അനസ്(റ) നിവേദനം: ഒരാൾ നബിയോട് ചോദിച്ചു: ലോകാവസാനം എപ്പോഴാണ്? നബി(സ്വ) അദ്ദേഹത്തോട് തിരിച്ച് ചോദിച്ചു: എന്താണ് അന്നത്തേക്ക് താങ്കൾ തയ്യാറാക്കി വെച്ചിട്ടുള്ളത്?
അദ്ദേഹത്തിന്റെ മറുപടി: നിസ്കാരമോ നോമ്പോ ദാനമോ അധികമായി ഞാൻ ചെയ്തിട്ടില്ല. പക്ഷേ, ഞാൻ അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നുണ്ട്. അപ്പോൾ നബി(സ്വ) പറഞ്ഞു: നീ ഇഷ്ടപ്പെടുന്നവരാരോ അവരുടെ കൂടെയായിരിക്കും നീ (ബുഖാരി).
വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷ നൽകുന്ന മറുപടിയാണ് നബി(സ്വ)യുടേത്. സ്നേഹിച്ച് കൂടെനിന്നാൽ ഈ ലോകത്ത് ഒരുമിക്കാനായില്ലെങ്കിലും പാരത്രിക ലോകത്ത് ഒരുമിക്കാനാകും. അഥവാ നല്ലവരെ സ്നേഹിച്ചാൽ അവർ നേടുന്ന വിജയം നമുക്കും നേടാനാവും.
നല്ല സ്നേഹവും അതിന്റെ അടിസ്ഥാനത്തിലുള്ള പിന്തുടരലും വിശ്വാസിക്ക് ഏറെ ഗുണകരമാണെന്നതാണ് ഇതിന്റെ പ്രത്യക്ഷമായ ആശയം. എന്നാൽ വിശ്വാസികളെ ആശങ്കപ്പെടുത്തുന്ന ഒരു മറുവശവും ഇതിനുണ്ട്. പരാജയത്തിന് കാരണമാകുന്ന സ്നേഹമുണ്ടെന്നും അത് വർജിക്കേണ്ടതാണെന്നുമുള്ള ഗൗരവതരമായ സന്ദേശമാണത്.
നബിയോട് സംസാരിച്ച സ്വഹാബി സത്യസന്ധമായും ആത്മാർഥമായുമാണ് സംവദിച്ചത്. അദ്ദേഹത്തിനറിയേണ്ടത് എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയാണ് തിരുനബി(സ്വ) പ്രതികരിച്ചത്. ഈ സംഭവത്തിന് ദൃക്സാക്ഷിയായ അനസ്(റ) ഇങ്ങനെ പറയുന്നുണ്ട്: താങ്കൾ എന്താണ് അതിനു വേണ്ടി തയ്യാറാക്കിയതെന്ന റസൂൽ(സ്വ)യുടെ ചോദ്യം കേട്ട അദ്ദേഹം അൽപം വിനീതമായിട്ടാണ് മറുപടി നൽകിയത്. അതിന് നബി(സ്വ)യിൽ നിന്ന് ലഭിച്ച പ്രതികരണവും പ്രതീക്ഷയേകുന്നതായിരുന്നു. അത് അദ്ദേഹത്തിന് മാത്രമല്ല, വിശ്വാസികൾക്കെല്ലാമാണ്.
വിശ്വാസികളുടെ സന്തോഷത്തെ അനസ്(റ) ഇങ്ങനെ അറിയിച്ചിട്ടുണ്ട്: നീ സ്നേഹിച്ചവർക്കൊപ്പമായിരിക്കും നീ എന്ന നബിവചനം കാരണമായി ഞങ്ങൾക്കുണ്ടായ സന്തോഷം മറ്റൊന്നിന്റെയും പേരിൽ ഞങ്ങൾക്കുണ്ടായിട്ടില്ല. അനസ്(റ) തുടരുന്നു: ഞാൻ നബി(സ്വ)യെയും അബൂബക്ർ(റ), ഉമർ(റ) എന്നിവരെയും സ്നേഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, അവരെ പോലെ അമലുകൾ ചെയ്തില്ലെങ്കിലും അവരെ സ്നേഹിക്കുന്നതിന്റെ പേരിൽ അവരോടൊപ്പമായിരിക്കും ഞാൻ പരലോകത്തെന്ന് പ്രതീക്ഷിക്കുന്നു (ബുഖാരി).
സ്നേഹം മനസ്സിൽ പൂത്തുലയുന്നതാണ്. സ്നേഹിയും സ്നേഹിതനും പരസ്പരം ഇടം നേടുന്നത് മനസ്സിലാണ്. സുഹൃത്തുക്കളും സ്നേഹജനങ്ങളും തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും സ്വാധീനം ചെലുത്തുക സ്വാഭാവികം. നല്ലവർ അധിവസിക്കുന്ന മനസ്സുള്ളവൻ നന്മകളിലേക്ക് നയിക്കപ്പെടും. സ്നേഹിതനെ പിന്തുടരുകയും അവന് വേണ്ടി ത്യാഗത്തിന് തയ്യാറാവുകയും ആഗ്രഹങ്ങൾ സാധിക്കുകയും ചെയ്യും.
സ്നേഹിക്കുന്നവർക്കൊപ്പം എന്നത് ജീവിതകാലത്തെ ശീലങ്ങളിലും സ്വഭാവങ്ങളിലും ഉണ്ടാവുമെന്ന് ഹദീസ് വചനം അറിയിക്കുന്നുണ്ട്. നബിയെയും നല്ലവരെയും സ്നേഹിക്കുന്നവൻ അവർക്ക് വഴിപ്പെടാനും അവരെ അനുകരിക്കാനും തയ്യാറാകുമ്പോൾ അവരോടൊപ്പമായിത്തീരും. സ്നേഹത്തിന്റെ പ്രത്യക്ഷമായ പ്രതിഫലനവും നേട്ടവുമാണിത്. ഇസ്ലാമിക ധർമശാസ്ത്രത്തിൽ കൂട്ടുകാരൻ നന്നായിരിക്കണമെന്ന വ്യവസ്ഥ പ്രധാനമാണല്ലോ.
എന്തെങ്കിലും കാരണമോ പ്രചോദനമോ ഇല്ലാതെ സ്നേഹം സുരക്ഷിതമായിരിക്കില്ല. വിശ്വാസികളുടെ സ്നേഹത്തിന്റെ മാനദണ്ഡം വിശ്വാസം തന്നെയായിരിക്കും. നന്മയിൽ ഉയിരെടുത്ത സ്നേഹം നന്മകളെത്തന്നെയാണുൽപാദിപ്പിക്കുക. ഭൗതികമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട സ്നേഹം മോഹ കാമ ക്രോധാദികളിൽ തട്ടിത്തകരാനാണ് കൂടുതൽ സാധ്യത. അത് പാരത്രിക ലോകത്ത് ഉപകാരപ്രദമാവുകയുമില്ല.
അന്തിമവിജയത്തിന്റെ കാര്യത്തിൽ സ്നേഹത്തിന് വലിയ പ്രാധാന്യമുണ്ട്. സൽകർമങ്ങൾ കുറഞ്ഞാലും നല്ലവരോടുള്ള സ്നേഹം രക്ഷയായേക്കും.
ഇബ്നു അജീബ(റ)യുടെ വിവരണം കാണുക: ഒരാൾ രാത്രി നിസ്കരിച്ചും പകൽ നോമ്പെടുത്തും ജീവിച്ചു. പിന്നീട് അവൻ ദുഷ്ടന്മാരുമായി സ്നേഹത്തിലായി. എങ്കിൽ ദുഷ്ടന്മാരോടൊപ്പമാണ് അവൻ പുനരുത്ഥാന നാളിൽ യാത്രയാവുക. ഒരാൾ തിന്മകൾ പ്രവർത്തിച്ചു ജീവിച്ചു. പിന്നീട് അതവസാനിപ്പിച്ച് നല്ലവരെ സ്നേഹിച്ചു ജീവിച്ചു. എങ്കിൽ അവൻ നല്ലവരോടൊപ്പമായിരിക്കും പുനരുത്ഥാന നാളിൽ. മനുഷ്യൻ താൻ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കും എന്ന ഹദീസ് ഇതിന് ശക്തി പകരുന്നുണ്ട് (അൽബഹ്റുൽ മദീദ്).
സ്നേഹിതൻ നന്നായാൽ അവൻ മനസ്സിലിടം നേടിയതിനാൽ തന്നെ രക്ഷപ്രാപിക്കാനാവും. കാരണം നല്ലവൻ സ്നേഹിക്കപ്പെടുന്നത് അവനിലെ നന്മകൊണ്ടായിരിക്കും. നന്മയുടെ പേരിൽ രൂപപ്പെട്ട സ്നേഹം നന്മയെയാണ് സൃഷ്ടിക്കുക. അത് വിജയമാണ് നേടിത്തരിക. ഈ വചനത്തെ വ്യാഖ്യാനിച്ച് ഇമാമുകൾ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
ആരെങ്കിലും അല്ലാഹുവിന്റെ പേരിൽ ഒരാളെ സ്നേഹിച്ചാൽ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചാലും നാഥൻ അവരെ സ്വർഗത്തിൽ ഒരുമിപ്പിക്കുന്നതാണെന്ന് മനുഷ്യൻ താൻ സ്നേഹിക്കുന്നവർക്കൊപ്പമായിരിക്കും എന്ന നബിവചനം അറിയിക്കുന്നു. കർമത്തിലും സ്ഥാനത്തിലും അവർ ഒപ്പത്തിനൊപ്പമല്ലെങ്കിലും. ഈ ആശയം ഇങ്ങനെ വിശദീകരിക്കാം: സ്വാലിഹീങ്ങൾ അല്ലാഹുവിന് വഴിപ്പെടുന്നവരാണെന്ന കാരണത്താലാണ് സ്നേഹിക്കപ്പെടുന്നത്. സ്നേഹം ഹൃദയത്തിന്റെ പ്രവർത്തനവും ഹൃദയത്തിലുള്ള വിശ്വാസവുമാണ്. അതിനാൽ തന്നെ ആ വിശ്വാസമുള്ളവന് സ്വാലിഹുകളുടെ പ്രതിഫലം അല്ലാഹു നൽകും. അടിസ്ഥാനം മനസ്സിന്റെ നിലപാടും കർമങ്ങൾ അതിന്റെ അനുബന്ധവുമാണല്ലോ. അല്ലാഹു അവനുദ്ദേശിച്ചവർക്ക് കാരുണ്യം നൽകും (ഇബ്നു ബത്ത്വാൽ- ശർഹുൽ ബുഖാരി).
അതിനാൽ തന്നെ സ്നേഹമെന്ന വികാരത്തെ നന്മയിലും നല്ലവരിലും കേന്ദ്രീകരിച്ച് നല്ല ജീവിതവും വിജയവും നേടാൻ വിശ്വാസി ശ്രമിക്കേണ്ടതാണ്.
അലവിക്കുട്ടി ഫൈസി എടക്കര