ടേണ്ട യഥാർത്ഥ സ്‌നേഹവും കാരുണ്യവും കിട്ടാതെ വരുമ്പോൾ സിനിമയിലും സീരിയലുകളിലും മറ്റിടങ്ങളിലും കാണുന്ന ഡ്യൂപ്ലികേറ്റ് പ്രണയങ്ങളും ജീവിതങ്ങളും കണ്ട് സായൂജ്യമടയുന്ന അവസ്ഥ. സ്വന്തം കുടുംബ ജീവിതത്തിൽ മവദ്ദതും റഹ് മത്തും സകീനത്തും (സ്‌നേഹവും കാരുണ്യവും സമാധാനവും) അനുഭവിക്കുന്നവർക്ക്, കാശിനും പ്രശസ്തിക്കും വേണ്ടി ആടിത്തീർക്കുന്ന രംഗങ്ങൾ കണ്ടിരിക്കാനാവില്ല. അതാണ് പറഞ്ഞത് ഇതൊരു പകരം വെപ്പാണെന്ന്. കുടുംബ ജീവിതത്തിൽ, സ്രഷ്ടാവായ റബ്ബ് ഉദ്ദേശിക്കുന്ന സ്‌നേഹവും മന:സംതൃപ്തിയും ആനന്ദവും കിട്ടാതിരിക്കുമ്പോൾ അതെങ്ങനെ കിട്ടുമെന്നന്വേഷിക്കുന്നതിനു പകരം, വഴിയിൽ കണ്ട സ്വന്തം ജീവിതത്തിൽ ബന്ധങ്ങൾ തകർന്നു കിടക്കുന്നവർ തിരശീലക്കു മുന്നിൽ കാണിക്കുന്ന കോമാളി വേഷങ്ങൾ കണ്ട് ആശ്വസിക്കാൻ മാത്രം നാം സ്വാധീനിക്കപ്പെട്ടിരിക്കുന്നു.സിനിമകളും സീരിയലുകളും ടെലിഫിലിമുകളും സ്ഥിരമായി കാണുന്നവരുടെ ജീവിതം അസ്വസ്ഥ പൂർണമാണെന്ന് പഠനങ്ങൾ പറയുന്നു.
വൈകാരിക പ്രയാസങ്ങൾ
സ്ഥിരമായി ഇത്തരം കാര്യങ്ങൾ കാണുന്നവർ എന്തെന്നറിയാത്ത ഭയം, ഉത്കണ്ഠ, പ്രതീക്ഷയില്ലായ്മ തുടങ്ങിയ അവസ്ഥകളിലൂടെ കടന്നു പോകുന്നു. കാരണം നാം കാണുന്ന ഓരോ രംഗത്തും നമുക്കകത്ത് വിവിധ തരം മാനസികാവസ്ഥകൾ സൃഷ്ടിക്കുന്നു. ഉദ്വേഗ ജനകമായ രംഗങ്ങളും സംഘട്ടനങ്ങളും ഒളിച്ചോട്ടങ്ങളും മോഷണങ്ങളും കൊലപാതകങ്ങളും രോഗവും അപകടങ്ങളും എല്ലാം ചേർന്ന് മനസ്സിൽ അസമാധാനത്തിന്റെ ധാരാളം അവസ്ഥകൾ സൃഷ്ടിക്കുന്നു. ഈ അവസ്ഥകൾ നമ്മുടെ ജീവിതത്തെയാകെ സ്വാധീനിക്കുന്നു. വിഷാദാവസ്ഥയും രോഗാതുര മനസ്സും അമിത കോപവുമൊക്കെ ഇതിന്റെ ഉത്പന്നങ്ങളായി വരുന്നു.
ഇത്തരം കാര്യങ്ങൾ കാണുന്നവരിൽ വ്യത്യസ്ത താൽപര്യക്കാരുണ്ടാകും. കുടുംബ വിഷയങ്ങൾ കൂടുതൽ കാണുന്നവരിൽ, പ്രത്യേകിച്ചും സീരിയലുകൾ കാണുന്ന സ്ത്രീകളിൽ കുടുംബ പ്രശ്‌നങ്ങൾ വളരെ കൂടുതലാണ് എന്ന് കൗൺസിലിംഗ് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. താൽക്കാലികമായ സുഖത്തിന് വേണ്ടിയുള്ള ഒളിച്ചോട്ടങ്ങളും വിട്ടുവീഴ്ചയില്ലാത്ത തർക്ക രംഗങ്ങളും അവരുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു. സീരിയലുകളുടെ മറ്റൊരു ഉത്പന്നമാണ് സംശയ രോഗം. പുതിയ കാലത്ത് ദമ്പതികളിൽ ഇത് വല്ലാതെ വർദ്ധിച്ചു വരുന്നു. ടിവിയിൽ കാണുന്ന രംഗങ്ങൾ സ്വന്തം ജീവിതവുമായി താരതമ്യം ചെയ്ത് അനാവശ്യമായ സംശയങ്ങളിലേക്ക് സ്ത്രീകൾ എത്തിച്ചേരുകയാണ്. ഇത് കുടുംബത്തിൽ തകർച്ചകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. സിനിമയിൽ, സീരിയലിൽ കണ്ട ആ സീനിൽ ‘അയാൾ അങ്ങനെ ചെയ്തത് ഭാര്യയെ പറ്റിക്കാനായിരുന്നല്ലോ’ എന്റെ ഭർത്താവും അങ്ങനെ ചെയ്യാറുണ്ടല്ലോ, അപ്പോൾ അയാൾ എന്നെ പറ്റിക്കുകയാണ് എന്ന സാമാന്യവൽക്കരണത്തിലേക്കാണ് ഇത് സ്ത്രീയെ എത്തിക്കുന്നത്.
ഒരു കൗൺസിലിംഗ് അനുഭവം ഇങ്ങനെ: ഭർത്താവുമൊന്നിച്ച് കിടന്നുറങ്ങിയ ശേഷം ഇടക്കിടെ എഴുന്നേറ്റ് ഭർത്താവിന്റെ മൊബൈൽ ഫോൺ പരിശോധിക്കുന്ന സ്ത്രീ. ഒടുവിൽ മനസ്സിലായത് ആ സ്ത്രീ സ്ഥിരമായി കാണുന്ന സീരിയലിലെ ഒരു കഥാപാത്രമാണ് അവരെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് എന്നാണ്. ആ രംഗം സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്താൻ അവർക്കെന്തെങ്കിലും മാനദണ്ഡങ്ങളുമുണ്ടാകും. തന്റെ ഭർത്താവിനെ പോലെയുള്ളയാൾ, ഏകദേശം ഒരേ പ്രായം, കുട്ടികളുടെ എണ്ണം, ജോലിയുടെ രീതി തുടങ്ങി പലതും. ആ സ്ത്രീയുടെ മനസ്സിൽ ഉറച്ചുപോയ ആ കഥാപാത്രവും സ്വന്തം ജീവിതവുമായി താരതമ്യം ചെയ്തുണ്ടാക്കിയ ബന്ധവും വിച്ഛേദിച്ചപ്പോഴാണ് അവർക്ക് പഴയ സ്‌നേഹം തിരിച്ചു കിട്ടിയത്.
സ്‌ക്രീനിൽ ധാരാളം സംഘട്ടനങ്ങളും കൊലപാതകങ്ങളും കാണുന്നവർക്ക് യഥാർത്ഥ ജീവിതത്തിൽ അത്തരം കാര്യങ്ങളോടുള്ള അസഹിഷ്ണുത കുറഞ്ഞു വരുമെന്നതാണ് മറ്റൊരു അപകടം. യു എസിൽ നിന്നുള്ള ഒരു പഠനത്തിൽ പറയുന്നത് 8 വയസാകുമ്പോഴേക്കും ഒരു കുട്ടി 400 കൊലപാതകങ്ങളെങ്കിലും കാണുന്നുവെന്നും ഇത് കുട്ടിയിൽ അക്രമവാസന വർധിപ്പിക്കുമെന്നുമാണ്. അമേരിക്കയിൽ വിവിധ യൂനിവേഴ്‌സിറ്റികളിൽ വിദ്യാർത്ഥികൾ സഹപാഠികൾക്കു നേരെ വെടിവെച്ചതിന്റെ അന്വേഷണങ്ങളിലും ഈ പങ്ക് വ്യക്തമായിരുന്നു. ആക്രമണങ്ങളോടുള്ള ധാർമിക രോഷത്തെ ഇത് തകർക്കുകയും അക്രമ വാസന സ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് ചുരുക്കം.
സ്ഥിരമായി കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും നമ്മെ സ്വാധീനിക്കുമെന്ന് നമുക്കറിയാം. സ്‌ക്രീനുകളിൽ തെളിയുന്ന രംഗങ്ങൾ നമ്മുടെ ശീലങ്ങളെയും സ്വഭാവങ്ങളെയും സംസ്‌കാരത്തെയുമാണ് മാറ്റുന്നത്. ഓരോരുത്തരും ഇഷ്ടപ്പെടുന്ന നായികാ നായകൻമാർക്കനുസരിച്ച് സ്വന്തം ശൈലിയിലും സംസ്‌കാരത്തിലും വേഷത്തിലും മാറ്റങ്ങൾ കൊണ്ടുവരുന്നതോടെ ആ അധ:പതനം കരുത്താർജിക്കുന്നു. എല്ലാത്തിനും കൃത്യമായ മാതൃക മുന്നിലുള്ളവരാണ് മുസ്‌ലിംകൾ. നമ്മുടെ മാതൃക മുഹമ്മദ് നബി(സ്വ)യാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു മുസ്‌ലിം എങ്ങനെയാവണമെന്ന് പ്രവാചകർ(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അപ്പോൾ വസ്ത്രത്തിലും അണിഞ്ഞൊരുങ്ങലിലും നമുക്കിഷ്ടപ്പെട്ട നായികാനായകൻമാരെ അനുകരിക്കുമ്പോൾ, ആ വിഷയത്തിൽ പ്രവാചകരെ മാതൃകാ സ്ഥാനത്തു നിന്ന് മാറ്റുക എന്ന വലിയ അപകടത്തിൽ വിശ്വാസികൾ ചാടുന്നു. ഇതാണ് എം. എൻ വിജയൻ പറഞ്ഞ സോഫ്റ്റ് വെയർ ഇംപീരിയലിസം. നാം പോലുമറിയാതെ നമ്മുടെ ഇഷ്ടങ്ങളും ശീലങ്ങളും താൽപര്യങ്ങളും ഭാവിയും ഈ സ്‌ക്രീനുകൾ നിർണയിച്ചു തരുന്ന ദുരവസ്ഥ.
ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പഠനം നടത്തിയ പലരും ഒരു പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടിയത് സ്ത്രീകളുടെ വസ്ത്ര വിധാനമാണ്. പുരുഷന് കാഴ്ചയിലൂടെ സെക്കന്റുകൾ കൊണ്ട് ലൈംഗിക ഉണർവുണ്ടാകുമെന്ന ശാസ്ത്രീയ വിജ്ഞാനമില്ലാത്തവരാണ് സ്ത്രീയുടെ വേഷത്തെയല്ല പുരുഷന്റെ ചിന്തകളെ മാത്രം ആക്ഷേപിച്ചാൽ മതി എന്ന് പറയുന്നത്. ഒരു മുത്തഖിയായ മനുഷ്യനാണെങ്കിൽ ടൈറ്റ് ഫിറ്റോ അർദ്ധ നഗ്നമായോ വസ്ത്രം ധരിച്ച സ്ത്രീകളെ കണ്ടാൽ മുഖം തിരിക്കും. എന്നാൽ നമ്മുടെ നാട്ടിൽ എത്ര ശതമാനം അത്തരമാളുകളെ കാണാൻ സാധിക്കും. അപ്പോൾ പിന്നെ അപകടാവസ്ഥയിലേക്ക് പെൺകുട്ടികളെ ഇറക്കിവിടുകയാണോ നാം ചെയ്യേണ്ടത്? സിനിമകളിൽ നിന്ന് പ്രധാനമായും ഇറക്കുമതി ചെയ്യുന്ന വസ്ത്ര മോഡലുകൾ നമ്മുടെ സഹോദരിമാരെ എത്തിക്കുന്നത് ലൈംഗിക അപകടങ്ങളിലേക്കാണ്. ഇതിനൊക്കെ പകരം മറ്റുള്ളവരെ ആകർഷിപ്പിക്കാത്ത തരത്തിൽ മാന്യവും അന്തസുള്ളതുമായ വസ്ത്രം സഹോദരിമാർക്ക് ധരിക്കാം, അതാണ് ഇസ്‌ലാം അംഗീകരിക്കുന്നത്.
ലൈംഗികയുടെ അതിപ്രസരമുള്ള ചില ചാനൽ പരിപാടികൾ കാണുന്നവരുടെ വികാരങ്ങൾ സ്ഥിരമായി ഉണർന്നിരിക്കുകയും ‘നിങ്ങൾക്ക് ഇങ്ങനെയുമാവാം’ എന്ന മാനസികാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ആണായാലും പെണ്ണായാലും ഉണ്ടാവേണ്ട ലജ്ജയെയാണ് ഇത് തകർക്കുന്നത്. പല തെറ്റുകളിൽ നിന്നും തടയുന്ന ഒരു മറയാണ് ലജ്ജ. അത് തകർന്നാൽ പിന്നെ സൗകര്യത്തിനും സുഖത്തിനും വേണ്ടി എന്തും ഹലാലാക്കുന്ന അവസ്ഥയിലേക്കാണ് എത്തുക. കാണൽ ഹറാമായ സ്ത്രീകളെ ബൈക്കിന് പിന്നിൽ ഇരുത്തുന്നതും അത്തരം വീടുകളിലേക്ക് എപ്പോഴും ‘സഹായിക്കാൻ’ ഓടിച്ചെല്ലുന്നതും വഴിതെറ്റിയ സൗഹൃദത്തിന്റെ അനന്തരഫലങ്ങളാണ്.
ഒളിച്ചോട്ടങ്ങളും മതം മാറിയുള്ള പ്രണയങ്ങളും ഒരു രസമാണിന്ന്. ചില കാമ്പസുകളിൽ ഇത് ട്രെൻഡാണ്. പ്രണയമില്ലാത്തത് സ്റ്റാറ്റസ് കുറവായി കാണുന്ന കോളേജുകൾ പോലുമുണ്ട്. പല കേസുകളിൽ നിന്നും വ്യക്തിപരമായിത്തന്നെ ബോധ്യപ്പെട്ടത് ഇത്തരം വരമ്പുകൾ തകർത്ത് കൊണ്ട് ആരംഭിച്ച ബന്ധമായത് കൊണ്ട് തന്നെ ഇവർക്കിടയിൽ വ്യാപകമായ ലൈംഗിക വേഴ്ചകളുമുണ്ട് എന്നാണ്. എവിടെ നിന്നാണ് ഈ ഒരു അവസ്ഥ കടന്നു വന്നത് ? കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ ഇറങ്ങുന്ന സിനിമകളിൽ പലതും മതം മാറിയുള്ള പ്രണയത്തെയും വിവാഹത്തെയും രാജ്യത്തിന്റെ സൗഹൃദത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന പ്രമേയങ്ങളാണ്. അതിൽ പലതും കേരളത്തിൽ വൻ ഹിറ്റുകളുമാണ്. സ്ഥിരമായി കാണുന്ന കാര്യങ്ങൾ തീർച്ചയായും നമ്മെ സ്വാധീനിക്കുമെന്നതിനാൽ ഇത്തരം സിനിമകൾ കാണുന്നവർ അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
എന്റെ വ്യക്തിപരമായ അനുഭവത്തിൽ പ്രണയ പ്രശ്‌നങ്ങളുമായി വരുന്ന കേസുകളിൽ 99 ശതമാനം കുട്ടികളും സിനിമ കാണുന്നവരായിരുന്നു എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അവിവാഹിതർ മാത്രമല്ല, വിവാഹിതരും ജോലിക്കു വന്നവരോടൊപ്പവും സ്ഥിരം ഡ്രൈവറോടൊപ്പവുമൊക്കെ ചാടിപ്പോകുന്ന ബന്ധങ്ങളുണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്.
ന്യൂസ് കാണാനാണ് ചാനൽ വെച്ചത് അത് കഴിഞ്ഞാൽ ഓഫ് ചെയ്യും, അത് നല്ലതല്ലേ എന്ന് ചോദിക്കുന്ന രക്ഷിതാക്കളുണ്ട്. അതും ഒരു വിശകലനം അർഹിക്കുന്നു. നാം വായിക്കുന്ന, കാണുന്ന വാർത്തകളിൽ 90-95 ശതമാനം നെഗറ്റീവ് വാർത്തകളാണ്. അഴിമതികൾ, കൊലപാതകങ്ങൾ, ലൈംഗിക പീഡനങ്ങൾ, യുദ്ധങ്ങൾ, കലാപങ്ങൾ തുടങ്ങിയ പല മേഖലകളിൽ നിന്നുമുള്ള വാർത്തകളാണ് അന്താരാഷ്ട്ര തലം മുതൽ ജില്ലാ വാർത്തകളിലും നിറഞ്ഞു നിൽക്കുന്നത്. ഇതിനെക്കുറിച്ചുള്ള ദൃശ്യങ്ങളടങ്ങിയ ചർച്ചകളും അന്വേഷണങ്ങളുമാണ് ഭൂരിഭാഗം സമയവും ചാനലുകളിൽ. ലോകത്ത് ആകെ നടക്കുന്ന സംഭവങ്ങളിൽ 5-10 ശതമാനം മാത്രമാണ് തെറ്റുകളെന്ന് ഒരു പഠനത്തിൽ പറയുന്നു. അതാണ് നമ്മുടെ വാർത്താ സംവിധാനങ്ങളിൽ 90-95 ശതമാനമായി നിറഞ്ഞു നിൽക്കുന്നത്. ആർക്കാണെങ്കിലും അസ്വസ്ഥവും അശാന്തവുമായ മനസാണ് ഇത് നൽകുക. ലോകത്തെക്കുറിച്ച് തന്നെ വളരെ മോശമായ അഭിപ്രായമാണ് ഇതിലൂടെ ഉണ്ടാകുന്നത്. ‘എല്ലാം കണക്കാണ്, എല്ലാവരും കണക്കാണ്’ എന്നീ മാനസികാവസ്ഥകൾ രൂപപ്പെടുത്തുന്നതിലും മനുഷ്യന് അശുഭാപ്തി വിശ്വാസം ഉണ്ടായിത്തീരുന്നതിലും വളർന്നു വരുന്ന പെൺകുട്ടികൾക്ക് പുരുഷൻമാർ മോശമാണെന്ന ധാരണ ഉണ്ടാക്കുന്നതിലും ഈ വാർത്താ സംവിധാനങ്ങൾ വലിയ പങ്ക് വഹിക്കുന്നു. പരസ്പരം പക പോക്കിയും വെല്ലുവിളിച്ചും അസഭ്യം പറഞ്ഞും രാഷ്ട്രീയക്കാരും മറ്റും ഏറ്റുമുട്ടുന്നതും പീഡനങ്ങളെക്കുറിച്ചും സംഘട്ടനങ്ങളെക്കുറിച്ചും നിറമുള്ള ചിത്രങ്ങൾ സഹിതമുള്ള അവതരണങ്ങളും മസ്‌കൻ അഥവാ ശാന്തി കിട്ടുന്ന സ്ഥലമാകേണ്ട നമ്മുടെ വീട്ടിൽ തന്നെ വേണോ എന്ന് നാം തീരുമാനിക്കേണ്ടിയിരിക്കുന്നു.
ചുരുക്കത്തിൽ, ആന്തരിക ശുദ്ധീകരണത്തിലൂടെ ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും വലിയ ആനന്ദാവസ്ഥകളായ മുത് മഇന്നതിലേക്കും മവദ്ദതിലേക്കും റഹ്മത്തിലേക്കു (മന:ശാന്തിയിലേക്കും പരകോടി സ്‌നേഹാവസ്ഥയിലേക്കും കാരുണ്യത്തിലേക്കും) മുള്ള അന്വേഷണത്തിൽ നിന്നും നമ്മെ തടയുന്ന താൽകാലിക സന്തോഷങ്ങളിൽ നിന്ന് രക്ഷപ്പെടുകയും നമ്മുടെ യാത്രയുടെ യഥാർത്ഥ ലക്ഷ്യ സ്ഥാനത്തേക്ക് നാം ഉടൻ പുറപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ബഷാറതും തഖ്‌വയും ദിക്‌റുല്ലാഹിയും മുസ്‌ലിമിനെ കാത്തിരിക്കുന്ന ആനന്ദ കേന്ദ്രങ്ങളാണ്. അതിലേക്കാവട്ടെ നമ്മുടെ ശ്രദ്ധ. മനസ്സിനെയും സംസ്‌കാരത്തെയും നശിപ്പിക്കുന്ന സിനിമ-സീരിയലുകൾ ഇതിന് വിലങ്ങുതടികളാണെന്ന കാര്യം വിസ്മരിക്കാതിരിക്കുക.