സുഖാനുഗ്രഹങ്ങളുടെ ശാശ്വത ലോകമാണ് സ്വർഗം. അനിതര സാധാരണമായ സൗഖ്യമാണ് സ്വർഗത്തിന്റെ സവിശേഷത. ഒരു കണ്ണും ഇതുവരെ കാണാത്ത, ഒറ്റ കാതും കേൾക്കാത്ത, ഹൃദയങ്ങളിൽ ആരും സങ്കൽപിക്കാത്ത ശാശ്വതാനുഭൂതികൾ അവിടെ സ്രഷ്ടാവ് കരുതിവച്ചിരിക്കുന്നു. സ്വർഗത്തിലൊരു ചാൺ സ്ഥലം ലഭിക്കുന്നത് ഭൂമിയും അതിലുള്ളതുമെല്ലാം ലഭിക്കുന്നിതിനെക്കാൾ വിശ്വാസിക്ക് ഉത്തമമാണെന്ന് തിരുനബി(സ്വ).
സുഖലോക സ്വർഗത്തിന്റെ അവകാശത്തർക്കം ഇന്ന് രൂക്ഷമാണ്. അല്ലാഹുവിലും തിരുനബിയിലും വിശ്വസിച്ചില്ലെങ്കിലും സ്വർഗം ലഭിക്കുമെന്ന് ചില കോണുകളിൽ നിന്ന് വാദമുയർന്നുകൊണ്ടിരിക്കുന്നു. വിശ്വാസി വൃന്ദത്തിനു പുറത്തുള്ള ചിലരെ സ്വർഗാവകാശികളായി അത്തരക്കാർ ലിസ്റ്റ് ചെയ്യുകയുമുണ്ടായി. ഭൗതിക ലോകത്ത് അവർക്കുള്ള പ്രതിഷ്ഠാപരമായ സ്ഥാനവും സ്വീകാര്യതയുമാണ് വാദത്തിനു നിദാനം. അവർ സ്വർഗത്തിലില്ലെങ്കിൽ പിന്നെ ആര് എന്നാണ് ചോദ്യം. എന്നാൽ പ്രമാണങ്ങൾ എന്തു പറയുന്നുവെന്നു പരിശോധനയർഹിക്കുന്നു.
സ്വർഗാവകാശികൾ സർവ സൗകര്യങ്ങളും ആസ്വദിച്ചുകൊണ്ടാണ് അനശ്വര ജീവിതം നയിക്കുക എന്ന് അല്ലാഹു സുവിശേഷമറിയിച്ചിട്ടുണ്ട്: ‘സ്വർണ നൂൽകൊണ്ടു മെടഞ്ഞ കട്ടിലിലായിരിക്കും അവർ. അവർ പരസ്പരം അഭിമുഖമായി അതിൽ ചാരിയിരിക്കും. നിത്യജീവിതം നൽകപ്പെട്ട ബാലന്മാർ അവർക്കിടയിൽ ചുറ്റി നടക്കും. കപ്പുകളും കൂജകളും ശുദ്ധജലം നിറച്ച പാനപാത്രങ്ങളും കൊണ്ടാവും അത്. അതു മൂലം അവർക്ക് ലഹരി ബാധിക്കുകയോ തലവേദനയുണ്ടാവകയോ ചെയ്യില്ല. അവർക്കു തിരഞ്ഞെടുക്കാവുന്ന പഴവർഗങ്ങളും അവർ കൊതിക്കുന്നയിനം പക്ഷിമാംസങ്ങളും കൊണ്ട് (അവർ ചുറ്റി നടക്കും). (ചിപ്പികളിൽ) ഒളിപ്പിച്ച മുത്തു പോലെയുള്ള വിശാലമായ കണ്ണുകളുള്ള വെളുത്ത തരുണികളുമുണ്ട്. അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമായാണിവ. അനാവശ്യ വാക്കുകളോ കുറ്റപ്പെടുത്തലുകളോ അവർ കേൾക്കുന്നില്ല. സമാധാനം, സമാധാനം എന്ന വാക്കൊഴികെ‘ (വാഖിഅ: 14-26).
‘സ്വർണത്തിന്റെ തളികകളും പാനപാത്രങ്ങളും അവർക്കു ചുറ്റും കൊണ്ടുനടക്കും. മനസ്സുകൾ ആഗ്രഹിക്കുന്നതും നയനങ്ങൾക്ക് ആനന്ദകരവുമായ കാര്യങ്ങൾ അവിടെയുണ്ടാകും. നിങ്ങൾ അവിടെ നിത്യവാസികളുമാകും. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾക്കു നൽകിയ സ്വർഗമാണത്. നിങ്ങൾക്കതിൽ പഴങ്ങൾ ധാരാളമായുണ്ടാകും. അതിൽ നിന്ന് നിങ്ങൾക്ക് ഭക്ഷിക്കാവുന്നതാണ്‘ (സുഖുറുഫ്: 71-73). ‘വിവിധ തരം പഴവർഗങ്ങൾ. സൗന്ദര്യത്തോപ്പുകളിൽ അവർ ആദരിക്കപ്പെടുന്നവാരായിരിക്കും‘ (സ്വാഫ്ഫാത്ത്: 42-43).
‘വെയിലോ കൊടും തണുപ്പോ അവർ അവിടെ കാണുകയില്ല. സ്വർഗത്തിലെ തണലുകൾ അവരുടെ അടുത്ത് നിൽക്കുന്നതായിരിക്കും. അതിലെ പഴങ്ങൾ പറിച്ചെടുക്കാൻ സൗകര്യപ്രദവുമായിരിക്കും. വെള്ളിയുടെ പാത്രങ്ങളും സ്ഫടികം പോലെയുള്ള വെള്ളക്കപ്പുകളുമായി അവർക്കിടയിൽ (സേവകർ) ചുറ്റി നടക്കും. അവർ പാത്രങ്ങൾക്ക് ഒരു തോതനുസരിച്ച് അളവ് നിർണയിച്ചിരിക്കുകയും ചെയ്യും. ഇഞ്ചിനീരിന്റെ ചുവയുള്ള ഒരു കോപ്പ അവർക്കവിടെ കുടിക്കാൻ നൽകും. സൽസബീൽ എന്നു പേരുള്ള വെള്ളം‘ (ഇൻസാൻ: 13-18).
സ്വർഗത്തിലെ സുഖസൗകര്യങ്ങളുടെ ഗുണവും മേന്മയും ഖുർആൻ പലയിടങ്ങളിൽ ആവർത്തിക്കുന്നുണ്ട്: ‘അവർ ചില മെത്തകളിൽ ചാരിയിരിക്കുന്നവരായിരിക്കും. അവയുടെ ഉൾഭാഗങ്ങൾ കട്ടി കൂടിയ പട്ടുകൾകൊണ്ടുള്ളതായിരിക്കും. രണ്ട് തോപ്പുകളിലെയും കായ്ക്കനികൾ താഴ്ന്ന് നിൽക്കുകയായിരിക്കും. പിന്നെ നിങ്ങൾ അല്ലാഹുവിന്റെ ഏത് അനുഗ്രഹത്തെയാണ് നിഷേധിക്കുന്നത്? അവയിൽ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുമുണ്ടാകും. അവർക്ക് മുമ്പ് മനുഷ്യരോ ജിന്ന് വർഗമോ അവരെ സ്പർശിച്ചിട്ടില്ല. പിന്നെ നിങ്ങൾ അല്ലാഹുവിന്റെ ഏതനുഗ്രഹത്തെയാണ് നിഷേധിക്കുന്നത്? അവർ മാണിക്യവും പവിഴവും പോലെയായിരിക്കും. പിന്നെ നിങ്ങൾ അല്ലാഹുവിന്റെ ഏതനുഗ്രഹത്തെയാണ് നിഷേധിക്കുന്നത്?’ (റഹ്മാൻ: 54-59). ‘അവരും അവരുടെ ഇണകളും തണലുകളിലെ അലംകൃത കട്ടിലുകളിൽ ചാരിയിരിക്കുകയായിരിക്കും. അവർക്കവിടെ പഴവർഗങ്ങളുണ്ട്. അവരാവശ്യപ്പെടുന്നതെന്തും ലഭിക്കുകയും ചെയ്യും. സമാധാനം, അതായിരിക്കും കരുണാവാരിധിയായ അല്ലാഹുവിൽ നിന്ന് അവർക്കുള്ള അഭിവാദ്യം‘ (യാസീൻ: 56-58).
സ്വർഗാവകാശികളുടെ സവിശേഷതകൾ തിരുനബി(സ്വ)യും ഒട്ടനവധി ഹദീസുകളിൽ വിശദീകരിച്ചിട്ടുണ്ട്. ചിലതു കാണുക: ‘സ്വർഗത്തിൽ വസിക്കുന്നവർ തിന്നുകയും കുടിക്കുകയും ചെയ്യും. അവിടെ അവർ കാഷ്ഠിക്കുകയോ മൂത്രിക്കുകയോ മൂക്കു പിഴിയുകയോ ചെയ്യില്ല. അവർ കഴിക്കുന്ന ആഹാരം കസ്തൂരിയുടെ മണം വീശുന്ന ഏമ്പക്കമായി രൂപാന്തരപ്പെടുകയാണ് ചെയ്യുക‘ (മുസ്‌ലിം: 2835). നിശ്ചയം, സ്വർഗത്തിൽ ചില അങ്ങാടികളുണ്ട്. സ്വർഗവാസികൾ എല്ലാ വെള്ളിയാഴ്ചകളിലും അവിടെ ചെല്ലും. അന്ന് വടക്കു ഭാഗത്തു നിന്ന് ഒരു കാറ്റ് അടിച്ചു വീശും. അതവരുടെ മുഖത്തും വസ്ത്രങ്ങളിലും (സുഗന്ധ വസ്തുക്കൾ) വിതറും. അപ്പോൾ അവരുടെ സൗന്ദര്യവും പ്രസന്നതയും വർധിക്കും. വർധിത സൗന്ദര്യത്തോടെ കുടുംബത്തിലേക്കു ചെല്ലുന്ന അവരോട് ബന്ധുക്കൾ പറയും: അല്ലാഹുവാണ് സത്യം. നിങ്ങൾക്ക് സൗന്ദര്യവും പ്രസന്നതയും വർധിച്ചിരിക്കുന്നു. അപ്പോൾ അവർ പറയും: ഞങ്ങൾ പോയ ശേഷം നിങ്ങളുടെയും സൗന്ദര്യവും പ്രസന്നതയും വർധിച്ചിട്ടുണ്ടല്ലോ (മുസ്‌ലിം: 2833). ‘സ്വർഗവാസികൾ അവിടത്തെ പ്രത്യേക വാസസ്ഥലങ്ങളെ ആകാശത്തെ നക്ഷത്രങ്ങളെ പോലെയാണ് കാണുക‘ (മുസ്‌ലിം: 2830).
സ്വർഗത്തിലെ സുഖസൗകര്യങ്ങൾ അനശ്വരവും അനന്തവുമാണെന്ന് നബി(സ്വ) പറയുന്നുണ്ട്: സ്വർഗാവകാശികളിൽ ഏറ്റവും താഴ്ന്ന പദവിയിലുള്ളവർ ആരാണെന്ന് മൂസാ നബി(അ) അല്ലാഹുവിനോട് ചോദിച്ചു. അല്ലാഹു മറുപടി നൽകി: സ്വർഗാവകാശികളെ സ്വർഗത്തിൽ പ്രവേശിപ്പിച്ച ശേഷം വരുന്ന ഒരാളാണ് ഏറ്റവും താഴ്ന്ന പദവിയിലുള്ളവൻ. നീയും സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക എന്ന് പറയുമ്പോൾ അയാൾ തിരിച്ചു ചോദിക്കും; നാഥാ, ജനങ്ങളെല്ലാവരും അവരവരുടെ ഇടങ്ങൾ കൈവശപ്പെടുത്തുകയും അവർക്കവകാശപ്പെട്ടതെല്ലാം ഉടമപ്പെടുത്തുകയും ചെയ്തുകഴിഞ്ഞല്ലോ. പിന്നെയെങ്ങനെയാണ് ഞാൻ അങ്ങോട്ട് കടക്കുക? അപ്പോൾ അയാളോട് ചോദിക്കും: ഭൗതിക ലോകത്ത് ഒരു രാജാവിന്റെ അധീനതയിലുണ്ടായിരുന്ന അത്ര നിനക്കു ലഭിച്ചാൽ നീ തൃപ്തിപ്പെടുമോ? അപ്പോൾ അവൻ പ്രതികരിക്കും: അതുമതി. നാഥാ, ഞാൻ തൃപ്തിപ്പെട്ടുകൊള്ളാം. അന്നേരം അല്ലാഹു പറയും: എന്നാൽ നിനക്ക് അത്രയും പിന്നെ അത്രയും അത്രയും അത്രയും (നാലിരട്ടി) അവിടെയുണ്ട്. അഞ്ചാമതും അല്ലാഹു അത്രയും എന്നു പറയുമ്പോൾ അവൻ പറയും: നാഥാ, ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു. അപ്പോൾ അല്ലാഹു പറയും: അതു മാത്രമല്ല, അതിന്റെ പത്തിരട്ടിയും നീ ആഗ്രഹിക്കുന്നതും നിന്റെ കണ്ണിന് ആസ്വാദ്യമായതും ആസ്വദിക്കുന്നതും നിനക്കവിടെ തയ്യാർ ചെയ്തുവച്ചിട്ടുണ്ട്. ഉടൻ അയാൾ പറയും: നാഥാ, ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു. പിന്നെ മൂസാ(അ) ചോദിച്ചു: സ്വർഗവാസികളിൽ ഉയർന്ന പദവിയിലുള്ളവർ ആരാണ്? അല്ലാഹു പറഞ്ഞു: ഞാൻ പ്രത്യേക പദവി നൽകിയവരാണവർ. അവരുടെ ആദരങ്ങൾ ഞാൻ തന്നെയാണവർക്ക് സമ്മാനിച്ചത്. അതിനു മേൽ ഞാൻതന്നെ മുദ്രണം ചെയ്തിരിക്കുന്നു. ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു ചെവിയും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യ ഹൃദയത്തിലും സങ്കൽപിക്കാൻ കഴിഞ്ഞിട്ടില്ലാത്തതുമായ അമൂല്യ വിഭവങ്ങളാണ്. അവർക്ക് വേണ്ടി ഒരുക്കിവെച്ചിട്ടുള്ളത് (മുസ്‌ലിം: 189).
സ്വർഗം ആർക്ക്?
സ്വർഗം സത്യവിശ്വാസികൾക്കു മാത്രമാണെന്ന് ഖുർആനും ഹദീസും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. വിശ്വസിക്കുകയും സദ്കർമം അനുഷ്ഠിക്കുകയും ദാനധർമങ്ങൾ നൽകുകയും ആരാധനകൾ ക്രമം പോലെ നിർവഹിക്കുകയും ചെയ്തവരാണ് സ്വർഗാവകാശികളെന്ന് മതപ്രമാണങ്ങളെല്ലാം തീർച്ചപ്പെടുത്തിയിരിക്കുന്നു. ‘സത്യവിശ്വാസം വച്ചുപുലർത്തുകയും സദ്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരെ നാം കീഴ്ഭാഗത്ത് കൂടി അരുവികളൊഴുകുന്ന സ്വർഗീയാരാമത്തിൽ പ്രവേശിപ്പിക്കുന്നതാണ്. അവരതിൽ നിത്യവാസികളുമായിരിക്കും. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണത് (നിസാഅ്: 122). ‘വിശ്വസിക്കുകയും സുകൃതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് സൃഷ്ടികളിൽ ഉത്തമർ. താഴ്ഭാഗത്ത് കൂടി അരുവികളൊഴുകുന്നതും സ്ഥിരവാസത്തിനുള്ളതുമായ സ്വർഗത്തോപ്പുകളാണ് അവർക്ക് രക്ഷിതാവ് നൽകുന്ന പ്രതിഫലം (ബയ്യിന: 7-8). വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തിലൂടെ നദികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ തീർച്ചയായും അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവർക്കവിടെ സ്വർണ വളകളും മുത്തും അണിയിക്കപ്പെടും. പട്ടായിരിക്കും അവരുടെ വസ്ത്രം (ഹജ്ജ്: 23). ‘നബിയേ, വിശ്വസിക്കുകയും സൽകർമങ്ങളനുഷ്ഠിക്കുകയും ചെയ്തവർക്ക് താഴ്ഭാഗത്ത് കൂടി നദികളൊഴുകുന്ന സ്വർഗത്തോപ്പുകൾ ലഭിക്കുമെന്ന് സന്തോഷ വാർത്തയറിയിക്കുക. അതിലെ ഓരോ കനിയും ഭക്ഷിക്കാൻ ലഭിക്കുമ്പോൾ അവർ പറയും: ഇതിനു മുമ്പ് ഞങ്ങൾക്കു ലഭിച്ചതും ഇതുതന്നെയാണല്ലോ. (വാസ്തവത്തിൽ) പരസ്പര സാദൃശ്യമുള്ളത് അവർക്ക് നൽകപ്പെടുകയാണുണ്ടായത് (ബഖറ: 25).
സ്വർഗ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത അല്ലാഹുവിലുള്ള വിശ്വാസമാണെന്നും സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാർക്ക് നാഥന്റെ പ്രീതിയുണ്ടെന്നും ഖുർആൻ തുറന്നുപറയുന്നുണ്ട്. ‘ആര് അല്ലാഹുവിൽ വിശ്വസിക്കുകയും സദ്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നുവോ അല്ലാഹു അവന്റെ പാപങ്ങൾ മായ്ച്ചുകളയുകയും താഴ്ഭാഗത്ത് കൂടി അരുവികൾ പ്രവഹിക്കുന്ന സ്വർഗാരാമത്തിൽ അവനെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അതിലവർ നിത്യവാസികളായിരിക്കും. അതാണ് മഹാഭാഗ്യവും (തഗാബുൻ: 9). സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും താഴ്ഭാഗത്ത് കൂടി അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകൾ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു (തൗബ: 72).
സ്വർഗ പ്രവേശം അല്ലാഹുവിൽ വിശ്വസിക്കുകയും തഖ്‌വയുള്ള ജീവിതം നയിക്കുകയും ചെയ്യുന്ന സജ്ജനങ്ങൾക്കാണെന്നു വ്യക്തമാക്കുന്ന സൂക്തങ്ങളും നിരവധി: ‘നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള പാപമോചനവും ആകാശഭൂമികളുടെ വിശാലതയുള്ള സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിയിൽ മുന്നേറുക. തഖ്‌വയുള്ളവർക്ക് വേണ്ടി തയ്യാറാക്കപ്പെട്ടതാണത് (ആലു ഇംറാൻ: 133). തഖ്‌വയുള്ളവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വർഗത്തിൽ പകർച്ച വരാത്ത വെള്ളത്തിന്റെ അരുവികളുണ്ട്. രുചി മാറ്റം വരാത്ത പാലിന്റെ അരുവികളും കുടിക്കുന്നവർക്ക് ആസ്വാദ്യകരമായ (എന്നാൽ ലഹരിയില്ലാത്ത) മദ്യത്തിന്റെ അരുവികളും ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. അവർക്കതിൽ എല്ലാത്തരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള പാപമോചനവുമുണ്ട് (മുഹമ്മദ്: 15). ‘നിശ്ചയം തഖ്‌വ പാലിക്കുന്നവർ ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും‘ (ഖമർ: 54). നാഥന് തഖ്‌വ ചെയ്തു ജീവിച്ചവർ സ്വർഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. തുറന്നുവെക്കപ്പെട്ട അതിന്റെ കവാടത്തിനടുത്ത് വരുമ്പോൾ കാവൽക്കാർ അവരോട് പറയും: നിങ്ങൾക്ക് സമാധാനം. നിങ്ങൾ സംശുദ്ധരായിരിക്കുന്നു. നിത്യവാസികളായ നിലയിൽ നിങ്ങൾ അതിൽ പ്രവേശിച്ചുകൊള്ളുക‘ (സുമർ: 73). ‘തഖ്‌വയുള്ളവർക്ക് അകലെയല്ലാത്തവിധം സ്വർഗം അടുത്തു കൊണ്ടുവരപ്പെടുന്നതാണ്. (ജീവിതം) കാത്തുസൂക്ഷിക്കുകയും അല്ലാഹുവിലേക്ക് കൂടുതൽ ഖേദിച്ചുമടങ്ങുകയും ചെയ്യുന്നവർക്ക് നൽകാമെന്ന് നിങ്ങളോട് വാഗ്ദാനം ചെയ്ത സ്വർഗമാണിത് (ഖാഫ്: 32-33). ‘നിശ്ചയം തഖ്‌വ പാലിച്ചവർക്ക് വിജയമുണ്ട്. തോട്ടങ്ങളും മുന്തിരികളും തുടുത്ത മാറിടമുള്ള സമപ്രായക്കാരായ തരുണികളും നിറഞ്ഞ പാനപാത്രങ്ങളും അവർക്കുണ്ട്. അനാവശ്യമായ വാക്കോ വ്യാജവാർത്തയോ അവിടെ വച്ച് അവർ കേൾക്കുകയില്ല. നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള പ്രതിഫലവും കണക്കാക്കിയ സമ്മാനവുമാണിത് (നബഅ്: 31-36).
അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ ഭയന്നു ജീവിതത്തെ മെച്ചപ്പെടുത്തുകയും ചെയ്തവർക്ക് മാത്രം അവകാശപ്പെട്ടതാണ് സ്വർഗമെന്ന് ചുരുക്കം. ‘തന്റെ രക്ഷിതാവിന്റെ സന്നിധാനത്തെ ഭയന്നവർക്ക് രണ്ട് സ്വർഗത്തോപ്പുകളുണ്ട്. പിന്നെ നിങ്ങൾ അല്ലാഹുവിന്റെ ഏത് അനുഗ്രഹത്തെയാണ് നിഷേധിക്കുന്നത്? അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് അരുവികളുണ്ട്. പിന്നെ നിങ്ങൾ അല്ലാഹുവിന്റെ ഏത് അനുഗ്രഹത്തെയാണ് നിഷേധിക്കുന്നത്? അവ രണ്ടിലും ഓരോ പഴവർഗത്തിൽ നിന്നുള്ള ഈരണ്ടു ഇനങ്ങളുണ്ട് (റഹ്മാൻ: 46-52).
സ്വർഗത്തിലുള്ള ഓരോ അനുഗ്രഹവും ഈമാനുള്ള വ്യക്തികൾക്ക് മാത്രമാണെന്ന പ്രസ്താവനകൾ ഹദീസിലും നിരവധിയുണ്ട്. ഒരു ഉദാഹരണം: നബി(സ്വ) പറയുന്നു; നിശ്ചയം സത്യവിശ്വാസിക്ക് സ്വർഗത്തിൽ മുത്തുകൾകൊണ്ട് നിർമിച്ച ഒരു കൂടാരമുണ്ട്. അതിന്റെ ഉയരം അറുപത് മൈലാണ്. സത്യവിശ്വാസിക്ക് അതിൽ കുടുംബങ്ങളുണ്ട്. വിശ്വാസി അവർക്കിടയിൽ ചുറ്റി നടക്കും (മുസ്‌ലിം: 2838).
വല്ലവനും അഞ്ചു നേരത്തെ നിസ്‌കാരങ്ങൾ കൃത്യമായി നിർവഹിക്കുകയും അതായത് റകൂഉം സുജൂദും വുളൂഉം നിസ്‌കാര സമയവും സൂക്ഷിക്കുകയും അത് നാഥനിൽ നിന്നുള്ള സത്യമാണെന്ന് ഉറപ്പിക്കുകയും ചെയ്താൽ അവൻ സ്വർഗത്തിൽ കടക്കുന്നതാണ് (അഹ്മദ്, ത്വബറാനി). വല്ലവരുടെയും അവസാന സംസാരം ലാ ഇലാഹ ഇല്ലല്ലാഹ് എന്നായാൽ അവർക്ക് സ്വർഗം നിർബന്ധമായി (അഹ്മദ്, അബൂദാവൂദ്). വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവരാരോ അവരാണ് സ്വർഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും (അൽബഖറ: 82). ഭൗതിക ലോകത്ത് ചില നന്മകളൊക്കെ പ്രവർത്തിച്ചുവെങ്കിലും വിശ്വാസമില്ലെങ്കിൽ സ്വർഗാവകാശിയാവില്ലെന്ന് സുതരാം വ്യക്തം.