സ്ത്രീ സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണു തലമുടി. അവ ചീകിയും എണ്ണ തേച്ചും പരിചരിച്ചു നിർത്തുകയാണ് മതതാൽപര്യം. ഹജ്ജ്-ഉംറകളുടെ ഭാഗമായി പോലും സ്ത്രീകൾ മുടി വടിച്ചുകളയുന്നത് കറാഹത്താണെന്നും പകരം വിരലഗ്രത്തിന്റെ അത്രമാത്രം വെട്ടുകയാണു പുണ്യകരമെന്നും കർമശാസ്ത്രം വിലയിരുത്തുന്നു (അസ്നൽ മത്വാലിബ് 1/491, അൽമിൻഹാജുൽ ഖവീം 1/288).
അടിസ്ഥാന വിധി കറാഹത്താണെങ്കിലും വിവാഹിതയായ സ്ത്രീ ഭർത്താവിന്റെ അനുമതിയില്ലാതെ തലമുണ്ഡനം ചെയ്യുന്നത് കുറ്റകരമാണ്. കറാഹത്തു പോലും വരാത്ത മൂന്നു സാഹചര്യങ്ങൾ കർമശാസ്ത്ര പണ്ഡിതർ വിശദീകരിക്കുന്നുണ്ട്: അതിലൊന്ന് നവജാത ശിശുവിന്റെ മുടി വടിച്ചുകളയുന്നതാണ്. ഇതിൽ ആൺ-പെൺ വ്യത്യാസമില്ലെന്നാണു നമ്മുടെ മദ്ഹബിൽ പ്രബലം (ശർഹുൽ മുഹദ്ദബ് 8/432433, തുഹ്ഫ 9/374-375). മാലികീ പക്ഷവും ഇതു തന്നെയാണ് (അശ്ശർഹുൽ കബീർ ലിദ്ദർദീർ 2/126).
എന്നാൽ പെൺ കുഞ്ഞുങ്ങളുടേത് മുണ്ഡനം ചെയ്യുന്നത് കറാഹത്താണെന്നാണ് ഹമ്പലീ പക്ഷം (കശ്ശാഫുൽ ഖിനാഅ് 3/29, 1/78 കാണുക). ശാഫിഈ ധാരയിലും ചിലർ ഇതേ അഭിപ്രായം വെച്ചുപുലർത്തുന്നവരാണ് (അൽഹാവിൽ കബീർ 15/130, അന്നജ്മുൽ വഹ്ഹാജ് 9/532 കാണുക).
രണ്ട്: മുടി പൂർണമായി നീക്കേണ്ട വല്ല രോഗവും ബാധിക്കുക (അർബുദ രോഗികൾക്കു കീമോ ചെയ്യാനായും തലയിലെ ചിരങ്ങും ചൊറിയും കളയാനായി തലയോട്ടിയുടെ തൊലിപ്പുറത്ത് ട്രീ ഓയിലും മറ്റും തേച്ചു പിടിപ്പിക്കാനും തലമുടി നീക്കേണ്ടി വരുന്നത് ഈ ഗണത്തിൽ പെടും. പേൻ വർധിച്ച് പ്രയാസപ്പെടുകയും തുരത്താൻ തലമുണ്ഡനം മികച്ച പരിഹാര മാർഗമായി കരുതുന്നതും ഇതു പോലെ തന്നെയാണ്).
മൂന്ന്: ജീവനോ മാനത്തിനോ ഭീഷണി നേരിടുന്ന ഘട്ടങ്ങളിൽ ലിംഗാസ്തിത്വം മറച്ചുപിടിക്കാനായി (സ്ത്രീ അല്ലെന്നു തോന്നിപ്പിക്കാൻ) തലമുടി കളയുക (ഹാശിയതു ശർഹി റൗള് 1/491, നിഹായതുൽ മുഹ്താജ് 3/ 304, ഫത്ഹു റഹ്മാൻ ഫീ ശർഹി സുബദി ബ്നി റസ്ലാൻ 1/159, അൽമിൻഹാജുൽ ഖവീം 1/288 നോക്കുക).
വനിതാ ക്ലാസിന്റെ മതവിധി
സ്ത്രീകളുമായി ബന്ധപ്പെട്ട, ആർത്തവം, അത്യാർത്തവം, പ്രസവാനന്തര രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങൾ സംബന്ധിച്ച അറിവ് അഭ്യസിക്കൽ അവർക്കു വ്യക്തിഗത ബാധ്യതയാണ്. ഭർത്താവിന് ഈ വക കാര്യങ്ങൾ കൃത്യമായ ധാരണയുണ്ടെങ്കിൽ തന്റെ ജീവിത പങ്കാളിക്കു പകർന്നുകൊടുക്കേണ്ടതാണ്. അല്ലെങ്കിൽ വീട്ടിലിരുന്ന് പഠിക്കാൻ അവസരമുണ്ടെങ്കിൽ അങ്ങനെയും അല്ലാത്തപക്ഷം പുറത്തുപോയി അഭ്യസിക്കാനും അനുവദിക്കണം. അത്യാവശ്യ കാര്യങ്ങൾ ഭർത്താവ് നേരിട്ടു വശത്താക്കി ഏറ്റക്കുറച്ചിലില്ലാതെ ഭാര്യക്കു പകരാൻ പ്രാപ്തിയുണ്ടെങ്കിൽ അതും മതിയാകും.
ജീവിത പങ്കാളിയോടു പുലർത്തേണ്ട ഗുണകാംക്ഷയുടെയും മികച്ച സഹവർത്തിത്വത്തിന്റെയും ലക്ഷണങ്ങളിൽ പെട്ടതാണ് അവരുടെ പാരത്രിക മോക്ഷത്തിനു സഹായകമായ കാര്യങ്ങൾ പകർന്നു നൽകിയും അവ ജീവിതത്തിൽ പകർത്താൻ ആവശ്യമായവ നിർദേശിച്ചും സഹായിക്കുന്നത്. ഇമാം തർമസി (ഹാശിയതു തർമസീ 1/559) ഇക്കാര്യം ഉദ്ധരിക്കുന്നുണ്ട്.
സ്ത്രീകൾ വീടുവിട്ടിറങ്ങി പോകുന്നതിലുള്ള നിയന്ത്രണം നിർബന്ധമായ അറിവുകൾ അഭ്യസിക്കുന്നതിനു ബാധകമല്ല. അതിനാൽ ഭർത്താവോ വിവാഹബന്ധം നിഷിദ്ധമായ പുരുഷന്മാരോ കൂടെ പോകാനില്ലാത്ത സാഹചര്യങ്ങളിൽ ഒറ്റയ്ക്കു യാത്രചെയ്യാം. എന്നാൽ ഐച്ഛിക കാര്യങ്ങൾ പഠിക്കാനായി സംഘം ചേർന്നുപോലും നാടിന്റെ പരിധി വിട്ടു ഹ്രസ്വമാണെങ്കിലും യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. ഖബർ സിയാറത്ത്, ദിക്ർ-ദുആ സദസ്സുകൾ തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വെച്ചുള്ള യാത്രകളും ഭർത്താവോ മഹ്റമോ കൂടെയുണ്ടെങ്കിലേ പാടുള്ളൂ. ഭർത്താവിന്റെ സമ്മതമില്ലെങ്കിൽ യാത്ര കുറ്റകരമാകും (തുഹ്ഫ 4/25, നിഹായ ശബ്റാമല്ലിസി സഹിതം 3/250-251).
നിർബന്ധ കാര്യങ്ങൾ അഭ്യസിക്കുന്നിടത്തു പോലും എതിർ ലിംഗത്തിൽ പെട്ട അന്യരാകുമ്പോൾ നേരിട്ടു കാണാൻ പാടില്ല. സ്വന്തം ലിംഗത്തിൽ പെട്ട അറിവും കഴിവുമുള്ളവരുടെ മുന്നിലിരുന്നോ ശരിയായ വിധത്തിലുള്ള മറയ്ക്കു പിന്നിൽ അന്യരിൽ നിന്നോ മതപഠനം സാധ്യമാകാത്തിടത്തു മാത്രമേ മുഖാവരണമില്ലാതെ പഠിക്കാൻ അനുമതിയുള്ളൂ. അതുതന്നെ നിർബന്ധ കാര്യങ്ങൾക്കപ്പുറം ഐച്ഛിക അറിവുകൾ മുഖദർശനത്തോടെ അഭ്യസിക്കാൻ ഒരു വകുപ്പും ഇല്ലെന്നാണ് ഇബ്നുഹജർ(റ)ന്റെ പക്ഷം (തുഹ്ഫ 7/204). അനിവാര്യ അറിവുകൾ അനുവദിക്കുന്നിടത്ത് ഐച്ഛികവും അനുവദിക്കപ്പെടുമെന്നാണു ഇമാം റംലി (നിഹായ 6/199), അൽഖത്വീബുശ്ശിർബീനി (മുഗ്നി: 4/216) എന്നിവർ പ്രബലപ്പെടുത്തിയത്.
തീരെ പരസ്പരം കാണാതെ തന്നെ കർട്ടനു പിന്നിൽ നിന്നു മാത്രം മതപഠന ക്ലാസുകൾ പരീക്ഷിച്ചു വിജയിച്ച കാലത്തുപോലും ചിലരെങ്കിലും മറ നീക്കി ക്ലാസെടുക്കുന്ന തീർത്തും തെറ്റായ രീതി പിന്തുടരുന്നുണ്ട്. മതവിധികൾ പഠിക്കുന്നവരുടെ മുമ്പിൽ പോലും മതശാസനകൾ പാലിക്കാത്ത അറിവു വേദികൾ സമൂഹത്തിൽ ഒരു തരിമ്പും ഉപകാരമുണ്ടാക്കില്ലെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
ഇസ്മാഈൽ സഖാഫി പുളിഞ്ഞാൽ