‘ചുട്ടയിലെ ശീലം ചുടലവരെ’ എന്നാണ് പൊതു തത്ത്വം. ചെറുപ്പകാല ജീവിത സാഹചര്യങ്ങളിൽ നിന്ന് നാം രൂപപ്പെടുത്തിയ സ്വഭാവത്തിന്റെ അടിത്തറയിലായിരിക്കും മരണം വരെ നമ്മുടെ ജീവിത ശീലങ്ങളത്രയും. എന്നാൽ ഈ ചൊല്ലിനപവാദമായ വിപ്ലവകരമായ ഒരു ചുവടുവെപ്പിന് ലോകം സാക്ഷിയായിട്ടുണ്ട്. ഒരു കാലഘട്ടം രൂപപ്പെടുത്തിയ സംസ്‌കാരങ്ങളും ശീലങ്ങളുമെല്ലാം ഒരു പരിവർത്തകന്റെ സമ്മർദം കൊണ്ട് മാറ്റി എഴുതപ്പെട്ടു. ആ സമുദായത്തിലെ വന്ദ്യ വയോധികർ മുതൽ പിഞ്ചുബാല്യങ്ങൾ വരെ ആ മഹാമനീഷിയുടെ പിന്നിലണി നിരന്നു. പതിനാല് ശതാബ്ദങ്ങൾക്കപ്പുറം അശ്‌റഫുൽ ഖൽഖ്(സ്വ) പ്രവാചക ദൗത്യവുമായി രംഗത്തിറങ്ങുമ്പോൾ മക്കയിലെ സാമൂഹിക പരിസ്ഥിതി എന്തായിരുന്നു എന്ന് ചരിത്രാവബോധമുള്ളവർക്ക് വ്യക്തമായ ധാരണയുണ്ട്. മദ്യം ദാഹശമനിയാണെന്നും ജീവിതം നിഷിദ്ധ ലൈംഗികതക്കാണെന്നും വിനോദം യുദ്ധമാണെന്നും നിർവചിച്ചിരുന്നു ആ ഇരുണ്ട സമുദായം.

തിരുനബി(സ്വ) പാലതും ത്യജിച്ചും സഹിച്ചും അവരിൽ തന്റെ ദൗത്യ നിർവഹണമാരംഭിച്ചു. റബ്ബ് തന്നിലേൽപ്പിച്ച വിഷയം മുഴുവനായും അനുചരന്മാർക്ക് പകർന്ന് നൽകിയതിന് ശേഷം അവിടുന്ന് പറഞ്ഞു: ‘എന്റെ അനുചരന്മാർ നക്ഷത്ര സമാനരാണ് വല്ലവരും അവരെ പിൻപറ്റിയാൽ സന്മാർഗം സിദ്ധിക്കും.’

നിങ്ങൾ ലൈറ്റ് ഹൗസ് കണ്ടിട്ടില്ലേ..? പാതിരാ സമയത്ത് സമുദ്ര മധ്യത്തിൽ ദിശയറിയാതെ അലയുന്ന കപ്പലുകൾക്ക് വഴിക്കാട്ടികളാണീ പ്രകാശ ഗോപുരങ്ങൾ. ഇതുപ്രകാരം ഏത് ദിക്കിൽ നിന്ന് നോക്കിയാലും പ്രകാശം ചൊരിഞ്ഞ് ദിശയറിയാൻ സഹായിക്കുന്ന നക്ഷത്രങ്ങളെ പോലെയാണ് എന്റെ അനുചരന്മാർ എന്നാണ് അവിടുന്ന് പറഞ്ഞതിന്റെ വിവക്ഷ എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയതായി കാണാം. അങ്ങനെ തിരുനബി(സ്വ) ആ കാട്ടാള സമൂഹത്തെ മാതൃകായോഗ്യരാക്കി. എന്നിട്ട് അവിടുന്ന് ധീരമായി പ്രഖ്യാപിച്ചു; ‘ഇവരിൽ ആരെ പിൻപറ്റിയാലും നിങ്ങൾ സന്മാർഗം സിദ്ധിക്കും.’ അവരുടെ മഹത്ത്വം അത്രകണ്ട് ഉയർന്നിരുന്നു.

ഈ ജാഹിലിയ്യാ കാല സമൂഹത്തെ  വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചത് ഇവിടെ നാം പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. അവർ വഴികേടിലാണ് എന്ന് പറയുന്നതിന് പകരം അവർ വഴികേടിൽ മുങ്ങിക്കുളിച്ചവരാണ് എന്നാണ് ഖുർആനിൽ അല്ലാഹു പറഞ്ഞത്. വസ്ത്രത്തിൽ ചെളി പുരണ്ടാൽ നമുക്കത് കഴുകി വൃത്തിയാക്കാം. എന്നാൽ ചെളിയും വസ്ത്രവും തമ്മിൽ വേർതിരിക്കാൻ പറ്റാത്ത രീതിയിൽ കൂടികലർന്നാൽ എന്ത് ചെയ്യും. ഇത് പോലെയായിരുന്നു തിരുദൂതരുടെ ആഗമന സമയത്ത് ജാഹിലിയ്യാ സമൂഹം. ഇവരെയാണ് വെറും 23 വർഷത്തെ കഠിന പ്രയത്‌നത്തിന്റെ ഫലമായി തിരുനബി(സ്വ) ലോകർക്ക് മാതൃകാ യോഗ്യരായ ഒരു സമൂഹമാക്കി പരിവർത്തിപ്പിച്ചത്.

നമ്മുടെ സർക്കാർ കൂടുതൽ ധനം നീക്കിവെക്കുന്ന വിഷയങ്ങളിൽ ഒന്നാണ് വിദ്യാഭ്യാസം. വർഷം തോറും എത്ര കോളേജുകളിൽ നിന്നാണ് ബിരുദ ധാരികളും ബിരുദാനന്തര ബിരുദ ധാരികളുമായി കുട്ടികൾ പുറത്തിറങ്ങുന്നത്. നാലാം വയസ്സിൽ കെ.ജി ക്ലാസിലേക്ക് വരുന്ന ഈ ബാല്യങ്ങളെ പത്തും ഇരുപതും വർഷങ്ങളെടുത്ത് പഠിപ്പിച്ചിട്ടും ഇവരിൽ എത്രപേർ മാതൃകായോഗ്യരാണെന്ന് നമുക്ക് പറയാൻ സാധിക്കുന്നു? പ്രവാചകർക്ക് സമൂഹത്തിൽ ലഭിച്ച സ്വീകാര്യതയും വിജയവും എന്ത് കൊണ്ട് നമുക്ക് നമ്മുടെ സമൂഹത്തിൽ നിന്ന് ലഭിക്കുന്നില്ല? ഇതു നാം പഠന വിധേയമാക്കേണ്ടതുണ്ട്. ഇത്തരമൊരു സ്വീകാര്യത ലഭിക്കാൻ അവിടുന്ന് എന്താമ് ചെയ്തത്?

പ്രധാനമായും അഞ്ചുകാര്യങ്ങളാണ് നബി(സ്വ) നിത്യജീവിതത്തിൽ പ്രാവർത്തികമാക്കിയിരുന്നത്. അതിൽ ഒന്നാമത്തേത്, തന്റെ പ്രബോധിതരെ ഉൾകൊള്ളാനും അവർ തന്നെ ഉൾകൊള്ളാനും പറ്റിയ രൂപത്തിൽ സ്വ ജീവിതം അവിടുന്ന് പാകപ്പെടുത്തിയതാണ്. അനുചരന്മാരോടൊന്നിച്ചുള്ള യാത്രാമദ്ധ്യേ വിശന്നവശരായപ്പോൾ ഒരാടിനെ അറുത്ത് ഭക്ഷിക്കാൻ അവർ തീരുമാനിച്ചു.  ഒരാൾ ആടിനെ അറുക്കാൻ സന്നദ്ധനായി. മറ്റൊരാൾ ആടിന്റെ തോലുരിക്കാൻ മുന്നോട്ട് വന്നു. മൂന്നാമൻ പാചകമേറ്റു. ഈ സന്ദർഭത്തിൽ തിരുനബി(സ്വ) പറഞ്ഞു: ‘ആവശ്യമായ വിറകുകൾ ഞാൻ ശേഖരിക്കാം.’ ഉടൻ സ്വഹാബികൾ പറഞ്ഞു: വേണ്ട നബിയേ, ഞങ്ങൾ ചെയ്‌തോളാം. തിരുനബി പ്രതിവചിച്ചു: ഞാൻ നിങ്ങളിൽ ഒരാളായിരിക്കുവനാണാഗ്രഹിക്കുന്നത്. അധികാരവും അനുയായികളും ഗമ നടിക്കാനും തന്റെ കൽപ്പന അംഗീകരിക്കാനുമുള്ളവർ മാത്രമാണ് എന്ന് കരുതുന്ന ആധുനിക നേതാക്കൾക്ക് മുമ്പിൽ റസൂൽ(സ്വ) നേതാവിന്റെ വിനയം പഠിപ്പിക്കുക കൂടിയായിരുന്നു.

അനാഥകൾക്കും അഗതികൾക്കും അശരണർക്കും അവിടുന്ന് അത്താണിയായിരുന്നു. അനസ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണാം: പെരുന്നാൾ സുദിനത്തിൽ പള്ളിയിലേക്ക് പുറപ്പെട്ട നബി(സ്വ) വഴിമധ്യേ നുരുമ്പിയ വസ്ത്രം ധരിച്ച് വിതുമ്പിക്കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെ അരികിൽ ചെന്ന് ചോദിച്ചു: മോനെന്തിനാ കരയുന്നത്?

തന്റെ മുമ്പിലൂടെ പുതുവസ്ത്രങ്ങളണിഞ്ഞ് ആർത്തുല്ലസിച്ച് സന്തോഷിക്കുന്ന സമപ്രായക്കാരിലേക്ക് നോക്കി ആ പിഞ്ചുബാലൻ മുമ്പിൽ നിൽക്കുന്നത് തിരുദൂതരാണെന്നറിയാതെ വിതുമ്പി: എന്റെ ഉപ്പ മരണപ്പെട്ടു. ഉമ്മ വേറെ വിവാഹം കഴിച്ചു. പലകാരണങ്ങളാൽ ഞാനാവീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇന്നെനിക്ക് വസ്ത്രമില്ല, വീടില്ല, വെള്ളമില്ല.. കൂട്ടുകാരെല്ലാം പുതുവസ്ത്രങ്ങളണിഞ്ഞ് കളിച്ചു രസിച്ച് ഉപ്പമാരുടെ കൈപിടിച്ച് പള്ളിയിലേക്ക് പോകുന്നത് കണ്ടപ്പോൾ എന്റെ ഉപ്പയെ ആലോചിച്ചതു കൊണ്ടാണ് ഞാൻ കരഞ്ഞത്.

ഇതു കേൾക്കേണ്ട താമസം അശ്‌റഫുൽ ഖൽഖ് ആ കുഞ്ഞു മോന്റെ കൈപിടിച്ച് ചോദിച്ചു: ഞാൻ നിന്റെ ഉപ്പയും ആഇശ നിന്റെ ഉമ്മയും ഹസൻ, ഹുസൈൻ നിന്റെ സഹോദരങ്ങളും ഫാത്തിമ നിന്റെ സഹോദരിയുമാകുന്നതു നീ ഇഷ്ടപ്പെടുന്നുണ്ടോ? അത് അവന് സമ്മതമായിരുന്നു. ലോകത്ത് തനിക്ക് കിട്ടുന്നതിൽ വെച്ച് ഏറ്റവും വലിയ ഭാഗ്യത്തെ അവൻ ആവേശത്തോടെ സ്വീകരിച്ചു (അവലംബം: ത്വബഖാതു മിൻ ഹയാതിർറസൂൽ).

പറഞ്ഞുവന്നത്, അവിടുന്ന് സമൂഹത്തിലിടപ്പെട്ടത് ഇത്രമേൽ മൃദുലമായായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ തന്നിലർപ്പിതമായ വിഷയത്തിന് വേണ്ടി സ്വയം സമർപ്പിക്കുകായിരുന്നു തിരുദൂതർ(സ്വ).

രണ്ടാമതായി അവിടുന്ന് ജീവിതത്തിൽ പ്രാവർത്തികമാക്കിയിരുന്ന ഒന്നാണ്, അനുചരന്മാരിൽ നിന്ന് തെറ്റുകൾ സംഭവിച്ചാൽ അവർക്ക് ആവശ്യമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകി മാപ്പ് കൊടുത്തതിന് ശേഷം ആ സംഭവം മനസ്സിൽ വെക്കാതെ മറന്ന് കളയുക എന്നത്.

മറ്റുള്ളവർ തന്നോട് ചെയ്ത പാതകത്തിന് പ്രതികാരം ചെയ്യാൻ വേണ്ടി ആയുസ്സ് മുഴുവൻ മാറ്റിവെക്കുന്നതിന് എത്ര ഉദാഹരണങ്ങളുണ്ട് നമ്മുടെ പരിസരങ്ങളിൽ. മാപ്പ് നൽകിയാലും വിട്ടുവീഴ്ച ചെയ്താലും പരിഹരിക്കാവുന്ന തരത്തിലുള്ള പ്രശ്‌നങ്ങളേ ഇവിടെയുണ്ടാവൂ. പക്ഷേ അതിനു സന്നദ്ധമാകുന്ന മനസ്സ് നമുക്കില്ലാതെ പോകുന്നു എന്നതാണ് ഏറ്റവും ഭീകരമായ പ്രതിസന്ധി.

മൂന്നാമാതായി, അവിടുന്ന് ചെയ്തത്, മാപ്പാക്കിയതിന് ശേഷം അല്ലാഹുവിനോട് അവർക്ക് വേണ്ടി പൊറുക്കലിനെ തേടലായിരുന്നു. നാലാമതായി, എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ആ വിഷയത്തിൽ പ്രാഗത്ഭ്യമുള്ളവരുമായി കൂടിയാലോചന(മുശാവറ)നടത്തുമായിരുന്നു. അഞ്ചാമതായി, ഒരു കാര്യത്തിൽ തീരുമാനമെടുത്താൽ പൂർണമായും അല്ലാഹുവിൽ ഭരമേൽപ്പിക്കുമായിരുന്നു. ഒരു നേതാവിന് എങ്ങനെ വിജയിക്കാൻ സാധിക്കുമെന്നും ഒരു അനുയായി എങ്ങനെ ജീവിക്കണമെന്നും തിരുനബി ഇതിലൂടെ ലോകത്തിന് കണിച്ച് തരുന്നുണ്ട്. ഇതു നമ്മൾ സ്വജീവിതത്തിലേക്ക് പകർത്താൻ ശ്രമിച്ചാൽ വിജയം സുനിശ്ചിതമാണ്. നാഥൻ തൗഫീഖ് ചെയ്യട്ടെ.

സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ