അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ൽ നിന്ന് നിവേദനം: അല്ലാഹു അടിമകളുടെ ഹൃദയങ്ങളിലേക്ക് വീക്ഷിച്ചു. അതിൽ മുഹമ്മദ് നബി(സ്വ)യുടെ ഹൃദയം ഏറ്റവും ഗുണമുള്ളതായി കണ്ടു. അതിനാൽ മുഹമ്മദ് നബിയെ തിരഞ്ഞെടുത്ത് ദൗത്യനിർവഹണത്തിനയച്ചു. പിന്നീട് നബിയുടെ സ്വഹാബികളുടെ ഹൃദയങ്ങളെയാണ് ഉത്തമമായെത്തിച്ചത്. അതുകൊണ്ട്തന്നെ അവരെ അല്ലാഹു നബി(സ്വ)യുടെ സഹായികളാക്കി (ഹാഫിള് അബൂനഈം, ഹിൽയ 1/375).

വഹ്‌യിന് സാക്ഷ്യം വഹിച്ചവർ, നബിയിൽ നിന്ന് ഖുർആൻ വ്യാഖ്യാനം നേരിട്ട് പഠിച്ചവർ, നബിയോട് സഹവസിക്കാനും സഹായിക്കാനും നബികൊണ്ടുവന്ന ദീൻ പ്രചരിപ്പിക്കാനും അല്ലാഹു തിരഞ്ഞെടുത്തവർ, അല്ലാഹുവിന്റെ വിധിവിലക്കുകളെയും ഇസ്‌ലാമിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെയും കുറിച്ച് കൂടുതൽ അറിവുള്ളവർ, അല്ലാഹു ബഹുമാനിച്ചവർ, ഭക്തിക്ക് വേണ്ടി തിരഞ്ഞെടുത്തവർ, ജനങ്ങൾക്ക് മാതൃകായോഗ്യരും പതാക വാഹകരുമായി നിയോഗിച്ചവർ ഇങ്ങനെ ഒട്ടേറെ ബഹുമതികളാൽ അനുഗ്രഹീതരും ആദരണീയരുമാണ് സ്വഹാബികൾ (അൽഇത്ഖാൻ ഫീ ഉലൂമിൽ ഖുർആൻ 2/178, അൽഇസ്തിആബ് 1/7).

സത്യസന്ധതയിലും വിശ്വാസ യോഗ്യതയിലും മഹത്ത്വത്തിലും അവരോടൊപ്പമെത്താൻ ആർക്കുമാകില്ല. നാലു വർഷം നബിയോടൊപ്പം സഹവസിക്കുകയും വിയോഗാനന്തരം നീണ്ട നാൽപത്തിയേഴ് വർഷം അവിടുത്തെ അനുചരന്മാർക്കും അടുത്തവർക്കുമിടയിൽ വൈജ്ഞാനിക സേവനത്തിൽ ജീവിക്കുകയും ചെയ്ത അബൂഹുറൈറ(റ)യുടെ സർവസ്വീകാര്യതക്കും വിശ്വസ്തതക്കും 800 സാക്ഷികളുണ്ടെന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നുണ്ട് (അത്തഹ്ദീബ് 12/265).

സ്വഹാബികളും താബിഉകളുമായി അബൂഹുറൈറ(റ)യിൽ നിന്ന് മഹാന്മാരായ 130 ഹദീസ് പണ്ഡിതന്മാർ നിവേദനം ചെയ്തിട്ടുണ്ട് (ദിഫാഉൻ അലാ അബീഹുറൈറ, പേ 377).

സൂറതുൽ ഹശ്ർ 99-ാം വചനം അൻസ്വാറുകളുടെ മഹത്ത്വം ഉദ്‌ഘോഷിക്കുന്നതാണ്.

മക്കയിൽ നിന്നുള്ളവർ എത്തുന്നതിന് മുമ്പുതന്നെ വിശ്വാസവും വീടും ഒരുക്കിവെച്ചവർ എന്ന് അല്ലാഹു ഈ വചനത്തിൽ അൻസ്വാറുകളെ പ്രകീർത്തിക്കുന്നു. സ്വദേശം വിട്ടുവന്നവരെ നിഷ്‌കളങ്കമായി സ്‌നേഹിക്കുന്നവരാണെന്ന് പ്രശംസിക്കുന്നു. തങ്ങളുടെ സമ്പത്ത് മുഹാജിറുകൾക്ക് വിട്ടുകൊടുത്തവരെന്ന് വാഴ്ത്തുന്നു. ആവശ്യം കഴിച്ചു ബാക്കിവന്നതല്ല അവർ നൽകിയത്. ആവശ്യക്കാരായിരിക്കെയാണവർ അകമഴിഞ്ഞ് സഹായിച്ചത്.

അൻസ്വാരികൾക്കും കുടുംബത്തിനും അവരുടെ പരമ്പരകൾക്കും വേണ്ടി തിരുനബി(സ്വ) പ്രത്യേകം പ്രാർത്ഥിക്കുകയും അവരെ വെറുക്കുന്നവരെയും പഴിക്കുന്നവരെയും അവിടുന്ന് കർശനമായി വിലക്കുകയും ചെയ്തു. അൻസ്വാറുകളോടുള്ള സ്‌നേഹം വിശ്വാസത്തിന്റെ അടയാളമാണ്. അവരെ വെറുക്കുന്നത് കാപട്യത്തിന്റെ ലക്ഷണവും (ബുഖാരി 1/17).

സ്വഹാബിമാരുടെ ദൃഢവിശ്വാസത്തെ തിരുനബി(സ്വ) കലവറയില്ലാതെ പ്രശംസിച്ചിരുന്നു. അവർ എന്റെ ഉറ്റമിത്രങ്ങളും രഹസ്യസൂക്ഷിപ്പുകാരുമാണ്. ആരും അവരെ ചീത്തവിളിക്കരുത്. അവർ കടമ നിറവേറ്റിക്കഴിഞ്ഞു. ഇനി ലഭിക്കേണ്ടത് അവരുടെ അവകാശമായ സ്വർഗമാണ്. അതിനാൽ അവരുടെ സുകൃതങ്ങളെ നിങ്ങൾ സ്വാഗതം ചെയ്യുക.

അവഗണനയും കൊച്ചാക്കലും

ഇസ്‌ലാമിക കുടുംബത്തിൽ നിന്ന് പൂർണമായോ ഭാഗികമായോ വഴിതിരിഞ്ഞു പോയവരെല്ലാം സ്വഹാബികളെ തള്ളിപ്പറഞ്ഞവരാണ്. മത പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയെല്ലാം അസുഖത്തിന്റെ തുടക്കം പ്രവാചകശിഷ്യരെ നിന്ദിക്കലും അവഹേളിക്കലുമാണ്.

ഇസ്‌ലാമിക പ്രത്യശാസ്ത്രത്തിന്റെ ജീവചൈതന്യമായി വർത്തിച്ച സ്വഹാബികളുടെ ഗുണനിലവാരത്തിൽ സംശയിക്കുന്ന ഉൽപതിഷ്ണുക്കളുടെ പ്രസ്താവനകൾ അവരെതന്നെ പരിഹാസ്യരാക്കാനേ ഉപകരിക്കൂ. സ്വഹാബികളെ മാറ്റിവെച്ചുകൊണ്ടുള്ള ശരീഅത്ത് അപൂർണമാണ്. കാരണം ഇസ്‌ലാമിന്റെ പ്രഥമസാക്ഷികളും ഗുരുമുഖത്തുനിന്നു മതം പഠിച്ചവരും അവരാണ്. തിരുനബി(സ്വ)യുടെ സമ്പൂർണ ജീവിത മാതൃകകൾ ഒപ്പിയെടുത്തവരും പിൻതലമുറക്ക് അവ സുരക്ഷിതമായി കൈമാറിയവരും അവർ തന്നെ. ഒരിക്കലും എഴുതിത്തള്ളാവുന്നവരല്ല അവർ.

ഐക്യബോധവും സാമൂഹിക പ്രതിബദ്ധതയും

ഒരു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ അന്യോന്യം ബലപ്പെടുത്തുന്നതു പോലെ സ്വഹാബികൾ പരസ്പരം ഒന്നിച്ചു സ്‌നേഹിച്ചു, സഹകരിച്ചു ജീവിച്ചു. ഒരു ശരീരത്തിന്റെ ഏതെങ്കിലുമൊരവയവത്തിന്റെ വേദനയിൽ ശരീരം മുഴുവനും വേദനിക്കുന്നത് പോലെ ഒരു സ്വഹാബിയുടെ പ്രയാസത്തിൽ സർവസ്വഹാബികളും ദുഃഖിച്ചു. ഒരാളുടെ പ്രശ്‌നം എല്ലാവരുടെയും പ്രശ്‌നമായി കണ്ട് ഒരുമിച്ച് പരിഹാരത്തിന് ശ്രമിച്ചു. ലോകത്തിന്റെ ഏതു കോണിലുള്ള സത്യവിശ്വാസിയുടെയും ദുഃഖത്തിലും ദുരിതത്തിലും പങ്കുകൊള്ളാനും സാന്ത്വനം നൽകാനുമുള്ള തീവ്രമായ വികാരം അവരിൽ വേരുറച്ചു. വിശ്വാസ സംരക്ഷണത്തിന് സ്വയം സമർപ്പിച്ചതിന്റെ പേരിൽ സർവവും നഷ്ടപ്പെട്ട മുഹാജിറുകളെ അൻസ്വാറുകൾ കലവറയില്ലാതെ സഹായിച്ചു. സ്വീകരണത്തിലും സഹകരണത്തിലും അവർ പരസ്പരം മത്സരിച്ചു. സ്വയം വിശപ്പ് സഹിച്ചും സ്വന്തം ആവശ്യം അവഗണിച്ചും പട്ടിണിപ്പാവങ്ങളെ സൽക്കരിച്ചും മാതൃക കാണിച്ചു. താമസ സൗകര്യങ്ങളും ജീവിത വിഭവങ്ങളും നൽകി സമകാലിക സമൂഹത്തിന് നിസ്തുലമായ മാതൃക തീർത്തു. അവരുടെ അചഞ്ചലമായ വിശ്വാസത്തിലും ത്യാഗോജ്ജ്വലമായ ജീവിതത്തിനും മനുഷ്യചരിത്രത്തിൽ വേറെ ഉദാഹരണങ്ങളില്ല.

ചോരയുടെ കണക്കുപുസ്തകം ജാഗ്രതയോടെ സൂക്ഷിക്കുകയും കണക്കുതീർക്കുന്നതിനു വേണ്ടി വിരാമമില്ലാതെ യുദ്ധം നയിക്കുകയും ചെയ്തിരുന്ന ശത്രുഗോത്രങ്ങൾക്കിടയിൽ മൈത്രിയുടെയും സാഹോദര്യത്തിന്റെയും പാലം പണിതുയർത്തി. ഔസ്-ഖസ്‌റജ് ഗോത്രങ്ങളിൽ മാത്രം അമ്പത്തിയഞ്ച് വംശങ്ങളായിരുന്നുവത്രെ!

ചോരക്ക് പകരം ചോരചിന്തുന്ന ഗോത്രനീതിയെ തിരുത്തുകയായിരുന്നു തിരുനബി(സ്വ)യുടെ ലക്ഷ്യം.

ഖുർആൻ പറയുന്നു: ‘നിങ്ങൾ അന്യോന്യം ശത്രുക്കളായിരുന്നപ്പോൾ അല്ലാഹു ചെയ്ത അനുഗ്രഹങ്ങൾ ഓർക്കുക. അവൻ നിങ്ങളുടെ മനസ്സുകളെ കൂട്ടിയിണക്കി. അല്ലാഹുവിന്റെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരങ്ങളായിത്തീർന്നു. നിങ്ങൾ അഗ്നികുണ്ഠത്തിന്റെ വക്കിലായിരുന്നു. അതിൽ നിന്ന് അവൻ നിങ്ങളെ രക്ഷപ്പെടുത്തി’ (ആലുഇംറാൻ/103).

സൗഹൃദ വിസ്മയം

വീടും നാടും കുടുംബവും സമ്പാദ്യങ്ങളുമെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്‌തെത്തിയ മുഹാജിറുകളായ അഭയാർത്ഥികളെ സർവാത്മനാ സ്വീകരിക്കാനും സഹായിക്കാനും മുന്നോട്ടുവന്നവരാണ് മദീനക്കാരായ അൻസ്വാറുകൾ.

മഹത്ത്വത്തിൽ ഇരു വിഭാഗവും ഒപ്പമാണെങ്കിലും മുഹാജിറുകൾ ഒരുപടി മുന്നിൽനിൽക്കും. ഖുർആനിലും ഹദീസിലും മുഹാജിറുകളെയാണ് ആദ്യം പരാമർശിച്ചത്. മുഹാജിറുകൾ ഉണ്ടായതുകൊണ്ടാണ് അൻസ്വാറുകൾക്ക് സഹായിക്കേണ്ടി വന്നത്. അതേ സമയം അൻസ്വാറുകൾ ഹൃദയകവാടം അടച്ചുവെച്ചിരുന്നുവെങ്കിൽ മുഹാജിറുകൾ മരുഭൂമിയിൽ അലയേണ്ടിവരുമായിരുന്നു. പരസ്പരം ബന്ധിതമായ മഹത്ത്വമാണ് ഇരു വിഭാഗത്തിനുമുള്ളത്.

ചരിത്രം അതുവരെയും അതിനുശേഷവും ദർശിച്ചിട്ടില്ലാത്ത അത്യപൂർവ സൗഹൃദമാണ് അവർക്കിടയിലുണ്ടായത്. അത് മദീനയെ പുഷ്‌കലമാക്കി. അതിമഹത്തായ സൗഹൃദപ്രഖ്യാപനത്തിന് ലോകം കാതോർത്തു.

നബി(സ്വ) ഇരുവിഭാഗത്തെയും ഒരുമിച്ചുകൂട്ടി പ്രഖ്യാപിച്ചു: അലി എന്റെ സഹോദരനാണ്. അബൂബക്കർ സിദ്ദീഖിനെയും ഖാരിജുബിൻ സൈദിനെയും ചേർത്തുനിർത്തിപ്പറഞ്ഞു: നിങ്ങൾ രണ്ടുപേരും ഇനി സഹോദരങ്ങളാണ്. ഖസ്‌റജ് വംശജനായ ഉത്ബാനുബിൻ മാലികിനെയും ഉമറിനെയും സഹോദരങ്ങളാക്കി. ഹംസ, സൈദുബിൻ ഹാരിസ്, അബ്ദുറഹ്മാനുബിൻ ഔഫ് എന്നീ മൂന്നുപേരെയും കൂട്ടുകാരാക്കി. ഇങ്ങനെ എല്ലാവർക്കുമിടയിലും മൈത്രി ബന്ധം സ്ഥാപിച്ചുകൊണ്ട് പറഞ്ഞു: ‘നിങ്ങൾ അല്ലാഹുവിന്റെ പേരിൽ സഹോദരങ്ങളായി ജീവിക്കുക.’ സ്വത്തിൽ അനന്തരാവകാശിയാകുമെന്നു പോലും കരുതപ്പെടും വിധം സുദൃഢമായ സൗഹൃദ കൂട്ടായ്മയായിരുന്നു അത്. രക്തബന്ധത്തേക്കാൾ ശക്തമായ ഈ ആദർശബന്ധമാണ് ഇസ്‌ലാമിന്റെ അതിവേഗ വ്യാപനത്തിന് നിമിത്തമായത്.

സൗഹൃദപ്രഖ്യാപനത്തിന്റെ ഉടനെ സമ്പന്നനായ സഅ്ദുബിൻ അബീവഖാസ്(റ) തന്റെ സമ്പത്തിന്റെ പകുതി സഹോദരനായ അബ്ദുറഹ്മാനുബിൻ ഔഫിന് വിട്ടുകൊടുത്തു. വീടും ഉപകരണങ്ങളും സമ്പത്തുമെല്ലാം തന്റെയും സഹോദരങ്ങളുടെയും ഇടയിൽ സമമായി വീതിച്ചു. സൽക്കാരത്തിനും സ്വീകരണത്തിനും മത്സരമായപ്പോൾ അവസാനം നറുക്കിടേണ്ടി വന്നു.

സ്വന്തത്തേക്കാൾ മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധരായതിന് ധാരാളം ഉദാഹരണങ്ങളുണ്ട് അവരുടെ ചരിത്രത്തിൽ. ഉഹ്ദിൽ അബൂത്വൽഹയുടെ മുഖം കൊണ്ടാണ് തിരുനബി(സ്വ)യുടെ നേരെ ചീറിപ്പാഞ്ഞ അമ്പ് തടുത്തത്. സൗർഗുഹയിൽ പാമ്പ് കടിച്ച് വിഷം കയറി മരണം മുഖാമുഖം കണ്ടിട്ടും നബിയെ ഉണർത്താതെ വേദന കടിച്ചമർത്തിയ സിദ്ദീഖ്(റ)ന്റെ സമർപ്പണം. യർമൂഖ് രണാങ്കണത്തിൽ വെട്ടേറ്റ് ചോരയിൽ കുതിർന്നു മരണവേദനയിൽ പിടയുമ്പോൾ ചുണ്ടോടടുപ്പിച്ച വെള്ളപാത്രം തൊട്ടടുത്തുനിന്നു വെള്ളം ചോദിച്ച അയ്യാശിബ്‌നു അബീ റബീഅക്കു നൽകി വെള്ളം കുടിക്കാനാകാതെ രക്തസാക്ഷിയായ ഇക്‌രിമ(റ)ന്റെ സാഹോദര്യബോധം! പ്രകീർത്തിക്കാൻ വാക്കുകൾ വിറക്കുന്ന, മാനവിക ചരിത്രത്തെ വിസ്മയിപ്പിച്ച ഈ സാഹോദര്യം പ്രവാചകരാണ് അവർക്കിടയിൽ ഊട്ടിയുറപ്പിച്ചത്.

അസ്വ്ഹാബുന്നബി-2

ശുകൂർ സഖാഫി വെണ്ണക്കോട്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ