സമഗ്രമായ ഉയർത്തെഴുന്നേൽപ്പാണ് നവോത്ഥാനം. തളരുമ്പോൾ ഊർജ്ജം പകരലും വീണുപോകുമ്പോൾ ഉയർത്തെഴുന്നേൽപ്പിക്കലുമെല്ലാം നവോത്ഥാന പ്രവർത്തനമാണ്. വിശ്വാസപരമായ ഉണർവ്, ആത്മീയ വൈജ്ഞാനിക മുന്നേറ്റം, സംഘശാക്തീകരണം, വിദ്യാഭ്യാസം, ഭാഷാപുരോഗതി, ഭരണ പങ്കാളിത്തം, സ്വത്വബോധം തുടങ്ങിയവയിലെല്ലാം സമുദായം നേടിയ ഉണർവാണ് മുസ്‌ലിം നവോത്ഥാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
ഇസ്‌ലാമിന്റെ കേരളത്തിലേക്കുള്ള ആഗമനംതന്നെ പ്രൗഢമായിരുന്നു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലോ ഊഹാപോഹങ്ങൾ സ്വീകരിച്ചോ ആയിരുന്നില്ല കേരളീയർ ഇസ്‌ലാം പുൽകിയത്. മറിച്ച് പ്രവാചക ശിഷ്യൻമാരിൽ നിന്നു നേരിട്ട് മനസ്സിലാക്കിയതിന് ശേഷം അടക്കാനാവാത്ത ആഗ്രഹത്തോടെ തിരുനബി(സ്വ)യെ നേരിൽ കാണാൻ മക്കയിലേക്ക് പുറപ്പെടുകയായിരുന്നു, കേരളത്തിലെ ആദ്യമുസ്‌ലിമായ ചേരമാൻ പെരുമാൾ (താജുദ്ദീൻ-റ). കേരള സലഫികളുടെ ആദ്യകാല നേതാവ് സി.എൻ അഹ്മദ് മൗലവി എഴുതി: ‘ഒന്നാമത്തെ മാപ്പിള മഹാനേതാവ് ചേരമാൻ പെരുമാൾ അവർകൾ ഇസ്‌ലാമിന്റെ മഹിമയെ കുറിച്ച് അറബി വ്യാപാരികളിൽനിന്നും കേട്ടുമനസ്സിലാക്കിയപ്പോൾ അതിൽ ആകൃഷ്ടനായി ഇസ്‌ലാം മതം സ്വീകരിച്ചു. തിരുമേനിയെ നേരിട്ടുകാണാനുള്ള അടക്കവയ്യാത്ത ആഗ്രഹത്തോടെ കൂട്ടുകാരോടൊപ്പം അങ്ങോട്ടു പോയി. അവിടെ കുറേ നാൾ താമസിച്ച ശേഷം തിരിച്ചു പോന്നു. ആ താമസവും തിരിച്ചുപോരലും എത്രകണ്ട് ആവേശോജ്വലമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ’ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ്: 23).
കേരളീയർ ജാതിമത വ്യത്യാസമന്യേ പരമ്പരാഗതമായി വിശ്വസിച്ചുവരുന്ന ഈ ചരിത്രത്തെ ബലപ്പെടുത്തുന്ന ഒരു ഹദീസ് ഇമാം ഹാകിം(റ) അൽ മുസ്തദ്‌റകിൽ ഉദ്ധരിക്കുന്നുണ്ട്: അബൂസഈദുൽ ഖുദ്‌രി(റ)യെ തൊട്ട് നിവേദനം. അദ്ദേഹം പറഞ്ഞു; ഇന്ത്യയിലെ ഒരു രാജാവ് തിരുനബി(സ്വ)ക്ക് ഒരു കുട്ട ഹദ്‌യയായി സമർപ്പിച്ചു. അതിൽ ഇഞ്ചിയുമുണ്ടായിരുന്നു. നബി(സ്വ) അനുയായികൾക്കെല്ലാം അതിന്റെ കഷ്ണങ്ങൾ നൽകി. ഒരു കഷ്ണം എനിക്കും തന്നു. ഒരു കഷ്ണം റസൂൽ(സ്വ)യും ഉപയോഗിച്ചു (അൽ മുസ്തദ്‌റക് 4/35).
ആ കാലത്തെ അറബ് നാടുകളുമായുള്ള കേരളത്തിന്റെ ബന്ധവും കുട്ടയിലെ വിഭവങ്ങളിലൊന്നായ ഇഞ്ചിയുമെല്ലാം പരിഗണിക്കുമ്പോൾ ഇതു കേരളത്തിൽ നിന്നു പുറപ്പെട്ട രാജാവാകാൻ തന്നെയാണ് സാധ്യത. മറിച്ചൊരു ചരിത്രം അറിയപ്പെട്ടിട്ടില്ലതാനും.
ഇസ്‌ലാമിന്റെ വെളിച്ചം തന്റെ നാട്ടുകാർക്ക് കൈമാറാനുള്ള ഉൽക്കടമായ ആഗ്രഹത്തോടെ ആവശ്യമായ മിഷനറിമാരെയുമായിതന്നെയാണ് താജുദ്ദീൻ(റ) കേരളത്തിലേക്ക് പുറപ്പെട്ടത്. ഈ യാത്ര അദ്ദേഹത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും തന്റെ സഹയാത്രികരായ മാലിക്ബ്‌നുദീനാർ(റ), ഹബീബ് ബ്‌നു മാലിക്(റ) ഉൾപ്പെടെയുള്ളവരെ കേരളത്തിലേക്ക് യാത്രയാക്കുകയും തന്റെ അനന്തിരവൻമാർക്ക് കൈമാറാനുള്ള ഒരു കത്ത് അവരെ ഏൽപ്പിക്കുകയും ചെയ്തു.
കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ ആ സംഘത്തിന് ചേരമാൻ പെരുമാളിന്റെ പിൻഗാമികൾ ഉജ്വലമായ വരവേൽപ്പ് നൽകുകയും മതപ്രബോധനത്തിനും പള്ളി നിർമാണത്തിനും എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയുമുണ്ടായി. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിംപള്ളി കൊടുങ്ങല്ലൂരിൽ ഉയർന്നു. തുടർന്ന് തെക്കൻ കൊല്ലം, ഏഴിമല, പാ
ക്കന്നൂർ, ചിക്ക്മാംഗ്‌ളൂർ, കാസർഗോഡ്, ധർമ്മടം, കൊയിലാണ്ടി കൊല്ലം, ശ്രീകണ്ഠപുരം, ചാലിയം എന്നിവിടങ്ങളിൽ പള്ളികൾ പണിയുകയും അവിടെയെല്ലാം ഖാളിമാരെ നിശ്ചയിച്ച് സമുദായത്തിന് മതകാര്യങ്ങളിൽ കൃത്യമായ മാർഗദർശനം നൽകുകയുമുണ്ടായി. കേരളത്തിൽ പിന്നീടുണ്ടായ പതിനായിരക്കണക്കിന് പള്ളികളിൽ ഒരേ രീതിയിലുള്ള വിശ്വാസ അനുഷ്ഠാന കർമങ്ങൾ രൂപപ്പെട്ടത് ഈ പള്ളികളെ അനുകരിച്ചതുകൊണ്ടാണ്. ആ പത്തു പള്ളികളിലും സ്വഹാബത്ത് പഠിപ്പിച്ച ദീൻ ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിലുള്ളതായിരുന്നു. മുജാഹിദുകൾ തന്നെ എഴുതുന്നതു കാണുക: ‘പ്രവാചകന്റെ ജീവിത കാലത്തുതന്നെ ഇസ്‌ലാമിക സന്ദേശം കേരളത്തിൽ വന്നിട്ടുണ്ട്. മാലിക്ബ്‌നു ദീനാർ ഹബീബ് ബ്‌നു മാലിക് തുടങ്ങിയ ആദ്യകാല മിഷനറിമാരുടെ വിശുദ്ധ പാദമുദ്രകൾ പതിഞ്ഞ മണ്ണാണ് മലബാർ. അതുകൊണ്ടുതന്നെ കേരളീയർ പരിചയപ്പെട്ട ഇസ്‌ലാം തീർച്ചയായും ഖുർആനും സുന്നത്തും അനുസരിച്ചുള്ള ഇസ്‌ലാം തന്നെയായിരുന്നു’ (അന്നദ്‌വ: പേജ് 103. എടവണ്ണ ജാമിഅ പ്രസിദ്ധീകരണം)
കേരളത്തിലേക്കുള്ള ഇസ്ലാമിന്റെ പ്രവേശനത്തോടെ കേരള നവോത്ഥാനത്തിനു നാന്ദികുറിച്ചു. അറബ് ലോകവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടു. കടൽമാർഗമുള്ള വാണിജ്യ കപ്പലുകൾ കേരളതീരങ്ങളിൽ നിറസാന്നിധ്യമായി. കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഇതുകാരണമായി. വിവിധ ജാതികൾക്കിടയിലുണ്ടായിരുന്ന അയിത്താചാരങ്ങളും തൊട്ടുകൂടായ്മയും സമത്വത്തിന്റെ സന്ദേശവുമായി വന്ന ഇസ്‌ലാമിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. പിന്നീട് കേരള തീരത്തെ വാണിജ്യ സാമ്രാജ്യം പിടിച്ചടക്കാൻ വൈദേശിക ആക്രമണങ്ങൾ ആരംഭിച്ചപ്പോൾ അതിനെ ചെറുക്കാനും മുസ്‌ലിംകൾ രംഗത്തിറങ്ങി. ഇതോടെ കേരളത്തിലെ ഭരണാധികാരികളുടെ നാവിക സേനയുടെ നിയന്ത്രണം മുസ്‌ലിംകളുടെ കൈകളിലായി.
വളരെ പെട്ടെന്നായിരുന്നു കേരളത്തിലെ ഇസ്‌ലാമിന്റെ വളർച്ച. ഭരണാധികാരികളുടെ കുടുംബങ്ങളടക്കം ഇസ്‌ലാം സ്വീകരിച്ചു. ഹിജ്‌റ 64-ൽ, ചേരമാൻ പെരുമാളിന്റെ സഹോദരിയായിരുന്ന ശ്രീദേവിയുടെ പുത്രൻ മഹാബലി ഇസ്‌ലാം സ്വീകരിച്ചു. മുഹമ്മദ് അലി രാജയെന്ന ഇദ്ദേഹമാണ് കണ്ണൂരിലെ അറക്കൽ മുസ്‌ലിം ഭരണ കുടുംബം സ്ഥാപിച്ചത് (കെ.കെ.എൻ കുറുപ്പിന്റെ അറക്കൽ രാജവംശം കാണുക).
നവോത്ഥാന നാട്യക്കാരുടെ അവകാശവാദം
കേരളത്തിൽ ഏതെങ്കിലും കാലഘട്ടത്തിൽ ഇസ്‌ലാം നിർജീവമായിക്കിടന്നതായി ചരിത്രത്തിൽ രേഖയില്ല. പൊതുവിൽ കേരളത്തിന്റെ ആദ്യകാല ചരിത്രങ്ങൾ രചിക്കപ്പെടാതെ പോയി എന്നതുകൊണ്ട് ആ കാലഘട്ടത്തിൽ മതങ്ങളും സംസ്‌കാരങ്ങളും മൃതാവസ്ഥയിലായിരുന്നു എന്നു പറയാൻ വയ്യ. കേരളീയരുടെ സംസാരഭാഷയായ മലയാളത്തിന് അന്ന് ലിപി ഉണ്ടായിരുന്നില്ല എന്നതായിരിക്കും ചരിത്രം രേഖപ്പെടുത്തിവെക്കാതിരിക്കാനുള്ള കാരണം.
എന്നാൽ ഇസ്‌ലാമിക സമൂഹത്തിൽ സമുദായത്തിന് തളർച്ചയോ മന്ദീഭാവമോ ഉണ്ടായപ്പോഴെല്ലാം പണ്ഡിതരുടെയും സാദാത്തുക്കളുടെയും നേതൃത്വത്തിൽ നവോത്ഥാന സംരംഭങ്ങൾ ഇടതടവില്ലാതെ നടന്നിട്ടുണ്ട്. പാരമ്പര്യമായി കേരളത്തിൽ സമുദായത്തിനു നേതൃത്വം കൊടുത്തുപോന്ന ഖാളിമാരും പിന്നീട് ബുഖാറയിൽ നിന്നും യമനിൽ നിന്നും വന്ന സയ്യിദുമാരും മഅ്ബറിൽ നിന്നു വന്ന മഖ്ദൂമുമാരുമുൾപ്പെടെ ഈ നവോത്ഥാന നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു. ആ മഹാൻമാർ നടത്തിയ കോരിത്തരിപ്പിക്കുന്ന നവോത്ഥാന പ്രവർത്തനങ്ങൾ ചരിത്രത്തിൽ അനവധിയുണ്ട്. ഇതിനെയെല്ലാം തമസ്‌കരിച്ചും കണ്ണടച്ച് ഇരുട്ടാക്കിയും നവോത്ഥാന നാട്യക്കാരായ കെ.എൻ.എം എഴുതുന്നത് കാണുക: ‘കേരള മുസ്‌ലിം നവോത്ഥാന സംരംഭം ആദ്യമായി ആരംഭിക്കുന്നത് എ.ഡി 1922-ാം വർഷത്തിലാണ്. ആ വർഷമാണ് കേരള മുസ്‌ലിംകൾക്കായി ആദ്യമായി ഒരു സംഘടന രൂപംകൊള്ളുന്നത്’ (ഇസ്‌ലാഹി പ്രസ്ഥാനം: പേജ് 8).
സത്യത്തിൽ നവോത്ഥാന സംരംഭമല്ല 1922-ൽ ആരംഭിച്ചത്. നേരത്തെ വിശ്വാസ, ആചാരാനുഷ്ഠാനങ്ങളിൽ ഒറ്റപ്പെട്ട അപചയങ്ങളായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ ഈ വർഷത്തിൽ സംഘടിതമായ രീതിയിൽ ഇസ്‌ലാമിനെ തളർത്താനുള്ള ശ്രമമാരംഭിക്കുകയാണുണ്ടായത്. ഈ ക്രൂര കൃത്യത്തെ നവോത്ഥാനമായി എഴുന്നള്ളിച്ച് ആയിരത്തിമുന്നൂറ് കൊല്ലക്കാലത്തെ കേരളീയ മുസ്‌ലിംകളുടെ നവോത്ഥാന ചരിത്രത്തെ കുഴിവെട്ടിമൂടാനുള്ള ശ്രമമാണിത്.
സയ്യിദ് കുടുംബങ്ങൾ
ലോകത്ത് എഴുപത്തഞ്ചോളം ഖബീലകളിലായി നിലകൊള്ളുന്നു നബി(സ്വ)യുടെ കുടുംബം. ഇതിൽ ഇരുപത്തഞ്ചോളം ഖബീലകൾ കേരളത്തിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ ആദ്യമായി വന്ന നബികുടുംബം ബുഖാറയിൽ നിന്നും കണ്ണൂർ വളപട്ടണത്ത് എത്തിച്ചേർന്ന സയ്യിദ് അഹ്മദ് ജലാലുദ്ദീനുൽ ബുഖാരി(റ) അവർകളാണ്. തിരുനബി(സ്വ)യുടെ 27-ാം പൗത്രനായ അദ്ദേഹം ഹിജ്‌റ 800-ലാണ് കേരളത്തിലെത്തുന്നത്.
വളപട്ടണത്തെ ഖാളിയായിരുന്ന സീതി ഇബ്‌റാഹീം എന്ന മഹാൻ തങ്ങളവർകൾക്ക് താമസിക്കാൻ വീടു നൽകുകയും തന്റെ പുത്രിയെ വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഖാളിയുടെ വഫാത്തിനുശേഷം തങ്ങളെ വളപട്ടണം ഖാളിയായി നിശ്ചയിച്ചതോടെ, കണ്ണൂരിന്റെ ആത്മീയ നേതൃത്വം അദ്ദേഹത്തിനായി. നൂറുക്കണക്കിന് അമുസ്‌ലിംകൾ മഹാനിലൂടെ ഇസ്‌ലാമിന്റെ വെളിച്ചം സ്വീകരിച്ചു.
സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരിയുടെ കേരളത്തിലെ ഭാര്യയിൽ ജനിച്ച സയ്യിദ് ഇസ്മാഈലുൽ ബുഖാരി(റ) ഉന്നത പണ്ഡിതനും പ്രബോധകനുമായിരുന്നു. ശൈഖ് സൈനുദ്ദീൻ അൽ കബീറിന്റെ ഗുരുവര്യർ കൂടിയായ മഹാനവർകൾ വൈജ്ഞാനിക രംഗത്ത് നവോത്ഥാന മുന്നേറ്റങ്ങൾക്ക് നായകത്വം വഹിച്ചു.
ബുഖാരി കുടുംബത്തിൽ എടുത്തുപറയേണ്ട മറ്റൊരു നവോത്ഥാന നായകനാണ് അസ്സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി(റ). കണ്ണൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനവർകൾ കവരത്തി ദ്വീപിലാണ് ജനിക്കുന്നത്. പിന്നീട് വളപ്പട്ടണത്ത് എത്തി കേരളത്തിലുടനീളം പ്രഭാഷണവും പ്രബോധനവുമായി നടക്കുകയും കൊച്ചിയിലെ പ്രസിദ്ധമായ ചെമ്പിട്ടപള്ളി സ്ഥാപിക്കുകയും ചെയ്തു. വിവിധ മതസ്ഥർക്കിടയിൽ ഐക്യമുണ്ടാക്കിയും സൗഹൃദം സൃഷ്ടിച്ചും മുന്നേറിയ മഹാൻ ഇടപെട്ട്, ടിപ്പുവിനെ നായർപട ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വർഗീയ സ്പർദ ഇല്ലായ്മ ചെയ്യുകയുണ്ടായി.
ഹിജ്‌റ 1159-ൽ യമനിലെ തരീമിൽ നിന്നു കോഴിക്കോട്ട് എത്തിച്ചേർന്ന സയ്യിദ് ജിഫ്രിയാണ് കേരളത്തിലെ സയ്യിദൻമാരിലെ മറ്റൊരു പ്രമുഖൻ. കോഴിക്കോട്ടെ സാമൂതിരി രാജാവു തന്നെ മഹാനവർകൾക്ക് താമസിക്കാൻ വീടും വരുമാനത്തിന് തെങ്ങിൻതോപ്പും നൽകി. കോഴിക്കോടിന്റെ വികസനത്തിനും ഇസ്‌ലാമിക നവജാഗരണത്തിനും തങ്ങൾ നേതൃത്വം കൊടുത്തു.
വിശ്വാസ രംഗത്ത് അഹ്‌ലുസ്സുന്നയുടെ ധാരമാത്രമുണ്ടായിരുന്ന കേരളത്തിലേക്ക് ശീഈ ചിന്താഗതിക്കാരനായ സയ്യിദ് മുഹമ്മദ് ഷാ എന്നയാളെ ബ്രിട്ടീഷുകാർ എത്തിക്കുകയുണ്ടായി. കൊണ്ടോട്ടി കേന്ദ്രീകരിച്ച് പ്രവർത്തിച്ച അദ്ദേഹത്തിന്റെ വികലമായ ആശയങ്ങളെ തുറന്നുകാട്ടികൊണ്ട് സയ്യിദ് ജിഫ്രി അവർകൾ അൽ ഇർശാദാത്തുൽ ജിഫ്രിയ്യ എന്ന ഗ്രന്ഥം രചിക്കുകയും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തു.
ഈ കാലഘട്ടത്തിൽ തന്നെയാണ് അറേബ്യയിലെ നജ്ദിൽ മുഹമ്മദുബ്‌നു അബ്ദുൽ വഹാബ് ലോക മുസ്‌ലിംകളെ കാഫിറാക്കിക്കൊണ്ട് പുതിയ തൗഹീദുമായി രംഗ പ്രവേശം നടത്തിയതും. ഈ വിഷവിത്തു കേരളത്തിലെത്തുന്നതിന് മുമ്പുതന്നെ ‘അൽ ഇർശാദാത്തുൽ ജിഫ്‌രിയ്യ ഫിർറദ്ദി അലള്ള്വലാല തിൽ വഹ്ഹാബിയ്യ’ എന്ന പേരിൽ ഗ്രന്ഥരചന നടത്തി പ്രതിരോധം തീർത്തു. ഇങ്ങനെ മുസ്‌ലിം സമുദായത്തിന്റെ വിശ്വാസ പാരമ്പര്യത്തേയും ആചാരാനുഷ്ഠാനങ്ങളേയും വികലമാക്കാൻ ആരൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം നവോത്ഥാന നായകരുടെ ഇടപെടൽ അനവരതം ഉണ്ടായിട്ടുണ്ട്. ഈ ചരിത്ര സത്യത്തെ കുഴിച്ചുമൂടാനുള്ള ബിദഈ നീക്കത്തിന്റെ പിന്നിലുള്ള രഹസ്യം മറ്റൊന്നുമല്ല; പതിമൂന്നു നൂറ്റാണ്ടിന്റെ കേരളീയ ചരിത്രം ഈ നവോത്ഥാന നാട്യക്കാർക്ക് തരിമ്പും അനുകൂലമല്ല എന്നതാണത്.
പിന്നീട് വന്ന ശൈഖ് ഹസൻ ജിഫ്‌രിയും അദ്ദേഹത്തിന്റെ വഫാത്തിനുശേഷം എത്തിയ സഹോദരീ പുത്രനായ സയ്യിദ് അലവി തങ്ങളും മമ്പുറം കേന്ദ്രീകരിച്ച് നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തവരാണ്. മലബാറിൽ പല ഗ്രാമങ്ങളിലും ഇസ്‌ലാമിലേക്കുള്ള ഒഴുക്കായിരുന്നു ഇവരുടെ കാലഘട്ടത്തിൽ കണ്ടത്. ഈ മഹാൻമാരുടെ ജീവിത വിശുദ്ധിയും കറാമത്തും കണ്ടായിരുന്നു ജനങ്ങൾ ഇസ്‌ലാം ആശ്ലേഷിച്ചത്.
മമ്പുറം തങ്ങളുടെ കാലത്ത് മുസ്‌ലിം സമുദായം അനുഭവിച്ച ഒരു പ്രതിസന്ധി ഭൂ ഉടമകളായിരുന്ന ജന്മിമാരുടെ പീഡനങ്ങളായിരുന്നു. ഇതിനെതിരെ സമരം നയിച്ച തങ്ങൾ മുസ്‌ലിംകളുടെയും കീഴാളൻമാരായി കഴിഞ്ഞിരുന്ന മറ്റു താഴ്ന്ന വിഭാഗക്കാരുടെയും വിമോചകനായി. ഹിന്ദു-മുസ്‌ലിം സമുദായങ്ങളെ ഐക്യപ്പെടുത്തി ബ്രിട്ടീഷുകാർക്കെതിരെ സമര പോരാട്ടങ്ങൾ നയിച്ചു. ഇതൊന്നും 1922-നു ശേഷമായിരുന്നില്ല. ഈ ചരിത്ര സത്യങ്ങളെയൊക്കെ അത്രപെെട്ടന്നു വിസ്മൃതിയിലേക്ക് തള്ളിവിടാൻ ഏതു കപട നവോത്ഥാനക്കാരുദ്ദേശിച്ചാലും അസാധ്യമാണ്.
മഖ്ദൂം കുടുംബം
കേരളത്തിന്റെ മുസ്‌ലിം നവോത്ഥാന ചരിത്രത്തിൽ അദ്വിതീയ സ്ഥാനമാണ് മഖ്ദൂം കുടുംബത്തിനുള്ളത്. ഹിജ്‌റ 9-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശൈഖ് അലിയ്യുബ്‌നു അഹ്മദ് മഖ്ദൂം കായൽപട്ടണം വഴി കൊച്ചിയിലെത്തിച്ചേർന്നതോടെയാണ് ഇതിനാരംഭം കുറിക്കുന്നത്. പ്രതിഭാധനരായ നിരവധി പണ്ഡിത നേതാക്കളെ ഈ കുടുംബം കേരളത്തിനു സമർപ്പിച്ചിട്ടുണ്ട്. അതിൽ തികച്ചും വ്യതിരിക്തത പുലർത്തുന്ന രണ്ടുപേരാണ് ശൈഖ് മഖ്ദൂം അൽകബീറും സൈനുദ്ദീൻ മഖ്ദൂം അസ്സാനിയും. മഖ്ദൂം അൽ കബീർ കൊച്ചിയിലാണ് ജനിക്കുന്നത്. പിതൃവ്യനും പൊന്നാനിയിലെ ഖാളിയുമായിരുന്ന ശൈഖ് ഇബ്‌റാഹീമുബ്‌നു അഹ്മദ് മഖ്ദൂമിന്റെ കൂടെ പൊന്നാനിയിൽ എത്തിചേർന്നു. ഖുർആൻ മനപ്പാഠമാക്കിയ ശേഷം പ്രാഥമിക പഠനം കഴിഞ്ഞ് കോഴിക്കോട് ഖാളിയായിരുന്ന ഫഖ്‌റുദ്ദീൻ അബൂബക്കറുബ്‌നു റമളാനുശ്ശാലിയാത്തിയിൽ നിന്നു ഫിഖ്ഹും ഉസൂലുൽ ഫിഖ്ഹും പഠിച്ചു. ശേഷം ഉന്നത പഠനത്തിനായി ഈജിപ്തിലെ അൽ അസ്ഹറിലേക്ക് പോയി.
9-ാം നൂറ്റാണ്ടിന്റെ മുജദ്ദിദായ ശൈഖ് സകരിയ്യൽ അൻസ്വാരി(റ)യായിരുന്നു പ്രധാന ഗുരു. മലയാളക്കരയിൽ നിന്നുള്ള ആദ്യത്തെ അസ്ഹർ വിദ്യാർത്ഥിയായ മഹാൻ ഹജ്ജും സിയാറത്തും കഴിഞ്ഞ് പൊന്നാനിയിൽ തിരിച്ചെത്തി. തുടർന്ന് അൽ അസ്ഹർ മാതൃകയിൽ കേരളത്തെ വൈജ്ഞാനിക പാതയിൽ ചലിപ്പിക്കുന്നതിനായി ഒരു വലിയ പള്ളി നിർമിക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികൾക്ക് ഹോസ്റ്റലായും ഉപയോഗിക്കാനുള്ള വിപുലമായ സൗകര്യത്തോടെ പ്രൗഢമായ പള്ളി നിർമിക്കാനായിരുന്നു പ്ലാൻ. എന്നാൽ ദീർഘ ദൃഷ്ടിയില്ലാത്ത ചിലയാളുകൾ ഇതിനെ എതിർക്കുകയും തടസ്സം നിൽക്കുകയും ചെയ്തപ്പോൾ നബി(സ്വ)യുടെ ഒരു മൗലിദ് രചിക്കാൻ നേർച്ചയാക്കുകയുണ്ടായി. മൻഖൂസ് മൗലിദ് എന്ന ആ കൃതി പുറത്തിറങ്ങിയതോടെ തടസ്സങ്ങൾ നീങ്ങുകയും പള്ളിപ്പണി പൂർത്തിയാവുകയും ചെയ്തു.
തുടർന്ന് പ്രത്യേക സിലബസ് തയ്യാറാക്കി പൊന്നാനിയിൽ ദർസ് ആരംഭിച്ചു. മലബാറിലെ മക്ക എന്നറിയപ്പെടും വിധം പൊന്നാനിയെ വൈജ്ഞാനിക കേന്ദ്രമാക്കി. വൈകാതെ വിദേശീയരടക്കമുള്ള വിദ്യാർത്ഥികളുടെ ആശാകേന്ദ്രമായി പൊന്നാനി മാറി. ഇത്തരം ചരിത്ര സത്യങ്ങൾ ഒളിപ്പിച്ചുവെച്ചാണ് കേരള മുസ്‌ലിംകളുടെ നവോത്ഥാന സംരംഭങ്ങളെ 1922-ലേക്ക് ചുരുട്ടിക്കെട്ടാൻ നവോത്ഥാന നാട്യക്കാർ ശ്രമിക്കുന്നത്.
മഖ്ദൂം അൽ കബീറിന്റെ പുത്രനായ മുഹമ്മദുൽ ഗസ്സാലി എന്നവർക്ക് വടകരക്കടുത്ത ചോമ്പാലിൽ പിറന്ന മകനാണ് ശൈഖ് സൈനുദ്ദീൻ അൽ മഖ്ദൂം(റ). പൊന്നാനിയിൽ വന്ന് പിതൃസഹോദരൻ അബ്ദുൽ അസീസ് മഖ്ദൂമിൽ നിന്നു വിദ്യ നുകർന്നു. തുടർന്നു മക്കയിലേക്ക് പുറപ്പെട്ടു. നീണ്ട പത്തുവർഷക്കാലം ഹറമിൽ താമസിച്ച് ഓതിപ്പഠിച്ചു. പ്രശസ്ത പണ്ഡിതനായ ഇമാം ഇബ്‌നുഹജറുൽ ഹൈതമി(റ)യായിരുന്നു പ്രധാന ഗുരു. മക്കയിലെ ജീവിത കാലത്ത് വിശ്വോത്തര പണ്ഡിതരുമായി ബന്ധം സ്ഥാപിച്ചു. ഇമാം മുഹമ്മദുർറംലി(റ), ഖത്വീബുശ്ശിർബീനി(റ) തുടങ്ങിയവർ അവരിൽ പ്രമുഖരായിരുന്നു. മിശ്കാത്തിന്റെ വ്യാഖ്യാനമായ മിർഖാത്തിന്റെ രചയിതാവ് മുല്ലാ അലിയ്യുൽ ഖാരി(റ), ഇടിയങ്ങരയിലെ ശൈഖ് അലാഉദ്ദീനുൽ ഹിംസ്വി(റ), ശാഹുൽ ഹമീദുന്നാഗൂരി(റ), കോഴിക്കോട് ഖാളിമാരിൽപെട്ട അല്ലാമാ അബ്ദുൽ അസീസ് തുടങ്ങിയവരെല്ലാം അക്കാലത്തെ സഹപാഠികളായിരുന്നു.
പിന്നീട് പൊന്നാനിയിൽ തിരിച്ചെത്തിയ സൈനുദ്ദീൻ മഖ്ദൂം വല്ല്യുപ്പ സ്ഥാപിച്ച ദർസ് ഏറ്റെടുത്ത് മുപ്പത്തിയഞ്ച് വർഷത്തോളം വിജ്ഞാന പ്രസരണം നടത്തി. കേരളത്തിലെ മുഴുവൻ ഗ്രാമങ്ങളിലേക്കും ഈ ദർസ് സമ്പ്രദായം വ്യാപിപ്പിച്ചു. ഇസ്‌ലാമിന്റെ സർവ വിജ്ഞാന ശാഖകളെയും ജനകീയമാക്കിയ ഈ വിപ്ലവം നവോത്ഥാനമല്ലെങ്കിൽ പിന്നെയെന്താണ് നവോത്ഥാനം?
കേവലം ഒരു മുദരിസായി പള്ളിയിൽ ചടഞ്ഞുകൂടുകയായിരുന്നില്ല ശൈഖ് മഖ്ദൂമവർകൾ. പോർച്ചുഗീസുകാരുടെ ആക്രമണം അരങ്ങേറിയപ്പോൾ അവർക്കെതിരെ ദേശീയ ബോധവും മത ബോധവും ഉണർത്തി ഹിന്ദുക്കളെയും മുസ്‌ലിംകളെയും പ്രതിരോധത്തിനിറക്കാൻ ആ മഹാപണ്ഡിതൻ മുൻകൈ എടുത്തു. തുഹ്ഫതുൽ മുജാഹിദീൻ എന്ന കൃതി ഇതിനുവേണ്ടി അദ്ദേഹം രചിച്ചതാണ്. കേരളത്തിന്റെ 16-ാം നൂറ്റാണ്ടിന്റെ ആധികാരിക ചരിത്ര ഗ്രന്ഥം കൂടിയാണ് ഇത്.
ഹിജ്‌റ 600-കളിൽ കേരളത്തിലുടനീളം സഞ്ചരിച്ച് പ്രബോധനം നടത്തിയ ശൈഖ് ഫരീദ് ഔലിയ(റ), പത്താം നൂറ്റാണ്ടിൽ ജീവിച്ച പുറത്തീൽ എന്ന സ്ഥലത്ത് അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് അബ്ദുൽ ഖാദിർ അസ്സാനി(റ), നാദാപുരം പെരിങ്ങത്തൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് അലിയ്യുൽ കൂഫി(റ), ഫോർട്ട് കൊച്ചിക്കടുത്ത ഖൽവന്തിയിൽ വിശ്രമിക്കുന്ന ഫരീദുദ്ദീൻ ഖൽവന്തി(റ), കോഴിക്കോട് പറമ്പിൽ പള്ളിയുടെ മുൻവശത്ത് മറമാടപ്പെട്ട അലിയ്യുൽ ബക്‌രി(റ), പെരുമ്പടപ്പിൽ വഫാത്തായ പുത്തൻപള്ളി കുഞ്ഞഹമ്മദ് മുസ്‌ലിയാർ(റ), മലബാറിന്റെ അഭിമാനമായ വെളിയങ്കോട് ഉമർഖാസി(റ) തുടങ്ങി കേരളീയ നവോത്ഥാന മുന്നേറ്റങ്ങളുടെ മുമ്പിൽ നടന്ന പണ്ഡിതരുടെയും ഔലിയാക്കളുടെയും നിര വളരെ നീണ്ടതാണ്. ഇവരുടെയെല്ലാം ജ്വലിക്കുന്ന ഓർമകളെ ജനഹൃദയങ്ങളിൽ നിന്നു പിഴുതുമാറ്റാൻ കൂടിയാണ് കേരളീയ നവോത്ഥാനത്തിന്റെ തുടക്കം 1922-നു ശേഷമാണെന്ന കല്ലുവെച്ച നുണ പ്രചരിപ്പിക്കാൻ ബിദഇകൾ ഒരുമ്പെട്ടിറിങ്ങിയത്.
വിസ്മയിപ്പിക്കുന്ന നവോത്ഥാന സംരംഭങ്ങൾ
തമിഴും സംസ്‌കൃതവും കലർന്ന മലയാളമായിരുന്നു കേരളത്തിന്റെ സംസാരഭാഷ. പക്ഷേ ഇതിന് ഏകീകൃത ലിപിയുണ്ടായിരുന്നില്ല. ഈ അവസ്ഥ കേരളത്തിന്റെ വൈജ്ഞാനിക കുതിപ്പിനെ സാരമായി ബാധിച്ചു. ഇതു പരിഹരിക്കാൻ മുന്നിട്ടിറങ്ങുകയാണ് മുസ്‌ലിം നവോത്ഥാന നായകർ ആദ്യം ചെയ്തത്. മുസ്‌ലിംകൾക്ക് മലയാളം സംസാരിക്കാനറിയാം, പക്ഷേ അതെഴുതാനുള്ള ലിപിയുണ്ടായിരുന്നില്ല. എന്നാൽ അറബി എഴുതാനും വായിക്കാനുമാകുമായിരുന്നു. എന്നാൽ ആ ഭാഷയിൽ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവിടെ സംസാരിക്കാൻ കഴിയുന്ന ഭാഷക്ക്, എഴുതാനും വായിക്കാനും മാത്രം സാധിച്ചിരുന്ന അറബി ലിപി ഉപയോഗിച്ച് അറബി-മലയാളം എന്ന ഭാഷതന്നെ നിർമിച്ചു. ഇതൊരു വിപ്ലവമായിരുന്നു. അങ്ങനെ കേരളീയ മുസ്‌ലിംകൾ പൂർണമായും സാക്ഷരത നേടി. അവർക്ക് അറിവ് പകർന്ന് നൽകാൻ ഈ ഭാഷയിൽ പതിനായിരക്കണക്കിന് ഗ്രന്ഥങ്ങൾ വിരചിതമായി. സാധാരണക്കാർക്ക് ഹൃദ്യമായ മാലപ്പാട്ടുകൾ, ചരിത്രാഖ്യാനം, കഥാസമാഹാരം, നോവൽ… തുടങ്ങി എല്ലാ ശൈലിയിലും ഗ്രന്ഥങ്ങൾ ഇറങ്ങി. മുസ്‌ലിം കേരളത്തിൽ വായനാവിപ്ലവം തന്നെ നടന്നു. ആദ്യകാലത്ത് കേരളത്തിൽ അപൂർവം ചിലർ മാത്രം കൈകാര്യം ചെയ്തിരുന്ന വട്ടെഴുത്തും കോലെഴുത്തും വരെ പണ്ഡിതൻമാർ സമുദായത്തെ അഭ്യസിപ്പിച്ചു. വഹാബി സഹയാത്രികനായ കെ.കെ മുഹമ്മദ് അബ്ദുൽ കരീം തന്നെ കുറിക്കുന്നത് കാണുക: ‘ആ ലിപികൾ(വട്ടെഴുത്തും കോലെഴുത്തും-ലേ) മുസ്‌ലിംകളെ പഠിപ്പിക്കാൻ വേണ്ടി ഇവിടുത്തെ പണ്ഡിതൻമാർ അറബി മലയാളത്തിൽ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. ഗവേഷണമധ്യേ അതു ഞങ്ങൾക്ക് കണ്ടുകിട്ടി’ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ്: 42)
അദ്ദേഹം തുടരുന്നു: ‘ഇതുമാത്രമോ, അല്ല. അബ്രാനി(ഹിബ്രു), സുരിയാനി(സിറിയക്) എന്നീ ഭാഷകൾ കേരള മുസ്‌ലിംകളെ പഠിപ്പിക്കാൻ തിരുവല്ലയിലെ ഒരു സൈനുദ്ദീൻ മഖ്ദൂം രണ്ടു പുസ്തകങ്ങൾ അറബി മലയാളത്തിൽ എഴുതി പ്രചരിപ്പിച്ചതിന്റെ കോപ്പികൾ കണ്ടെത്തിയിട്ടുണ്ട്’ (പേ 42,43).
ഓർക്കുക, ഈ പാരമ്പര്യമുള്ള സുന്നികളെ അക്ഷരവിരോധികളായി ചിത്രീകരിച്ചുകൊണ്ടാണ്, 1922-നു ശേഷമാണ് നവോത്ഥാനം തുടങ്ങിയതെന്ന് ഇവർ ജൽപ്പിക്കുന്നത്!
പിന്നീട് മലയാള ലിപി രൂപം കൊണ്ടപ്പോൾ അതിനെ നിരാകരിച്ച ചരിത്രമല്ല സുന്നി പണ്ഡിതൻമാർക്കുള്ളത്. മറിച്ച്, മലയാള ലിപിയിൽ ആദ്യമായി അച്ചടിച്ച ഗ്രന്ഥം രചിച്ചത് സുന്നി പണ്ഡിതരായിരുന്നു. അതുതന്നെ സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട അപൂർവ കൃതി. സി.എൻ അഹ്മദ് മൗലവിയെ ഉദ്ധരിക്കട്ടെ: ‘കേരള വനങ്ങളിലെ മുഴുവൻ വൃക്ഷലതാദികളെയും അറബി, മലയാളം, ലത്തീൻ മുതലായ ഭാഷകളിൽ പരിചയപ്പെടുത്തുന്ന ഒരു മഹത്തായ ഗ്രന്ഥം, 500 വീതം പേജുകളുള്ള 12 വാള്യങ്ങളിലായി തികച്ചും മുന്നൂറ് കൊല്ലം മുമ്പ് കേരളത്തിൽ വെച്ച് ദീർഘകാലത്തെ കഠിനാധ്വാനത്തിലൂടെ തയ്യാറാക്കിയത് കേരളത്തിലെ മുസ്‌ലിം മഹാപണ്ഡിതൻമാരാണ്…വൃക്ഷലതാദികളുടെ വിവരങ്ങൾ മാത്രമല്ല ഓരോന്നിന്റെയും ശരിയായ ചിത്രങ്ങൾ തന്നെ അതിൽ വലുതാക്കി കൊടുത്തിട്ടുണ്ട്. മലയാള ലിപിയിൽ ഒന്നാമതായി അച്ചടിച്ച ഗ്രന്ഥവും ഇതുതന്നെയാണ്’ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേ. 41).
ഇതൊന്നും 1922-നു ശേഷമല്ല. ഇത്തരം ഒരു ഗ്രന്ഥത്തിന്റെ നാൽപ്പത് അയലത്തെങ്കിലും വെക്കാൻ പറ്റിയ എന്തു വാറോലയാണ് കപട നവോത്ഥാന വേഷം കെട്ടിയവർ എഴുന്നള്ളിച്ചത്?! എന്നിട്ടും നവോത്ഥാന സംരംഭം തുടങ്ങിയത് ഇവരുടെ സംഘടന വന്നതിനു ശേഷമാണെന്ന് പറയുന്നത് എത്ര ധാർഷ്ട്യമാണ്.
പണ്ഡിതൻമാർക്കുപകരിക്കുന്ന വിവിധ ഗ്രന്ഥങ്ങളുടെ ഒരു പരമ്പരതന്നെ അറബി ഭാഷയിൽ നമ്മുടെ മുൻഗാമികൾ നിർമിച്ചിട്ടുണ്ട്. മഖ്ദൂം അൽ കബീറിന്റെ 12 ഗ്രന്ഥങ്ങൾ, സ്വഗീറിന്റെ 9 കിതാബുകൾ, ഖാളിമുഹമ്മദിന്റെ 9 ഗ്രന്ഥങ്ങൾ, വെളിയങ്കോട് ഉമർഖാസിയുടെ 25 കിതാബുകൾ, കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാരുടെ 10 കിതാബുകൾ, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 11 ഗ്രന്ഥങ്ങൾ, അഹ്മദ് കോയ ശാലിയാത്തിയുടെ 36 ഗ്രന്ഥങ്ങൾ, പാങ്ങിൽ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ 12 കിതാബുകൾ… ആ നിര നീണ്ടതാണ്.
സമൂഹത്തിലെ അശരണരെയും പുതുവിശ്വാസികളെയും സംരക്ഷിക്കുന്നതിനു പോലും ആസൂത്രിതമായ കാൽവെപ്പുകൾ നമ്മുടെ പൂർവികർ നടത്തിയിട്ടുണ്ട്. സി.എൻ അഹ്മദ് മൗലവിതന്നെ എഴുതി: ‘സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമായി മത-സാമൂഹിക രംഗങ്ങളിൽ മാപ്പിള സമുദായം നിർവഹിച്ച പങ്ക് അദ്വിതീയമത്രെ. പുതുമുസ്‌ലിംകളെ ശുശ്രൂഷിക്കുവാൻ വേണ്ടി മാപ്പിള സമുദായം സംഘടിപ്പിച്ചിരുന്ന ഫണ്ടിനെക്കുറിച്ച് 16-ാം നൂറ്റാണ്ടിൽ ജീവിച്ച സൈനുദ്ദീൻ മഖ്ദൂമിന്റെ തുഹ്ഫതുൽ മുജാഹിദീനിൽ എഴുതിയത് കണ്ടപ്പോൾ ഞാൻ അൽഭുതപ്പെട്ടുപോയി. ആ ഫണ്ടിന്റെ വികസിതവും വ്യവസ്ഥാപിതവുമായ രൂപമാണ് 1900-ത്തിൽ സ്ഥാപിതമായ പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ’ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേ. 29).
യഥാർത്ഥത്തിൽ മുൻഗാമികൾ നടത്തിയ നവോത്ഥാന പ്രവർത്തനങ്ങൾ കണ്ട് ഞെട്ടുകയാണ് ഇവർ ചെയ്തത്. ഇതുകൊണ്ട് തന്നെ 1922-നു മുമ്പുള്ള കേരള മുസ്‌ലിം പാരമ്പര്യം പഠിക്കാനിറങ്ങിയ സി.എൻ അഹ്മദ് മൗലവിക്കും കെ.കെ മുഹമ്മദ് അബ്ദുൽ കരീമിനും ഇങ്ങനെ പറയേണ്ടിവന്നു: ‘മുൻഗാമികൾ കൊള്ളരുതാത്തവരും അപരിഷ്‌കൃതരുമായിരുന്നു, നാമാണ് എല്ലാ തരം കഴിവുകളും നേടിയെടുത്തവരും പരിഷ്‌കാരികളുമെന്ന് ആധുനിക തലമുറക്കൊരു നാട്യമുണ്ട്. അതുമുഴുവനും ശരിയല്ല. ഇന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ച് നമുക്ക് പല നേട്ടങ്ങളും കൈവന്നിട്ടുണ്ട്. അതനുസരിച്ച് നാം കുറേയൊക്കെ വളരുകയും ചെയ്തിരിക്കുന്നു. അതേപ്രകാരം നമ്മുടെ മുൻഗാമികൾക്ക് കൈവന്ന അവസരങ്ങളൊന്നും തങ്ങളുടെ വളർച്ചക്ക് അവർ ഉപയോഗപ്പെടുത്താതിരുന്നിട്ടില്ലെന്ന് നാം ഓർക്കണം’ (പേ 56).
ചുരുക്കത്തിൽ, മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം പരതുമ്പോൾ അത് അനുസ്യൂതം, അനവരതം തുടർന്നുവന്ന ഒരു പ്രക്രിയയാണെന്നു മനസ്സിലാക്കാം. അതിനെ 1922-ലേക്ക് ചുരുട്ടിക്കെട്ടുന്നത് പതിമൂന്നു നൂറ്റാണ്ടുകാലത്തെ മുസ്‌ലിം തലമുറകളെ അവഹേളിക്കലാണ്. ഇതനുവദിച്ചുകൂടാ.
കപട നവോത്ഥാനക്കാരുടെ രംഗപ്രവേശം
പ്രവാചക ശിഷ്യൻമാരിലൂടെ പകർന്നുകിട്ടിയ സമഗ്രവും പ്രത്യുൽപന്നപരവുമായ ഇസ്‌ലാമും മുസ്‌ലിംകളുമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. സാംസ്‌കാരിക, രാഷ്ട്രീയ, മതകീയ അധിനിവേശങ്ങളെ ചെറുക്കാനുള്ള കരുത്തും കർമോത്സുകതയും അവർക്കുണ്ടായിരുന്നു. ഇത് നന്നായി അനുഭവിച്ചറിഞ്ഞ ബ്രിട്ടീഷുകാർ ഈ ജീവനുള്ള മതത്തെ പൊളിച്ചെഴുതാനായി ഇസ്‌ലാം മതത്തിന്റെ ഒരു വ്യാജപതിപ്പിറക്കാൻ തീരുമാനിച്ചു. ഇതിനുള്ള കോടാലിപ്പിടികളായി ചില മൗലവിമാരെ അവർ ഉപയോഗിച്ചു. ഈജിപ്തിലെ മതയുക്തിവാദിയായ റശീദ് രിളയുടെ മജല്ലതുൽ മനാറിന്റെ കുറേ പഴയ കോപ്പികൾ വക്കം അബ്ദുൽ ഖാദിർ മൗലവിക്ക് ആ കാലത്ത് എങ്ങനെ ലഭിച്ചു എന്നത് ദുരൂഹമാണ്. ചരിത്ര യാഥാർത്ഥ്യങ്ങളെ ചേർത്തുവായിക്കുമ്പോൾ ഇതിനു പിന്നിൽ ബ്രിട്ടീഷുകാരാവാൻ തന്നെയാണ് കൂടുതൽ സാധ്യത.
കേരളത്തിലെ ആദ്യ വഹാബി ഇയാളായതും അങ്ങനെയാണ്. പിന്നീട് വാഴക്കാട് ദാറുൽ ഉലൂമിൽ പുഠിച്ചുകൊണ്ടിരുന്ന ഇ.കെ മൗലവി കൊടുങ്ങല്ലൂർ ഏറിയാട്ട് ഒരു മദ്‌റസ മുഅല്ലിമായി എത്തിച്ചേരുകയുണ്ടായി. വക്കം മൗലവിയിൽ നിന്ന് ഈ വിഷക്കാറ്റ് അയാൾക്കും ഏറ്റു. ശേഷം മലബാർ കലാപാനന്തരം കൊടുങ്ങല്ലൂരിലേക്ക് ഓടിരക്ഷപ്പെട്ട കെ.എം മൗലവി കൂടി ഈ സംഘത്തിൽ ചേർന്നു. സീതി വക്കീൽ, സി.എൻ അഹ്മദ് മൗലവി, പുളിക്കൽ മുഹമ്മദ് മൗലവി തുടങ്ങിയവരും ഇവരോടൊപ്പം ചേർന്നു. കൂട്ടത്തിൽ കഥയറിയാത്ത ചില മാന്യൻമാരും നാട്ടു പ്രമാണികളും അണിനിരന്നു.
ഈ മൗലവി സംഘത്തെ ഉപയോഗിച്ച് ആയിരത്തി മുന്നൂറ് കൊല്ലത്തെ പാരമ്പര്യമുള്ള ഇസ്‌ലാമിനെ പൊളിച്ചെഴുതാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. ഒന്നാംഘട്ടത്തിൽ സ്വീകരിച്ച തന്ത്രം വിജ്ഞാന സ്രോതസ്സുകളെ നശിപ്പിക്കുക എന്നതായിരുന്നു. ഇതിനവർ രണ്ടു മാർഗങ്ങൾ സ്വീകരിച്ചു. ഒന്ന്: സാധ്യമാകുന്നത്ര ഗ്രന്ഥങ്ങൾ കണ്ടുകെട്ടുക. മുഹിമ്മാത്തുൽ മുസ്‌ലിമീൻ, ചേറൂർ പടപ്പാട്ട്, മണ്ണാർക്കാട് പടപ്പാട്ട്, മഞ്ചേരി പടപ്പാട്ട്, അൽ അമീൻ പത്രം തുടങ്ങിയവ അതിൽ ചിലതുമാത്രം. രണ്ട്: ഈ ഗ്രന്ഥ ശേഖരങ്ങളത്രയും എഴുതപ്പെട്ട അറബി മലയാളം എന്ന ഭാഷയെ ഇല്ലാതെയാക്കുക. അതുവഴി അന്ധകാരത്തിലകപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ കഴിയും. ഒപ്പം മലയാളം ലിപിയിലേക്ക് മുസ്‌ലിംകളെ മാറ്റി അതിലൂടെ ഒരു പുതിയ മതം അവരെ പഠിപ്പിക്കുക. തികഞ്ഞ ആസൂത്രണത്തോടെ ഈ പദ്ധതി നടപ്പാക്കാൻ ശ്രമിച്ച കഥ സി.എൻ അഹ്മദ് മൗലവി കുറിച്ചത് കാണുക:
‘ബ്രിട്ടീഷുകാർക്ക് എന്തൊക്ക ദോഷങ്ങളുണ്ടെങ്കിലും, അവർ തികഞ്ഞ ഭരണ തന്ത്രജ്ഞൻമാരായിരുന്നു. അവർ സംഗതികളുടെ മർമസ്ഥാനം സൂക്ഷിച്ചു മനസ്സിലാക്കി. ഈ അറബി ഗ്രന്ഥങ്ങളും അറബി ലിപിയിലെഴുതിയ ഗ്രന്ഥങ്ങളുമാണ് മാപ്പിളമാരെ ഇത്രയധികം ആവേശം കൊള്ളിക്കുന്നതെന്ന് അവർ ഗ്രഹിച്ചു. പക്ഷേ അതു തടയാനോ അതിനെതിരിൽ ശബ്ദമുയർത്താനോ അവർ നിന്നില്ല. അത് കൂടുതൽ അപകടകരമാണെന്ന് ആ ഭരണ തന്ത്രജ്ഞൻമാർക്കറിയാമായിരുന്നു. അവർ സൂത്രത്തിൽ മറ്റൊരു വഴിക്ക് പ്ലാനിട്ടു പ്രവർത്തിക്കാൻ ഗൂഢമായി തീരുമാനിച്ചു.
1921-ലെ സ്വാതന്ത്ര്യ സമരത്തെ തുടർന്ന് മാപ്പിള സമുദായത്തിന്റെ നട്ടെല്ലൊടിഞ്ഞു പോയി. അപ്പോൾ മാപ്പിളമാരെ എങ്ങിനെ ‘നന്നാക്കി’യെടുക്കാം എന്നതിനെക്കുറിച്ച് ബ്രിട്ടീഷുകാരുടെ പല മണ്ഡലങ്ങളിലും ചർച്ചകളും കൂടിയാലോചനകളും നടന്നു. ഒടുവിൽ അടിയന്തിരമായ ചില തീരുമാനങ്ങളെടുത്തു.
- മാപ്പിളമാർക്ക് സ്‌കൂളിൽ വെച്ച് മതം പഠിപ്പിക്കുക. അത് മലയാള ലിപിയിലൂടെ ആയിരിക്കുക. അതിനു വേണ്ട പുസ്തകങ്ങൾ വിദഗ്ധൻമാരെക്കൊണ്ട് തയ്യാർ ചെയ്യിക്കുക. ആ ചുമതല ഒരേയവസരത്തിൽ രണ്ടുകൂട്ടരെ ഏൽപ്പിച്ചു. 1. കുഞ്ഞിമോയി ഹാജി മഞ്ചേരിയെ… 2. അബ്ദുൽ ഗഫൂർഷാ സാഹിബ്… അതുരണ്ടും ഗവൺമെന്റ് അംഗീകരിച്ചു നടപ്പിൽ വരുത്തി. അറബി മലയാളത്തിൽ നിന്നും മലയാള ലിപിയിലേക്കുള്ള മുസ്‌ലിംകളുടെ കാൽവെപ്പിന്റെ ആരംഭം ഇതാണ്’ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ് 75).
ചിന്തിക്കുക, ഒരു സമുദായത്തിന്റെ പാരമ്പര്യവും ഈമാനിക ഊർജ്ജവും ഊതിക്കെടുത്താൻ ഇവർ സ്വീകരിച്ച കുതന്ത്രം. ചുരുങ്ങിയ കാലംകൊണ്ട് തന്നെ സമുദായത്തെ അവരുടെ മതത്തിൽനിന്നും വേർപ്പെടുത്തിയെടുക്കാനുള്ള ഗൂഢ തന്ത്രമാണ് ഇവിടെ മൗലവിമാരെ ഉപയോഗിച്ച് നടത്തിയത്. ചരിത്രത്തിൽ നിന്നും നാം പാഠമുൾക്കൊള്ളണം. ചില ഭൗതിക വിഷയങ്ങൾകൂടി പഠിപ്പിക്കണം എന്നു നിബന്ധനവെച്ച് മദ്‌റസകൾക്ക് ഗ്രാന്റ് അനുവദിച്ചുകൊണ്ടുള്ള വർത്തമാനകാല ഇടപെടലുകളിൽ പോലും ഇത്തരം ഒളിയജണ്ടകൾ ഇല്ലെന്നു തീർത്തു പറയാൻ സാധ്യമല്ല.
ഇവർ തയ്യാറാക്കിയ പുതിയമതം സമുദായത്തെ പഠിപ്പിക്കാൻ പുതിയ പണ്ഡിതൻമാരെ സൃഷ്ടിക്കേണ്ടതാവശ്യമായിരുന്നു. ഇതിനായി ബ്രിട്ടീഷുകാരും വഹാബികളും കൈകോർത്ത കഥ സി.എൻ തന്നെ പറയട്ടെ: ‘ഈ പുസ്തകങ്ങൾ തയ്യാർ ചെയ്ത് പ്രസിദ്ധീകരിച്ച ഇതേകൊല്ലം മറ്റൊരു പ്ലാൻ കൂടി തയ്യാറാക്കി. ‘ശരിയായ മതം’ മലയാള ലിപിയിലൂടെ പഠിപ്പിക്കുവാൻ കഴിവുള്ള ഒരു മുസ്‌ലിം പണ്ഡിതനെ കണ്ടുപിടിക്കുക. അവസാനം കണ്ടുപിടിച്ചു. മികച്ച പണ്ഡിതനും പ്രസിദ്ധ വാഗ്മിയുമായിരുന്ന പി.എൻ. വി. മുഹമ്മദ് മൗലവി(പുളിക്കൽ)യെ, എന്നിട്ട് മുസ്‌ലിം അധ്യാപകൻമാർക്ക് പരിശീലനം നൽകിപ്പോന്ന മലപ്പുറം ട്രൈനിംഗ് സ്‌കൂളിൽ അദ്ദേഹത്തെ നിയമിച്ചു. മുസ്‌ലിം അധ്യാപകൻമാരെ ‘ശരിയായ മതം’ പഠിപ്പിച്ചുവിട്ടാൽ അവർ പിന്നീടു ജോലിക്കു ചെല്ലുന്ന ഗ്രാമങ്ങളിലെ മുസ്‌ലിംകളിൽ ഹൃദയ പരിവർത്തനം വരുത്താൻ കഴിയുമല്ലോ, അതായിരുന്നു ലക്ഷ്യം (പേജ് 76).
രണ്ടു ഭീകര കൃത്യങ്ങളാണ് ഇപ്പോൾ ഇവർ ചെയ്തത്. ഒന്ന,് മതത്തെ പുതിയ രീതിയിൽ പൊളിച്ചെഴുതി, പാരമ്പര്യ മതഗ്രന്ഥങ്ങളെ തമസ്‌ക്കരിച്ചു. രണ്ടാമതായി, ആദരണീയരായ ഗുരുക്കൻമാരിലൂടെ മതം പഠിച്ചിരുന്ന മുസ്‌ലിംകൾക്കായി പുതിയ അധ്യാപകരെ പഴുപ്പിച്ചെടുത്തു. പഴുപ്പിച്ചെടുത്ത ഈ അധ്യാപകൻമാരെ ജനം സ്വീകരിക്കാതെ വന്നപ്പോൾ കേരളീയർക്ക് പരിചയമില്ലാത്ത ഒരു വ്യക്തിയെ മൗലവിവേഷം കെട്ടിച്ച് കേരളത്തിലേക്ക് വിട്ട കഥയും സി.എൻ മൗലവി വെളിപ്പെടുത്തുന്നു: ‘മാപ്പിള സമുദായത്തിൽ വ്യാപകമായ ഒരു ചലനം സൃഷ്ടിക്കാൻ ഇതുമാത്രം പര്യാപ്തമല്ലെന്ന് ബ്രിട്ടീഷുകാർ കണ്ടു.
1929-ൽ മദിരാശിയിൽ നിന്ന് ക്യാപ്റ്റൻ അബ്ദുൽ ഹമീദ് സാഹിബിനെ എഡുക്കേഷണൽ ഓഫീസറാക്കി മലബാറിലേക്കയച്ചു. ഒരു പ്രത്യേക സൂത്രവും പ്രയോഗിച്ചു. വെറും അബ്ദുൽ ഹമീദ് എന്നല്ല, മൗലവി അബ്ദുൽ ഹമീദ് എന്ന പേരിൽ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഇങ്ങോട്ടയച്ചത്. മതഭക്തരായ നമ്മുടെ ജനത ഇത് കേട്ട് തികച്ചും സംതൃപ്തരായി.’
സി.എൻ തുടരുന്നു: ‘സുചിന്തിതമായ പ്ലാൻ അദ്ദേഹം നടപ്പാക്കാൻ തീരുമാനിച്ചു. അത് മറ്റൊന്നുമല്ല. മലബാറിലെ മുസ്‌ലിയാമാരെ സംഘടിപ്പിച്ചുകൊണ്ട് മലപ്പുറം ട്രൈനിംഗ് സ്‌കൂളിൽ ഒരു പ്രത്യേക ക്ലാസ് നടത്തുക. എന്നിട്ട് അവർക്ക് ‘ശരിയായമതം’ പഠിപ്പിക്കുക. അതിനു പറ്റിയ ഒരാളെ അധ്യാപകനായി നിയമിക്കുക. ചുരുക്കത്തിൽ എന്നെയാണ് ആ പോസ്റ്റിൽ നിയമിച്ചത്. 1931-ൽ ക്ലാസ് സംഘടിപ്പിച്ച് നോക്കുമ്പോൾ 25 വയസ്സുള്ള എന്റെ ഇരട്ടി പ്രായമുള്ള ശിഷ്യൻമാർ പോലും ആ കൂട്ടത്തിലുണ്ട്. മുദരിസുകളും ഖാസിമാരും മറ്റും മറ്റുമായി ജോലി ചെയ്തവർ. അവരോട് മല്ലിടേണ്ടി വന്ന കഥ എനിക്കിന്നും ഓർത്തു കൂടാ. ഈ ശിക്ഷ ലഭിക്കാൻ തക്കവണ്ണം ദൈവമേ എന്തുകുറ്റമാണ് ഞാൻ ചെയ്തത് എന്ന് എപ്പോഴും ഞാൻ ഓർത്തു പോയിട്ടുണ്ട്’ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ് 76).
മൗലവി ചെയ്ത കുറ്റം ഈ കങ്കാണിപ്പണിതന്നെ. ചിന്തിക്കുക, ഇവിടെ ‘ശരിയായമതം’ എന്ന് സി.എൻ കോമയിട്ട് പ്രത്യേകം എഴുതിയത് വഹാബിസത്തെപ്പറ്റിയാണ്. ഒറിജിനൽ അതിനു മുമ്പ് സ്വഹാബത്ത് മുഖേന ലഭിച്ച മതമായ അഹ്‌ലുസ്സുന്നയാണ്. അതിനെ തളർത്താനുള്ള ബ്രിട്ടീഷ്-വഹാബി കൂട്ടുകെട്ടിന്റെ കുടില തന്ത്രം തിരിച്ചറിഞ്ഞപ്പോൾ കേരളക്കരയിൽ പുതിയ നവോത്ഥാന മുന്നേറ്റം ആവശ്യമായിവന്നു. വീണുപോകുമ്പോൾ താങ്ങിനിർത്തലും തളരുമ്പോൾ ഉയർത്തെഴുന്നേൽപ്പിക്കലുമാണല്ലോ നവോത്ഥാനം. 1926 ജൂൺ 26-ന് കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പി
റവിയെടുത്തതോടെ പുതിയ നവോത്ഥാന യുഗം ആരംഭിക്കുകയായിരുന്നു. ബ്രിട്ടീഷുകാർ വഹാബികളിലൂടെ നടപ്പാക്കാൻ ശ്രമിച്ച എല്ലാ ഗൂഢതന്ത്രങ്ങളും പൊളിച്ചടക്കി ഇസ്‌ലാമിന്റെ പാരമ്പര്യവും പൈതൃകവും സമസ്ത സംരക്ഷിക്കുകതന്നെ ചെയ്തു.
നവോത്ഥാനത്തിന്റെ പുതിയ വർത്തമാനം
1922 മുതൽ 25 വരെയുള്ള കാലം നവോത്ഥാനത്തിന്റെ ഇസ്‌ലാമിക പാരമ്പര്യത്തെ തിരുത്തിയെഴുതാനുള്ള കുത്സിത ശ്രമങ്ങൾ അരങ്ങേറിയ സന്ദർഭമാണ്. 21-ലെ സ്വാതന്ത്ര്യ സമര പരമ്പരകളെ തുടർന്ന് മലബാറിൽ സമുദായം കെട്ടറ്റു കിടക്കുകയായിരുന്നു. ബ്രിട്ടീഷ് കാപാലികർ നടത്തിയ നരനായാട്ട് സമുദായത്തിന്റെ നട്ടെല്ലു തകർത്തു. പതിനായിരക്കണക്കിന് വിധവകൾ, യത്തീമുകൾ, കുടുംബനാഥൻമാരെ അന്തമാനിലേക്കും മറ്റും നാടുകടത്തിയതു മൂലം നീറിക്കഴിയുന്ന ആശ്രിതർ, തകർത്തുകളഞ്ഞ പള്ളികൾ, കുടിലുകൾ, ജീവനോപാധികൾ. ഈ വിധം ശിഥിലമായ മലബാർ മുസ്‌ലിംകളുടെ മേൽ ഇടിത്തീപോലെ, പാരമ്പര്യമായി സ്വീകരിച്ചു പോന്ന വിശ്വാസാചാരങ്ങളെ കൂടി അട്ടിമറിക്കുക ലക്ഷ്യമിട്ട് കപട നവോത്ഥാനക്കാർ രംഗത്തു വന്നു. ഈ സാഹചര്യത്തിലാണ് നേരത്തെ ഇവിടെ നിലനിന്നുപോന്ന നവോത്ഥാനത്തിന്റെ തുടർച്ചക്കുവേണ്ടി 1925-ൽ താൽക്കാലികമായി ഒരു പണ്ഡിത കൂട്ടായ്മ രൂപീകരിക്കുന്നത്. അന്നത്തെ പരിമിത യാത്രാ സൗകര്യങ്ങളുപയോഗപ്പെടുത്തി ഒരു കൊല്ലക്കാലം കേരളത്തിലുടനീളം ആ പണ്ഡിതർ സഞ്ചരിച്ചു. സ്വന്തം സേവനയിടങ്ങളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഉലമാക്കളെ സംഘടിപ്പിക്കാനും ബിദ്അത്തിന്റെ കടന്നു കയറ്റത്തെ കുറിച്ച് തര്യപ്പെടുത്താനുമായിരുന്നു ഇത്. അങ്ങനെ 1926 ജൂൺ 26-ന് കോഴിക്കോട് ടൗൺഹാളിൽ വിപുലമായൊരു പണ്ഡിത സംഗമം സംഘടിപ്പിച്ചു. നവോത്ഥാന ചരിത്രത്തെ തിരുത്തിക്കുറിക്കുന്നതിനെതിരെ പണ്ഡിതന്മാരുടെ ആദ്യത്തെ കൂട്ടായ പ്രതിരോധമായിരുന്നു ഇത്. ആ യോഗത്തിൽ വെച്ചാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിക്കപ്പെട്ടത്.
പിന്നീടു നടന്നത് ചരിത്രം. സമൂഹത്തിൽ ആദർശപരമായ സമൂല ജാഗരണമുണ്ടായി. 40 ആലിമുകൾ ചേർന്നുള്ള മുശാവറ സമിതി സമസ്തയുടെ അജണ്ടകളും പ്രവർത്തന പദ്ധതികളും നിശ്ചയിച്ചു. സമുദായത്തെ സമുദ്ധരിക്കാൻ സംഘടന അന്നു സ്വീകരിച്ചിരുന്ന ഒരു മാർഗം മുശാവറ യോഗം ചേർന്ന് പ്രമേയങ്ങൾ പാസാക്കി പൊതുജനത്തെ ബോധവത്കരിക്കുക എന്നതായിരുന്നു. ഇതോടൊപ്പം എല്ലാവർഷവും ബഹുജന സമ്മേളനങ്ങൾ നടത്തി. 1929-ൽ സമസ്തയുടെ മുഖപത്രമായി അൽ ബയാൻ പ്രസിദ്ധീകരണം തുടങ്ങി. വാളക്കുളത്ത് സ്വന്തം പ്രസ്സും സ്ഥാപിച്ചു. തുടർന്ന് മദ്രസകൾക്ക് എകീകൃത സിലബസ് തയ്യാറാക്കാൻ നടപടി സ്വീകരിച്ചു. സമസ്തയുടെ സന്ദേശങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലെത്തിക്കുന്നതിനായി 1954-ൽ സുന്നി യുവജന സംഘത്തിന് രൂപം നൽകി. ഇങ്ങനെ മതപരിഷ്‌കരണ വാദികളുടെ ശ്രമങ്ങളെ തകർക്കുകയും മഹത്തായ മുസ്‌ലിം പാരമ്പര്യം ഉയർത്തിപ്പിടിച്ച് നവോത്ഥാനത്തിന്റെ മാർഗത്തിലൂടെ മുന്നേറുകയും ചെയ്തു.
1947-ൽ ഇന്ത്യ സ്വതന്ത്രമായി. മതേതര ജനാധിപത്യ സംവിധാനം നിലവിൽ വന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചതിന്റെ ഭാഗമായി 56-ൽ കേരള സംസ്ഥാനം യാഥാർത്ഥ്യമായി. അതിനെ തുടർന്ന്, സമസ്തയുടെ തേരോട്ടത്താൽ മൃതപ്രായമായിപ്പോയ മുജാഹിദുകൾ കക്ഷി രാഷ്ട്രീയത്തെ മറയാക്കി തലപൊക്കാൻ തുടങ്ങി. സുന്നത്ത് ജമാഅത്തിനെ തകർക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുന്നതാണ് പിന്നീട് കാണുന്നത്. സമസ്തയുടെ ചരിത്രം പരിശോധിക്കുമ്പോൾ സാരമായൊരു തളർച്ച ഇക്കാലയളവിൽ ദൃശ്യമാകും. പണ്ഡിത സഭ സ്ഥാപിച്ചതു മുതൽ അറുപതുകൾ വരെ ഊർജസ്വലതയോടെ മുന്നേറിയ സംഘടനക്ക്, മുസ്‌ലിം രാഷ്ട്രീയ പാർട്ടിക്ക് സംസ്ഥാന ഭരണ പങ്കാളിത്തം ലഭിച്ചതോടെ ഗതിവേഗം കുറയുന്നതാണ് കാണുന്നത്. 1985 വരെയുള്ള കാൽനൂറ്റാണ്ട് ഈ തളർച്ച നീണ്ടുനിന്നു. ഇക്കാലയളവിൽ പ്രധാനപ്പെട്ട സമ്മേളനങ്ങൾ, കർമ പദ്ധതികൾ നടക്കുകയുണ്ടായില്ല. സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ മന്ദീഭവിപ്പിക്കാനുള്ള ഗൂഢശ്രമങ്ങൾ ഈ ഘട്ടത്തിൽ നടന്നിരുന്നുവെന്നാണ് ചരിത്ര വായന ബോധ്യപ്പെടുത്തുന്നത്. 85-ൽ നടന്ന സമസ്ത 60-ാം വാർഷിക സമ്മേളനം വൻവിജയമായിരുന്നെങ്കിലും നടത്തിപ്പിന്റെ പെടാപാട് ഖമറുൽ ഉലമാ ഉസ്താദിന് അറിവുള്ളതാണ്.
രാഷ്ട്രീയ സ്വാധീനത്തിലൂടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കുക, പള്ളി-മദ്രസകൾ കയ്യടക്കുക, അന്ന് മുസ്‌ലിംകൾ പ്രസിദ്ധപ്പെടുത്തിയിരുന്ന ഏകപത്രം സ്വന്തം വരുതിയിലാക്കുക പോലുള്ള നീക്കങ്ങളിലൂടെ സുന്നത്ത് ജമാഅത്തിനെ തകർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം മുജാഹിദുകൾ ശക്തമാക്കിയപ്പോഴാണ് മർഹൂം ഇ.കെ ഹസൻ മുസ്‌ലിയാർ രംഗത്തുവരുന്നത്. അദ്ദേഹത്തിനൊപ്പം എ.പി ഉസ്താദ് അടക്കമുള്ള നേതാക്കൾ അണിനിരക്കുകയും ബിദഇകൾക്കെതിരെ പോർമുഖം തുറക്കുകയും ചെയ്തു.
74-ൽ എ.പി ഉസ്താദ് മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 75-ൽ എസ്.വൈ.എസ് സെക്രട്ടറിയും 76-ൽ ജനറൽ സെക്രട്ടറിയുമായി. ഇ.കെ ഹസൻ മുസ്‌ലിയാരായിരുന്നു പ്രസിഡണ്ട്. ഈ നേതൃദ്വയങ്ങളാണ് സമസ്തയുടെ കാൽനൂറ്റാണ്ടു നീണ്ട തളർച്ചക്കൊരു തിരുത്ത് കുറിക്കുന്നത്. ഇവരുടെ കഠിനാധ്വാനം കൊണ്ടാണ് അറുപത്തിമൂന്നോടെ നിലച്ചു പോയ സമസ്ത സമ്മേളനം 85-ൽ പുനരുജ്ജീവിപ്പിക്കുന്നതും. സമസ്തയും കീഴ്ഘടകങ്ങളും പൂർവപ്രതാപം തിരിച്ചു പിടിക്കാനാരംഭിച്ച സുവർണഘട്ടമായിരുന്നു ഇത്.
പക്ഷേ ഈ നവജാഗരണം ചില കേന്ദ്രങ്ങൾക്കു ദഹിച്ചില്ല. സംഘടനയെ തളർത്തി സ്വാർത്ഥ ലക്ഷ്യങ്ങൾ നേടാനുള്ള കരുക്കൾ അവർ നീക്കി. ഒന്നിച്ചു നിന്ന നേതാക്കളെ തമ്മിലകറ്റുക എന്നതാണ് ഇതിനവർ കണ്ട വഴി. ഇടക്കാലത്തെ ഊർജസ്വലതക്ക് ശേഷം പണ്ഡിതസഭ വീണ്ടും ആലസ്യത്തിലമരുന്ന അവസ്ഥയുണ്ടായി. ഇത് തൽപര കക്ഷികളെ സന്തോഷിപ്പിച്ചു. ഉള്ളിൽ നിന്നു തന്നെ ഇതിനവർക്ക് സഹായ ഹസ്തങ്ങൾ ലഭിക്കുകയും ചെയ്തു. അറുപതാം വാർഷിക സമ്മേളനം വഴി നേടിയ സ്വീകാര്യതയും ജനസ്വാധീനവും ശിഥിലമാകുന്നത് ആദർശ ബോധമുള്ളവർ ഹൃദയ വേദനയോടെ കാണേണ്ടിവന്നു. സ്ഥാപിത ലക്ഷ്യങ്ങൾ വിസ്മരിച്ച് ബിദഇകൾക്കു വേണ്ടിയും രാഷ്ട്രീയ തമ്പുരാക്കന്മാരെ പ്രസാദിപ്പിക്കാനും ചിലർ കുഴലൂത്ത് നടത്തി. എന്നാൽ വരക്കൽ തങ്ങളും പാങ്ങിലും ശാലിയാത്തിയും പോലുള്ള പൂർവ സൂരികൾ കൈമാറിയ പതാകയും നയനിലപാടുകളും
കുഴിവെട്ടി മൂടാൻ ആദർശ നേതാക്കൾ അനുവദിച്ചില്ല. കാലം കാത്തുവെച്ച സമുദ്ധാരണത്തിന് സാഹചര്യമൊത്തത് അങ്ങനെയാണ്. 1989-ൽ ജനറൽ ബോഡി മെമ്പർമാരായ ഏഴായിരത്തോളം പണ്ഡിതൻമാരെ അണിനിരത്തി താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരിയുടെ നേതൃത്വത്തിൽ സമസ്ത പുന:സംഘടിപ്പിച്ചു. പുണ്യ സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തിലേക്കുള്ള തിരിച്ചു പോക്കായി അതു മാറി.
ഈ പുന:സംഘാടന വേളയിൽ സമസ്തയുടെ മുഴുവൻ കീഴ്ഘടകങ്ങളും ഈ നേതൃത്വത്തിനു കീഴിൽ ഉറച്ചു നിന്നുവെന്നത് ശ്രദ്ധേയം. മെമ്പർഷിപ്പുള്ള ഭൂരിഭാഗം ആലിമുകളും താജുൽ ഉലമയുടെയും ഖമറുൽ ഉലമയുടെയും ഒപ്പമാണ് നിലകൊണ്ടത്. കീഴ്ഘടകമായ എസ്.വൈ.എസിന്റെ ഒരു ജില്ലാ കമ്മിറ്റിപോലും മറുപക്ഷത്തേക്കു പോയില്ല. അന്ന് ഔദ്യോഗിക കീഴ്ഘടകമായി അംഗീകരിച്ചിരുന്നില്ലെങ്കിലും സമസ്തയുടെ പണ്ഡിതന്മാർ നിയന്ത്രിച്ചു വന്ന വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എസ്.എഫ് ഒറ്റ യൂണിറ്റുകൾ പോലും വിഘടിച്ചു പോകാതെ മഹാൻമാർക്കൊപ്പം നിന്നു. സമസ്തയുടെ പ്രസിദ്ധീകരണങ്ങളും ആദർശ പക്ഷത്തു നിലകൊണ്ടു. ഏക ദിനപത്രം സിറാജ്, എസ്.വൈ.എസ് മുഖപത്രമായ സുന്നിവോയ്‌സ്, എസ്.എസ്.എഫിന്റെ രിസാല, മുഅല്ലിം സംഘടനയുടെ സുന്നത്ത് എന്നിവയും നമ്മുടെ കൂടെയാണു നിന്നത്. എല്ലാറ്റിലുമുപരി, മഹാരഥന്മാർ കൈമാറിപ്പോന്ന പച്ച ഖുബ്ബയുള്ള സമസ്തയുടെ ത്രിവർണ പതാക അന്നും ഇന്നും ഈ പ്രസ്ഥാനത്തോടൊപ്പമാണുള്ളത്. ഇതാണ് സമസ്തയുടെ പാരമ്പര്യം. ഇതാണ് മുസ്‌ലിം നവോത്ഥാനത്തിന്റെ ചരിത്രവും.
യഥാർത്ഥ സമസ്ത ഏതാണെന്നു ബോധ്യപ്പെടാൻ പൂർവിക നേതാക്കൾ ഉയർത്തിപ്പിടിച്ച വിശുദ്ധ ആദർശത്തിന്റെ പിന്തുടർച്ച ആരാണ് പരിരക്ഷിക്കുന്നതെന്ന് മാത്രം നോക്കിയാൽ മതി. ആ നിലപാടുകളിൽ നിന്ന് അണുഅളവ് വ്യതിചലിക്കാതെ നാം ഇന്നും മുന്നേറുകയാണ്. അത് പണ്ഡിതന്മാർക്ക് വലിയ പ്രൗഢിയുണ്ടാക്കി. ഇതിൽ ഖമറുൽ ഉലമയുടെ പങ്ക് അദ്വിതീയമാണ്.
മത-ഭൗതിക സമന്വിത വിദ്യാഭ്യാസത്തിലൂടെ സംഘകുടുംബം വൈജ്ഞാനിക വിപ്ലവം സൃഷ്ടിച്ചു. ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും അനാഥാലയങ്ങളും മസ്ജിദുകളും മദ്രസകളും നിർമിച്ചു. പതിനായിരത്തിലേറെ പേർക്ക് തൊഴിൽ നൽകി. അച്ചടക്കമുള്ള ലക്ഷക്കണക്കിന് അനുയായികളെ സൃഷ്ടിച്ചു. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേക്കും ഈ നവോത്ഥാനത്തിന്റെ സ്പന്ദനങ്ങൾ പകർന്ന് ലോക തലത്തിൽ തന്നെ സമസ്ത ശ്രദ്ധനേടി. രാജ്യാന്തര മുസ്‌ലിം സ്ഥാപന-സംഘടന നേതാക്കളുമായി ഊഷ്മള ബന്ധം സ്ഥാപിച്ചു. ആഗോളാടിസ്ഥാനത്തിൽ അഹ്‌ലുസ്സുന്നയുടെ നിലപാടറിയാൻ കേരളത്തിലേക്ക് കാതോർക്കുന്ന നിലയിലേക്ക് ഈ പ്രസ്ഥാനത്തെ എത്തിക്കുക വഴി ഈ സമുദായത്തിന്റെ സമുദ്ധാരകനും നവോത്ഥാന നായകനുമായിരിക്കുകയാണ് ഖമറുൽ ഉലമാ ഉസ്താദവർകൾ. പ്രവാചകർ(സ്വ) പറഞ്ഞു: ഈ സമുദായത്തിൽ ദീനിന്റെ നവോത്ഥാനത്തിനായി ഓരോ നൂറ്റാണ്ടിന്റെയും തലപ്പത്ത് ഒരു നേതൃത്വത്തെ അല്ലാഹു നിശ്ചയിക്കും.’ ഖമറുൽ ഉലമയുടെ കാർമികത്വത്തിലാണ് ഈ കാലഘട്ടത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് നിസ്സംശയം പറയാം.