വലിയ ബഹളം കേട്ടപ്പോഴാണ് ഞെട്ടിയുണര്‍ന്നത്. പരിസരം വീക്ഷിച്ചപ്പോള്‍ കോഴിക്കോട് ബസ്സ്റ്റാന്റ്. തലശ്ശേരിയില്‍ നിന്ന് കയറിയപ്പോള്‍ രാത്രി 1.15-നെത്തുമെന്നായിരുന്നു ജീവനക്കാര്‍ അറിയിച്ചിരുന്നത്. 20 മിനുട്ട് മുമ്പുതന്നെ എത്തിയിരിക്കുന്നു. ബദ്ധപ്പെട്ട് ഇറങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് 445 രൂപ ഓര്‍മയിലെത്തിയത്. 500 രൂപ നല്‍കിയതിന്റെ ബാക്കി, എനിക്കു ലഭിക്കാനുള്ള അവകാശം!
കുറച്ചു കഴിഞ്ഞു തരാമെന്നു പറഞ്ഞ കണ്ടക്ടറെ തേടി നടന്നു, അയാളുപോയിട്ട്, ബന്ധപ്പെട്ട ആരും തന്നെ അടുത്തൊന്നുമില്ല. പത്തു മിനുട്ട് നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ അടുത്തുള്ള ചായക്കടയില്‍ നിന്നാണ് കക്ഷിയെ കണ്ടുകിട്ടിയത്. സ്വാഭാവികമായുണ്ടാകുന്ന വാക്കു ക്ഷോഭങ്ങള്‍ക്കു ശേഷം ബാക്കി വാങ്ങി ഉറക്കച്ചടവോടെ മടങ്ങുമ്പോഴാണ്, തലശ്ശേരിയില്‍ ബസ്സ് കാത്തുനിന്ന സന്ദര്‍ഭത്തില്‍ പരിചയപ്പെട്ട യുവാവ് ചായകുടി കഴിഞ്ഞ് മുന്നിലെത്തുന്നത്.
എന്തേ വൈകി? അദ്ദേഹത്തിന്റെ ചോദ്യം. ഞാന്‍ സംഗതി പറഞ്ഞു. അദ്ദേഹം ഷോക്കേറ്റ പോലെ നിന്ന് പറഞ്ഞു: എവിടെ ആ പഹയന്‍, എനിക്കും കിട്ടാനുണ്ട് 445.
ഇക്കഴിഞ്ഞ 24ാം തിയ്യതി നടന്ന കാര്യമാണ് സൂചിപ്പിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ചിലര്‍ അബദ്ധത്താലോ ചിലരെങ്കിലും ബോധപൂര്‍വമോ ഇങ്ങനെ അന്യന്റെ പണം പിടുങ്ങുന്നു. ബാഗില്‍ ആവശ്യത്തിനു ചില്ലറയുണ്ടെങ്കിലും മാറ്റിവെക്കല്‍ അവര്‍ക്ക് നല്ലൊരു വരുമാന മാര്‍ഗമാണ്. സത്യസന്ധതയുള്ള ചില ബസ് ജീവനക്കാര്‍ ബാക്കി ലഭിക്കാനുള്ളവരെ അന്വേഷിച്ചു നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുമുണ്ട്. അതുപക്ഷേ, അപൂര്‍വാനുഭവം. സര്‍വസാധാരണയുള്ളത് പിടുങ്ങല്‍ തന്നെയാണ്.
മിക്കപ്പോഴും യാത്രികര്‍ ബാക്കിക്കാര്യം മറക്കും. ദീര്‍ഘയാത്രകളില്‍ പ്രത്യേകിച്ചും. ചിലര്‍ക്ക് ഇത് പിന്നീട് തീരെ ഓര്‍മയിലെത്തില്ല. ഓര്‍മ വന്നാല്‍ തന്നെ പല പരിമിതികള്‍ അതു തിരിച്ചു ലഭിക്കാനുണ്ട്. അത്യാവശ്യ കാര്യത്തിനു വന്ന ആള്‍ക്ക് പിറ്റേ ദിവസം പ്രസ്തുത ബസ് വരുന്നതുവരെ കാത്തുനില്‍ക്കാനാവില്ല. അതുകൊണ്ട് അവഗണിക്കാന്‍ നിര്‍ബന്ധിതരാവുന്നു. കാത്തുകെട്ടി നിന്നാലോ അല്ലെങ്കില്‍ ബദല്‍ സംവിധാനമേര്‍പ്പെടുത്തിയാലോ പലപ്പോഴും കിട്ടിക്കൊള്ളണമെന്നുമില്ല. അന്വേഷിച്ചെത്തുന്ന അന്ന് വേറെ ജീവനക്കാരായാല്‍ എന്തു ചെയ്യും? കാര്യം അവതരിപ്പിച്ചാല്‍ തന്നെ കൈമലര്‍ത്താനേ അവര്‍ക്കാവൂ.
മറ്റു ചിലര്‍ മിനക്കെടാനാവില്ലെന്ന ചിന്തയില്‍ പുകിലുകള്‍ക്കു നില്‍ക്കാതെ ലഭിക്കാനുള്ളത് പിന്നീടവഗണിക്കുന്നു. എന്തായാലും ഒരു വലിയ സംഖ്യ അവിഹിതമായി കൈക്കലാക്കുന്ന മാന്യമായ പിടിച്ചുപറിയായി ഇത് വളര്‍ന്നുവന്നിരിക്കുകയാണ്. 50 പൈസയും ഒരു രൂപയുമായി ദിനംപ്രതി 250 രൂപയോളം (കോഴിക്കോട്ടെ ഒരു സിറ്റി ബസ് ജീവനക്കാരന്‍ പറഞ്ഞത്) രൂപ, ഏകദേശമെല്ലാവരും പൊരുത്തപ്പെട്ട് ദാനം ചെയ്ത് ലഭിക്കുന്നതിനു പുറമെയാണ് ഈ കൊലച്ചതി എന്നുകൂടി ഓര്‍ക്കുക.
ആധുനിക ലോകം തന്നെ തട്ടിപ്പിന്റേതാണ്. ഇവിടെ ധര്‍മം പുലര്‍ത്തുക ബോധപൂര്‍വം ശ്രമിച്ചാലേ നടക്കൂ. സമ്പത്ത് മോഹിപ്പിക്കുന്ന വിഷയമാകയാല്‍ അതു സംബന്ധമായി ഏറെ സൂക്ഷ്മത ആവശ്യമാണ്. പറ്റിക്കപ്പെടാതിരിക്കാനും പറ്റിച്ച് പരലോകം ഇരുളടഞ്ഞതാകാതിരിക്കാനുമാണ് ഇത്രയും കുറിച്ചത്. ചെറുതും വലുതുമായി അനേകായിരം മനുഷ്യരുടെ അവകാശം കൈവശംവന്നാല്‍, അതുകൊണ്ട് മക്കള്‍ക്ക് ഭക്ഷണമൊരുക്കിയാല്‍ വന്നുചേരുന്ന വിപത്തുകള്‍ എത്രയാണ്, വിശ്വാസികള്‍ ഗൗരവമായി പരിഗണിക്കേണ്ടതാണ് ഇക്കാര്യം.
മലപ്പുറം-കോട്ടക്കല്‍ ബസ് യാത്രയില്‍ കുറച്ചു മുമ്പുണ്ടായ ഒരനുഭവം കൂടി പറയാം. അമ്പതു പൈസ കണ്ടക്ടര്‍ക്കു നല്‍കാനുള്ള ഒരു യാത്രികന്‍ അദ്ദേഹത്തെ വിളിച്ച് അതു പൊരുത്തപ്പെടണമെന്ന് ആവശ്യപ്പെടുന്നു; അല്ലെങ്കില്‍ എന്റെ കൈയിലുള്ള 5 രൂപ താങ്കള്‍ എടുത്തോളൂ എന്നും! പിരിവുമായി മുന്നോട്ടുപോയ ജീവനക്കാരന്‍ വൈകാതെ തിരിച്ചുവന്ന് യാത്രക്കാരനോട് പരവശനായി പറയുകയാണ്; “ഞാന്‍ ഇപ്പണി നിര്‍ത്തുകയാണ്, എത്ര ആള്‍ക്ക് ഞാന്‍ അമ്പതും ഒന്നും നല്‍കാനുണ്ടെന്നോ? താങ്കള്‍ എന്റെ കണ്ണുതുറപ്പിച്ചു. അവരെങ്ങാനും വിട്ടുപൊറുത്തു തന്നിട്ടില്ലെങ്കില്‍…!’ വസ്തുത ഇതു തന്നെയാണ്. തീര്‍ക്കാന്‍ വകുപ്പില്ലാത്ത വിധം കൂടിക്കുഴയുന്ന ഒരു തുടര്‍ബാധ്യത വലിയ ശാപമാണല്ലോ. ഏതു ജോലിയിലും ഇത്തരം തീരാകടങ്ങള്‍ വന്നുചേരാതിരിക്കാന്‍ നിര്‍ബന്ധ ബുദ്ധി കാണിക്കണം. അതിനാവശ്യമായ വിധം ചില്ലറ സൂക്ഷിക്കേണ്ടതുണ്ട്. ചുരുങ്ങിയ പക്ഷം വാക്കാലേ ഇടപാട് തീര്‍ക്കുകയെങ്കിലും വേണം. അല്ലാതെ, പലരും എനിക്കും തരാനുണ്ടെന്നുള്ള ന്യായം മറ്റൊരാളുടേത് നല്‍കാതിരിക്കുന്നിന് കാരണമാവില്ലല്ലോ.

You May Also Like

ഉസ്മാനിയ ഖിലാഫത്ത് വന്കരകളുടെ ഭരണസാരഥ്യം

പ്രഭാത സൂര്യന്റെ കിരണങ്ങള്‍ ചെരിഞ്ഞിറങ്ങുന്ന ഇടനാഴിയിലൂടെ സുല്‍ത്വാന്‍ മുഹമ്മദ് ദര്‍വീശിനൊപ്പം നടന്നു. ദര്‍വീശിന്റെ ഓരോ വാക്കും…

കൊരൂര്‍ ത്വരീഖത്തും ശൈഖിന്റെ “കറാമത്തും’

മനുഷ്യനെ ആത്മീയമായി ഉന്നതിയിലെത്തിക്കാനുള്ള വിശുദ്ധരുടെ മാര്‍ഗമാണല്ലോ ത്വരീഖത്ത്. യോഗ്യനായൊരു ശൈഖിനെയാണ് പിന്തുടരേണ്ടത്. ആ യോഗ്യതകള്‍ എന്തെല്ലാമാണെന്ന്…

സുന്നിവോയ്സ് കാമ്പയിന്‍

“വായനയെ മരിക്കാനനുവദിക്കില്ല’ എന്ന തീവ്രമായ മുദ്രാവാക്യവുമായി കേരളത്തിലെ ആധികാരിക ഇസ്‌ലാമിക ശബ്ദം സുന്നിവോയ്സിന്റെ പ്രചാരണ കായിന്‍…