വെയില്‍ ചൂടായിത്തുടങ്ങുന്നേയുള്ളൂ. അരനാഴിക നേരം കൂടി പിന്നിട്ടാല്‍ മണലാരണ്യം തീക്കട്ട പോലെ പഴുക്കും.
ആടുകളെ കുറ്റിച്ചെടികള്‍ക്കിടയില്‍ മേയാന്‍ വീട്ടു സീമാക്ക് ഒരു പന്നല്‍ചെടിയുടെ തണലില്‍ വിശ്രമിച്ചു.
മിണ്ടാപ്രാണികളാണെങ്കിലും മരുഭൂമിയിലെ ആടുകള്‍ക്കുമുണ്ട് വിവേകം. തീച്ചൂട് വരും മുമ്പ് പരമാവധി തീറ്റ അകത്താക്കാനുള്ള ശ്രമത്തിലാണവ.
രണ്ടായിരത്തോളം ആടുകളുണ്ട് സീമാക്കിന്. അറേബ്യയില്‍ ചില ആട്ടിടയരുടെ ജീവിതം ആടിനോളം മാത്രമേ വരൂ. അവര്‍ക്ക് ജീവിതമില്ല, സ്വപ്നങ്ങളില്ല, നാളെയും ഇന്നലെകളുമില്ല.
എന്നാലും സീമാക്കിനു കാണാന്‍ ഒരു കൊച്ചു സ്വപ്നമുണ്ട്. അകലെ ഗ്രാമത്തില്‍ തന്നെ കാത്തിരിക്കുന്ന സഖി; ശീമാഅ്.
അവന്‍ പാതി സ്വപ്നത്തില്‍ ശീമാഇനെ കണ്ടു. അവളോടു കിന്നാരം പറഞ്ഞു മയങ്ങി. അകലെ നിന്നൊരാരവം കേട്ടാണ് സീമാക് ഉണര്‍ന്നത്. അവന്‍ ചാടിയെഴുന്നേറ്റു മരുഭൂമിയുടെ അനന്തതയിലേക്കു തുറിച്ചുനോക്കി.
മരുഭൂമിയില്‍ കഴിയുന്നവരുടെ പഞ്ചേന്ദ്രിയങ്ങള്‍ക്കു പ്രവര്‍ത്തനക്ഷമത കൂടും. കാഴ്ചയും ഘ്രാണശേഷിയും ഏറും.
അകലെ ചക്രവാളത്തില്‍ പൊടിപടലങ്ങള്‍ ഉയരുന്നത് അവന്‍ കണ്ടുപിടിച്ചു. മരുപ്പാതയിലൂടെ ഒരു യാത്രാസംഘം കടന്നുവരികയാണ്.
വര്‍ത്തക സംഘമാകാം,
തീര്‍ത്ഥ യാത്രികരുമാകാം,
കൊള്ളക്കാരോ സൈനിക നീക്കമോ ഏതുമാകാം.
ഏതായാലും ഒരാട്ടിടയനെ സംബന്ധിച്ചിടത്തോളം ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ശുഭകരമായിരിക്കുകയില്ല.
സീമാക്ക് ആട്ടിമ്പറ്റത്തെ പാതയോരത്തു നിന്നും സുരക്ഷിതമായ ഒരിടത്തേക്കുമാറ്റി. പിന്നെ ഒരു മണല്‍ക്കൂനക്കു പിന്നില്‍ പതിയിരുന്നു.
കുറേ നേരത്തിന് ശേഷം സംഘം അടുത്തെത്തി.
പുതിയ മതക്കാരാണ്; മുഹമ്മദും സംഘവും!
മക്കയില്‍ നിന്നു യസ്രിബിലേക്കു ഓടിപ്പോയവര്‍, ഖുറൈശികളുമായി നിതാന്ത ശത്രുതയില്‍ കഴിയുന്നവര്‍. ഇത്രയൊക്കെയേ സീമാക്കിനറിയൂ.
കറന്നെടുത്ത കുറച്ചു പാലുമായി അയാള്‍ സംഘത്തെ സമീപിച്ചു. യാത്ര എങ്ങോട്ടാണെന്നും എന്തിനാണെന്നും മനസ്സിലാക്കി. അതോടെ അയാളുടെ ഉള്ളം കുളിര്‍ത്തു.
പുതിയ നബിയും സംഘവും മക്കയെ ആക്രമിക്കാന്‍ പുറപ്പെട്ടിരിക്കുകയാണ്. ഈ വാര്‍ത്ത ഖുറൈശികളെ അറിയിച്ചാല്‍ കിട്ടാന്‍ പോകുന്ന സമ്മാനങ്ങള്‍…!
സീമാക്ക് ആനന്ദനൃത്തം ചവിട്ടി. അവന്‍ ആടുകളെ മറന്നു, അതിന്റെ ഉടമകളെ മറന്നു. ഊടുവഴികള്‍ താണ്ടി മക്കയിലേക്കു കുതിച്ചു.
കൈനിറയെ സമ്മാനങ്ങള്‍ കിട്ടും, ചിലപ്പോള്‍ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ചേക്കും. ശീമാഉമൊന്നിച്ചുള്ള സുഖ ജീവിതം അയാള്‍ സ്വപ്നം കണ്ടു.
സീമാക്ക് മക്കയിലെത്തുമ്പോള്‍ സന്ധ്യയായി ത്തുടങ്ങിയിരുന്നു. ഖുറൈശി പ്രമുഖര്‍ കഅ്ബാലയത്തിനു പുറത്ത് വെടിപറഞ്ഞിരിക്കുന്നുണ്ട്.
ജബല്‍ ഖുബയ്സിന്റെ ചരിവിറങ്ങിയപ്പോഴേ സീമാക്ക് അലറിവിളിച്ചു:
“ഖുറൈശി കൂട്ടമേ, അപകടം… അപകടം…’
ആളുകള്‍ സീമാക്കിനു ചുറ്റും ഓടിക്കൂടി.
“എന്താ കാര്യം?’ അവര്‍ ഏക സ്വരത്തില്‍ ചോദിച്ചു.
സീമാക്ക് ആകെ വിയര്‍ത്തു കുളിച്ചിരിക്കുന്നു. ശ്വാസം നേരെ വീഴാന്‍ അയാള്‍ കുറേ സമയമെടുത്തു.
“എന്തുണ്ടായി?’
സീമാക്ക് സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ, ശബ്ദം പുറത്തുവരുന്നില്ല.
“ഇവനാകെ പരിഭ്രമിച്ചിരിക്കുന്നല്ലോ, എന്തു പറ്റിയെടാ തനിക്ക്?’
കിതപ്പുമാറി, ശ്വാസഗതി നേരെയായി. അയാള്‍ എന്തോ പറയാന്‍ ശ്രമിച്ചു. പിന്നെ വാക്കുകള്‍ക്കു വേണ്ടി തപ്പി. അപ്പോഴേക്കും ഖുറൈശി പ്രമുഖരില്‍ ചിലരും അടുത്തുവന്നു.
“പറയൂ, എന്തു പറ്റി തനിക്ക്?’
സീമാക്ക് സംസാരിക്കാന്‍ ശ്രമിച്ചു. അത്ഭുതം! അയാള്‍ക്ക് ഓര്‍മ വരുന്നില്ല; എന്തിനാണു താന്‍ ഓടിക്കിതച്ചു വന്നത്?
ആള്‍ക്കൂട്ടം പെരുകി. അവര്‍ അക്ഷമരായി.
“പറയൂ… എന്തോ ആപത്തുവരാന്‍ പോകുന്നുവെന്നല്ലേ താന്‍ വിളിച്ചു പറഞ്ഞിരുന്നത്…?’
സീമാക്ക് തലങ്ങും വിലങ്ങും ആലോചിച്ചുനോക്കി. എന്തിനാണ് താന്‍ ഓടിവന്നത്… ഒന്നും ഓര്‍ക്കാനാവുന്നില്ല.
അയാള്‍ നിന്നു പരുങ്ങി.
ജനങ്ങളുടെ ക്ഷമ നശിച്ചു.
അവര്‍ അവനെ ശകാരിക്കാന്‍ തുടങ്ങി. ഉന്തുകയും തള്ളുകയും ചെയ്തു. ആള്‍ക്കൂട്ടത്തിനു നടുവില്‍ അയാള്‍ പന്തുപോലെയായി.
അതിനിടയിലും സീമാക്ക് കഠിനമായി ആലോചിച്ചു നോക്കി. ഒരെത്തും പിടിയും കിട്ടുന്നില്ല. വളരെ പ്രധാനപ്പെട്ട എന്തോ സന്ദേശം അറിയിക്കാനാണു താന്‍ സാഹസപ്പെട്ടു ഓടിവന്നത്. കാര്യം നാവില്‍ തുമ്പില്‍ വരെ ഉണ്ട്.
പക്ഷേ, എന്ത്?
അയാള്‍ തലമുടി പിടിച്ചുപറിക്കുകയും പല്ലിറുമ്മി നോക്കുകയും ചെയ്തു.
ഇതിനിടക്ക് ജനക്കൂട്ടം അയാളെ തല്ലാന്‍ തുടങ്ങി. പന്തിയല്ലെന്നു കണ്ട് സീമാക്ക് ജീവനും കൊണ്ടോടി. ജനങ്ങളുടെ കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍ അയാള്‍ ഒരിടത്തു തളര്‍ന്നു വീണു.
തനിക്കെന്തു പറ്റി? അയാള്‍ ആലോചിച്ചുക്രമമായി അന്നത്തെ ദിവസം.
ഇപ്പോള്‍ അയാള്‍ക്കു ഓര്‍മ തിരിച്ചുകിട്ടി. മുഹമ്മദും അനുയായികളും മക്കയെ ആക്രമിക്കാന്‍ വരുന്നു!
സീമാക്ക് എഴുന്നേറ്റ് വീണ്ടും മക്കയിലേക്ക് ഓടാന്‍ തുടങ്ങി. ദൂരെ നിന്നുതന്നെ അയാള്‍ സംഭവം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
സീമാക്കിന്റെ രണ്ടാം വരവ് കണ്ട് ജനങ്ങള്‍ വീണ്ടും ഓടിക്കൂടി. അയാള്‍ അലറി വിളിക്കുന്നുണ്ട്. പക്ഷേ, പറയുന്നതെന്താണെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല.
ജനം കയര്‍ത്തപ്പോള്‍ സീമാക്ക് ബഹളം നിറുത്തി. അപ്പോഴാണ് അയാളും ശ്രദ്ധിക്കുന്നത്. ഉക്കാള്‍ ചന്തയിലെ ഉല്‍പന്നങ്ങളുടെ വിശേഷണങ്ങള്‍ വിളിച്ചുപറയാന്‍ അടിമകള്‍ പോകാറുണ്ട്. അന്നു മനഃപാഠമാക്കിയ ചിലതാണ് താനിപ്പോള്‍ വിളിച്ചുപറയുന്നത്!
അപ്പോള്‍ ഓര്‍മിച്ചുവന്ന കാര്യം എന്തായിരുന്നുഎത്ര ശ്രമിച്ചിട്ടും ഓര്‍മയുടെ അറകള്‍ തുറക്കുന്നില്ല. അയാള്‍ തലകുടഞ്ഞു, ചിറികോട്ടി സ്വയം ശപിച്ചുകൊണ്ട് നിലത്തു ആഞ്ഞുചവിട്ടി.
ഇതെല്ലാം കണ്ട് ആളുകള്‍ക്ക് വീണ്ടും അരിശം കയറി. അവര്‍ അയാളെ പ്രഹരിക്കാന്‍ തുടങ്ങി.
പൊറുതിമുട്ടിയപ്പോള്‍ അയാള്‍ ഓടി. ജനങ്ങള്‍ ചരലു വാരിയെറിഞ്ഞു കലി തീര്‍ത്തു. കുറേ ദൂരം ചെന്നപ്പോള്‍ അയാള്‍ ഒരിടത്തിരുന്നു.
ലാതഉസ്സ ദേവന്മാര്‍ സത്യം, താന്‍ ചെയ്യുന്നതില്‍ എന്തോ കുഴപ്പമുണ്ട്. വേണ്ട; ഒന്നും വേണ്ട. ഞാനും എന്റെ ആട്ടിന്‍ പറ്റങ്ങളും, അതാണ് ഒരിടയന്റെ ലോകം.
തിരിഞ്ഞു നടക്കുമ്പോള്‍ വെറുതെ ആലോചിച്ചു നോക്കി; അത്ഭുതം! എല്ലാം കൃത്യമായി ഓര്‍ക്കുന്നു.
മുഹമ്മദും സംഘവും സായുധരായി മുന്നേറുന്നു. ഏറെ താമസിയാതെ അവര്‍ മക്കയിലെത്തും. പുണ്യനഗരം ചോരക്കളമാകും, മക്കയുടെ പ്രതാപം അസ്തമിക്കും, ഖുറൈശി പ്രമുഖര്‍ വധിക്കപ്പെടും. ഇതനുവദിച്ചുകൂടാ. എല്ലാം ഓര്‍മ വന്ന സ്ഥിതിക്ക് മക്കയിലേക്കു തന്നെ തിരിച്ചു പോകണം.
ഇത്തവണ ആരവം കൂടാതെ ശാന്തനായി അയാള്‍ മക്കയിലേക്കു പ്രവേശിച്ചു.
സീമാക്ക് വീണ്ടും തിരിച്ചു വന്നതു കണ്ടപ്പോള്‍ ജനങ്ങള്‍ ക്ഷുഭിതരായി. അയാള്‍ക്കു ചുറ്റും ആള്‍ക്കൂട്ടം പെരുത്തു.
അയാള്‍ കെഞ്ചി.
“ആരും എന്നെ ഉപദ്രവിക്കരുത്, സത്യമായും ഞാന്‍ മുഖ്യമായൊരു വാര്‍ത്തയും കൊണ്ടാണു വന്നിരിക്കുന്നത്.’
“എന്നിട്ടെന്തു കൊണ്ടു കഴിഞ്ഞ രണ്ടു തവണയും പറഞ്ഞില്ല?’ ജനം ചോദിച്ചു.
“പറയാം, മറന്നു പോവുകയാണ്. ഞാനോര്‍ത്തു പറയാം…’
“ഒന്നു പറഞ്ഞു തുലക്ക്’  ജനങ്ങളുടെ ക്ഷമ നശിച്ചു.
സീമാക്ക് പറയാനാരംഭിച്ചു. പക്ഷേ, വാക്കുകള്‍ മുറിഞ്ഞു. വീണ്ടും ഓര്‍മപ്പിഴ. പറയാനോങ്ങിയതല്ല പറയുന്നത്. നിറുത്തിയും തൊണ്ടയനക്കിയും അയാള്‍ പറയാന്‍ ശ്രമിച്ചു. പക്ഷേ, ഉദ്ദേശിച്ച കാര്യം മാത്രം പറയാനാകുന്നില്ല.
അയാള്‍ അതിശയിച്ചു. തനിക്കു ചിത്തഭ്രമം പിടിപെട്ടോ?
“ഞാന്‍ ഇന്നയാളുടെ ആടുകളെ മേക്കുന്ന ഇടയനാണ്. എന്റെ ആട്ടിമ്പറ്റങ്ങള്‍ ഈ മലഞ്ചെരുവില്‍ മേയുന്നുണ്ട്…’
തന്റെ ഓര്‍മകള്‍ ശരിയാണോ എന്നു നോക്കാനാണ് സീമാക്ക് ഇത്രയും പറഞ്ഞത്; കുഴപ്പമില്ല.
പക്ഷേ, ജനം പൊറുതിമുട്ടിയിരുന്നു. അവര്‍ അയാളെ ഓടിച്ചിട്ടു തല്ലി. കൈയില്‍ കിട്ടുന്നതു വലിച്ചെറിഞ്ഞു. സീമാക്ക് ജീവനും കൊണ്ടോടി.
“ഈ ആട്ടിടയനെ മരുഭൂമിയിലെ ഏതോ പിശാച് ആവാഹിച്ചിരിക്കുന്നു’ ജനം പിറുപിറുത്തു കൊണ്ടിരുന്നു.
സീമാക്ക് ആ ദുര്‍ദിനം മറന്നു. തന്റെ ആടുകളുടെ അടുത്തെത്തി. ഇനി വയ്യ; നഗരത്തിലേക്കു തിരിച്ചുപോകാം. ആട്ടിമ്പറ്റങ്ങളെയും തെളിച്ചുകൊണ്ട് മൂന്നാം നാള്‍ അയാള്‍ മക്കയുടെ സമീപം എത്തി.
അകലെനിന്നേ തക്ബീറിന്റെ ആരവം അയാള്‍ കേട്ടു. ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളപ്പതാകകള്‍ പാറിക്കളിക്കുന്നതു കണ്ടു.
മക്കയില്‍ പ്രവേശിച്ചപ്പോള്‍ പൂര്‍ണ ശാന്തത. ചോരപ്പുഴകളില്ല, കബന്ധങ്ങളില്ല, ആര്‍ത്ത നാദങ്ങളും ആരവങ്ങളുമില്ല. അഗ്നി വിഴുങ്ങിയ കിടപ്പാടങ്ങളും തകര്‍ക്കപ്പെട്ട അങ്ങാടിയുമില്ല.
എല്ലാം പഴയതു പോലെ.
പക്ഷേ, മക്കയുടെ ആത്മാവ് ആകെ മാറിയിരിക്കുന്നു, മുഖച്ഛായയും മാറിയിരിക്കുന്നു.
ഇപ്പോള്‍ സീമാക്കിന് എല്ലാം ഓര്‍ക്കാനാവുന്നുണ്ട്. മൂന്നു തവണ മറവിയുടെ മറവീണ തന്ത്ര പ്രധാനമായ കാര്യങ്ങളെല്ലാം നന്നായോര്‍ക്കുന്നുണ്ട്.
മര്‍വയുടെ ചാരത്ത് കൂടിയിരിക്കുന്ന മൂവര്‍ സംഘത്തിനടുത്തേക്ക് സീമാക്ക് നടന്നു. അവരിലൊരാളെ അറിയാംഅബ്ദുല്ലാഹിബ്നു മസ്ഊദ്(റ).
പഴയ സ്നേഹിതന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് സീമാക്ക് മൊഴിഞ്ഞു;
അശ്ഹദു…..
ഒഎം തരുവണ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ