വിശ്വാസ കാര്യങ്ങളും കർമകാണ്ഡവും ആത്മസംസ്‌കരണ മുറകളും ചേർന്നതാണ് ഇസ്‌ലാം. ‘കാലം സാക്ഷി, തീർച്ചയായും മനുഷ്യൻ തീരാനഷ്ടത്തിലാണ്. വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും നന്മകൊണ്ടും ക്ഷമകൊണ്ടും അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ’ (ഖുർആൻ 103: 1-3), തീർച്ച, വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും തങ്ങളുടെ നാഥനോട് വിനയം പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ് സ്വർഗാവകാശികൾ. അവരതിൽ അനശ്വരരുമാകുന്നു (വി.ഖു. 11/23), ആത്മാവിനെ ശുദ്ധിയാക്കിയവൻ വിജയിച്ചു, മലിനമാക്കിയവൻ പരാജയപ്പെട്ടു (91/9,10) തുടങ്ങിയ ഖുർആനിക വചനങ്ങൾ ഇസ്‌ലാമിന്റെ അടിസ്ഥാനാശയങ്ങളായ മൂന്ന് ഘടകങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജിബ്‌രീൽ(അ) തിരുനബി(സ്വ)യുടെ സമീപത്തുവന്ന് ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങൾ ആരായുന്ന ഹദീസിലും മറ്റും ഈമാൻ, ഇസ്‌ലാം, ഇഹ്‌സാൻ എന്നിങ്ങനെ തിരുനബി(സ്വ) ഈ മൂന്ന് അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.
വിശ്വാസമാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം. വിശ്വാസ പ്രേരിതമായി ഉണ്ടാകുന്നതാണ് കർമങ്ങൾ. വിശ്വാസത്തിന്റെ അഭാവത്തിൽ കർമങ്ങൾ അസ്വീകാര്യവും നിഷ്ഫലവും അപൂർണവുമാണ്. അതുകൊണ്ട് ഈ മൂന്ന് ഘടകങ്ങളും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു. അതിനാൽ ഏതൊരു വിശ്വാസിയിലും ഈ മൂന്ന് കാര്യങ്ങൾ അനിവാര്യമായും ഉണ്ടായിരിക്കണം. ‘കർമശാസ്ത്രമറിയാതെ ആത്മസംസ്‌കരണത്തിനൊരുങ്ങിയവൻ നാസ്തികനായേക്കും, ആത്മസംസ്‌കരണ മുറകളറിയാതെ കർമശാസ്ത്രമഭ്യസിച്ചവൻ തെമ്മാടിയുമായിരിക്കും. ഇത് രണ്ടും സമ്മേളിച്ചവന് മാത്രമേ യഥാർത്ഥ ജ്ഞാനം ലഭിക്കുകയുള്ളൂവെന്ന് ഇമാം മാലിക്(റ) പറത്തിട്ടുണ്ട് (ഈഖാള് അലാ ഹികം). നീ കർമശാസ്ത്ര പണ്ഡിതനും സൂഫിയുമാകുക. അതിൽ ഒന്ന് മാത്രമാകരുതെന്ന് നിന്നെ ഞാൻ ഗുണദോഷിക്കുന്നു’വെന്ന് ഇമാം ശാഫിഈ(റ)വും ഉദ്‌ബോധിപ്പിച്ചിട്ടുണ്ട് ( ദീവാനുശ്ശാഫിഈ).
വിശ്വാസത്തിന്റെ കാര്യത്തിൽ ജനങ്ങളെല്ലാം ഒരേ നിലവാരത്തിലല്ല. വിജ്ഞാനം, മഹത്തുക്കളുമായുള്ള സമ്പർക്കം തുടങ്ങി പല കാരണങ്ങളാൽ വിശ്വാസദൃഢതയിൽ അവർക്കിടയിൽ ഏറ്റക്കുറച്ചിലുകളുണ്ട്. സമൂഹത്തിൽ മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത വിശ്വാസദാർഢ്യവും കഠിന്യവുമായിരുന്നുവല്ലോ ഒന്നാം ഖലീഫ അബൂബക്കർ(റ)വിന്റേത്. സ്വഹാബികളുടെ വിശ്വാസദാർഢ്യതയും ഈമാനിക കെട്ടുറപ്പും തുടർന്നു വന്ന സമൂഹങ്ങളിൽ ശരിയായ രീതിയിൽ പ്രകടമല്ല. അപ്രകാരം കർമങ്ങളിലും ആത്മീയതയിലും ജനങ്ങൾ വ്യത്യസ്ത തരക്കാരാണ്. ആത്മീയമായി ഔന്നത്യം പുലർത്തുന്നവരെയാണ് സൂഫികൾ എന്ന് വിളിക്കുന്നത്.
സൂഫിസത്തിന്റെ
അർത്ഥവും വ്യാപ്തിയും
ദുഷിച്ച വിചാര വികാരങ്ങളിൽ നിന്ന് മനസ്സകം വിമലീകരിച്ച് അല്ലാഹുവിന്റെ പ്രീതി ലഭിക്കാനുതകുന്ന പ്രവർത്തനങ്ങളിൽ സ്വയം സമർപ്പിതരാകുന്നവരെയാണ് സാമാന്യമായി സൂഫികൾ എന്ന് പറയുന്നത്. സൂഫിസത്തെ ജ്ഞാനികൾ പല വിധത്തിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി അവയെല്ലാം ഒന്നുതന്നെയാണ്.
‘അനശ്വര വിജയം കൈവരിക്കുന്നതിനായി മനസ്സും ശരീരവും എങ്ങനെ പാകപ്പെടുത്തണമെന്നും ആത്മാവിനെ വിമലീകരിക്കുന്നതും സ്വഭാവം സംസ്‌കരിക്കുന്നതും എങ്ങനെയായിരിക്കണമെന്നും വിവരിക്കുന്ന വൈജ്ഞാനിക ശാഖ’ എന്നാണ് സകരിയ്യൽ അൻസ്വാരി(റ) തസ്വവ്വുഫിനെ നിർവചിച്ചിരിക്കുന്നത് (ശർഹു രിസാലതിൽ ഖുശൈരിയ്യ 7/12). ‘രാജാധിരാജനായ അല്ലാഹുവിന്റെ തിരുസന്നിധിയിൽ പ്രവേശിക്കേണ്ടത് എങ്ങനെയെന്നും ദുർഗുണങ്ങളിൽ നിന്ന് മനസ്സകം ശുദ്ധിവരുത്തുകയും ശ്രേഷ്ഠഗുണങ്ങൾകൊണ്ട് അലങ്കരിക്കുകയും ചെയ്യേണ്ടത് എങ്ങനെയെന്നും വിവരിക്കുന്ന വിജ്ഞാനം’. ‘ഉന്നത സ്വഭാവ ഗുണങ്ങളെല്ലാം ആർജിക്കുകയും മ്ലേഛ സ്വഭാവങ്ങളെല്ലാം ഉപേക്ഷിക്കുകയും ചെയ്യുക’. ‘അല്ലാഹുവിന്റെ വിനീത ദാസനായിത്തീരാൻ മനസ്സിനെ പരിശീലിപ്പിക്കുകയും അവന്റെ നിയമ വ്യവസ്ഥകൾക്കനുസൃതമായി അതിനെ മേയാൻ വിടുകയും ചെയ്യുക’. ‘പൂർണതയാഗ്രഹിക്കുന്നവർക്ക് വിജയത്തിന്റെ പടവുകൾ എങ്ങനെ കയറാമെന്നും അതിൽ അവർ നേരിട്ടേക്കാവുന്ന കാര്യങ്ങൾ ഏതെല്ലാമാണെന്നും വിവരിച്ചുകൊടുക്കുന്ന വിജ്ഞാനശാഖ’ എന്നെല്ലാം ജ്ഞാനികൾ തസ്വവ്വുഫിനെ നിർവചിച്ചിട്ടുണ്ട് (കശ്ഫുള്ളുനൂൻ 1/413-414, ഹഖാഇഖുൻ അനിത്തസ്വവ്വുഫ് 17- 19).
ഉത്ഭവവും വികാസവും
ഇസ്‌ലാമിന്റെ ആരംഭ കാലത്തുതന്നെ തസ്വവ്വുഫ് നിലവിലുണ്ടായിരുന്നു. തസ്വവ്വുഫിന്റെ സംസ്ഥാപനത്തെ കുറിച്ചുള്ള ചോദ്യത്തിനുത്തരമായി സയ്യിദ് മുഹമ്മദ് സിദ്ദീഖ് അൽഗിമാരി(റ) പറഞ്ഞു: ‘ഇസ്‌ലാമിക ശരീഅത്തിലെ മറ്റേത് അടിസ്ഥാനതത്ത്വവും പോലെ മുഹമ്മദ് നബി(സ്വ)ക്ക് വാനലോകത്ത് നിന്ന് ലഭിച്ച ദിവ്യസന്ദേശ(വഹ്‌യ്)ത്തിലൂടെയാണ് ത്വരീഖത്തും തസ്വവ്വുഫും സ്ഥാപിതമായിട്ടുള്ളത്. പ്രവാചക സന്നിധിയിൽ വന്ന് ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളെ കുറിച്ച് ആരാഞ്ഞ ജിബ്‌രീൽ(അ)മിന്റെ ചോദ്യത്തിനുത്തരമായി ഈമാൻ, ഇസ്‌ലാം, ഇഹ്‌സാൻ എന്നിങ്ങനെ ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളെ ഓരോന്നായി വിവരിച്ച ഹദീസിലെ ഇഹ്‌സാൻ എന്ന സ്ഥാനമാണ് ത്വരീഖത്ത് (അൽഇൻതിസ്വാർ ലി ത്വരീഖിസ്സ്വൂഫിയ്യ 6).
റസൂൽ(സ്വ)യുടെ കാലത്ത് മസ്ജിദുന്നബവിയുടെ ചാരത്ത് ആരാധനയിലും പഠന പാഠനങ്ങളിലും മുഴുകിയിരുന്ന സാത്വികരായ സ്വഹാബികളിലാണ് സൂഫിസത്തിന്റെ വേരുകൾ ചെന്നെത്തുന്നത്. കേവല വിശ്വാസത്തിലും അനിവാര്യമായ കർമങ്ങളെടുക്കുന്നതിലും പരിമിതമായിരുന്നില്ല സ്വഹാബികളുടെ മതാചരണം. വിശ്വാസത്തോടൊപ്പം അവർ ഉൾക്കാഴ്ച നേടി. വിശ്വാസത്തിന്റെ മധുരം രുചിച്ചറിഞ്ഞു. നിർബന്ധ കർമങ്ങളിൽ നിഷ്ഠ പുലർത്തി. അതോടൊപ്പം ഐച്ഛികാരാധനകൾ ധാരാളമായി അനുഷ്ഠിച്ചു. നിഷിദ്ധ കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നതോടൊപ്പം അനഭിലഷണീയമായ കാര്യങ്ങൾ കൂടി (കറാഹത്ത്) അവരുപേക്ഷിച്ചു. അങ്ങനെ അവരുടെ മനസ്സകം പ്രഭാപൂരിതമായി. അവരുടെ ഹൃദയങ്ങളിൽ നിന്ന് ജ്ഞാന നിർഝരികൾ ഉറവയെടുത്തു.
അല്ലാഹുവിന്റെ പ്രീതിക്കായി ജീവിതം ചിട്ടപ്പെടുത്തുക. മനസ്സും ആത്മാവും എല്ലായ്‌പ്പോഴും അല്ലാഹുവിലേക്ക് തിരിച്ചുവെക്കുക, അവൻ വിധിച്ചതെന്തും സംതൃപ്തിയോടെ സ്വീകരിക്കുക, ആജ്ഞകൾ ശിരസ്സാ വഹിക്കുകയും വിലക്കുകൾ പാലിക്കുകയും ചെയ്യുക, സൂക്ഷ്മത, ഐഹികവിരക്തി, പശ്ചാത്താപം, ആത്മപരിശോധന, അല്ലാഹുവിന്റെ ശിക്ഷയിലും അവനോട് മര്യാദവിട്ട് പെരുമാറുന്നതിലുമുള്ള ഭയം, അല്ലാഹുവിന്റെ തൃപ്തിയും സമീപ്യവും നേടിയെടുക്കുന്നതിന് വേണ്ടിയുള്ള കഠിനമായ പരിശ്രമം, അല്ലാഹുവിൽ ഭരമേൽപ്പിക്കുക, അവന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുക, അവന്റെ ഔദാര്യത്തിലും കാരുണ്യത്തിലുമുള്ള പ്രതീക്ഷ തുടങ്ങിയവയാണ് സൂഫിസത്തിന്റെ ആത്മസത്ത. സ്വഹാബികളിലാണ് ഈ വിശേഷണങ്ങൾ പൂർണാർത്ഥത്തിൽ കാണാനാവുക. തിരുനബി(സ്വ)യുമായുള്ള സഹവാസം അവരെ അതിന് പ്രാപ്തരാക്കി. ശ്രേഷ്ഠരായ താബിഉകളും തബഉത്താബികളും ഈ ചര്യയിൽ നിലകൊണ്ടവരായിരുന്നു.
എന്നാൽ സ്വഹാബികളുടെയോ താബിഉകളുടെയോ കാലത്ത് തസ്വവ്വുഫ് ഒരു പ്രത്യേക വിജ്ഞാനശാഖയായി രൂപ പ്പെട്ടിരുന്നില്ല. ആത്മീയോൽക്കർഷം ലാക്കാക്കി ജീവിതം ചിട്ടപ്പെടുത്തുന്നവർ സൂഫികൾ എന്ന പേരിൽ അക്കാലത്ത് അറിയപ്പെട്ടിരുന്നുമില്ല. പിൽക്കാലത്ത് വ്യത്യസ്ത സമൂഹങ്ങൾ ഇസ്‌ലാമിലേക്ക് കടന്നുവരികയും വൈജ്ഞാനിക വ്യാപനമുണ്ടാവുകയും ചെയ്തു. കർമശാസ്ത്രം, ഖുർആൻ വ്യാഖ്യാന ശാസ്ത്രം, വിശ്വാസ ശാസ്ത്രം, ഹദീസ് വിജ്ഞാനീയങ്ങൾ തുടങ്ങി വിവിധ വിജ്ഞാനശാഖകൾ രൂപപ്പെട്ടു. അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാൻ ഉതകുന്ന കാര്യങ്ങളിൽ നിരതരാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പല ജനങ്ങളും ബോധവാന്മാരല്ലാതായി. ആത്മസംസ്‌കരണ സംബന്ധിയായ വിജ്ഞാനങ്ങളുമായുള്ള ബന്ധം കുറയുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ആത്മജ്ഞാനികൾ തസ്വവ്വുഫ് ഒരു വിജ്ഞാനശാഖയായി ക്രോഡീകരിക്കാനും അതിന്റെ മഹത്ത്വവും ശ്രേഷ്ഠതയും വിവരിക്കാനും ആരംഭിച്ചത്. ഇബ്‌നു ഖൽദൂൻ മുഖദ്ദിമയിൽ അതിപ്രകാരം വിവരിച്ചു: ഇസ്‌ലാമിക വൈജ്ഞാനീയങ്ങളിൽ പെട്ടതും പിൽക്കാലത്ത് ഉരുവപ്പെട്ടതുമായ വിജ്ഞാനശാഖയാണ് തസ്വവ്വുഫ്. സ്വഹാബികളും താബിഉകളും പിൽക്കാലത്ത് വന്ന മഹത്തുക്കളും സ്വീകരിച്ചുവന്ന സത്യത്തിന്റെയും സന്മാർഗത്തിന്റെയും വഴിയാണിത്. അല്ലാഹുവിനുള്ള ആരാധനകളിൽ നിമഗ്‌നമാവുക, മനസ്സ് പൂർണമായും അവനിലേക്ക് തിരിക്കുക, ഐഹികമായ അലങ്കാരവും ആഡംബരങ്ങളും ഒഴിവാക്കുക. ഭൂരിഭാഗം ജനങ്ങളിലും കാണപ്പെടുന്ന ധനത്തോടുള്ള ആർത്തി, ഭൗതിക സുഖലോലുപത, സ്ഥാനമാനങ്ങളോടുള്ള മോഹം എന്നിവ യിലുള്ള വിരക്തി, സൃഷ്ടികളിൽ നിന്നെല്ലാം അകന്ന് ഇബാദത്തുകൾക്കായി ഒഴിഞ്ഞിരിക്കുക എന്നിവയായിരുന്നു അവർ തങ്ങളുടെ അടിസ്ഥാന തത്ത്വമായി കണ്ടിരുന്നത്. സ്വഹാബികളിലും താബിഉകളിലും അവർക്ക് ശേഷം വന്ന മഹത്തുക്കളിലും വ്യാപകമായി കണ്ടിരുന്ന സ്വഭാവ ഗുണമായിരുന്നു ഇത്. രണ്ടാം നൂറ്റാണ്ടിലും അതിന് ശേഷവും ഭൗതിക ജീവിതത്തോടുള്ള ആഭിമുഖ്യം ജനങ്ങൾക്കിടയിൽ വ്യാപകമാവുകയും ഭൗതികസമ്പർക്കം അവരുടെയൊരു പ്രവണതയാവുകയും ചെയ്തപ്പോഴാണ് ആരാധനയോട് ആഭിമുഖ്യം പുലർത്തുന്നവർ സൂഫികൾ എന്ന പേരിൽ അറിയപ്പെട്ടത് (മുഖദ്ദിമ 329).
ഇമാം ഖുശൈരി(റ)യെ ഉദ്ധരിച്ച് ഹാജി ഖലീഫ വിവരിക്കുന്നു: തിരുനബി(സ്വ)ക്ക് ശേഷമുള്ള മുസ്‌ലിംകൾ അവരുടെ കാലത്ത് ജീവിച്ചിരുന്ന ശ്രേഷ്ഠ ജനങ്ങളെ സ്വഹാബികൾ/ നബി(സ്വ)യുമായി സഹവാസമുള്ളവർ എന്നല്ലാതെ മറ്റൊരു പേരു വിളിച്ചിരുന്നില്ല. നബി(സ്വ)യുമായുള്ള സഹവാസത്തേക്കാൾ ഉൽകൃഷ്ടമായ മറ്റൊരു സ്ഥാനമില്ല എന്നതായിരുന്നു അതിന് കാരണം. രണ്ടാം തലമുറയിൽ പെട്ടവർ സ്വഹാബികളുമായുള്ള സഹവാസത്തിലൂടെ താബിഉകൾ എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് വന്ന ജനങ്ങൾ വ്യത്യസ്ത പദവികളുള്ളവരും ഭിന്ന സ്ഥാനങ്ങളിലുള്ളവരുമായിത്തീർന്നപ്പോൾ മതകാര്യങ്ങളിൽ കണിശത പുലർത്തുന്നവർ ‘സുഹ്ഹാദ്’ (ഐഹിക വിരക്തർ), ‘ഉബ്ബാദ്’ (ആരാധനകളിൽ നിമഗ്‌നരായവർ) എന്നീ പേരുകളിലറിയപ്പെട്ടു. കാലക്രമത്തിൽ ഇസ്‌ലാമിക സമൂഹത്തിനകത്ത് മതവിരുദ്ധമായ നവീന ആശയങ്ങൾ പ്രകടമാവുകയും അത് സ്വീകരിച്ചവർ സംഘടിക്കുകയും ഒരോ വിഭാഗവും തങ്ങളിലാണ് സുഹ്ഹാദുകളുള്ളതെന്ന് അവകാശപ്പെടുകയും ചെയ്തു. ഈ ഘട്ടത്തിൽ അല്ലാഹുവിനെ പറ്റിയുള്ള ചിന്തയിൽ മനസ്സുകളെ വ്യാപരിപ്പിക്കുകയും അശ്രദ്ധയുടെ വഴികളിൽ നിന്ന് ഹൃദയത്തെ സൂക്ഷിക്കുകയും ചെയ്യുന്ന അഹ്‌ലുസ്സുന്നയിൽ പെട്ട വിശിഷ്ട വ്യക്തികൾ മാത്രം സൂഫികൾ (തസ്വവ്വുഫിന്റെ വക്താക്കൾ) എന്നറിയപ്പെട്ടു. ഹിജ്‌റ 200ന് മുമ്പുതന്നെ അത്തരം മഹത്തുക്കൾ ഈ നാമത്തിൽ അറിയപ്പെട്ടിരുന്നു. ഹി. 150ൽ മരണപ്പെട്ട അബൂഹാശിം എന്ന സൂഫീ ജ്ഞാനിയാണ് ആദ്യമായി ഈ നാമത്തിൽ അറിയപ്പെട്ടത് (കശ്ഫുള്ളുനൂൻ അൻ ആസാമിൽ കുതുബി വൽ ഫുനൂൻ 1/414).
തസ്വവ്വുഫും സൂഫീ മാർഗവും ഇസ്‌ലാമിനകത്ത് രൂപപ്പെട്ട ഒരു പുതിയ പ്രവണതയല്ലെന്നും തിരുനബി(സ്വ)യുടെ ചര്യയിൽ നിന്നും സ്വഹാബികളുടെ ജീവിതത്തിൽ നിന്നും രൂപംകൊണ്ടതാണെന്നും ഉപരിസൂചിത പ്രസ്താവനകളിൽ നിന്നു വ്യക്തം. എന്നാൽ സൂഫി, തസ്വവ്വുഫ് തുടങ്ങിയ സംജ്ഞകൾ തിരുനബി(സ്വ)യുടെ സ്വഹാബികളുടെയോ താബിഉകളുടെയോ കാലത്ത് പ്രചാരത്തിലുണ്ടായിരുന്നില്ല. തസ്വവ്വുഫ് ഒരു പ്രത്യേക വിജ്ഞാനശാഖയായി അക്കാലത്ത് രൂപപ്പെട്ടിരുന്നുമില്ല.
തസ്വവ്വുഫും സൂഫിയും
തസവ്വുഫ് എന്ന പദത്തിന്റെ നിഷ്പത്തിയെ കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. പവിത്രത, നൈർമല്യം തുടങ്ങിയ അർത്ഥതലങ്ങളുള്ള ‘സ്വഫാഅ്’ എന്ന പദത്തിൽ നിന്നാണ് തസ്വവ്വുഫ് രൂപപ്പെട്ടതെന്നാണ് ഒരു വീക്ഷണം. റസൂൽ(സ്വ)യുടെ കാലത്ത് മസ്ജിദുന്നബവിയുടെ ചെരുവിൽ മതപഠനത്തിലും ആരാധനയിലും മുഴുകിയിരുന്ന സാത്വിക സ്വഹാബികളായ അഹ്‌ലുസ്സ്വുഫ്ഫയിലേക്ക് ചേർത്താണ് തസ്വവ്വുഫ്, സൂഫീ എന്നിങ്ങനെ പറയുന്നതെന്നാണ് മറ്റൊരു വീക്ഷണം.
സുഖാഡംബരങ്ങൾ വെടിഞ്ഞ് ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമായ കമ്പിളി വസ്ത്രം ധരിക്കുന്നവരായിരുന്നു സൂഫികൾ. അതിനാൽ കമ്പിളി എന്നർത്ഥമുള്ള ‘സ്വൂഫ്’ എന്ന പദത്തിൽ നിന്നാണ് തസ്വവ്വുഫ് എന്ന പദം രൂപപ്പെട്ടതെന്ന വീക്ഷണവുമുണ്ട്. അണി എന്നർത്ഥമുള്ള ‘സ്വഫ്ഫ്’ എന്ന പദത്തിൽ നിന്നാണെന്നാണ് മറ്റൊരു വീക്ഷണം. അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കുന്നതിലും എല്ലായ്‌പ്പോഴും അവനെ സ്മരിച്ചുകൊണ്ടും മാനസികമായി മുന്നിൽ നിൽക്കുന്നവരാണല്ലോ സൂഫികൾ. സ്വഭാവം, വിശേഷണം എന്നെല്ലാം അർത്ഥമുള്ള സ്വിഫത്ത് എന്ന ക്രിയാനാമത്തിൽ നിന്നാണെന്നും പരിശുദ്ധി എന്നർത്ഥമുള്ള ‘സ്വഫ്വത്’ എന്നതിൽ നിന്നാണെന്ന അഭിപ്രായങ്ങളുമുണ്ട്.
ത്വരീഖത്തും ശരീഅത്തും
അല്ലാഹുവിലേക്കുള്ള വഴിയാണ് ത്വരീഖത്ത്. ഐഹിക ലോകത്ത് മനസ്സുകൊണ്ടും പരലോകത്തുവെച്ച് നഗ്‌നനേത്രങ്ങൾ കൊണ്ടും അല്ലാഹുവിനെ ദർശിക്കാൻ സഹായകമാകുന്ന വഴി. പശ്ചാത്താപം, ആത്മവിചാരണ, അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള ഭീതി, അവന്റെ വിട്ടുവീഴ്ചയിലുള്ള പ്രതീക്ഷ തുടങ്ങിയവയാണ്
ഈ വഴിയിൽ പ്രവേശിക്കുന്നവർ (സാലിക്) അണിഞ്ഞിരിക്കേണ്ട ആഭരണങ്ങൾ. ബാഹ്യമായ കർമങ്ങൾക്കൊപ്പം ആത്മാവിനെ വിമലീകരിക്കുന്നതും അതിനെ കാർന്ന് തിന്നുന്ന രോഗങ്ങളിൽ നിന്നുള്ള വിമുക്തിയും പൂർണത കൈവരിക്കാനുതകുന്ന വിശേഷണങ്ങൾ നേടലുമാണ് ത്വരീഖത്ത്.
ശരിയായ വിശ്വാസവും തഖ്‌വയുമാണ് അല്ലാഹുവിലേക്കുള്ള വഴിയിൽ പ്രവേശിക്കുന്നവർ ആദ്യമായി കൈമുതലാക്കേണ്ടത്. ശൈഖുൽ അക്ബർ മുഹ്‌യിദ്ദീൻ അൽഅറബി(റ) പറഞ്ഞു: അധ്യാത്മിക സമൂഹത്തിന്റെ (അൽഖൗം) ജ്ഞാനസരണിയിലെത്താനുള്ള മാർഗം ശരിയായ വിശ്വാസവും തഖ്‌വയുമാണ്. ‘അല്ലാഹുവിന് തഖ്‌വ ചെയ്തുകൊണ്ട് ജീവിക്കുന്നപക്ഷം അല്ലാഹു അവനൊരു പോംവഴി കാണിച്ചുകൊടുക്കും. നിനക്കാത്ത വിധത്തിൽ അവന് അന്നം നൽകുകയും ചെയ്യും (വി.ഖു 65/3,4). ശരീരത്തിനും ആത്മാവിനും ഭക്ഷണം ആവശ്യമാണ്. ‘നിങ്ങൾ അല്ലാഹുവിന് തഖ്‌വ ചെയ്യുവിൻ, അവൻ നിങ്ങൾക്ക് ജ്ഞാനം പകർന്നുനൽകും’ (വി.ഖു. 2/ 282). ഭൗതിക മാധ്യമങ്ങളിലൂടെ അറിയാനാകാത്ത ഇലാഹിയ്യായ വിജ്ഞാനങ്ങൾ അവൻ നിങ്ങൾക്ക് പഠിപ്പിച്ചുതരും എന്നാണ് ഈ വചനം സൂചിപ്പിക്കുന്നത് (അന്നു സ്തുന്ന ബമിയ്യ 83).
ശരിയായ വിശ്വാസം, അതിലുള്ള ദൃഢത, അല്ലാഹു നിർണയിച്ചുനൽകിയ അതിർവരമ്പുകൾ സൂക്ഷിക്കുന്ന മനസ്സ്, ശരീഅത്ത് അനുശാസിക്കുന്ന കർമങ്ങളിലുള്ള കാർക്കശ്യം, തിരുദൂതരിൽ നിന്ന് സ്വീകരിച്ചിട്ടുള്ള ഉന്നതമായ സ്വഭാവ ഗുണങ്ങൾ എന്നിവയില്ലാതെ അല്ലാഹുവിലേക്ക് എത്തിച്ചേരാൻ ഒരിക്കലും സാധ്യമല്ല എന്നാണ് ഇബ്‌നു അറബി(റ)യുടെ ഈ വാക്യം പഠിപ്പിക്കുന്നത്. മ്ലേച്ഛമായ വികാരവിചാരങ്ങളിൽ നിന്നും മനസ്സിന്റെ അശ്രദ്ധയിൽ നിന്നും കരകയറാതെ ആത്മീയ വഴിയിൽ പ്രവേശിച്ചവർ, യാത്രക്കിടയിൽ വഴിതെറ്റുകയോ വഴിമധ്യേ പ്രയാണമവസാനിപ്പിക്കുകയോ ചെയ്യാതിരിക്കുകയില്ല. അങ്ങനെ അവർ വഴിപിഴച്ചവരും നിർഭാഗ്യവാന്മാരുമായിത്തീരും (ഹഖാഇഖ് 225).
ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എന്നിവ പരസ്പര പൂരകങ്ങളായ മൂന്ന് വസ്തുതകളാണ്. ആജ്ഞകൾ അനുസരിച്ചും വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചും മതവിധികൾ പിന്തുടരുന്നതിനാണ് ശരീഅത്ത് എന്ന് പറയുന്നത്. ജീവന്റെ നിലനിൽപ്പിന് ആവശ്യമായത് മാത്രം ഭക്ഷിച്ചും ഉറക്കം നിയന്ത്രിക്കാനാകാതെ വരുമ്പോൾ മാത്രം ഉറങ്ങിയും അനിവാര്യ ഘട്ടങ്ങളിൽ മാത്രം സംസാരിച്ചും ദേഹേച്ഛകൾക്ക് അവധി കൊടുത്തും ആരാധനകളിൽ മുഴുകിയും കൂടുതൽ ശ്രദ്ധയോടെ ശരീഅത്ത് നിയമങ്ങൾ പാലിക്കലാണ് ത്വരീഖത്ത്. അഥവാ ഭൗതികമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയും അല്ലാഹുവിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തുകൊണ്ട് ‘വറഅ്’ പോലുള്ള ശരീഅത്തിന്റെ സൂക്ഷ്മാംശങ്ങൾ സ്വീകരിക്കുകയും ഐഹിക സുഖാസ്വാദനങ്ങൾ വർജിക്കുക, ഏകാന്തവാസം തിരഞ്ഞെടുക്കുക, മൗനമവലംബിക്കുക, ഉറക്കമൊഴിക്കുക, വ്രതം, നിസ്‌കാരം തുടങ്ങിയ ആരാധനകളിൽ നിരതനാവുക തുടങ്ങിയ ആയാസകരമായ കാര്യങ്ങൾക്കായി ശരീരത്തെ പാകപ്പെടുത്തുകയും ചെയ്യുന്നതിനാണ് ത്വരീഖത്ത് എന്ന് പറയുന്നത്. നിഷിദ്ധ കാര്യങ്ങൾ ഉപേക്ഷിക്കലാണ് വറഇന്റ ഏറ്റവും താഴ്ന്ന തലം. നിഷിദ്ധമാണോ അല്ലേ എന്ന് സംശയം ബാക്കിനിൽക്കുന്ന കാര്യങ്ങൾ കൂടി ഉപേക്ഷിക്കലാണ് അതിന്റെ രണ്ടാം ഘട്ടം. തെറ്റിലേക്ക് നയിക്കുമോ എന്ന ഭീതിയിൽ തെറ്റല്ലാത്ത കാര്യങ്ങൾ കൂടി ഉപേക്ഷിക്കലാണ് അതിന്റെ മൂന്നാം തലം. അല്ലാഹുവിന് വേണ്ടിയുള്ളതല്ലാത്ത എല്ലാത്തിനെയും ഉപേക്ഷിക്കുക എന്നതാണ് അതിന്റെ ഏറ്റവും പരമമായ സ്ഥാനം. അവരുടെ ഊണും ഉറക്കവും ചലനനിശ്ചലനങ്ങളുമെല്ലാം അല്ലാഹുവിന് വേണ്ടിയായിരിക്കും.
ത്വരീഖത്തിലൂടെ എത്തിപ്പെടുന്ന ഉന്നത സ്ഥാനമാണ് ഹഖീഖത്ത്. ഹഖീഖത്തെന്ന ലക്ഷ്യം പ്രാപിക്കുന്നതോടെ അല്ലാഹുവിനെക്കുറിച്ചുള്ള മഅ്‌രിഫത്ത് ലഭിക്കുന്നു. ഇലാഹിയ്യായ വെളിപാടിന്റെ പ്രഭ (നൂറുത്തജല്ലി) അവന് ദൃശ്യമാകുന്നു. ഇന്ദ്രിയാതീതമായ യാഥാർത്ഥ്യങ്ങൾ മുന്നിൽ അനാവൃതമാകുന്നു. അകക്കണ്ണ് കൊണ്ട് കാര്യങ്ങളുടെ ആന്തരികവശം കാണാൻ സാധിക്കുന്നു (രിസ്ഖുൽ അസ്വ്ഫിയ 17). പശ്ചാത്താപം (തൗബ), ആത്മവിചാരണ (മുഹാസബത്), ഐഹികവിരക്തി (സുഹ്ദ്), ആത്മാർത്ഥത (ഇഖ്‌ലാസ്വ്), അല്ലാഹുവിൽ ഭരമേൽപ്പിക്കുക (തവക്കുൽ), ക്ഷമ (സ്വബ്ർ), കൃതജ്ഞത (ശുക്ർ), സംതൃപ്തി (രിള), സൂക്ഷ്മത (വറഅ്), അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷ (റജാഅ്), അവന്റെ ശിക്ഷയെക്കുറിച്ചുള്ള ഭീതി (ഖൗഫ്) തുടങ്ങി ഒട്ടേറെ കടമ്പകൾ പിന്നിട്ടു വേണം ഹഖീഖത്തിന്റെ ഉന്നത പദവിയിലെത്താൻ.
ഇഖ്‌ലാസ്വ്
അല്ലാഹുവിലുള്ള വിശ്വാസ കാഠിന്യത്താൽ അവന്റെ ആജ്ഞകൾക്ക് പൂർണമായി കീഴ്‌പ്പെട്ടും അവന്റെ പ്രീതി മാത്രം കാംക്ഷിച്ച് കർമങ്ങളിൽ മുഴുകിയും ഐച്ഛിക ആരാധനകളിൽ നിരതരായും റബ്ബിന്റെ സാമീപ്യം കരസ്ഥമാക്കുക എന്നതാണ് സൂഫികളുടെ ലക്ഷ്യം. സാധാരണ വിശ്വാസികൾ സ്വർഗം മോഹിച്ചും നരകശിക്ഷ ഭയന്നുമാണ് കർമങ്ങൾ ചെയ്യുക. എന്നാൽ സൂഫികൾ അല്ലാഹുവിന്റെ പ്രീതി മാത്രമാണ് ലക്ഷ്യമാക്കുന്നത്. മറ്റൊന്നും അവരുടെ ചിന്തയിൽ കടന്നുവരുന്നില്ല. ഇഖ്‌ലാസ്വിന്റെ ഏറ്റവും മൂർത്തമായ ഭാവമാണ് അവരുടേത്.
ഇഖ്‌ലാസ്വിനെ ജ്ഞാനികൾ മൂന്നായി വർഗീകരിച്ചിട്ടുണ്ട്. പൊതുജനത്തിന്റെ ഇഖ്‌ലാസ്വാണ് ഒന്നാമത്തേത്. സ്രഷ്ടാവുമായുള്ള വ്യവഹാരങ്ങളിൽ സൃഷ്ടികൾക്ക് ഇടം കൊടുക്കാതിരിക്കുക എന്നതാണ് സാധാരണക്കാരുടെ ഇഖ്‌ലാസ്വ്. അതോടൊപ്പം ശാരീരികമോ സാമ്പത്തികമോ ആയ സുരക്ഷ, വിഭവങ്ങളുടെ ധാരാളിത്തം, സ്വർഗീയ കൊട്ടാരങ്ങളും തരുണീമണികളും തുടങ്ങിയ ഐഹികമോ പാരത്രികമോ ആയ സന്തോഷങ്ങൾ അവർ ആവശ്യപ്പെട്ടെന്നു വരാം. പ്രത്യേകക്കാരുടെ ഇഖ്‌ലാസ്വാണ് രണ്ടാമത്തേത്. സ്രഷ്ടാവുമായുള്ള വ്യവഹാരങ്ങളിൽ സൃഷ്ടികൾക്ക് ഇടം നൽകുകയില്ലെന്ന് മാത്രമല്ല, ഭൗതികമായ യാതൊരു നേട്ടവും അതിലൂടെ അവരാഗ്രഹിക്കുകയില്ല. എന്നാൽ പാരത്രിക ലോകത്തെ നേട്ടങ്ങൾ അവർ പ്രതീക്ഷിച്ചെന്നുവരാം. ഇഖ്‌ലാസ്വിന്റെ ഏറ്റവും മൂർത്തമായ ഭാവമാണ് മൂന്നാമത്തേത്. സ്രഷ്ടാവുമായുള്ള വ്യവഹാരങ്ങളിൽ ഭൗതികമോ പാരത്രികമോ ആയ യാതൊരു സൗഭാഗ്യവും ആഗ്രഹിക്കാത്ത പരമപ്രാപ്തരായ സൂഫികളുടെ ഇഖ്‌ലാസ്വാണിത്. സ്രഷ്ടാവിനെ കാണാനുള്ള കൊതിയിൽ നിന്നും അവനോടുള്ള പ്രേമത്തിൽ നിന്നും ഉത്ഭൂതമായതായിരിക്കും അവരുടെ കർമങ്ങൾ. അല്ലാഹുവിനോടുള്ള ദാസ്യത്വം (ഉബൂദിയ്യത്ത്) സാക്ഷാൽകൃതമാക്കുക, അവന്റെ രക്ഷാകർതൃത്വം അംഗീകരിച്ചുകൊണ്ടുള്ള കർത്തവ്യങ്ങളിൽ വ്യാപൃതരാവുക എന്നതാണ് കർമങ്ങൾ കൊണ്ട് അവർ ലക്ഷ്യമാക്കുന്നത്. സ്വർഗം മോഹിച്ച് കർമങ്ങൾ ചെയ്യുന്നതും നരകം പേടിച്ച് അരുതായ്മകളിൽ നിന്ന് മാറിനിൽക്കുന്നതും അവരുടെ വീക്ഷണത്തിൽ ഇഖ്‌ലാസ്വിന് വിരുദ്ധമാണ്. ‘സ്വർഗം മോഹിച്ചുകൊണ്ടോ നരകം ഭയന്നുകൊണ്ടോ ഞാൻ നിന്നെ ആരാധിച്ചിട്ടില്ല. നിന്റെ പ്രീതി കാംക്ഷിച്ചു മാത്രമാണ് ഞാൻ നിനക്ക് ആരാധനയർപ്പിച്ചിരിക്കുന്നതെന്ന്’ റാബിഅതുൽ അദവിയ്യ(റ) പറഞ്ഞത് ഈ അർത്ഥത്തിലാണ്. സ്വർഗപ്രവേശം അവർ ആഗ്രഹിക്കുന്നില്ലെന്നോ നരകം അവർ ഭയക്കുന്നില്ലെന്നോ ഇതിനർത്ഥമില്ല. അല്ലാഹുവിന്റെ കോപത്തിന്റെയും ശിക്ഷയുടെയും ഭവനമായ നരകം അങ്ങേയറ്റം ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്നവരാണവർ. നാഥന്റെ സാമീപ്യവും അവന്റെ പ്രീതിയുടെ ഭവനമായ സ്വർഗവും അവർ അതിയായി ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. നരകത്തെക്കുറിച്ചുള്ള പരാമർശം കേൾക്കുന്നമാത്രയിൽ ബോധരഹിതയായി വീഴുന്നവരായിരുന്നു റാബിഅതുൽ അദവിയ്യ(റ). നരകം തന്നെ മാത്രം ശിക്ഷിക്കാനായി സൃഷ്ടിക്കപ്പെട്ടതാണെന്ന പോലെ കരഞ്ഞ് കണ്ണീർ വാർക്കുമായിരുന്നു അവർ (ഹഖാഇഖുൻ അനിത്തസ്വവ്വുഫ് 237, 258).
ഇസ്ഹാഖ് അഹ്‌സനി