യമനിലെ തരീം ഇസ്ലാമിക സംസ്‌കൃതിയുടെ തനിമ നിലനിർത്താൻ നന്നായി ശ്രമിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. പാശ്ചാത്യരുടെ അധിനിവേശ കാലത്ത് പോലും പൂർവ പ്രതാപം കൈവെടിയുന്നതിനോട് വിരക്തി പ്രകടിപ്പിച്ചവരാണ് അവിടുത്തെ വലിയ വിഭാഗം ജനങ്ങളും. അനവധി അധ്യാത്മിക പണ്ഡിത പ്രമുഖരുടെ സാന്നിധ്യം കൊണ്ട് പ്രസിദ്ധിയാർജ്ജിച്ച ദേശം. നല്ലൊരു ആത്മീയാന്തരീക്ഷമുള്ള ജീവിത ശൈലിയാണ് ഇവിടുത്തെ ജനങ്ങൾ ഇന്നും പുലർത്തുന്നത്.
ഇതേ തരീമിലാണ് ഹിജ്‌റ 1044 സ്വഫർ 5-ന് തിങ്കളാഴ്ച രാത്രി ഇമാം അബ്ദുല്ലാഹിബ്‌നു അലവി അൽ ഹദ്ദാദ്(റ) ജനിക്കുന്നത്. സൂക്ഷ്മശാലിയും സൂഫിയും ജ്ഞാനിയുമായിരുന്ന സയ്യിദ് അലവിബ്‌നു മുഹമ്മദ് അൽ ഹദ്ദാദ് (റ)വാണ് പിതാവ്. സൂഫി സരണിയിലെ വിശ്രുതനായ അദ്ദേഹത്തിന്റെ പാതയാണ് മകനും പിന്തുടർന്നത്. അദ്ദേഹം ഒരിക്കൽ യമനിലെ വിശ്രുത പണ്ഡിതനും സൂഫിയുമായ സയ്യിദ് അഹ്മദ്ബ്‌നു മുഹമ്മദുൽ ഹബ്ശി(റ)വിന്റെ അടുക്കൽ ചെന്നു തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു. മഹാൻ പറഞ്ഞു: ‘നിന്റെയും എന്റെയും മക്കളിൽ ബറകത്തുണ്ട്’. സയ്യിദ് അലവി(റ)വിന്റെ വിവാഹത്തിന് മുമ്പായിരുന്നു ഈ സംഭവം. പിന്നീട് സയ്യിദ് ഹബ്ശി(റ) തന്റെ മകന്റെ മകളായ സൽമ(റ)യെ കല്യാണം കഴിക്കാൻ ഇദ്ദേഹത്തോടഭ്യർത്ഥിച്ചു. ഈ ദാമ്പത്യത്തിലുണ്ടായ മകനാണ് ആധ്യാത്മിക രംഗത്തെ ജ്യോതിസായ ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ്(റ). നാലാം വയസ്സിൽ വസൂരി കാരണമായി കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയുണ്ടായി. ചികിത്സിച്ചു ഭേദമാക്കാനാവാത്ത വിധം പരിപൂർണ അന്ധത ബാധിച്ചു. ഇത് മാതാപിതാക്കളിൽ സങ്കടമുണ്ടാക്കി. എങ്കിലും അദ്ദേഹത്തിന് ഇത് പ്രയാസകരമായി തോന്നിയില്ല. പുറം കാഴ്ചയില്ലെങ്കിലും അകക്കാഴ്ചകൊണ്ട് അല്ലാഹു ഇമാമിനെ അനുഗ്രഹിച്ചു.
ജ്ഞാന സരണിയിലേക്ക്
ചെറുപ്രായത്തിൽ തന്നെ അദ്ദേഹം ഖുർആൻ ഹൃദിസ്ഥമാക്കി. തുടർന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങളും ഗസ്സാലി(റ)വിന്റെ ബിദായതുൽ ഹിദായ പോലുള്ള ഗ്രന്ഥങ്ങളും ഓതിപഠിച്ചു. പഠനകാലത്തുതന്നെ ആത്മീയ വിഷയങ്ങളിൽ അതിയായ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ക്ലാസ് കഴിഞ്ഞാൽ ഉറ്റ സുഹൃത്തുക്കളിൽ ഒരാളോട് കൂടെ തരീമിലെ പള്ളിയിലേക്ക് പോകും. ളുഹാ സമയത്ത് അവിടെയെത്തി നൂറോ ഇരുനൂറോ റക്അത്ത് നിസ്‌കരിച്ചാണ് മടങ്ങുക. കണ്ണിന്റെ കാഴ്ച തിരിച്ചെടുത്തെങ്കിലും അല്ലാഹുവിന്റെ മറ്റു അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാതിരിന്നു കൂടെന്നായിരുന്നു ചിന്ത. അതിനാൽ റബ്ബിന് നന്ദിയും സ്തുതിയും അർപ്പിക്കുന്നതിന് സമയം കണ്ടെത്തുമായിരുന്നു. നിസ്‌കാര ശേഷം, ആധ്യാത്മിക-ജ്ഞാന രംഗങ്ങളിൽ പ്രശോഭിച്ച പണ്ഡിത പ്രമുഖരുടെ സ്ഥാനത്ത് തന്നെയുമെത്തിക്കാൻ വേണ്ടി പ്രാർത്ഥിക്കും. ഇത്തരം പ്രാർത്ഥനകളുടെ പ്രത്യുത്തരമായിരുന്നു പിൽക്കാലത്ത് മഹാനിൽ ദർശിച്ചത്.
പതിനേഴാം വയസ്സ് മുതൽ തരീമിലെ മസ്ജിദുൽ ഹുജൈറയിൽ ആത്മിക ജീവിതമാരംഭിച്ചു. ജുമുഅ കഴിഞ്ഞാൽ വേഗം ഹുജൈറ പള്ളിയിലേക്ക് പോകും. എന്നിട്ട് പള്ളിയുടെ വാതിലടച്ചിടും. ആരു വന്ന് വിളിച്ചാലും പ്രത്യുത്തരം നൽകില്ല. ഇവിടുത്തെ ഏകാന്തവാസം അധിക നാൾ നീണ്ടില്ല. ഖുർആൻ പഠിപ്പിക്കാനും ദർസിനുമായി നിരവധി ആളുകൾ മഹാനോട് അപേക്ഷിച്ചുകൊണ്ടിരുന്നു. ഇമാം പറയുന്നു: എനിക്ക് ദർസിലല്ല, ഇബാദത്തിൽ മുഴുകാനായിരുന്നു താൽപര്യം. പക്ഷേ ജനങ്ങളുടെ തുടർച്ചയായുള്ള ആവശ്യപ്രകാരം അതിനായി സമയം ക്രമീകരിക്കേണ്ടിവന്നു. അങ്ങനെ ആധ്യാത്മികതക്കു പുറമെ ജ്ഞാനരംഗത്തും പ്രസിദ്ധിയാർജ്ജിക്കുകയും വിജ്ഞാന കുതുകികളുടെ ആശാകേന്ദ്രമായി മഹാൻ മാറുകയും ചെയ്തു.
കൂട്ടുകാരുടെ കൈതാങ്ങ്
ചെറുപ്പത്തിൽ തന്നെ അന്ധനായതിനാൽ വഴികാട്ടികളായത് സുഹൃത്തുക്കളായിരുന്നു. ഭൗതിക താൽപര്യങ്ങൾക്ക് വേണ്ടിയായിരുന്നില്ല അവർ ഇമാമിനു സേവനമനുഷ്ഠിച്ചത്. പരിശുദ്ധ ഖുർആൻ, കർമശാസ്ത്ര ഗ്രന്ഥങ്ങൾ തുടങ്ങിയവ ഹൃദിസ്ഥമാക്കാനും ഓതാനും സഹായിച്ച കൂട്ടുകാർ പിൽകാലത്ത് സൂഫി സരണിയിലെ പണ്ഡിതരായിത്തീർന്നു. ഇമാം അബ്ദുല്ലാഹിബ്‌നു അഹ്മദ് ബൽഫഖീഹ്(റ), സയ്യിദ് അഹ്മദ് ബ്‌നു ഹാശിം(റ), സയ്യിദ് അഹ്മദ്ബ്‌നു ഉമർ(റ), സയ്യിദ് അലിയ്യുബ്‌നു ഉമർ(റ) തുടങ്ങിയവരായിരുന്നു പ്രധാന സുഹൃത്തുക്കൾ.
ഹദ്ദാദ്(റ) ഇമാം അബ്ദുല്ലാഹിബ്‌നു അഹ്മദ്(റ)വിനോട് കൂടെ മലഞ്ചെരുവിലേക്കും മറ്റും ഖുർആൻ പഠിക്കാൻ വേണ്ടി പോകും. അദ്ദേഹം ഒരു ജുസ്ഇന്റെ നാലിലൊരു ഭാഗം ശൈഖിന് ഓതിക്കൊടുക്കും. ഉടൻ ഹദ്ദാദ്(റ) അത് ഹൃദിസ്ഥമാക്കുകയും ഓതിക്കേൾപ്പിക്കുകയും ചെയ്യും. ഇങ്ങനെയാണ് ഖുർആൻ മുഴുവനായി മന:പാഠമാക്കിയത്. പിന്നീട് ഉപ്പയുടെ നിർദേശപ്രകാരം കർമശാസ്ത്രം പഠിക്കുമ്പോഴും ഈ രീതി തുടർന്നു.
സയ്യിദ് അഹ്മദ് ബ്‌നു ഉമർ അൽഹൻദുവാൻ(റ)വായിരുന്നു മറ്റൊരു സുഹൃത്ത്. ദിക്‌റ് മജ്‌ലിസുകളിൽ അധികവും അദ്ദേഹത്തിനൊപ്പമായിരിക്കും. കിതാബുകൾ വായിച്ചുകൊടുക്കാൻ വേണ്ടി സയ്യിദ് അഹ്മദ്ബ്‌നു ഹാശിം(റ)വിനെയും അലിയ്യുബ്‌നു ഉമർ(റ)വിനെയുമായിരുന്നു സമീപിച്ചിരുന്നത്. ഗസ്സാലി(റ)വിന്റെ ഗ്രന്ഥങ്ങൾ ഇവർക്കൊപ്പമാണ് മുത്വാലഅ ചെയ്തിരുന്നത്.
ഇമാം ഹദ്ദാദ്(റ) പറയുന്നു: സയ്യിദ് സ്വാലിഹ്ബ്‌നു ഉമർ(റ)വിനോട് കൂടെ ഞാൻ ധാരാളം കിതാബുകൾ മുത്വാലഅ ചെയ്തിട്ടുണ്ട്. പല രാത്രികളിലും പകലുകളിലും അതിലായി സമയം ചെലവിട്ടു. വഴിയോരങ്ങളിൽവെച്ചും അത് തുടർന്നു. ചില സമയങ്ങളിൽ അർധരാത്രി വരെ ഉറക്കമിളച്ച് മുത്വാലഅയിൽ മുഴുകി. ശൈഖ് ഇബ്‌നു അത്വാഇല്ലാഹി(റ)വിന്റെ ലത്വാഇഫുൽ മിനനും ഇക്കാലത്ത് കാര്യമായി വായിച്ചിരുന്നു.
ശരീര പ്രകൃതി
ഹദ്ദാദ്(റ)വിന്റെ ശരീര പ്രകൃതി ഗ്രന്ഥങ്ങളിൽ കാണാം. പൊക്കംകൂടിയ ശരീരം, വീതിയുള്ള ചുമലുകൾ, വെളുത്ത നിറം, ഗാംഭീര്യം സ്ഫുരിക്കുന്ന മുഖം. ചെറുപ്പത്തിൽ ബാധിച്ച വസൂരിയുടെ ഒരടയാളവും മുഖത്ത് പ്രകടമായിരുന്നില്ല. സദാപുഞ്ചിരിക്കുന്ന ആ വദനത്തിൽ ഒരിക്കലും ദുഃഖം തളം കെട്ടിയിരുന്നില്ല. അതിഥികളെ സന്തോഷത്തോടെ വരവേൽക്കും, സൽകരിക്കും. അവരുടെ സുഖ ദുഃഖങ്ങളിൽ പങ്കുചേരും. പാവപ്പെട്ടവരുടെ ആശാകേന്ദ്രമായിരുന്ന ഇമാം അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചുനൽകിയിരുന്നു.
ഇമാമിന്റെ സദസ്സുകളിൽ സംബന്ധിക്കുന്നവർക്ക് ഭൗതിക ചിന്തകൾ കടന്നുവരുമായിരുന്നില്ല. വേദനിക്കുന്നവന്റെ രോദനങ്ങളും വിശക്കുന്നവൻ വിശപ്പും മഹാന്റെ ആത്മീയ സാന്നിധ്യം മൂലം മറക്കുമായിരുന്നു. ആ സദസ്സിൽ അപശബ്ദങ്ങളോ മറ്റോ ഉയരുമായിരുന്നില്ല. സൗമ്യതയോടെയും ഉദാരതയോടെയുമായിരുന്നു ജനങ്ങളോട് സംവദിച്ചിരുന്നത്. ധർമം ചെയ്യുന്നതിൽ അതിയായ താൽപര്യം പ്രകടിപ്പിച്ചു. ഭൗതിക ആവശ്യങ്ങൾക്കു വേണ്ടി ദേഷ്യം പിടിച്ചില്ല.
മറ്റുള്ളവർ തന്നെ പ്രശംസിക്കുന്നത് വെറുത്തിരുന്നു. അദ്ദേഹത്തിന്റെ ഉദാത്തമായ വിനയം അവിടുത്തെ ഗ്രന്ഥങ്ങളിലും പദ്യങ്ങളിലും പ്രഭാഷണങ്ങളിലും സംസാരങ്ങളിലും നിലീനമായിരുന്നതായി കാണാം. വ്രതാനുഷ്ഠാനം ജീവിതത്തിന്റെ ഭാഗമാക്കി. തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പ് ഒഴിവാക്കിയിരുന്നില്ല. അൽപ്പ സമയമേ ഉറങ്ങൂ. നിസ്‌കാരത്തിലേക്ക് എഴുന്നേറ്റാൽ പിന്നെ പുറത്ത് സംഭവിക്കുന്നതൊന്നും അറിയില്ല. മസ്ജിദ് നിർമാണത്തോട് അതിയായ താൽപര്യമായിരുന്നു ഇമാമിന്. നിരവധി പള്ളികൾ നിർമിച്ചു. മസ്ജിദുൽ അവ്വാബീൻ, ഫത്ഹ്, അബ്‌റാർ, തവ്വാബീൻ എന്നിവയാണ് തരീമിൽ മഹാൻ നിർമിച്ച പള്ളികൾ. വേറെയും പള്ളികൾ പണിതിട്ടുണ്ട്.
ഹജ്ജ് യാത്ര
മഹാന്റെ ഹജ്ജ് യാത്രയെ കുറിച്ചും അതിനിടയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളെ കുറിച്ചും കുട്ടി പ്രായത്തിൽ ബന്ധു കൂടിയായ ഒരു പണ്ഡിതൻ പ്രവചിച്ചതായി ഹദ്ദാദ്(റ) ഓർക്കുന്നു: ‘നീ ഇന്ന വർഷം ഹജ്ജിന് പോകും, ഇന്നതൊക്കെ കരസ്ഥമാകും, ഹജ്ജ് യാത്രക്കിടയിൽ ഇന്ന സ്ഥലത്ത് വെച്ച് ഒട്ടകത്തെ ലഭിക്കും’.
ഹജ്ജിന് പോകാൻ ജനങ്ങളെ ഇമാം ഉപദേശിക്കുകയും യാത്രതിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും. ഹിജ്‌റ 1079-ലാണ് മഹാൻ ഹജ്ജിന് പുറപ്പെടുന്നത്. അന്നൊരു മഴയുടെ ദിവസമായിരുന്നു. തരീമിൽ നിന്നും ശഹറിലേക്കാണ് യാത്ര പുറപ്പെട്ടത്. യാത്രാ മധ്യേ നിരവധി അത്ഭുത സംഭവങ്ങളുണ്ടായി. ഇമാമിന്റെ ചില കൂട്ടുകാർ അത് റിപ്പോർട്ട് ചെയ്തതായി കാണാം. ഒരു മലഞ്ചെരുവിലെത്തിയപ്പോൾ ഒപ്പമുള്ളവർ അവിടെ തമ്പടിക്കാനും രാത്രി ഭക്ഷണം കഴിക്കാനും ഒരുക്കം കൂട്ടി. എന്നാൽ മഹാൻ അവരെ വിലക്കുകയും യാത്രതുടരാൻ നിർദേശിക്കുകയും ചെയ്തു. അവരതനുസരിച്ചു. പുറപ്പെട്ട ഉടനെ അന്തരീക്ഷത്തിൽ കാർമേഘങ്ങൾ ഉരുണ്ട് കൂടി. കനത്ത ഇടിയും മിന്നലും. പിന്നാലെ ഘോര മഴ. അത് വരെ മഴയുടെ അടയാളം പോലുമുണ്ടായിരുന്നില്ല. ഹദ്ദാദ്(റ) ഒരു സ്ഥലത്തേക്ക് കൈചൂണ്ടി അങ്ങോട്ട് കയറാൻ നിർദേശിച്ചു. ശക്തമായ ഇരുട്ട് കാരണം ഒന്നും കാണാൻ കഴിയാത്തതിനാൽ അവർ തീ തെളിയിച്ചു. എന്നിട്ട് അങ്ങോട്ട് കയറി. അപ്പോഴാണ് നേരത്തെ വിശ്രമിക്കാൻ തീരുമാനിച്ച ചെരുവിലൂടെ മലവെള്ളം കുത്തിയൊലിക്കുന്നത് അവർ കണ്ടത്. അപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയതിന് യാത്രികർ അല്ലാഹുവിനെ സ്തുതിച്ചു.
യാത്രക്കിടയിൽ ഒരുനാൾ ളുഹ്‌റിന്റെ സമയമായപ്പോൾ എത്തിയിടത്ത് വിശ്രമിക്കാൻ തീരുമാനിച്ചു. ചിലർ ചുമടിറക്കി വെച്ചു. വിവരം അറിഞ്ഞ ഇമാം തടഞ്ഞു. കുറച്ചപ്പുറത്തെ ചെരുവിൽ വിശ്രമിക്കാനായിരുന്നു നിർദേശം. എല്ലാവരും അവിടെയിറങ്ങി. അൽപം കഴിഞ്ഞ് പിന്നിലേക്ക് നോക്കിയപ്പോൾ അവർക്ക് കാണാൻ സാധിച്ചത് നേരത്തെ വിശ്രമിക്കാൻ തുനിഞ്ഞ സ്ഥലത്തെ വൃക്ഷങ്ങൾ കടപുഴകി വീഴുന്നതും കുത്തിയൊലിച്ച് പോകുന്നതുമാണ്. ഇത്തരത്തിൽ പല അത്ഭുതങ്ങൾക്ക് ആ ഹജ്ജ് യാത്രികർ സാക്ഷ്യം വഹിച്ചു. ശറഹിൽ നിന്ന് അദനിലേക്കും പിന്നീട് ജിദ്ദയിലേക്കും തുടർന്നു മക്കയിലേക്കും തിരിച്ചു. പ്രശസ്തരായ പണ്ഡിത മഹത്തുക്കളുടെ ഖബർ സന്ദർശിച്ചായിരുന്നു യാത്ര.
വിർദുകൾ
ആധ്യാത്മിക, ജ്ഞാന രംഗങ്ങളിൽ മുഴുശ്രദ്ധ പതിപ്പിച്ച ജീവിതത്തിനിടയിൽ ഗ്രന്ഥ രചനകൾക്കും ദിക്‌റുകളുടെ ക്രോഡീകരണത്തിനും ശൈഖവർകൾ സമയം കണ്ടെത്തി. ഹദ്ദാദ് റാത്തീബും വിർദുല്ലത്തീഫുമാണ് ക്രോഡീകരിച്ച പ്രധാന ദിക്ർ ഗ്രന്ഥങ്ങൾ. ഇവ രണ്ടിനും പിൽകാലത്ത് നിരവധി വ്യാഖ്യാനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇശാ നിസ്‌കാര ശേഷം ഒരുമിച്ച് കൂടിയിരുന്ന് ചൊല്ലുന്ന രീതിയാണ് ഹദാദ് റാത്തീബിന്റേത്. ഹിജ്‌റ 1071-ലാണ് ഇതിന്റെ ക്രോഡീകരണം. ഇസ്ലാമിലെ വിഘടന വാദികളിലൊന്നായ ശീഈ വിഭാഗത്തിലെ ഉപവിഭാഗമായ സൈദിയ്യാക്കളുടെ ഹളർമൗത്തിലേക്കുള്ള കടന്നുവരവ് മൂലം ജനങ്ങൾ വഴികേടിലേക്ക് എത്തിച്ചേരുമോ എന്ന ഭയമായിരുന്നു തിരുനബി(സ്വ)യുടെ ഔറാദുകൾ ഒരുമിച്ചുകൂട്ടാൻ മഹാനെ പ്രേരിപ്പിച്ചത്. പവിത്രമായ ഈ ദിക്‌റുകൾ വിശ്വാസി സമൂഹം ഇന്നും പതിവാക്കുന്നത് അതിന്റെ ഫലം കണ്ടുകൊണ്ടാണ്. പ്രഭാത പ്രദോഷ വേളകളിൽ പതിവാക്കേണ്ട ദിക്‌റുകളാണ് വിർദുല്ലത്വീഫിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
രചനകൾ
ഹി.1069-ലാണ് ഇമാം ഗ്രന്ഥരചന ആരംഭിക്കുന്നത്. ‘രിസാലതുൽ മുദാക്കറതി മഅൽ ഇഖ്വാനി വൽ മുഹിബ്ബീൻ മിൻ അഹ്ലിൽ ഖൈറി വദ്ദീൻ’ എന്ന ഗ്രന്ഥമാണ് ആദ്യമായി രചിക്കുന്നത്. തുടർന്ന് ഹിജ്റ 1071 റമളാൻ മാസത്തിൽ മറ്റൊരു ഗ്രന്ഥം ‘രിസാലത്തു ആദാബിസ്സുലൂക്കിൽ മുരീദി’ന്റെ രചന പൂർത്തീകരിച്ചു. ഈ രണ്ട് ഗ്രന്ഥങ്ങളിലും പ്രധാനമായും ആധ്യാത്മിക വിഷയങ്ങളാണ് പ്രതിപാദിക്കുന്നത്.
‘അന്നസാഇഹു ദീനിയ്യാ വൽ വസ്വായ അൽ ഈമാനിയ്യ’യാണ് മഹാൻ രചിച്ച ഗ്രന്ഥങ്ങളിൽ ഏറ്റവും വലുത്. കേരളത്തിലെ ചില പള്ളിദർസുകളിലും ദഅ്‌വാ കോളേജുകളിലും ഓതുന്ന ‘രിസാലത്തുൽ മുആവനത്തി വൽ മുളാഹറതി വൽ മുആസറ ലിർറാഇബീന മിനൽ മുഅ്മിനീന ഫീ സുലൂക്കി ത്വരീഖിൽ ആഖിറ’ എന്ന ഗ്രന്ഥം തസവ്വുഫ് ഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഹിജ്റ 1069-ലാണ് ഇത് പൂർത്തീകരിച്ചത്. ഒരു വിശ്വാസി ആരാധനകളിൽ പാലിക്കേണ്ട മര്യാദകൾ, അവയുടെ മഹത്ത്വങ്ങളും പ്രതിഫലങ്ങളും തുടങ്ങി വിലപ്പെട്ട ആത്മീയ കാര്യങ്ങളാണ് ഈ ചെറു രിസാലയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇത്തിഹാഫുസ്സാഇൽ ബി അജ്‌വിബത്തിൽ മസാഇൽ, സബീലുൽ അദ്കാരി വൽ ഇഅ്തിബാർ, അദ്ദഅ്‌വത്തുത്താമ വത്തസ്‌കിറത്തുത്താമ, അൽ ഫുസൂലുൽ ഇൽമിയ്യ വൽ ഉസൂലുൽ ഹികമിയ്യ, അൽ ഹികം, അദ്ദുറുൽ മൻളൂദ് ലി ദവിൽ ഉഖൂലി വൽ ഫുഹൂം തുടങ്ങിയവയാണ് മറ്റു രചനകൾ. കുറഞ്ഞ പദങ്ങളിൽ കൂടുതൽ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള രചനകളാണ് അവിടുത്തേത് എന്നതിനാൽ തന്നെ വളരെ മഹത്ത്വമേറിയതും വിലപ്പെട്ടതുമാണ്.
വഫാത്ത്
ഹി. 1132 റമളാൻ ഇരുപത്തി ഏഴിന് രോഗം ബാധിച്ച മഹാന്റെ പിന്നീടുള്ള ജീവിതം അധികനാൾ നീണ്ടു നിന്നില്ല. രോഗം മൂലം ജനങ്ങൾക്ക് അറിവ് പറഞ്ഞുകൊടുക്കാനോ പഴയതു പോലെ ആരാധനാ കർമങ്ങളിലേർപ്പെടാനോ കഴിയാതായി. എങ്കിലും വിജ്ഞാനത്തോടുള്ള അതിയായ ആഗ്രഹം മഹാനെ തളർത്തിയില്ല. വല്ലപ്പോഴും ശമനം തോന്നുകയാണെങ്കിൽ ആരാധനകളിലും അധ്യാപനത്തിലും ഏർപ്പെടും. പിന്നീട് രോഗം മൂർചിച്ചു. വേദന ഇമാമിനെ പാടെ അവശനാക്കി. ജനങ്ങൾ മഹാനെ സന്ദർശിക്കാൻ തിരക്കുകൂട്ടികൊണ്ടിരുന്നു.
രോഗം ബാധിച്ച് നാൽപ്പത് ദിവസം പൂർത്തിയാകുന്നയന്ന് ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ് (റ) ഇഹലോക വാസം വെടിഞ്ഞു. ഹിജ്‌റ 1132 ദുൽഖഅ്ദ് 7 ചൊവ്വാഴ്ചയായിരുന്നു ഇത്. 80 വയസ്സായിരുന്നു അന്നു ശൈഖിന്. ഹാവിയിലെ വീട്ടിൽ വെച്ച് പ്രഭാത സമയത്തായിരുന്നു വഫാത്ത്. ജനാസ സന്ദർശിക്കാൻ വൻ ജനാവലി തടിച്ചുകൂടി. ളുഹാ സമയത്ത് മകൻ സയ്യിദ് ഹസൻ(റ)വിന്റെ നേതൃത്വത്തിൽ കുളിപ്പിച്ച് കഫൻ ചെയ്തു. അസർ നമസ്‌കാര ശേഷമായിരുന്നു മയ്യിത്ത് നിസ്‌കാരം. ജനത്തിരക്കു കാരണം ഖബർസ്ഥാനിൽ മയ്യിത്ത് എത്തിയത് സൂര്യൻ അസ്തമിക്കാറായപ്പോഴാണ്. മറമാടൽ കഴിഞ്ഞ് ജനങ്ങൾ പിരിയുമ്പോഴേക്കും ഇരുട്ടു പരന്നു. ഹൂദ് നബിയുടെ മഖ്ബറക്കു മുകളിൽ ഖുർആനോതാനായി സ്ഥാപിച്ചതു പോലൊരു തമ്പ് ഹദ്ദാദ്(റ)വിന്റെ ഖബ്‌റിനു മുകളിലും സ്ഥാപിച്ചു. അതിനുള്ളിലിരുന്ന് ധാരാളമാളുകൾ ഖുർആനോതിലും മറ്റുമായി മുഴുകി. മരണപ്പെട്ടയാളുടെ ഖബ്‌റിനടുത്ത് മൂന്നു ദിവസം ഖുർആനോത്തിലായി കഴിഞ്ഞു കൂടുന്നത് യമനിലെ പതിവാണ്. ഇമാമിന്റെ വഫാത്തിനു ശേഷവും ജീവിച്ചിരുന്നത് 6 ആൺ മക്കളും 4 പെൺ മക്കളുമാണ്. ജീവിതം ജ്ഞാനത്തിനും ആത്മീയ ഉന്നതിക്കും സമർപ്പിച്ച് അനവധി പേർക്ക് ഹിദായത്തിന്റെ വെളിച്ചം കാണിച്ച മഹാൻ വിശ്വാസികളുടെ എന്നത്തെയും വഴിവിളക്കായി പ്രോജ്വലിക്കുന്നു.