ആരോഗ്യമുള്ള ജീവിതത്തിനും ദീർഘായുസ്സിനും ഹൃദയത്തെ രോഗങ്ങളിൽ നിന്നും രോഗ ലക്ഷണങ്ങളിൽ നിന്നും പരിരക്ഷിച്ചേ പറ്റൂ. ആയുസ്സിന്റെ ജീവബലം ഹൃദയത്തിലൂടെയാണ് പുഷ്ടിപ്പെടുന്നത്. അതിനേൽക്കുന്ന പാളിച്ചകൾ ജീവനെ പിടിച്ചുലയ്ക്കുകതന്നെ ചെയ്യും. ഹൃദയാരോഗ്യം സുരക്ഷിതമാക്കി, ജീവസ്രോതസ്സുകളെ പ്രോജ്വലമാക്കാനുള്ള മുൻകരുതലുകൾ ഒറ്റയ്‌ക്കെടുക്കുന്നതിനെക്കാൾ ഒത്തൊരുമിച്ച് എടുക്കുമ്പോഴാണ് കൂടുതൽ ഫലപ്രദമാകുന്നത്. പിച്ചവച്ചു നടക്കുന്ന കാലംമുതൽ മരിക്കുന്നതുവരെ ഹൃദ്രോഗ ഭീഷണി നിഴൽപോലെ നമ്മെ പിന്തുടരുകയാണ്. അതിനെ അതിജീവിച്ച് ഹൃദ്രോഗപീഡകളെ അകറ്റി നിർത്താൻ ക്രിയാത്മക നടപടികൾ വീട്ടിലും നാം ഇടപെടുന്ന എല്ലാ സ്ഥലങ്ങളിലും തുടങ്ങേണ്ടതിന്റെ പ്രാധാന്യം ഇന്ന് കൂടിവരുന്നു.
ഹൃദ്രോഗഭീഷണികളെ അതിജീവിച്ച് സ്വന്തം ഹൃദയാരോഗ്യം മാത്രം പരിപാലിച്ചാൽ പോരാ, ചുറ്റുമുള്ള സമൂഹത്തിലും ആരോഗ്യപൂർണമായ അന്തരീക്ഷം സൃഷ്ടിക്കാൻ യത്‌നിക്കണം. പലപ്പോഴും നാം പലരെയും കുറ്റപ്പെടുത്തും, പുകവലിച്ച്, അപഥ്യമായ ഭക്ഷണംകഴിച്ച്, വ്യായാമരഹിതരായി സ്വയം ഹൃദ്രോഗിയായി മാറുന്നു. ചുറ്റുപാടുകൾ രോഗാതുരമെങ്കിൽ ആരോഗ്യപൂർണമായി ജീവിതം നയിക്കാൻ സാധിക്കാതെവരും.
ഓരോ വ്യക്തിക്കും അവർ ജീവിക്കുകയും ജോലിചെയ്യുകയും വിനോദത്തിൽ ഏർപ്പെടുകയും ചെയ്യുന്ന ചുറ്റുപാടുകൾ ആരോഗ്യകരമെന്ന് ഉറപ്പുവരുത്താൻ അവകാശമുണ്ട്. എന്നാൽ, എല്ലാവരും അതിനായി പരിശ്രമിക്കുന്നുണ്ടോ? ഓരോ ഭവനത്തിലെയും ജീവിതാന്തരീക്ഷം ഹൃദയാരോഗ്യരക്ഷയ്ക്ക് അനുയോജ്യമെന്ന് ഉറപ്പുവരുത്താൻ അവരവർതന്നെ മുൻകൈയെടുക്കണം. അയൽവീടുകളിലും പരിസരപ്രദേശങ്ങളിലും ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ സമൂഹ കൂട്ടായ്മകൾ പരിശ്രമിക്കണം.
രോഗത്തിന് പല കാരണങ്ങളാണ് വേൾഡ് ഹാർട്ട് ഫെഡറേഷൻ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഹരിതാഭമായ പരിസ്ഥിതി ഇന്ന് കുറഞ്ഞുവരുന്നു. പഠനശാലകളിലെ ഭക്ഷണക്രമങ്ങൾ ആരോഗ്യപൂർണമല്ല. ഫാസ്റ്റ് ഫുഡ്, പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ ഉപഭോഗം വർധിച്ചുവരുന്നു. പാസീവ് സ്‌മോക്കിങ് നിയന്ത്രിക്കാൻ ക്രിയാത്മക നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കുന്നില്ല. വർധിച്ചുവരുന്ന ഹൃദ്രോഗഭീഷണി 17.3 ദശലക്ഷം ആളുകളെ പ്രതിവർഷം കൊന്നൊടുക്കി ഹൃദ്രോഗം ലോകത്തെ ഏറ്റവും ഭീഷണമായ രോഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ സംഖ്യ 2030 ആകുമ്പോൾ 23.6 ദശലക്ഷമായി ഉയരും. ഇന്ത്യയുടെ കാര്യമെടുത്താൽ 1960-നും 70-നും ഇടയിലുള്ള കാലഘട്ടത്തിൽ ഹൃദ്രോഗം സമ്പന്നവർഗത്തെയാണ് കൂടുതലായി ബാധിച്ചത്. എന്നാൽ, കഴിഞ്ഞ 15 വർഷങ്ങളിൽ നടന്ന പഠനങ്ങളുടെ വെളിച്ചത്തിൽ ഹാർട്ട് അറ്റാക്ക് സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴെക്കിടയിലുള്ളവരെയാണ് അധികമായി ബാധിക്കുന്നത്. മലേറിയ, എയ്ഡ്‌സ്, ക്ഷയം തുടങ്ങിയ മഹാമാരികൾകൊണ്ട് പ്രതിവർഷം 3.86 ദശലക്ഷം പേരാണ് മൃത്യുവിനിരയാകുന്നതെന്ന് ഓർക്കണം. ഹൃദയധമനീരോഗങ്ങൾ മൂലം മരിക്കുന്നവരിൽ 80 ശതമാനവും സാമ്പത്തികമായി താഴെക്കിടയിലുള്ള രാജ്യങ്ങളിലുള്ളവരാണ്. അതിൽ ഭൂരിഭാഗവും ജോലിചെയ്യുന്ന പ്രായത്തിലുള്ളവരും. അശാസ്ത്രീയമായ നഗരവൽക്കരണം ആരോഗ്യരംഗത്തെ ആപത്ക്കരമായ അവസ്ഥയിൽ കൊണ്ടെത്തിക്കുന്നുവെന്നത് ഇന്നൊരു രഹസ്യമല്ല.
എന്താണ് ഹൃദയാഘാതം?
ഹൃദയപേശികൾക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളിൽ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതമുണ്ടാകുന്നത്. കൊറോണറി രക്തക്കുഴലുകളിൽ കൊഴുപ്പടിയുന്നതുമൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോൾ ഹൃദയപേശികൾക്ക് രക്തം കിട്ടുന്ന അളവ് കുറയുകയും ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങൾ അനുഭവപ്പെട്ടുതുടങ്ങുകയും ചെയ്യും. കൊഴുപ്പടിഞ്ഞു രക്തക്കുഴലുകളുടെ വ്യാസം വളരെ ചുരുങ്ങിക്കഴിഞ്ഞാൽ ഏതു നിമിഷവും പൂർണമായി അടഞ്ഞു രക്തയോട്ടം സ്തംഭിക്കാം. രക്തയോട്ടം സ്തംഭിക്കുമ്പോൾ രക്തം കട്ടപിടിക്കുന്നു. അങ്ങനെ ഹൃദയപേശികൾക്ക് രക്തം കിട്ടാതെ വരുമ്പോഴാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക് ഉണ്ടാവുന്നത്.
ഹൃദയാഘാതവും ഹൃദയ സ്തംഭനവും
ഹൃദയരക്തധമനികളിൽ ബ്ലോക്ക് ഉണ്ടായി ഹൃദയപേശികൾ പ്രവർത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതത്തിന്റെ ഫലമായി ചിലരിൽ ഹൃദയത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചുപോകുന്നതിനാണ് ഹൃദയസ്തംഭനം എന്ന് പറയുന്നത്. ഹൃദയാഘാതം വന്നവർക്ക് വേഗം വൈദ്യസഹായം കിട്ടിയാൽ സ്തംഭനം വരാതെ രക്ഷപ്പെടാം. ഹൃദയാഘാതമുണ്ടാകുന്നവരിൽ 10 ശതമാനത്തോളം പേർക്കും ഹൃദയസ്തംഭനം വരാം. ഇത്തരക്കാരാണ് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും മരിച്ചുപോകുന്നത്.
അൻജൈന
ഹൃദയപേശികൾക്ക് ആവശ്യത്തിനു രക്തം ലഭിക്കാത്തതിന്റെ ഫലമായുണ്ടാകുന്ന നെഞ്ചുവേദനയാണ് അൻജൈന. ഹൃദയ ധമനികളിലുണ്ടാകുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമായി ഇതിനെ തിരിച്ചറിയണം. ആവശ്യത്തിനു രക്തം ലഭിക്കാതെ വരുമ്പോൾ ഹൃദയം വേദനയുടെ രൂപത്തിൽ നമുക്ക് സൂചന നൽകുന്നു. നമുക്ക് ശ്വാസം കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെയാണ് ഹൃദയവും നേരിടുന്നത്.
പലരിലും പലതരത്തിലാണ് ഇത് അനുഭവപ്പെടുക. നെഞ്ചിൽ വലിയൊരു ഭാരം കയറ്റിവച്ചത് പോലെ തോന്നുക, നെഞ്ചെരിച്ചിലുണ്ടാവുക, നെഞ്ചു വലിഞ്ഞുമുറുകുന്നത് പോലെ തോന്നുക, നെഞ്ചിൽ നിന്ന് വേദന തോളുകൾ, കഴുത്ത്, കൈകൾ, താടിയെല്ല്, പുറം തുടങ്ങിയ ശരീരഭാഗങ്ങളിലേക്ക് പടരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. നെഞ്ചിലും കയ്യിലുമായി വേദന വരുന്ന 70 ശതമാനം പേരിലും അതിനു കാരണം ഹൃദ്രോഗമായിരിക്കും. ചിലർക്ക് നെഞ്ചു വേദനക്ക് പകരം വയറ്റിലാണ് അസ്വസ്ഥത അനുഭവപ്പെടുക. ചിലപ്പോൾ ഓക്കാനം, ഛർദി, ശ്വാസംമുട്ടൽ, തല കറക്കം, വയറിളക്കം എന്നിവയും ഉണ്ടാകാറുണ്ട്
ഹൃദ്രോഗം വേദനയില്ലാതെ വരുമോ?
നെഞ്ചു വേദനയില്ലാതെയും ഹൃദ്രോഗമുണ്ടാവാം. നെഞ്ചു വേദന ഇല്ലാത്തത് കൊണ്ട് ഇവരിൽ പലരും ഹൃദ്രോഗവിവരം അറിയില്ല. പിന്നീടെപ്പോഴെങ്കിലും ഇസിജി എടുക്കുമ്പോഴാകും രോഗവിവരം അറിയുക. ചിലർക്ക് നെഞ്ചെരിച്ചിലും വിങ്ങലും ഉണ്ടായി കുറച്ചു കഴിഞ്ഞു അത് മാറിയെന്നും വരാം. ഈ ലക്ഷണങ്ങൾ ഹൃദ്രോഗത്തിന്റെതാണെന്നു പലരും തിരിച്ചറിയാറില്ല. പ്രമേഹരോഗികളിലാണ് ഈ തരത്തിൽ വേദനയില്ലാതെ ഹൃദ്രോഗം കൂടുതലായി കണ്ടു വരുന്നത്.
സ്ത്രീകളുടെ ഹൃദ്രോഗ സാധ്യത
സ്ത്രീകൾക്ക് ഹൃദ്രോഗസാധ്യത കുറവാണെന്നൊരു ധാരണപൊതുവേയുണ്ട്. എന്നാൽ സ്ത്രീകളിൽ രോഗ നിരക്ക് കൂടിവരികയാണെന്നു പല പഠനങ്ങളും സൂചിപ്പിക്കുന്നു. ആർത്തവ വിരാമമാകുന്നതോടെ സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ്. ഈസ്ട്രജൻ ഹോർമോൺ കുറയുന്നതാണ് ഇതിനു കാരണം. അമിത മാനസിക സമ്മർദം, അമിത ജോലി, അമിത ഭക്ഷണം, കൊളസ്‌ട്രോൾ, രക്ത സമ്മർദം തുടങ്ങിയ കാരണങ്ങളാലും സ്ത്രീകളിൽ ഹൃദ്രോഗമുണ്ടാകും.
ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാകുക
ഹൃദയധമനികൾ ചുരുങ്ങുന്നതുകൊണ്ടും ധമനികളിൽ കൊഴുപ്പടിയുന്നത്‌കൊണ്ടും അവയുടെ ഉൾവ്യാസം കുറഞ്ഞു രക്തയോട്ടത്തിനു തടസ്സമുണ്ടാകും. രക്തത്തിലെ ഒട്ടേറെ ഘടകങ്ങളുടെ ക്രമക്കേടുകൾ കൊണ്ട് ധമനികളിൽ രക്തം കട്ടപിടിച്ചു ബ്ലോക്കുണ്ടാകാം. പലപ്പോഴും കുറെ നാളുകൾകൊണ്ടാണ് തടസ്സമുണ്ടാവുക. ചിലപ്പോൾ കൊറോണറി ധമനിയുടെ എൻഡോത്തീലിയം എന്ന നേർത്ത സ്ഥരത്തിനു വിള്ളലുണ്ടാവുകയും അവിടെ രക്തം കട്ടപിടിച്ചു ബ്ലോക്ക് ഉണ്ടാകുകയും ചെയ്യും. പ്രായമായവരിൽ ബാഹ്യമായി യാതൊരു അസുഖവുമില്ലാതെ പെട്ടന്ന് ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ കാരണം ഇതാണ്. അപൂർവമായി ഹൃദയധമനികളുടെ പെട്ടന്നുള്ള സങ്കോചം കൊണ്ടും ഹൃദയാഘാതം വരാം.
ഹൃദയം അപകടപ്പെടാനുള്ള കാരണങ്ങൾ
പുകവലി, കൊളസ്‌ട്രോൾ, പ്രഷർ, പ്രമേഹം, വ്യായാമമില്ലായ്മ, ദുർമേദസ്സ്, പാരമ്പര്യം, മാനസികസംഘർഷം തുടങ്ങിയവയാണ് ഹൃദയത്തെ അപകടപ്പെടുത്തുന്ന പ്രധാന കാരണങ്ങൾ. പുതുതായി കണ്ടുപിടിച്ച ചില കാരണങ്ങളുമുണ്ട്. ഇൻസുലിൻ പ്രതിബന്ധ സിൻഡ്രോം, ഹോമോ സിസ്റ്റിനീമിയ, ലൈപ്പോ പ്രോട്ടീൻ (എ) എന്നിവയാണവ. ഇന്ത്യക്കാരിൽ ഹൃദ്രോഗം മറ്റുള്ളവരേക്കാൾ കൂടുതലാണ്. ജനിതകഘടകങ്ങളും മറ്റു ചില കാരണങ്ങളും ഇതിൽ പ്രധാന പങ്കു വഹിക്കുന്നു.
പ്രമേഹം ഹൃദയത്തെ ബാധിക്കുന്നതെപ്പോൾ?
ശരീരത്തിൽ ഇൻസുലിൻ ഹോർമോൺ കുറയുമ്പോൾ രക്തത്തിൽ ഗ്ലൂക്കോസും കൊഴുപ്പുകണികകളും കുമിഞ്ഞുകൂടും. ഗ്ലൂക്കോസിനെ ശരീരവുമായി വിഘടിപ്പിക്കാൻ ഇൻസുലിൻ വേണം. രക്തത്തിൽ ക്രമാതീതമായി ഉയർന്ന ഗ്ലൂക്കോസ് അഥവാ പഞ്ചസാര ഉണ്ടാകുന്നത് ഹൃദയം, കണ്ണ്, വൃക്ക, ഞരമ്പുകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ ബാധിക്കും. പ്രമേഹരോഗികളുടെ രക്തക്കുഴലുകളിൽ കൊഴുപ്പു അടിഞ്ഞു കൊറോണറി ധമനികൾ ചുരുങ്ങി ഹൃദയപേശികൾക്ക് വേണ്ടത്ര രക്തം ലഭിക്കാതെ വരുമ്പോൾ ഹൃദയാഘാതമുണ്ടാകുന്നു. പ്രമേഹം ഒരർത്ഥത്തിൽ ധമനീരോഗം തന്നെയാണ്.
ഹൃദയ പരിശോധനകൾ
സ്റ്റതസ്‌കോപ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധന മുതൽ ആൻജിയോഗ്രാഫി വരെയുള്ള പല ഹൃദയപരിശോധനകളും നിലവിലുണ്ട്. ഒ.പി യിൽ പെട്ടന്ന് രോഗം നിർണയിക്കാനാണ് ഇ.സി.ജി (ഇലക്ട്രോ കാർഡിയോഗ്രാം) എന്ന പരിശോധന. രോഗിയെ ക്രമമായ വ്യായാമരീതിക്കുവിധേയമാക്കി, അപ്പോഴെടുക്കുന്ന ഇ.സി.ജി പരിശോധിക്കുന്ന ടെസ്റ്റ് ആണ് ടി.എം.ടി അഥവാ ട്രെഡ്മിൽ ടെസ്റ്റ്. ശരീരത്തിലെ ഏതെങ്കിലുമൊരു പ്രധാന സിരയിൽകൂടി ഒരു കത്തീറ്റർ (ട്യൂബ് എന്ന് ലളിതമായി പറയാം) കടത്തിവിടുന്ന ഹൃദയപരിശോധനയാണ് കാർഡിയാക് കത്തീറ്ററൈസേഷൻ. റേഡിയോ ആക്ടീവ് തരംഗങ്ങൾ ഉപയോഗിച്ച് ഹൃദയചിത്രങ്ങളെടുക്കുന്ന റേഡിയോ ന്യൂക്ലൈഡ് ഇമേജിങ്ങ്, സി.ടി. സ്‌കാനിങ്ങ്, അതിസൂക്ഷ്മ ഭാഗങ്ങളുടെ പോലും ചിത്രമെടുക്കാനുള്ള എം.ആർ.ഐ സ്‌കാനിങ്ങ് തുടങ്ങിയ ടെസ്റ്റുകളുമുണ്ട്.
കൊറോണറി ആൻജിയോഗ്രാഫി
കൊറോണറി രക്തക്കുഴലുകളിലെ ബ്ലോക്കുകൾ കൃത്യമായി കണ്ടെത്താനുള്ള ഏറ്റവും നല്ല പരിശോധനയാണ് ആൻജിയോഗ്രാഫി. രോഗിയുടെ തുടക്കുമുകളിൽ അടിവയറിന് കീഴെയായി കഴലഭാഗത്തുകൂടി കത്തീറ്റർ കടത്തിവിട്ടു രക്തക്കുഴലിലൂടെ മഹാധമനിയിലെത്തുന്നു. അവിടെ നിന്ന് ഹൃദയധമനികളുടെ തുടക്കസ്ഥാനത്തെത്തും. അയഡിൻ കലർന്ന ഡൈ ഇതിലൂടെ കടത്തിവിടും. ഇത് രക്തവുമായി കലർന്ന് കൊറോണറി ധമനിയിൽ നിറയുന്നു. പ്രത്യേക എക്‌സറേ സംവിധാനമുപയോഗിച്ച് ഇതിന്റെ ചിത്രമെടുക്കുന്നു. ഡൈ കലർന്ന രക്തം ഒഴുകുന്നതിനാൽ കൂടുതൽ വ്യക്തവും സൂക്ഷ്മവുമായ ചിത്രങ്ങളാണ് ലഭിക്കുക. പരിശോധനക്ക് ആൻജിയോഗ്രാഫി എന്നും ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങൾക്ക് ആൻജിയോഗ്രാം എന്നുമാണ് പറയുന്നത്. ഇപ്പോൾ ആൻജിയോഗ്രാം കൂടുതലായും കയ്യിൽ (റേഡിയൽ ആർട്ടറി) കൂടിയാണ് ചെയ്തുവരുന്നത്. ഇത് കൂടുതൽ സൗകര്യപ്രദമാണ്.
കൊറോണറി ആൻജിയോപ്ലാസ്റ്റി
ഹൃദയധമനികളിലെ തടസ്സം നീക്കുന്നതിനുള്ള ചികിത്സാമാർഗമാണ് ആൻജിയോപ്ലാസ്റ്റി. നേർത്ത ട്യൂബ് ഹൃദയധമനിയിലേക്ക് കാലിൽ കൂടിയോ കയ്യിൽ കൂടിയോ കടത്തിയാണ് ഇത് ചെയ്യുന്നത്. ട്യൂബിന്റെ അറ്റത്തു ചെറിയ ബലൂണും ഉണ്ടാകും. തടസ്സമുള്ള ധമനിയിലേക്ക് ട്യൂബ് എത്തുന്നത് എക്‌സ്‌റെ സ്‌ക്രീനിംഗ് വഴി നിരീക്ഷിക്കാം. തുടർന്ന് ബലൂൺ പതിയെ വികസിപ്പിക്കുന്നു. ധമനിക്കുള്ളിൽ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇത് ധമനിയുടെ ഭിത്തിയിലേക്ക് തള്ളുകയും കൊറോണറിയിലൂടെ രക്തയോട്ടം സാധാരണ ഗതിയിലാക്കുകയും ചെയ്യുന്നു.
സ്‌റ്റൈന്റ്‌റിംഗ് ബലൂൺ ചികിത്സക്ക് ശേഷം പ്രസ്തുത സ്ഥലത്ത് സ്‌റ്റൈൻറ് (ലോഹ നിർമിതമായ സ്പ്രിംഗ് പോലുള്ള വസ്തു) വെച്ച് പിടിപ്പിക്കുന്നു. ഇത് രക്തക്കുഴലിന്റെ തൽസ്ഥിതി നിലനിർത്തുവാനും വീണ്ടും അടഞ്ഞുപോകാതിരിക്കാനും സഹായിക്കുന്നു.
സ്‌റ്റൈൻറുകൾ രണ്ട് തരമുണ്ട്:
1) ബേർ മെറ്റൽ സ്‌റ്റൈൻറ് (നോൺ മെഡിക്കേറ്റഡ് സ്‌റ്റൈൻറ്)
2) ഡ്രഗ് എലൂട്ടിംഗ് സ്‌റ്റൈൻറ് (മെഡിക്കേറ്റഡ് സ്‌റ്റൈൻറ്)
ബേർമെറ്റൽ അഥവാ നോൺ മെഡിക്കേറ്റഡ് സ്‌റ്റൈൻറ് ഉപയോഗിക്കുമ്പോൾ ബ്ലോക്ക്‌വീണ്ടും ഉണ്ടാവാനുള്ള സാധ്യത 15 മുതൽ 20 ശതമാനം വരെയാണ്. എന്നാൽ പ്രത്യേക മരുന്ന് കൊട്ടിങ്ങോട് കൂടിയ മെഡിക്കേറ്റഡ് അഥവാ ഡ്രഗ് എലൂട്ടിംഗ് സ്‌റ്റൈൻറ് വയ്ക്കുമ്പോൾ ബ്ലോക്ക് വരാനുള്ള സാധ്യത 5 മുതൽ 10 ശതമാനത്തിൽ താഴെ മാത്രമാണ്.
ബൈപാസ്
ശസ്ത്രക്രിയ വഴി ഹൃദയത്തിനു ആവശ്യമായ രക്തം ലഭിക്കുന്നതിനായി മഹാ ധമനിയിൽ നിന്ന് കൊറോണറി ധമനിയിലേക്ക് പുതിയ ധമനി തുന്നിച്ചേർത്തു അടഞ്ഞുപോയ ധമനിയെ ബൈപാസ് ചെയ്യുന്നു. സ്വശരീരത്തിൽ നിന്ന് തന്നെ എടുക്കുന്ന രക്തക്കുഴലുകളാണ് ഉപയോഗിക്കുക. നെഞ്ചിൽ നിന്നോ കൈത്തണ്ടയിൽ നിന്നോ കണങ്കാലിൽ നിന്നോ എടുക്കുന്ന രക്തക്കുഴലുകളാണ് സാധാരണ ഉപയോഗിക്കുന്നത്. മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തിൽ തന്നെ ശാസ്ത്രക്രിയ നടത്തുകയാണ് ബൈപാസിലെ പുതിയരീതി. ഈ രീതിയിൽ ഗ്രാഫ്റ്റ് തുന്നിച്ചേർക്കുമ്പോൾ ഹൃദയപ്രവർത്തനത്തിനു വിഘാതമൊന്നും ഉണ്ടാകുന്നില്ല.
ഹൃദയാഘാതം വരാതെ സൂക്ഷിക്കാം
ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക. കൊഴുപ്പ് അധികം അടങ്ങിയതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. കൃത്യമായി വ്യായാമം ചെയ്യുക. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തുക. അമിതവണ്ണവും ബ്ലഡ് പ്രഷറും ഉണ്ടാകാതെ ശ്രദ്ധിക്കുക. കൂടിയ പ്രഷർ നിയന്ത്രിക്കുക. പ്രമേഹം ഉള്ളവർ അത് കർശനമായും നിയന്ത്രിച്ചു നിർത്തുക. മദ്യപാനവും പുകവലിയും ഒഴിവാക്കുക. മാനസിക സമ്മർദം കുറയ്ക്കുക.
വ്യായാമം പ്രധാനം
ആരോഗ്യമുള്ള ഹൃദയത്തിനു ഏറ്റവും നല്ലത് ചിട്ടയായ വ്യായാമമാണ്. വ്യായാമം ചെയ്യാത്തവരിൽ ഹൃദ്രോഗസാധ്യത ഇരട്ടിയാണ്. ഒരു പ്രാവശ്യം അറ്റാക്ക് ഉണ്ടായ വ്യക്തിക്ക് വ്യായാമം കൊണ്ട് രണ്ടാമതൊന്നു വരാനുള്ള സാധ്യത 25 ശതമാനം വരെ കുറയ്ക്കാം. ഹൃദയമിടിപ്പിന്റെ വേഗം പരിഗണിച്ചാണ് വ്യായാമം ചെയ്യേണ്ടത്. ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രഷർ, പ്രമേഹം, ശ്വാസംമുട്ടൽ, സന്ധിവേദന, തലകറക്കം തുടങ്ങിയ രോഗമുള്ളവർ ഡോക്ടറുടെ വിദഗ്‌ധോപദേശം തേടിയ ശേഷമേ വ്യായാമ രീതികൾ തിരഞ്ഞെടുക്കാവൂ.
ഹൃദയാഘാതം ഉണ്ടായാൽ
ഹൃദയാഘാതം ഉണ്ടായാൽ കൊറോണറി രക്തധമനികളിലെ തടസ്സം മാറ്റുന്നതിന് രണ്ടു പ്രധാന ചികിത്സാ രീതികളാണ് നിലവിലുള്ളത്.
- മരുന്ന് ചികിത്സ (ത്രോംബോലിറ്റിക്ക് തെറാപ്പി).
വളരെ പ്രചാരം ലഭിച്ചിട്ടുള്ള ഈ ചികിത്സാ രീതികൊണ്ട് ഏതാണ്ട് 60 ശതമാനത്തോളം രോഗികളിൽ മാത്രമേ രക്തയോട്ടം പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ. മാത്രമല്ല, പുനഃസ്ഥാപിച്ച രക്തയോട്ടം സാധാരണ രീതിയിലാവണമെന്നുമില്ല. മരുന്നു ചികിത്സയുടെ പരമാവധി പ്രയോജനത്തിനു ഹൃദയാഘാതം ഉണ്ടായതിന്റെ ആദ്യ മൂന്നു മണിക്കൂറിനുള്ളിൽ ഈ ചികിത്സ കൊടുക്കാൻ കഴിഞ്ഞിരിക്കണം.
- ബലൂൺ ചികിത്സ (പ്രൈമറി ആൻജിയോപ്ലാസ്റ്റി)
ഹൃദയാഘാതം സംഭവിച്ച ഉടനെ പൂർണമായും അടഞ്ഞ രക്തധമനിയിൽ ബലൂൺ ആൻജിയോപ്ലാസ്റ്റിയും സ്‌റ്റൈൻറ്റും ഉപയോഗിച്ച് പൂർണമായും തടസ്സം നീക്കുന്നതിനെയാണ് പ്രൈമറി ആൻജിയോപ്ലാസ്റ്റി എന്ന് പറയുന്നത്. ഈ ചികിത്സാ രീതികൊണ്ട് രക്തക്കുഴൽ തുറക്കുവാനുള്ള സാധ്യത 90 ശതമാനത്തിൽ കൂടുതലാണ്.
അടിയന്തര ചികിത്സ കഴിഞ്ഞു രോഗത്തിനു ആശ്വാസം വരുമ്പോൾ ചികിത്സ നിർത്തിക്കളയരുത്. തുടർന്നുള്ള പരിശോധനകളും ചികിത്സകളും ഹൃദയാഘാത ശേഷമുണ്ടാകാനിടയുള്ള ഹൃദ്രോഗസങ്കീർണതകളെ കണ്ടെത്താനും ഭേദമാക്കാനും ഉപകരിക്കും.
ഹൃദയാഘാതം നിയന്ത്രിക്കാം
ഹൃദയാഘാതം ഉണ്ടാകുമ്പോഴാണ് 90 ശതമാനം പേരും തങ്ങൾക്ക് വർധിച്ച കൊളസ്‌ട്രോളും ഉയർന്ന രക്തസമ്മർദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവുമുണ്ടെന്ന് മനസ്സിലാക്കുന്നത്. രോഗാവസ്ഥ നേരത്തെ കണ്ടുപിടിച്ച് ചികിത്സ സമയോചിതമായി ആരംഭിച്ചിരുന്നെങ്കിൽ ഇപ്പോൾ താൻ അകപ്പെട്ട മാരകാവസ്ഥ തടയാമായിരുന്നെന്നറിയുന്നതും അപ്പോഴായിരിക്കും. ആരോഗ്യകാര്യത്തിൽ എത്രത്തോളം ഉദാസീനരാണ് പലരും എന്നറിയുക ഈ സന്ദർഭത്തിലാണ്. ഉടൻ മരിച്ചുവീഴുമെന്നു പറഞ്ഞാലും കുലുക്കംതട്ടാത്ത അവസ്ഥയിലെത്തി നമ്മൾ. രോഗബാധ നേരത്തെ അറിയാൻ ഇന്ന് സംവിധാനങ്ങളുണ്ട്. ഒരാൾക്ക് ഹൃദ്രോഗമോ അതിന്റെ ഉയർന്ന രൂപമായ ഹാർട്ട് അറ്റാക്കോ ഉണ്ടാകുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുമെന്നുപറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല.
അയാളുടെ ജീവിതരീതിയും ആഹാരശൈലിയും ഭാരവും ശരീരവടിവും വ്യായാമനിലവാരവും ആപത്ഘടകങ്ങളുടെ അതിപ്രസരവുമൊക്കെ വിലയിരുത്തുമ്പോൾ അയാൾക്ക് ഹാർട്ട് അറ്റാക്കുണ്ടാകാനുള്ള സാധ്യത ഏറെയുണ്ടെന്നു പ്രവചിക്കാൻ കഴിയും. വളരെ ചെറിയ പ്രായത്തിൽപ്പോലും ഇന്ത്യക്കാർക്ക് (പ്രത്യേകിച്ച് കേരളീയർക്ക്) ഹൃദ്രോഗസാധ്യത വർധിച്ചുവരുന്നതായി കാണുന്നു. ഇന്ത്യയിൽ താമസിക്കുന്നവരിൽ മാത്രമല്ല, പ്രവാസികളായ ഇന്ത്യക്കാരിലും ഈ പ്രവണത കൂടുതലാണ്. ശക്തമായ പാരമ്പര്യപ്രവണത ഉള്ളവർപോലും അപകടഘടകങ്ങളുടെ നേർക്ക് ലാഘവത്വം പുലർത്തുന്നു.
(തുടരും)
ഡോ. ദീപ പോൾ