പുത്തനത്താണിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസ്യാത്ര. സീറ്റ് കിട്ടിയത് ഇരുപത് വയസ്സ് തോന്നിക്കുന്ന ബംഗാളി ചെറുപ്പക്കാരനടുത്ത്. ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണുകളുമുള്ള ദൈന്യമുഖം. പരിചയപ്പെട്ട് വിശേഷങ്ങള്‍ തിരക്കി. ഹിന്ദി ശരിക്കറിയില്ല, എന്നാലും ഒപ്പിക്കാം. പേര് ജാവേദ് ആലം ശൈഖ്. കൂട്ടുകാരനെ കാണാന്‍ പോവുന്നു. മദ്രസകളറിയില്ല, റോസ്നി (നോമ്പ്) മാത്രമല്ല നമാസ്പോലും തീരെ പരിചയമില്ല. നബി(സ്വ)യുടെ പേരറിയില്ല. ഇങ്ങനെയുള്ള ഒരു മുസ്ലിം ! പാവം തോന്നി. പോത്തുപോലെ പേറിയാല്‍ 250/300 രൂപ കിട്ടും. ദാലും പ്യാസും ചാവലും വാങ്ങിയില്ലെങ്കിലും മസാല (വായില്‍ തിരുകുന്ന പുകയില)യും ബിരി(ബീഡി)യും നിര്‍ബന്ധം. എത്ര എണ്ണം വലിക്കും എന്ന ചോദ്യത്തിനൊന്നും ഒരു പ്രസക്തിയുമില്ല- ഒന്നില്‍ നിന്ന് മറ്റൊന്നു കൊളുത്തിയെടുക്കുന്നതാണ് ശൈലി. ജാവേദ് ശൈഖിന്റെ മതജ്ഞാനത്തിന്റെ ആഴം ബോധ്യമായ സ്ഥിതിക്ക് സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുകൂടി അന്വേഷിക്കാമെന്നു കരുതി മുന്‍സീറ്റിനു പുറകിലുള്ള ധോത്തിയുടെ പരസ്യം ശ്രദ്ധയില്‍ പെടുത്തി. ചാലക്കുടി എം.പിയായ സിനിമക്കാരന് ചിരിച്ചിരിക്കുന്നതിനു ചുവട്ടില്‍ മുണ്ടിന്റെ പേര് ഇംഗ്ലീഷ് വലിയക്ഷരത്തില് രേഖപ്പെടുത്തിയിട്ടുണ്ട്. അതു ചൂണ്ടിവായിക്കാമോ എന്ന് ചോദിച്ചു. ഉടനെ വന്നു മറുപടി: മലയാലം മാലൂം നഹി.. ഇത് മലയാളമാണോന്ന് സംശയമുന്നയിച്ചപ്പോള്‍ പിന്നെന്താണ് എന്നു പ്രതികരിക്കുക മാത്രമല്ല, അതുപോലുമറിയാത്ത പോഴത്തക്കാരന്‍ എന്ന വിധം എന്നെ നോക്കി പരിഹാസ ചിരിയും! ഒന്നര മുഴം നീളമുള്ള പേര് പേറുന്ന യുപി-ബംഗ്ല മുസ്ലിം ചെറുപ്പക്കാരുടെ ജ്ഞാന ലോകമാണിത്. ഉത്തരേന്ത്യയില്‍ സ്കൂളും റോഡും കരന്റും കക്കൂസും ഇല്ലാത്തിടമെത്തിയാല് അത് മുസ്ലിം മേഖലയായിരിക്കുമെന്നത് അതിശയോക്തിപരമല്ല; വസ്തുത മാത്രം. അവിടെ തോട്ടിപ്പണിയെടുത്തും പഞ്ചറൊട്ടിച്ചും സൈക്കിള്‍ റിക്ഷവലിച്ചും ഒരു സമൂഹം കഴിഞ്ഞ് കൂടുന്നു. അവര്‍ അങ്ങനെത്തന്നെ തുടരാന്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ മേലാളന്മാര് ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്നു എന്നതാണു ശരി.
എസ്.വൈ.എസ് സമ്മേളനത്തിന്റെ ഭാഗമായി അന്യ സംസ്ഥാന തൊഴിലാളി സംഗമമുണ്ടായിരുന്നു. നാം മുമ്പ് പല പരിപാടികളിലും ചെയ്ത മഹാ സേവനത്തിന്റെ വിപുല രൂപം. ഉമര്‍ ഖാളി സ്ക്വയറെന്ന വിശാലമായ പന്തല്‍ നിറച്ചും സാധു തൊഴിലാളികള്‍. അവര്‍ക്ക് സമ്മേളന പന്തലും സ്റ്റേജും ജനക്കൂട്ടവും റ്റ്യൂബ് ലൈറ്റുകളുമൊക്കെതന്നെ അല്‍ഭുത കാഴ്ച്ചകള്‍. ഇതിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചപ്പോഴാണ് ബസില്‍ കണ്ട ജാവേദ് ആലം ശൈഖ് ഒരു സംഭവം തന്നെയാണെന്ന് ശരിക്കും ബോധ്യപ്പെട്ടത്. കാരണം, അദ്ദേഹത്തിന് ഇംഗ്ലീഷ്-മലയാള അക്ഷരങ്ങളുടെ വ്യത്യാസമൊന്നും അറിയില്ലെങ്കിലും സ്വന്തം പേരെങ്കിലുമറിയും. സമ്മേളനത്തിയ ചില പാവം മനുഷ്യര്‍ക്ക് അതുപോലുമറിയില്ലായിരുന്നു! ദിനു, ബിനു, ദില്ലു പോലുള്ള വിളിപ്പേരുണ്ട്. അതറിയാതിരിക്കാനാവില്ലല്ലോ. എന്നാല്‍ യഥാര്‍ത്ഥ നാമം അവര്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. എവിടെയും ഒരു പേരെഴുതി ഒപ്പിട്ടിട്ടുമില്ല. ആരും അവരുടെ പേരില്‍ കത്തയച്ചിട്ടുമില്ല. സംഘടനാസ്പര്ദ്ധ വളര്‍ത്താന്‍ എത്ര ചീഞ്ഞതും വിളിച്ച് പറഞ്ഞ് പത്രാസ് കാണിക്കുന്ന ആടുകളറിയുന്നുണ്ടോ അങ്ങാടി വാണിഭം? വന്പ്രഭാഷണങ്ങളല്ല ഇതര സംസ്ഥാന തൊഴിലാളികളുടെ യോഗത്തില്‍ നടന്നത്. ഉത്തരേന്ത്യയില്‍ ദഅ്വത്തിന്റെ നിരവധി മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കുന്ന എ.പി അബ്ദുല്‍ ഹകീം അസ്ഹരിയടക്കമുള്ളവര് അവര്‍ക്ക് സ്വത്വബോധമുണ്ടാക്കാന് ശ്രമിച്ചു, പ്രഘോഷണങ്ങളില്ലാതെ ഹൃദയം തൊടുന്ന ലഘുവാക്യങ്ങളില്‍. ഒപ്പം അല്ലാഹു, റസൂല്‍, മുഹമ്മദ് ഇത്യാദി പദങ്ങള്‍ ഉച്ചരിക്കാന്‍ പരിശീലിപ്പിച്ചു. ഇസ്ലാം കാര്യവും ഈമാന്‍ കാര്യവും പരിചയപ്പെടുത്തി. നിറഞ്ഞ സന്തോഷം സഹിക്കവയ്യാതെ അവരില്‍ പലരും കരഞ്ഞു; സ്റ്റേജിലുണ്ടായിരുന്ന നേതാക്കളും വിങ്ങിപ്പൊട്ടി. മറക്കാനാവാത്ത ഈ അനുഭവം തികട്ടി നില്‍ക്കുമ്പോഴാണ് ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടത്.
ഹൃദയമുള്ളവരെല്ലാം പുകഴ്ത്തിയ ഈ ദഅ്വ സംഗമത്തെ അപഹസിച്ചുകൊണ്ട് ചേളാരിയന് ശൈലിയിലുള്ള വളിപ്പന്‍ പ്രയോഗങ്ങള്‍. കോഴിക്കോട്-തിരൂര്‍ റോഡുകള്‍ക്കിടയിലുള്ള വിശാലപ്രദേശവും പരിസരത്തുള്ള റോഡുകളും നിറഞ്ഞൊഴുകിയ നമ്മുടെ പൊതു സമ്മേളനത്തിലെ ആളുകളെ ഇങ്ങനെ വീതം വെച്ചിരിക്കുന്നു. ’30ശതമാനം ബംഗാളികള്‍, 20 ശതമാനം ആസാമികള്‍, 10ശതമാനം അണ്ണന്മാര്, 15ശതമാനം മറ്റുസംസ്ഥാനക്കാര്‍, ബാക്കി വിഘടിതരും-കാരന്തൂരികള്‍ വീണ്ടും മുഖംകെട്ടു’ വല്ലാത്തൊരു ഉളുപ്പില്ലായ്മ തന്നെ. വെള്ളിയാഴ്ച രാത്രി ഏഴിനാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ മീറ്റിംഗ് നടന്നത്. പൊതു സമ്മേളനം ഞായറാഴ്ച്ചയും. എന്നാലും ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോരതന്നെ ചേളാരികള്‍ക്ക് കൗതുകം! നിങ്ങളോ സ്വര്‍ഗത്തില്‍ കടക്കുന്നില്ല. കടക്കുന്നവരെ അതിനനുവദിക്കുന്നുമില്ല എന്ന മത്തായി വാക്യമാണ് ഓര്മ വരുന്നത്.