“ഏറ്റുമുട്ടലില്‍ പ്രതിയോഗികള്‍ ഇഷ്ടാനുസാരം ഞങ്ങളെ കൈകാര്യം ചെയ്തു. അനവധി പേരെ ബന്ധനസ്ഥരാക്കി. പരാജയത്തിന് നമ്മുടെ ആള്‍ക്കാരെ കുറ്റപ്പെടുത്താനാവില്ല. നമുക്ക് വിജയത്തിലെത്താനെങ്ങനെ കഴിയാനാണ്? നാമാരും ഇതുവരെ കാണാത്ത തരം കുതിരകള്‍ക്കു പുറത്ത് ശുഭ്രവസ്ത്രധാരികളായ ഒരു വിഭാഗം ഉപരിലോകത്തുനിന്ന് ഇറങ്ങിവന്നല്ലേ നമ്മളുമായി പൊരുതിയത്. അവര്‍ക്കു മുമ്പില്‍ നിലയുറപ്പിക്കാന്‍ മനുഷ്യമക്കള്‍ക്കാര്‍ക്കും കഴിയില്ലതന്നെ….’
ബദ്റിലേക്കു പോയ മക്കക്കാരുടെ വാര്‍ത്തയറിയാന്‍ സംസം കിണറിന്റെ പരിസരത്ത് കൂട്ടുകാരൊത്ത് അക്ഷമനായി കാത്തിരിക്കുകയായിരുന്നു ആകാശവും ഭൂമിയും ശപിച്ച ഖുറൈശി പ്രമുഖന്‍ അബൂലഹബ്. ദൂരെ ദിക്കില്‍ നിന്നും ഒരു കുതിരപ്പടയാളി കിതച്ചോടി വരുന്നത് സംഘത്തിന്റെ ദൃഷ്ടിയില്‍ പെട്ടു. ആ ഭടനില്‍ നിന്നും ലഭ്യമായ വിവരണമാണു മുകളിലുദ്ധരിച്ചത്. അനുഭവത്തിന്റെ നേര്‍സാക്ഷ്യം പകര്‍ന്ന ആ ഭടനില്‍ പക്ഷേ, മനംമാറ്റത്തിന്റെ നേര്‍ത്ത കിരണങ്ങള്‍ മിന്നിക്കൊണ്ടിരുന്നു.
ഇത് അബ്ദുല്‍ മുത്തലബിന്റെ പുത്രന്‍ ഹാരിസിന്റെ മകന്‍ അബൂസുഫ്യാന്‍. തിരുനബി(സ്വ)യുടെ പിതൃവ്യന്‍ ഹാരിസിന്റെ ഈ സന്തതി ഹലീമാ ബീവിയുടെ മുലപ്പാല്‍ നുകര്‍ന്നതിനാല്‍ റസൂലിന്റെ മുലകുടി ബന്ധത്തിലുള്ള സഹോദരന്‍ കൂടിയായിരുന്നു. ഹാരിസിന്റെ മറ്റു സന്താനങ്ങളായ അബ്ദുല്ല, നൗഫല്‍, റബീഅ എന്നിവര്‍ നേരത്തെ തന്നെ സത്യസാക്ഷ്യം വഹിച്ചിരുന്നെങ്കിലും അവരുടെ സഹോദരനായ അബൂസുഫ്യാന്‍ നുബുവ്വതിന്റെ രണ്ടു പതിറ്റാണ്ടിനു ശേഷവും സത്യനിഷേധിയായി തുടര്‍ന്നു, വെളിച്ചത്തിന്റെ ശത്രുവായി നിലകൊണ്ടു. കവിയും സാഹിത്യകാരനുമായിരുന്ന അബൂസുഫ്യാന്‍ നബി(സ്വ)യെയും പരിശുദ്ധ ഇസ്‌ലാമിനെയും അപകീര്‍ത്തിപ്പെടുത്തിയും വിമര്‍ശിച്ചും രചനകള്‍ നടത്തി. ബദ്റില്‍ ഖുറൈശി പക്ഷത്ത് പടച്ചട്ടയണിഞ്ഞു. സര്‍വായുധ സന്നാഹങ്ങളൊരുക്കിയിട്ടും സത്യപ്രസ്ഥാനത്തിനു മുമ്പില്‍ അടിപതറി. യുദ്ധക്കളത്തില്‍ ഇസ്‌ലാമിന്റെ മുന്നേറ്റവും വിജയവും ഉപരിലോകത്ത് നിന്ന് മുസ്‌ലിം പക്ഷത്തിന് ലഭിച്ച സഹായവും നേരില്‍കണ്ടു.
ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ അബൂസുഫ്യാന്‍ കവിതകള്‍ വഴി ശ്രമിച്ചു. പിഴച്ച കലാകാരന്മാര്‍ക്കും സമൂഹത്തില്‍ നാശം വിതക്കാനാവുമല്ലോ. സമൂഹത്തില്‍ ഛിദ്രതയുടെയും നാശത്തിന്റെയും വിത്തുപാകുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടി അനിവാര്യമായിരുന്നു. മുസ്‌ലിംകള്‍ അവര്‍ക്കു രചനകളിലൂടെ മറുപടി നല്‍കുകയും ചെയ്തു.
ഞങ്ങളിരുവരും സത്യസാക്ഷ്യം വഹിക്കാന്‍ അല്ലാഹുവിന്റെ ദൂതരുടെ സന്നിധിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഒരുനാള്‍ പുത്രന്‍ ജഅ്ഫറിനെയും കൂട്ടി അബൂസുഫ്യാന്‍ യാത്രയായി. തന്റെ അക്രമത്തിന് കനത്ത ശിക്ഷ ലഭിക്കുമെന്നുറപ്പുള്ളതിനാല്‍ തിരുദൂതരുടെ അനുചരവൃന്ദത്തിന്റെ ദൃഷ്ടിയില്‍ പെടാതെ വളരെ കരുതലോടെയായിരുന്നു ഇരുവരുടെയും യാത്ര. തിരിച്ചറിയപ്പെടും മുമ്പ് തിരുസന്നിധിയിലെത്തണം.
യാത്രാമധ്യേ അവര്‍ അബവാഇല്‍ എത്തി. കണ്ട കാഴ്ച അവരെ അദ്ഭുതസ്തബ്ധരാക്കി. വലിയ ഒരു സൈന്യത്തിന്റെ മുന്നണിപ്പടയാണു മുന്നില്‍. അന്യാധീനമായ സ്വന്തം നാട്, പുണ്യമക്ക തിരിച്ചുപിടിക്കാന്‍ പുറപ്പെട്ട മുസ്‌ലിം സൈനികരായിരുന്നു അത്. ആ പിതാവും പുത്രനും ഒരുവേള പകച്ചു. സൈന്യത്തിനു പിടികൊടുത്താല്‍ തിരുസന്നിധിയിലെത്തും മുമ്പ് വധിക്കപ്പെടുമെന്ന് നല്ല നിശ്ചയമുണ്ടായിരുന്നു അബൂസുഫ്യാന്. ഇനിയെന്തു ചെയ്യണം? അദ്ദേഹത്തിനൊരു ഉത്തരം കിട്ടിയില്ല.
ആരും തന്നെ തിരിച്ചറിയാതിരിക്കുകയാണ് ഇപ്പോള്‍ പ്രധാനം. അബൂസുഫ്യാന്‍ വേഷപ്രഛന്നനായി മകന്റെ കൈപിടിച്ച് ഭവ്യതയോടെ തിരുദൂതരുടെ അടുത്തേക്ക് ചെന്നു. ആളെ തിരിച്ചറിഞ്ഞ റസൂല്‍(സ്വ) പക്ഷേ, മുഖം നല്‍കാതെ തിരിഞ്ഞുകളഞ്ഞു. അദ്ദേഹത്തിന് ആധി പെരുത്തു. വീണ്ടും തിരുസവിധത്തിലെത്തി. അപ്പോഴും തിരുനബി മുഖം തിരിച്ചു. അബൂസുഫ്യാന്റെ മനസ്സ് മാറി. കടുത്ത ശത്രുവായ തന്നെ ഇത്രയടുത്ത് ലഭിച്ചിട്ടും കടുപ്പിച്ചൊരു വാക്കുപോലും ഉരിയാടിയില്ലല്ലോ. അവിടുന്ന് തന്നെ അവഗണിച്ചതു പോകട്ടെ, എത്ര ഉദാത്തമായ വിട്ടുവീഴ്ചയാണിത്. ഒരു നിമിഷം! അദ്ദേഹം സത്യസാക്ഷ്യം മൊഴിഞ്ഞു.
അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ്….
ഇതുകേട്ട് പുത്രന്‍ ജഅ്ഫറും ഏറ്റു ചൊല്ലി.
“യാ റസൂലല്ലാഹ്, ഞങ്ങള്‍ക്ക് ഒരു പരാതിയുമില്ല’ അബൂസുഫ്യാന്‍ സംഭാഷണത്തിനു തുടക്കമിട്ടു.
“എനിക്കും ആക്ഷേപമൊന്നുമില്ല’ റസൂലിന്റെ പ്രതികരണം.
“അലീ, ഇതാ നിന്റെ പിതൃവ്യപുത്രനും മകനും വിശ്വാസിയായിരിക്കുന്നു. പ്രാഥമിക ജ്ഞാനങ്ങള്‍ പകര്‍ന്നുകൊടുക്കുക.’ അലി(റ)നെ വിളിച്ച് തിരുദൂതര്‍ നിര്‍ദേശിച്ചു.
അവര്‍ ചെന്നു സ്വഹാബിമാരുടെ സംഘത്തില്‍ ചേര്‍ന്ന ഉടനെ നബി(സ്വ) വീണ്ടും അലി(റ)യെ വിളിച്ചു: “അലി, ഇങ്ങനെ വിളിച്ചുപറയൂ:
“അബൂസുഫ്യാനുബ്നു ഹാരിസിന്റെ കാര്യത്തില്‍ ഞാന്‍ സംതൃപ്തനാണ്. അതിനാല്‍ നിങ്ങളും ഇദ്ദേഹത്തില്‍ തൃപ്തിയടയുക, സന്തുഷ്ടരുമാവുക.’
അലി(റ) അതു വിളംബരം ചെയ്തു. അനുചരര്‍ക്കു പഴയ പ്രതികാരത്തിന്റെ പ്രഖ്യാപനം തിരുത്താന്‍ അതനിവാര്യമായിരുന്നു. ഇതോടെ റസൂലിന്റെ അനുചരവൃന്ദത്തില്‍ അബൂസുഫ്യാനും പുത്രനും അംഗങ്ങളായി.
ഹുനൈന്‍ പടക്കളത്തില്‍ അബൂസുഫ്യാന്റെ സേവനം ത്യാഗോജ്വലമായിരുന്നു. മുസ്‌ലിം സൈനികര്‍ക്കെതിരെ ശക്തമായ ഒരാക്രമണത്തിന് ശത്രുസേന മുതിര്‍ന്നു. അവിചാരിതമായ കടന്നാക്രമണമായതിനാല്‍ അവര്‍ ചിതറി. തിരുദൂതര്‍ക്കൊപ്പം ഏതാനും പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വിപല്‍സന്ധിയില്‍ നബി(സ്വ) ഇങ്ങനെ വിളിച്ചുപറഞ്ഞു:
“ജനങ്ങളേ വരിക, ഞാന്‍ സത്യദൂതനാകുന്നു. ഞാന്‍ അബ്ദുല്‍ മുത്തലിബിന്റെ പുത്രനുമാകുന്നു.’
തിരുദൂതര്‍ ഈ പ്രഖ്യാപനം നടത്തുമ്പോള്‍ തിരുസവിധത്തില്‍ പതറാതെ പൊരുതി മരിക്കാനുറച്ച് ഒരു പിതാവും പുത്രനും കൈമെയ് മറന്നടരാടുന്നുണ്ടായിരുന്നു. അതേ, അബൂസുഫ്യാന്‍(റ)വും പുത്രന്‍ ജഅ്ഫര്‍(റ)വും. വലതുകൈയില്‍ പടവാളും ഇടതുകൈയില്‍ മുത്ത് റസൂല്‍(സ്വ)യുടെ കുതിരയുടെ കടിഞ്ഞാണും പിടിച്ചായിരുന്നു അബൂസുഫ്യാന്‍(റ) ചുവടുറപ്പിച്ചിരുന്നത്.
ചിതറിയിരുന്ന മുസ്‌ലിം സേന അതോടെ അണി ശരിയാക്കി നബി(സ്വ)ക്കു ചുറ്റും മനുഷ്യമതില്‍ തീര്‍ത്തു. പ്രതിസന്ധി തരണം ചെയ്തു കഴിഞ്ഞപ്പോഴാണ് തനിക്കു കാവലാളായി നിലകൊള്ളുന്ന അബൂസുഫ്യാന്‍(റ)നെ അവിടുന്ന് കണ്ടത് സുസ്മേര വദനനായി നബി(സ്വ) പറഞ്ഞു:
“ആരാണിത്, എന്റെ സഹോദരന്‍ അബൂസുഫ്യാനോ?’
“ഉവ്വ്, യാ ഹബീബല്ലാഹ്… ഫിദാക’
“എന്റെ സഹോദരന്‍’ എന്ന സംബോധനം അബൂസുഫ്യാന്റെ അകതാരില്‍ ആഹ്ലാദത്തിന്റെ തേന്‍മഴ വര്‍ഷിച്ചു. ആ നയനങ്ങളില്‍ നിന്നു സന്തോഷാശ്രുക്കള്‍ ഇറ്റിവീണു. ആഹ്ലാദമടക്കാന്‍ കഴിയാതെ അദ്ദേഹം തിരുദൂതരെ തുരുതുരാ ചുംബിച്ചു.
നബി(സ്വ)യുടെ വഫാത്ത് അബൂസുഫ്യാനി(റ)ല്‍ വലിയ മാറ്റങ്ങള്‍ വരുത്തി. ജീവിത വിരക്തി ദൃശ്യമായി.
ആരും മരിച്ചതായി കേട്ടില്ലല്ലോ, ആര്‍ക്കാണീ ഖബര്‍ കുഴിക്കുന്നത്?
ഒരുനാള്‍ മദീനയിലെ ബഖീഅ് ശ്മശാനത്തില്‍ അബൂസുഫ്യാന്‍(റ) ഒരു ഖബ്ര്‍ പണിയുന്നത് കണ്ട് സഹചാരികള്‍ ചോദിച്ചു.
അദ്ദേഹം പറഞ്ഞു: “സുഹൃത്തുക്കളേ, എന്റെ അന്ത്യമടുത്തു. വിശ്രമത്തിനായി ഞാന്‍ തന്നെ ആറടി മണ്ണില്‍ ഒരിടം സൗകര്യപ്പെടുത്തുകയാണ്. ഈ ഖബര്‍ ഞാന്‍ ഒരുക്കുന്നത് മറ്റാര്‍ക്കുമല്ല, എനിക്കുവേണ്ടി തന്നെയാണ്.’
ആ വാക്കുകള്‍ അറംപറ്റി.
പിറ്റേന്ന് അദ്ദേഹം ശയ്യാവലംബിയായി. തന്റെ അവസ്ഥയില്‍ ദുഃഖിച്ചും സങ്കടപ്പെട്ടും ചുറ്റും കൂടിയ ബന്ധുമിത്രാദികളോട് അബൂസുഫ്യാന്‍(റ) പറയുകയാണ്:
“എന്റെ കാര്യത്തില്‍ ഒരാളും കരയേണ്ടതില്ല. മുസ്ലിമായ ശേഷം ഒരുവിധ പാപക്കറയും എന്നില്‍ പുരണ്ടിട്ടില്ല. ഇസ്ലാം എന്നെ ശുദ്ധീകരിച്ചു മുമ്പത്തേെതല്ലാം കഴുകിക്കളഞ്ഞാണ് ഞാന്‍ യാത്രയാവുന്നത്….’
മൂന്നാം നാള്‍ അദ്ദേഹം യാത്രയായി. അതേ ഖബറിടത്തിലേക്ക് അബൂസുഫ്യാന്‍(റ)ന്റെ ജനാസയും വഹിച്ച് കൂട്ടുകാര്‍ നീങ്ങി.
ടിടിഎ ഫൈസി പൊഴുതന