spiritual concept of HAJJ

സ്‌ലാമിന്റെ അനുഷ്ഠാനങ്ങളിൽ അതിശ്രേഷ്ഠ ആരാധനയാണ് ഹജ്ജ്. സമ്പത്തും ആരോഗ്യവും യാത്രാ സൗകര്യവുമുള്ള എല്ലാ മുസ്‌ലിമിനും ജീവിതത്തിലൊരിക്കൽ ഈ പുണ്യകർമം നിർബന്ധമാണ്. സാധ്യമായിട്ടും ഹജ്ജ് ഉപേക്ഷിച്ചവന്റെ ഇസ്‌ലാമിന് പൂർണതയില്ല. ഒരാൾ ഹജ്ജ് ചെയ്യാതെ മരിച്ചാൽ ജൂതനോ ക്രിസ്ത്യാനിയോ ആയി മരിക്കട്ടെ (തുർമുദി 812) എന്നാണ് തിരുനബി(സ്വ)യുടെ മുന്നറിയിപ്പ്. ഇബ്‌റാഹീം നബി(അ)യാണ് ഹജ്ജിന്റെ വിളംബരം നടത്തിയത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് മക്കയിലേക്ക് തിരിക്കുന്ന അല്ലാഹുവിന്റെ വിരുന്നുകാർ ഇബ്‌റാഹീം നബി(അ)യുടെ വിളിക്കുത്തരം നൽകിയാണ് പുറപ്പെടുന്നത്. ‘ഹജ്ജിന് ജനങ്ങളോട് വിളംബരം ചെയ്യുക. എന്നാൽ കാൽനടയായും ദൂരദിക്കുകളിൽ നിന്ന് വരുന്ന മെലിഞ്ഞ വാഹനപ്പുറത്ത് കയറിയും അവർ താങ്കളുടെ അടുത്ത് എത്തുന്നതാണ് (ഹജ്ജ് 27). നിന്റെ നേർമാർഗത്തിൽ അവർക്കായി ഞാൻ ഇരിക്കും (അഅ്‌റാഫ് 16) എന്ന് പിശാച് പറഞ്ഞ ഇരുത്തം ഹാജിമാർ പുണ്യഭൂമിയിലേക്ക് പോകുന്നത് തടയാൻ മക്കയുടെ വഴിയിൽ അവൻ കാത്തിരിക്കുമെന്നാണെന്ന് ഖുർആൻ വ്യാഖ്യാതാക്കളിൽ ചിലർ കുറിച്ചിട്ടുണ്ട് (ഇഹ്‌യ).

ഹജ്ജിന്റെ പുണ്യം

പാപമോചനവും സ്വർഗപ്രവേശവും സമ്മാനിക്കുന്നു ഹജ്ജ്. ‘തെറ്റ് ചെയ്യാതെയും അനാവശ്യ സംസാരങ്ങൾ ഉപേക്ഷിച്ചും ഒരാൾ ഹജ്ജ് നിർവഹിച്ചാൽ ജനിച്ച ദിവസത്തിലെന്ന പോലെ അയാൾ പാപമോചിതനായിരിക്കും’ (ബുഖാരി 1449, മുസ്‌ലിം 1350). തർക്കമോ അനാവശ്യ സംസാരമോ ഹജ്ജിൽ പാടില്ലെന്ന് ഖുർആൻ പ്രത്യേകം പ്രതിപാദിച്ചിട്ടുണ്ട്. ഇബ്‌നു ഉമറി(റ)ൽ നിന്ന്: ‘വീട്ടിൽ നിന്നും ഹജ്ജിന് പുറപ്പെടുന്നവന്റെ ഓരോ കാലടിക്കും ഒരു നന്മ എഴുതപ്പെടുകയും ഒരു തിന്മ മായ്ക്കപ്പെടുകയും ചെയ്യും. അറഫയിൽ നിൽക്കുന്ന ഹാജിമാരെ കാണിച്ച്  മലക്കുകളോട് അല്ലാഹു മഹത്ത്വം പറയും. മലക്കുകളേ, എന്റെ അടിമകളെ നോക്കുക. പൊടിപുരണ്ട ശരീരവും ചിതറിക്കിടക്കുന്ന മുടികളുമായാണ് അവർ എത്തിയിട്ടുള്ളത്. നിങ്ങളെ സാക്ഷി നിർത്തി ഞാൻ പ്രഖ്യാപിക്കുന്നു; അവരുടെ ദോഷങ്ങൾ മുഴുവൻ ഞാൻ പൊറുത്തിരിക്കുന്നു. അവ ആകാശത്ത് നിന്ന് വീഴുന്ന മഴത്തുള്ളികൾ കണക്കെയുണ്ടെങ്കിലും’ (ഇബ്‌നുഹിബ്ബാൻ). പിശാച് ഏറ്റവും നിന്ദ്യനും ക്ഷീണിതനും കോപാകുലനുമായി കാണപ്പെടുന്ന ദിനമാണ് അറഫാ ദിവസം. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിക്കുന്നതിനാലും വൻകുറ്റങ്ങൾ പോലും അവൻ പൊറുത്തു കൊടുക്കുന്നതുമാണ് അതിന് കാരണം (മാലിക്). സ്വീകാര്യമായ ഹജ്ജ് ഭൗതിക ലോകത്തേക്കാൾ ഉത്തമമാണ്. സ്വീകൃത ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല (ബുഖാരി, മുസ്‌ലിം).

 

മക്കയുടെ മഹത്ത്വം

ഇസ്‌ലാമിക ചരിത്രങ്ങളാൽ സമ്പന്നമായ രാജ്യമാണ് മക്ക. അനുഗ്രഹങ്ങളുടെ ഉജ്ജ്വലമായ അടയാളപ്പെടുത്തലുകൾ പലതും നടന്നത് മക്കയിൽ വെച്ചാണ്, പ്രവാചകർ(സ്വ)യുടെ ജീവിതത്തിൽ പ്രത്യേകിച്ചും. തിരുജന്മം, വഹ്‌യിന്റെ ഉത്ഭവം, ഇസ്‌റാഅ്-മിഅ്‌റാജ്, കഅ്ബയുടെ സാന്നിധ്യം അടക്കമുള്ള നിരവധി പുണ്യങ്ങളുടെ സംഗമഭൂമിയാണത്. ആലു ഇംറാൻ 96-97, നംല് 91, അൻകബൂത്ത് 67, ഖസ്വസ് 57, സബത്ത് 15, ഹജ്ജ് 25, ഫത്ഹ് 21-24, വത്തീൻ 3 വചനങ്ങളിൽ മക്കയുടെ മഹത്ത്വവും ശ്രേഷ്ഠതയും പ്രതിപാദിച്ചിട്ടുണ്ട്. നിരവധി തിരുവചനങ്ങളും അത് സംബന്ധിയായുണ്ട്. അബ്ദുല്ലാഹിബ്‌നു അദിയ്യിൽ നിന്ന് ഉദ്ധരണം. നബി(സ്വ) പറഞ്ഞു: അല്ലാഹുവാണേ, തീർച്ചയായും നീ അല്ലാഹുവിന്റെ ഭൂമിയിൽ ഏറ്റവും പുണ്യമുള്ളതാണ്. അല്ലാഹുവിന് ഏറ്റവും പുണ്യമുള്ളതുമാണ്. എന്നെ നിന്നിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നില്ലായെങ്കിൽ ഞാനിവിടുന്ന് പോകുമായിരുന്നില്ല (തുർമുദി, നസാഈ, ഇബ്‌നു മാജ).

മക്കക്ക് നിരവധി പേരുകളുണ്ട്. ഇമാം നവവി(റ) പറയുന്നു: മക്കക്കും മദീനക്കുമുള്ളത് പോലെ പേരുകളുള്ള മറ്റ് രാജ്യങ്ങളില്ല. ഭൂമിയിലെ ഏറ്റവും പുണ്യസ്ഥലങ്ങളായത് കൊണ്ടാണത്. നിരവധി പേരുകളിൽ ഒരേസമയം പ്രസിദ്ധിയും സവിശേഷതകളും മക്കക്കും മദീനക്കുമുണ്ട് (തദ്കിറത്തുൽ ഹുഫ്ഫാള്). മക്ക, ബക്ക, അൽ ബലദ്, അൽ ഖർയ, അൽ ബൽദത്, ഉമ്മുൽ ഖുറാ, അൽ ബലദുൽ അമീൻ, അൽ ഹാത്വിമ, അർറഅ്ബ്, അൽ ഖാദിസിയ്യ, അൽ മസ്ജിദുൽ ഹറാം തുടങ്ങി അനേകം പേരുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അൽ മുകർറമ, അൽ മുബാറക തുടങ്ങിയ സവിശേഷ നാമങ്ങളുമുണ്ട്. ചരിത്രത്തിൽ ഇടംപിടിച്ചിട്ടുള്ള ഹിറാ പർവതം, സൗർ പർവതം, അബൂഖുബൈസ, സബീർ പർവതങ്ങളുടെ സാന്നിധ്യവും മക്കയിലാണ്. മസ്ജിദുൽ ജിന്ന് (നബിയിൽ നിന്ന് ജിന്നുകൾ ഖുർആൻ കേട്ട പള്ളി), മസ്ജിദുൽ ഖൈഫ് (മദീനയിലെ പള്ളി), മസ്ജിദുത്തൻഈം (ഹറമിന് പുറത്ത് ഇഹ്‌റാം ചെയ്യുന്ന പള്ളി), മസ്ജിദുൽ ജിഅ്‌റാനത്ത് (തൻഈമിന് പുറമെ നബിതങ്ങൾ ഇഹ്‌റാം ചെയ്ത പള്ളി), തിരുനബിയുടെ ജന്മസ്ഥലം, അലി(റ)വിന്റെ ജന്മസ്ഥലം തുടങ്ങിയ ചിഹ്നങ്ങൾ മക്കയുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. മസ്ജിദുൽ ഹറം, കഅ്ബ, ഹജറുൽ അസ്‌വദ്, മഖാമു ഇബ്‌റാഹീം, സംസം, സ്വഫ, മർവ അടക്കമുള്ള പുണ്യ ഇടങ്ങളാണ് മക്കയിലെ ഏറ്റവും ശ്രേഷ്ഠകരമായത്. ഹജറുൽ അസ്‌വദിനെ കുറിച്ച് റസൂൽ(സ്വ) പറഞ്ഞു: അന്ത്യനാളിൽ ഹജറുൽ അസ്‌വദിനെ ഹാജറാക്കും. അതിന് നാവും കണ്ണുമുണ്ടായിരിക്കും. ഹജറുൽ അസ്‌വദിനെ ചുംബിച്ചവർക്കെല്ലാം അത് സാക്ഷി പറയും (തുർമുദി). സംസാരിക്കാൻ നാവും കാണാൻ കണ്ണും മഖാമു ഇബ്‌റാഹീമിനുമുണ്ടാകും. റുക്‌നുൽ യമാനിക്കരികിൽ നടന്ന് പോകുന്നവരുടെ പ്രാർത്ഥനക്ക് ആമീൻ പറയുന്ന രണ്ട് മലക്കുകളുണ്ട്. ഹജറുൽ അസ്‌വദിനരികിൽ എണ്ണമറ്റ മലക്കുകളാണുള്ളത്. എന്നിങ്ങനെ ആശയങ്ങളുള്ള തിരുവചനങ്ങൾ കാണാം. ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: റുക്‌നുൽ യമാനിയിലൂടെ നടന്നുപോകുമ്പോഴെല്ലാം ഒരു മലക്ക് ആമീൻ, ആമീൻ എന്ന് പറയുന്നത് ഞാൻ കേൾക്കാറുണ്ട്. ആകയാൽ അവിടെയെത്തുമ്പോൾ നിങ്ങൾ റബ്ബനാ ആതിനാ ഫിദ്ദുൻയാ… എന്ന ദുആ നടത്തുക (അബൂദർറ്).

മക്ക മുഴുവൻ പുണ്യം നിറഞ്ഞതും പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതുമാണെങ്കിലും ചില ഇടങ്ങൾ പ്രത്യേകമായി എടുത്ത് പറഞ്ഞിട്ടുണ്ട്. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന് തിരുനബി(സ്വ) പഠിപ്പിച്ചതും പലർക്കും അനുഭവമുള്ളതുമായ അത്തരം സ്ഥലങ്ങൾ പതിനാറെണ്ണമാണ്. ത്വവാഫിൽ, മുൽതസിമിനരികിൽ, മീസാബിന്(സ്വർണ പാത്തി)ക്ക് താഴെ, കഅ്ബക്കുള്ളിൽ, സംസമിനരികിൽ, ഇബ്‌റാഹീം മഖാമിന് പിന്നിൽ, സ്വഫയിൽ, മർവയിൽ, സഅ്‌യിനിടയിൽ, അറഫയിൽ, മുസ്ദലിഫയിൽ, മദീനയിൽ, മൂന്ന് ജംറകളിൽ, ഹജറുൽ അസ്‌വദിനരികിൽ. തിരുനബിയിൽ നിന്ന് ഉദ്ധരണം: ‘റുക്‌നുൽ യമാനിക്കരികിൽ സ്വർഗത്തിന്റെ ഒരു കവാടമുണ്ട്. അപ്രകാരം മീസാബിനടുത്തുമുണ്ട്. അവിടുന്ന് പ്രാർത്ഥിക്കുമ്പോൾ തീർച്ചയായും ഫലം കാണാതിരിക്കില്ല.’ ഹജറുൽ അസ്‌വദിന്റേയും റുക്‌നുൽ യമാനിന്റേയും ഇടയിലുള്ള സ്ഥലം സ്വർഗത്തോപ്പാണ്. കഅ്ബ കാണുമ്പോഴുള്ള പ്രാർത്ഥന പ്രത്യേകം ഉത്തരം ലഭിക്കും. ഇഹ്‌റാമിൽ പ്രവേശിച്ച് ഹജ്ജിന്റെ കർമങ്ങളിൽ നിന്ന് വിരമിക്കുന്നത് വരെയുള്ള ഏത് സമയവും ഹജ്ജ് വേളയിലെ സ്ഥലങ്ങളുമെല്ലാം ഉത്തരം ലഭിക്കുന്ന പ്രധാന സമയങ്ങളാണ്.

നിരവധി മഹത്തുക്കൾ മക്കയുടെ ഭൂമികയിൽ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. മഖാമു ഇബ്‌റാഹീമിന്റെയും സംസമിന്റേയും ഇടയിൽ 90 പ്രവാചകന്മാരുണ്ട്. തിരുനബി(സ്വ)യുടെ പിതാമഹന്മാരായ അബ്ദുൽ മുത്വലിബ് അടക്കമുള്ളവരും ഇവിടെയുണ്ട്. ഖദീജ ബീവി, അബ്ദുല്ലാഹിബ്‌നു സുബൈർ, അബ്ദുല്ലാഹിബ്‌നു ഉമർ, അത്വാഉബ്‌നു അബീ റബാഅ്, സുഫിയാനുബ്‌നു ഉയൈന, മൈമൂന ബീവി, ഇബ്‌നു ഹജറുൽ ഹൈത്തമി, ഇമാം ഖുശൈരി(റ) തുടങ്ങി പ്രവാചകന്മാർ, സ്വഹാബത്ത്, താബിഉകൾ, ഔലിയാക്കൾ, രക്തസാക്ഷികൾ അടക്കമുള്ളവരുമുണ്ട്. ഒരു റക്അത്തിന് ഒരു ലക്ഷത്തിന്റെ പുണ്യമാണ് മസ്ജിദുൽ ഹറാമിലെ നിസ്‌കാരങ്ങൾക്കുള്ളത്.

മദീനയുടെ പോരിശ

റസൂൽ(സ്വ)യെ സിയാറത്ത് ചെയ്യുന്നത് ഇബാദത്തുകളിൽ മുഖ്യമായ ഒന്നാണ്. കർമശാസ്ത്ര ഗ്രന്ഥങ്ങളിലധികവും ഹജ്ജിന്റെ അധ്യായത്തിനുടനെ തിരുനബിയുടെ സിയാറത്തിനെ കുറിച്ച് പ്രതിപാദിക്കുന്നത് കാണാം. വിശ്വാസത്തിന്റെ മാറ്റ് പരിശോധിക്കുന്ന ഉരക്കല്ല് കൂടിയാണ് മദീന സന്ദർശനം. തിരുനബി(സ്വ)ക്ക് പുറമെ സ്വിദ്ദീഖ്(റ) വും ഉമർ(റ)വും റൗള ശരീഫിലുണ്ട്. ആയിശ ബീവി(റ) അടക്കമുള്ള നബി പത്‌നിമാർ, ഫാത്വിമ ബീവി(റ) അടക്കമുള്ള മക്കൾ, ഉസ്മാൻ(റ) അടക്കമുള്ള പതിനായിരത്തോളം സ്വഹാബിമാർ, നിരവധി ഔലിയാക്കൾ, മഹത്തുക്കൾ എന്നിവരെയെല്ലാം മറവ് ചെയ്യപ്പെട്ടത് മദീനയിലെ പവിത്രശ്മശാനമായ ബഖീഇലാണ്. ഹംസ(റ), അബ്ദുല്ലാഹിബ്‌നു ജഹ്ശ്(റ) എന്നിവരുടെ ഖബറുകൾ ഉഹ്ദിലും. മദീന സന്ദർശനം കൊണ്ട് നേടാനാവുന്ന അനുഭൂതികളിൽ അതിപ്രധാനമാണ് തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുകയെന്നത്.

മസ്ജിദുന്നബവിയിലെ നിസ്‌കാരത്തിനും മറ്റാരാധനകൾക്കും മഹത്ത്വ വർധനവുണ്ട്. തിരുനബി(സ്വ) നിർമിച്ചതും കൂടുതൽ സമയം ചെലവഴിച്ചതുമായ പള്ളിയാണ് മസ്ജിദുന്നബവി. ഇത് കൂടാതെ നിരവധി പള്ളികൾ ചരിത്രത്തിലെ അഭിമാന ചിഹ്നങ്ങളായി മദീനയിലുണ്ട്. പ്രവാചകർ(സ്വ) മദീനയിലെത്തിയ ശേഷം ആദ്യമായി നിർമിച്ച പള്ളിയാണ് മസ്ജിദുൽ ഖുബാഅ്. മദീനയിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്താണിത്. മസ്ജിദു ഖുബാഇലെ നിസ്‌കാരത്തിന് ഒരു ഉംറയുടെ പ്രതിഫലമുണ്ട്. തിരുനബി(സ്വ) ഇടക്കിടെ ഖുബാഇൽ വന്ന് നിസ്‌കരിക്കാറുണ്ടായിരുന്നു. സൂറത്തു തൗബയിലെ 108-ാം വചനം മസ്ജിദു ഖുബാഇനെ കുറിച്ചാണെന്നാണ് ഭൂരിപക്ഷ പണ്ഡിത വീക്ഷണം. തുർമുദി, ഇബ്‌നു മാജ തുടങ്ങിയവർ മസ്ജിദു ഖുബാഇന്റെ മഹത്ത്വം കുറിക്കുന്ന തിരുവചനങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. നാല് കിലോമീറ്റർ ദൂരമുള്ള മസ്ജിദുൽ ഖിബ്‌ലതൈനിയാണ് മറ്റൊരു പള്ളി. മദീനയിൽ വെച്ച് കുറച്ചുകാലം നിസ്‌കാരത്തിൽ ബൈത്തുൽ മുഖദ്ദസിലേക്കാണല്ലോ തിരിഞ്ഞിരുന്നത്. അത് മാറ്റി കഅ്ബയിലേക്ക് തന്നെ തിരിയാൻ സന്ദേശം ലഭിച്ചത് ഈ പള്ളിയിൽ വെച്ചാണ്. ളുഹ്‌റ് നിസ്‌കാരത്തിനിടയിലാണ് ഈ ഖിബ്‌ല മാറ്റം നടക്കുന്നത്. തിരുനബി(സ്വ) ആദ്യമായി ജുമുഅ നിസ്‌കരിച്ച മസ്ജിദുൽ ജുമുഅ, അവിടുത്തെ ദുആഇന് ഉത്തരം ലഭിച്ച മസ്ജിദുൽ ഇജാബ, പെരുന്നാൾ നിസ്‌കാരങ്ങൾ, മഴക്ക് വേണ്ടിയുള്ള നിസ്‌കാരം തുടങ്ങിയവ നബി(സ്വ) നിർവഹിച്ചിരുന്ന സ്ഥലത്ത് നിർമിക്കപ്പെട്ട മസ്ജിദുൽ ഹമാമ എന്നിവയും ചരിത്ര പ്രാധാന്യമുള്ള മദീനയിലെ പള്ളികളാണ്. സ്വഹാബിമാരിൽ പലരും സ്വന്തമായി പള്ളി നിർമിച്ച് സംരക്ഷിച്ചിരുന്നതിനാൽ നിരവധി പള്ളികളെ ചരിത്ര ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്നതു കാണാം. ഇസ്‌ലാമിക പൈതൃകങ്ങളുടെയും ചിഹ്നങ്ങളുടെയും കേന്ദ്രമായ മദീനയിൽ പർവതങ്ങൾ, കിണറുകൾ, ഈത്തപ്പന തോട്ടങ്ങൾ തുടങ്ങി പല ചരിത്രപരമായ പ്രാധാന്യങ്ങളുള്ള നിരവധി കേന്ദ്രങ്ങളും വസ്തുക്കളുമുണ്ട്.

മനസ്സൊരുക്കം

അല്ലാഹുവിനെ തൃപ്തിപ്പെടുത്താൻ കഴിയുക എന്നതാണ് ഹജ്ജിന് കഴിവുണ്ടാവുക എന്നതിന്റെ യഥാർത്ഥ താൽപര്യം. സമ്പത്തുള്ളവർക്കെല്ലാം ഹജ്ജിനെത്താനാവും. പക്ഷേ റബ്ബിലേക്കെത്തുക എന്നതാണ് പ്രധാനം. നിഷ്‌കപടമായ മനസ്സ് കൊണ്ടാണ് ഹജ്ജിനൊരുങ്ങേണ്ടത്. ഹജ്ജ് എന്ന പദത്തിന്റെ ഭാഷ്യംതന്നെ കരുതുക എന്നാണ്. നല്ല മനസ്സിൽ നിന്നേ നല്ല കരുത്തുണ്ടാവൂ. സംശുദ്ധ സമ്പത്ത് കൊണ്ടാണ് ഹജ്ജിനൊരുങ്ങേണ്ടത്. ഇഹ്‌റാമിന്റെ വേഷം തന്നെ കാതലായൊരു മാറ്റത്തിന്റെ കാൽവെപ്പാണ്. പുതിയ ജീവിതത്തിലേക്കുള്ള കാൽവെപ്പ്. വിമലീകരിക്കപ്പെട്ട മനസ്സുമായിട്ടായിരിക്കണം കർമങ്ങളുടെ നിർവഹണം. ത്വവാഫ്, സഅ്‌യ്, അറഫയിലെ നിറുത്തം തുടങ്ങിയവ ബാഹ്യ അവയവങ്ങൾ കൊണ്ട് നടത്തുന്നതോടൊപ്പം ഇവകളുടെ പ്രതിഫലനം മനസ്സിനെ ഉണർത്തേണ്ടതുണ്ട്. പൊടിപുരണ്ട വേഷവും ക്ഷീണിച്ച ശരീരവും ഉറക്കമൊഴിച്ച കണ്ണുകളുമായി കർമങ്ങളിൽ മുഴുകുമ്പോൾ മനസ്സകമിൽ വിശ്വാസത്തിന്റെ ഉശിരും തഖ്‌വയുടെ പ്രൗഢിയും ഇഖ്‌ലാസ്വിന്റെ പ്രകാശവും തളിർക്കണം.

തർക്കവും അനാവശ്യ സംസാരവും ഒഴിവാക്കണമെന്ന് ഖുർആൻ പറഞ്ഞതിന്റെ പൊരുളെന്താണ്? പുണ്യ കർമത്തിനിറങ്ങുന്ന വിശ്വാസിയുടെ മനസ്സിനെ നിരന്തരമായി പ്രകോപിപ്പിക്കും പിശാച്. പലതും പറയാനും കേൾക്കാനും പ്രേരിപ്പിക്കും. ചെറിയ കാര്യങ്ങൾക്ക് പോലും പൊട്ടിത്തെറിക്കാൻ അവൻ പ്രചോദിപ്പിക്കുന്നു. ആവശ്യമില്ലാത്തിടത്തെല്ലാം ഇടപെടാൻ ഹാജിയെ നിർബന്ധിക്കും. അവന്റെ കുരുക്കിലകപ്പെട്ടാൽ അവസാനം ഒന്നും നേടാനാവാതെ വെറും കൈയ്യോടെ മടങ്ങേണ്ടിവരും. ഇവിടെ പിശാച് ജയിക്കുകയാണ്. മനസ്സിനെ പിടിച്ച് നിറുത്തുമ്പോഴേ വിശ്വാസിക്ക് ജയിക്കാനാവൂ. കഅ്ബ സന്ദർശനം ശരീരംകൊണ്ട് നടക്കുമ്പോൾ സാന്നിധ്യം ഹൃദയത്തിലുണ്ടാവണം. ഇഹ്‌റാം മുഖേന നിഷിദ്ധമായ കാര്യങ്ങൾ ശരീരം വേണ്ടെന്ന് വെക്കുമ്പോൾ ദുർവികാരങ്ങൾ വേണ്ടെന്ന് മനസ്സും തീരുമാനിക്കണം. ഇഹ്‌റാം ചെയ്യേണ്ടത് മനസ്സ് കൊണ്ട് കൂടിയാണ്. വേഷം ബാഹ്യമായ മേൽവിലാസം മാത്രം. തെറ്റുകളുടെ കറകളെ ലജ്ജയുടെയും നാണത്തിന്റെയും ജലകണികകൾ കൊണ്ട് കഴുകിക്കളയണം. സാധാരണയുള്ള വേഷവിധാനത്തിൽ നിന്ന് ഇഹ്‌റാം വേഷത്തിലേക്ക് മാറുമ്പോൾ മാനസികമായ മുഴുവൻ ദുർമേദസ്സുകളിൽ നിന്നും ഞാൻ മോചിതനാകുകയാണെന്ന ദൃഢത ഹൃത്തിൽ നിറക്കണം. തൽബിയത്തിന്റെ ഓരോ മന്ത്രത്തിനും തന്റെ ശരീരത്തിലെ മുഴുരോമങ്ങളും കീഴ്‌പ്പെടുന്നുണ്ടെന്ന് മനസ്സ് മന്ത്രിക്കണം. അറഫയിലെ നിമിഷങ്ങളിലോരോന്നിലും ഇലാഹിയായ ചിന്തകൾ ഉള്ളിൽ നിറക്കണം. മുസ്ദലിഫയിലെത്തുമ്പോൾ സ്വന്തത്തെ മറന്ന് അല്ലാഹുവിൽ സമർപ്പിക്കണം. മിനയിലെ കല്ലേറുകളിൽ ഹൃദയത്തിനുള്ളിലെ ദുർവികാരങ്ങളെയാണ് ദൂരെ എറിയേണ്ടത്. ഭൗതികതയോടുള്ള അഭിനിവേശവും പ്രതിബദ്ധതയും ഉള്ളിന്റെയുള്ളിൽ നിന്ന് വലിച്ച് പുറത്തിടണം. മൃഗബലി നടത്തുമ്പോൾ എല്ലാ പിശാചിനെയും ആട്ടിയോടിച്ച് എന്റെ രക്ഷിതാവിൽ ഞാൻ സമർപ്പിതനാവുന്നുവെന്ന ബോധ്യം ഉള്ളിൽ നിറഞ്ഞ് തഖ്‌വയുടെ ധന്യമായ സോപാനത്തിലേക്കുയരണം. ശേഷം കഅ്ബ ത്വവാഫ് ചെയ്യുമ്പോൾ ഉള്ള് കൊണ്ട് അല്ലാഹുവിനെ കാണാം. സ്വഫാ-മർവകൾക്കിടയിലെ സഅ്‌യിൽ മാനുഷിക കറകളിൽ നിന്ന് തെളിഞ്ഞ ഹൃദയം കൊണ്ട് തഖ്‌വയുടെ മധുരം നുകരാം. മുടി മുറിച്ച് വിരമിക്കുമ്പോൾ ശേഷിക്കുന്ന ദുഷ്‌ചെയ്തികൾ കൂടി വേരോടെ മുറിച്ചിടുകയാണ്. മനസ്സിന്റെയുള്ളിൽ കുടിയിരുത്തിയ അനാവശ്യങ്ങളെയെല്ലാം പുറത്ത് കളഞ്ഞ് കഅ്ബക്കരികിലെത്തുമ്പോൾ അല്ലാഹുവിനെ അറിയാനും ഇടമുറിയാതെ സ്മരിക്കാനും പ്രാപ്തനായ പുതിയൊരു മനുഷ്യൻ പിറക്കുന്നു.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ