വിശ്വാസ ദാർഢ്യത്തിന്റെയും അചഞ്ചല ധീരതയുടെയും പാവന സ്മരണകൾ തുടിച്ച് നിൽക്കുന്ന വിശുദ്ധ ഭൂമിയിലേക്ക് ലബ്ബൈക്കിന്റെ മന്ത്രങ്ങൾ ഉരുവിട്ട് ഹാജിമാർ ഒഴുകുകയാണ്. ഇസ്‌ലാമിക അസ്ഥിത്വം നിലനിൽക്കുന്ന അഞ്ച് തൂണുകളിലൊന്നാണല്ലോ വിശുദ്ധ ഹജ്ജ് കർമം. ഇഹ്‌റാം കൊണ്ട് തുടങ്ങി വിദാഇന്റെ ത്വവാഫോടെ അവസാനിക്കുന്ന ബൃഹത്തായ സുകൃതം. ഇതിനെല്ലാം മൂകസാക്ഷിയായി കഅ്ബയുടെ ഒരു മൂലയിൽ ഒതുങ്ങിയിരിക്കുകയാണ് ഹജറുൽ അസ്‌വദ്.
മനുഷ്യ സ്പന്ദനങ്ങൾ ഭൂമിയിലുണ്ടായത് മുതൽ തുടങ്ങുന്നു ഹജറുൽ അസ്‌വദിന്റെ ചരിത്രം. വിശുദ്ധ ഹജ്ജ് കർമത്തിനായി ഹറമിലെത്തുന്ന വിശ്വാസി സമൂഹം ഹജറുൽ അസ്‌വദിനെ ചുംബിച്ചും സ്പർശിച്ചും ത്വവാഫ് ആരംഭിക്കുന്നു. ആദം നബി(അ) മുതൽ ഇന്നുവരെ ഈ സ്വർഗീയ കല്ലിന്റെ പവിത്രത തെല്ലും കുറഞ്ഞിട്ടില്ല. അചേതന വസ്തുവായ ഈ കല്ലിന് ഇത്രമേൽ ശ്രേഷ്ഠത കൈവരാൻ കാരണമെന്ത്? കല്ലിൽ കൊത്തിയെടുത്ത ബിംബങ്ങളെ പൂജിക്കുന്നത് അസംബന്ധമായി കണക്കാക്കുന്ന ഇസ്‌ലാം എന്ത് കൊണ്ടാണ് ഹജറുൽ അസ്‌വദ് ചുംബിക്കുന്നതിനും അതിനെ വന്ദിക്കുന്നതിനും വലിയ പ്രാധാന്യം കൽപ്പിക്കുന്നത്? മതപ്രമാണങ്ങളിൽ അതിന് വ്യക്തമായ ഉത്തരങ്ങളുണ്ട്.
ഭൂമിയിലെത്തിയതെങ്ങനെ?
ഹജറുൽ അസ്‌വദ് സ്വർഗത്തിൽ നിന്ന് ഇറക്കപ്പെട്ടതാണെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമില്ല. എന്നാൽ ഇറങ്ങിയ സന്ദർഭം ഏതെന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ കാണാം. ‘ആദം നബി(അ) ഭൂമിയിലേക്ക് ഇറങ്ങിയ രാത്രിയിൽ തന്നെ ഹജറും ഇറങ്ങിയെന്നാണൊരു പക്ഷം. ‘ഊദ്, മൂസാനബി(അ)യുടെ വടി, ആദം നബി നഗ്നത മറച്ച അത്തിമരത്തിന്റെ ഇല, ഹജറുൽ അസ്‌വദ്, സുലൈമാൻ നബി(അ)യുടെ മോതിരം തുടങ്ങിയവ ആദം നബി(അ) ഇറങ്ങിയ രാത്രി സ്വർഗത്തിൽ നിന്ന് ഇറക്കപ്പെട്ടു’ (ഇആനത്ത്).
ചരിത്രകാരനായ വഹബുബ്‌നു മുനബ്ബഹി(റ)നെ തൊട്ട് ഉദ്ധരിക്കുന്നു: ‘ആദം നബി(അ)നോട് സ്വർഗത്തിൽ നിന്ന് പുറപ്പെടാൻ അല്ലാഹു കൽപ്പിച്ചപ്പോൾ തന്റെ കണ്ണുനീർ തുടക്കാനായി ഹജറുൽ അസ്‌വദിനെ കൂടെയെടുത്തു’. ഹദീസിൽ വന്നത് ഇപ്രകാരം: ‘ആദംനബി(അ) സ്വർഗത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ഹജറുൽ അസ്‌വദ് കാണുകയും വെളുത്ത മുത്ത് പോലെ പ്രകാശം ചൊരിയുന്ന ആ കല്ലിനെ തനിക്ക് കൂട്ടിനായി എടുക്കുകയും ചെയ്തു’.
ഏകദേശം നാൽപ്പത് അടി നീളവും മുപ്പത്തിയഞ്ച് അടി വീതിയും അമ്പത്തിയാറ് അടി ഉയരവുമുള്ള കഅ്ബയുടെ നാല് മൂലകളിലൊന്നായ റുക്‌നുൽ അസ്‌വദിൽ വെള്ളിയാൽ ആവരണം ചെയ്യപ്പെട്ട രീതിയിൽ ഏഴോളം കഷ്ണങ്ങളായാണ് ഹജറുൽ അസ്‌വദ് കാണപ്പെടുന്നത്. ഇത് ഇവിടെയെത്തിയത് ഇങ്ങനെ: ഇബ്‌നു മുനബ്ബഹി(റ)ൽ നിന്ന് ഉദ്ധരണം; ‘ഭൂമിയിലെത്തിയ ശേഷം കഅ്ബ നിർമാണ വേളയിൽ സ്വർഗത്തിൽ നിന്ന് കൊണ്ടുവന്ന കല്ല് ജിബ്‌രീൽ(അ)ന്റെ നിർദേശ പ്രകാരം ആദം നബി(അ) കഅ്ബയിൽ സ്ഥാപിച്ചു.’
നൂഹ് നബി(അ)ന്റെ കാലത്തുണ്ടായ പ്രളയത്തിൽ കഅ്ബാ ശരീഫിന്റെ അടിത്തറ ബാക്കിയാക്കി മുഴുവനും അല്ലാഹു ഉയർത്തുകയുണ്ടായി. കൂട്ടത്തിൽ ഹജറുൽ അസ്‌വദും ഉയർത്തപ്പെട്ടു. കഅ്ബ പുനർനിർമാണ സമയത്ത് ഇബ്‌റാഹീം നബി(അ) ജനങ്ങൾക്ക് ത്വവാഫ് ആരംഭിക്കാനുള്ള അടയാളമായി എന്തെങ്കിലും സ്ഥാപിക്കണമെന്ന് നിനച്ചു. മകൻ ഇസ്മാഈൽ നബി(അ)നോട് അടയാളമായി ഒരു നല്ല കല്ല് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇസ്മാഈൽ(അ) ‘പിതാവേ ക്ഷീണിച്ചുവല്ലോ’ എന്ന് മറുപടി പറഞ്ഞു. വീണ്ടും ആവശ്യപ്പെട്ടപ്പോൾ ഇസ്മാഈൽ നബി(അ) കല്ല് അന്വേഷിച്ച് പുറപ്പെട്ടു. തൽസമയം ജിബ്‌രീൽ(അ) വരികയും തിളക്കമുള്ള ഹജറുൽ അസ്‌വദ് നൽകുകയും ചെയ്തു. ഇബ്‌റാഹീം നബി(അ) അത് പ്രതിഷ്ഠിച്ചു. കല്ലുമായി ഇസ്മാഈൽ നബി(അ) തിരിച്ചു വന്നപ്പോൾ ഹജറുൽ അസ്‌വദ് കാണുകയും ഇത് എവിടെ നിന്നാണെന്ന് അന്വേഷിക്കുകയുമുണ്ടായി. നിന്നേക്കാൾ ഉന്മേഷമുള്ള ഒരാളാണ് ഇത് കൊണ്ടുവന്നതെന്നായിരുന്നു ഇബ്‌റാഹീം നബി(അ)യുടെ മറുപടി.
മറ്റൊരു നിവേദനത്തിൽ, അബൂഖുബൈസ് പർവതത്തിൽ നിന്ന് ഹജറുൽ അസ്‌വദ് ഇബ്‌റാഹീം നബി(അ) കണ്ടെടുക്കുകയായിരുന്നുവെന്നാണുള്ളത്. നൂഹ് നബി(അ)ന്റെ കാലത്തെ മഹാപ്രളയത്തിൽ നിന്ന് ഹജറുൽ അസ്‌വദ് സൂക്ഷിക്കാൻ അബൂഖുബൈസ് പർവതത്തെ അല്ലാഹു നിയോഗിച്ചുവെന്നും കഅ്ബയുടെ പുനർനിർമാണ വേളയിൽ ഹജർ സ്ഥാപിക്കേണ്ട സ്ഥലമെത്തിയപ്പോൾ പർവതം, ‘ഇബ്‌റാഹീം! അല്ലാഹുവിന്റെ ഖലീൽ, താങ്കൾക്കുള്ള ഒരു സ്വത്ത് എന്റെയടുക്കൽ സൂക്ഷിച്ചിട്ടുണ്ട്. അതെടുത്തു കൊള്ളൂ’ എന്നു വിളിച്ചുപറയുകയുമുണ്ടായി എന്നും ഉദ്ധരിക്കപ്പെട്ടതായി കാണാം. ഇബ്‌റാഹീം നബി(അ) അന്വേഷിച്ച് പോവുകയും ഹജർ കണ്ടെത്തുകയും ചെയ്തു. സൂക്ഷിപ്പു മുതൽ ഭദ്രമായി സംരക്ഷിച്ചത് കൊണ്ട് അൽ അമീൻ എന്നും ഈ പർവതത്തെ വിളിക്കാറുണ്ട്.
തിരുനബി(സ്വ)യുടെ മുപ്പത്തിയഞ്ചാം വയസ്സിൽ ഖുറൈശികൾ കഅ്ബ പുനർനിർമിക്കുമ്പോൾ ഹജറുൽ അസ്‌വദ് നിശ്ചിത സ്ഥാനത്ത് ആര് വെക്കും എന്നതിൽ തർക്കം രൂപപ്പെട്ടു. അഞ്ച് ദിവസത്തോളം തർക്കം നിലനിന്നു. അവസാനം അബൂഉയ്യത്തിബ്‌നു മുഗീറയുടെ നിർദേശപ്രകാരം ഇനി കഅ്ബയിലേക്ക് ആദ്യം വരുന്നയാളുടെ അഭിപ്രായം മാനിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ ആദ്യമായി മുഹമ്മദ് നബി(സ്വ)യാണ് കടന്ന് വന്നത്. വിവരം ധരിപ്പിച്ചപ്പോൾ തന്റെ വസ്ത്രം നിലത്ത് വിരിച്ച് അതിൽ ഹജറുൽ അസ്‌വദ് വെച്ച ശേഷം നാല് ഗോത്ര പ്രമുഖരായ ഉത്ബത്തുബ്‌നു റബീഅ, സംഅ, അബൂഹുദൈഫത്തുൽ മുഗീറ, ഖൈസുബ്‌നു അദിയ്യ് എന്നിവരോട് നാല് മൂലകളിലായി പിടിക്കാൻ നിർദേശിച്ചു. അവർ കല്ല് ഉയർത്തുകയും ലക്ഷ്യ സ്ഥാനത്തെത്തിയപ്പോൾ നബി(സ്വ) തൃക്കൈകൊണ്ട് യഥാസ്ഥാനത്ത് ഉറപ്പിക്കുകയും ചെയ്തത് ചരിത്ര പ്രസിദ്ധം.
ഖുലഫാഉർറാശിദീങ്ങളുടെ ഭരണശേഷം അബ്ദുല്ലാഹിബ്‌നു സുബൈർ(റ)ന്റെ കാലത്തുണ്ടായ വെള്ളപ്പൊക്കത്തിൽ കഅ്ബക്ക് കേടുപാടുകൾ സംഭവിച്ചപ്പോൾ വിശുദ്ധ ഗേഹം പുതുക്കി പണിയുകയുണ്ടായി. ആ സമയം ഹജറുൽ അസ്‌വദ് ദാറുന്നദ്‌വയിൽ പട്ടിൽ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. അത് കഅ്ബയിൽ പുനഃസ്ഥാപിക്കേണ്ട നേരമായപ്പോൾ തർക്കമൊഴിവാക്കാൻ വേണ്ടി മഹാനവർകൾ ഹറം പള്ളിയിൽ പ്രവേശിച്ച് നിസ്‌കരിക്കാൻ തുടങ്ങുകയും മകൻ ഹംസ(റ)വിനോടും മറ്റൊരാളോടും ഈ സമയത്ത് ഹജറുൽ അസ്‌വദ് യഥാസ്ഥാനത്തു സ്ഥാപിക്കാൻ നിർദേശം നൽകുകയും ചെയ്തു.
നിറം
ഹജറുൽ അസ്‌വദ് ആദ്യമേ കറുത്തതായിരുന്നില്ലെന്നാണ് പ്രബലം. വെളുത്ത മുത്ത് പോലെ പ്രകാശിച്ചിരുന്ന പ്രസ്തുത കല്ല് എങ്ങനെയാണ് കറുത്തത് എന്നതിലും ചരിത്രഗ്രന്ഥങ്ങളിൽ വ്യത്യസ്താഭിപ്രായങ്ങൾ കാണാം. ഇമാം തുർമുദി(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസ്: ‘ഹജറുൽ അസ്‌വദ് സ്വർഗത്തിൽ നിന്നിറക്കപ്പെട്ടതാണ്. അന്നത് പാലിനേക്കാൾ ശക്തമായ വെളുപ്പുള്ളതായിരുന്നു. മനുഷ്യരുടെ പാപങ്ങൾ അതിനെ കറുപ്പിച്ചു.’ ഇതിനെ ശക്തിപ്പെടുത്തി കൊണ്ട് ‘സ്വർഗത്തിൽ നിന്നിറക്കപ്പെട്ടപ്പോൾ ഹജറുൽ അസ്‌വദ് വെളുത്ത കല്ലായിരുന്നു. മനുഷ്യരുടെ പാപങ്ങൾ അതിനെ കറുപ്പിച്ചു’ (മുസ്‌നദ് അഹ്മദ് 1/307) എന്നും കാണാം.
ഇബ്‌നു മുനബ്ബഹി(റ) സൂചിപ്പിക്കുന്നു: ‘ആദം നബി(അ) ഭൂമിയിലേക്കിറങ്ങിയപ്പോൾ കരയുകയും പാപമോചനം തേടുകയും സ്വർഗത്തിൽ നിന്നെടുത്ത ഹജറുൽ അസ്‌വദ് കൊണ്ട് കണ്ണുനീർ തുടക്കുകയും ചെയ്തു. ഇത് തുടർന്നതിനാലാണ് നിറം മാറ്റം സംഭവിച്ചത്.’ എന്നാൽ ജാഹിലിയ്യത്തിലെ ആർത്തവകാരികൾ സ്പർശിച്ചത് കാരണമാണ് ഹജർ കറുത്തത് എന്നും റിപ്പോർട്ടുണ്ട് (അശ്ശാഫ്). കറുപ്പ് വർധിക്കാൻ കാരണമായ മറ്റ് രണ്ട് കാരണങ്ങൾ പറയുന്നതിതാണ്: മക്കാ ഖുറൈശികളുടെ കാലത്തെ തീ പിടുത്തവും പിന്നീട് അബ്ദുല്ലാഹിബ്‌നു സുബൈർ(റ)വിന്റെ കാലത്തുണ്ടായ തീ പിടുത്തവുമാണത് (സീറത്തുൽ ഹലബി 1/128).
മോഷണശ്രമം
ഹിജ്‌റ 270-ൽ അബൂസഈദിന്റെ നേതൃത്വത്തിൽ കൂഫയിൽ രൂപം കൊണ്ട ശീഇകളിലെ ഖറാമിത്വ വിഭാഗം ഹജറുൽ അസ്‌വദ് മോഷ്ടിച്ച് കൊണ്ടുപോവുകയുണ്ടായി. ഇസ്‌ലാമിക നിയമങ്ങൾക്ക് നിരക്കാത്ത വാദങ്ങളാണ് ഇവർ ഉന്നയിച്ചിരുന്നത്. മദ്യ സേവക്ക് കുഴപ്പമില്ല, ജനാബത്ത് കുളി നിർവഹിക്കേണ്ടതില്ല, ഹജ്ജ് ബൈത്തുൽ മുഖദ്ദസിലാണ്, പേർഷ്യൻ കലണ്ടർ അടിസ്ഥാനപ്പെടുത്തിയുള്ള നൈറൂസ്-മഹർജാൻ ദിവസങ്ങളിൽ മാത്രമേ നോമ്പ് അനുഷ്ഠിക്കേണ്ടതുള്ളൂ… ഇങ്ങനെ പോകുന്നു ഇവരുടെ പൊള്ള വാദങ്ങൾ. ഇവർക്കെതിരെ അബ്ബാസി ഭരണകൂടത്തിലെ പതിനാറാം ഖലീഫ അൽമുഖ്തദിറു ബില്ലാഹ് പട നയിക്കുകയുണ്ടായി. അങ്ങനെ ഹജറുൽ അസ്‌വദ് തിരിച്ചെടുത്തു. പിന്നീട് ഹജ്ജ് വേളയിൽ മക്കയിലെത്തിയ മുഖ്തദിറിനെയും സംഘത്തെയും അബൂസഈദിന്റെ പുത്രൻ അബൂത്വാഹിർ ആക്രമിച്ചു. വിശുദ്ധ ഹറമിൽ വെച്ച് ഹാജിമാരെ ക്രൂരമായി കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരെ സംസം കിണറ്റിലിട്ടു. ഹജറുൽ അസ്‌വദ് ‘പൊട്ടിച്ച്’ കൊണ്ടുപോയി. പിന്നീട് ഇരുപത് വർഷക്കാലം ഹജർ ഇവരുടെ കൈകളിലായിരുന്നു. അബ്ബാസി ഭരണകൂടത്തിലെ ഇരുപത്തിനാലാം ഖലീഫ അൽ മുതീഅ് ആണ് അവരിൽ നിന്നും ഹജർ തിരിച്ചെടുക്കുന്നത്. ശേഷം, ഉരുക്കിയ 3790 ദിർഹം വെള്ളിയിൽ പൊതിഞ്ഞ് കഅ്ബയിൽ സൂക്ഷിച്ചു.
ഹിജ്‌റ 413-ലും ഹജർ മോഷ്ടിച്ച് കൊണ്ടുപോയതായി ചരിത്രങ്ങളിലുണ്ട്. അത് മൂന്ന് കഷ്ണങ്ങളായി പിളർന്നു. ശേഷം ബനൂ ശൈബയാണ് ഇവ ഒരുമിച്ച് കൂട്ടി കഅ്ബയിൽ സ്ഥാപിച്ചത്.
പവിത്രത
അനവധി മഹത്ത്വങ്ങൾ ഹജറുൽ അസ്‌വദിൽ അടങ്ങിയിട്ടുണ്ട്. ഹജറുൽ അസ്‌വദ് ‘സ്വർഗത്തിലെ മാണിക്ക്യ’മെന്നാണ് അറിയപ്പെടുന്നത് (കൻസുൽ ഉമ്മാൽ-12/340). തിരുനബി(സ്വ) പറഞ്ഞു: ‘ഹജറും റുക്‌നുൽ യമാനിയും സ്വർഗീയ മാണിക്യങ്ങളിൽപ്പെട്ട രണ്ട് മാണിക്യങ്ങളാണ്. അവ രണ്ടിന്റെയും പ്രകാശം കെടുത്തിക്കളഞ്ഞതാണ്. അല്ലായിരുന്നുവെങ്കിൽ കിഴക്ക്-പടിഞ്ഞാറിനിടയിലുള്ളത് മുഴുവൻ പ്രകാശിക്കുമായിരുന്നു (അഹ്മദ്, തുർമുദി, ഇബ്‌നുഹിബ്ബാൻ). ഹജറുൽ അസ്‌വദ് ചുംബിച്ചവന്റെ രോഗം ശിഫയാകുമെന്ന് നബി(സ്വ)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ‘സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്കിറക്കിയ രണ്ട് വസ്തുക്കളാണ് ഹജറുൽ അസ്‌വദും മഖാമും. രണ്ട് മുത്തുകളാണവ. ഇവ ഏത് രോഗി സ്പർശിച്ചാലും രോഗം അല്ലാഹു സുഖപ്പെടുത്തുന്നതാണ്.’ നബി(സ്വ) നിരവധി തവണ ഹജറിനെ ചുംബിച്ചതായി തെളിവുണ്ട് (ബുഖാരി/ഹജ്ജ്-60). പ്രവാചകർ(സ്വ) പറഞ്ഞു: ഹജറുൽ അസ്‌വദിനെ ശരിയായ ആദർശത്തോടെ ചുംബിച്ചവർക്ക് പരലോകത്ത് അത് അനുകൂലമായി സാക്ഷ്യം വഹിക്കും (തുർമുദി/ഹജ്ജ്-113).
ഇമാം ജഅ്ഫർ സ്വാദിഖ്(റ)വിൽ നിന്ന് ഉദ്ധരണം. മനുഷ്യരെ സൃഷ്ടിച്ച് അല്ലാഹു ചോദിച്ചു: ‘ഞാൻ നിങ്ങളുടെ രക്ഷിതാവല്ലയോ?’ അവർ പറഞ്ഞു: ‘അതേ!’ അവരുടെ സമ്മതം ഖലം രേഖപ്പെടുത്തി. തുടർന്ന് ഇത് ഹജറുൽ അസ്‌വദിനകത്ത് നിക്ഷേപിച്ചു. മഹാനവർകളുടെ മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം: ഹജർ തൊട്ടുമുത്തുമ്പോൾ എന്റെ പിതാവ് അലി(റ) പറയാറുണ്ടായിരുന്നു; അല്ലാഹുവേ എന്റെ അമാനത്ത് ഞാൻ വീട്ടിയിരിക്കുന്നു. നിന്റെയടുക്കൽ ഈ ഹജർ എനിക്ക് സാക്ഷിയാകാൻ വേണ്ടി.’
ഒരു ദിവസം മത്വാഫിൽ പ്രവേശിച്ച ഉമർ(റ) ഹജറുൽ അസ്‌വദിന്റെ അടുക്കൽ നിന്ന് ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവിനെ തന്നെ സത്യം. നിശ്ചയം എനിക്കറിയാം, നീ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത കല്ലാണെന്ന്. നബി(സ്വ) ചുംബിക്കുന്നത് കണ്ടില്ലായിരുന്നുവെങ്കിൽ നിന്നെ ഞാൻ ചുംബിക്കില്ലായിരുന്നു.’ ഇത് കേട്ട അലി(റ) പറഞ്ഞു: ‘അമീറുൽ മുഅ്മിനീൻ! അങ്ങിതു പറയരുത്. ഈ കല്ല് ഉപകാരവും ഉപദ്രവവും ചെയ്യും.’ ഉമർ(റ) ചോദിച്ചു: ‘എങ്ങനെ?’ അപ്പോൾ അലി(റ)വിന്റെ മറുപടി: ‘അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തിലുണ്ട്.’ വീണ്ടും ഉമർ(റ) ചോദിച്ചു: ‘ഖുർആനിൽ എവിടെയാണെന്ന് പറഞ്ഞ് തരൂ.’ അലി(റ) പറഞ്ഞു: ‘താങ്കളുടെ രക്ഷിതാവ് ആദം സന്തതികളിൽ നിന്ന് ആദമിന്റെ മുതുകിൽ വെച്ച് ഒരു കരാർ വാങ്ങുകയും തങ്ങളുടെ കരാറിന് സ്വന്തം ശരീരങ്ങളെ സാക്ഷിയാക്കുകയും ചെയ്ത സന്ദർഭം നബിയേ അങ്ങ് സ്മരിക്കുക (അൽഅഅ്‌റാഫ് 172) എന്ന് അല്ലാഹു പറഞ്ഞില്ലേ. ശേഷം ഈ കരാർ ഒരു കടലാസിൽ രേഖപ്പെടുത്തി. ഹജറുൽ അസ്‌വദിന് അന്ന് നാവും രണ്ട് കണ്ണുകളും ഉണ്ടായിരുന്നു. അല്ലാഹുവിന്റെ കൽപ്പന പ്രകാരം ഈ ഉടമ്പടി ഹജറുൽ അസ്‌വദ് വിഴുങ്ങി. പ്രസ്തുത കരാർ പൂർത്തിയാക്കിയവന് ഖിയാമത്ത് നാളിൽ സാക്ഷിനിൽക്കണമെന്ന് കൂടി ഹജറുൽ അസ്‌വദിനോട് അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. ഇത് കേട്ട ഉമർ(റ) പറഞ്ഞു: ‘അബുൽ ഹസൻ, താങ്കളില്ലാത്ത ഒരു സമൂഹത്തിൽ ജീവിക്കുന്നതിനെ തൊട്ട് ഞാൻ അല്ലാഹുവിനോട് കാവലിനെ തേടുന്നു’ (ഇഹ്‌യ 1/249, സീറത്തുൽ ഹലബി 1/230).
ഇത്തരം നിരവധി മഹത്ത്വങ്ങൾ ഹജറുൽ അസ്‌വദിൽ നിക്ഷിപ്തമായതായി കാണാം. ഹജർ ചുംബിക്കുന്നതിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്നതാണ് ഇവയെല്ലാം. നേരിട്ട് ചുംബിക്കാനായില്ലെങ്കിൽ വടികൊണ്ട് തൊട്ടെങ്കിലും ബറകത്തെടുക്കണമെന്നും (മുസ്‌ലിം/ഹജ്ജ്-42) ‘ഹജറുൽ അസ്‌വദിലേക്ക് ചൂണ്ടിയ കൈ മൂന്ന് തവണ ചുംബിക്കൽ സുന്നത്താണെന്നും (സ്വഹീഹു മുസ്‌ലിം/ഹജ്ജ്-40) തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഹജർ ചുംബിക്കുന്നതിലൂടെ കരാർ പൂർത്തീകരണമാണ് അവന് ലഭ്യമാവുന്നത്. അതിനാൽ മുത്തുന്ന സമയത്ത് ‘അല്ലാഹുവേ, നിന്നെ വിശ്വസിച്ചും കരാർ പൂർത്തിയാക്കിയും ഞാനിതിനെ ചുംബിക്കുന്നു’ എന്ന് പറയേണ്ടതുണ്ട്.
ഹജറുൽ അസ്‌വദിന്റെ സ്ഥാനം ചെറുതല്ല എന്നാണ് ഇതെല്ലാം തെര്യപ്പെടുത്തുന്നത്. ഇക്കാലം വരെ എത്രയെത്ര വിശ്വാസികളാണ് അത് ചുംബിച്ച് സായൂജ്യമടഞ്ഞത്. ഇസ്‌ലാമിൽ പരിശുദ്ധമായിക്കാണുന്ന പലതും ഖിയാമത്ത് നാളിന് മുമ്പ് ഉയർത്തപ്പെടുമെന്ന് നബി(സ്വ) ഓർമപ്പെടുത്തിയിട്ടുണ്ട്. സ്വർഗത്തിൽ നിന്നും ഭൂമിയിലെത്തിയവ ഈ ഗണത്തിൽ പെടും. അവിടുന്ന് പറഞ്ഞു: ‘ഹജറുൽ അസ്‌വദിനെ നിങ്ങൾ ധാരാളമായി ചുംബിക്കുക. അത് നിങ്ങൾക്ക് ഇല്ലാതാക്കപ്പെട്ടേക്കാം. ഒരു രാത്രിയിൽ ജനങ്ങൾ ത്വവാഫ് ചെയ്യുന്നതിനിടയിൽ പ്രഭാതമാകുമ്പോഴേക്കും അതില്ലാതാകും. സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്കെത്തിയ ഏത് വസ്തുവും ഖിയാമത്ത് നാളിന് മുമ്പ് അല്ലാഹു സ്വർഗത്തിലേക്ക് തന്നെ മടക്കുന്നതാണ്.’ അതിനാൽ വിശുദ്ധ ഹജറിന്റെ പവിത്രതയുൾക്കൊള്ളാനും അതിനെ ബഹുമാനിക്കാനും വിശ്വാസികൾ സന്നദ്ധരാവണം. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം അതിനായി തിക്കും തിരക്കും കൂടുന്നത് മര്യാദയല്ലെന്നു മറക്കാതിരിക്കുക. ഹജ്ജ് സമയത്തും മറ്റും ഇത്തരം കാഴ്ചകൾ കാണാറുണ്ട്. വൃദ്ധരും രോഗികളുമടക്കമുള്ളവർക്ക് ഇത് ആപത്താകുമെന്ന് പറയേണ്ടതില്ലല്ലോ.