1979 നവംബര്‍20ന്റെ ചരിത്ര പ്രാധാന്യം രണ്ടു സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഒന്ന്, ഹിജ്റാബ്ദം 14 നൂറ്റാണ്ട് പിന്നിട്ട് 15ലേക്ക് പ്രവേശിക്കുന്ന സുദിനം. മറ്റൊന്ന് മുസ്ലിംകളുടെ ഖിബ്ലയായ വിശുദ്ധ കഅ്ബാലയവും മസ്ജിദുല്‍ഹറാമും ജുഹയ്മാന്‍അല്‍ഉതൈബിയുടെ നേതൃത്വത്തിലുള്ള സായുധസംഘം പിടിച്ചടക്കിയ ദിനം. ലോക മുസ്ലിംകളെ ആശങ്കയുടെ മുള്‍മുനയില്‍നിര്‍ത്തിയ ഉപരോധം രണ്ടാഴ്ചക്കാലം നീണ്ടു. ഹജ്ജ് കഴിഞ്ഞും ഹറമില്തങ്ങിയ ധാരാളം ഹാജിമാരും പുതുവര്‍ഷപ്പിറവി ഹറമില്വെച്ചാക്കാന്എത്തിയ തീര്‍ത്ഥാടകരുമാണ് അന്ന് വിശുദ്ധ ഗേഹത്തിലുണ്ടായിരുന്നത്. അവരെ സായുധര്സഊദി ഭരണകൂടത്തിനെതിരെ മനുഷ്യകവചമായി ഉപയോഗിച്ചു.
മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ മുന്‍വിദ്യാര്‍ത്ഥിയായ ജുഹൈമാന്എന്ന ഉതൈബി ഗോത്രക്കാരന്റെ നേതൃത്വത്തിലുള്ള അഞ്ഞൂറോളം വരുന്ന ആയുധ ധാരികളാണ് ഹറം പിടിച്ചടക്കിയത്. ഡിസംബര്‍നാലുവരെ അവരുടെ ഉപരോധത്തിനു കീഴിലായി കഅ്ബ. നാലാം തിയ്യതി പാകിസ്താന്, ഫ്രാന്‍സ് സൈനികരുടെ സഹായത്തോടെ സഊദി കമാന്റോകള്നടത്തിയ പോരാട്ടത്തിനൊടുവില്വിശുദ്ധ ഭവനം മോചിതമായി. പതിനായിരം സൈനികരെ അണിനിരത്തിയായിരുന്നു സഊദിയുടെ പടനീക്കം. സൈനികരടക്കം 127 പേര്സഊദി പക്ഷത്ത് കൊല്ലപ്പെടുകയും 451 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്. അക്രമികളില്‍117 പേര്കൊല്ലപ്പെടുകയും പിടികൂടിയ ജുഹൈമാനടക്കം 68 പേരെ 1980ല്വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തു. ഹറം വെടിവെപ്പെന്ന് പ്രസിദ്ധിയാര്‍ജിച്ച സംഭവത്തിന്റെ രത്നച്ചുരുക്കമാണിത്. ആ സംഭവത്തിന് 35 വര്‍ഷം തികയുകയാണ് അടുത്ത മാസത്തോടെ.
വെടിവെപ്പ് നടന്ന ശേഷം പ്രസിദ്ധീകൃതമായ സുന്നിവോയ്സിന്റെ മൂന്നു ലക്കങ്ങളില്ഇതു സംബന്ധമായ ആശങ്കകളും വിവരണങ്ങളും കാണാം. 79 നവംബര്‍30 ലക്കം എഡിറ്റോറിയല്തലവാചകം “ഇന്നാലില്ലാഹി….’ എന്നാണ്. കുറിപ്പ് അച്ചടിക്കാന്ഉപയോഗിച്ച വലുപ്പം കൂടിയ അക്ഷരങ്ങള്സംഭവത്തിന്റെ ഭീതി പങ്കുവെക്കുന്നതോടൊപ്പം ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുന്നു. അഞ്ചു വാചകങ്ങളില്അവസാനിക്കുന്ന പ്രസ്തുത കുറിപ്പ് ഇങ്ങനെ:
“പരിശുദ്ധ ഹറം ഏതോ ചില ദുഷ്ടജനത്തിന്റെ ആക്രമണത്തിനു വിധേയമായിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പതിനഞ്ചാം നൂറ്റാണ്ട് പിറവിയെടുക്കുന്ന മുഹര്‍റം ഒന്നാം തിയ്യതി ലോകം കേട്ടത്. സുരക്ഷിത ഗേഹം എന്നറിയപ്പെടുന്ന ആ പരിശുദ്ധ ഭൂമിയില്മുസ്ലിംകളുടെ രക്തം ചിന്തുവാന്കാരണക്കാര്ആരായാലും കാലം അവര്‍ക്ക് മാപ്പ് കൊടുക്കില്ല എന്നത് തീര്‍ച്ച. പക്ഷേ, മുസ്ലിംകള്കണ്ണുതുറക്കണം, അറബികള്പ്രത്യേകിച്ചും. അതാണീ നൂറ്റാണ്ട് നമ്മെ താക്കീത് ചെയ്യുന്നത്. മുസ്ലിം സമുദായത്തെയും അതിന്റെ സ്ഥാപനങ്ങളെയും അല്ലാഹു കാത്തുരക്ഷിക്കട്ടെ എന്നു ഹൃദയം നൊന്തു പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ആ നിഷ്ഠൂര ചെയ്തിക്കെതിരെ മുസ്ലിം രാഷ്ട്രങ്ങള്‍ക്കുള്ള പ്രതിഷേധത്തില്ഞങ്ങളും പങ്കുചേരുന്നു.’
ഡിസംബര്‍7 ലക്കത്തില്സിഎം അബ്ദുല്ല മൗലവി ചെമ്പരിക്ക എഴുതിയ മുഖലേഖന ശീര്‍ഷകമിതാണ്; മസ്ജിദുല്ഹറാമില്നടന്നതെന്ത്? അതില്‍നിന്ന്: “ആരാണ് ഈ അക്രമികള്‍? അവരുടെ ലക്ഷ്യമെന്ത്? അവരുടെ പ്രവര്‍ത്തനത്തിന്റെ ശരിയായ രൂപമെന്ത്? ഈ ചോദ്യങ്ങള്‍ക്കുള്ള ശരിയായ ഉത്തരം ഇതുവരെയും ലോകജനതക്ക് ലഭ്യമായിട്ടില്ല. സഊദി അറേബ്യന്ഗവണ്മെന്റ് ഈ കാര്യത്തില്‍വ്യക്തമായ ഒരു വിശദീകരണം ലോകത്തിനു മുന്പില്സമര്പ്പിച്ചിട്ടില്ല. ലോകജനത അതു കിട്ടുവാന്അക്ഷമരായി കാത്തുനില്‍ക്കുകയാണ്…’
തുടര്‍ന്ന് കഅ്ബയുടെ നിര്‍മാണം, പില്ക്കാലങ്ങളിലെ നവീകരണങ്ങള്‍, ഇടക്കാലത്തു കഅ്ബക്കെതിരെയുണ്ടായ ആക്രമണങ്ങള്എന്നിവയിലൂടെ കുറിപ്പ് വികസിക്കുകയാണ്. ശേഷം പറയുന്നു: “സര്വവിധേനയുമുള്ള സന്നാഹങ്ങള്സഊദി ഗവണ്മെന്റ് ഹറമില്ചെയ്തിട്ടുണ്ട്. രഹസ്യങ്ങള്കണ്ടുപിടിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളുമുണ്ട്. എന്നിട്ടും ആരുമറിയാതെ അക്രമമുണ്ടായി. വല്ല വിദേശ ശക്തികളുടെയും പണിയാണ് ഇതെന്ന് ഊഹിക്കാനും ന്യായമില്ല. അങ്ങനെ വല്ലതുമായിരുന്നെങ്കില്സഊദി ഭരണകൂടം അത് എത്രയും വേഗം പുറത്ത് അറിയിക്കുമായിരുന്നു. സഊദി ഭരണത്തിനെതിരില്അതേ നാട്ടില്പ്രവര്ത്തിക്കുന്ന ഒരു ശക്തി സഊദിയിലുണ്ടെന്ന് ലോകത്തെ അറിയിക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്ത്തിയായിരിക്കുമോ ഇത്?…’
ഡിസംബര്‍14 ലക്കത്തില്കെ ഉമര്‍മൗലവി കുറ്റിക്കോല്എഴുതിയ കുറിപ്പില്സംഭവത്തെത്തുടര്ന്ന് ഇന്ത്യയിലുണ്ടായ പ്രശ്നങ്ങള്‍കൂടി കാണാം:
“ആ വാര്‍ത്ത നിമിഷങ്ങള്‍ക്കകം കര്‍ണാകര്‍ണികയായി എല്ലായിടത്തും പ്രചരിച്ചു. അറുപത് കോടിയോളം വരുന്ന മുസ്ലിംകള്നിത്യവും അഞ്ചുനേരം അഭിമുഖീകരിച്ചു നിസ്കരിക്കുന്ന ഖിബ്ല ആക്രമണവിധേയമായിരിക്കുന്നു. സംഭവത്തെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങള്ഒളിച്ചുകളി നടത്തുകയാണ്. കഅ്ബ കയ്യേറ്റ സംഭവത്തില്ഇന്ത്യയിലെ മുസ്ലിം കേന്ദ്രങ്ങളില്‍നിന്നെല്ലാം പ്രതിഷേധങ്ങളുയര്‍ന്നു. കല്‍ക്കത്തയിലും ഹൈദരാബാദിലുമുയര്ന്ന പ്രതിഷേധ പ്രകടനം സംഘട്ടനത്തിനും കൊലക്കും കൊള്ളിവെപ്പിനുമിടയാക്കി. മുസ്ലിംകള്ക്ക് കനത്ത നാശനഷ്ടങ്ങള്സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അക്രമം എവിടെ പൊട്ടിപ്പുറപ്പെട്ടാലും നഷ്ടങ്ങള്മുസ്ലിംകള്ക്കു തന്നെ. ഇന്ത്യ ആരു ഭരിച്ചാലും ന്യൂനപക്ഷ മുസ്ലിംകള്ക്ക് രക്ഷയില്ല. രാഷ്ട്രീയ മുതലെടുപ്പിന് മാത്രം മുസ്ലിം പ്രേമം പ്രസംഗിച്ചു നടക്കുന്ന നേതാക്കള്ഇവിടെ ധാരാളമുണ്ട്…’
ഏതായാലും ഇറാനില്ഖുമൈനിയുടെ നേതൃത്വത്തില്‍നടന്ന വിപ്ലവത്തോട് ചേര്‍ത്തുവായിക്കാവുന്ന അട്ടിമറി ശ്രമമാണ് ഹിജ്റയുടെ 1400ാം പുതുവര്ഷപ്പുലരിയില്ഹറമില്നടന്നതെന്ന് വിലയിരുത്തലുണ്ടായി. ഇന്നത്തെ മുല്ലപ്പൂ വിപ്ലവങ്ങളുടെ ആദ്യ തലമുറ വിപ്ലവം പക്ഷേ, സഊദി ഭരണകൂടത്തിന്റെ ശക്തമായ നടപടിയെ തുടര്‍ന്ന് നിയന്ത്രണ വിധേയമായി. ഹാജിമാര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും സൗകര്യപ്പെടും വിധം സമാധാന സ്ഥിതി പുനഃസ്ഥാപിതവുമായി.