അലി(റ) വഫാത്തായെങ്കിലും ഇസ്‌ലാമിക നിയമപ്രകാരം മുആവിയ(റ) ഗവർണറാണ്. അടുത്ത ഖലീഫയായി പിതാവ് വഫാത്തായ അതേ ദിവസം മകനായ ഹസൻ(റ)നെ ഖൈസുബ്‌നു സഅദ് ഇബ്‌നു ഉബാദ(റ) ബൈഅത്ത് ചെയ്തു. അതോടെ അഹ്ലുൽ ഹല്ലി വൽ അഖ്ദടക്കമുള്ള കൂഫയിലെ ജനങ്ങളും ബൈഅത്തു ചെയ്തു. അഹ്‌ലുൽ ഹല്ലി വൽ അഖ്ദ് ഒരാളെ ഖലീഫയായി തിരഞ്ഞെടുത്താൽ ഇജ്മാഇല്ലെങ്കിലും (എല്ലാവരും ഐകകണ്‌ഠ്യേന അംഗീകരിക്കൽ) അദ്ദേഹമായിരിക്കും ഖലീഫ എന്നതാണ് പ്രബലമായ അഭിപ്രായം. അങ്ങനെ ഹസൻ(റ) ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ പുതിയ ഭരണാധികാരിയായി. അലി(റ) വഫാത്താകുമ്പോൾ ഖിലാഫത്തുർറാശിദ തുടങ്ങിയിട്ട് 29 വർഷവും ആറു മാസവുമേ ആയിട്ടുണ്ടായിരുന്നുള്ളൂ. തിരുനബി(സ്വ) പറഞ്ഞതു പ്രകാരം ആറുമാസം കൂടി ഖിലാഫത്തുർറാശിദക്ക് ബാക്കിയുണ്ട്.
അറസ്റ്റുചെയ്യപ്പെട്ട അലി(റ)യുടെ ഘാതകൻ അബ്ദുറഹ്‌മാൻ ഇബ്‌നു മുൽജിമിനെ പുതിയ ഖലീഫയുടെ മുന്നിൽ ഹാജരാക്കി. ഇതറിഞ്ഞ ജനങ്ങൾ ഒലീവെണ്ണയും മുള കൊണ്ട് നെയ്ത പായയും കൊണ്ടവിടെ സംഘടിച്ചു. ഞങ്ങളാണ് ശിക്ഷിക്കാനർഹരെന്ന് അലി(റ)ന്റെ കുടുംബം അവകാശവാദമുന്നയിച്ചു. കൈകാലുകൾ ആദ്യം ഛേദിച്ചു. ആ അവസ്ഥയിൽ അയാൾ സൂറത്തുൽ ഫത്ഹ് പൂർണമായി ഓതിത്തീർത്തു. പിന്നെ വധശിക്ഷ നടപ്പാക്കി.
ഖുർആൻ മന:പാഠമാക്കലും ആരാധനകളും ദിക്‌റും നോമ്പനുഷ്ഠാനവും ഖവാരിജുകൾ ജീവിതചര്യയാക്കുമെങ്കിലും തീവ്രവാദവും ഭരണകൂടത്തെ അട്ടിമറിക്കലും അക്രമപ്രവർത്തനവും അവരുടെ പതിവായിരുന്നു. സ്വന്തം തിന്മകളെ സമൂഹമധ്യേ വെള്ളപൂശാനും പരസ്യമായുള്ള ഇബാദത്തുകളെ അവർ മറയാക്കി. ആധുനിക ബിദഇകളും ഇതേ രീതി പിന്തുടരുന്നത് അനുഭവം.

കാലം ശരിവെച്ച തീരുമാനം

ഹസൻ(റ)നെ ഇറാഖിന്റെ ഭൂരിപക്ഷം പ്രദേശവും പുറമെ ഹിജാസും ഖലീഫയായി അംഗീകരിച്ചു. എങ്കിലും വീണ്ടും പ്രശ്‌നങ്ങൾ ഉടലെടുത്തു. തന്നെയാണ് ഭൂരിപക്ഷം മുസ്‌ലിംകളും ഖലീഫയായി അംഗീകരിക്കുന്നത്, ഭൂരിപക്ഷം പ്രദേശവും തന്റെ കീഴിലുമാണ്. അതിനാൽ ഹസൻ(റ)നെ ഉടമ്പടി ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു മുആവിയ(റ)യുടെ പക്ഷം. മറുവിഭാഗത്തിനെതിരെ അദ്ദേഹം സൈന്യത്തെ തയ്യാറാക്കുകയും ചെയ്തു.
നബി(സ്വ)യോട് രൂപത്തിൽ വളരെ സാദൃശ്യമുള്ള പേരമകൻ ഹസൻ(റ) വിവാദങ്ങൾ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ശാന്ത സ്വഭാവക്കാരനായ മഹാൻ മുആവിയ(റ) തനിക്കെതിരിൽ യുദ്ധത്തിനൊരുങ്ങുന്നു എന്നറിഞ്ഞപ്പോൾ ബൈഅത്ത് ചെയ്തവരോട് പറഞ്ഞു: ‘എനിക്ക് അധികാരത്തിലൊന്നും താൽപര്യമില്ല. പക്ഷേ, നിങ്ങളെല്ലാം എന്നെ ഖലീഫയായി അംഗീകരിച്ചതിനെതിരെ മറുഭാഗം യുദ്ധത്തിന് വരുന്നപക്ഷം എന്നോടൊപ്പം നിങ്ങളുണ്ടാകണം.’
ഹസൻ(റ)ന്റെ വാക്കു കേട്ട് 40000 പേർ മഹാനെ പിന്തുണച്ചു. എങ്കിലും അവർക്കിടയിൽ ഐക്യമോ ഒരേ ചിന്താഗതിയോ ഉണ്ടായിരുന്നില്ല. ശിയാക്കളും ഇവരിൽ ഉൾപ്പെട്ടിരുന്നു. അവർ ഹസൻ(റ)നെ സ്വാധീനിക്കാൻ ചില സമ്മർദങ്ങൾ ചെലുത്തി. പക്ഷേ, മഹാൻ അവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങിയില്ല. കലിപൂണ്ട അവർ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചു. സമ്പത്തെല്ലാം കൊള്ളചെയ്തു. പരിക്കേറ്റ അദ്ദേഹം കോട്ടയിൽ കയറിയാണ് രക്ഷപ്പെട്ടത്. നിർബന്ധിതനായി യുദ്ധമുഖത്തേക്കിറങ്ങേണ്ടിവന്ന ഹസൻ(റ)ന് തന്നോടൊപ്പമുള്ളവരുടെ സ്വഭാവം ബോധ്യപ്പെട്ടു.
ഖലീഫ ഹസൻ(റ) യുദ്ധത്തിനൊരുങ്ങിയതറിഞ്ഞ മുആവിയ(റ) പോരാട്ടമൊഴിവാക്കാൻ അദ്ദേഹത്തിന് കത്തെഴുതി. അതെത്തിക്കാൻ രണ്ടു സ്വഹാബികളെ ഏർപ്പാടാക്കി. അവരതുമായി ഹസൻ(റ)നെ സമീപിച്ചു: ‘മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിനും പുരോഗതിക്കും ഇസ്ലാമിന്റെ വളർച്ചക്കും ഞാനൊരു മസ്വ്‌ലഹത്ത് നിർദേശിച്ചാൽ അങ്ങത് സ്വീകരിക്കില്ലേ. മുസ്‌ലികളുടെ ഐക്യത്തിനായി എന്തിനും ഞാൻ തയ്യാറാണ്. അങ്ങേക്കും അഹ്‌ലുബൈത്തിനും ഇതുവരെ എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നോ അതെല്ലാം മരണം വരെ ലഭിക്കുന്നതാണ്. അതിലപ്പുറം വല്ലതും വേണ്ടതുണ്ടെങ്കിൽ ഈ കത്തിൽ ഒഴിച്ചിട്ട ഭാഗത്ത് എഴുതി തിരിച്ചയക്കുക.’
ഹസൻ(റ) എന്താവശ്യപ്പെട്ടാലും അതെല്ലാം അംഗീകരിക്കുന്നു എന്നറിയിക്കാനായി മുആവിയ(റ) നേരത്തെ തന്നെ ഒന്നുമെഴുത്താത്ത വെള്ള പേപ്പറിന്റെ അവസാനത്തിൽ ഒപ്പുവെച്ച് ഉടമ്പടി രൂപത്തിൽ തയ്യാറാക്കിയിരുന്നതായും ചരിത്രം പറയുന്നു. ഏതായാലും ദൂതരുടെ വാക്കുകൾ ഹസൻ(റ)നെ സന്തോഷിപ്പിച്ചു. അദ്ദേഹം മറുപടിയെഴുതി: ‘മസ്വ്‌ലഹത്താണെങ്കിൽ വളരെ സന്തോഷം. അതാണല്ലോ വേണ്ടത്. ഈ ലോകം നശ്വരമാണ്. അതിലെനിക്കൊരു താൽപര്യവുമില്ല. മുസ്‌ലിംകൾ ഐക്യത്തോടെ മുന്നേറണം. അങ്ങനെ ഇസ്‌ലാമിന് വളർച്ചയുണ്ടാകട്ടെ. പിന്നെ, ഭരണം നിങ്ങളുടെ കൈയിലെത്തിയാൽ എന്റെ പിതാവ് അലി(റ)യുടെ കാലത്തുണ്ടായ യുദ്ധങ്ങളിൽ നിങ്ങളുടെ ഭാഗത്തു നിന്ന് കൊല്ലപ്പെട്ടവർക്കു പകരമായി ഒരാളെയും ശിക്ഷിക്കരുത്. ഞങ്ങൾ ബനൂഹാശിമിന് ഭരണപരമായി പല ആനുകൂല്യങ്ങളും ലഭിച്ചിരുന്നു, അധികാരമില്ലാതാകുമ്പോൾ അതെല്ലാം മുടങ്ങിപ്പോയാൽ അവർക്ക് പ്രയാസം സൃഷ്ടിക്കും. അതിനാൽ അവരെ പ്രത്യേകം പരിഗണിക്കണം.’
കത്ത് ഹസൻ(റ) ഇങ്ങനെ ഉപസംഹരിച്ചു: ഞാനാവശ്യപ്പെട്ട കാര്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിനും ഉന്നമനത്തിനുമായി ഖലീഫ സ്ഥാനം ഒഴിയാനും താങ്കളെ ബൈഅത്തു ചെയ്യാനും ഞാൻ തയ്യാറാണ്.’ കത്ത് കൈപ്പറ്റിയ മുആവിയ(റ)ന് ഏറെ സന്തോഷമായി. തക്ബീർ ചൊല്ലിയാണ് അദ്ദേഹമത് സ്വീകരിച്ചത്. പിന്നീടദ്ദേഹം ഹസൻ(റ)ന്റെ അടുത്തേക്ക് നേരിട്ടു വന്ന് ആദരിക്കുകയും സൽക്കരിക്കുകയുമുണ്ടായി. ഒപ്പം സഹോദരൻ ഹുസൈൻ(റ)വുമുണ്ടായിരുന്നു. മുആവിയ പറഞ്ഞു: ‘ഈ കത്തിൽ കുറിച്ചതിനു പുറമെ എന്താവശ്യപ്പെട്ടാലും അതും ഞാൻ അംഗീകരിച്ചിരിക്കുന്നു. എന്റെ മരണം വരെ അതെല്ലാം ഞാൻ ചെയ്തുതരും. നമുക്കൊരുമിച്ച് ഇസ്‌ലാമിന്റെ മുന്നേറ്റത്തിനായി പ്രവർത്തിക്കാം.’
ഈ സംഭവത്തെ കുറിച്ച് നബി(സ്വ) ഹസൻ(റ)ന്റെ കുട്ടിക്കാലത്ത് സൂചന നൽകിയിരുന്നു. അന്നൊരിക്കൽ റസൂൽ(സ്വ) തന്റെ മിമ്പറിൽ ഹസൻ(റ)നെ ഒപ്പമിരുത്തി പറഞ്ഞു: ‘എന്റെയീ പൊന്നുമോൻ മുസ്‌ലിം സമുദായത്തിന്റെ നേതാവാണ്. മുസ്‌ലിംകൾക്കിടയിൽ ഭിന്നത ഉടലെടുക്കുമ്പോൾ മധ്യസ്ഥനായി പ്രശ്‌നപരിഹാരം നടത്തുക ഈ കുട്ടിയായിരിക്കും.’ ഈ പ്രവചനപ്പുലർച്ചയാണ് മുപ്പതു വർഷം നീണ്ടുനിന്ന ഖിലാഫത്തിന്റെ അവസാന നാളുകളിൽ സംഭവിച്ചത്.
ഹിജ്‌റ 41 റബീഉൽ അവ്വൽ 25ന് ഹസൻ(റ) മുആവിയ(റ)യെ ഖലീഫയായി ബൈഅത്തു ചെയ്തു. ഒപ്പം ഹസൻ(റ)നെ പിന്തുണച്ചിരുന്ന പ്രവിശ്യക്കാരും ബൈഅത്ത് നടത്തി. അതോടെ ഇതുവരെ ഗവർണറായിരുന്ന മുആവിയ(റ) ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഖലീഫയാവുകയും ഉമവി ഭരണകൂടത്തിന് ഔദ്യോഗികാരംഭം കുറിക്കുകയുമുണ്ടായി. നബി(സ്വ) പ്രവചിച്ച മൂന്ന് പതിറ്റാണ്ടു കാലത്തെ ഖിലാഫത്തിന് അതോടെ തിരശ്ശീല വീണു.

അഹ്‌ലുബൈത്ത് മടങ്ങുന്നു

വൈകാതെ ഹസൻ(റ) തന്റെ കുടുംബക്കാരായ അഹ്‌ലുബൈത്തിനെയെല്ലാം കൂട്ടി മദീനയിലേക്കു മടങ്ങി. മദീനയിൽ സ്ഥിരതാമസമാക്കിയ മഹാൻ പിന്നീടൊരിക്കലും രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെട്ടില്ല. അറിവു പകർന്നു നൽകുന്നതിലും ആരാധനകളിലുമായി ജീവിതാന്ത്യം വരെ മദീനയിൽ കഴിച്ചുകൂട്ടി.
ഹിജ്‌റാബ്ദം മൂന്നിന് റമളാൻ പകുതി പിന്നിട്ട സമയത്ത് ജനിച്ച ഹസൻ(റ) വഫാത്തായത് ഹി. 49 റബീഉൽ അവ്വലിലാണ്. അദ്ദേഹത്തെ ഇഷ്ടംവെക്കുന്നവരോട് എനിക്കും പ്രിയമാണെന്ന് തിരുനബി(സ്വ) പല സന്ദർഭങ്ങളിൽ പറഞ്ഞതായി ഹദീസുകളിൽ കാണാം. വിഷമേറ്റാണ് മഹാൻ മരണപ്പെടുന്നത്. ആരാണ് അതിനു പിന്നിലെന്ന് സഹോദരൻ ഹുസൈൻ(റ)വിനോടു പോലും വെളിപ്പെടുത്തിയിരുന്നില്ല. വിഷം നൽകിയെന്നു കരുതുന്നയാൾക്കെതിരെ സഹോദരൻ പ്രതികാരത്തിനൊരുങ്ങിയാൽ യഥാർത്ഥത്തിൽ അയാൾ നിരപരാധിയാണെങ്കിലോ എന്ന സൂക്ഷ്മത കാരണമാണ് പറയാതിരുന്നത്. ഇനി ചെയ്തത് അയാൾ തന്നെയാണെങ്കിൽ മതിയായ ശിക്ഷ അല്ലാഹു നൽകിക്കോളും എന്നായിരുന്നു നിലപാട്. തന്നെ ചൊല്ലി സമുദായത്തിൽ കുഴപ്പമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ മഹാൻ ആഗ്രഹിച്ചു.
വിഷം നൽകിയതുമായി ബന്ധപ്പെട്ട് പല വ്യാജകഥകളും പ്രചരിക്കുന്നുണ്ട്. ഹസൻ(റ)ന്റെ ഭാര്യ മുഖേനയോ അവരുടെ സഹോദരൻ മുഖേനയോ ആണ് വിഷം നൽകിയതെന്നു ചിലർ. മുആവിയ(റ)യുടെ മരണശേഷം ഭരണം ഹസൻ(റ)വിന് കൈമാറണമെന്ന് വ്യവസ്ഥയുള്ളതിനാൽ ആ സാഹചര്യമൊഴിവാക്കാൻ മുആവിയ(റ) ചെയ്യിച്ചതാണെന്നാണ് മറ്റൊരു കഥ. ശീഈ നിർമിത കഥയാണിത്. മുആവിയ(റ)യുടെ കാലശേഷം ഭരണം ഹസൻ(റ)ന് തിരിച്ചുനൽകണമെന്ന വ്യവസ്ഥയുടെ വസ്തുതയിൽ തന്നെ അഭിപ്രായാന്തരമുണ്ട്. മുആവിയ(റ) അഹ്‌ലുബൈത്തിനെ ജീവിത കാലത്ത് ഒരു നിലക്കും വേദനിപ്പിച്ചിട്ടില്ലെന്നത് വസ്തുതയാണ്. അതിനാൽ തന്നെ അഹ്‌ലുബൈത്തിന് ഒരിക്കൽ പോലും അദ്ദേഹത്തെ എതിർക്കേണ്ടിയും വന്നിട്ടില്ല.
ഭർത്താവിനെ വിഷം കൊടുത്തു കൊന്നാൽ ഇദ്ദ പൂർത്തിയായ ശേഷം താൻ ഭാര്യയായി സ്വീകരിക്കാമെന്നും അങ്ങനെ രാജപത്‌നിയാകാമെന്നും യസീദ് വാഗ്ദാനം ചെയ്തുവെന്നും അതു മോഹിച്ച് ഹസൻ(റ)ന്റെ ഭാര്യ പാലിൽ വിഷം ചേർത്തു കൊന്നെങ്കിലും വാക്കു പാലിക്കാതെ യസീദ് ചതിക്കുകയായിരുന്നുവെന്ന കഥയും വ്യാജമാണ്.
വഫാത്തിന്റെ തൊട്ടുമുമ്പ് അനിയനായ ഹുസൈൻ(റ)വിനോട് ഹസൻ(റ) പറഞ്ഞു: ‘ഇറാഖുകാരെ ഒരിക്കലും വിശ്വസിക്കരുത്. നമ്മുടെ പിതാവിനെ വഞ്ചിച്ച അവരുടെ വാക്കുകേട്ട് ഒരു കാര്യത്തിനും താങ്കൾ ഇറങ്ങിപ്പുറപ്പെടരുതേ. അവർ താങ്കളെ ഉറപ്പായും സമീപിക്കും.’
നബി(സ്വ)യുടെ പേരക്കിടാങ്ങളായ ഹസനും ഹുസൈനും(റ) ഇസ്ലാമിന്റെ പ്രതാപകാലത്തു പിറന്നതിനാൽ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിരുന്നില്ല. അവരാകട്ടെ മുസ്‌ലിംകളിൽ ഏറെ ഉന്നതരുമാണ്. ഉന്നത സ്ഥാനങ്ങൾ കീഴടക്കിയവരെല്ലാം ജീവിതത്തിൽ കഠിന പരീക്ഷണങ്ങൾ അതിജയിച്ചവരാണ്. തതുല്യ പദവി ലഭിക്കാനാണ് ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിൽ ഇരുവരെയും അല്ലാഹു പരീക്ഷിച്ചത്. പിൽക്കാലത്തും അഹ്‌ലുബൈത്ത് വ്യത്യസ്ത രാഷ്ട്രീയ കാലാവസ്ഥകളിൽ പലതരം പരീക്ഷണങ്ങൾക്ക് വിധേയരായി. അപ്പോഴവർ വിവിധ ദേശങ്ങളിൽ അഭയം തേടുകയാണുണ്ടായത്.
(തുടരും)

 

സുലൈമാൻ ഫൈസി കിഴിശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ