‘നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്ത ഖുർആനെ പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേത് പോലുള്ള ഒരധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങൾക്കുള്ള ഏത് സഹായികളെയും വിളിച്ചു കൊള്ളുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ! നിങ്ങൾക്കതിന് സാധിച്ചില്ലെങ്കിൽ- ഒരിക്കലും നിങ്ങൾക്കത് സാധ്യമല്ല- മനുഷ്യരും കല്ലുകളും കത്തിക്കപ്പെടുന്ന അതിഭീകര നരകാഗ്നിയെ നിങ്ങൾ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികൾക്ക് വേണ്ടി ഒരുക്കിവെച്ചതാണ് അത്’ (വിഖു: 2/ 23,24).
എതിരാളികളോട് ഖുർആൻ നടത്തിയ ആരുറപ്പുള്ള വെല്ലുവിളിയാണിത്. ഖുർആനിന്റെ ദൈവികത നിഷേധിച്ചവർക്കു മുമ്പിൽ അതിനോട് തതുല്യമായ ഒന്ന് കൊണ്ടുവരാമോ എന്നായിരുന്നു ആദ്യവെല്ലുവിളി (52: 33,34). ഏറ്റെടുക്കാൻ എതിരാളികൾക്ക് കഴിയാതെ വന്നപ്പോൾ ‘പോകട്ടെ പത്ത് സൂറതുകൾ കൊണ്ടുവരാമോ’ എന്നായി (11: 13,14). ‘അതും നടക്കാതെ വന്നപ്പോൾ ഒരു സൂറതെങ്കിലും കൊണ്ടുവരാമോ’ എന്നായി. പ്രതിയോഗികളെ ഖുർആൻ ആവർത്തിച്ച് വെല്ലുവി ളിച്ചു. പക്ഷേ നാളിതുവരെ അത് ഏറ്റെടുക്കാൻ ഒരാൾക്കും സാധിച്ചില്ല. ഇനി ഒരാൾക്കും സാധിക്കുകയുമില്ല.
പ്രവാചകന്മാർക്ക് അവരുടെ പ്രബോധന ദൗത്യ പൂർത്തീകരണത്തിനു സഹായകമായി അല്ലാഹു നൽകുന്ന അമാനുഷിക സിദ്ധികളാണല്ലോ മുഅ്ജിസതുകൾ. തിരുനബി(സ്വ)ക്ക് നൽകിയ ഏറ്റവും വലിയ അമാനുഷികതയായ ഖുർആനോ തി അവിടുന്ന് പ്രബോധനം തുടങ്ങിയപ്പോൾ ചിലർ അതിന്റെ ദൈവികത ചോദ്യംചെയ്തു. മുഹമ്മദ് നബി(സ്വ)യുടെ തൂലികയിൽ നിന്ന് വിരചിതമായതാണ് ഖുർആനെന്ന് അവർ വാദിച്ചു. അങ്ങനെയെങ്കിൽ, അക്ഷരജ്ഞാനം നേടിയിട്ടില്ലാ ത്ത മുഹമ്മദ് നബി(സ്വ) ഓതിക്കേൾപ്പിക്കുന്ന ഖുർആനിന് തുല്യമായ ഒരു ചെറിയ സൂറതെങ്കിലും കൊണ്ടുവരാൻ നിങ്ങൾക്ക് സാധിക്കുമോ എന്നാണ് ഖുർആൻ ചോദിക്കുന്നത്. അറബി സാഹിത്യ സാമ്രാട്ടുകളായിരുന്ന ആറാം നൂറ്റാണ്ടിലെ ജനത ഖുർആനിന്റെ മൂർച്ചയേറിയ ചോദ്യശരങ്ങൾക്കു മുന്നിൽ പതറിവിറച്ചു. സാഹിത്യ ലോകത്തെ അതികായരായിരുന്ന അവർ ഈ വെല്ലുവിളി നേരിടാൻ പലവുരു കിണഞ്ഞു ശ്രമിച്ചെങ്കിലും അതിദയനീയമായി പരാജയപ്പെടാനായിരുന്നു അവ രുടെ വിധി. മാത്രമല്ല, ഖുർആനെ നേരിടാൻ മെനഞ്ഞുണ്ടാക്കിയ അക്ഷരക്കൂട്ടങ്ങൾ സമൂഹമധ്യേ അവതരിപ്പിക്കാൻ പോലും അവർ ധൈര്യപ്പെട്ടില്ല.
വലീദുബ്‌നു മുഗീറയുടെ സാക്ഷ്യം
ഇന്നും അറബി സാഹിത്യത്തിൽ നാം ഉപമിക്കാറുള്ളത് ആറാം നൂറ്റാണ്ടിലെ കവി കളെയാണ്. സാഹിത്യ വിദ്യാർത്ഥികൾക്ക് അവരെ സുപരിചിതവുമാണ്. അറബി സാഹിത്യലോകം അത്രമേൽ അടക്കിവാണവരായിരുന്നു അവർ. ഖുറൈശികളിലെ പ്രമുഖനും അറബി സാഹിത്യത്തിൽ അഗ്രേസരനുമായിരുന്ന വലീദുബ്‌നുൽ മുഗീറ ഒരിക്കൽ തിരുനബി(സ്വ)യിൽ നിന്ന് ഖുർആൻ കേൾക്കാനിടയായി. സാഹിത്യ പ്രപഞ്ചത്തിലെ ചക്രവർത്തിയായ അദ്ദേഹം മറ്റെല്ലാം മറന്ന് അതിൽ ലയിച്ചുപോയി.
ഈ വിവരമറിഞ്ഞ ഖുർആൻ വിരോധികളുടെ നേതാവ് അബൂജഹ്ൽ ഞെട്ടിവിറച്ചു. ഉടനെ വലീദിനെ സമീപിച്ച് പറഞ്ഞു: നാട്ടുകാർ പിരിവെടു ത്ത് അങ്ങേക്ക് സാമ്പത്തിക സഹായം ചെയ്തുതരാൻ ഉദ്ദേശിക്കുന്നുണ്ട്. ധനാഢ്യനും പ്രതാപിയുമായ വലീദ് ക്ഷുഭിതനായി. ‘എന്തിന്, ഖുറൈശികളിലെ ഏറ്റവും വലിയ സമ്പന്നനാണ് ഞാനെന്ന് അറിയില്ലേ?’
അബൂജഹ്ൽ: താങ്കൾ എന്തിനാണ് മുഹമ്മദിന്റെ ഖുർആൻ പാരായണം ശ്രവിച്ച് അതിൽ ആകൃഷ്ടനായത്? അതിനെതിരെ ഒരു പരസ്യ പ്രസ്താവന നടത്താൻ തയ്യാറുണ്ടോ?
വികാരഭരിതനായ വലീദിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘ഞാനെന്തു പറയാനാണ്? ദൈവമാണ് സത്യം. കവിതകളും അവയുടെ ഇശലുകളും ജിന്നുകളുടെ കവിതകളും നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നന്നായി അറിയുന്നത് ഞാനാണ്. ദൈവംതന്നെ സത്യം, മുഹമ്മദ് പറയുന്ന തിന് ഇവയിൽ ഒന്നിനോടും സാമ്യതയില്ല. ദൈവം സാക്ഷി, അദ്ദേഹത്തിന്റെ വചനങ്ങൾ അതീവ മധുരിതവും സൗന്ദര്യദായകവുമാണ്. അതിന്റെ മേൽഭാഗം ഫലങ്ങൾ നിറഞ്ഞതും അടിഭാഗം മണ്ണിൽ ഉറച്ചതുമാണ്. നിശ്ചയം സർവവചനങ്ങളേ ക്കാൾ മികച്ചതാണത്. ഒരു വചനത്തിനും അതിനെ അതിജയിക്കാൻ സാധ്യമല്ലതന്നെ. അതിന്റെ കീഴിൽ അകപ്പെടുന്നതിനെയല്ലാം അത് തകർത്തുകളയുക തന്നെ ചെയ്യും’ (സീറ: ഇബ്‌നു കസീർ).
ഖുർആനിന്റെ ഏറ്റവും വലിയ പ്രതിയോഗികളിലൊരാളുടേതാണീ തുറന്നുപറച്ചിൽ. ഖുർആനിന്റെ അമാനുഷികത സാഹിത്യ ചക്രവർത്തികളായ അവർക്ക് മനസ്സിലാകും. സാഹിത്യ സമ്പന്നത, ആശയ സമ്പുഷ്ടത തുടങ്ങിയവ സമ്പൂർണമായി മികവിന്റെ പരമാവധി പ്രാപിച്ച വിശുദ്ധ ഖുർആൻ ലോകത്തിനു മുമ്പിൽ ഓതുന്നത് അക്ഷരാഭ്യാസം നേടിയിട്ടില്ലാത്ത തിരുനബി(സ്വ)യാണ്. അതുതന്നെ മതി ഖുർആൻ നബി(സ്വ)യുടെ സൃഷ്ടിയല്ല, അവിടുത്തേക്ക് ലഭ്യമായ ദൈവിക വചനമാണെന്ന് ഗ്രഹിക്കാൻ.
നൂറ്റാണ്ടുകൾക്കു മുമ്പേ ഖുർആൻ നടത്തിയ വെല്ലുവിളികൾ എന്നും എതിരാളികളെ വിറപ്പിച്ചുകൊണ്ടിരിക്കുന്നു. ഖുർആൻ അതിന്റെ പ്രൗഢിയും പ്രതാപവും ഇടക്കിടെ അവരെ ഓർമിപ്പിച്ചു. ‘അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതിൽ പിഴവ് വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യർഹനുമായിട്ടുള്ളവന്റെ പക്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത് (41:42).
‘അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുധ്യങ്ങൾ കണ്ടെത്തുമായിരുന്നു (4:82). ഖുർആനിന്റെ ദൈവികത നിഷേധിക്കുന്നവരെയാണ് അത് കൈകാര്യം ചെയ്യുന്നത്. മൂർച്ചയേറിയ ഈ പ്രഖ്യാപനങ്ങൾക്കു മുമ്പിൽ അവരെല്ലാം പതറിപ്പോയി. ഖുർആൻ ദൈവികമല്ലെന്ന് തെളിയിക്കാൻ ഒരു വൈരുധ്യം, ഒരു പിഴവ് അതിലുണ്ടെന്ന് സമർത്ഥിച്ചാൽ മാത്രം മതി. പക്ഷേ സാഹിത്യപ്രപഞ്ചം അടക്കിവാണ അറബികൾ മുതൽ ഇന്നുവരെ ഒരാൾക്കും അതി ന് സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. കാരണം അത് ലോകസ്രഷ്ടാവിന്റെ കലാമാണ്.
ദുരന്തമായി സൂറത് കോവിദ്
ഖുർആനിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്ന നിലക്ക് യുക്തിവാദികൾ കൊണ്ടുവന്ന ഒരു വാറോലയാണ് സൂറത് കോവിദ്. അൾജീരിയക്കാരനായ ജീലു എന്ന നാസ്തികനാണ് അതെഴുതിയത്. കേരളത്തിലെ ഭൗതികവാദികളും മഹാസംഭവമായി അത് ഏറ്റുപിടിച്ചു രംഗത്തുവന്നിരിക്കുകയാണ്. യുക്തിഭദ്രമായ വിശുദ്ധ ഖുർആനെ നേരിടാൻ എതിരാളികൾ ആഘോഷമായെഴുന്നള്ളിച്ച ഈ ചവറ് കാണുമ്പോൾ ഖുർആന്റെ വെല്ലുവിളി ശത്രുപക്ഷത്തെ എത്രമാത്രം അലോസരപ്പെടുത്തുന്നുവെന്ന് നമുക്ക് ബോധ്യപ്പെടും.
അറബി സാഹിത്യ മൂല്യങ്ങളുടെ ചേരുവകൾ ഒന്നുപോലും മേളിക്കാത്ത, ഭാഷാപരമായി കേവലം ഒരു വേസ്റ്റ് മാത്രമായ യുക്തരുടെ സൂറതിന്റെ ആശയതലം മാത്രം വിലയിരുത്തിയാൽ തന്നെ വിശുദ്ധവേദത്തിനു മുമ്പിൽ വിമർശകർ എത്രമേൽ ദുർബലരാണെന്ന് മനസ്സിലാക്കാനാവും.
اعوذ بجيل من البلاءالرجيم
(ശപിക്കപ്പെട്ട ഈ ദുരന്തത്തിൽ നിന്ന് ജീലുവിനോട് അഭയം തേടുന്നു.)
മഹാമണ്ടത്തരം. ആരാണ് ജീലു? എന്താണ് അയാളുടെ കഴിവ്? ലോകമാകെ വ്യാപിച്ച ഈ മഹാമാരിക്കു മുമ്പിൽ മരുന്ന് വികസിപ്പിക്കാൻ കഴിയാതെ ശാസ്ത്രലോകം ഒന്നടങ്കം വിറങ്ങലിച്ചു നിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ ഏതോ ഒരു ജീലുവിനോട് അഭയം തേടിയിട്ട് എന്തു കാര്യം?
بسم بجيل الرحمن الرحيم
(പരമകാരുണ്യവാനായ ജീലുവിന്റെ നാമം കൊണ്ട്…)
മഹാകളവ്. ഖുർആനിക വാക്യങ്ങളെ അനുകരിക്കാനാണ് ശ്രമിക്കുന്നത്. അല്ലാഹുവിനെ കുറിച്ച് പരമകാരുണ്യവാൻ എന്ന് വിശ്വാസികൾ പറയുന്നത് സർവചരാചരങ്ങൾക്കും കരുണ ചെയ്യുന്നവൻ എന്ന അർത്ഥത്തിലാണ്. എന്നാൽ ജീലു ആർക്കാണ് കരുണ ചെയ്തത്? അദ്ദേഹത്തി ന്റെ കുടുംബത്തിന് പോലും പൂർണമായ കാരുണ്യം ചെയ്യാൻ അയാൾക്ക് സാധിക്കില്ല. തന്റെ കുട്ടിക്ക് പെട്ടെന്ന് ശ്വസിക്കാൻ കഴിയാതെ വന്നാൽ ഇയാൾക്ക് എന്ത് ചെയ്യാൻ കഴിയും? ഇയാൾ തന്നെ കാര്യണ്യവാനായ അല്ലാഹുവിന്റെ ഔദാര്യം കൊണ്ടാണ് ജീവിക്കുന്നത്. തന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടാൽ ബലഹീനനായ ഇയാൾക്ക് അത് വീണ്ടെടുക്കാൻ കഴിയുമോ?
كوفيد (കോവിദ്)
Corona Viruse Diseases 2019 എന്നതിന്റെ ചുരുക്കപ്പേരാണ് Covid 19. കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന്റെ പേരാണിത്. ആ പേര് പൂർണമായും പറയാതെ മുറിക്കുകയാണ് ഇവിടെ ചെയ്തത്. അത് തെറ്റാണ്. അറബി ഭാഷയിൽ തർഖീം എന്ന ശൈലി(പേരു വിളിക്കുമ്പോൾ ആദ്യ ഭാഗം മാത്രം ഉപയോഗിക്കുക. മിർശാദേ എന്നത് മിർശോ എന്നു വിളിക്കുംപോലെ) ഉപയോഗിക്കൽ നിദാ(വിളി)യുടെ സമയത്ത് മാത്രമാണ്.
والفيروس المبيد
(മാരകമായ വൈറസ് തന്നെ സത്യം)
വൈറസിനെ പിടിച്ച് സത്യം ചെയ്യുകയാണ്. അങ്ങനെ ചെയ്തിട്ട് എന്ത് കാര്യം? ഇത് അർത്ഥശൂന്യമാണ്. മാത്രമല്ല, സത്യം ചെയ്തിട്ട് എന്താണ് പറയുന്നത്? സത്യം(ഖസമ്)ചെയ്തു പറയുന്ന ഒരു പ്രധാന സംഗതി(ജവാബ്) വചനം പൂർത്തിയാവാൻ ആവശ്യമാണല്ലോ. ഇവിടെ വ്യക്തമായി അതില്ല. വ്യംഗ്യമായി ശേഷമുള്ളതിൽ നിന്ന് അത് മനസ്സിലാകുന്നുമില്ല. ഖുർആനിലെ സൂറത് ഖാഫ് കോപ്പിയടിക്കാൻ ശ്രമിച്ചപ്പോൾ വൻ അബദ്ധങ്ങളിൽ വീണു. അവിടെ ഖുർആൻ സത്യം ചെയ്യുന്നു: ‘മഹത്ത്വമേറിയ ഖുർആൻ തന്നെയാണ് സത്യം, ഈ ഖുർആൻ കൊണ്ട് കാഫിറുകൾ വിശ്വസിച്ചിട്ടില്ല. മറിച്ച് അവർ കൗതുകപ്പെടുകയാണ്’.
സത്യം ചെയ്ത് ഖുർആൻ പറയുന്ന കാര്യം വ്യക്തമാണ്. ‘കോവിദ്’ സത്യത്തിൽ അങ്ങനെ ഒന്നില്ല! അറബി ഭാഷ പ്രകാരം അത് മഹാ അബദ്ധമാണ്. എന്നാൽ അബദ്ധജടിലമായ ഈ ചവറ് കേരളത്തിൽ അവതരിപ്പിച്ച യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഈ വാചകത്തിന് നൽകിയ അർത്ഥം മഹാതമാശയാണ്- ‘മാരക വൈറസാകുന്നു’ എന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഈ അറബി പദത്തിന് ഇങ്ങനെയൊരർത്ഥം ഒരിക്കലും ലഭിക്കില്ല. അറബി ഭാഷയുടെ അടിസ്ഥാന കാര്യങ്ങൾ പോലും അറിയാത്ത ഇത്തരം മണ്ടശിരോമണികളാണ് വിശുദ്ധ ഖുർആനെ ചോദ്യം ചെയ്യുന്നത്! സത്യത്തിന്റെ ജവാബ് നിർവചിക്കാതെ അബദ്ധം സംഭവിച്ചത് സത്യം ചെയ്യുന്ന ശൈലി മാറ്റി അർത്ഥം പറഞ്ഞ് നേരെ നിർത്താനുള്ള ശ്രമമാവാം ഇത്.
മാത്രമല്ല, കൊറോണയാണ് വൈറസ്. വൈറസ് മുഖേനയുണ്ടാകുന്ന രോഗമാണ് കോവിഡ് എന്ന് എല്ലാവർക്കും അറിയാവുന്നതുമാണല്ലോ.
بل عجبوا أن جاءهم من الصين البعيد
(ദൂരെ ചൈനയിൽ നിന്ന് അവരിലേക്ക് അത് വന്നതിൽ അവർ കൗതുകപ്പെട്ടു).
ദൂരെയുള്ള ചൈന! ആർക്ക് ദൂരെയുള്ള? ചൈനയിൽ തന്നെയുള്ളവർക്ക് അതെങ്ങനെ ദൂരെയാകും? ചൈനയുടെ അയൽ രാജ്യങ്ങളിലുള്ളവർക്കോ? ചൈനയിൽ നിന്ന് വൈറസ് വന്നതിന് എന്തിന് കൗതുകപ്പെടണം? ഇത് കൊണ്ട് പ്രത്യേകിച്ച് വല്ല ഗുണവുമുണ്ടോ? പോഴത്തം ആവർത്തിക്കുകയാണ് ജീലു.
‘ بل ‘ എന്നത് എന്തിനാണ് ഇവിടെ പ്രയോഗിച്ചത്? ജബ്ബാർ നൽകിയ അർത്ഥം ഇപ്രകാരമാണ്: ‘അല്ല, അവർ ഉറ്റുനോക്കുന്നില്ലേ; എപ്രകാരമാണ് ദൂരെ ചൈന ദേശത്ത് നിന്ന് അവർക്ക് നേരെ വന്നതെന്ന്’.
ഉറ്റുനോക്കുന്നില്ലേ, എപ്രകാരമാണ്… തുടങ്ങിയവ ഇതിൽ ഏതിന്റെ അർത്ഥമാണാവോ!
فقال الكافرون انه مرض عنيد
(അവിശ്വാസികൾ പറഞ്ഞു, അതൊരു കീഴൊതുങ്ങാത്ത രോഗമാണ്). അവിശ്വാസികൾ പറഞ്ഞു പോലും!
ഇത് മറ്റൊരു തമാശയാണ്. കൊറോണ വ്യാപനത്തിന്റെ വിഷയത്തിൽ എന്ത് വിശ്വാസി, അവിശ്വാസി? എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന കാര്യമാണല്ലോ ഇത്. ആരാണീ അവിശ്വാസികൾ? അവർ എന്തിലാണ് അവിശ്വസിച്ചത്? ഇപ്പോൾ നിയന്ത്രിക്കാനായിട്ടില്ലെങ്കിൽ ഇനി അതൊട്ടും സാധ്യമാവില്ല എന്നുണ്ടോ? അടുത്ത വചനം ഈ പ്രസ്താവന തിരുത്തുകയും ചെയ്യുന്നുണ്ട്.
كلا بل هو الموت الاكيد
(അല്ല, അത് സുനിശ്ചിതമായ മരണം തന്നെയാണ്).
ഈ രോഗബാധയുണ്ടായാൽ നിസ്സംശയം മരണപ്പെടുമെന്നും രോഗമുക്തി അസംഭ വ്യമാണെന്നുമാണ് ജീലു പറയുന്നത്. നട്ടാൽ മുളക്കാത്ത പച്ച നുണയാണിത്. വ്യാപനമുണ്ടെന്നതൊഴിച്ചാൽ മറ്റു പല രോഗങ്ങളേക്കാൾ അപകടം കുറഞ്ഞ രോഗമാണ് കോവിഡ് 19. ഈ കുറിപ്പ് തയ്യാറാക്കുന്ന സമയത്തെ കോവിഡിന്റെ ആഗോള സ്റ്റാറ്റസ് നോക്കാം:
ആകെ രോഗികൾ: 11615433
ആക്ടീവ് കേസുകൾ: 4778208
സുഖമായവർ: 6299253
മരണം: 537971
അതായത് മരണസംഖ്യയുടെ പന്ത്രണ്ട് ഇരട്ടിയോളമാളുകൾ രോഗമുക്തി നേടി എന്നർത്ഥം. അതിനെ കുറിച്ചാണ് സുനിശ്ചിതമായ മരണം എന്ന് പറയുന്നത്. എത്രമാത്രം പരിഹാസ്യമാണ് ഇതെന്ന് ചിന്തിക്കുക.
ജബ്ബാർ ഈ വചനത്തിനു നൽകുന്ന അർത്ഥവും ഏറെ വിചിത്രമാണ്. ‘അല്ല, അത് ഏറെക്കുറെ മരണം തന്നെയാണ്.’
‘അകീദ്’ എന്ന അറബി പദത്തിന്റെ മലയാള അർത്ഥം ‘സുനിശ്ചിതം’ എന്നാണ്. അതിന്റെ വിപരീതാർത്ഥമായ ‘ഏറെക്കുറെ’ എന്ന അർത്ഥമാണ് ജബ്ബാർ നൽകിയത്. ജീലുവിന്റെ വിവരക്കേടിനെ കുളിപ്പിച്ചെടുക്കാനുള്ള ശ്രമമോ, അറബി ഭാഷയിലുള്ള അജ്ഞതയുടെ ആഴമോ ആണിത്.
لا فرق اليوم بين الملوك والعبيد
(ഇന്ന് രാജാവിനും പ്രജകൾക്കുമിടയിൽ ഒരു വ്യത്യാസവുമില്ല).
ഇതൊരിക്കലും ശരിയല്ല. രോഗപ്രതിരോധ സംവിധാനങ്ങളുടെ ലഭ്യതയിലും ചികിത്സ, പരിചരണം പോലുള്ളവയിലും രാജാവിനും പ്രജകൾക്കുമിടയിൽ വലിയ അന്തരമുണ്ടെന്നത് സുവ്യക്തമാണ്. സമ്പന്നർക്കും ദരിദ്രർക്കുമെല്ലാം ലോകാടിസ്ഥാനത്തിൽ ഒരേ ചികിത്സയല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ചികിത്സയും കിട്ടാതെ നരകിക്കുന്നവർ പോലുമുണ്ട്!
فاعتصموا بالعلم واتركو التقاليد
(ആയതിനാൽ നിങ്ങൾ ശാസ്ത്രത്തെ മുറുകെ പിടിക്കുകയും പൂർവികരുടെ അന്ധവിശ്വാസങ്ങളെ തള്ളിക്കളയുകയും ചെയ്യുക).
ലോകമാകെ അതിവേഗം പടർന്നുകൊണ്ടി രിക്കുന്ന ഈ രോഗത്തെ നിയന്ത്രണ വിധേയമാക്കാൻ കഴിയാതെ പകച്ച് നിൽക്കുകയാണ് ഇന്ന് ശാസ്ത്രലോകം. ഇപ്പോഴും പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇനി കുറേ കഴിഞ്ഞ് മരുന്ന് കണ്ടുപിടിച്ചാൽ പോലും പുതിയ മറ്റൊരു രോഗം വന്നാൽ ശസ്ത്രത്തിന് പതറേണ്ടിവരും. പതറിക്കൊണ്ടിരിക്കുന്ന, നിസ്സഹായത വരുന്ന ശാസ്ത്രത്തെ മുറുകെ പിടിച്ചിട്ട് എന്തു കാര്യം? രോഗമടക്കം എല്ലാറ്റിനെയും സൃഷ്ടിച്ച സ്രഷ്ടാവിനെ മുറുകെ പിടിക്കണമെന്ന് പറയുന്നതല്ലേ ബുദ്ധിപരം. പുറമെ, ഈ ശാസ്ത്രം യുക്തരുടെ തറവാട് സ്വത്താണോ? മതം $ ശാസ്ത്രം എന്നൊരു സമവാക്യം ആരാണുണ്ടാക്കിയത്? ഇതുവരെയുള്ള ശാസ്ത്രജ്ഞരുടെ കണക്കെടുത്താൽ മഹാഭൂരിപക്ഷവും മത-ദൈവ വിശ്വാസികളാണ്. എന്നിട്ടും മതവിരുദ്ധർക്ക് ശാസ്ത്രത്തെ പതിച്ചുനൽകുന്നത് ‘എട്ടുകാലി മമ്മൂഞ്ഞി’ ശൈലിയാണ്.
ولا تخرجو لتشتروا السميد
(നിങ്ങൾ മൈദ വാങ്ങാൻ വേണ്ടി പുറത്തിറങ്ങരുത്).
ജീലുവിന്റെ വിവരക്കേട് ഓർത്ത് നമുക്ക് സഹതപിക്കാം. മൈദ വാങ്ങാൻ പുറത്തിറങ്ങരുതെന്ന് പറഞ്ഞാൽ മറ്റുള്ള ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം പുറത്ത് പോവാം, കൊറോണ പിടിക്കില്ല എന്നാണല്ലോ വരുക. പുറത്തിറങ്ങുന്നവരെ കൊറോണ നിരീക്ഷിക്കും. മൈദ വാങ്ങാൻ വന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കും; അല്ലാത്തവരെ വെറുതെ വിടും. എന്ത് വിഡ്ഢിത്തമാണ്?!
ഗവൺമെന്റും ആരോഗ്യ സംവിധാനവും നമുക്ക് നൽകുന്ന നിർദേശം ഭക്ഷ്യവസ്തുക്കൾ വാങ്ങുക പോലുള്ള അത്യാവശ്യങ്ങൾക്കു വേണ്ടി പുറത്ത് പോകാം. അനിവാര്യാവശ്യങ്ങൾക്കല്ലാതെ പോവരുത് എന്നാണ്. അത് മനസ്സിലാക്കാം. അതിനു നേരെ എതിരാണ് യുക്തിവാദി പറയുന്നത്!
പിന്നെ ചിന്തിക്കേണ്ടത് മൈദയുടെ പ്രസക്തി എന്താണെന്നാണ്. കൊറോണയെ ആകർഷിക്കാൻ മാത്രം അതിനു വല്ല വശീകരണ ശേഷിയുമുണ്ടോ? ഒന്നുമില്ല. മൈദയുടെ അറബി വാചകത്തിൽ അവസാന അക്ഷരം ‘ദാൽ’ (????) ആകയാൽ പദാന്ത്യ പ്രാസമൊപ്പിക്കാൻ കാണിച്ച വ്യഗ്രതയാണ് ഈ അബദ്ധത്തെ വിളിച്ചുവരുത്തിയത്! ഖുർആനിലെ സൂറത് ഖാഫിന്റെ പാരഡി ഒപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജീലുവിന് ഈ സാഹസം വേണ്ടിവന്നതാണ്.
وامكثو في بيوتكم انه بلاء شديد
(നിങ്ങൾ വീട്ടിലിരിക്കണം, നിശ്ചയം അതൊരു കഠിന പരീക്ഷണമാണ്).
ഇതൊരു അനാവശ്യ ആവർത്തനമാണ്. അരോചകവുമാണ്. ആശയരഹിത പദക്കസർത്തു മാത്രമായേ ഇതിനെ കാണാനൊക്കൂ.
ഖുർആനിൽ ഒന്നിലധികം തവണ ഒരേ വിഷയം അവതരിപ്പിക്കുമ്പോൾ സാഹിത്യമൂല്യവും വശ്യതയും ചോർന്നുപോകുന്നില്ല. ഖുർആൻ അവ ഓരോ തവണ ആവർത്തിക്കുമ്പോഴും കേൾവിക്കാരന് ആവർത്തന വിരസതയോ മടിയോ വരുന്നില്ലെന്ന് മാത്രമല്ല, അത് പുതുമയുള്ളതായി അനുഭവപ്പെടുകയും മനസ്സിനെ സ്വാധീനിക്കുകയും ചെയ്യുന്നു.
والغسلوا ايديكم بالصابون الحديد
(നിങ്ങളെല്ലാം പുതിയ സോപ്പ് കൊണ്ട് കൈ കഴുകണം).
ഇതും വലിയ തമാശയാണ്. പുതിയ സോപ്പ് കൊണ്ട് കഴുകണമത്രെ! പഴയത് കൊണ്ട് കഴുകിയാൽ കൊറോണയെ നശിപ്പിക്കാൻ കഴിയില്ലേ? അങ്ങനെ വല്ല പഠനവുമുണ്ടോ? ഇടക്കിടെ കഴുകണമെന്നാണല്ലോ, അപ്പോഴെല്ലാം പുതിയ സോപ്പ് തന്നെ വേണോ? എങ്കിൽ അത് പ്രായോഗികമാണോ? വേണ്ടെങ്കിൽ എന്തുകൊണ്ട്? ഇനിയും ചോദിക്കട്ടെ, പുതിയത് എന്നതിന്റെ പരിധി എത്ര? നിർമിച്ച് എത്ര കഴിയുമ്പോഴാണ് സോപ്പ് പഴയതാവുന്നത്? അബദ്ധങ്ങളുടെ ഘോഷയാത്ര തന്നെ.
صدق جيل العظيم
(ജീലു സത്യം പറഞ്ഞിരിക്കുന്നു).
മേൽ പറഞ്ഞ ഒന്നുപോലും സത്യവും ശരിയുമില്ല എന്നിരിക്കെ, അവയെല്ലാം ശരിയാണെന്ന മഹാകളവ് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്. പതിമൂന്ന് വചനങ്ങളിൽ ഒന്നു പോലും വസ്തുതാപരമായി ശരിയെന്ന് പറയാവതല്ല, ശൈലി കോപ്പിയടിച്ചതാകയാലും മറ്റും സാഹിത്യപരമായി പൂജ്യവുമാണ്. എന്നിരിക്കെ ഇത് ഉന്നതിയുടെ പരമാവധിക്കപ്പുറം നിൽക്കുന്ന ഖുർആനിനോട് തുല്യമാണെന്ന് പറയുന്നത് എത്രമാത്രം അപഹാസ്യമാണ്?
എതിരാളികളെ വിറപ്പിക്കുന്ന
ഖുർആനിന്റെ ഘടന
നിരീശ്വരനായ ജീലു ഈ വാറോല ഉണ്ടാക്കിയത് ഖുർആനിലെ ‘ഖാഫ്’ സൂറത് കോപ്പിയടിച്ചുകൊണ്ടാണ്. എല്ലാ യുക്തിവാദികൾക്കും അപ്രതിരോധ്യമായ പ്രഹരമേൽപ്പിച്ചുകൊണ്ടാണ് ആ സൂറത് തുടങ്ങുന്നത് തന്നെ. ഖാഫ് എന്ന അക്ഷരമാണതിന്റെ തുടക്കത്തിൽ. നിരവധി സൂറതുകൾ ഇത്തരം കേവലാക്ഷരങ്ങളെ കൊണ്ട് തുടങ്ങിട്ടുണ്ട്.
يس, الم, الر حم, حم عسق, طس, طسم, المص, ن, ص
അക്ഷരജ്ഞാനമില്ലാത്ത ഒരാൾ Mango എന്ന് പറഞ്ഞാൽ നമുക്ക് മനസ്സിലാക്കാം. കേട്ടുകേൾവി അടിസ്ഥാനത്തിലും പറയാമല്ലോ. എന്നാൽ M,a,n, g,o ഓരോ അക്ഷരവും തെറ്റാതെ പറഞ്ഞാലോ? ഉറപ്പിക്കാം, അദ്ദേഹം ജ്ഞാനം നേടിയിട്ടുണ്ട്. മുഹമ്മദ് നബി(സ്വ)ക്ക് ജ്ഞാനം പകർന്ന ഗുരുനാഥനാര്? അങ്ങനെ ഒരാളെ ചൂണ്ടിക്കാണിക്കാൻ കഴിയില്ല. അപ്പോൾ ഖുർആൻ വന്നത് ഭൗതികേതര സ്രോതസ്സിൽ നിന്നാണെന്ന് വ്യക്തമാണ്.
വിശുദ്ധ ഖുർആൻ ഒരു അക്ഷരം പോലും മാറ്റം വരുത്താൻ സാധിക്കാത്തവിധം ഗണിത സംഖ്യകളെ കൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ സംരക്ഷണ കോഡ് കണ്ട് ഖുർആനെ തൊട്ടുകളിക്കാൻ വരുന്നവർ വിറച്ചുപോകും. സൂറത് മുദ്ദസിറിലെ ‘ عليها تسعة عشر‘ (അതിന്മേൽ പത്തൊമ്പതുണ്ട്) എന്ന വചനം ഈ വസ്തുതയിലേക്ക് സൂചന നൽകുന്നുണ്ട്.
സൂറത് ഖാഫ് ഖുർആനിലെ അമ്പതാമത്തെ അധ്യായമാണ്. 57 തവണയാണ് അതിൽ ق എന്ന അക്ഷരം വന്നത്. പത്തൊമ്പതിന്റെ ഗുണിതമാണ് 57 ( 3 ഃ 19 = 57). 42-ാമത്തെ സൂറതിലും 57 തവണയാണ് ق . ഈ രണ്ട് അധ്യായങ്ങളിൽ ആകെ ق ന്റെ എണ്ണം 57 + 57 = 114 (19ഃ 6). ഓരോ അക്ഷരത്തിന്റെയും ബാലൻസ് നിലനിർത്താൻ ശ്രമിച്ചത് സൂക്ഷ്മ നിരീക്ഷണത്തിൽ നമുക്ക് ബോധ്യമാവും. ലൂത്വ് നബി(അ)യുടെ സമൂഹത്തെ കുറിച്ച് ‘ قوم لوط ‘ എന്ന് തുടർച്ചയായി 5 പ്രാവശ്യം ഉപയോഗിച്ച ശേഷം സൂറത് ഖാഫിൽ ഉപയോഗിച്ചത് ‘اخوان لوط ‘ എന്നാണ്. 57 എന്ന ق ന്റെ ബാലൻസ് നിലനിർത്താൻ വേണ്ടി കൂടിയാവാം ഈ പദമാറ്റം.
ഖുർആനിൽ ആദ്യം അവതരിച്ച സൂറതി(96) യിലെ 1 മുതൽ 5 വരെയുള്ള വാക്യങ്ങളിൽ 19-ന്റെ സാന്നിധ്യം കാണൂ.
അലിഫ് 15
ലാം 14
മീം 9
ആകെ 38 (19ഃ2)
ഈ അഞ്ചു വാക്യങ്ങളിൽതന്നെ ജന്യ ശൃംഖല അലിഫ്, ലാം, റാ, ഐൻ നോക്കാം:
അലിഫ് 15
ലാം 14
റാ 5
ഐൻ 4
ആകെ 38 (19ഃ2)
ഈ അഞ്ച് വാക്യങ്ങളിൽ മൊത്തം അക്ഷരങ്ങൾ 76 ആണ് (19ത4 = 76 ).
ഈ വാക്യങ്ങൾ ഉൾപ്പെടുന്ന 96-ാമത്തെ സൂറതിൽ ആകെ 19 ആയത്തുകളാണ്.
അതിൽ ആകെ അക്ഷരങ്ങൾ 304 (19ത 16 = 304).
ഈ സൂറത് അവസാനം മുതൽ എണ്ണിയാൽ 19-ാം അധ്യായമാണ്.
അവസാന മൂന്ന് സൂറതുകളിലെ (112, 113, 114) ഖുർആനിക അക്ഷരങ്ങളുടെ ഒരടിസ്ഥാന ശൃംഖല അലിഫ്, ലാം, മീം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കാം:
സൂറത്: 112 113 114 ആകെ
അലിഫ് 6 11 18 35
ലാം 12 6 11 29
മീം 4 5 3 12
76
‘ (4ഃ19= 76)
ഈ മൂന്ന് സൂറതുകളിലെ അടിസ്ഥാന ശൃംഖല യ, സീൻ നോക്കുക:
സൂ: 112 113 114 ആകെ
യ 3 1 2 6
സീൻ 0 3 10 13
ആകെ: 19
സൂറ: 107 ,യ, സീൻ അടിസ്ഥാന ശൃംഖല
യ 17
സീൻ 2
ആകെ: 19
സൂറ: 108, ജന്യ ശൃംഖല. അലിഫ്, ലാം, മീം, കാഫ്, യ
അലിഫ് 9
ലാം 4
മീം ഛ
കാഫ് 4
യ 2
ആകെ: 19
സൂറ: 97. ജന്യശൃംഖല: അലിഫ്, ലാം, മീം, കാഫ്, യ
അലിഫ് 16
ലാം 19
മീം 9
കാഫ് 3
യ 10
ആകെ: 57 (19ഃ 3)
സൂറ:55
അലിഫ് 411
ലാം 142
മീം 112
ആകെ: 665 (19 ഃ 35)
സൂറ: 88, ജന്യ ശൃംഖല
അലിഫ് 107
ലാം 70
മീം 35
കാഫ് 24
യ 49
ആകെ: 285 (19ഃ 15)
68-ാമത്തെ അധ്യായത്തിൽ ن ആകെ 133 തവണ (19ത7). അധ്യായം 42-ൽ ആകെ
ح ,م ,ع
എന്നീ അക്ഷരങ്ങൾ 570 (19ഃ30).
7, 19, 88 എന്നീ അധ്യായങ്ങളിൽ ص ന്റെ എണ്ണം 152 (19ഃ 6)
അധ്യായം 7-ൽ ل, م ,ص എന്നീ അക്ഷരങ്ങൾ 5358 (19ത 282)
അധ്യായം 19-ൽ ص, ه , ك ,ي ,ع എന്നീ അക്ഷരങ്ങൾ 798 (19ഃ 42)
ലൗഹുൽ മഹ്ഫൂളിൽ ഖുർആൻ നേരത്തെ നിലനിന്നിരുന്നു. അതിൽ നിന്ന് അൽപ്പാൽപ്പമായി ഖുർആൻ അവതരിക്കുകയായിരുന്നു. അതിന് ഒരു ശാസ്ത്രീയ അടിത്തറ ലഭിക്കുകയാണ് ഈ പഠനത്തിലൂടെ. നേരത്തെ ഒരു മുഴുവൻ ഖുർആനിന്റെ രൂപം നിലനിൽക്കാതെ സംഖ്യാബന്ധിതമായ അക്ഷരങ്ങളോടെ കാലത്തിന്റെ പല ഘട്ടങ്ങളിലായി ഒറ്റപ്പെട്ട വാക്യങ്ങളും ചെറിയ വാക്യസമുച്ചയങ്ങളും അവതരിക്കുകയില്ലല്ലോ.
കൃത്യമായ ഒരു കണക്കിന്റെ അടിസ്ഥാന ത്തിലാണ് ഖുർആനിലെ ഓരോ വാക്യവും അവതരിച്ചത്. ഏതാനും ചില അധ്യായങ്ങൾ മാത്രമാണ് ഇവിടെ പരാമർശവിധേയമാക്കിയത്. മറ്റു അധ്യായങ്ങളെക്കുറിച്ചു പഠിച്ചാലും അവയിലെല്ലാം ഈ അദ്ഭുതം കാണാം. ഇങ്ങനെയും ചില പഠനങ്ങളുണ്ടെന്ന് സൂചിപ്പിക്കാനാണ് ഈ ഗണിത ശാസ്ത്ര കൗതുകം സൂചിപ്പിച്ചത്. അല്ലാതെ അതുകൊണ്ടാണ് ഖുർആൻ അമാനുഷികമാകുന്നതെന്നു പറയാനല്ല. നിരക്ഷരനായ ഒരാൾ, പദങ്ങളും അക്ഷരങ്ങളും സൂക്തങ്ങളും അധ്യായങ്ങളും വരെ കൃത്യമായ ഗണിതശാസ്ത്രബന്ധം വഴി ഉറപ്പിച്ചുനിർത്തിയ ഒരു ബ്രഹത്തായ ഗ്രന്ഥം സമൂഹത്തിനു സമർപ്പിക്കുക എന്നത് മനുഷ്യ സാധ്യമല്ലതന്നെ. ഇതുപോലെ അന്യൂനവും സമ്പൂർണവും സമഗ്രവുമായ ഒന്ന് കൊണ്ടുവരാമോ എന്നാണ് ചോദ്യം. അതേറ്റെടുക്കാനാണ് ഖുർആൻ വിരോധികൾ മുന്നോട്ട് വരേണ്ടത്.
അസീസ് സഖാഫി വാളക്കുളം