ഹജ്ജ് മനുഷ്യജീവിതത്തിലെ പാപക്കറകൾ കഴുകിക്കളയുന്ന ആരാധനയാണ്. ഇസ്‌ലാമിന്റെ അനുഷ്ഠാനങ്ങളിൽ ശ്രേഷ്ഠ കർമങ്ങളിലൊന്നും. സമ്പത്തും ആരോഗ്യവും യാത്രാ സൗകര്യവുമുള്ള സർവ വിശ്വാസികൾക്കും ജീവിതത്തിലൊരിക്കൽ നിർബന്ധമാണത്.
ഇബ്‌റാഹീം നബി(അ) നടത്തിയ ഹജ്ജ് വിളംബരത്തിനുത്തരം നൽകിയാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് അല്ലാഹുവിന്റെ അതിഥികൾ മക്കയിലേക്ക് യാത്ര തിരിക്കുന്നത്. ‘ജനങ്ങൾക്കിടയിൽ താങ്കൾ ഹജ്ജിനു വിളംബരം ചെയ്യുക. എന്നാൽ കാൽനടക്കാരായും വിദൂര ദിക്കുകളിൽ നിന്ന് വരുന്ന മെലിഞ്ഞ ഒട്ടകങ്ങൾക്കു പുറത്ത് കയറിയും അവർ താങ്കളുടെയടുത്ത് വന്നുകൊള്ളും’ (ഹജ്ജ്: 27).
ഇബ്‌റാഹീം നബി(അ)യോടും മകൻ ഇസ്മാഈൽ നബി(അ)യോടും ഈയാവശ്യത്തിനു വേണ്ടി കഅ്ബ ശുദ്ധിയാക്കാനും അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. ‘ത്വവാഫ് ചെയ്യുന്നവർക്കും ഇഅ്തികാഫിരിക്കുന്നവർക്കും റുകൂഉം സുജൂദും ചെയ്യുന്നവർക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങൾ ശുദ്ധീകരിക്കുവിൻ എന്ന് നാം ഇബ്‌റാഹീമിനും ഇസ്മാഈലിനും ഉത്തരവ് നൽകിയിട്ടുണ്ട് (അൽബഖറ: 54).
നാഥന്റെ കൽപ്പന പ്രകാരം ഹജ്ജിനെത്തുന്ന വിശ്വാസികൾ ഐക്യപ്പെടലുകൾക്കുള്ള തെളിഞ്ഞ പാതയിലാണ് എത്തിച്ചേരുന്നത്. കഅ്ബയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പോലും ഈ ഐക്യസന്ദേശം വിളിച്ചോതുന്നു. ഭൂമിയുടെ കൃത്യം മധ്യഭാഗത്തായ കഅ്ബക്കു ചുറ്റും ഏകതാളത്തിൽ മനുഷ്യ സാഗരം സംഗമിക്കുന്ന കാഴ്ചയാണ് ഹജ്ജിൽ ദൃശ്യമാവുന്നത്. ഒരു മാലയിലെ മുത്തുകൾ പോലെ ഐക്യപ്പെടലിന്റെയും ഒരുമയുടെയും സൗന്ദര്യം ഹാജിമാർ ലോകത്തിനു കൈമാറുന്നു.

സുകൃതമാണ് ഹജ്ജ്

പാപമോചനവും സ്വർഗപ്രവേശവും പ്രതിഫലം ലഭിക്കുന്ന വിശുദ്ധ കർമമാണ് ഹജ്ജ്. തിരുനബി(സ്വ) പറഞ്ഞു: ‘പാപങ്ങൾ ഒഴിവാക്കിയും അനാവശ്യ സംസാരങ്ങൾ ഉപേക്ഷിച്ചും ഒരാൾ ഹജ്ജ് നിർവഹിച്ചാൽ ജനിച്ച ദിവസത്തിലേതു പോലെ അയാൾ പാപമോചിതനാകുന്നതാണ്’ (ബുഖാരി, മുസ്‌ലിം). ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനമുള്ള ഒരു ഹദീസിൽ റസൂൽ(സ്വ) പറയുന്നു: ‘ഹജ്ജിനു വേണ്ടി വീട്ടിൽ നിന്നു പുറപ്പെടുന്നവന്റെ ഓരോ കാലടിക്കും ഒരു നന്മ എഴുതപ്പെടുകയും ഒരു തിന്മ മായ്ക്കപ്പെടുകയും ചെയ്യും (ഇബ്‌നുഹിബ്ബാൻ).
വിശ്വാസികൾക്ക് ആത്മീയ ചൈതന്യം നൽകുന്ന സുകൃതമാണ് ഹജ്ജ്. നിരവധി അനുഗൃഹ വർഷമുണ്ടായ മക്കയിലാണല്ലോ വിശ്വാസികളെത്തുന്നത്. ഇസ്‌ലാമിന്റെ സമ്പന്ന ചരിത്രമുറങ്ങുന്ന മണ്ണാണ് മക്ക. അനുഗൃഹീത പ്രദേശമാണെന്നും ഏറെ മഹത്ത്വമുള്ള ഭൂമിയാണെന്നും വിശുദ്ധ ഖുർആൻ പലയിടങ്ങളിലും സൂചിപ്പിക്കുന്നുണ്ട്: ‘നിശ്ചയം ജനങ്ങൾക്കു വേണ്ടി നിർമിക്കപ്പെട്ട പ്രഥമ ഭവനം മക്കയിലുള്ളതാണ്. അനുഗ്രഹപൂർണവും സർവലോകർക്കും മാർഗദർശനവുമാണത്. അതിൽ സുവ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. അതിലൊന്നാണ് മഖാമു ഇബ്‌റാഹീം. വല്ലവനും അതിൽ പ്രവേശിച്ചാൽ അവൻ നിർഭയനായി. പ്രസ്തുത ഭവനത്തിലെത്തിച്ചേരാൻ കഴിയുന്നവർ അവിടെയെത്തി ഹജ്ജ് നിർവഹിക്കുകയെന്നത് ജനങ്ങൾക്ക് അല്ലാഹുവിനോടുള്ള ബാധ്യതയാണ് (3/96-97).
മക്കയുടെ മഹത്ത്വവും ശ്രേഷ്ഠതയും വിവരിക്കുന്ന നിരവധി ഹദീസുകളുണ്ട്. നബി(സ്വ) അരുളി: ‘അല്ലാഹുവാണ് സത്യം, നീ (മക്ക) അല്ലാഹുവിന്റെ ഭൂമിയിലെ ഏറ്റവും നന്മയുള്ള സ്ഥലമാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ഭൂമിയുമാണ് (തുർമുദി). ‘ഈ നാട് ആകാശ ഭൂമികളെ സൃഷ്ടിച്ച അന്ന് മുതൽ അല്ലാഹു വിശുദ്ധമാക്കിയ ദേശമാണ്’ (മുസ്‌ലിം).
മക്കക്ക് നിരവധി പേരുകളുണ്ട്. മക്കക്കും മദീനക്കുമുള്ളതു പോലെ നാമവൈവിധ്യങ്ങളുള്ള മറ്റു സ്ഥലങ്ങളില്ലെന്നും ഭൂമിയിലെ ഏറ്റവും പുണ്യമുള്ള ഇടങ്ങളായതുകൊണ്ടാണിതെന്നും നിരവധി പേരുകളിൽ ഒരേസമയം പ്രസിദ്ധമായെന്ന സവിശേഷതയും മക്കക്കും മദീനക്കുമുണ്ടെന്നും ഇമാം നവവി(റ). വിശുദ്ധ ഖുർആനിൽ അൽഫത്ഹ് 24, ആലുഇംറാൻ 96, അൽഅൻആം 92, അൽബലദ് 1, അത്തീൻ 3, അന്നംല് 91, അൽഖസ്വസ്വ് 5, 57, ഇബ്‌റാഹീം 37 തുടങ്ങിയ സൂക്തങ്ങളിൽ മക്കയെ പല പേരുകളിൽ പരാമർശിക്കുന്നുണ്ട്.

സവിശേഷ നിയമങ്ങളുള്ള ഹറം

മക്കയും അതിനു പരിസരമുള്ള നിശ്ചിത സ്ഥലങ്ങളുമാണ് ഹറം ശരീഫ്. മക്കയോടുള്ള ആദരവ് നിമിത്തം അതിനെ വലയം ചെയ്ത പ്രദേശങ്ങളെയും അല്ലാഹു ആദരണീയ മേഖലയിലുൾപ്പെടുത്തിയതാണ്. ഹറമിന്, അതിന്റെ എല്ലാ ഭാഗങ്ങളിലും അടയാളങ്ങളുണ്ട്. ആദ്യമായി ഹറമിനു ചിഹ്നങ്ങൾ സ്ഥാപിച്ചത് ഇബ്‌റാഹീം നബി(അ)യാണ്. സ്ഥാനങ്ങൾ കാണിച്ചുകൊടുത്തത് ജിബ്‌രീലും(അ). പിന്നീട് മുഹമ്മദ് നബി(സ്വ)യും ശേഷം ഉമർ(റ), ഉസ്മാൻ(റ), മുആവിയ(റ) എന്നിവരും ഈ ചിഹ്നങ്ങൾ പുതുക്കാൻ ഉത്തരവിടുകയുണ്ടായി. മക്ക ഹറമിന്റെ ചുറ്റളവ് 127 കി.മീറ്ററും വിസ്തീർണ്ണം 550.3 ചതുരശ്ര കി.മീറ്ററുമാണ്. ഹറം അതിരുകളുടെ ദൂരങ്ങൾ ആധുനിക കാലത്ത് മദീന മുനവ്വറ റൂട്ടിൽ 65 കി.മീറ്റർ, ജിദ്ദ അതിവേഗ പാതയിൽ 22 കി.മീറ്റർ, പുതിയ ലൈസ് പാതയിൽ 17 കി.മീറ്റർ, ത്വാഇഫ് സൈൽ റൂട്ടിൽ 12.85 കി.മീറ്റർ, ത്വാഇഫ് ഹദാ റൂട്ടിൽ 15.5 കി.മീറ്റർ എന്നിങ്ങനെയാണ് (മക്കത്തുൽ മുകർറമ താരീഖു വ ആലിം 35).
ഹറം ശരീഫുമായി ബന്ധപ്പെട്ട പ്രത്യേക നിയമങ്ങൾ ധാരാളമുണ്ട്. യുദ്ധം ചെയ്യാനോ ആയുധം വഹിച്ചുനടക്കാനോ വേട്ടയാടാനോ ചെടികൾ മുറിക്കാനോ അവിടെ പാടില്ല. അവിടത്തെ കല്ലോ മണ്ണോ പുറത്തേക്ക് കൊണ്ടുപോകുന്നത് ഹറാമും അവ പുറത്തുനിന്ന് അങ്ങോട്ട് കൊണ്ടുവരുന്നത് കറാഹത്തുമാണ്. ഏതു സമയത്തും ഒരു നിസ്‌കാരവും കറാഹത്തില്ലാത്ത സ്ഥലവും സർവ ആരാധനകൾക്കും അനേകം മടങ്ങ് പ്രതിഫലമുള്ള ഇടവും കൂടിയാണത്.

പുണ്യയിടങ്ങൾ

കഅ്ബ, ഹജറുൽ അസ്‌വദ്, മഖാമു ഇബ്‌റാഹീം, സംസം, മത്വാഫ്, മുൽതസം തുടങ്ങിയ പുണ്യയിടങ്ങൾ മക്കയുടെ അലങ്കാരമാണ്. ലോക ഭൂപടത്തിൽ അതുല്യ മഹത്ത്വങ്ങളും അതിരറ്റ ശ്രേഷ്ഠതകളും വിശുദ്ധ മക്കക്ക് ലഭിക്കാൻ ഇത്തരം പുണ്യസ്ഥലങ്ങളും കാരണങ്ങളാണ്.
കഅ്ബയിലേക്കുള്ള നോട്ടം പോലും ഇബാദത്താണ്. പണ്ഡിതർ പറയുന്നു: ‘കഅ്ബയിലേക്ക് വിശ്വാസത്തോടെയും പാരത്രിക പ്രതിഫല പ്രതീക്ഷയോടെയും നോക്കുന്നത് സുന്നത്താണ്. കാരണം ആ നോട്ടം തന്നെ ഇബാദത്താണ്. പ്രസ്തുത നോട്ടത്തിന് വലിയ ശ്രേഷ്ഠതയുണ്ടെന്ന് നിരവധി ഹദീസുകളിൽ കാണാം (അൽഈളാഹ്: 393).
ഇബ്‌നുൽ മുസയ്യബ്(റ)വിൽ നിന്ന് നിവേദനം: ‘ഈമാനോടെ കഅ്ബയിലേക്ക് നോക്കുന്നവന്റെ പാപങ്ങൾ ഉതിർന്നുവീഴുന്നതാണ്; വൃക്ഷത്തിൽ നിന്ന് ഇലകൾ ഉതിർന്നുവീഴുന്നതുപോലെ’ (അൽഇഫ്‌സ്വാഹ് ശർഹുൽ ഈളാഹ്: 392). ഇമാം നവവി(റ) കുറിച്ചു: ‘കഅ്ബയുടെ സമീപത്തുവെച്ച് മന:സാന്നിധ്യത്തോടെയും ഭക്തിയോടെയും അല്ലാഹുവിനോട് പ്രാർഥിക്കുക. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് അവിടെ വെച്ച് പ്രാർഥിക്കേണ്ടത്. മനസ്സിന്റെ ശ്രദ്ധ തിരിക്കുന്ന ഒന്നിലേക്കും നോക്കാൻ നിൽക്കരുത്. നല്ല അദബ് പാലിക്കുകയും ഏറ്റവും ശ്രേഷ്ഠമായ സ്ഥലത്താണെന്ന ബോധമുണ്ടാവുകയും വേണം (ഈളാഹ്: 394).
ഇബ്‌നുമാജ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി(സ്വ) പറയുന്നു: ‘കഅ്ബ കാണുന്ന സമയത്ത് ആകാശ വാതിലുകൾ തുറക്കപ്പെടുകയും വിശ്വാസിക്ക് പ്രാർഥനക്കുത്തരം ലഭിക്കുകയും ചെയ്യുന്നതാണ്’ (അൽഇഫ്‌സ്വാഹ്: 200). മക്കയിലേക്ക് പ്രവേശിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ പരാമർശിക്കുന്നിടത്ത് നവവി(റ) പറയുന്നു: ‘കഅ്ബ കാണുമ്പോൾ പരമാവധി ഭക്തിയും വിനയവും മനസ്സിൽ നിറക്കണം. അതാണ് സജ്ജനങ്ങളുടെ പതിവും ദിവ്യജ്ഞാനികളുടെ ആരാധനാക്രമവും. കാരണം ഭവനം കാണുന്നത് ഭവനത്തിന്റെ ഉടമയെ ഓർമിപ്പിക്കുകയും സ്‌നേഹം ജനിപ്പിക്കുകയും ചെയ്യുമല്ലോ (ഈളാഹ്: 201).
ഹജറുൽ അസ്‌വദ് നിറത്തിൽ അൽപം കറുത്തതും രൂപത്തിൽ അണ്ഡാകൃതിയുമുള്ള ശിലാ കഷ്ണമാണ്. വെള്ളി കൊണ്ട് നിർമിതമായ ഒരു ഫ്രെയിം അതിനു ചുറ്റുമുണ്ട്. ഇത് ആദ്യമായി ചെയ്തത് അബ്ദുല്ലാഹിബ്‌നു സുബൈർ എന്ന ഭരണാധികാരിയാണ്. തിരുനബി(സ്വ) പറയുന്നു: ‘ഹജറുൽ അസ്‌വദ് പാലിനേക്കാൾ വെളുത്തതായിട്ടാണ് സ്വർഗത്തിൽ നിന്നിറങ്ങിയത്. ആദം സന്തതികളുടെ പാപങ്ങളാണ് അതിനെ കറുപ്പിച്ചുകളഞ്ഞത്’ (തുർമുദി).
‘നിശ്ചയം ഹജറുൽ അസ്‌വദും മഖാമു ഇബ്‌റാഹീമും സ്വർഗീയ രത്‌നങ്ങളിൽപെട്ട രണ്ടു രത്‌നങ്ങളാണ്. അവ രണ്ടിന്റെയും പ്രകാശം അല്ലാഹു മൂടിവെച്ചിരിക്കുകയാണ്. അല്ലാഹു അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ കിഴക്കു പടിഞ്ഞാറിനിടയിൽ അവ പ്രകാശം പരത്തി നിലകൊള്ളുമായിരുന്നു’ (അഹ്‌മദ്, ഇബ്‌നുഖുസൈമ).
ഹാജിമാർക്ക് പ്രതിഫലം വാരിക്കൂട്ടാൻ പറ്റിയ കർമങ്ങളിൽ പ്രധാനമാണ് ത്വവാഫ്. ത്വവാഫിന്റെ ശ്രേഷ്ഠത കുറിക്കുന്ന നിരവധി ഹദീസുകളുണ്ട്. സൂര്യോദയ സമയത്തും അസ്തമയ സമയത്തും ത്വവാഫിന് പ്രത്യേകം പുണ്യവുമുണ്ട്. ‘രണ്ട് ത്വവാഫുകൾ മുസ്‌ലിമിന്റെ ദോഷം പൊറുത്ത് ജനിച്ച ദിവസത്തിലെന്ന പോലെ പാപമോചിതനാക്കും. അതുനിമിത്തം എത്ര കൂടിയ ദോഷങ്ങളും അല്ലാഹു പൊറുത്തുകൊടുക്കും. സ്വുബ്ഹിക്ക് ശേഷം തുടങ്ങി സൂര്യോദയത്തോടെ അസ്തമിക്കുന്ന ത്വവാഫും അസ്വർ നിസ്‌കാര ശേഷം തുടങ്ങി മഗ്‌രിബോടെ അവസാനിക്കുന്ന ത്വവാഫുമാണവ (അൽഅസ്‌റഖി 1/393).
മക്ക മുഴുവൻ പുണ്യം നിറഞ്ഞതും പ്രാർഥനക്കുത്തരം ലഭിക്കുന്നതുമായ സ്ഥലങ്ങളാണ്. എന്നാൽ മത്വാഫ്, മുൽതസം, മീസാബ് (സ്വർണപ്പാത്തി), കഅ്ബ, സംസം, സ്വഫ, മർവ, മസ്അ തുടങ്ങിയ ഇടങ്ങളിൽ പ്രാർഥനക്കുത്തരമുണ്ടെന്ന് പ്രത്യേകം പരാമർശമുണ്ട്. ഉദാഹരണത്തിന് ഒരു ഹദീസ് കാണുക: ‘അല്ലാഹുവിനോട് വല്ലതും ചോദിച്ചുകൊണ്ട് ആരെങ്കിലും മുൽതസമിനെ ആലിംഗനം ചെയ്താൽ അവൻ ചോദിച്ച കാര്യം അല്ലാഹു നൽകാതിരിക്കില്ല’ (സുനനുൽ കുബ്‌റാ).
മക്കയിലെ സർവ കർമങ്ങൾക്കും പുറമെ മദീനയിൽ ചെന്ന് തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്ന അവസരവും വിശ്വാസിക്ക് സൗഭാഗ്യമാണ്. മുഅ്മിനിന്റെ വിശ്വാസത്തിന് മാറ്റ് കൂട്ടാനുള്ള മാർഗം കൂടിയാണ് മദീനാ സന്ദർശനം. തിരുനബി(സ്വ)ക്കു പുറമെ സിദ്ദീഖ്(റ), ഉമർ(റ) എന്നിവർ റൗളാ ശരീഫിലുണ്ട്. ആഇശ(റ), ഫാത്വിമ(റ), ഉസ്മാൻ(റ) അടക്കമുള്ള പതിനായിരത്തോളം സ്വഹാബിമാർ, ഔലിയാക്കൾ, മഹാരഥന്മാർ വിശ്രമിക്കുന്ന ഇടമാണ് ബഖീഅ്. മക്ക, മദീന സന്ദർശനത്തിന് തൗഫീഖ് ലഭിക്കുന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനിർവചനീയ അനുഭൂതിയാണ്.
യാത്രക്കൊരുങ്ങുമ്പോൾ

ഹജ്ജ് യാത്രക്ക് ഒരുങ്ങുന്നവർ പരിചയവും വിവരവും മതനിഷ്ഠയുമുള്ള വ്യക്തിയോട് കൂടിയാലോചിക്കുന്നതും അഭിപ്രായം ചോദിക്കുന്നതും സുന്നത്താണ്. ഈ കർമം ഈ സമയത്ത് ഗുണകരമാണോ എന്നറിയാൻ വേണ്ടി അല്ലാഹുവിനോട് ഇസ്തിഖാറത്ത് നടത്തലും സുന്നത്ത് തന്നെ (ഈളാഹ്: 9).
കൂടിയാലോചനയും ഇസ്തിഖാറത്തും നിർവഹിച്ച ശേഷം തൗബ ചെയ്യണം. പാപങ്ങളിൽ നിന്നുള്ള തൗബ നിർബന്ധവും കറാഹത്തുകളിൽ നിന്നുള്ള തൗബ സുന്നത്തുമാണ്. സൃഷ്ടികളോടുള്ള ബാധ്യതകൾ കൊടുത്തുവീട്ടുകയോ അവരുടെ പൊരുത്തം വാങ്ങുകയോ വേണം. യാത്രക്ക് മുമ്പ് തന്നെ അവധിയില്ലാത്ത കടങ്ങൾ നിർബന്ധമായും അവധിയുള്ളവ സുന്നത്തായും കൊടുത്തുവീട്ടണം. വീട്ടാൻ കഴിയാത്തത് ഉത്തരവാദപ്പെട്ടവരെ ഏൽപ്പിക്കുകയും വേണം. കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും പൊരുത്തം വാങ്ങണം. അറിവിലുള്ള വീഴ്ചകൾക്ക് ക്ഷമാപണം നടത്തൽ നിർബന്ധവും സാധ്യതയുള്ള വീഴ്ചകൾക്ക് ക്ഷമാപണം സുന്നത്തുമാണ്. മറ്റുള്ളവരുടെ സൂക്ഷിപ്പു സാധനങ്ങൾ തിരിച്ചുകൊടുക്കുകയും വസ്വിയ്യത്തുകൾ എഴുതിവെക്കുകയും അതിനു സാക്ഷിനിർത്തുകയും വേണം. താൻ ചെലവ് നൽകൽ നിർബന്ധമായവർക്ക് തിരിച്ചുവരുന്നത് വരെയുള്ള ചെലവിനാവശ്യമായ വക നീക്കിവെക്കുകയും വേണം (ശർഹുൽ ഈളാഹ്: 22-24).
യാത്രാ ചെലവ് സംഖ്യ ഹറാമിന്റെ അംശം കലരാത്ത ശുദ്ധ ഹലാലാകണം. ആവശ്യക്കാരായ സഹയാത്രികരെ സഹായിക്കാൻ വേണ്ടി കൂടുതൽ ഭക്ഷണവും സംഖ്യയും കരുതണം. ആരാധനാവശ്യത്തിന് വേണ്ടി വാങ്ങുന്ന സാധനങ്ങൾ സ്വന്തം ആവശ്യത്തിനാണെങ്കിൽ അവ വാങ്ങുമ്പോൾ വിലപേശി തർക്കിക്കരുത്. എന്നാൽ കുഞ്ഞിന് വേണ്ടിയോ തന്നെ ഏൽപ്പിച്ച വേറൊരാൾക്ക് വേണ്ടിയോ ഇടപാട് നടത്തുകയാണെങ്കിൽ വിലപേശി വില കുറക്കാൻ ശ്രമിക്കുകയും വേണം (ഈളാഹ്: 32).
വ്യക്തവും സമഗ്രവുമായ ഹജ്ജ് കർമങ്ങൾ വിശദീകരിക്കുന്ന ഗ്രന്ഥം കൈയിൽ കരുതുകയും പതിവായി പാരായണം ചെയ്യുകയും വേണം. വഴിയിലുടനീളം പാരായണം ആവർത്തിക്കുകയും തന്നിമിത്തം ഹജ്ജ് നിർവഹണ രീതി മനസ്സിലുറക്കുന്ന സ്ഥിതിവിശേഷമുണ്ടാവുകയും ചെയ്യണം. ഗുണകാംക്ഷി കൂടെ വേണം. അത് പണ്ഡിതൻ, സ്‌നേഹിതൻ, കുടുംബക്കാരൻ എന്നിവരാകുന്നത് ഉത്തമമാണ് (ഈളാഹ്: 15).
ഹജ്ജ് ഉദ്ദേശിച്ച് വീട്ടിൽ നിന്ന് പുറപ്പെടുന്നവർ പല മര്യാദകളും പാലിക്കേണ്ടതുണ്ട്. യാത്ര പുറപ്പെടുമ്പോഴുള്ള രണ്ട് റക്അത്ത് നിസ്‌കരിക്കണം. ഒന്നാമത്തെ റക്അത്തിൽ ഫാതിഹക്കു ശേഷം സൂറത്തുൽ കാഫിറൂനയും രണ്ടാം റക്അത്തിൽ ഫാതിഹക്കു ശേഷം സൂറത്തുൽ ഇഖ്‌ലാസും ഓതണം. നിസ്‌കാരത്തിൽ നിന്ന് സലാം വീട്ടിയ ശേഷം ആയത്തുൽ കുർസി, സൂറത്തുൽ ഖുറൈശ് എന്നിവ ഓതുക. ഇഹപര കാര്യങ്ങൾക്ക് വേണ്ടി സൗകര്യമായ വിധത്തിൽ ദുആ ചെയ്യുക. ഇരുത്തത്തിൽ നിന്ന് എഴുന്നേറ്റാൽ വീണ്ടും ദുആ ചെയ്യുക. പിന്നീട് എല്ലാവരോടും യാത്ര പറയുക, പുറപ്പെടുമ്പോൾ പുറപ്പാടിന്റെ ദുആ ചെയ്യുക. സൗകര്യപ്പെടുന്നൊരു സ്വദഖ അവിടെയുള്ളവർക്ക് ചെയ്യുക എന്നിവയാണവ (ശർഹുൽ ഈളാഅ്: 44-47).

സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ