ബദ്റിൽ ശഹീദായ മറ്റൊരു പ്രമുഖ സ്വഹാബിയാണ് ഹാരിസതുബ്നു സുറാഖ(റ). മദീനക്കാരായ സ്വഹാബികളിലെ ആദ്യത്തെ ശഹീദ് എന്ന ബഹുമതിക്കും അദ്ദേഹം അർഹനായി. അൻസ്വാരികളിൽ പെട്ട ബനൂ അദിയ്യിൽ പെട്ട സുറാഖ(റ)യുടെ പുത്രനാണദ്ദേഹം. റുബയ്യിഅ്(റ)യാണ് മാതാവ്.
മദീനയിലെത്തിയ മുഹാജിറുകളെ മദീനക്കാരുമായി സാഹോദര്യ ബന്ധം വഴി നബി(സ്വ) ഒന്നിപ്പിച്ച സന്ദർഭത്തിൽ ഹാരിസത്ത്(റ)വിന് ലഭിച്ചത് ഉസ്മാനുബ്നു മള്ഊൻ(റ)ന്റെ പുത്രനായ സാഇബ്(റ)നെയായിരുന്നു. മാതാവും സഹോദരിയുമൊന്നിച്ച് താമസിച്ചിരുന്ന അദ്ദേഹം അവിവാഹിതനായിരുന്നു. നബി(സ്വ) സ്ഥാപിച്ച സാഹോദര്യ ബന്ധവും മദീനയിലെ തിരുനബി സാന്നിധ്യത്തിന്റെ നന്മയും അനുഭവിച്ചു ആ കുടുംബം.
ഒരു ദിനം നബി(സ്വ)യുടെ നേതൃത്വത്തിൽ ബദ്റിലേക്കുള്ള ദൗത്യസംഘം യാത്രയാകുന്ന വിവരം അറിഞ്ഞു. മാതാവിനോട് വളരെ സ്നേഹാദരവുകൾ നിലനിർത്തിയിരുന്ന അദ്ദേഹം ഉടനെ മാതാവിനെ സമീപിച്ച് ആ സംഘത്തിൽ ചേരാൻ സമ്മതം നേടി. മകനുമായി ബന്ധപ്പെട്ട് താലോലിച്ചിരുന്ന സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം ആ മാതാവ് മാറ്റിവെച്ചു. പോകാനനുവാദം നൽകി. യുദ്ധത്തിൽ കളത്തിലിറങ്ങിയുള്ള ഉത്തരവാദിത്തമായിരുന്നില്ല അദ്ദേഹത്തിന്. പാറാവും നിരീക്ഷണവുമായിരുന്നു ചുമതല. പോരാളികളുടെ വസ്തുവഹകൾക്ക് കാവൽ നിൽക്കുകയും ശത്രുക്കളുടെ നീക്കം നിരീക്ഷിക്കുകയും ചെയ്യുക. നബി(സ്വ) ഏൽപിച്ച ഉത്തരവാദിത്തം വളരെ സന്തോഷത്തോടെയും ജാഗ്രതയോടെയും നിർവഹിച്ചുകൊണ്ടിരുന്നു ആ യുവാവ്.
പരിസര നിരീക്ഷകനായതിനാൽ സൈനിക മുന്നണിയിലായിരുന്നില്ല ഹാരിസ(റ) നിന്നിരുന്നത്. ദാഹമനുഭവപ്പെട്ടപ്പോൾ മുസ്ലിംകളുടെ അധീനത്തിലുണ്ടായിരുന്ന ജലസംഭരണിയുടെ അടുത്തേക്കദ്ദേഹം നീങ്ങി. ഒരാൾ ജലസംഭരണിയുടെ നേരേ നീങ്ങുന്നത് അവ്യക്തമായി രണ്ടു വിഭാഗത്തിനും കാണാം. അദ്ദേഹം വെള്ളമെടുക്കാനാഞ്ഞതും ഒരു അമ്പ് പാഞ്ഞുവന്ന് മാറിൽ തറച്ചു. വെള്ളം കുടിക്കാനാവുന്നതിനു മുമ്പേ അദ്ദേഹം വീണു.
ഗുർബ് (ആളറിയാതെ വന്ന അമ്പ്) എന്നാണ് അതിനെ ചരിത്ര ഗ്രന്ഥങ്ങളിൽ പരാമർശിച്ചു കാണുന്നത്. എയ്ത ആളെ അറിയില്ല എന്നും അല്ലെങ്കിൽ എയ്ത ആൾക്ക് എയ്തത് ആരെന്നറിയില്ല എന്നുമെല്ലാം ഇതിനെ വ്യാഖ്യാനിച്ചു കാണാം. എന്നാൽ വാഖിദി മഗാസിയിൽ പറയുന്നത്, ഹിബ്ബാൻ എന്ന് പേരായ ഒരു മുശ്രിക്കാണ് അമ്പെയ്തതെന്നാണ്. പോരാട്ടം തുടങ്ങുന്നതിന്റെ മുമ്പായി അസ്വദ് ജലസംഭരണിയുടെ അടുത്തേക്ക് അതിക്രമിച്ച് വന്നതുപോലെ മനസ്സിലാക്കിയ ഒരു സ്വഹാബിയിൽ നിന്നാണ് ആളറിയാതെ ഇത് സംഭവിച്ചതെന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഹാരിസത്ത്(റ) ബദ്ർ യുദ്ധത്തിൽ പോരാളിയായല്ല പുറപ്പെട്ടതെങ്കിലും വീരമൃത്യു വരിച്ച് പുണ്യം കരഗതമാക്കി. ശഹീദ് എന്ന പദവി ലഭ്യമാകുന്നതിന് ഏതു തരത്തിൽ, എവിടെ വെച്ച് മരണം സംഭവിക്കണം എന്നതിനെക്കുറിച്ച് സ്വഹാബത്തിന് പൂർണ വിശദീകരണം ലഭിച്ചിട്ടില്ലാത്ത സന്ദർഭമായിരുന്നു അത്. അതുകൊണ്ടാണ് യുദ്ധക്കളത്തിൽ വെട്ടേറ്റു വീണെങ്കിലും മരണം തൽക്ഷണമോ കളത്തിൽ വെച്ചോ സംഭവിക്കാത്തതിനാൽ ഉബൈദത്ത്(റ)ന് ആശങ്കയുണ്ടായതും നബി(സ്വ)യോട് ചോദിച്ച് ശഹീദാണെന്ന് ഉറപ്പുവരുത്തിയതും.
ഹാരിസത്ത്(റ) മരണം വരിച്ചത് യുദ്ധമുഖത്തായിരുന്നില്ല. ദാഹം മാറ്റുന്നതിനായി ജലസംഭരണിയുടെ അടുത്ത് പോവുമ്പോൾ ആളറിയാതെ നടന്ന ശരവർഷത്തിലാണ്. അതിനാൽ ശഹീദായി പരിഗണിക്കാമോ എന്ന് സ്വാഭാവികമായും സംശയമുണ്ടായി. മദീനയിൽ ബദ്റിന്റെ പരിസമാപ്തിയെക്കുറിച്ച് വിവരമെത്തിക്കൊണ്ടിരുന്നു. റുബയ്യിഅ്(റ)യും പുത്രിയും ഹാരിസിന്റെ മരണവാർത്തയറിഞ്ഞു. മരണപ്പെട്ടത് യുദ്ധത്തിലെ പോരാട്ടത്തിനിടയിലല്ലെന്നും അവരറിഞ്ഞു. യുദ്ധമുഖത്ത് മരണപ്പെട്ട മഹാന്മാരുടെ കുടുംബവും ബന്ധുക്കളും തങ്ങൾക്ക് കൈവന്ന സൗഭാഗ്യത്തിൽ സന്തോഷിക്കുമ്പോൾ റുബയ്യിഅ്(റ) തനിക്ക് സിദ്ധിച്ച സൗഭാഗ്യത്തിന്റെ നിജസ്ഥിതിയറിയാതെ വിഷണ്ണയായി. ശഹീദ് എന്ന മഹത്തായ പദവി ലഭിക്കാതെയുള്ള മകന്റെ വിയോഗം തീരാനഷ്ടമായി അവർ കണക്കാക്കി. നബി(സ്വ) മദീനയിൽ എത്തുന്നതുവരെ അവർ അസ്വസ്ഥയായി കഴിഞ്ഞു. മദീനയിൽ ശുഹദാക്കളെക്കുറിച്ച് വാർത്ത പരന്നപ്പോൾ ഹാരിസത്ത് മരണപ്പെട്ടത് അബദ്ധത്തിലാണെന്നായിരുന്നു പ്രചാരം. പക്ഷേ, തികഞ്ഞ വിശ്വാസിനിയും ആത്മധീരയുമായിരുന്ന മഹതി കരയാനും അക്ഷമ പ്രകടിപ്പിക്കാനും തുനിഞ്ഞില്ല. ഇതെക്കുറിച്ച് വ്യക്തമായ വിവരം നബി(സ്വ)യിൽ നിന്ന് അറിഞ്ഞ ശേഷമേ ഞാൻ കരയുക പോലും ചെയ്യൂ എന്നായി മഹതിയുടെ നിലപാട്.
ബദ്റിൽ വിജയിച്ച് നബി(സ്വ)യും സ്വഹാബികളും മദീനയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരുന്നു. കുടുംബങ്ങൾ തങ്ങളുടെ പ്രതിനിധികളെ സന്തോഷത്തോടെ സ്വീകരിച്ചു. തിരുനബി(സ്വ)ക്കൊപ്പം ജീവത്യാഗത്തിന് സാധ്യതയുള്ള ഒരു ഘട്ടം അഭിമുഖീകരിച്ച് വിജയം നേടിയവരെ ജനം എതിരേറ്റു. തിരിച്ചുവരുമെന്നറിയാതെ പുറപ്പെട്ട അവരെല്ലാം കുടുംബങ്ങളിലേക്ക് മടങ്ങി. ശഹീദായവരുടെ കുടുംബങ്ങൾ തങ്ങളുടെ സൗഭാഗ്യത്തിന്റെ മൂല്യം കൂടുതൽ ഗ്രഹിച്ചവരായിരുന്നതിനാൽ ആർക്കും പരിഭവമില്ല, സന്തോഷം മാത്രം. തിരുനബി(സ്വ) സുരക്ഷിതനായി തിരിച്ചെത്തിയതിലായിരുന്നു എല്ലാവർക്കും വലിയ സന്തോഷം.
റുബയ്യിഅ്(റ) നബി(സ്വ)യെ സമീപിച്ചു പറഞ്ഞു: യാ റസൂലല്ലാഹ്. എന്റെ ഹൃദയത്തിൽ ഹാരിസത്തിന് എത്ര മാത്രം സ്ഥാനമുണ്ടെന്ന് അങ്ങേക്കറിയാമല്ലോ. വിവരമറിഞ്ഞപ്പോൾ തന്നെ എനിക്ക് കരച്ചിൽ വന്നതാണ്. പിന്നീട് ഞാൻ സ്വയം പറഞ്ഞു; നബി(സ്വ) വന്നാൽ നേരിൽ ചോദിച്ചറിയണം. അവൻ സ്വർഗത്തിലാണെങ്കിൽ ഞാനവന്റെ പേരിൽ കരയില്ല. ഇനി അവൻ നരകത്തിലാണെങ്കിൽ എനിക്കു കരയാതിരിക്കാനുമാവില്ല.’
റുബയ്യിഅ്(റ)യുടെ ഈ അന്വേഷണത്തിനു തിരുനബി(സ്വ) മറുപടി പറഞ്ഞതിങ്ങനെ: ‘ഒരു സ്വർഗമാണെന്നാണോ നിങ്ങൾ കരുതിയത്. അല്ല, കുറേ സ്വർഗങ്ങളുണ്ട്. അല്ലാഹു സത്യം, അതിൽ ഉന്നതമായ ഫിർദൗസിലാണ് അവൻ.’
റുബയ്യിഅ്(റ)ന്റെ പ്രതിവചനം: എങ്കിൽ ഞാനവന്റെ കാര്യത്തിൽ കരയില്ല.
കുടുംബത്തിന്റെ അത്താണിയായിരുന്നു ഹാരിസത്ത്(റ). തന്റെ മാതാവും സഹോദരിയും നബി(സ്വ)യുടെ സംരക്ഷണത്തിലായി. മഹാസൗഭാഗ്യത്തിന് മുന്നിൽ ഏതൊരു മുസ്വീബത്തും നിസ്സാരമാണെങ്കിലും സ്ത്രീകളെന്ന നിലക്ക് അത്താണി നഷ്ടപ്പെട്ടതിലുള്ള അവരുടെ പ്രയാസം ഊഹിക്കാവുന്നതേയുള്ളൂ. കാരുണ്യത്തിന്റെ കടലായ തിരുനബി(സ്വ) ഇരുവരുടെയും അവസ്ഥ നന്നായി മനസ്സിലാക്കിയിരുന്നു. അവർക്ക് സാന്ത്വനവും സമാധാനവും പകരാൻ നബി(സ്വ) തീരുമാനിച്ചു.
റസൂൽ(സ്വ) ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. വിശുദ്ധ കരം അതിൽ മുക്കി. അൽപം വെള്ളം വായിലെടുത്ത് അതിലേക്കു പകർന്നു. എന്നിട്ട് അത് റുബയ്യിഅ്(റ)ക്ക് നൽകി. അവർ അതിൽ നിന്ന് കുടിച്ചു. ശേഷം മകൾക്കു നൽകി. അവളും കുടിച്ചു. ശേഷിക്കുന്ന വെള്ളത്തിൽ നിന്ന് നെഞ്ചിലേക്ക് തെറിപ്പിക്കാൻ നബി(സ്വ) തന്നെ നിർദേശം നൽകി. രണ്ടുപേരും അങ്ങനെ ചെയ്തു. സമാധാനത്തോടെയും സന്തോഷത്തോടെയും നബി(സ്വ)യുടെ സവിധത്തിൽ നിന്ന് തിരിച്ചുപോന്നു. വിരഹദുഃഖം പിന്നെയവരെ വ്യാകുലപ്പെടുത്തിയതേയില്ല. പിന്നെ അവരേക്കാൾ സന്തുഷ്ടരും കൺകുളിർമയുള്ളവരുമായ പെണ്ണുങ്ങൾ മദീനയിലില്ലായിരുന്നു.
മകൻ സ്വർഗാവകാശിയാണോ എന്ന ആശങ്കയുമായി നബി(സ്വ)യെ സമീപിച്ച റുബയ്യിഅ്(റ)ന് ഇരട്ടി സന്തോഷമാണ് ലഭിച്ചത്. മകന് അത്യുന്നത സൗഭാഗ്യമായ അൽ ഫിർദൗസുൽ അഅ്ലാ തന്നെ ലഭിച്ചെന്നറിഞ്ഞു. സ്വന്തം കാര്യത്തിലും പുത്രിയുടെ കാര്യത്തിലുമുള്ള ജീവിത പ്രതിസന്ധിയെക്കുറിച്ച ആകുലത ഇല്ലാതാവുകയും ചെയ്തു. അതോടൊപ്പം മനസ്സിന് കുളിരും സന്തോഷവും ലഭ്യമായി.
ബദ്രീങ്ങളുടെ അനുപമ മഹത്ത്വം ഈ സംഭവം വ്യക്തമാക്കുന്നുവെന്ന് ഇബ്നുകസീറും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: ബദ്റിൽ പങ്കെടുത്തവർക്ക് അതിയായ ശ്രേഷ്ഠതയുണ്ടെന്ന വിളംബരപ്പെടുത്തൽ കൂടി ഇതിലടങ്ങിയിട്ടുണ്ട്. ഹാരിസത്ത്(റ)ന്റെ അന്ത്യം യുദ്ധക്കളത്തിന് പുറത്തു വെച്ചായിട്ടുപോലും അൽ ഫിർദൗസിൽ അഅ്ലാ എന്ന സ്വർഗത്തിലെ ഏറ്റവും ഉന്നതമായ പദവി തന്നെ ലഭിക്കുകയുണ്ടായത് ഈ മഹത്ത്വത്തെ സ്ഥിരീകരിക്കുന്നു. അങ്ങനെയെങ്കിൽ യുദ്ധക്കളത്തിൽ തങ്ങളേക്കാൾ മൂന്നിരട്ടി എണ്ണവും വണ്ണവുമുള്ള ശത്രുക്കളുടെ മുന്നിൽ മുഖാമുഖം പോരാടിയവരെക്കുറിച്ച് നിന്റെ ധാരണയെന്താണ്? (അൽബിദായതു വന്നിഹായ).
നബി(സ്വ)യുടെ പരിചാരകനായി അറിയപ്പെടുന്ന പ്രമുഖ സ്വഹാബിവര്യൻ അനസ്ബ്നു മാലിക്(റ)ന്റെ പിതൃസഹോദരിയാണ് ഹാരിസത്(റ)ന്റെ മാതാവായ റുബയ്യിഅ്(റ). ഉഹ്ദ് യുദ്ധത്തിൽ തിരിച്ചറിയാനാവാത്ത വിധം മുറിവേറ്റു ശഹീദായ അനസ്ബ്നുന്നളിർ(റ) റുബയ്യിഅ്(റ)യുടെ സഹോദരനാണ്. റുബയ്യിഅ്(റ)യും മകൻ ഉമ്മു ഉബൈദും നേരത്തെതന്നെ നബി(സ്വ)യിൽ വിശ്വസിച്ചവരും ബൈഅത്ത് ചെയ്തവരുമാണ്. സുറാഖത്തിലുണ്ടായ സന്തതികളാണ് ഹാരിസത്ത്(റ)യും ഉമ്മു ഉബൈദ്(റ)യും. ഹാരിസത്ത്(റ)ന്റെ പ്രത്യേകാവസ്ഥയിലെ ശഹാദത്ത് മൂലം നബി(സ്വ)യോട് നേരിട്ട് കാര്യത്തെ കുറിച്ചന്വേഷിക്കാൻ അവസരമുണ്ടായത് മഹതിയുടെ ബഹുമതിയായി ചരിത്രകാരന്മാർ പരിഗണിക്കുന്നു. ഹാരിസത്ത്(റ) പിതാവിലേക്കു ചേർത്തി ഇബ്നു സുറാഖ എന്നറിയപ്പെടുന്നതിനേക്കാൾ മാതാവിലേക്കു ചേർത്തി ഹാരിസത്തുബ്നുറുബയ്യിഅ് എന്നറിയപ്പെട്ടത് ഈ പരിഗണനയിലാണെന്ന് ഇബ്നുൽ അസീർ(റ) ഉദ്ധരിക്കുന്നു. ബദ്ർ യുദ്ധം നടക്കുന്ന കാലത്ത് സുറാഖത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല എന്നത് മറ്റൊരു കാരണവും.
നബി(സ്വ)യുടെ കൈമുക്കിയതും അവിടുന്ന് വായിൽ ആക്കിയതുമായ വെള്ളം സാധാരണ ഗതിയിൽ സ്ത്രീകൾക്ക് ലഭിക്കാൻ സാധ്യത കുറവായിരുന്നു. പ്രവാചകരുമായി എപ്പോഴും സഹവസിക്കുന്ന പുരുഷന്മാർക്കാണ് ചരിത്രത്തിൽ അതിന് ഏറെ അവസരം ലഭിച്ചുകാണുന്നത്. വീട്ടുകാർ ഈ സൗഭാഗ്യ ലബ്ധിക്കായി സുബ്ഹി നിസ്കാരത്തിന് കുട്ടികളെ പള്ളികളിലേക്ക് വെള്ള പാത്രവുമായി പറഞ്ഞുവിട്ട് നബി(സ്വ) സ്പർശിച്ച വെള്ളം സംഘടിപ്പിക്കലായിരുന്നു.
അനസ്(റ) പറയുന്നു: തിരുനബി(സ്വ) സുബ്ഹി നിസ്കരിച്ചു കഴിഞ്ഞാൽ ജനങ്ങൾ വെള്ളപ്പാത്രവുമായി വരും. അതിൽ നബി(സ്വ) അവിടുത്തെ കരം മുക്കി എടുക്കുന്നതിനു വേണ്ടിയായിരുന്നു അത്. അങ്ങനെ റസൂൽ(സ്വ)യുടെ കൈയിൽ അവർ ബറകത്ത് പ്രതീക്ഷിച്ചിരുന്നു. വളരെ തണുപ്പുള്ള പ്രഭാതങ്ങളിലാണ് വെള്ളം കൊണ്ടുവന്നതെങ്കിലും നബി(സ്വ) കൈമുക്കിക്കൊടുക്കുമായിരുന്നു (ബസ്സാർ).
ഇതു സംബന്ധമായി, സഊദി പണ്ഡിതൻ മുഹമ്മദ് ഇബ്നുൽ ഉതൈമീൻ റിയാളുസ്വാലിഹീന്റെ വ്യാഖ്യാനത്തിലെഴുതുന്നതു കാണുക:
‘പ്രഭാത സമയങ്ങളിൽ സ്വുബ്ഹി നിസ്കാര ശേഷം ജനങ്ങൾ വെള്ളപ്പാത്രവുമായി വരും. നബി(സ്വ) അവിടുത്തെ കരം അതിൽ മുക്കി നന്നായി ഉരസുമായിരുന്നു. കുട്ടികളായിരുന്നു വെള്ളപ്പാത്രവുമായി വന്നിരുന്നത്. എന്നിട്ടവർ ഈ വെള്ളവുമായി വീടുകളിലേക്ക് മടങ്ങും. അങ്ങനെ നബി(സ്വ) ഉപയോഗിച്ചതു കൊണ്ട് ബറകത്തെടുക്കും. ഇത് അവരുടെ പതിവുരീതിയായിരുന്നു’ (ശറഹു രിയാളുസ്വാലിഹിൻ).
ഹാരിസത്ത്(റ)ന്റെ സഹോദരിക്കും ഉമ്മക്കും ഈ സൗഭാഗ്യം പ്രത്യേകമായി ലഭിച്ചു. നബി(സ്വ) തന്നെയാണവരോട് അതിനു നിർദേശിച്ചിട്ടുള്ളതെന്ന പ്രത്യേകത കൂടിയുണ്ട്. അതിന്റെ ഫലമായി ബറകത്ത് മാത്രമല്ല ബഹുമതിയും പ്രത്യക്ഷമായ ഉപകാരവും ലഭിക്കുകയുണ്ടായി. നാഥൻ മഹാന്മാരുടെ ബറകത്തിനാൽ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.
(തുടരും)
ബദ്ർ ശുഹദാക്കൾ/2
അലവിക്കുട്ടി ഫൈസി എടക്കര