ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അവസാനത്തേതും ആയുസ്സിൽ ഒരിക്കൽ മാത്രം നിർബന്ധമുള്ളതുമായ പുണ്യകർമമാണ് ഹജ്ജ്. ശാരീരികവും സാമ്പത്തികവും മാനസികവുമായ കാര്യങ്ങൾ ഒത്തുചേർന്നതിനാൽ അത്യുൽകൃഷ്ട കർമങ്ങളിൽ മുഖ്യമാണ് ഹജ്ജ്. ഹജ്ജ് മുൻകഴിഞ്ഞ ശരീഅത്തുകളുടെ ഭാഗമായിരുന്നുവെങ്കിലും ഹിജ്റ ആറാം വർഷമാണ് നമ്മുടെ ശരീഅത്തിൽ നിർബന്ധമാക്കപ്പെടുന്നത്. ഖുർആൻ, ഹദീസ്, ഇജ്മാഅ് എന്നിവയുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ട ഹജ്ജ് കർമം എല്ലാ വർഷവും കഅ്ബയെ സജീവമാക്കുവാൻ വേണ്ടി സാമൂഹിക ബാധ്യതയും, കഴിവുള്ളവർക്ക് ജീവിതത്തിലൊരു പ്രാവശ്യം ചെയ്യൽ വ്യക്തിബാധ്യതയുമാണ്. അല്ലാഹു പറയുന്നു: ‘നിങ്ങൾ അല്ലാഹുവിന് ഹജ്ജും ഉംറയും പൂർത്തീകരിക്കുക’ (അൽബഖറ 196). തിരുനബി(സ്വ) അരുളി: ‘ഒരാൾ വൃത്തിഹീനമായ വാക്കുകളും പ്രവൃത്തികളും ഉപേക്ഷിച്ച് നിഷ്കളങ്ക ഹൃദയത്തോടെ അല്ലാഹുവിന് ഹജ്ജ് ചെയ്താൽ ഉമ്മ പ്രസവിച്ച സന്ദർഭത്തിലെ കുഞ്ഞിനെപ്പോലെയാകുന്നതാണ്’ (ബുഖാരി, മുസ്ലിം). മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: ‘സ്വീകാര്യമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല’ (ബുഖാരി, മുസ്ലിം). നബി(സ്വ) പറഞ്ഞു: ‘നിങ്ങൾ ഹജ്ജിന്റെയും ഉംറയുടെയും ഇടയിൽ തുടർത്തുക. നിശ്ചയം അവ രണ്ടും ദാരിദ്ര്യവും ദോഷങ്ങളും ഇല്ലാതാക്കുന്നതാണ്; സ്വർണം, വെള്ളി, ഇരുമ്പ് എന്നിവയിലെ മാലിന്യത്തെ ഉല നീക്കിക്കളയുന്നത് പോലെ’ (തുർമുദി).
നിർബന്ധമാകുന്നത് ആർക്ക്?
ഖുർആൻ പറയുന്നു: ‘ആ പുണ്യഗേഹത്തിലെത്താൻ കഴിവുള്ളയാളുകൾ അങ്ങോട്ടു തീർഥാടനം നടത്തൽ അല്ലാഹുവിനോടുള്ള ബാധ്യതയാണ്’ (ആലുഇംറാൻ 97). പ്രായപൂർത്തിയും ബുദ്ധിയും കഴിവും സ്വാതന്ത്ര്യവുമുള്ള എല്ലാ മുസ്ലിമിനും ഹജ്ജും ഉംറയും നിർബന്ധമാണ്. അസ്ലിയ്യായ കാഫിർ(ജന്മനാ അവിശ്വാസി), കുട്ടി, ഭ്രാന്തൻ, അടിമ എന്നിവരുടെ മേൽ ഹജ്ജും ഉംറയും നിർബന്ധമില്ല (തുഹ്ഫ 4/12).
ഹജ്ജിന് കഴിവുണ്ടാകൽ രണ്ടു രൂപത്തിലാണ്. ഒന്ന്: സ്വന്തം ശരീരം കൊണ്ട് നിർവഹിക്കാൻ സാധിക്കുക. രണ്ട്: മറ്റൊരാൾ മുഖേന ഹജ്ജ് ചെയ്യിക്കാൻ സാധിക്കുക. ഒന്നാമത്തെ കഴിവ് അഞ്ച് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. വാഹനം, യാത്രാ ചെലവ്, വഴിയിലെ സുരക്ഷിതത്വം, ശാരീരിക ആരോഗ്യം, പോവാനുള്ള സാധ്യത എന്നിവയാണ് അവ. മക്കയിൽ നിന്ന് രണ്ടു മർഹലയോ അതിൽ കൂടുതലോ ഉള്ള (ജംഉം ഖസ്റുമാക്കാനുള്ള വഴിദൂരം) വ്യക്തിക്കാണ് വാഹനം പരിഗണിക്കുന്നത്. സ്വന്തം വാഹനമില്ലെങ്കിൽ വിലയോ വാടകയോ നൽകി ലഭ്യമായാലും മതി. യാത്രാ ചെലവാകട്ടെ, അവൻ പോയി തിരിച്ചുവരുന്നതുവരെ അവന്റെ ആശ്രിതരുടെ (അവൻ ചെലവ് കൊടുക്കൽ നിർബന്ധമായവരുടെ) ഭക്ഷണം, വസ്ത്രം, ആവശ്യമായ പാർപ്പിടം, വേലക്കാരൻ, കടം എന്നിവ കഴിച്ച് മിച്ചമായതായിരിക്കണം. വലിയ വിഷമമില്ലാതെ വാഹനത്തിൽ ഇരിക്കാൻ പര്യാപ്തമാവുക എന്നതാണ് ശാരീരികാരോഗ്യം കൊണ്ട് വിവക്ഷിക്കുന്നത്. ഈ ഉപാധികളെല്ലാം ലഭ്യമായിരിക്കെ തന്നെ, സാധാരണഗതിയിൽ സഞ്ചരിച്ച് ഹജ്ജിന് എത്തിച്ചേരാനുള്ള സമയം ലഭിച്ചിരിക്കണമെന്നതാണ് പോവാനുള്ള സാധ്യത എന്ന നിബന്ധനയുടെ താൽപര്യം.
മറ്റൊരാൾ മുഖേന ഹജ്ജ് ചെയ്യിക്കാൻ സാധിക്കുക എന്നതിന്റെ ഉദ്ദേശ്യം, മരണം കാരണം ഹജ്ജ് നിർവഹിക്കാൻ സാധിക്കാതെ വരിക, അല്ലെങ്കിൽ അസഹ്യമായ വിഷമത്തോടെയല്ലാതെ വാഹനപ്പുറത്ത് ഇരിക്കാൻ സാധിക്കാത്ത വിധം വാർധക്യം, തളർവാതം, മാറാരോഗം എന്നിവ നിമിത്തം സ്വന്തമായി ഹജ്ജ് നിർവഹിക്കാൻ സാധിക്കാതെ വരിക എന്നതാണ് (അൽഈളാഹ് പേ: 52-54).
ഹജ്ജ് ലക്ഷപ്രഭുക്കൾക്ക് മാത്രമോ?
ജീവിതത്തിലെ എല്ലാ പ്രാരാബ്ധങ്ങൾക്കും ആഗ്രഹങ്ങൾക്കും പരിഹാരം കണ്ടതിനുശേഷം ഹജ്ജ്-ഉംറക്ക് പര്യാപ്തമായ സമ്പത്ത് കറൻസി രൂപത്തിൽ കൈവശമുണ്ടെങ്കിൽ മാത്രമേ നിർബന്ധമാകൂ എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. പണ്ഡിതന്മാർ പറയുന്നു: ഒരാളുടെ വീടോ വസ്ത്രമോ അടിമയോ അവനോട് യോജിക്കുന്നതിനപ്പുറമാണെങ്കിൽ അവ വിൽക്കുകയോ പകരമാക്കുകയോ ചെയ്താൽ ലഭിക്കുന്ന സംഖ്യ ഹജ്ജിന് തികയുമെങ്കിൽ അവന് ഹജ്ജ് നിർബന്ധമാണ് (തുഹ്ഫ 4/19). ഒരാൾ വിവാഹം ചെയ്യാനുദ്ദേശിക്കുകയും ഉള്ള സമ്പത്ത് വിവാഹത്തിനും ഹജ്ജിനും കൂടി തികയാതിരുന്നാലും ഹജ്ജ് അയാളുടെ ബാധ്യതയിൽ വരികയും നിർബന്ധമാവുകയും ചെയ്യുമെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കച്ചവടവും വരുമാനവും നിലക്കുമെങ്കിലും കച്ചവടച്ചരക്കുകൾ, വരുമാനം ലഭിക്കുന്ന ഭൂമികൾ തുടങ്ങിയവ മറ്റു ജോലികളില്ലാത്തവനാണെങ്കിൽ പോലും ഹജ്ജിന്റെ ചെലവുകൾ കണ്ടെത്താനായി ഉപയോഗപ്പെടുത്തൽ നിർബന്ധമാണ് (നിഹായ 3/246-247). ഹജ്ജ് ഉപേക്ഷിക്കുന്നവരോട് ഗൗരവപൂർവം താക്കീത് നൽകുന്ന ഖലീഫ ഉമർ(റ)ന്റെ വാക്കുകൾ ശ്രദ്ധേയം: ‘കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാത്തവരുടെ മേൽ നികുതി ഏർപ്പെടുത്താൻ ഗവർണർമാരോട് ഉത്തരവിടാൻ ഞാൻ ആഗ്രഹിക്കുന്നു’ (ഇഹ്യാഉ ഉലൂമുദ്ദീൻ 1/245). ഒരാൾക്ക് ഒരുപാട്വർഷം ഹജ്ജ് ചെയ്യാൻ സൗകര്യപ്പെട്ടിട്ടും അദ്ദേഹം അത് നിർവഹിക്കാതെ മരണപ്പെട്ടാൽ, സൗകര്യപ്പെട്ട അവസാന വർഷം മുതൽ മരണം വരെ അയാൾ ഫാസിഖായിരുന്നുവെന്ന് വ്യക്തമാകും. തന്മൂലം അദ്ദേഹം നടത്തിക്കൊടുത്ത സാക്ഷിത്വങ്ങൾ, ഹുക്മുകൾ(വിധിതീർപ്പുകൾ) തുടങ്ങിയവ തള്ളപ്പെടുന്നതാണ് (തുഹ്ഫ 4/5, നിഹായ 3/252). മേൽ പറഞ്ഞതിൽ നിന്നും ഹജ്ജ് വലിയ ധനികന്മാരുടെ മാത്രം ബാധ്യതയല്ലെന്നും കഴിവുള്ളവൻ ഹജ്ജ് ഒഴിവാക്കൽ ഗൗരവമേറിയ കാര്യമാണെന്നും സുവ്യക്തമാണ്.
കടബാധ്യതയുള്ളവന് നിർബന്ധമോ?
അവധിയായിട്ടില്ലാത്ത കടമാണെങ്കിലും കടം തന്നയാൾ തൃപ്തിപ്പെട്ടാലും അല്ലാഹുവിനോടുള്ള നേർച്ച പോലോത്ത കടമാണെങ്കിലും അവയെല്ലാം കഴിച്ച് മതിയായ സമ്പത്ത് ബാക്കിയുള്ളവനാണ് ഹജ്ജ് നിർബന്ധമുള്ളത്. പൊടുന്നനെയുള്ള മരണം സംഭവിച്ചാൽ ബാധ്യത വീടാതെ ശേഷിക്കുമെന്നതാണ് ഇതിന് കാരണം. ഇനി ജീവിക്കുമെന്ന് സങ്കൽപ്പിച്ചാൽ തന്നെ ഉള്ള പണം ഹജ്ജിനു ചെലവഴിച്ചാൽ ജീവന്റെ നിലനിൽപ്പിന് വകയില്ലാത്തവനായേക്കാം (തുഹ്ഫ 4/17). കടം വീട്ടാനാവശ്യമായ ഭൂസ്വത്തോ മറ്റോ ഉണ്ടെങ്കിൽ അവനെ കടക്കാരനായി ഗണിക്കില്ല എന്ന് പ്രത്യേകം ഓർക്കേണ്ടതാണ്.
പരേതന് വേണ്ടിയുള്ള ഹജ്ജ്
ജീവിതകാലത്ത് ഹജ്ജ് നിർബന്ധമായ വ്യക്തി അത് നിർവഹിക്കും മുമ്പ് മരിച്ചാൽ അനന്തര സ്വത്തുണ്ടെങ്കിൽ പരേതന് പകരമായി ഹജ്ജ് ചെയ്യിപ്പിക്കൽ നിർബന്ധമാണ്. അനന്തര സ്വത്തില്ലെങ്കിൽ മറ്റൊരാൾ ഹജ്ജ് ചെയ്യലോ ചെയ്യിപ്പിക്കലോ നിർബന്ധമില്ല. എന്നാൽ സമ്മതം നൽകിയിട്ടില്ലെങ്കിലും അനന്തരാവകാശിക്കും അന്യനും അവരുടെ സമ്പത്ത് ഉപയോഗിച്ച് മയ്യിത്തിന് വേണ്ടി ഹജ്ജ് നിർവഹിക്കൽ സുന്നത്താണ്. അതിലൂടെ മയ്യിത്തിന്റെ ബാധ്യത ഒഴിവാകുന്നതുമാണ്.
പ്രബലമായ വീക്ഷണമനുസരിച്ച്, ജീവിതകാലത്ത് ഹജ്ജിനു സാധിക്കാതെവന്ന വ്യക്തിക്കു വേണ്ടി, ഏതൊരാൾക്കും ഹജ്ജു ചെയ്യുകയോ ചെയ്യിക്കുകയോ ചെയ്യൽ അനുവദനീയമാണ്. ജീവിതകാലത്ത് അയാളോട് കൽപനയില്ലെങ്കിലും ഇസ്ലാമിലെ നിർബന്ധമായ ഹജ്ജ് അയാൾക്കു വീടുമെന്ന വീക്ഷണത്തിലാണിത്. മരിച്ചയാൾക്ക് സുന്നത്തായ ഹജ്ജ് പകരം ചെയ്യണമെങ്കിൽ വസ്വിയ്യത്ത് ചെയ്തിരിക്കണമെന്നു നിബന്ധനയുണ്ട്. അതുകൊണ്ടുതന്നെജീവിതകാലത്ത് ഹജ്ജ് നിർവഹിച്ച മയ്യിത്തിനു വേണ്ടി വസ്വിയ്യത്തില്ലാതെ സുന്നത്തായ ഹജ്ജ് ചെയ്യുന്നത് സാധുവാകുകയില്ല (തുഹ്ഫ 4/28).
ഹജ്ജ് നിർബന്ധമായിട്ടുണ്ടെങ്കിൽ അനന്തര സ്വത്തിൽ നിന്നും അതിനുള്ള പണം നീക്കിവെച്ചു ഹജ്ജ് ചെയ്യിപ്പിക്കൽ നിർബന്ധമാണെന്നത് ഇന്ന് പലരും ഗൗനിക്കാറില്ല. മയ്യിത്തിന്റെ ബാധ്യതകൾ വീട്ടാതെ അനന്തര സ്വത്ത് ഓഹരി വെക്കുന്നതിലൂടെ, നിഷിദ്ധമായ സമ്പത്താണ് അനന്തരാവകാശികൾ കൈവശപ്പെടുത്തുന്നത്. നിഷിദ്ധമായ സമ്പത്തിന്റെ ഉപയോഗം ആത്മീയവും ഭൗതികവുമായ ജീവിതത്തെ ബാധിക്കുമെന്നത് പറയേണ്ടതില്ലല്ലോ.
അബലന് വേണ്ടിയുള്ള ഹജ്ജ്
തളർവാതം, മാറാരോഗം പോലുള്ളവ മൂലം സ്വന്തമായി ഹജ്ജ് നിർവഹിക്കാൻ സാധിക്കാത്തവനെ ബലഹീനനായി പരിഗണിക്കുന്നു. ഇത്തരക്കാർക്ക്, സാധാരണ കൂലി വാങ്ങി ഹജ്ജ് നിർവഹിച്ചു കൊടുക്കുന്നവരെ ലഭിക്കുമെങ്കിൽ അവരെക്കൊണ്ട് ഹജ്ജ് ചെയ്യിപ്പിക്കൽ നിർബന്ധമാണ്. ഹജ്ജ് നിർബന്ധമാവുകയും അത് നിർവഹിക്കാൻ സൗകര്യപ്പെടുകയും ചെയ്തതിനു ശേഷമാണ് ബലഹീനനായതെങ്കിൽ തൊട്ടുടനെയുള്ള വർഷം തന്നെ കൂലി നൽകി ഹജ്ജ് ചെയ്യിക്കേണ്ടതാണ്. ഹജ്ജ് നിർബന്ധമാകും മുമ്പ്, അല്ലെങ്കിൽ നിർബന്ധമായ ശേഷം നിർവഹിക്കാൻ സൗകര്യപ്പെടും മുമ്പാണ് ബലഹീനനായതെങ്കിൽ സാവകാശം മറ്റൊരാളെ ഏൽപ്പിച്ചാൽ മതി. മക്കയുടെയും അവന്റെയും ഇടയിൽ രണ്ടു മർഹല (ഏകദേശം 132 കി.മീറ്റർ) കൂടുതലോ അകലം ഉണ്ടാവുക, കൂലിക്കാരന് നൽകാനുള്ള പണം മേൽ പറഞ്ഞ എല്ലാ ആവശ്യങ്ങളും കഴിച്ചു ബാക്കിയുള്ളതാവുക എന്നിവ മറ്റൊരാളെ ഏൽപ്പിക്കാനുള്ള നിബന്ധനയാണ്. ബലഹീനൻ നാട്ടിൽ തന്നെ നിൽക്കുന്നതിനാൽ ആശ്രിതരുടെ ചെലവ് കഴിച്ച് ബാക്കി ഉണ്ടാവണമെന്നില്ല (തുഹ്ഫ 4/29-30).
കുട്ടികളുടെ ഹജ്ജ്
വകതിരിവ് എത്തിയ കുട്ടികൾ ഹജ്ജ്, ഉംറ എന്നിവ നിർവഹിച്ചാൽ സാധുവാകുന്നതാണ്. എന്നാൽ ഹജ്ജും ഉംറയും സമ്പത്ത് ആവശ്യമുള്ള കർമമാകയാൽ രക്ഷിതാവിന്റെ സമ്മതമുണ്ടായിരിക്കൽ നിർബന്ധം. വകതിരിവില്ലാത്ത ചെറിയ കുട്ടി ഹജ്ജുമായോ ഉംറയുമായോ സ്വയം ബന്ധപ്പെടാവുന്നതല്ല. അത്തരം കുട്ടികൾക്കും ഭ്രാന്തന്മാർക്കും വേണ്ടി രക്ഷിതാവാണ് ഇഹ്റാം ചെയ്യേണ്ടത്. നബി(സ്വ) റൗഹാഇലൂടെ പോകുമ്പോൾ ഒരു വാഹന സംഘത്തെ കാണാനിടയായി. കൂട്ടത്തിലെ ഒരു സ്ത്രീ തന്റെ ചെറിയ കുട്ടിയെ ഉയർത്തിക്കാട്ടി ഇപ്രകാരം ചോദിച്ചു: തിരുദൂതരേ, ഈ കുട്ടിക്ക് ഹജ്ജുണ്ടോ? റസൂൽ(സ്വ) പറഞ്ഞു: ‘അതേ, നിനക്ക് അതിൽ കൂലിയുമുണ്ട്’. ഹജ്ജ് ജീവിതത്തിലൊരിക്കൽ മാത്രമേ നിർബന്ധമുള്ളൂ എന്നതിനാൽ അതിന്റെ പരിപൂർണ അവസ്ഥയിലായിരിക്കൽ അനിവാര്യമാണ്. പ്രായപൂർത്തിയാകാത്ത കുട്ടി പൂർണത കൈവരിക്കാത്തതിനാൽ ആ ഹജ്ജ് കർമം സാധുവാകുമെങ്കിലുംനിർബന്ധ ഹജ്ജായി പരിഗണിക്കില്ല (തുഹ്ഫ 4/69).
സ്ത്രീകളുടെ ഹജ്ജ്
ഭർത്താവോ മഹ്റമോ, അല്ലെങ്കിൽവിശ്വസ്തരായ സ്ത്രീകളോ ഒപ്പമുണ്ടാവൽ സ്ത്രീക്ക് ഹജ്ജ് നിർബന്ധമാകുന്നതിനുള്ള പ്രത്യേക ഉപാധിയാണ്. വിശ്വസ്ത വനിതകൾ ചുരുങ്ങിയത് മൂന്നു പേരെങ്കിലും ഉണ്ടായിരിക്കണം. നിർഭയത്വമുണ്ടായാൽ ഫർളായ ഹജ്ജിനോ ഉംറക്കോ ഒരു സ്ത്രീയോട് കൂടെയോ തനിച്ചോ യാത്രചെയ്യൽ സ്ത്രീക്ക് അനുവദനീയമാണ്. എന്നാൽ വിശ്വസ്ത സ്ത്രീകളോടു കൂടെയാണെങ്കിലും ഭർത്താവോ മഹ്റമോ ഒപ്പമില്ലെങ്കിൽ സുന്നത്തായ ഹജ്ജിനോ ഉംറക്കോ വേണ്ടി സ്ത്രീ യാത്ര നടത്തൽ ഹറാമാണ് (തുഹ്ഫ 4/2425). വേതനം നൽകിയെങ്കിലേ കൂടെ വരികയുള്ളൂവെങ്കിൽ, നിർബന്ധ ചെലവുകൾ കഴിച്ച് ഹജ്ജിന് ശേഷിയുള്ള സ്ത്രീ വേതനം നൽകി മഹ്റമിനെ കൊണ്ടുപോകൽ നിർബന്ധം (നിഹായ 3/251). ഒരു സ്ത്രീക്ക് ഹജ്ജിന് കഴിവുണ്ട്, എന്നാൽ മഹ്റം പോലോത്തവരെ ലഭിക്കാതിരിക്കുകയും അപ്രകാരം അവൾ മരണപ്പെടുകയും ചെയ്താൽ അവളുടെ ബാധ്യതയിൽ ഹജ്ജ് സ്ഥിരപ്പെടാത്തതിനാൽ അനന്തരസ്വത്തിൽ നിന്നും എടുത്ത് ഹജ്ജ് ഖളാഅ് വീട്ടേണ്ടതില്ല (ശർഹുൽ ഈളാഹ് പേ. 102).
അബൂബക്കർ അഹ്സനി പറപ്പൂർ