ഇസ്‌ലാമിൽ സ്ത്രീ അല്ലെങ്കിൽ പുരുഷൻ എങ്ങനെ ജീവിക്കണം എന്ന് പ്രപഞ്ചനാഥൻ വ്യക്തമാക്കിയിട്ടുണ്ട്. ലിംഗസമത്വം, സ്ത്രീ-പുരുഷനും തുല്യത, പുരുഷനും സ്ത്രീയും ഒരേ വസ്ത്രം ധരിക്കൽ ഇതെല്ലാം വനിതകളുടെ നവോത്ഥാനമാണെന്ന മട്ടിലാണ് പ്രചാരണം. ഒരേ വസ്ത്രം ധരിച്ചാൽ സ്ത്രീയും പുരുഷനും തുല്യരാവുമോ? അങ്ങനെയെങ്കിൽ പുരുഷൻ സ്ത്രീയുടെ വസ്ത്രം ധരിക്കട്ടെ. നമ്മുടെ ഘടാഘടിയൻ വിപ്ലവകാരികൾ തന്നെ അതിന് തുടക്കമിടട്ടെ.
അല്ലാഹു സ്ത്രീയെയും പുരുഷനെയും വ്യത്യസ്തരായിട്ടാണ് സൃഷ്ടിച്ചത്. വ്യത്യസ്ത അസ്തിത്വമാണിരുവർക്കുമുള്ളത്. ഒരാളുടെ ശാരീരിക ധർമം മറ്റൊരാൾക്ക് നിർവഹിക്കാൻ കഴിയുന്നില്ല. സ്ത്രീകൾക്ക് മാത്രമേ പ്രസവവും മുലയൂട്ടലും സാധിക്കുകയുള്ളൂ. പുരുഷൻ ബലിഷ്ഠനാണ്. കഠിനമായ ജോലി ചെയ്യാൻ അവന് സാധിക്കുന്നു. സ്ത്രീ ശാരീരികമായി പൊതുവെ ദുർബലയാണ്. ഇതിലൊന്നും പരിണാമം വരുത്താൻ ആർക്കാണു സാധിക്കുക?
ഹിജാബ് അഴിച്ചുവെച്ച് ക്ലാസിൽ കയറാൻ ശഠിക്കുന്നത് മിനിമം പറഞ്ഞാൽ മനുഷ്യത്വ വിരുദ്ധമാണ്. അവളുടെ വസ്ത്രം കാഴ്ചക്കാരിൽ എന്തസഹനീയതയാണ് സൃഷ്ടിക്കുന്നത്? വ്യക്തിയുടെ സ്വാതന്ത്ര്യമാണ് അവിടെ നിഷേധിക്കുന്നത്. എന്ത് ധരിക്കണം, ധരിക്കരുത് എന്നെല്ലാം അവരുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്നതാണ്.
ഖുർആനിൽ സ്ത്രീകളോട് ഹിജാബ് അണിയാൻ പറഞ്ഞിട്ടില്ലെന്നു പ്രസ്താവിച്ച് ഗവർണർ കുളം കളക്കാനൊരു ശ്രമവും നടത്തി. അദ്ദേഹത്തെ മതപണ്ഡിതൻ എന്നു വിശേഷിപ്പിച്ച് അനാവശ്യ പട്ടം ചാർത്തിക്കൊടുത്തു ഒരു ചാനൽ. എന്നാൽ ഖുർആനിൽ സൂറത്ത് അഹ്‌സാബിലെ 59ാം ആയത്തിൽ പറയുന്നതിങ്ങനെ: നബിയേ, അങ്ങയുടെ ഭാര്യമാരോടും പെൺമക്കളോടും സത്യവിശ്വാസിനികളോടും അവരുടെ ശിരോവസ്ത്രത്തെ (മുഖത്തിലൂടെ) താഴ്ത്തിയിടാൻ പറയുക.’ ഈ ആയത്ത് അദ്ദേഹം കണ്ടില്ലെന്നുണ്ടോ?
ഹിജാബ് വിലക്കുന്നവർ ഞങ്ങളെ കേൾക്കാൻ തയ്യാറാവാത്തതെന്താണ്? ഞങ്ങൾ ഹിജാബണിഞ്ഞതുകൊണ്ട് നിങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്? ഓരോ മതത്തിന്റെയും ആചാരമനുസരിച്ച് നടക്കാനുള്ള ഭരണഘടനാ ദത്തമായ അവകാശമുണ്ടല്ലോ. അതിനെ നിങ്ങൾ കുഴിവെട്ടി മൂടുന്നത് ഏതു നിയമത്തിന്റെ ബലത്തിലാണ്?
ശഫീറ കാസർകോട്