തിരുപ്രകീര്‍ത്തന കവിതകളില്‍ ബുര്‍ദ കഴിഞ്ഞാല്‍ എന്നെ ഏറെ സ്വാധീനിച്ചത് തിരൂരങ്ങാടി ബാപ്പു ഉസ്താദിന്റെ കവിതകളാണ്. ആ കവിതയും അതിന്റെ ഉടമയുമായി ശൈശവ ബാല്യ കൗമാര യൗവ്വന കാലങ്ങളില്‍ വ്യത്യസ്തമായ ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞു.
അരീക്കോട് മജ്മഇല്‍ ആഴ്ചയിലൊരിക്കല്‍ ഉസ്താദ് വരാറുണ്ടായിരുന്നു; ഫത്ഹുല്‍ മുഈന്‍ ദര്‍സ് നടത്താന്‍. അങ്ങനെയാണ് കൗമാരത്തില്‍ ഉസ്താദിന്റെ ശിഷ്യത്വം സ്വീകരിക്കുന്നത്. എങ്കിലും ബാല്യകാലത്തുതന്നെ അവിടുത്തെ പ്രവാചക കീര്‍ത്തനങ്ങളുമായി ഹൃദയബന്ധമുണ്ടായിരുന്നു. കുഞ്ഞായിരിക്കുന്ന കാലത്ത് എന്നെ മന്ത്രിക്കാന്‍ വേണ്ടി ബാപ്പു ഉസ്താദിന്റെ അടുക്കല്‍ കൊണ്ടുപോയതായി ഉമ്മ പറയുന്നത് കേട്ടിട്ടുണ്ട്. ശൈശവത്തിലേറ്റുവാങ്ങിയ ആ മന്ത്രത്തിന്റെ ആത്മാവായിരിക്കാം വര്‍ത്തമാന കാലത്തും എന്നില്‍ ഒരു ഹൃദയവികാരം കെടാതെ നിലനിര്‍ത്തുന്നത്.
കുണ്ടൂര്‍ ഗൗസിയ്യയില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ഉസ്താദിന്റെ കവിത കിട്ടിയത്. ഹുജ്റാ ശരീഫില്‍ സുന്ദരമായ കാലിഗ്രാഫിയില്‍ സ്വര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ഹബീബുല്‍ ഹബ്ശി(റ)ന്റെ ഖസീദയുടെ പഞ്ചവത്കരണമായിരുന്നു (തഖ്മീസ്) അത്. അന്നു തന്നെ അത് അര്‍ത്ഥസഹിതം മനഃപാഠമാക്കാന്‍ ശ്രമിച്ചു. ആ ബയ്ത് തുടങ്ങുന്നതിങ്ങനെയാണ്:
യാ മല്‍ജഈ യാഹബീബല്‍ വാഹിദിസ്സ്വമദി
യാ മുന്‍ഖിദല്‍ ഖല്‍ഖി മിന്‍ അഹ്വാലി ഹൗലി ഗദി
വകുല്ലുഹും ഫീഹി ദുഖ്രീ ഇലൈക സ്വദീ
യാ സയ്യദീ യാ റസൂലല്ലാഹി ഖുദ് ബിയദീ
എന്‍റഭയമേ, ഏക ഇലാഹിന്‍ ഹബീബോരേ
സൃഷ്ടികളെല്ലാം ബേജാറിലായിരിക്കേ
നാളെയുടെ വിഹ്വലതകളില്‍ നിന്നവരെ കാക്കുന്നോരേ
രക്ഷകാ, അങ്ങയിലേക്കു ഞാന്‍ ദാഹാര്‍ത്തനാണ്
എന്‍ കരങ്ങള്‍ പിടിക്കൂ നബിയേ..
തിരുനബിയെ വിളിച്ച് കൊണ്ട് തന്നെയാണ് കവിത വികസിക്കുന്നത്.
യാമന്‍ യഖൂമു മഖാമല്‍ ഹംദി മുന്‍ഫരിദാ
ലില്‍ വാഹിദില്‍ ഫര്‍ദി ലം യൂലദ് വലംയലിദീ
യാമന്‍ തഫജ്ജറതില്‍ അന്‍ഹാറു നാബിഅതന്‍
മിന്‍ ഇസ്ബഅയ്ഹി ഫ അര്‍വല്‍ ജയ്ശ ബില്‍മദദി
ജനകനോ ജാതനോ അല്ലാത്ത ഏകനാം നാഥന്റെ
മഖാമുന്‍ മഹ്മൂദിലൊറ്റയാനായ് നില്‍ക്കുന്നോരേ..
കൈവിരലുകളില്‍ നിന്ന് തെളിനീര്‍ പുഴയൊഴുക്കി
വമ്പന്‍ സൈന്യത്തിന്റെ ദാഹമകറ്റിയോരേ….
ആ കവിതയുമായുള്ള സഹവാസം ഞാന്‍ വിട്ടില്ല. ഉസ്താദിന്റെ മറ്റു കവിതകള്‍ കൂടി മനസ്സിനെ കോരിത്തരിപ്പിച്ചുകൊണ്ടിരുന്നു. തിരുസ്നേഹം പ്രകടിപ്പിക്കാന്‍ ഒറ്റക്കിരുന്ന് അത് ചൊല്ലിക്കൊണ്ടിരിക്കും.
ഇന്നീ വഇന്‍ കുന്‍തു ലം ഉക്സിര്‍ മിനല്‍ അമലി
വമന്‍തഹയ്തു അനില്‍ ഇസ്വ്യാനി വസ്സലലി
ഉഹിബ്ബുഹു വഹുവ യക്ഫീനീ വ ദാഅമലി
ബിഹില്‍തജഅ്തു ലഅല്ലല്ലാഹ യഗ്ഫിറു ലീ
ഹാദല്ലദീ ഹുവ ളന്നീ വഹുവ മുഅ്തഖദീ…
കര്‍മ്മങ്ങളനവധിയില്ലെങ്കിലും
തെറ്റുകളെമ്പാടുമുണ്ടെങ്കിലുംമൊരു പ്രതീക്ഷയുണ്ട്;
ഞാന്‍ അവിടത്തെ സ്നേഹിക്കുന്നുവല്ലോ
അതുകൊണ്ട് ഞാനഭയം തേടുന്നു
അതാണെന്റെ ധാരണ; എന്റെ വിശ്വാസം
എന്നൊക്കെ പാടുമ്പോള്‍ നാമാകെ കുളിരണിയും..
ഇമാം അബൂഹനീഫ(റ)യുടെ ഖസീദതുന്നുഅ്മാനിയ്യയിലെ വരികള്‍ക്ക് പൊന്നാടയണിച്ച് ബാപ്പു ഉസ്താദ് പാടിയ വരികള്‍ ആരെയാണ് പുളകം കൊള്ളിക്കാതിരിക്കുക!.
ആവില്ല സൃഷ്ടികള്‍ക്കൊരാള്‍ക്കുമേ കുറിക്കുവാന്‍
വൃദ്ധന്‍,യുവാക്കള്‍,കുരുന്നുകള്‍ കൂടിലും
ഊഴിമുഴുക്കെ നിവര്‍ത്തീ കടലാസി
ലേഴു സമുദ്രം മഷിയാക്കി പുല്ലുകള്‍
പേനയാക്കീടിലും കൂട്ടിന്നു ജിന്നുകള്‍
ഒന്നായിരിക്കിലും ക്ലേശങ്ങളേല്‍ക്കിലും
ഒട്ടിട വിശ്രമം കൂടാതെയെത്ര നാള്‍
കൂടിയാലും നാമെഴുതിക്കഴിയുമോ?
സ്വല്‍പം ചരിതത്തെ ശേഖരിച്ചീടുമോ?
ഉള്ളം നിറക്കാന്‍ നബിയെ പുകഴ്ത്താ
നാകില്ല നിശ്ചയം, അല്ലാഹു സാക്ഷിയാ..
ആസക്തിയെയും അതിന്റെ മധുരം പുരട്ടിയ ഉപകരണങ്ങളെയും ചിഹ്നങ്ങളെയും വിസമ്മതിച്ച് കൊണ്ട് ഇമാം അബൂഹനീഫ(റ)യുടെ വരികള്‍ക്ക് മറ്റൊരിടത്ത് ആമുഖം പറഞ്ഞത് ഇങ്ങനെ:
മഅ്ബദിന്റെ മകളെയും സ്തനം തുടുത്ത ഉനൈസയെയും ആര്‍ക്കു വേണം?
അവരെയോര്‍ത്ത് ഞാന്‍ നേരം കളയുന്നില്ല.
പ്രത്യുത എന്റെ ആത്മാവ് മുഴുവനും മുഹമ്മദോരില്‍ നിമഗ്നമായിരിക്കുന്നു
നേതാവേ,അങ്ങയില്‍ വിലയിച്ച ഒരു കുഞ്ഞു ഹൃദയമെനിക്കുണ്ട്;
അങ്ങയോടുള്ള പ്രേമം നിറഞ്ഞ് നില്‍ക്കുന്ന ജീവന്റെ തുടിപ്പും
മദ്ഹബിന്റെ ഇമാമും ആഗോള മുസ്‌ലിംകള്‍ക്ക് സ്വീകാര്യനുമായ ഇമാം അബൂഹനീഫ(റ) തന്റെ കവിത മദ്ഹിലും സ്നേഹപ്രകടനങ്ങളിലും ഒതുക്കിയില്ല. മറ്റു ഇമാമുകളൊക്കെ ചെയ്ത പോലെ തിരുനബിയെ വിളിച്ച് സഹായം ചോദിക്കുന്നുണ്ട്.ഈ സഹായാര്‍ത്ഥന ബാപ്പു മുസ്‌ലിയാരുടെ കവിതകളിലും നിറഞ്ഞ് നില്‍ക്കുന്നു:
കുഴപ്പങ്ങളില്‍ നിന്ന് രക്ഷിക്കുന്നവരേ
അങ്ങയിലാണെന്‍റഭയം
പ്രയാസം സഹിക്കുന്നവരുടെയത്താണിയേ
അഭയം ! അങ്ങയില്‍ നിന്നൗദാര്യവും
ഐശ്വര്യവും പ്രതീക്ഷിക്കുന്നു ഞാന്‍
എന്തിന് വ്യാകുലപ്പെടണം?
തുടര്‍ന്ന് അബൂഹനീഫ(റ)യുടെ വരികളില്‍ ഇങ്ങനെയാണ് കാണുന്നത്:
അങ്ങയുടെ ഔദാര്യം കൊതിക്കുന്നു ഞാന്‍
അബൂ ഹനീഫക്ക് സൃഷ്ടികളിലങ്ങല്ലാതെയാരുമില്ല.
എന്നാല്‍ ഈ വരി ചൊല്ലുമ്പോഴാണ് രോമകൂപങ്ങള്‍ എഴുന്നേറ്റു നില്‍ക്കുക. പ്രേമത്തിന്റെ പ്രകാരങ്ങള്‍ അകതാരില്‍ പുഷ്പിച്ചു നില്‍ക്കുക:
വഇദാ ഖസദ്തു ഫഫീക ഖസ്ദീ കുല്ലുഹു
വഇദാ ഫഅല്‍തു ഫഫീക ഫിഅ്ലീ കുല്ലുഹു
വഇദാ തറക്തു ഫഫീക തര്‍കീ കുല്ലുഹു
വഇദാ സകത്തു ഫഫീക സ്വുംതീ കുല്ലുഹു
വഇദാ നതഖ്തു ഫമാദിഹന്‍ ഉല്‍യാകാ…
നിനച്ചതോ അങ്ങയെ മാത്രം
ചെയ്തതോ അങ്ങേയ്ക്ക് മാത്രം
ഉപേക്ഷയും അങ്ങേയ്ക്ക് മാത്രം
മൗനവും അങ്ങേയ്ക്ക് മാത്രം
വചനമോ അങ്ങയുടെ മദ്ഹുമാത്രം…
വെറുതെയായിരിക്കുമോ ഈ മുഖമ്മസിലെ വരികള്‍ ബാപ്പു ഉസ്താദ് തന്റെ ഗുരുവായ ഒ.കെ ഉസ്താദിന് കാണിച്ച് കൊടുത്തപ്പോള്‍ ശിഷ്യന്റെ തോളില്‍ കയ്യിട്ട് നെഞ്ചിലേക്ക് ചേര്‍ത്ത് വെച്ച് അവിടുന്ന് ഇങ്ങനെ പറഞ്ഞത്: “ഹായ്.. ഹെന്ത് രസണ്ട് ന്റെ ബാപ്പ്വോ…”
അതി സുന്ദരവും കര്‍ണാനന്ദകരവും ഏച്ചുകെട്ടലുകളില്‍ നിന്ന് മുക്തവുമായ ബദ്ര്‍ ബൈത്ത് ഉസ്താദ് രചിച്ചിട്ടുണ്ട്. പലയിടത്തും അത് ചൊല്ലിവരുന്നുമുണ്ട്. ഒരു ദിവസം വന്ദ്യഗുരു സുലൈമാന്‍ ഉസ്താദിനെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ ഉസ്താദുണ്ട് ഭക്തിയാദരവുകളോടെ ഏതോ ഒരു ഏടില്‍ നോക്കി എന്തോ ചൊല്ലിക്കൊണ്ടിരിക്കുന്നു. ഞാന്‍ സൂക്ഷിച്ചു നോക്കി. ബാപ്പു ഉസ്താദിന്റെ “അസ്ബാബുന്നസ്വര്‍ ബിഅസ്വ്ഹാബില്‍ ബദ്ര്‍” എന്ന ബദ്ര്‍ ബൈത്തിന്റെ ഏടായിരുന്നു അത്!
ഉസ്താദിന്റെ കവിതകളില്‍ മറ്റൊരു വിഭാഗമാണ് മര്‍സിയ്യതുകള്‍ (അനുശോചന കാവ്യം). ശൈഖ് ആദം ഹസ്രത്ത്, ഉത്തമ പാളയം അബൂബക്കര്‍ ഹസ്രത്ത്, ആത്മീയ ഗുരു ആലുവായ് അബൂബക്കര്‍ മുസ്‌ലിയാര്‍, കുണ്ടൂര്‍ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, മകന്‍ കുഞ്ഞു തുടങ്ങി ധാരാളം പണ്ഡിതര്‍, സ്വൂഫികള്‍, സാധാരണക്കാര്‍ എന്നിവരെക്കുറിച്ചൊക്കെ മര്‍സിയത്തുകളെഴുതി. ബാഖിയാത്തിന്റെ ശില്‍പിയെക്കുറിച്ചെഴുതിയ മര്‍സിയത് അവിടെ സംഘടിപ്പിക്കപ്പെട്ട ഒരു മല്‍സരത്തിന്റെ ഫലമായിരുന്നുവത്രെ. ഒന്നാം സ്ഥാനം ഉസ്താദിന്റെ കവിതക്കാണ് കിട്ടിയത്. ഹൈദരാബാദിലെ ഇഫ്ലൂ യൂനിവേഴ്സിറ്റിയില്‍ ഇന്‍റോ അറബിക് ലിറ്ററേച്ചറില്‍ ഈ കവിത പഠിപ്പിക്കാന്‍ ഈ അടുത്ത് തീരുമാനമായിട്ടുണ്ട്. ഡല്‍ഹിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ ഉസ്താദിന്റെ മര്‍സിയതുകള്‍ തര്‍ക്കമന്യെ ഗവേഷണ വിഷയമായി അംഗീകരിക്കപ്പെട്ടത് നിസ്തുല സര്‍ഗ ശക്തി കൊണ്ടായിരിക്കണം. ഇഫ്ലുവില്‍ ഉസ്താദിന്റെ മൊത്തം കവിതകളെ കുറിച്ചുള്ള ഗവേഷണത്തിന് ഈ വിനീതന് അവസരം ലഭിച്ചതും മറ്റൊന്നുകൊണ്ടുമായിരിക്കില്ല.
സമസ്ത അറുപതാം വാര്‍ഷിക വേദിയിലെ ഹരമായി മാറി വിശ്വാസി നാവിന്‍തുമ്പുകള്‍ ഏറ്റുപിടിച്ച വാഹന്‍ ലക മിന്‍ ഇസ്സിന്‍ ളഹറ, തന്റെ ആത്മമിത്രവും സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ മൗലാനാ കാന്തപുരം റിയാദില്‍ തടവിലാക്കപ്പെട്ടപ്പോള്‍ രചിച്ച ബുശ്റാലക, ധര്‍മപുരിയില്‍ സുന്നി വിദ്യാര്‍ത്ഥിപ്പടക്ക് വീര്യം പകര്‍ന്ന യാ ഹുമാത ദീനിനാ എന്നിയവയൊക്കെ ആശംസാഗാനങ്ങളില്‍ സുപ്രധാനമാണ്. ചേറൂര്‍ ശുഹദാക്കളെക്കുറിച്ചെഴുതിയ മൗലിദിനെ പരിഷ്കാരിയായ സിഎന്‍ അഹ്മദ് മൗലവി പോലും പ്രശംസിച്ചിട്ടുണ്ട്.
ഇടക്കിടെ ഉസ്താദിനെ കാണാന്‍ ചെല്ലുമായിരുന്നു. ചായ തരും, അറിവ് തരും, കവിത തരും,സ്നേഹം തരും, തമാശ തരും, ആശ്വാസം തരും, ഇശ്ഖുന്നബീ തരും.. നഷ്ടപ്പെട്ടതാരാണ്? മക്കള്‍ക്ക് സ്നേഹമുള്ള പിതാവ്, ശിഷ്യര്‍ക്ക് വത്സലനായ ഗുരു, വിജ്ഞാന കേരളത്തിന് ആഴമുള്ള പണ്ഡിതന്‍, സാഹിത്യ ലോകത്തിന് സര്‍ഗ ധനനായ പ്രതിഭ.
അല്ലാഹ്.. ഞങ്ങളുടെ ഉസ്താദിന്റെ ആത്മാവിന് നീ ശാന്തി നല്‍കണേ.
ഫൈസല്‍ അഹ്സനി രണ്ടത്താണി