സ്‌നേഹവും കാരുണ്യവും പ്രവാചകരുടെ മുഖമുദ്രയായിരുന്നു. സ്‌നേഹത്തിന്റെ എല്ലാ നിമിത്തങ്ങളും സമഗ്രവും സമ്പൂർണവുമായി ഒത്തുചേർന്ന ഒരേയൊരു നേതാവ്, പരസ്പരം സ്‌നേഹിക്കാൻ ലോകത്തെ പഠിപ്പിച്ച തിരുനബി(സ്വ)യായിരുന്നു.

അനുരാഗവും ആർദ്രതയും വരണ്ടുണങ്ങിയ ആറാം നൂറ്റാണ്ടിൽ പ്രപഞ്ചത്തോളം വിശാലമായ സ്‌നേഹവും ദയാവായ്പിന്റെ ഉജ്ജ്വലമായ സന്ദേശവുമായി അവിടുന്ന് രംഗത്ത്‌വന്നു. പരസ്പര സ്പർദയുടെയും വിദ്വേഷത്തിന്റെയും കടുത്ത പകയുടെയും ഉമിത്തീയിൽ നിന്ന് അറബ് ജനതയെ പരസ്പര സ്‌നേഹത്തിന്റെയും ഗുണകാംക്ഷയുടെയും ഉത്തുംഗത്തിലേക്ക് ആനയിച്ചത് തിരുനബി(സ)ക്ക് അവരോടുള്ള അനുപമമായ സ്‌നേഹ വായ്പ്‌കൊണ്ടായിരുന്നു.

സർവർക്കും അനുഗ്രഹമായി റസൂൽ(സ്വ). തിരുനബിയുടെ കാരുണ്യവും സ്‌നേഹവും പ്രതീക്ഷിക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത ഒരു സൃഷ്ടിയുമില്ല. വിശ്വാസി – അവിശ്വാസി ഭേദമന്യേ സർവരും ആ മഹാകാരുണ്യ സാഗരത്തിൽ നിന്ന് ആവോളം ദാഹം തീർത്തുകൊണ്ടിരിക്കുന്നു. സർവലോക പരിപാലകനായ – റബ്ബുൽ ആലമീൻ – അല്ലാഹു റഹ്മത്തുല്ലിൽ ആലമീനായാണ് (സർവ ലോകത്തിനും അനുഗ്രഹമായി) തിരുനബിയെ നിയോഗിച്ചത്.

സത്യവിശ്വാസിക്കും കപടവിശ്വാസിക്കും സത്യനിഷേധിക്കും ജീവജാലങ്ങൾക്കും മുഴുവൻ സൃഷ്ടികൾക്കും അവിടുന്ന് കാരുണ്യമായി. ‘സർവ ലോകത്തിനും കാരുണ്യമായി മാത്രമാണ് അവിടുത്തെ നാം നിയോഗിച്ചിട്ടുള്ളതെന്ന് വിശുദ്ധഖുർആൻ പറയുന്നുണ്ട്’ (അമ്പിയാഅ് 107).

‘റസൂൽ റഹ്മ’ കാരുണ്യത്തിന്റെ പ്രവാചകൻ എന്നത് തിരുനബിയുടെ അതിശ്രേഷ്ഠമായ നാമ വിശേഷണങ്ങളിലൊന്നാണ്. അവിടുന്ന് സദാ സംസാരിച്ചുകൊണ്ടിരുന്നത് കാരുണ്യത്തെ കുറിച്ചായിരുന്നു. കരുണാർദ്രമായി മാത്രം പരസ്പരം ബന്ധപ്പെടണമെന്ന തിരുവചനം ശ്രദ്ധേയമാണ്. ‘നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണാമയരാവുക. എങ്കിൽ ആകാശത്തിന്റെ അധിപനായ അല്ലാഹു നിങ്ങളോട് കാരുണ്യം കാണിക്കുക തന്നെ ചെയ്യും. പരസ്പരം കരുണാമയരാകാൻ സാധിക്കാത്തവർ മറ്റുള്ളവരുടെ കാരുണ്യ സ്പർശം പ്രതീക്ഷിക്കേണ്ടതില്ല. അവർക്കത് ലഭിക്കുകയില്ല.

 

നിഷ്‌കളങ്കമായി സ്‌നേഹിച്ചു

താൽപര്യങ്ങൾക്ക് വേണ്ടിയുള്ള താൽകാലിക സ്‌നേഹമായിരുന്നില്ല നബിയുടേത്. നിഷ്‌കളങ്കമായിരുന്നു. അക്ഷരങ്ങളിലും അലങ്കാര വർത്തമാനങ്ങളിലും പരിമിതപ്പെടുന്ന നാട്യങ്ങളായിരുന്നില്ല. അക്ഷരാർത്ഥത്തിൽ പ്രത്യുപകാരമോ പ്രതിഫലമോ പ്രതീക്ഷിക്കാത്ത സത്യസന്ധമായ സ്‌നേഹം തന്നെയായിരുന്നു.

സ്വന്തക്കാരെയും ബന്ധുക്കളെയും മാത്രമല്ല, അവിടുന്ന് സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്നത്. രാജ്യമോ രാഷ്ട്രീയമോ നോക്കിയുമായിരുന്നില്ല. സ്‌നേഹവും കാരുണ്യവും അർഹിക്കുന്നവർക്ക് മുഴുവനും അവിടുന്ന് നൽകിക്കൊണ്ടിരുന്നു. അതുകൊണ്ട് തന്നെയാണ് അല്ലാഹു അതിമഹത്തായ റഊഫ്, റഹീമ് എന്നീ രണ്ട് വിശേഷണങ്ങൾ തിരുനബിക്ക് നൽകിയത്. സന്മാർഗ ദർശനം നൽകപ്പെടുന്ന കാരുണ്യവാനായി മാത്രമാണെന്റെ നിയോഗമെന്നും അവിടുന്ന് തെളിച്ചുപറഞ്ഞു.

 

അനുയായികൾക്ക് വേണ്ടി ജീവിച്ചു

അനുയായികളെ അതിരറ്റു സ്‌നേഹിക്കുകയും അവരുടെ പുരോഗതിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത നേതാവായിരുന്നു തിരുനബി(സ്വ). സ്വന്തക്കാരെ മാത്രം സ്‌നേഹിക്കുകയും അവരെ അധികാര സ്ഥാനങ്ങളിൽ അവിഹിതമായി അവരോധിക്കുകയും കോഴയിലൂടെയും മറ്റും കോടികൾ സമ്പാദിക്കുകയും ചെയ്യുന്നത് നിത്യസംഭവമായ വർത്തമാന കാലത്ത് ഏറ്റവും ശ്രദ്ധേയമായ വിഷയമാണിത്.

താനുൾക്കൊണ്ട സത്യം എല്ലാവരും ഉൾക്കൊള്ളണം, എല്ലാവരും വിജയിച്ചു കാണണം, ആരും പരാജയപ്പെട്ടുകൂടാ. ഒരാളും വേദനിച്ചുകൂടാ, ഒരനുയായിയും നരകാവകാശിയായിക്കൂടാ ഇത്തരം വിശാലമായ സ്‌നേഹ സാന്ത്വന താൽപര്യമായിരുന്നു അവിടുത്തെ ജീവിതത്തിലുടനീളം പ്രകാശം പരത്തിയിരുന്നത്. ഇരുളടഞ്ഞുപോകുമായിരുന്ന തന്റെ ജീവിതത്തിലേക്ക് വജ്രത്തിളക്കമുള്ള ഈമാനിന്റെ വെളിച്ചം കൊണ്ട് വന്ന ജ്യോതിസ്സാണ് സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം റസൂൽ(സ്വ) ശ്വാസം പോലെ സദാ തന്നോടൊപ്പമുള്ള മഹാ മാർഗദർശകൻ. ജീവിത യാത്രയിൽ തനിക്ക് വഴി കാണിച്ച് തരാൻ വേണ്ടി ത്യാഗത്തിന്റെ തീച്ചൂളയിൽ അടി തെറ്റാതെ നടന്നുപോയ പ്രബോധകൻ. ഓരോ വിശ്വാസിയുടെയും ഹൃദയത്തിലെ വിളക്കായിരുന്നു നബി(സ്വ). ഏത് ഇരുട്ടിലും വഴി തെറ്റാതെ നടന്നുപോവാൻ ആ ഹൃദയ വിളക്കിന്റെ പ്രകാശം ധാരാളം.

ആകാശം പോലെ വിശാലമായിരുന്നു തിരുനബിയുടെ ഹൃദയം. താൻ പ്രതിനിധാനം ചെയ്യുന്ന വിശുദ്ധമായ ആദർശത്തെ എതിർത്ത് തോൽപിക്കാൻ ശ്രമിച്ചവരോട് മാത്രമേ എതിരിടാൻ തയ്യാറായിരുന്നുള്ളൂ. വ്യക്തിപരമായി അക്രമിച്ചവരോട് പ്രതികരിച്ചത് അവർ സന്മാർഗം പ്രാപിക്കാനുള്ള പ്രാർത്ഥനയിലൂടെയായിരുന്നു. അവരുടെ സന്താന പരമ്പരയിൽ ജനിക്കാനിരിക്കുന്നവരുടെ വിജയമായിരുന്നു പുണ്യനബിയുടെ പ്രതീക്ഷ.

സമൂഹത്തിലെ അംഗങ്ങൾ പരസ്പരം നൽകേണ്ട അംഗീകാരത്തെയും പിന്തുണയെയും കുറിച്ച് അവിടുന്ന് ഇപ്രകാരം വിശദീകരിച്ചു. ‘വിശ്വാസികൾ ഒരു വ്യക്തിയെ പോലെയാണ്. കണ്ണിൽ വേദനിച്ചാൽ ശരീരം മുഴുവൻ ആ വേദനയിൽ പങ്ക് ചേരും. തല വേദന വന്നാൽ ശരീരമൊന്നടങ്കം അതിൽ വേദനയനുഭവിക്കും’ (മുസ്‌ലിം).

വിശ്വാസിസമൂഹത്തിലെ ഒരാളുടെ പ്രശ്‌നം എല്ലാവരുടെയും പ്രശ്‌നമാകുന്നു. അത് പരിഹരിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ടതുമാണ്. ഒരാളുടെ സന്തോഷം മറ്റുള്ളവരുടെ സന്തോഷവും ഒരാളുടെ ദു:ഖം മറ്റുള്ളവരുടെ സന്താപവുമാകുമെന്ന് ചുരുക്കം.

ഇസ്‌ലാമിക സമൂഹത്തിലെ അംഗങ്ങൾ തമ്മിൽ പരിപാലിക്കേണ്ട സ്‌നേഹ-സൗഹൃദ ബന്ധങ്ങൾ വിശദീകരിക്കുന്ന ഒട്ടേറെ തിരുവചനങ്ങൾ സ്വഹീഹായ ഹദീസുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ചീർപ്പിന്റെ പല്ലുകൾ പരസ്പരം ചേർന്നു നിൽക്കുന്നതുപോലെ അടുത്ത് നിൽക്കേണ്ടവരാണവർ.

പ്രവാചക നിയോഗത്തെ ഖുർആൻ പരിചയപ്പെടുത്തുന്നത് തന്നെ ‘മുഴുവൻ ജനങ്ങൾക്കും കാരുണ്യം ചൊരിയുന്നതിനായി നാം നിയോഗിച്ചിരിക്കുന്നു’ എന്നാണ്. (നബീ) താങ്കളെ അനുഗമിക്കുന്നവരായ സത്യവിശ്വാസികൾക്ക് താങ്കൾ ചിറക് താഴ്ത്തിക്കൊടുക്കുകയെന്നാണ് പ്രവാചകനെ സംബോധനം ചെയ്ത് ഖുർആൻ ആവശ്യപ്പെടുന്നത് (26-215).

കാരുണ്യമാണ് അനുഗ്രഹത്തിന്റെ ഉറവിടം. ലോകത്തിനു വേണ്ടി നിയുക്തനായ കാരുണ്യമാണ് തിരുനബി(സ്വ). ദിവ്യ കാരുണ്യത്തിന്റെ തേജസ്സ് ഹൃദയത്തിൽ നിക്ഷേപിച്ച പ്രകാശ ഗോപുരം. കാരുണ്യം പ്രവാചകർ(സ്വ)യുടെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. അനുചരന്മാർ കൂടെ നിന്നതും അവിടുത്തെ മഹാകാരുണ്യത്തിന്റെ ഫലമായിരുന്നുവെന്നും ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. (നബിയേ) താങ്കൾ ഹൃദയ കാഠിന്യമുള്ള പരുഷ പ്രകൃതക്കാരനായിരുന്നെങ്കിൽ താങ്കളുടെ ചുറ്റുവട്ടത്തിൽ നിന്നും അവർ അകന്നുപോകുമായിരുന്നു (ആലുഇംറാൻ 159).

തന്നോട് പരുഷമായി പെരുമാറിയവരോട് തിരിച്ചു മാന്യമായാണ് അവിടുന്ന് പെരുമാറിയത്. അനസ്(റ) നിവേദനം ചെയ്യുന്ന ഒരു സംഭവം കാണുക: ഒരിക്കൽ തിരുനബി(സ്വ) ഒരു വഴിക്ക് നടന്നു

പോകുമ്പോൾ ഗ്രാമീണനായ ഒരറബി നബിയുടെ വസ്ത്രം ശക്തിയായി പിടിച്ചുവലിച്ചു. നബിയുടെ പിരടിയിൽ വസ്ത്രത്തിന്റെ കര മുറുകി പാടുകളുണ്ടായി. അയാൾ പറഞ്ഞു: മുഹമ്മദേ, നിന്റെ പക്കലുള്ള അല്ലാഹുവിന്റെ ധനത്തിൽ നിന്ന് എന്തെങ്കിലും എനിക്ക് നൽകാൻ ആജ്ഞ കൊടുക്കുക. തിരുനബി അയാളെ നോക്കി ചിരിച്ചുകൊണ്ട് അയാൾക്ക് വല്ലതും കൊടുക്കാൻ കൽപിച്ചു (ബുഖാരി, മുസ്‌ലിം).

മറ്റൊരിക്കൽ പള്ളിയിൽ കയറി മൂത്രമൊഴിച്ച ഗ്രാമീണ അറബിയെ ശകാരിക്കാൻ തുനിഞ്ഞ നാട്ടുകാരെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും അയാളെ വെറുതെ വിടാൻ ആവശ്യപ്പെടുകയും ചെയ്തു. അയാളുടെ മൂത്രത്തിൽ നിങ്ങളൊരു പാത്രം വെള്ളമൊഴിക്കുക. നിശ്ചയം എളുപ്പ മാർഗം ഉണ്ടാക്കാനാണ് നിങ്ങൾ നിയോഗിക്കപ്പെട്ടിരിക്കുന്നത്, അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല’ (ബുഖാരി).

ജോൺ വില്യം ഡോപ്പർ പറയുന്നു: മുഹമ്മദ് നബിക്ക് മനുഷ്യ വർഗത്തിൽ മുഴുവൻ സ്വാധീനം ചെലുത്താൻ സാധിച്ചത് തന്റെ നിസ്വാർത്ഥമായ സ്‌നേഹ വിപ്ലവം കാരണമായിരുന്നു. നബിയിൽ സമ്മേളിച്ച മഹദ് ഗുണങ്ങൾ സമുദായങ്ങളെയും വർഗങ്ങളെയും രാജ്യങ്ങളെയും ഭരണകൂടങ്ങളെയും ഗതിമാറ്റുക തന്നെ ചെയ്തു (അ ഒശേെീൃ്യ ീള വേല ശിലേഹഹലരൗേമഹ ഉല്‌ലഹീുാലി േീള ഋൗൃീുല 1229).

 

കാരുണ്യം ഇതര മതക്കാരോടും

ഇസ്‌ലാമിന്റെ ബദ്ധശത്രുക്കളായ ജൂത ക്രൈസ്തവരും അഗ്നിയാരാധകരും അറേബ്യൻ ബഹുദൈവ വിശ്വാസികളും രക്തം ചിന്തി ന്യായാന്യായങ്ങൾ തീരുമാനിക്കുന്ന ഗോത്ര സാമൂഹിക സംസ്‌കൃതിയും നിലനിന്ന മധ്യകാല അറേ

ബ്യൻ ചരിത്രപരിസരത്തിലാണ് തിരുനബിയുടെ ദൗത്യം സമാരംഭിക്കുന്നത്. നേരത്തെ നിലവിലുണ്ടായിരുന്ന യഹൂദ-ക്രൈസ്തവ മത പാരമ്പര്യവുമായി മുഹമ്മദ് നബിയുടെ ആദർശത്തിനുള്ള പൈതൃക ബന്ധം സുവിദിതമാണ്. അവർ വിസ്മരിച്ചതിലേക്ക് അവരെ തിരിച്ചുവിളിക്കുകയാണ് യഥാർത്ഥത്തിൽ തിരുനബിക്ക് ചെയ്യാനുണ്ടായിരുന്നത്. പുതിയൊരു മതം സൃഷ്ടിക്കുകയായിരുന്നില്ല.

ചരിത്രത്തിൽ മതങ്ങൾ തമ്മിലുള്ള കലഹങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. ക്രി.വ. 1097 മുതൽ ക്രി.വ. 1221 വരെ നീണ്ടുനിന്ന അഞ്ച് കുരിശു യുദ്ധങ്ങളാണ് ഈ സംഘട്ടന പരമ്പരകളിൽ ശ്രദ്ധേയം. രാഷ്ട്രങ്ങൾ തമ്മിലും യുദ്ധങ്ങൾ നടക്കുന്നുണ്ട്. ടെററിസം അതിന്റെ കിരാത ദൗത്യം ഇപ്പോഴും നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. മക്കയിലേക്ക് പോലും മിസൈലാക്രമണം നടന്നുകഴിഞ്ഞു. ഇനിയും തുടർ ആക്രമണങ്ങളുണ്ടാകുമത്രെ. ഇവിടെയാണ് തിരുനബി(സ്വ)യുടെ സമവായത്തിന്റെ സന്ദേശം പ്രസക്തമാകുന്നത്.

നബി(സ്വ) ജൂത ക്രൈസ്തവരുടെയും മുസ്‌ലിംകളുടെയും ഇടയിൽ നയതന്ത്രം സ്ഥാപിച്ചു. മറ്റു മതാനുയായികൾക്കിടയിൽ സൗഹൃദബന്ധം സ്ഥാപിക്കുകയും സമവായത്തിന്റെ സന്ദേശം കൈമാറുകയും ചെയ്തു. പരസ്പരം വിശ്വാസ്യത ഊട്ടിയുറപ്പിച്ചു. ഖുർആൻ പ്രവാചകർ(സ്വ)യോട് ആവശ്യപ്പെട്ടു:

‘പറയുക, വേദക്കാരേ, ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ പൊതുവായ ഒരു വാക്യത്തിലേക്ക് നിങ്ങൾ വരിക; അല്ലാഹുവെയല്ലാതെ ആരെയും നിങ്ങൾ ആരാധിക്കരുത്. അവനിൽ ആരെയും പങ്ക് ചേർക്കുകയുമരുത്. നാം നമ്മിൽ പെട്ട ചിലരെ ഈശ്വരന്മാരാക്കുകയുമരുത്. അവർ പിന്തിരിഞ്ഞു പോവുകയാണെങ്കിൽ അവരോട് പറയുക. തീർച്ചയായും ഞങ്ങൾ മുസ്‌ലിംകളാണെന്നതിന് നിങ്ങൾ സാക്ഷികളാവുക’ (വി.ഖു. 3/64).

ഹിജ്‌റ 9-ാം വർഷം നജ്‌റാനിലെ 60 ക്രൈസ്തവ പുരോഹിതർ മദീന സന്ദർശിച്ചു. നബി(സ്വ) അവരെ മാന്യമായി സ്വീകരിക്കുകയും സൽകരിക്കുകയും ചെയ്തു. നബി അവരെ തന്റെ ആദർശം ബോധ്യപ്പെടുത്തി. അവർ അവരുടെ ആശയത്തിൽ തന്നെ ഉറച്ചുനിന്നു. ശേഷം നടന്ന സൗഹൃദ സംഭാഷണങ്ങളിൽ ഒരു കരാർ രൂപപ്പെട്ടു. ‘ക്രൈസ്തവരുടെ മതകാര്യങ്ങളിൽ ഇടപെടുകയില്ലെന്നും അവർക്ക് പൂർണ സംരക്ഷണം നൽകുമെന്നും നബി ഉറപ്പു നൽകി. ഇതാണ് മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന് തിരുനബിയുടെ മാതൃക. ബഹുദൈവാരാധകരും ജൂത-ക്രൈസ്തവരും ഉൾപ്പെടെ വിവിധ സമുദായങ്ങൾക്കിടയിൽ പ്രവാചകർ(സ്വ) നല്ല ബന്ധം പരിപാലിച്ചിരുന്നു. ഇടപാടുകൾ നടത്തിയിരുന്നു. ഒന്നിലധികം പരിചാരകർ ജൂതരായിരുന്നു. അവരുടെ പ്രശ്‌ന പരിഹാരങ്ങളിൽ ഇടപെടുമായിരുന്നു. തിരുനബി(സ്വ)യുടെ വഫാത്തിന്റെ സമയത്ത് അവിടുത്തെ അങ്കി മുപ്പത് സ്വാഅ് തൊലി ഗോതമ്പിനു പകരം ഒരു ജൂതന്റെ വശം പണയത്തിലായിരുന്നുവെന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസിൽ കാണാം.

സംസ്‌കാരങ്ങൾ തമ്മിൽ സംഘട്ടനമല്ല; സൗഹൃദ സംഭാഷണമാണ്, ഗുണകാംക്ഷയാണ് നബി(സ്വ) പരിപോഷിപ്പിക്കുന്നത്. തമ്മിലടിപ്പിക്കുകയല്ല തമ്മിലടുപ്പിക്കുകയാണ് മഹത്തായ മാതൃക. രണ്ട് സംസ്‌കാരങ്ങൾ തമ്മിൽ സംഘട്ടനം അനിവാര്യമാണെന്നത് ആധുനിക പാശ്ചാത്യൻ സമീപനമാണ്. തിരുചര്യകളിലെവിടെയും അത്തരമൊരു രീതിശാസ്ത്രമേയില്ല.

ഇതുപോലുള്ള ബഹുസ്വര സമൂഹത്തിൽ ഇതര സംസ്‌കാരങ്ങൾ തമ്മിലുള്ള സമവായത്തിനും സൗഹൃദത്തിനും സമാധാനപൂർണമായ സഹവർത്തിത്വത്തിനും സന്മനസ്സ് കാണിക്കുക എന്നതാണ് സമകാലിക സാഹചര്യം നമ്മോട് സംസാരിക്കുന്നത്. അവിടുന്ന് സമാധാനത്തിന് വേണ്ടി സമരം നയിച്ചു. അനിവാര്യമായിരുന്നു ആ സമരങ്ങളത്രയും. അതിജീവനത്തിനും അവകാശ സംരക്ഷണത്തിനും സമാധാനത്തിന്റെ പുന:സ്ഥാപനത്തിനും വേണ്ടിയുള്ള ധർമ സമരമായിരുന്നു തിരുനബി നേതൃത്വം നൽകി നടത്തിയിരുന്നത്. മനുഷ്യക്കുരുതിക്ക് വേണ്ടിയുള്ള സായുധ സമരമായിരുന്നില്ല. അഹങ്കാരത്തിനും അടക്കിവാഴുന്നതിനും അടിമപ്പെടുത്തുന്നതിനുമെതിരെയുള്ള ചെറുത്തുനിൽപായിരുന്നു ലക്ഷ്യം. അത് ശരിക്കും സാധ്യമാവുകയും ചെയ്തു. വലിയ ആളപായമോ വസ്തുനാശമോ സംഭവിക്കാത്ത വിശുദ്ധ സമരങ്ങളായിരുന്നു അവ. ആകെ നടന്ന ധർമ സമരങ്ങളിൽ മുസ്‌ലിം – ശത്രുപക്ഷത്ത് നിന്നുമായി ആയിരത്തി പതിനെട്ട് പേർ മാത്രമേ മരിച്ചിട്ടുള്ളൂ. കലിംഗ യുദ്ധത്തിൽ മരിച്ചത് ഒരു ലക്ഷം പേർ. ഹിരോഷിമയിലും നാഗാസാക്കിയിലും ഒരു ലക്ഷത്തി പതിനയ്യായിരം. നാല് ലക്ഷം പേർ മരിക്കാതെ ഇന്നും അവിടെ മരണക്കെടുതി അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഒന്നാം ലോക യുദ്ധത്തിൽ പതിനാല് ലക്ഷം പേർ കൂട്ടക്കുരുതിക്ക് വിധേയരായി. രണ്ടാം ലോക യുദ്ധത്തിൽ അമ്പത് ദശലക്ഷം പേർക്ക് ജീവഹാനി സംഭവിച്ചു. ഇറാഖ്, സിറിയ, യമൻ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ഇന്ന് കുരുതികൊടുക്കേണ്ടിവരുന്നത് ലക്ഷങ്ങളാണ്.

നിരപരാധികൾ നിരന്തരം കൊല ചെയ്യപ്പെടുന്ന യുദ്ധങ്ങളെ തിരുനബി ദീർഘദർശനം നടത്തുക തന്നെ ചെയ്തു. സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധജനങ്ങളും കൊല്ലെപ്പടുന്ന ക്ലസ്റ്റർ ബോംബ് സ്‌ഫോടനങ്ങളും ചാവേറാക്രമണങ്ങളും പടിഞ്ഞാറിന്റെ സൃഷ്ടിയാണ്. എന്ത് വില കൊടുത്തും അത്തരം ക്രൂര കൃത്യങ്ങളെ അവസാനിപ്പിക്കണമെന്നാണ് തിരുദർശനം.

സമര പോരാട്ടത്തിന് പോർക്കളത്തിലേക്ക് പോകുന്ന യോദ്ധാക്കളോട് നബി(സ്വ)യുടെ നിർദേശം എന്തുമാത്രം ശ്രദ്ധേയമാണ്: നിങ്ങളൊരിക്കലും പ്രായമുള്ളവരെയും കുട്ടികളെയും സ്ത്രീകളെയും വധിക്കരുത്. ശത്രുക്കളുടെ മൃഗങ്ങളെ കൊല്ലരുത്. ഫല വൃക്ഷങ്ങൾ നശിപ്പിക്കരുത്. അംഗഭംഗം വരുത്തരുത്, ചതി പ്രയോഗം നടത്തരുത്, നിരപരാധികളെ വകവരുത്തരുത് (റഹ്മത്തുന്നബിയ്യി ബിൽകുഫ്ഫാർ പുറം: 176)

ബലവാൻ ദുർബലരെ വേട്ടയാടുകയെന്ന കാട്ടുനീതി രാഷ്ട്രതന്ത്രമായി മാറിയ വർത്തമാന ദൃശ്യത്തോട് അതിശക്തമായ താക്കീതായിരുന്നു തിരുനബി നടത്തിയത്. ‘അഭിജാതരും വരേണ്യരും സമൂഹത്തിന്റെ മേൽത്തട്ടിൽ വിരാചിക്കുന്ന അധികാരി വർഗങ്ങളും ഒരിക്കലും പാവപ്പെട്ടവരെയും പാർശ്വവൽകരിക്കപ്പെട്ടവരെയും അടിച്ചമർത്തുകയോ അക്രമിക്കുകയോ ചെയ്യരുതെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചു. റോമിലെയും പേർഷ്യയിലെയും ചക്രവർത്തിമാരോട് ജനങ്ങളെ അടിമകളാക്കരുതെന്ന് ആവശ്യപ്പെട്ടു. ഗോത്രാധീശത്വത്തിൽ നിന്ന് മക്കയിലെ സാധാരണക്കാരെ സമത്വത്തിന്റെ നിറവെളിച്ചത്തിലേക്ക് നയിച്ചു. പേർഷ്യൻ – റോമാ സാമ്രാജ്യങ്ങളിൽനിന്ന് അറേബ്യൻ ഉപദ്വീപിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളെ മോചിപ്പിക്കുന്നതിന് ധർമ സമരം ചെയ്യാൻ പ്രവാചക ശിഷ്യന്മാർ മുന്നോട്ടിറങ്ങിയത് ശ്രദ്ധേയം.

സമുദായങ്ങൾ തമ്മിൽ ചോര ചിന്താൻ സഹായകമാകുന്ന വർഗീയ ചുവയുള്ള സംസാരങ്ങളെയും നീക്കങ്ങളെയും പ്രവാചകർ അതിശക്തമായി നിരുത്സാഹപ്പെടുത്തി. വർഗീയതയെ കടപുഴക്കിയെറിയുന്ന ജാഗ്രതാ പ്രഖ്യാപനം തന്നെ നടത്തി. വർഗീയതയിലേക്ക് ക്ഷണിക്കുന്നവനും വർഗീയത നിമിത്തം സമരം ചെയ്യുന്നവനും വർഗീയതക്ക് വേണ്ടി മരിച്ചവനും നമ്മുടെ കൂട്ടത്തിൽ പെട്ടവരല്ല (അബൂദാവൂദ്).

സ്വന്തം ജനതയെ അനീതിക്ക് പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഏത് നീക്കങ്ങളും വർഗീയതക്ക് വളം വെക്കുന്ന ഹീന പ്രവൃത്തിയാണെന്ന് അവിടുന്ന് പ്രഖ്യാപിച്ചു (അഹ്മദ്, ഇബ്‌നുമാജ).

സമാധാനത്തിനു വേണ്ടിയുള്ള സമരങ്ങൾ മാത്രമേ പ്രവാചകർ(സ്വ) അനുവദിച്ചിരുന്നുള്ളൂ. മദീനയിലെ പറക്കമുറ്റാത്ത കൊച്ചു ഇസ്‌ലാമിക സമൂഹത്തെ പലവിധേനയും ദ്രോഹിച്ചുകൊണ്ടിരുന്ന മക്കയിലെ മർദകർ പടനയിച്ചു വന്നപ്പോൾ ബദ്‌റിൽ വെച്ച് തിരുനബി(സ്വ) അവരെ പ്രതിരോധിച്ചു. അറേബ്യയും അറേബ്യക്ക് പുറത്തുള്ളവരും മദീനക്ക് എതിരെ സഖ്യമുണ്ടാക്കി പട നയിച്ചപ്പോൾ വിശപ്പറിയാതിരിക്കാൻ സ്വന്തം ഉദരത്തിൽ കല്ല് കെട്ടി മദീനക്ക് ചുറ്റും കിടങ്ങ് കീറി സ്വജനതയെ അവിടുന്ന് സംരക്ഷിച്ചു. അധർമത്തിന്റെ കോമരങ്ങളോട് ഒരു പ്രതിസന്ധിവേളയിലും രാജിയാവാതിരുന്നു. അങ്ങേയറ്റം വിട്ടുവീഴ്ചയോടെ ചെയ്ത ഹുദൈബിയ്യ കരാർ അന്തിമ വിജയത്തിൽ കലാശിച്ചു. അതായിരുന്നു ചരിത്രപ്രസിദ്ധമായ മക്കാ വിജയം.

സംഘർഷം ഇഷ്ടപ്പെടാത്ത സമൂഹത്തെ സജ്ജീകരിക്കുകയായിരുന്നു തിരുനബി. സമാധാനം കാംക്ഷിക്കുന്ന സമൂഹമായിരുന്നു തന്റെ സ്വപ്നം. ‘നിനക്കിഷ്ടപ്പെടുന്നത് നിന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസിയാകില്ല’എന്ന അധ്യാപനം സർവലോകത്തും എന്നും സമാധാനം കളിയാടണമെന്ന് തന്നെയാണ്.

ഒരാൾ തനിക്ക് ആദ്യന്തം ഇഷ്ടപ്പെടുക സ്‌നേഹമാണ്. സകല മനുഷ്യരുടെയും സ്‌നേഹം അളക്കുമ്പോൾ അവനു സമാധാനമുണ്ടാകുന്നു. സമൂഹത്തിലും സമുദായത്തിലും സ്‌നേഹവും സമാധാനവും പുഷ്‌കലമാകുന്നു. ഇവ രണ്ടും മറ്റുള്ളവർക്കും ഇഷ്ടപ്പെടുമ്പോഴേ യഥാർത്ഥ വിശ്വാസിയാകൂ എന്നാണ് തിരുനബി

പാഠത്തിന്റെ ആകെത്തുക.

വിശുദ്ധ ഖുർആൻ അൽ അൻഫാൽ 61-ാം സൂക്തം ഇങ്ങനെയാണ്: ‘അവർ സമാധാനത്തിലേക്ക് ചായ്‌വ് കാണിക്കുന്നുവെങ്കിൽ താങ്കളും അതിലേക്ക് ചായ്‌വ് കാണിക്കുകയും അല്ലാഹുവിലേക്ക് ഭരമേൽപ്പിക്കുകയും ചെയ്യുക. നിശ്ചയം, അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്.’

 

തീവ്രവാദത്തിനെതിരെ ശബ്ദിച്ചു

തീവ്രവാദ പ്രസ്ഥാനങ്ങളുടെ ആധിക്യവും ആധിപത്യവും ആശങ്കാജനകമാം വിധം വർധിച്ചുകൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ തീവ്രവാദത്തിനെതിരെയുള്ള തിരുനബിയുടെ ജാഗ്രതാ ഉൽബോധനങ്ങൾ അതീവ ശ്രദ്ധേയമാണ്. തീവ്രവാദത്തിന്റെ തീക്കനലുകൾ ലോകമാകെ എരിഞ്ഞു പൊങ്ങുന്ന വാർത്തകളും ദൃശ്യങ്ങളും ചാനലുകളും മീഡിയകളും ആഘോഷിച്ചുകൊണ്ടിരിക്കുമ്പോൾ വിശേഷിച്ചും. രാജ്യത്തെയും സമൂഹത്തെയും അസ്ഥിരതയിലേക്കും അരാജകത്വത്തിലേക്കും നയിക്കുന്ന ടെററിസത്തിന്റെ പേരിൽ ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് നിർത്തുകയും മുസ്‌ലിംകളെ ഭീകരവാദികളായി മുദ്ര കുത്തുകയും ചെയ്യുന്നത് എന്തുമാത്രം വിരോധാഭാസമാണ്?

അനാവശ്യമായി അന്യന് നേരെ ആയുധം ചൂണ്ടുന്നത് പോലും അക്രമമാണെന്ന് ദീർഘദർശനം നടത്തിയ തിരുനബിയുടെ യഥാർത്ഥ അനുയായികൾക്ക് ഒരിക്കലും ഭീകരവാദികളും തീവ്രവാദികളും ആകാൻ കഴിയില്ലെന്നതിന് ലോക ചരിത്രം സാക്ഷിയാണ്. ഇന്നോളം ഒരാളും പറഞ്ഞിട്ടില്ലാത്തത്രയും ശക്തമായ താക്കീതാണ് ഭീകര പ്രവർത്തനത്തിനെതിരെ പ്രവാചകർ(സ്വ) നടത്തിയത്. നിഷ്പക്ഷമായി വിലയിരുത്തുന്ന ആർക്കും ബോധ്യമാകുന്ന നഗ്‌ന യാഥാർത്ഥ്യമാണിത്.

പ്രമുഖ സ്വഹാബിയായ ഹുദൈഫതുൽ യമാൻ(റ) നിവേദനം: തിരുനബി(സ്വ) പറയുന്നു: ‘ഇസ്‌ലാമിന്റെ പേരിൽ പിൽകാലത്ത് പ്രകടമായി ചർച്ച ചെയ്യപ്പെടുന്ന ഭീകര പ്രവൃത്തികളെയും തീവ്രവാദ നിലപാടുകളെയും അത് സംബന്ധമായി നടക്കുന്ന അതിക്രമങ്ങളെയും അടിച്ചമർത്തലുകളെയുമാണ് ഞാനേറ്റവും കൂടുതൽ ഭയക്കുന്നത്.’ ഗോത്രങ്ങളും രാജ്യങ്ങളും തമ്മിൽ പരസ്പരം വഴക്കടിച്ച് നശിക്കുന്ന അത്യന്തം അപകടകരമായ അവസ്ഥക്കെതിരിൽ ആയിരത്തിനാന്നൂറ് വർഷത്തിനപ്പുറം അവിടുന്ന് സങ്കടപ്പെട്ടിരുന്നു. ഇമാം ഹാകിമും ത്വബ്‌റാനിയും സ്വഹീഹായ സനദുകളിലൂടെ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് സമാധാനവും സുരക്ഷയും നൽകുന്നവനാണ് ശരിയായ വിശ്വാസിയെന്നും സർവ മനുഷ്യരുടെയും ശരീരത്തിനും രക്തത്തിനും സമ്പത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നവനാണ് എന്റെ മതത്തിന്റെ വക്താവെന്നും സത്യവിശ്വാസിയുടെ സ്വഭാവം വിശദീകരിച്ചുകൊണ്ട് തിരുനബി(സ്വ) വ്യക്തമാക്കിയ നിരവധി ഹദീസുകളുണ്ട് (മുസ്‌നദ് അഹ്മദ് 2/14, മുഅ്ജമുൽ കബീർ 15/454 നോക്കുക).

 

വിശാലമായ വിട്ടുവീഴ്ച

ശത്രു-മിത്ര ഭേദമന്യേ എല്ലാവരോടും വിട്ടുവീഴ്ചയിലൂന്നിയ പെരുമാറ്റമായിരുന്നു തിരുനബിയുടേത്. വീട്ടിലും കുടുംബത്തിലും സമൂഹത്തിലും ശരിക്കും അത് ജനം അനുഭവിച്ചു. വിദ്വേഷത്തിന്റെയും പകയുടെയും മനോഭാവം വികസനം തടയാനേ ഉപകരിക്കൂ എന്ന് പ്രവാചകൻ(സ്വ) ലോകത്തെ പഠിപ്പിച്ചു.

തന്റെ വീട്ടിലെ സേവകനായിരുന്ന ജൂത പയ്യനെ സ്വാധീനിച്ച് തനിക്ക് മാരണം ചെയ്ത കപട വിശ്വാസിയായ ലബീദിനെയും ആടു മാംസത്തിൽ വിഷം പുരട്ടി ഭക്ഷണം നൽകിയ ജൂതപ്പെണ്ണിനെയും പലതവണ വധശ്രമം നടത്തിയവരെയും ഒട്ടേറെ സ്വന്തക്കാരെയും അടുത്ത അനുയായികളെയും നിഷ്‌കരുണം വധിച്ചുകളഞ്ഞവരെയും കല്ലെറിഞ്ഞവരെയും അക്രമിച്ചവരെയുമെല്ലാം വെറുതെ വിടുകയായിരുന്നു. ശക്തമായ തിരിച്ചടിയും പ്രതികാരവും പ്രതീക്ഷിച്ച് ഭയാശങ്കയിൽ കഴിയുന്ന ശത്രുക്കളോട് അവിടുന്ന് പറഞ്ഞ സ്വാതന്ത്ര്യത്തിന്റെ വാക്കുകൾ എക്കാലത്തെയും ഏറ്റവും വലിയ വിട്ടുവീഴ്ചയുടെ പ്രഖ്യാപനങ്ങളായിരുന്നു.

 

ജീവജാലങ്ങളെയും പ്രകൃതിയെയും സ്‌നേഹിച്ചു

സ്‌നേഹ കാരുണ്യത്തെ പ്രകൃതിയിലേക്കും ജീവജാലങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു പ്രവാചകർ(സ്വ). വീട്ടിൽ വളർത്തുന്ന പൂച്ചയോട്, ചിറകൊടിഞ്ഞ പക്ഷിയോട്, വെള്ളത്തിൽ വീഴുന്ന ഉറുമ്പിനോട്, ദാഹിച്ചു വലയുന്ന നായയോട്, വഴിയരികിലെ വൃക്ഷത്തോട്, ജലസ്രോതസ്സുകളോട്, ഇങ്ങനെ പ്രകൃതിയിലെ മുഴുവൻ വസ്തുക്കളോടും സ്‌നേഹവും കാരുണ്യവുമാണ് പ്രവാചകർ(സ്വ). ഈ സ്‌നേഹ പാഠങ്ങൾ അവിടുന്ന് ആവർത്തിച്ചുപഠിപ്പിച്ചുകൊണ്ടിരുന്നു.

തെരുവു പട്ടികൾ മനുഷ്യരെ കൊന്നുതിന്നുകയും കടിച്ചുകീറുകയും ചെയ്യുന്നത് നിർദാക്ഷിണ്യം നോക്കിനിൽക്കുന്ന ജനകീയ സാഹചര്യത്തിലും പ്രസക്തമാണ് പ്രവാചകാധ്യാപനം. നിരുപദ്രവകാരികളായ പട്ടികളെ കൊല്ലുന്നതിനെതിരെ ശക്തിയായി ശബ്ദിക്കുമ്പോൾ തന്നെ കടിക്കുന്ന നായയെ കൊല്ലാമെന്നും പട്ടി ശല്യത്തിൽ നിന്നു മനുഷ്യനെയും വളർത്തുജീവികളെയും മറ്റും സംരക്ഷിക്കണമെന്നും കൃത്യമായി പറഞ്ഞു.

ഒരിക്കൽ മദീനയിൽ പട്ടിശല്യം സാർവത്രികമായപ്പോൾ മൊത്തം പട്ടികളെ കൊന്നൊടുക്കാമെന്ന് അഭിപ്രായം പ്രകടിപ്പിച്ച അനുചരന്മാരോട് അവിടുന്ന് പ്രസ്താവിച്ചു. നായകളും നിങ്ങളെപ്പോലെയുള്ള ഒരു സമുദായം തന്നെയാണ്. അവയ്ക്കും ജീവിക്കാൻ അവകാശമുണ്ട്. തൊട്ടാൽ ഏഴ് പ്രാവശ്യം കഴുകുകയും ഒരു തവണ മണ്ണ് ചേർക്കുകയും ചെയ്താൽ മാത്രം ശുദ്ധിയാകുന്ന നായക്ക് പോലും പരിഗണന നൽകുന്ന നബി(സ്വ) പറഞ്ഞു: ശല്യക്കാരെ വകവരുത്താം. മൊത്തം നശിപ്പിക്കുന്നത് ശരിയല്ല (ഹദീസ് ത്വബ്‌റാനി).

നിർത്തിയിട്ട കഴുതപ്പുറത്തിരുന്നു വർത്തമാനം പറയുന്ന അനുചരന്മാരോട് സഗൗരവം ഗുണദോഷിക്കുന്നത് കാണുക: നിശ്ചയം ഈ മൃഗങ്ങൾ

നിരുപദ്രവകാരികളാണ്. ഇവറ്റകളിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. നിങ്ങൾക്ക് അവയെ നല്ല രീതിയിൽ വാഹനമാക്കാം. അതു കഴിഞ്ഞാൽ അവയെ വെറുതെ വിട്ടേക്കുക. ഒരിക്കലുമവയെ വഴിയരികിലും അങ്ങാടികളിലും നിങ്ങൾക്ക് വെടി പറയാനുള്ള കസേരകളാക്കരുത്. കാരണം, ആ മൃഗങ്ങൾ പുറത്ത് യാത്ര ചെയ്യുന്നവരേക്കാൾ നന്മയുള്ളതും അയാളേക്കാൾ കൂടുതൽ അല്ലാഹുവിന് ദിക്ർ ചൊല്ലുന്നവയുമാകും’ (അഹ്മദ്)

പട്ടിണിക്കിട്ട കന്നുകാലികളുടെ ഉടമയെ വിളിപ്പിച്ച് ശകാരിച്ചതും എന്റെ യജമാനൻ എന്നെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പരാതി പറഞ്ഞ മൃഗത്തിന്റെ ഉടമയെ ഗുണദോഷിച്ചതും ഒട്ടേറെ മൃഗങ്ങളെ സാന്ത്വനിപ്പിച്ചതും ഹദീസുകളിൽ വന്നിട്ടുണ്ട്.

വഴിയരികിലെ മരം മുറിക്കരുതെന്നും തണൽമരങ്ങൾ ധാരാളം വെച്ചുപിടിപ്പിക്കണമെന്നും വൃക്ഷക്കനികൾ ആര് കഴിച്ചാലും കട്ട് കൊണ്ടുപോയാലും പക്ഷി തിന്നാൽ പോലും പരലോകത്ത് പ്രതിഫലം ലഭിക്കുന്ന ദാനവസ്തുവാണെന്നും ലോകാവസാനത്തിന്റെ വിളിയാളം കേട്ട് അന്ധിച്ചുനിൽക്കുന്ന സമയത്ത് പോലും തന്റെ കയ്യിൽ ഒരു ചെടി കിട്ടിയാൽ അത് ഭൂമിയിൽ നടുകയാണ് വേണ്ടതെന്നുമുള്ള നിരവധി ഹദീസുകൾ പാരിസ്ഥിതിക സംരക്ഷണത്തിന് മുതൽകൂട്ടേകുന്നതാണ്.

അങ്ങനെയങ്ങനെ തിരുനബിയുടെ സ്‌നേഹ കാരുണ്യ പാഠങ്ങൾക്ക് എത്രയെത്ര ഹൃദയസ്പർശിയായ ഉദാഹരണങ്ങൾ, ഉൽബോധനങ്ങൾ!

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ