ഭൗതികവാദ വീക്ഷണ കോണിലൂടെ നോക്കുമ്പോൾ ധാർമികത എന്ന പദം തന്നെ അപ്രസക്തമാണ്. ഏകകോശജീവികളിൽ നിന്ന് ലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ട് പരിണമിച്ചുണ്ടായ ഒരു ജീവി വർഗമാണ് മനുഷ്യൻ. മനുഷ്യൻ കേവലം കുറേ ഭൗതികപദാർത്ഥങ്ങളുടെ ഒരു സംഘടിത രൂപം മാത്രം! ഇവിടെ ജീവജാലങ്ങളുടെ നിലനിൽപ്പ് തന്നെ രൂപപ്പെടുന്നത് അർഹതയുള്ളവരുടെ അതിജീവനത്തിലൂടെയാണ്. അതനുസരിച്ച് മനുഷ്യർ കൂടുതൽ മത്സരിക്കുകയും തമ്മിൽ തല്ലുകയുമാണ് വേണ്ടത്. കൂടുതൽ കായിക ശേഷിയും ബുദ്ധിയുമുള്ള വ്യക്തികളും സമൂഹവും അതിജയിക്കുകയും അങ്ങനെ കൂടുതൽ കരുത്തുറ്റ ഭാവിജനത അവശേഷിക്കുകയും ചെയ്യും. അശരണരെ സഹായിക്കുന്നതും അധ:സ്ഥിതരെ മാനിക്കുന്നതും ഇവിടെ തീർത്തും അപ്രസക്തമാണ്. അങ്ങനെ ഇതര ജീവികളെ പോലെ നിയമവിമുക്തമായ പൂർണ സ്വതന്ത്ര മനുഷ്യരാണ് രൂപപ്പെടേണ്ടത്.
പക്ഷേ, ഇതര ജീവികളിൽ നിന്ന് വിഭിന്നമായി മനുഷ്യസമൂഹത്തിന്റെ സുഗമമായ ഗമനത്തിന് പൊതുനിയമങ്ങളും ചട്ടങ്ങളും ആവശ്യമാണെന്ന് സമ്മതിക്കാതെ വയ്യ. മറ്റു ജന്തുജാലങ്ങളെ പോലെ നിയമങ്ങളോ ധാർമികതയോ മൂല്യങ്ങളോ ഇല്ലാതെ മനുഷ്യനും പൂർണ സ്വതന്ത്രനായി ജീവിച്ചുകൂടേ എന്ന ന്യായം ഉന്നയിക്കുന്നവർ അറിയുന്നില്ല, അവർ നിഷേധിക്കുന്നത് സ്വന്തം രാഷ്ട്രത്തെയും അതിന്റെ ഭരണഘടനയെയും നിയമവ്യവസ്ഥയെയും തന്നെയാണെന്ന്. കാരണം ഇതര ജീവികൾക്കൊന്നും ഒരു രാഷ്ട്രമോ ഭരണഘടനയോ നീതിന്യായ വകുപ്പോ നിയമപാലകരോ ഒന്നുമില്ല. അപ്രകാരം മനുഷ്യരും ജീവിക്കണമെന്ന് ഉന്നയിക്കുന്നത് എത്രമേൽ മൃഗീയമാണ്?!
‘എന്തുകൊണ്ടാണ് മനുഷ്യന് മാത്രം നിയമങ്ങൾ ആവശ്യമാകുന്നത്’ എന്ന ചോദ്യത്തോട് പലതരത്തിൽ പ്രതികരിക്കാം. ഒന്ന്, മനുഷ്യനൊരു സാമൂഹിക ജീവിയാണ്. അഥവാ, അവൻ സ്വാർത്ഥനാകാതെ മറ്റു മനുഷ്യരുടെ ആവശ്യങ്ങൾ കൂടി മാനിക്കണം.
മറ്റൊരു കാരണം, ഇതര ജീവികളുടെ ഭക്ഷണം, താമസം, ലൈംഗികാസക്തി തുടങ്ങിയവയെല്ലാം ജനിതകമായി തന്നെ കൂടുതൽ നിയന്ത്രിതമാണ്. ഒരു മൃഗവും ആത്മഹത്യ ചെയ്യാറില്ല. അനാവശ്യമായി സഹജീവിയെ കൊല്ലാറില്ല. പീഡനം, സ്വവർഗ ദാമ്പത്യം നയിക്കാറില്ല, ശവഭോഗം, ശിശുഭോഗം തുടങ്ങിയ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധങ്ങൾ നടത്താറില്ല. ഇവയെല്ലാം അവയുടെ ജനിതക സവിശേഷതയാണ്. അഥവാ ഇവർക്ക് മറ്റൊരു നിയമം ആവശ്യമില്ല എന്നർത്ഥം. മനുഷ്യന് ഇതര ജീവികളെക്കാൾ കർമസ്വാതന്ത്ര്യമുണ്ട്. അഥവാ മനുഷ്യന് കൂടുതൽ നന്മകൾ ചെയ്ത് മഹത്ത്വപ്പെടാനും തിന്മകൾ ചെയ്ത് അക്രമിയാകാനും സാധിക്കും. ഒരു വ്യക്തിക്ക് മനുഷ്യകുലത്തെയാകെ നശിപ്പിക്കാനും ആയിരം പേരുടെ ജീവൻ രക്ഷിക്കാനും കഴിഞ്ഞേക്കും. ഈ സ്വാതന്ത്ര്യത്തിന്റെ അനിയന്ത്രിതാവസ്ഥക്കുള്ള പരിഹാരമാണ് പൊതുനിയമങ്ങൾ.
നിയമങ്ങൾക്ക് പക്ഷേ, കാർക്കശ്യത്തിന്റെ രുചിയുണ്ട്. അനുസരണയുടെ ഗന്ധമുണ്ട്. ലംഘിക്കുന്നവർക്ക് ശിക്ഷയുടെ ഭീഷണിയുണ്ട്. ഈ നിയമങ്ങളെ ഒരാൾ സ്വയം ഉൾക്കൊണ്ട്, ആത്മാർത്ഥമായി അനുഗമിക്കുമ്പോൾ അതിനെ മൂല്യങ്ങൾ/ ധാർമികത എന്നൊക്കെ പറയുന്നു. മതമുക്തമായ മനുഷ്യനെ ധാർമികവൽക്കരിക്കാൻ സ്വതന്ത്ര ചിന്തക്ക് ത്രാണിയുണ്ടോ എന്ന ചർച്ച ഇവിടെ പ്രസക്തമാണ്.
മനുഷ്യന് ഇതര ജീവികളെക്കാൾ ബുദ്ധിയുണ്ട്, ചിന്താശേഷിയുണ്ട്. സാമൂഹികമായി തന്റെ നിലനിൽപ്പിനാവശ്യമായ നിയമങ്ങൾ എന്തൊക്കെയെന്ന് ആലോചിക്കാനും കണ്ടെത്താനും അവന് കഴിയും. ഈ നിയമങ്ങളാണ് ധാർമികതയുടെ നിയമസംഹിത. ഇത് നടപ്പാക്കാൻ വേണ്ട നിയമ പാലകരെയും ലംഘിക്കുന്നവർക്കുള്ള ശിക്ഷാസംവിധാനവുമെല്ലാം ഭൗതികമായിത്തന്നെ നടപ്പിലാക്കാനുമാകും. രാഷ്ട്ര, ഭരണവ്യവസ്ഥ അതിന് മുൻകയ്യെടുക്കുകയും ചെയ്യും. ഇതാണ് സ്വതന്ത്ര ചിന്തയിലൂടെയുള്ള ധാർമികവൽക്കരണത്തിന്റെ രീതിശാസ്ത്രം.
പ്രഥമ ദൃഷ്ടിയാൽ ഇത് വിജയകരമെന്ന് തോന്നുമെങ്കിലും ഇവിടെ ഒട്ടനേകം വെല്ലുവിളികൾ ഉയരുന്നുണ്ട്. മനുഷ്യന്റെ മുഴു കർമങ്ങളെയും ഉൾക്കൊള്ളുന്ന നിയമസംഹിതയാണ് ആവശ്യം. അതിൽ ധർമവും അധർമവും വിവേചിക്കാൻ എന്ത് മാനദണ്ഡം നൽകും?
സാധാരണ പറയുന്നതനുസരിച്ച് അപരനെ വേദനിപ്പിക്കാത്ത എന്തും അനുവദനീയമാണ്. വേദനിപ്പിക്കുന്നത് അക്രമവും. പ്രഥമ ദൃഷ്ട്യാ ഇത് സമ്പൂർണമായ ഒരു അവലംബമാണെന്ന് തോന്നുമെങ്കിലും ഇവിടെയും ഉത്തരമില്ലാത്ത ഒരായിരം സംശയങ്ങൾ ഉയരുന്നുണ്ട്.
അപരൻ എന്നതുകൊണ്ടുള്ള വിവക്ഷയെന്ത്? കേവലം മനുഷ്യൻ മാത്രമോ, അതോ മറ്റു ജീവജാലങ്ങളും ഉൾപ്പെടുമോ? അവരും നമ്മെപ്പോലെയുള്ള ജീവികളല്ലേ? അവരും ഭൂമിയുടെ അവകാശികളല്ലേ? മനുഷ്യേതര ജീവികളെ വേദനിപ്പിക്കുന്നതും അവയെ കഴുത്തറുത്തും തലക്കടിച്ചും കൊന്ന് ഭക്ഷിക്കുന്നതും എത്ര ക്രൂരമാണ്? ഇങ്ങനെ ചിന്തിക്കുമ്പോൾ ഇതെല്ലാം നിഷിദ്ധമാണ്. അങ്ങനെയെങ്കിൽ ഇനിയൊരിക്കലും കോഴി, ആട്, പോത്ത് തുടങ്ങി ഒരു ജീവിയുടെയും മാംസം കഴിക്കാൻ പാടില്ല. സൂക്ഷ്മമായി പറഞ്ഞാൽ മുട്ട, പാൽ തുടങ്ങിയവ പോലും കഴിക്കരുത്. കാരണം തള്ളപ്പശുവിന്റെ അകിട് ചുരത്തി പാൽ കുടിക്കുന്ന കുട്ടിയെ തള്ളിമാറ്റി ആ പാൽ കറന്നെടുത്ത് കടയിൽ കൊണ്ടുപോയി വിറ്റ് കാശാക്കുന്നതും ചായ കാച്ചി കുടിക്കുന്നതുമെല്ലാം എങ്ങനെ ന്യായീകരിക്കും?
ഭക്ഷിക്കാൻ ഒന്നുമില്ലാതെ വിശന്നുവലയുമ്പോൾ സ്വന്തം ജീവൻ നിലനിർത്താൻ വേണ്ടി മാത്രമൊന്നുമല്ല മനുഷ്യൻ ജന്തുക്കളെ കൊല്ലുന്നത്. അനവധി സസ്യലതാദികളും മറ്റു ഭക്ഷണങ്ങളും ഉണ്ടായിരിക്കെ തന്നെ കൂടുതൽ സ്വാദിഷ്ഠമാക്കാൻ അവയെ നിഷ്‌ക്കരുണം കൊന്നുതിന്നുന്നത് ഒരിക്കലും അനുവദിക്കാനാകില്ല.
ധാന്യങ്ങളും പച്ചക്കറികളുമടങ്ങുന്ന സസ്യാഹാരങ്ങൾ മാത്രമേ കഴിക്കാവൂ എന്ന് പറഞ്ഞ് ഒരു പ്രത്യയശാസ്ത്രം പൂർത്തിയാക്കാൻ വരട്ടെ. ഒരു ജീവിയെയും കൊല്ലരുതെങ്കിൽ ഉറുമ്പ്, കൊതുക്, പാറ്റ, പല്ലി തുടങ്ങിയവയെയും കൊല്ലരുത്. ഇങ്ങനെ അഹിംസക്കാരനായാൽ പ്രശ്‌നം തീരുമോ? ഇല്ല. ചോദ്യം കൂടുതൽ സൂക്ഷ്മതലത്തിലേക്ക് കടക്കും. പേനിനെയും ചെള്ളിനെയും കൊല്ലാൻ പറ്റുകയില്ല. ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികളെ കൊല്ലാതെ ജീവിക്കാനൊക്കുമോ? കീടനാശിനി ഉപയോഗിക്കാനും വകുപ്പില്ല. രോഗിക്ക് മരുന്നു കുടിക്കാൻ പോലും പറ്റാതെയാകും. കാരണം അതിലൂടെ നശിക്കുന്ന രോഗാണുക്കളും ജീവികളാണ്.
ഇനി ചെറുപ്രാണികളെ മാത്രം കൊല്ലാം എന്നാണെങ്കിൽ എവിടെയാണ് അതിന് പരിധി നിശ്ചയിക്കുക? ആരാണ് ഇതൊക്കെ തീരുമാനിക്കുക? എന്ത് മാനദണ്ഡം കൊണ്ടാണ് അത് ന്യായീകരിക്കുക.
ജന്തുജാലങ്ങൾക്ക് മാത്രമല്ല, സസ്യങ്ങൾക്കും ജീവനുണ്ടെന്നാണ് പറയപ്പെടുന്നത്. മണ്ണിൽ പാടുപെട്ട് വേര് പടർത്തി, വെള്ളവും പോഷകങ്ങളും വലിച്ചെടുത്ത് കഷ്ടപ്പെട്ട് വളർന്നു പന്തലിക്കുന്നതിനിടയിൽ കഴുത്തും ഉടലും അരിഞ്ഞു കൊണ്ടുപോയി കറിവെക്കുന്നത് എത്ര നീചം!? അഹിംസാവാദത്തിന്റെ കണ്ണാടിയിലൂടെ സ്വതന്ത്രമായി ധാർമികത നിശ്ചയിക്കാൻ പോയാൽ ആകെ പുലിവാലാകുമെന്ന് ചുരുക്കം.
ഇനി മനുഷ്യന്റെ ആവശ്യങ്ങൾക്കും താൽപര്യങ്ങൾക്കുമനുസരിച്ച് ഇവയെ കൊല്ലുകയോ വേദനിപ്പിക്കുകയോ ഉപയോഗിക്കുകയോ ഒക്കെ ചെയ്യാമെന്നാണെങ്കിലോ? സസ്യങ്ങളെയും ജീവികളെയും ഇഷ്ടംപോലെ ഉപയോഗിക്കാം. മനുഷ്യൻ അവന്റെ കാര്യം മാത്രം നോക്കട്ടെ. എങ്കിലും എല്ലാം കുശാലെന്ന് കരുതി സമാധാനിക്കാൻ വകുപ്പില്ല. മനുഷ്യൻ മാത്രം നിലനിന്നാൽ സന്തുലിതമായ ഒരു ആവാസ വ്യവസ്ഥ രൂപപ്പെടില്ലെന്ന് ആർക്കാണ് അറിയാത്തത്! മുഴുവൻ ജീവികളുടെയും ജീവിതത്തിന്റെ പാരസ്പര്യത്തിലൂടെയാണ് ഈ സന്തുലിതാവസ്ഥ നിലനിൽക്കുക.
ചോദ്യങ്ങൾ ഇവിടെ നിൽക്കുന്നില്ല. മനുഷ്യൻ ഭക്ഷണത്തിലെ രുചി വർധനവിന് വേണ്ടി മൃഗങ്ങളെ കഴുത്തറുത്ത് ഭക്ഷിക്കാമെന്നാണെങ്കിൽ അടിസ്ഥാനാവശ്യമായ ലൈംഗിക ദാഹശമനത്തിന് മൃഗഭോഗവും അനുവദിക്കേണ്ടി വരില്ലേ? ഇത് ധാർമികമായി ശരിയാവുമോ? കാരണം സ്വന്തം ലൈംഗിക ശമനത്തിന് പാവം മൃഗങ്ങളെ ഭോഗിക്കുന്ന, മൃഗങ്ങളെക്കാൾ അധ:പതിച്ച മനുഷ്യ സമൂഹത്തെയാണ് ഇത് സൃഷ്ടിക്കുക.
ഇനി, മനുഷ്യർ തമ്മിലുള്ള കാര്യവും പ്രശ്‌നം തന്നെ. മറ്റു മനുഷ്യരെ വേദനിപ്പിക്കരുത് എന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്? വേദനയുടെ പരിധി എത്രയാണ്? മാനസിക വേദനയും ഇതിൽ പെടുമോ? ഇവിടെയെല്ലാം കൃത്യമായ അതിർവരമ്പുകൾ യുക്തിഭദ്രമായി നിർണയിക്കാൻ ആർക്കാണ് കഴിയുക?
ഇവിടെ ഏറ്റവും പ്രസക്തമായ പ്രശ്‌നം മറ്റൊന്നാണ്. കേവലം കർമങ്ങളുടെ നേരിട്ടുള്ള ഫലങ്ങളെ മാത്രം അവലംബിച്ചാൽ പോരാ. മനുഷ്യന് ഒരു കർമം അനുവദിക്കുമ്പോൾ അത് എല്ലാവരിലേക്കും വ്യാപിക്കുകയും സമൂഹത്തിന്റെ ഒരു സംസ്‌കാരമായി മാറുകയും ചെയ്‌തേക്കാം. ഭാവിയിൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയെന്നും അത് ഗുണാത്മകമോ ദോഷകരമോ എന്നെല്ലാം കണ്ടറിയേണ്ടി വരും. അല്ല, കൊണ്ടറിയേണ്ടി വരും. പല നിയമങ്ങളും നടപ്പിലായി പതിറ്റാണ്ടുകൾ കഴിഞ്ഞശേഷമേ അതിന്റെ സാമൂഹിക-സാംസ്‌കാരിക പ്രത്യാഘാതങ്ങൾ മനസ്സിലാകൂ.
പ്രശ്‌നങ്ങൾ തീരുന്നില്ല. അപരനെ വേദനിപ്പിക്കാത്ത എന്തും അനുവദിക്കുന്നിടത്ത് മൂല്യങ്ങൾ തീർത്തും അപ്രസക്തമാകുന്നു. മനുഷ്യന് വസ്ത്രം പോലും ധരിക്കേണ്ടി വരില്ല, സ്വന്തം ശരീരത്തിൽ വസ്ത്രം ധരിക്കണോ എന്നും എന്ത് ധരിക്കണമെന്നുമെല്ലാം തീരുമാനിക്കാൻ പൂർണ സ്വാതന്ത്ര്യം അവനു തന്നെയാണ്. അതിൽ മറ്റൊരാൾക്ക് ഇടപെടേണ്ട ആവശ്യമെന്താണ്?
താമസിയാതെ വിവാഹം എന്ന കാഴ്ചപ്പാട് തന്നെ കാലഹരണപ്പെടും. ഇഷ്ടമുള്ള രണ്ടു വ്യക്തികൾക്ക് എപ്പോഴും എവിടെ വെച്ചും എങ്ങനെയും ഇടപഴകാമെങ്കിൽ, അതിന് പ്രായമോ സ്ഥലമോ നിബന്ധനയില്ലെങ്കിൽ സ്വവർഗരതി, മൃഗഭോഗം, ശവഭോഗം, ഇൻസെസ്റ്റ് (അടുത്ത രക്തബന്ധുക്കളുമായുള്ള ഭോഗം) തുടങ്ങിയവയെല്ലാം അനുവദനീയമാകും. കാരണം ഇവയൊന്നും മറ്റൊരു മനുഷ്യനെ വേദനിപ്പിക്കുന്നില്ല.
ഇതെല്ലാം സ്വാഭാവികമായി നടക്കുന്ന ഒരു സമൂഹത്തിന്റെ ഗതി എന്തായിരിക്കും? ഇത് കണ്ട് വളരുന്ന കുട്ടികളിൽ രൂപപ്പെടുന്ന മനോഭാവമെന്താകും? തീർച്ചയായും രതിവൈകൃതങ്ങളുടെ ആഘോഷമാകും. കുടുംബവ്യവസ്ഥ തകിടം മറിയും. അനാഥരായ, പിതാവില്ലാത്ത അനേകം കുഞ്ഞുങ്ങൾ പിറക്കും. മനുഷ്യന്റെ എല്ലാ ധാർമിക, മൂല്യബോധങ്ങളും കാറ്റിലലിഞ്ഞ് സാംസ്‌കാരികച്യുതിയിൽ സമൂഹം കൂപ്പുകുത്തും.
ഇതുവരെ പറഞ്ഞത് തെറ്റും ശരിയും തീരുമാനിക്കാനുള്ള മാനദണ്ഡം എന്തെന്നതിനെപ്പറ്റി മാത്രമാണ്. ഇനി ഇവയെല്ലാം പരിഹരിച്ചാൽ തന്നെ പ്രശ്‌നം തുടങ്ങുന്നേയുള്ളൂ. ഒരു പൗരൻ ഈ ധാർമികത അനുസരിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? ഒരു സ്വതന്ത്ര ചിന്തകനെ സംബന്ധിച്ചിടത്തോളം അവന് മരണംവരെ മാത്രമേ ജീവിതമുള്ളൂ. ആ ജീവിതം പരമാവധി ആസ്വദിക്കണം. അതിന് മറ്റുള്ള വ്യക്തികളുടെ സുഖം മാനിക്കുന്നതെന്തിന്? ഒരാൾക്ക് ഒരു ലക്ഷം രൂപ മോഷ്ടിക്കാൻ നല്ല സാഹചര്യം ഒത്തുവന്നാൽ അവിടെ സത്യസന്ധനായി അതെടുക്കാതിരിക്കുന്നതിന് പ്രചോദനമെന്താണ്?
ധാർമികത നിർവചിച്ചതുകൊണ്ടോ മാനദണ്ഡങ്ങൾ നിശ്ചയിച്ചതുകൊണ്ടോ മാത്രമായില്ല. അത് പ്രായോഗികവൽക്കരിക്കുന്നതിനുള്ള വ്യവസ്ഥ കൂടി ഉണ്ടാക്കണം. രാഷ്ട്രവും ഭരണഘടനയും ശിക്ഷാസംവിധാനവും എല്ലാം പൂർണ പരിഹാരമാവുകയില്ലെന്നുറപ്പാണ്. ആരാലും പിടിക്കപ്പെടില്ലെന്ന് കണ്ടാൽ തിന്മകളെല്ലാം ചെയ്യാൻ മുതിരും. ഇനി അധികാരികളെ സ്വാധീനിച്ച് രക്ഷപ്പെടാൻ കഴിയുന്നവന് എന്തും ചെയ്യാം. ചുരുങ്ങിയത് സുപ്രീംകോടതി ജഡ്ജി നീതി അനുസരിച്ചുതന്നെ വിധിക്കണമെന്ന് എന്താണ് ആവശ്യം? അനേകം ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുന്നു.
അത്തരമൊരു വ്യവസ്ഥിതിയിൽ ആത്മഹത്യാ നിരക്ക് വർധിക്കും. ആത്മഹത്യയെ എങ്ങനെ നിരോധിക്കും? ഒരാൾക്ക് ജീവിക്കുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണെന്ന് തോന്നിയാൽ ആർക്കാണ് പ്രശ്‌നം? മരിക്കാൻ തീരുമാനിച്ചവന് എന്ത് അക്രമവും ചെയ്തുകൂടേ? ആധുനിക സംവിധാനമനുസരിച്ച് മിനിറ്റുകൾകൊണ്ട് ലക്ഷക്കണക്കിന് പേർക്ക് വിനാശം വിതക്കാനും നിയമ സംവിധാനങ്ങൾക്ക് നേരെ ബോംബെറിയാനുമെല്ലാം കഴിയും. എന്നിട്ട് ഉടനെ ആത്മഹത്യ ചെയ്താൽ ഒന്നും സംഭവിക്കാനില്ല. ഇതിനെ പ്രതിരോധിക്കാൻ ഭൗതിക ലോകത്ത് ഒരു സംവിധാനത്തിനും കഴിയില്ല. കാരണം അവയെല്ലാം മരണംവരെ മാത്രമേ പ്രവർത്തിക്കൂ.
ഇവിടെയാണ് മതങ്ങൾ പ്രസക്തമാകുന്നത്. പ്രത്യേകിച്ച് ഇസ്‌ലാം. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ദർശനം കൃത്യവും യുക്തിഭദ്രവുമാണ്. മനുഷ്യന്റെ ഇഹലോകവാസം ഒരു പരീക്ഷണം മാത്രമാണ്. ഇവിടത്തെ ഓരോ കർമവും സംസാരവും ചിന്തകൾ പോലും സ്രഷ്ടാവായ അല്ലാഹുവിന്റെ നിരീക്ഷണത്തിലാണ്. അവൻ കാണാതെ ഒരു ചെറുവിരൽ പോലും ചലിപ്പിക്കാനാകില്ല. മുഴുവൻ കർമങ്ങൾക്കും പ്രതിഫലം ലഭിക്കുന്ന അനന്തമായ പരലോകം വരാനിരിക്കുന്നു. ഇവിടത്തെ ഓരോ സൽകർമത്തിനും അവിടെ ഉന്നതമായ പ്രതിഫലവും തിന്മകൾക്ക് കടുത്ത ശിക്ഷയും ലഭിക്കും. ഇതൊരു ദൈവിക വ്യവസ്ഥയായതിനാൽ മറ്റു പോംവഴികൾക്കൊന്നും പ്രസക്തിയില്ല. ആരെയും സ്വാധീനിക്കാൻ മാർഗമില്ല. ആത്മഹത്യകൊണ്ട് ഒന്നിനും പരിഹാരമാകില്ല.
മനുഷ്യകുലത്തെ നേരെ നടത്താൻ ഇതൊരു മതിയായ സംവിധാനമാണ്. മനുഷ്യരടക്കമുള്ള ചരാചരങ്ങളെ പടച്ച രക്ഷിതാവിന്റെ സംവിധാനം. മനുഷ്യ പ്രകൃതിയെയും ആവശ്യങ്ങളെയും കൃത്യമായി അറിയുന്ന നാഥന്റെ നിയമങ്ങൾ. ഇതിനെ നിരാകരിച്ച് സ്വതന്ത്രമായി, മനുഷ്യബുദ്ധികൊണ്ട് ഒരു നിയമവ്യവസ്ഥ രൂപീകരിക്കുമ്പോൾ ഒരിക്കലും അന്യൂനമാകില്ല. കാലചക്രം കറങ്ങുന്നതിനനുസരിച്ച് നിയമ ഭേദഗതികളുടെ എണ്ണം വർധിക്കുക മാത്രമേ സംഭവിക്കൂ. മതം പഠിപ്പിക്കുന്ന ധാർമിക ബോധമില്ലാത്തതു കൊണ്ടാണ് നിരീശ്വരനായ ശാഫിക്ക് നരബലി നടത്താനായത്.
നാസർ സുറൈജി മണ്ടാട്