ഞാൻ ഹദീസുകൾ എഴുതാറില്ലായിരുന്നു എന്ന് അബൂഹുറൈറ(റ) പറയുന്ന തുർമുദിയിലെ ഹദീസും (2668) ഞാൻ ഉദ്ധരിക്കുന്ന മുഴുവൻ ഹദീസുകളും ഞാനെഴുതി രേഖപ്പെടുത്തിയിരുന്നു എന്ന് വിശദീകരിക്കുന്ന ഹദീസും തമ്മിൽ വൈരുധ്യമില്ല. രണ്ട് രൂപത്തിൽ നമുക്ക് ഈ ഹദീസുകളെ ചേർത്ത് വായിക്കാം.
അബ്ദുല്ലാഹി ബ്നു അംറ്(റ) തിരുനബി(സ്വ)യുടെ കാലഘട്ടത്തിൽ തന്നെ ഹദീസുകൾ എഴുതിവെച്ചിരുന്നു. സ്വഹീഹായ ഹദീസുകളിൽ നിന്ന് തന്നെ അത് വ്യക്തമാണ്. എന്നാൽ അബൂഹുറൈറ(റ) പിൽക്കാലത്ത് ക്രോഡീകരിക്കുകയാവാം ചെയ്തത്.
ഇവിടെയുള്ള മറ്റൊരു സാധ്യത, അബൂഹുറൈറ(റ) സ്വന്തം കൈപ്പടയിൽ എഴുതുന്നതിന് പകരം മറ്റൊരാളോട് എഴുതാൻ ആവശ്യപ്പെടുകയും അയാൾ രേഖപ്പെടുത്തുകയും ചെയ്തിരിക്കാമെന്നതാണ് (ഫത്ഹുൽ ബാരി 1/207 കാണുക).
ഞാൻ ഹദീസുകൾ എഴുതാറില്ലായിരുന്നു എന്ന പ്രസ്താവന മറ്റൊരാളുടെ സഹായത്തോടെ എഴുതുന്നതിന് എതിരല്ല എന്നത് സുവ്യക്തമാണല്ലോ. ആകയാൽ, അബൂഹുറൈറ(റ) ഉദ്ധരിച്ച 5374 ഹദീസുകളും റസൂൽ(സ്വ)യുടെ കാലത്തോ അല്ലെങ്കിൽ വഫാത്തിന് ശേഷമോ ലിഖിത രൂപത്തിൽ തന്നെ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട് എന്നത് സ്വഹീഹായ നിവേദനങ്ങളിൽ നിന്ന് വായിച്ചെടുക്കാനാവുന്നതാണ്.
രേഖപ്പെടുത്തൽ ശിഷ്യരിലൂടെയും
അബൂഹുറൈറ(റ)വിന്റെ ശിഷ്യന്മാരിൽ പ്രമുഖനായിരുന്ന ബശീറുബ്നു നഹീകി(റ)ന് ഗുരുവിൽ നിന്ന് ലഭിച്ച ഹദീസുകൾ എഴുതിവെക്കുന്ന പതിവുണ്ടായിരുന്നു. അദ്ദേഹം പറയുന്നു: അബൂഹുറൈറയിൽ നിന്ന് കേൾക്കുന്ന ഹദീസുകൾ ഞാൻ എഴുതിവെക്കാറുണ്ടായിരുന്നു. പിന്നീട് ഞാൻ അദ്ദേഹത്തെ വിട്ടുപിരിയാൻ ഉദ്ദേശിച്ചപ്പോൾ എഴുതി ചിട്ടപ്പെടുത്തിയ ഗ്രന്ഥവുമായി അദ്ദേഹത്തെ സമീപിച്ചു. അവയെല്ലാം ഞാൻ വായിച്ചു കേൾപ്പിക്കുകയും ശരിയാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. ഞാൻ ചോദിച്ചു: ഇത് ഞാൻ അങ്ങയിൽ നിന്ന് കേട്ട ഹദീസുകളല്ലേ?
അബൂഹുറൈറ(റ) മറുപടി പറഞ്ഞു: അതേ (സുനനുദ്ദാരിമി 1/435).
മറ്റൊരു ശിഷ്യനായ ഹമ്മാമുബ്ന് മുനബ്ബിഹ്(റ) അബൂഹുറൈറ(റ)വിൽ നിന്ന് ലഭിച്ച 140 ഓളം ഹദീസുകൾ എഴുതി വെച്ചിരുന്നു. ഈ ശേഖരമാണ് സ്വഹീഫതുബ്നി മുനബ്ബിഹ് എന്ന പേരിൽ അറിയപ്പെട്ടത് (സിയറു അഅ്ലാമിന്നുബലാ 5/311).
അഹ്മദ്ബ്നു ഹമ്പൽ(റ) ഈ ഗ്രന്ഥത്തിലെ ഹദീസുകൾ മുസ്നദിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അസ്സ്വഹീഫതു സ്സ്വഹീഹ എന്ന പേരിൽ ഈ ഗ്രന്ഥം ഇന്നും ലഭ്യമാണ്.
അബൂഹുറൈറ(റ)വിൽ നിന്ന് നേരിട്ട് ഹദീസ് പഠിക്കുകയും അവ എഴുതി രേഖപ്പെടുത്തുകയും ചെയ്ത താബിഉകളായ രണ്ട് ജ്ഞാനികളെയാണ് മുകളിൽ പരിചയപ്പെട്ടത്. ഈ രണ്ട് പേരുടെ ശേഖരവും അബൂഹുറൈറ(റ)വിന്റെ പക്കലുള്ള ഗ്രന്ഥങ്ങളും ചേർത്ത് ചുരുങ്ങിയത് മൂന്ന് ഹദീസ് ഗ്രന്ഥങ്ങൾ അന്ന് ലഭ്യമായിരുന്നുവെന്നത് നിഷേധത്തിന് പഴുതില്ലാത്ത യാഥാർഥ്യമാണ്. ഇവിടെ അവസാനിക്കുന്നില്ല. ഇമാം ബുഖാരി(റ) പറയുന്നത് നോക്കൂ: 800 ഓളം താബിഉകൾ അബൂഹുറൈറ(റ)യിൽ നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട് (ഫത്ഹുൽ ബാരി 1/207).
എണ്ണൂറോളം വരുന്ന ശിഷ്യന്മാരിൽ എത്ര പേർ ഹദീസ് എഴുതിവെച്ചിട്ടുണ്ടാവും!? എത്ര അധികം ഹദീസ് ഗ്രന്ഥങ്ങൾ അവരുടെ പക്കൽ ആ കാലഘട്ടത്തിൽ തന്നെ ലഭ്യമായിട്ടുണ്ടാവണം!? രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഹദീസുകൾ ആദ്യമായി എഴുതിവെച്ചത് എന്ന് ഇനിയും എങ്ങനെയാണ് പറയാനാവുക?
നബിസന്നിധിയിലെ ഹദീസെഴുത്ത്
അബൂഹുറൈറ(റ)വിന്റെ ഗ്രന്ഥശേഖരം നബി(സ്വ)യുടെ കാലത്ത് എഴുതപ്പെട്ടതാണോ അല്ലേ എന്ന് ചരിത്രത്തിൽ നിന്നു വ്യക്തമല്ലെന്ന് പറഞ്ഞല്ലോ. എന്നാൽ താബിഉകളായ ബശീർ ബ്നു നഹീക്(റ)വിന്റെയും ഹമ്മാമ് ബ്നു മുനബ്ബിഹ്(റ)വിന്റെയും ക്രോഡീകരണം പ്രവാചകരുടെ വഫാത്തിന് ശേഷമാണ് നടന്നതെന്നതിൽ സംശയമില്ല. മുകളിൽ വിശദീകരിച്ച തെളിവുകളൊന്നും തിരുസന്നിധിയിൽ നിന്ന് ഹദീസ് ക്രോഡീകരണം നടന്നുവെന്നതിന് മതിയായ രേഖയല്ല എന്ന സന്ദേഹത്തെ എങ്ങനെ നിവാരണം ചെയ്യും?
അബൂഹുറൈറ(റ) പറയുന്നു: നബി(സ്വ)യിൽ നിന്ന് എന്നെക്കാൾ ഹദീസ് ലഭിച്ച മറ്റൊരു സ്വഹാബിയുമില്ല; അബ്ദുല്ലാഹിബ്നു അംറ് ഒഴികെ. അദ്ദേഹം ഹദീസ് എഴുതുമായിരുന്നു, ഞാൻ എഴുതാറില്ലായിരുന്നു (തുർമുദി 2668).
അബൂഹുറൈറ(റ) പറയുന്നത് അബ്ദുല്ലാഹിബ്നു അംറ്(റ) ഹദീസുകൾ എഴുതാറുണ്ടായിരുന്നു എന്നാണ്. 5374 ഹദീസുകളാണ് അബൂഹുറൈറ(റ)വിൽ നിന്നും ഉദ്ധരിക്കപ്പെട്ടതായി മുഹദ്ദിസുകൾ പരിചയപ്പെടുത്തുന്നത്. എന്നേക്കാൾ ഹദീസുകൾ ലഭിച്ച സ്വഹാബിയാണ് അബ്ദുല്ലാഹിബ്നു അംറ് എന്ന അബൂഹുറൈറ(റ)വിന്റെ സാക്ഷ്യപ്പെടുത്തൽ ഇതിനോട് ചേർത്ത് വായിക്കുമ്പോൾ 5374ലേറെ ഹദീസുകൾ അബ്ദുല്ലാഹിബ്നു അംറ്(റ) റസൂൽ(സ്വ)യുടെ സന്നിധിയിൽ നിന്ന് തന്നെ എഴുതിയിട്ടുണ്ട് എന്ന് വ്യക്തമാണ്. തിരുനബി(സ്വ)യിൽ നിന്ന് കേൾക്കുന്ന മുഴുവൻ ഹദീസുകളും എഴുതാൻ നബി(സ്വ)യിൽ നിന്ന് തന്നെ പ്രത്യേകമായ അനുമതി വാങ്ങിയയാളായിരുന്നു അബ്ദുല്ലാഹിബ്നു അംറ്(റ). അബൂദാവൂദ്(റ) ഉദ്ധരിച്ച ഹദീസിൽ നിന്നും ഇത് മനസ്സിലാക്കാം. അബ്ദുല്ലാഹിബ്നു അംറ്(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതരിൽ നിന്ന് കേട്ടതെല്ലാം ഞാൻ എഴുതുമായിരുന്നു. ഞാനത് മനഃപാഠമാക്കാൻ ഉദ്ദേശിച്ചു. ഖുറൈശികൾ എന്നെ വിലക്കി. അല്ലാഹുവിന്റെ ദൂതൻ ഒരു മനുഷ്യനായിരിക്കെ നിങ്ങൾ അദ്ദേഹത്തിൽ നിന്ന് കേൾക്കുന്നതെല്ലാം എഴുതുകയോ? പ്രവാചകർ ദേഷ്യത്തിലും സന്തോഷത്തിലും സംസാരിക്കില്ലേ? അങ്ങനെ ഞാൻ എഴുത്ത് നിർത്തി. അത് റസൂലിനോട് പറയുകയും ചെയ്തു. വായിലേക്ക് വിരൽ കൊണ്ട് ആംഗ്യം കാട്ടി അവിടന്ന് പറഞ്ഞു: എഴുതുക, എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ അവനാണ് സത്യം, ഇതിൽ നിന്ന് സത്യം മാത്രമേ പുറത്തുവരൂ (അബൂദാവൂദ് 3647).
ഹദീസുകൾ എഴുതിവെക്കുന്ന രീതി അബൂഹുറൈറ(റ)യിലും അബ്ദുല്ലാഹിബ്നു അംറി(റ)ലും ഒതുങ്ങുന്നതല്ല. ഏറ്റവും കൂടുതൽ ഹദീസുകൾ പിൽക്കാലത്തേക്ക് കൈമാറിയതിൽ പ്രമുഖരായിരുന്നു ‘അൽമുക്സിറൂനസ്സബ്അ’ എന്ന പേരിൽ അറിയപ്പെട്ട ഏഴ് സ്വഹാബികൾ. ഇവരിൽ പ്രധാനിയായിരുന്നു പ്രവാചക പത്നി ആഇശ(റ). നബിയിൽ നിന്ന് ഏറ്റവും കൂടുതൽ ഹദീസുകൾ നിവേദനം ചെയ്ത വനിത മഹതിയാണ്. നബിതങ്ങളുടെ ഹദീസുകൾ പഠിക്കാൻ പല പ്രമുഖരായ സ്വഹാബികളും ബീവിയെ സമീപിക്കാറുണ്ടായിരുന്നു. ആഇശ ബീവി(റ) നബിയിൽ നിന്നു ഗ്രഹിച്ച ഹദീസ് വചനങ്ങളെ കുറിച്ച് ഏറ്റവും അറിവുള്ളവരായിരുന്നു അംറ ബിൻത് അബ്ദുറഹ്മാൻ(റ) എന്ന് ഉമർബ്നു അബ്ദുൽ അസീസ്(റ) പറയുന്നത് ത്വബഖാതു ഇബ്നു സഅദ് 2/295ൽ വായിക്കാം.
മഹതിയിൽ നിന്ന് ലഭിക്കുന്ന മുഴുവൻ ഹദീസുകളും രേഖപ്പെടുത്താൻ അംറയുടെ സഹോദര പുത്രനായ അബൂബക്കർ ബ്നു മുഹമ്മദിനെ ഉമർബ്നു അബ്ദുൽ അസീസ്(റ) ചുമതലപ്പെടുത്തിയത് ചരിത്ര പ്രസിദ്ധമാണ് (ത്വബഖാതു ഇബ്നു സഅദ് 2/295).
ആഇശ(റ)യുടെ ഹദീസുകളും ശിഷ്യന്മാർ മുഖേന ലിഖിത രൂപത്തിൽ തന്നെ പിൽക്കാലത്തേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഇതിൽ നിന്നു വ്യക്തം. ഹദീസുകളിൽ വന്ന നബിചര്യകൾ ജീവിതത്തിലുടനീളം പ്രാവർത്തികമാക്കുകയും അവ ഹൃദിസ്ഥമാക്കുകയും ചെയ്യുന്നതിന് പുറമെയാണ് ഈ ക്രോഡീകരണം എന്ന് ആലോചിക്കണം!
ആയിരത്തിലധികം ഹദീസുകൾ നിവേദനം ചെയ്ത മറ്റൊരു സ്വഹാബിയാണ് അബ്ദുല്ലാഹിബ്നു അബ്ബാസ്(റ). നബി തിരുമേനിയുടെ പ്രവർത്തനങ്ങൾ തങ്ങളുടെ മൗലയായ അബൂറാഫിഹ്(റ)വിൽ നിന്ന് ചോദിച്ചറിഞ്ഞ് എഴുതിവെക്കുന്ന പതിവ് ഇബ്നു അബ്ബാസി(റ)നുണ്ടായിരുന്നു (ത്വബഖാതു ഇബ്നു സഅദ് 2/283).
അല്ലിയ്യുബ്നു അബീത്വാലിബ്(റ)വിന് വലിയ ഫത്വാ സമാഹാരം ഉണ്ടായിരുന്നു എന്ന ശർഹു മുസ്ലിമിന്റെ ആമുഖത്തിലെ പരാമർശം അടക്കമുള്ള ചരിത്ര രേഖകൾ ഇതിനോട് ചേർത്ത് വായിക്കുമ്പോൾ കേവലം ഒന്നോ രണ്ടോ താളുകളിൽ രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം ആരോ എഴുതിവെച്ചതായിരുന്നില്ല ഹദീസുകൾ എന്നും നബി(സ്വ)യുടെ ജീവിത കാലത്തോ അല്ലെങ്കിൽ അവിടത്തെ വിയോഗ ശേഷം, പ്രവാചകരെ നേരിട്ട് ശ്രവിച്ച സ്വഹാബികളുടെ കാലത്തോ ഹദീസുകൾ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട് എന്ന ചരിത്ര യാഥാർഥ്യത്തിന് നേരെ കണ്ണടക്കാൻ ആർക്കും സാധ്യമല്ല.
ബദ്റുദ്ദീൻ അഹ്സനി മുത്തനൂർ