mahmood gasnavi R -malayalam article

മതപ്രബോധകരായും സൈനിക-വ്യാപാര സംഘങ്ങളായും അനേകം മുസ്‌ലിംകള്‍ കടല്‍ കടന്ന് ഇന്ത്യയിലെത്തിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കിപ്പുറവും നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളായി നിലനില്‍ക്കുന്ന പല ചരിത്രസ്മാരകങ്ങളും പട്ടണങ്ങളും പൗരാണിക മുസ്‌ലിം സംഭാവനകളാണ്. ഇങ്ങനെ ഇന്ത്യയിലെത്തിയവരില്‍ പലരെക്കുറിച്ചുമുള്ള ആധുനികരുടെ ധാരണകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും എത്രയോ അകലെയാണെന്നതാണ് വസ്തുത. ചിലരുടെ ജീവിതങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടപ്പെട്ടു. എന്നാല്‍, മറ്റു ചിലര്‍ ചരിത്രത്തില്‍ നിന്നു തന്നെ അപ്രത്യക്ഷരായി. ചിലരാകട്ടെ, ചരിത്രത്തിന്റെ കരിമ്പട്ടികയിലേക്കു തള്ളപ്പെട്ടു. ഇന്ത്യയിലേക്കു കടന്നുവന്ന ആദ്യ മുസ്‌ലിം സൈനിക നേതാവായ മഹ്മൂദ് ഗസ്‌നവി(റ)യുടെ വ്യക്തിത്വം ഇത്തരത്തില്‍ തെറ്റായ ചരിത്രവായനകള്‍ക്കു വിധേയമായിട്ടുണ്ട്. ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ മാത്രം ആധാരമാക്കുന്ന പലരും ഈ കെണിയില്‍ വീണതായി കാണാം.

എന്നാല്‍ സുല്‍ത്താന്‍ മഹ്മൂദ് ഗസ്‌നവി(റ) ആരാണ്, മുന്‍കാല പണ്ഡിതന്‍മാര്‍ അദ്ദേഹത്തോടു സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

 

പണ്ഡിത ലോകത്തിന്റെ അഭിപ്രായം

സുല്‍ത്താന്റെ ജീവിതം വളരെ വിശാലമായി തന്നെ രേഖപ്പെടുത്തിയ പണ്ഡിതരാണ് ഇമാം സുബുകി, ഇമാം ഇബ്‌നു ഖല്ലിക്കാന്‍, ഇബ്‌നു കസീര്‍, ദഹബി, ഇമാം ഇബ്‌നു ഖല്‍ദൂന്‍, ഇമാം  ഇബ്‌നു അസീര്‍, ഇമാം അബ്ദുല്‍ ഹയ്യില്‍ ഹമ്പലി(റ.അന്‍ഹും) എന്നിവര്‍.

പ്രമുഖ ശാഫിഈ പണ്ഡിതനും അഹ്‌ലുസ്സുന്നയുടെ മഹാ പ്രബോധകനുമായിരുന്നു ഇമാം സുബ്കി(റ). ശാഫിഈ മദ്ഹബിലെ പ്രഗത്ഭരുടെ ജീവിതം വരച്ചിട്ട ത്വബഖാത്തുശ്ശാഫിഇയ്യത്തില്‍ കുബ്‌റ മഹാന്റെ രചനകളില്‍ പ്രധാനപ്പെട്ടതാണ്. പ്രസ്തുത ഗ്രന്ഥത്തിലെ സുദീര്‍ഘമായ അധ്യായങ്ങളിലൊന്ന് ഫാതിഹുല്‍ ഹിന്ദ് മഹ്മൂദ് ഗസ്‌നവി(റ)യെ കുറിച്ചുള്ളതാണ്. ഇമാം, മഹ്മൂദ് ഗസ്‌നവി(റ)യെ പരിചയപ്പെടുത്തുന്നതു കാണുക:

‘ജനപഥങ്ങളും സാമ്രാജ്യങ്ങളും കീഴടങ്ങിക്കൊടുത്ത നീതിമാന്‍മാരായ നേതൃത്വങ്ങളില്‍ ഒരാളാണിദ്ദേഹം. അദ്ദേഹത്തിന്റെ ജീവിത വിശുദ്ധി പ്രസിദ്ധമാണ്. രാജാധികാരം ലഭിക്കുന്നതിനു മുമ്പ് ‘സൈഫുദ്ദൗല’ എന്നും ശേഷം ‘യമീനുദ്ദൗല’ എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്. ധീരനും നീതിമാനുമായ നേതാവായിരുന്നു സുല്‍ത്താന്‍. കരുത്തനും ബുദ്ധിമാനും ഉദാരനുമായിരുന്നു. കര്‍മശാസ്ത്ര പണ്ഡിതനും വിജയങ്ങള്‍ കൊയ്ത പോരാളിയുമായിരുന്നു (ത്വബഖാത്ത് 5/314, 315).

ഉമര്‍ ബ്‌നു അബ്ദില്‍ അസീസി(റ)നു ശേഷം താന്‍ കണ്ട അത്യധികം നീതിമാന്‍മാരായ നാലു ഭരണാധികാരികളെ (അഞ്ചാമതൊരാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും) ഇമാം സുബുകി(റ) പരിചയപ്പെടുത്തുന്നുണ്ട്. അതിലൊരാള്‍ സുല്‍ത്താന്‍ മഹ്മൂദ് ഗസ്‌നവി(റ)യാണ്. സ്വലാഹുദ്ദീന്‍ അയ്യൂബി, ശഹീദ് നൂറുദ്ദീനുസ്സങ്കി, വസീര്‍ നിള്വാമുല്‍ മുല്‍ക് എന്നിവരാണു മറ്റു മൂന്നുപേര്‍ (ത്വബഖാത്ത് 5/315).

‘സുല്‍ത്താന്‍ മഹ്മൂദിന്റെ മഹത്ത്വങ്ങള്‍’ എന്ന അധ്യായം മഹ്മൂദ് ഗസ്‌നവി(റ)യുടെ നീതിബോധവും ആത്മാര്‍ത്ഥതയും വ്യക്തമാക്കുന്ന ചരിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. പ്രജകളുമായുള്ള സുല്‍ത്താന്റെ ബന്ധം ഇമാം രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: ‘ജനങ്ങള്‍ക്ക്  ഏറെ പ്രിയമായിരുന്നു അദ്ദേഹത്തോട്. തന്റെ അറിവ്, ധീരത, മതബോധം, നീതി തുടങ്ങിയവയായിരുന്നു ഇതിനു കാരണം’ (ത്വബഖാത്ത് 5/323).

ഇമാം സുബുകി(റ)യുടെ ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ല ഇതൊന്നും. മഹ്മൂദ് ഗസ്‌നവി(റ)യുടെ ചരിത്രം രേഖപ്പെടുത്തിയ പണ്ഡിതന്‍മാരെല്ലാം സമാനമായ വിവരണങ്ങളാണ് നല്‍കുന്നത്. പ്രസിദ്ധ പണ്ഡിതനും ചരിത്രകാരനുമായ ഇബ്‌നു ഖല്‍ദൂന്‍(റ) ‘കിതാബുല്‍ ഇബറില്‍’ (ഈ ഗ്രന്ഥത്തിന്റെ ആമുഖമാണ് പ്രസിദ്ധമായ മുഖദ്ദിമ) വ്യക്തമാക്കുന്നത് കാണുക: ‘ഒട്ടനേകം മുസ്‌ലിം ഭരണ പ്രദേശങ്ങള്‍ കൈയ്യാളിയ മഹാനായ രാജാവാണിദ്ദേഹം. പണ്ഡിതരെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തെ ലക്ഷ്യമാക്കി രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വിദ്വാന്മാരെത്താറുണ്ട്. തന്റെ ഭരണീയരോട് നീതിപൂര്‍വം വര്‍ത്തിച്ചിരുന്ന അദ്ദേഹം അവരോട് ഏറെ അനുകമ്പയുള്ളയാളും ഗുണകാംക്ഷ വെച്ചു പുലര്‍ത്തിയ വ്യക്തിയുമായിരുന്നു (കിതാബുല്‍ ഇബര്‍ 4 /497).

പ്രസിദ്ധ ചരിത്രകാരന്‍ ദഹബി പറയുന്നു: അദ്ദേഹത്തിന്റെ സദസ്സുകള്‍ പണ്ഡിതരാല്‍ നിബിഢമായിരുന്നു (സിയറു അഅ്‌ലാമിന്നുബലാ: 7/492).

‘തന്റെ സഹപ്രവര്‍ത്തകരെയും അമീറുമാരെയും വളരെയധികം ആദരിക്കുമായിരുന്നു അദ്ദേഹം (സിയര്‍ 17/492).

മഹ്മൂദ് ഗസ്‌നവി(റ)യെക്കുറിച്ചുള്ള വിവരണങ്ങള്‍ക്ക് ദഹബി അവലംബിക്കുന്ന പ്രധാന സ്രോതസ്സുകളിലൊരാള്‍ ഹാഫിള് അബുല്‍ അബ്ബാസില്‍ മുസ്തഗ്ഫിരി(റ)യാണ്. ഹിജ്‌റ 431-ല്‍ മരണപ്പെട്ട ഇദ്ദേഹം സുല്‍ത്താന്‍ മഹ്മൂദ് ഗസ്‌നവി(റ) യുടെ സമകാലികനാണ്. അക്കാലത്തെ പണ്ഡിതരിലെ മുന്‍നിരക്കാരനും ഫള്വാഇലുല്‍ ഖുര്‍ആന്‍, ദലാഇലുന്നുബുവ്വ, താരീഖു നസഫ് ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഇമാം മുസ്തഗ്ഫിരി(റ) ലക്ഷത്തിലധികം ഹദീസുകള്‍ മന:പാഠമുള്ള ഉന്നത മുഹദ്ദിസും സൂക്ഷ്മതയാര്‍ന്ന ജീവിതത്തിന് ഉടമയുമായിരുന്നുവെന്ന് ദഹബി സിയര്‍ 17/564,565-ല്‍ വിശദമാക്കുന്നുണ്ട്.

പ്രശസ്തമായ തസ്വവ്വുഫ് ഗ്രന്ഥമായ ‘രിസാലത്തുല്‍ ഖുശൈരിയ്യ’യുടെ രചയിതാവായ ഇമാം അബുല്‍ ഖാസിമുല്‍ ഖുശൈരി(റ)യുടെ പൗത്രനും നൈസാ പൂരിലെ പ്രമുഖ മുഹദ്ദിസുമായ ഇമാം അബ്ദുല്‍ ഗാഫിറുല്‍ ഫാരിസി(റ)യാണ് (ഹി: 451-529) ദഹബി അവലംബിക്കുന്ന മറ്റൊരാള്‍. ഹദീസ് വിജ്ഞാനീയത്തില്‍ നിരവധി രചനകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ‘അസ്സിയാഖ് ഫീ താരീഖി നൈസാപൂര്‍’ മഹാനവറുകളുടെ ചരിത്ര രചനകളിലൊന്നാണ്. അതില്‍ മഹ്മൂദ് ഗസ്‌നവി(റ)യെക്കുറിച്ചു വിവരിക്കുന്നത് ഇങ്ങനെ: ‘പ്രജകള്‍ക്കു ക്ഷേമം ചൊരിഞ്ഞ ഭരണകര്‍ത്താവും ഉയര്‍ന്ന പരിശ്രമശാലിയും അനുഗ്രഹീത നാമത്തിനുടമയാണദ്ദേഹം. അല്ലാഹുവിന്റെ വചനം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ആത്മാര്‍ത്ഥമായി നിലകൊണ്ട സുല്‍ത്താന്‍, നിരവധി യുദ്ധങ്ങള്‍ക്കും വിജയങ്ങള്‍ക്കും നേതൃത്വം നല്‍കി. ഇദ്ദേഹത്തിന്റെ ജീവിതരീതികളും  ഇടപെടലുകളുമുള്‍പ്പെടെ സകല ചലന-നിശ്ചലനങ്ങളും സസൂക്ഷം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. താന്‍ നേതൃത്വം നല്‍കിയ സൈനിക മുന്നേറ്റങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ പിതാവിന്റെ ജീവിതത്തെ സംബന്ധിച്ചുമെല്ലാം നിരവധി ഗ്രന്ഥങ്ങള്‍  വിരചിതമായിട്ടുണ്ട്. അദ്ദേഹം ഭരണീയര്‍ക്ക് ഗുണം ചൊരിഞ്ഞ നന്മനിറഞ്ഞ വ്യക്തിയായിരുന്നു. കുശാഗ്രബുദ്ധിയും  മികച്ച കാഴ്ചപ്പാടുകളും അദ്ദേഹത്തിനുണ്ടായിരുന്നു. മികച്ച സൈനിക സന്നാഹങ്ങളെ അല്ലാഹു അദ്ദേഹത്തിന് കീഴ്‌പ്പെടുത്തിക്കൊടുത്തു. മറ്റു പലരിലും കാണപ്പെടാത്ത ഗാംഭീര്യവും പ്രൗഢിയും അദ്ദേഹത്തില്‍ ദൃശ്യമായിരുന്നു. സുല്‍ത്താന്റെ സദസ്സുകള്‍ പണ്ഡിതരാല്‍ നിറഞ്ഞിരുന്നു. ന്യായാധിപരുടെയും മതനേതാക്കളുടെയും ലക്ഷ്യസ്ഥാനമായിരുന്നു ആ സദസ്സുകള്‍. സുല്‍ത്താന്‍ എല്ലാവരുടെയും സ്ഥാനമാനങ്ങള്‍ ഉള്‍ക്കൊള്ളുകയും അര്‍ഹിക്കുംവിധം അവരോട് ഇടപെടുകയും ചെയ്തു. വ്യത്യസ്ത വിജ്ഞാന ശാഖകളില്‍ നിപുണരായ പണ്ഡിതരെയും മറ്റു പ്രധാനികളെയും ഗസ്‌നയിലെ തന്റെ സദസ്സിലേക്ക് ക്ഷണിക്കുമായിരുന്നു. എല്ലാവരെയും ഉന്നത സ്ഥാനങ്ങള്‍ നല്‍കി ആദരിക്കുകയും ആവശ്യമായ സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നത് സുല്‍ത്താന്റെ ശീലമായിരുന്നു’ (പു: 466).

ഇമാം ഇബ്‌നു അസീറി(റ)ന്റെ വാക്കുകള്‍: ‘യമീനുദ്ദൗല മഹ്മൂദ് ബ്‌നു സുബുക്തകിന്‍(റ) അതിബുദ്ധിമാനും മതബോധമുള്ളവരും നന്മ നിറഞ്ഞ വരുമായിരുന്നു. അറിവും മഅ്‌രിഫത്തും അദ്ദേഹത്തിന്റെ അടുക്കലുണ്ടായിരുന്നു. വ്യത്യസ്ത വിജ്ഞാന ശാഖകളിലായി നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ വിരചിതമായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പണ്ഡിതര്‍  അദ്ദേഹത്തെ ലക്ഷ്യമാക്കി കടന്നുവന്നു. സുല്‍ത്താന്‍ അവരെയെല്ലാം  സ്വീകരിച്ചാദരിക്കുകയും വേണ്ട സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും. തന്റെ ഭരണീയര്‍ക്കു ധാരാളം നന്മ ചെയ്ത, അവരോട് അനുകമ്പാപൂര്‍വം ഇടപെട്ട നീതിമാനായ രാജാവായിരുന്നു അദ്ദേഹം’ (അല്‍കാമിലു ഫിത്താരീഖ് 8/189,190).

ഇമാം ഇബ്‌നുഖല്ലിക്കാന്‍(റ) കുറിക്കുന്നു: ‘സുല്‍ത്താന്‍ മഹ്മൂദി(റ)ന്റെ മഹത്ത്വങ്ങള്‍ അനേകമുണ്ട്. അദ്ദേഹത്തിന്റെ ജീവിതം അത്യധികം നന്മ നിറഞ്ഞതായിരുന്നു’ (വഫയാത്തുല്‍ അഅ്‌യാന്‍ 5/181).

അന്നുജൂമുസ്സാഹിറ 4/203-ല്‍ രേഖപ്പെടുത്തുന്നു: ‘അദ്ദേഹം മതബോധമുള്ളയാളും നന്മയുടെ വക്താവുമായിരുന്നു. ധാരാളം ആരാധനകള്‍ നിര്‍വഹിച്ചിരുന്ന വ്യക്തിയും ഇമാം അബൂഹനീഫ (റ)യുടെ മദ്ഹബിലെ കര്‍മശാസ്ത്ര പണ്ഡിതനുമായിരുന്നു.’

‘അല്ലാഹുവിന്റെ ദീന്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദ്ദേഹം ആത്മാര്‍ത്ഥത പുലര്‍ത്തി. അതിബുദ്ധിമാനും മികച്ച കാഴ്ച്ചപ്പാടുകളുടെ ഉടമയുമായ അദ്ദേഹത്തിന്റെ  സദസ്സുകള്‍ പണ്ഡിതരാല്‍ നിറഞ്ഞിരുന്നു.’ ഇമാം അബ്ദുല്‍ ഹയ്യില്‍ ഹമ്പലി(റ)യുടേതാണീ വാക്കുകള്‍. മഹാന്‍ വിവരണം അവസാനിപ്പിക്കുന്നതിങ്ങനെ: ‘ചുരുക്കത്തില്‍, അദ്ദേഹത്തിന്റെ മഹത്ത്വങ്ങള്‍ അനവധിയാണ്. ഏറ്റവും ഉത്തമമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ’ (ശദറാത്തുദ്ദഹബ് വാ: 5, പു: 109).

ഇമാം യാഫിഈ(റ) മിര്‍ആത്തുസ്സമാനില്‍ (വാ :3, പു: 30) കുറിച്ചു: പ്രശംസനീയവും ഉന്നതവുമായ വിശേഷണങ്ങളുടെ ഉടമയാണ് മഹ്മൂദ് ഗസ്‌നവി(റ).

മഹ്മൂദ് ഗസ്‌നവി(റ)യെ മുസ്‌ലിം പണ്ഡിതന്‍മാര്‍ മനസ്സിലാക്കിയതും വരുംതലമുറക്കായി പകര്‍ത്തി വെച്ചതും എപ്രകാരമായിരുന്നെന്ന് ഈ ഉദ്ധരണങ്ങളില്‍ നിന്നും വ്യക്തമാണ്.

 

സുല്‍ത്താന്റെ മദ്ഹബു മാറ്റം

മഹ്മൂദ് ഗസ്‌നവി(റ)യുടെ ജീവിതത്തിലെ ശ്രദ്ധേയമായ ഏടുകളിലൊന്നാണ് ഹനഫി മദ്ഹബില്‍ നിന്നും ശാഫിഇയ്യത്തിലേക്കുള്ള പരിവര്‍ത്തനം. ഇതിനു കാരണമായതെന്നു പറയപ്പെടുന്ന ഒരു ചരിത്രം അക്കാലത്തെ ശാഫിഈ-ഹനഫീ പണ്ഡിതരുടെ ഇടയില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കു വഴിവെക്കുകയുണ്ടായി. പ്രമുഖ ശാഫിഈ പണ്ഡിതനും ഇമാം ഗസ്സാലി(റ) ഉള്‍പ്പെടെയുള്ളവരുടെ ഗുരുവര്യനുമായ ഇമാമുല്‍ ഹറമൈനി(റ) ‘മുഗീസുല്‍ ഖല്‍ഖ് ഫീ തര്‍ജീഹി ഖൗലില്‍ ഹഖ്’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നതാണ് ഇത്. ഇമാം സുബുകി, ഇമാം ഇബ്‌നു ഖല്ലിക്കാന്‍, ഇമാം അബ്ദുല്‍ ഹയ്യില്‍ ഹമ്പലി (റ.ഹും), ദഹബി എന്നിവര്‍ ഇമാമുല്‍ ഹറമൈനി(റ)യില്‍ നിന്നും ഈ ചരിത്രം ഉദ്ധരിക്കുന്നുണ്ട് (യഥാക്രമം ത്വബഖാത്ത് വാ: 5 പു: 316, വഫയാത്തുല്‍ അഅ്‌യാന്‍ വാ: 5 പു: 180, ശദറാത്തുദ്ദഹബ് വാ: 5 പു: 109, സിയര്‍ വാ: 17 പു: 476,477).

‘ഹദീസ് വിജ്ഞാനീയത്തില്‍ അതീവ തത്പരനായിരുന്ന സുല്‍ത്താന്‍, ശാഫിഈ ഹനഫീ മദ്ഹബുകളില്‍ കൂടുതല്‍ ലളിതമായത് ഏതെന്നു കണ്ടെത്താന്‍ വേണ്ടി ഇരുവിഭാഗങ്ങളെ കൊണ്ടും തങ്ങളുടെ മദ്ഹബു പ്രകാരം നിസ്‌കരിപ്പിക്കുകയും ഒടുവില്‍ ഹനഫീ മദ്ഹബുകാരനായ സുല്‍ത്താന്‍ ശാഫിഇയ്യാവുകയും ചെയ്തു. വിശദമായ പ്രസ്തുത ചരിത്രത്തിന്റെ ആകെത്തുക ഇതാണ്’ (മുഗീസുല്‍ ഖല്‍ഖ്, പു. 5759 കാണുക).

ഹനഫീ മദ്ഹബിന്റെ നിലപാടുകളെ നിസ്സാരപ്പെടുത്തുന്നതെന്നു ‘വ്യാഖ്യാനിക്കാവുന്ന’ ചില പരാമര്‍ശങ്ങള്‍ മേല്‍ ചരിത്രത്തില്‍ കാണാവുന്നതാണ്. ഇക്കാരണത്താല്‍ പണ്ഡിതന്‍മാര്‍ ഇതിന്റെ വിശദാംശങ്ങളെ ചോദ്യം ചെയ്തിട്ടുണ്ട്. ഇമാം ഇബ്‌നു തഗ്‌രിയ്യി(റ) ഈ ചരിത്രത്തിന്റെ സാധുതയെ തന്നെ നിഷേധിക്കുന്നുണ്ട് (അന്നുജൂമു സ്സാഹിറ, വാ: 4 പു: 273,274).

പ്രസ്തുത ചരിത്രത്തെ ഇഴകീറി പരിശോധിക്കല്‍ ഈ കുറിപ്പിന്റെ ലക്ഷ്യമല്ല. യോജിച്ചും വിമര്‍ശനങ്ങള്‍ ഉന്നയിച്ചും ഈ ചരിത്രത്തെ സമീപിച്ച പണ്ഡിത മഹത്തുക്കള്‍, അതിലെ കേന്ദ്രകഥാപാത്രമായ മഹ്മൂദ് ഗസ്‌നവി(റ)യോടു സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് സൂചിപ്പിക്കാനാണ് ഇതിവിടെ കുറിച്ചത്.

ഇമാമുല്‍ ഹറമൈനി(റ)യാണ് ഈ ചരിത്രം ഉദ്ധരിച്ചതെന്നു പറഞ്ഞുവല്ലോ. അദ്ദേഹം വിവരണം ആരംഭിക്കുന്നതിങ്ങനെ: ‘തമീമുദ്ദൗല, അമീനുല്‍ മില്ല അബുല്‍ ഖാസിം മഹ്മൂദ് ബ്‌നു സുബുക്തകിന്‍ റഹിമഹുല്ലാഹ് ഇമാം അബൂഹനീഫ(റ)യുടെ മദ്ഹബുകാരനായിരുന്നു. അദ്ദേഹം ഹദീസ് വിജ്ഞാനീയത്തില്‍ ഏറെ തത്പരനായിരുന്നു.’ ഗൗരവമേറിയ ഒരു വൈജ്ഞാനിക ചര്‍ച്ചയില്‍ തന്റെ നിലപാടുകള്‍ക്കു തെളിവായി മഹ്മൂദ് ഗസ്‌നവി(റ)യെ ഉദ്ധരിക്കാനും ‘സമുദായത്തിലെ വിശ്വസ്തന്‍’ പോലുള്ള ഉന്നതമായ വിശേഷണങ്ങള്‍ നല്‍കാനും ഇമാമിനു ഒട്ടും ശങ്കയില്ല. ആ കാലഘട്ടത്തിലെ പൊതുവിശ്വാസികള്‍ക്ക് മാത്രമല്ല മഹാപണ്ഡിതര്‍ക്കും മഹ്മൂദ് ഗസ്‌നവി(റ) സുസമ്മതനായിരുന്നുവെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.

പരാമര്‍ശിത ചരിത്രത്തെ അടിസ്ഥാനരഹിതമെന്നു വിശേഷിപ്പിച്ച ഇമാം ഇബ്‌നു തഗ്‌രിയ്യി(റ) മഹ്മൂദ് ഗസ്‌നി(റ)യെ വിശേഷിപ്പിക്കുന്നത് ‘ഉന്നതമായ മതബോധം പുലര്‍ത്തുന്ന, നന്മ നിറഞ്ഞ, ധാരാളം ആരാധനകള്‍ നിര്‍വഹിക്കുന്ന, ഹനഫീ കര്‍മശാസ്ത്ര പണ്ഡിതനായ വ്യക്തി’ എന്നാണ് (അന്നുജൂമു സ്സാഹിറ വാ :4 പു: 273).

ഇമാമുല്‍ ഹറമൈനി(റ)യുടെ ഗ്രന്ഥത്തെ ഹനഫീ മദ്ഹബിന്റെ ഭൂമികയില്‍ നിന്നുകൊണ്ടു പഠന വിധേയമാക്കിയ പ്രമുഖ തുര്‍ക്കി പണ്ഡിതനാണ് ഇമാം സാഹിദുല്‍ കൗസരി(റ-ഹി. 1296-1371). ഹനഫി മദ്ഹബിനോടും ഇമാം അബൂഹനീഫ(റ)യോടുമുള്ള ഇമാം കൗസരി(റ)യുടെ തീവ്രമായ ഹൃദയബന്ധം സുവിദിതമാണ്. ‘മജ്‌നൂനുന്‍ ബി അബീഹനീഫ’  (അബൂഹനീഫ-റ-യാല്‍ ഉന്മാദിയായവന്‍ ) എന്നൊരു പേരുതന്നെ പണ്ഡിത ലോകത്ത് അദ്ദേഹത്തിനുണ്ട്. മദ്ഹബ് വിമര്‍ശനങ്ങളോട് രൂക്ഷമായി തന്നെ പ്രതികരിക്കുന്ന ഇമാം കൗസരി(റ) ഈ ചരിത്രത്തെ നിരൂപിച്ച രീതി ശ്രദ്ധേയമാണ്. ഹനഫി മദ്ഹബിനെ നിസ്സാരപ്പെടുത്തിയ(?) മഹ്മൂദ് ഗസ്‌നവി(റ)യെ ‘കടന്നാക്രമിക്കാന്‍’ എന്തെങ്കിലുമൊരു പഴുതുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹമത് ഉപയോഗപ്പെടുത്തുമായിരുന്നുവെന്നതില്‍ മഹാനവര്‍കളുടെ നിലപാടുകള്‍ അറിയുന്ന, ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ള ഒരാള്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍, ഒരു വാക്കുകൊണ്ടു പോലും മഹമൂദ് ഗസ്‌നവി(റ)യെ ആക്ഷേപിക്കാതെ പരാമര്‍ശിത ചരിത്രത്തിന്റെ വിശദാംശങ്ങളെ നിരൂപിക്കുകയായിരുന്നു ഇമാം കൗസരി(റ) ചെയ്തത്. മഹ്മൂദ് ഗസ്‌നവി(റ)യുടെ ചരിത്രം ചൂഴ്ന്നന്വേഷിക്കാന്‍ സൗകര്യങ്ങളേറെയുണ്ടായിരുന്ന ഒരു കാലത്താണിത്.

ഇമാം കൗസരി(റ) സുല്‍ത്താനെ പരിചയപ്പെടുത്തുന്നത് കാണുക: ‘സുല്‍ത്താന്‍ തന്റെ മദ്ഹബില്‍ അവഗാഹമുള്ള വ്യക്തിയായിരുന്നു. പ്രശസ്തമായ രചനകള്‍ തന്നെ അദ്ദേഹത്തിനുണ്ട്. ഇത്തരമൊരു വിഷയത്തില്‍ മറ്റൊരാളുടെ സഹായം തേടേണ്ട ആവശ്യമൊന്നും അദ്ദേഹത്തിനില്ല’ (ഇഹ്ഖാഖുല്‍ ഹഖ് പു: 61).

ഹാഫിള് അബ്ദുല്‍ ഖാദിര്‍ ഖുറശിയ്യി(റ)ല്‍ നിന്നും ഇമാം കൗസരി(റ) മഹ്മൂദ് ഗസ്‌നവി(റ)യുടെ വൈജ്ഞാനിക മികവ് ഉദ്ധരിക്കുന്നുണ്ട്: ‘സുല്‍ത്താന്‍ മഹ്മൂദ്(റ) കര്‍മശാസ്ത്ര വിശാരദരില്‍ പെട്ടയാളാണ്. സാഹിത്യത്തിലും ഭാഷയിലും അക്കാലത്തെ നിസ്തുല സാന്നിധ്യമാണ്. അദ്ദേഹത്തിനു ഫിഖ്ഹി ലും ഹദീസിലുമായി ഗ്രന്ഥങ്ങളുണ്ട്. ഇമാം അബൂഹനീഫ(റ)യുടെ മദ്ഹബ് പ്രകാരമുള്ള ‘അത്തഫ്‌രീദ്’ അതിലൊന്നാണ്. തന്റെ നാടായ ഗസ്‌നയില്‍ വളരെ പ്രസിദ്ധമാണ് ഈ രചന. ആറായിരത്തോളം മസ്അലകള്‍ ചര്‍ച്ച ചെയ്യുന്ന ഈ ഗ്രന്ഥം വളരെ ഉപകാരപ്രദമാണ്’ (അല്‍ ജവാഹിറുല്‍ മുളിയ വാ: 3 പു: 437,438).

 

‘പ്രവാചകനിന്ദകനായ’ സുല്‍ത്താന്‍

‘പ്രവാചകനെ നിന്ദിക്കുകയും പരലോകത്തെ നിഷേധിക്കുകയും ചെയ്തു’ എന്നതാണ് മഹ്മൂദ് ഗസ്‌നവി(റ)ക്കു നേരെയുള്ള ഒരാരോപണം. സുല്‍ത്താന്റെ കുടുംബവും ജീവിത രീതികളും സൈനിക മുന്നേറ്റങ്ങളും (ശരീരഘടന പോലും) വിശദമായി രേഖപ്പെടുത്തിയ അഹ്‌ലുസ്സുന്നയുടെ ഇമാമുകളിലാരും ഇത്തരമൊരു കാര്യം സൂചിപ്പിക്കുന്നേയില്ല. എന്നാല്‍, തിരുനബി(സ്വ)യുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇമാം അലിയ്യുബ്‌നു ഹസനില്‍ അത്വാസ്(റ) രചിച്ച ‘അല്‍ ഖിര്‍ത്വാസ്’ എന്ന ഗ്രന്ഥത്തില്‍ നിന്നും വായിക്കുക: ‘സുല്‍ത്താന്‍ മഹ്മൂദ് ഗസ്‌നവി(റ) തന്റെ ആദ്യകാലത്ത് സുബ്ഹി നിസ്‌കാരാനന്തരം സ്വലാത്ത് ചൊല്ലുന്നതില്‍ വ്യാപൃതനാകും. മൂന്ന് ലക്ഷം സ്വലാത്തുകള്‍ ചൊല്ലിത്തീര്‍ത്ത ശേഷം മാത്രമേ സുല്‍ത്താന്‍ തന്റെ മുസ്വല്ലയില്‍ നിന്നും എഴുന്നേല്‍ക്കുമായിരുന്നുള്ളൂ. പകലിന്റെ വലിയൊരു ഭാഗം കവര്‍ന്നെടുക്കുന്ന ഈ ഇരുത്തം ജനങ്ങള്‍ക്കു ബുദ്ധിമുട്ടായിമാറിയിരുന്നു. അദ്ദേഹത്തെയും പ്രതീക്ഷിച്ചു ജനങ്ങള്‍ കൊട്ടാര കവാടത്തില്‍ കാത്തുനില്‍ക്കേണ്ടിവന്നു. നാളുകള്‍ പിന്നിട്ടപ്പോള്‍, ഭരണത്തെ തന്നെ ഇതു ബാധിക്കാന്‍ തുടങ്ങി. ഒരു രാത്രിയില്‍ തിരുനബി(സ്വ)യെ അദ്ദേഹം സ്വപ്നത്തില്‍ ദര്‍ശിച്ചു. ദുര്‍ബലരായ ജനങ്ങളെയും മറ്റു ആവശ്യക്കാരെയും വിഷമിപ്പിക്കുന്ന തരത്തില്‍ ഇത്രയും ദീര്‍ഘമായ ഇരുത്തം വേണോ എന്നായിരുന്നു തിരുനബി(സ്വ)യുടെ ചോദ്യം. തനിക്കു അറിയാവുന്നത്രയും സ്വലാത്തുകള്‍ ചൊല്ലിയ ശേഷമല്ലാതെ ഒഴിവാകാന്‍ കഴിയില്ലെന്നായിരുന്നു സുല്‍ത്താന്റെ പരാതി. തിരുനബി(സ്വ) പറഞ്ഞു: ‘പകരം ഞാനൊരു സ്വലാത്ത് പറഞ്ഞു തരാം. അത് ഒരു തവണ ചൊല്ലിയാല്‍ ഒരു ലക്ഷം സ്വലാത്തിന്റെ പ്രതിഫലം ലഭിക്കും. മൂന്നു തവണ ചൊല്ലിയാല്‍ മൂന്നു ലക്ഷം സ്വലാത്തിന്റെ പ്രതിഫലമാകും. ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള സമയവും ലഭിക്കും. ആ പ്രതിഫലവും നഷ്ടപ്പെടില്ല. അങ്ങനെ സുല്‍ത്താന്‍ പ്രസ്തുത സ്വലാത്ത് പതിവാക്കുകയും രാജ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ചെയ്തു’ (അല്‍ ഖിര്‍ത്വാസ് വാ: 2 പു: 211). ഇമാം ഉമര്‍ ബ്‌നു അബ്ദിറഹ്മാന്‍ അല്‍ അത്വാസ്(റ) ക്രോഡീകരിച്ച സുപ്രസിദ്ധമായ ‘റാതിബുല്‍ അത്വാസി’ന്റെ വ്യാഖ്യാനമാണ് ഈ ഗ്രന്ഥം. ‘അല്‍ ഖിര്‍ത്വാസ്’ എന്ന പേരില്‍ റാതിബിന്റെ രചയിതാവിന്റെ ജീവചരിത്രവും എഴുതപ്പെട്ടിട്ടുണ്ട്. ഇമാം അലിയ്യുബ്‌നു ഹസനില്‍ അത്വാസ്(റ)  തന്നെയാണ് രണ്ടു വാള്യങ്ങളുള്ള ഈ കൃതിയുടെയും കര്‍ത്താവ്.

അല്‍ ഹിയ്യത്തുസ്സനിയ്യ (പു: 57) പോലുള്ള ഗ്രന്ഥങ്ങളിലും ഈ ചരിത്രം ഉദ്ധരിച്ചിട്ടുണ്ട്. മഹ്മൂദ് ഗസ്‌നവി(റ)ക്കു പ്രവാചകര്‍(സ്വ) പഠിപ്പിച്ചു കൊടുത്ത സ്വലാത്താണ് ‘സ്വലാത്തുല്‍ ഗസ്‌നവിയ്യ’ എന്ന പേരില്‍ പ്രസിദ്ധമായത്. സ്വലാത്തുകള്‍ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളിലെല്ലാം ഈ സ്വലാത്ത് കാണാം.

 

ജീവചരിത്ര ഗ്രന്ഥങ്ങള്‍

മഹ്മൂദ് ഗസ്‌നവി(റ)യുടെ ജീവിതത്തിലെ ഓരോ ഘട്ടവും കൃത്യതയോടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് ഇമാം അബ്ദുല്‍ ഹയ്യില്‍ ഹമ്പലി(റ) വ്യക്തമാക്കിയിട്ടുണ്ട് (ശദറാത്തുദ്ദഹബ് 5/109). ഇമാം അബ്ദുല്‍ ഗാഫിര്‍ അല്‍ ഫാരിസി(റ), സയ്യിദ് അബ്ദുല്‍ ഹയ്യില്‍ ഹസനി(റ) എന്നിവരും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട് (യഥാക്രമം അസ്സിയാഖ് പു: 446, നുസ്ഹത്തുല്‍ ഖവാത്വിര്‍ വാ: 7, പു: 171).

സുല്‍ത്താന്റെ ജീവിതകാലത്തു തന്നെ വിരചിതമായ ഗ്രന്ഥങ്ങളിലൊന്നാണ് ‘താരീഖുല്‍ യമീനി’. സുല്‍ത്താന്റെ വിശേഷണമായ ‘യമീനുദ്ദൗല’ എന്നതിലേക്കു ചേര്‍ത്തുകൊണ്ടാണ് താരീഖുല്‍ യമീനി എന്നു വിളിക്കപ്പെടുന്നതെന്നു ഇമാം സുബ്കി(റ) ത്വബഖാത്തുശ്ശാഫിഇയ്യ വാ: 5, പു: 315-ല്‍ പറയുന്നു. ഇമാം അഹ്മദ് ബ്‌നു അലിയ്യില്‍ മഖ്‌രീസിയുടെ (വഫാത്ത് ഹി. 845) ദുററുല്‍ ഉഖൂദില്‍ ഫരീദ എന്ന ഗ്രന്ഥത്തിലും താരീഖുല്‍ യമീനി പരാമര്‍ശിക്കപ്പെടുന്നുണ്ട് (പു: 286). താരീഖുല്‍ ഉത്ബി, സിയാസത്തുല്‍ മുലൂക് എന്നീ പേരുകളിലും താരീഖുല്‍ യമീനി അറിയപ്പെടുന്നു. ഗസ്‌നവി കുടുംബത്തിന്റെ ജീവിത ചിത്രങ്ങള്‍ വിശദമായി തന്നെ ഗ്രന്ഥം പകര്‍ത്തി വെക്കുന്നുണ്ട്.

ഗസ്‌നവി സാമ്രാജ്യത്തിലെ പ്രശസ്ത പണ്ഡിതനും സാഹിത്യകാരനുമായ അബുന്നസ്ര്‍ മുഹമ്മദ് ബ്‌നു അബ്ദില്‍  ജബ്ബാറില്‍ ഉത്ബി (വഫാത്ത് ഹി:427)യാണ് താരീഖുല്‍ യമീനിയുടെ കര്‍ത്താവ്. മുഅ്ജമുല്‍  മുഅല്ലിമീന്‍ (വാ: 3, പു: 384), ത്വബഖാത്തുല്‍ മുഫസ്സിരീന്‍ (പു: 266), അല്‍ അഅ്‌ലാം (വാ: 6, പു: 174, 175) എന്നീ ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തെ കുറിച്ചുള്ള വിവരണങ്ങള്‍ കാണാം. പ്രസിദ്ധ സാഹിത്യകാരനായ ഇമാം ഉത്ബിയുടെ കവിതകള്‍ ഇമാം മുഹമ്മദ് ബ്‌നു ഹസനില്‍ ഫാസിയുടെ ‘അശ്ശര്‍ഹുല്‍ മുത്വവ്വല്‍’  (പു: 196), അബൂമന്‍സൂര്‍ അസ്സആലബിയുടെ യതീമത്തു ദ്ദഹ്ര്‍ (വാ:3, പു:378) എന്നിവയില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

താരീഖുല്‍ യമീനിക്ക് അഹ്മദ് ബ്‌നു ഉമര്‍ അദ്ദിമശ്ഖി തയ്യാറാക്കിയ വ്യാഖ്യാനമാണ് ‘അല്‍ ഫത്ഹുല്‍ വഹ്‌യി അലാ താരീഖി അബീ നസ്്വറില്‍ ഉത്ബി’. രണ്ടു വാള്യങ്ങളിലായി എണ്ണൂറിലധികം പേജുകള്‍ വരുന്ന പ്രൗഢമായ രചനയാണിത് (താരീഖുല്‍ യമീനിയുടെ രണ്ടു വ്യത്യസ്ത  കൈയ്യെഴുത്തു പ്രതികളും ജംഇയ്യത്തുല്‍ മആരിഫ് പ്രസിദ്ധീകരിച്ച ഫത്ഹുല്‍ വഹ്‌യിന്റെ പഴയ പതിപ്പുമാണ് ലേഖകന്റെ അവലംബം).

മഹ്മൂദ് ഗസ്‌നവി(റ)യുടെ ഭരണ സംവിധാനത്തിലെ സുപ്രധാന ചുമതലകള്‍ നിര്‍വഹിച്ചിരുന്ന ഖുര്‍ആന്‍-ഹദീസ് പണ്ഡിതനായ അബുല്‍ ഫള്ല്‍ അല്‍ ബൈഹഖിയുടെ (ഹി: 385-470) താരീഖുല്‍ ബൈഹഖിയാണ് സുല്‍ത്താന്റെ ജീവിതം രേഖപ്പെടുത്തിയ മറ്റൊരു രചന. ഗ്രന്ഥകാരനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് നുസ്ഹത്തുല്‍ ഖവാത്വിര്‍ വാ: 6 പു: 100, അല്‍ വാഫീ ബില്‍ വഫയാത്ത് വാ: 3 പു: 17 കാണുക. ‘അന്നാസ്വിരി’ എന്ന പേരില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ വിരചിതമായ മുപ്പത് വാള്യങ്ങളുള്ള ബൃഹദ് രചനയിലെ ഒരു ഭാഗമാണ് ‘താരീഖുല്‍ ബൈഹഖി’ എന്ന പേരില്‍ അറബിയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. കൈറോ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരായ യഹ്‌യ ഖശ്ശാബ്, സ്വാദിഖ് നശ്അത്ത് എന്നിവരാണ് വിവര്‍ത്തകര്‍.

 

ഗസ്‌നയുടെ സുല്‍ത്താന്‍

ഹി: 360-ലെ ഒരു ആശൂറാ ദിനത്തിലാണ് മഹ്മൂദ് ഗസ്‌നവി(റ)യുടെ ജനനമെന്നു ചരിത്ര ഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു. മരണം ഹി:421-ലാണ്. മരണപ്പെട്ട മാസം  ഏതാണെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും റബീഉല്‍ ആഖിര്‍ 23 എന്നാണ് പ്രബലം. സുല്‍ത്താന്റെ മഖ്ബറയിലുള്ള ശിലാഫലകത്തില്‍ രേഖപ്പെടുത്തിയുള്ളത് ഈ ജനന-മരണ തിയ്യതികളാണ് (മരണപ്പെട്ട മാസം സംബന്ധിച്ചുള്ള അഭിപ്രായ ഭിന്നതകള്‍ ഇമാം ഇബ്‌നുഖല്ലികാന്‍ രേഖപ്പെടുത്തുന്നുണ്ട്. വഫയാത്തുല്‍ അഅ്‌യാന്‍ വാ: 5 പു:181 കാണുക).

തന്റെ അവസാന കാലത്തെ രണ്ടു വര്‍ഷങ്ങളില്‍ സുല്‍ത്താന്‍ രോഗബാധിതനായിരുന്നു. എങ്കിലും, കാലങ്ങളായി തുടര്‍ന്നുവന്നിരുന്ന പൊതു ജനങ്ങള്‍ക്കു വേണ്ടിയുള്ള രാവിലത്തെയും വൈകുന്നേരത്തെയും പ്രശ്‌നപരിഹാര സദസ്സ് ഈ കാലത്തും മുടക്കിയിരുന്നില്ല. രോഗം ബാധ്യതകള്‍ ഇറക്കിവെക്കാനുള്ള ഇളവുകളല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതു പലപ്പോഴും അദ്ദേഹം പറയാറുമുണ്ടായിരുന്നു. രോഗബാധിതനായ രണ്ടു വര്‍ഷവും കട്ടിലോ കിടക്കയോ വിരിപ്പുകളോ ഉപയോഗിച്ചിരുന്നില്ല. തന്റെ ഇരിപ്പിടത്തില്‍ ചാരിയിരുന്നായിരുന്നു മഹാനവര്‍കളുടെ ജീവിതം. മരണപ്പെട്ടതും അതേ അവസ്ഥയില്‍ തന്നെ (അല്‍ കാമിലു ഫിത്താരീഖ് വാ: 8 പു: 421, അല്‍ബിദായതു വന്നിഹായ വാ: 12 പു: 28, സിയറു അഅ്‌ലാമിന്നുബലാഅ് വാ: 17 പു: 477, അല്‍ മുഅ്തസ്വം വാ: 2 പു: 157, നുസ്ഹത്തുല്‍ ഖവാത്വിര്‍ വാ: 7 പു: 181).

ഭരണ കേന്ദ്രമായിരുന്ന ഗസ്‌നയില്‍ തന്നെയാണ് മറവുചെയ്ത്. The Places in Between എന്ന യാത്രാവിവരണത്തില്‍ Rory Stewart സ്ഥലം പരാമര്‍ശിക്കുന്നുണ്ട്. അഫ്ഗാന്‍ ടൂറിസ്റ്റ് ഓര്‍ഗനൈസേഷനും അഫ്ഗാന്‍ എയര്‍ അതോറിറ്റിയും ചേര്‍ന്ന് 1970-ല്‍ പ്രസിദ്ധീകരിച്ച  An Historical Guide to Afganisthan എന്ന പുസ്തകത്തില്‍, മഹ്മൂദ് ഗസ്‌നവി(റ)യുടെ മഖ്ബറയുടെ അക്കാലത്തെ ചിത്രസഹിതം വിവരണങ്ങളുണ്ട് (പു: 187,188). പ്രസ്തുത പുസ്തകത്തിലെ വിവരണ പ്രകാരം, ഗസ്‌നി പട്ടണത്തിന്റെ കിഴക്കു ഭാഗത്ത് അഞ്ച് കി.മീറ്റര്‍ മാറി കാബുള്‍ കാണ്ഡഹാര്‍ പാതക്കരികെയുള്ള വിശാലമായ ഉദ്യാനത്തിലാണ് സുല്‍ത്താന്റെ മഖ്ബറ സ്ഥിതി ചെയ്യുന്നത്. ബഗിയേ ഫൈറൂസീ (വിജയത്തിന്റെ പൂങ്കാവനം) എന്നാണ് ഈ ഉദ്യാനം അറിയപ്പെട്ടിരുന്നത്. അഫ്ഗാനി മാര്‍ബിള്‍ ഫലകങ്ങളാല്‍ പടുത്ത മഖ്ബറ ഉള്‍പ്പെടുന്ന കെട്ടിടത്തെ റൗള എന്നാണ് വിശ്വാസികള്‍ വിശേഷിപ്പിക്കുന്നത്.

‘മഹ്മൂദ്  ഗസ്‌നവി(റ)യുടെ ഗസ്‌നയിലുള്ള ഖബറിടം ജനങ്ങള്‍ സിയാറത്തു ചെയ്യുകയും വിശ്വാസികള്‍ അവിടെ വെച്ചു ആവശ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ടെ’ന്ന് ഹാഫിള് ദഹബി, ഇമാം ശിഹാബുദ്ദീനുല്‍ ഹമ്പലി(റ) എന്നിവര്‍ രേഖപ്പെടുത്തുന്നുണ്ട് (സിയര്‍, വാ: 17 പു: 487, ശദറാത്തുദ്ദഹബ്, വാ: 5 പു: 109) ഇന്നും അഫ്ഗാനിലെ പ്രധാന സിയാറത്ത് കേന്ദ്രങ്ങളിലൊന്നാണ് മഹ്മൂദ് ഗസ്‌നവി(റ)യുടെ മഖ്ബറ. മഖ്ബറ ഉള്‍പ്പെടുന്ന വിശാലമായ ഉദ്യാനവും മറ്റു കെട്ടിട സമുച്ചയങ്ങളും അഫ്ഗാനിലെ ജനങ്ങള്‍ ആദരപൂര്‍വം സംരക്ഷിച്ചുപോരുന്നു. 1947-ല്‍ അഫ്ഗാനിലുണ്ടായ വന്‍ഭൂചലനത്തില്‍ ഈ മഖ്ബറ തകരുകയുണ്ടായി. പുനര്‍നിര്‍മാണത്തിനുവേണ്ടി തുറന്ന ഖബറില്‍, ആയിരത്തിലധികം വര്‍ഷങ്ങള്‍ക്കു ശേഷവും സുല്‍ത്താന്റെ ഭൗതിക ശരീരം കേടുപാടുകള്‍ സംഭവിക്കാതെ ശേഷിക്കുന്നത് കാണാനായത്രെ! സുല്‍ത്താന്റെ ജീവിതത്തിനു സാക്ഷിയായ ഗസ്‌നയിലെ വിശ്വാസികള്‍ക്ക് തങ്ങളുടെ ആത്മീയവും ഭൗതികവുമായ പുരോഗതിയുടെ കേന്ദ്രമാണ് മഹ്മൂദ് ഗസ്‌നവി(റ). വിമര്‍ശകര്‍ ആരോപിക്കുന്നതുപോലെ അവിശ്വാസത്തിലേക്കു കാലെടുത്തു വെച്ച സ്വേച്ഛാധിപതിയല്ല അദ്ദേഹം.

 

സുല്‍ത്താനും വിമര്‍ശകരും

ചരിത്രത്തില്‍ ഇടം നേടിയ പലരും വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം പണ്ഡിതരും ഭരണാധികാരികളും ഇത്തരത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയുണ്ടായി. അജ്മീരിലെ ഖാജാ തങ്ങളും നിസാമുദ്ദീന്‍ ഔലിയയും ഇമാം സര്‍ ഹിന്ദിയുമെല്ലാം ജിഹാദ് പോലുള്ള ഇസ്‌ലാമിക സംജ്ഞകളുടെ പേരില്‍ അന്യായമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നവരാണ്. (വിശദാംശങ്ങള്‍ക്ക് Islamic Jihad A Legacy of Forced Conversion‚ Imperialism‚ and Slavery എന്ന പുസ്തകം കാണുക). ഇപ്രകാരം സുല്‍ത്താന്‍ മഹ്മൂദ് ഗസ്‌നവി(റ)യും വിമര്‍ശനങ്ങള്‍ക്ക് വളരെയധികം വിധേയനായി. എന്നാല്‍, സുല്‍ത്താന്റെ വിമര്‍ശകരായി കടന്നു വന്നവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകമുണ്ട്. വിമര്‍ശകരില്‍ ഏറിയ പങ്കും ശീഈ പശ്ചാത്തലത്തില്‍ നിന്നുള്ളവരോ ശിയാ എഴുത്തുകാരില്‍ നിന്നു ‘ചരിത്രങ്ങള്‍’പകര്‍ത്തിയവരോ ആയിരുന്നു. സുല്‍ത്താന്റെ സമകാലികനായ ഇബ്‌നു സീനയുടെ ഇഷ്ടക്കാരനുമായ അല്‍ ബൈറൂനി, ചരിത്രകാരനായ ഖാസിം ഫിരിഷ്ത തുടങ്ങിയവരെല്ലാം ഈ ഗണത്തില്‍ പെടുന്നു. (നുസ്ഹത്തുല്‍ ഖവാത്വിര്‍, അല്‍ ഇമാമുസ്സര്‍ഹിന്ദി ഹയാത്തുഹു വഅഅ്മാലുഹു എന്നീ ഗ്രന്ഥങ്ങള്‍ കാണുക).

ഖുലഫാഉര്‍റാശിദുകളെയും പ്രവാചക പത്‌നിമാരെയും കാഫിറാക്കുകയും മുസ്‌ലിം നാടുകളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്ന ശീഈ വിഭാഗങ്ങളോട് കഠിനമായ വിരോധം വെച്ചുപുലര്‍ത്തിയ വ്യക്തിയായിരുന്നു മഹ്മൂദ് ഗസ്‌നവി (റ). മതപരിഷ്‌കരണവാദികളോട് ഇത്തരമൊരു നിലപാട് സ്വീകരിക്കല്‍ വിശ്വാസികളുടെ ബാധ്യതയുമാണല്ലോ.

ശീഈ വിഭാഗങ്ങളോടുള്ള സുല്‍ത്താന്റെ കര്‍ക്കശ നിലപാട് ഇബ്‌നു കസീര്‍ ഉള്‍പ്പെടെയുള്ളവര്‍ രേഖപ്പെടുത്തുന്നുണ്ട്. സുല്‍ത്താനെ തങ്ങളുടെ പക്ഷം  ചേര്‍ക്കുന്നതിനു വേണ്ടി ശീഈ ഭരണകര്‍ത്താക്കള്‍ വിലകൂടിയ സമ്മാനങ്ങളും ഗ്രന്ഥങ്ങളുമെല്ലാം ദൂതന്‍മാര്‍വശം കൊടുത്തയക്കാറുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം കൂട്ടിയിട്ടു കത്തിക്കലായിരുന്നു  സുല്‍ത്താന്റെ പതിവ് (അല്‍ ബിദായ, വാ: 12 പു: 29).

സുല്‍ത്താന്റെ കാലത്ത് ശീഇസമുള്‍പ്പെടെയുള്ള ബിദഈ പ്രസ്ഥാനങ്ങള്‍ക്കു നേരിട്ട ക്ഷീണം ‘മഖാലത്തുത്തശ്ബീഹ്’ വാ: 1 പു: 65-ല്‍ ഡോ. ജാബിര്‍ ഇബ്‌നു ഇദ്‌രീസ് പരാമര്‍ശിക്കുന്നുണ്ട്. മഹ്മൂദ് ഗസ്‌നവി(റ) ചെന്നിടത്തെല്ലാം ശീഇസത്തിന്റെ ശക്തി ക്ഷയിച്ചു. ഡോ.ഹുസൈന്‍ രണ്ടത്താണിയുടെ  വാക്കുകള്‍ കാണുക: ‘മഹ്മൂദ് മുല്‍ത്താന്‍ പിടിച്ചെടുത്തതോടെ കൂടുതല്‍ സൂഫികള്‍ ഈ പ്രദേശത്തേക്കു കുടിയേറി. ഇതോടെ ഇസ്മാഈലികളുടെ (ശിയാക്കളിലെ ഒരു വിഭാഗം-ലേഖകന്‍) പ്രചാരണത്തിന്റെ ശക്തി കുറയുകയും സുന്നീ ഇസ്‌ലാം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തു (സുന്നിവോയ്‌സ്, ലക്കം: 19 പുസ്തകം: 36 പുറം: 44).

ആദര്‍ശ വിരോധികളോട് ഒരുനിലക്കും സുല്‍ത്താന്‍ മമത പുലര്‍ത്തിയില്ല. തന്റെ അധികാരവും സന്നാഹങ്ങളും അത്തരക്കാരെ തുടച്ചു നീക്കുന്നതിനായി വിനിയോഗിച്ചു. ശീഈ പക്ഷപാതികളായ ‘ചരിത്ര നിര്‍മാതാക്കള്‍’ക്ക് അരിശം കയറാന്‍ ഇതിനപ്പുറം വല്ലതും വേണോ? മഹത്തുക്കളായ സ്വഹാബത്തിന്റെയും ഇമാമുമാരുടെയും പേരില്‍ ശീഈ രചയിതാക്കള്‍ മെനഞ്ഞുണ്ടാക്കിയ കളവുകളുടെ കൂമ്പാരം ചരിത്രത്തില്‍ എമ്പാടുമുണ്ട്. സുല്‍ത്താന്‍ മഹ്മൂദ് ഗസ്‌നവി(റ)യും അവരുടെ വിഷലിപ്ത രചനകള്‍ക്ക് ഇരയായി. എന്നാല്‍, സുല്‍ത്താന്റെ ജീവിതം സൂക്ഷ്മതയോടെ പകര്‍ത്തിവെച്ച അഹ്‌ലുസ്സുന്നയുടെ ഇമാമുകളാരും ആ വിമര്‍ശനങ്ങള്‍ക്കു ചെവികൊടുത്തില്ലെന്നതു ശ്രദ്ധേയമാണ്. മഹ്മൂദ് ഗസ്‌നവി(റ)യെ ആദരപൂര്‍വം ഉദ്ധരിച്ച ഇമാമുല്‍ ഹറമൈനി(റ) തന്നെയാണ് അല്‍ ബൈറൂനിയുടെ ഗുരുവായ ഇബ്‌നു സീനയെ വിമര്‍ശിച്ചു കൊണ്ട് ഖസ്വീദ രചിച്ചത്. തങ്ങളുടെ നിലപാടുകള്‍ രൂപപ്പെടുത്താന്‍ വിശ്വാസികള്‍ക്ക് ഇതൊക്കെ തന്നെ ധാരാളം.

സുസമ്മതരായ പണ്ഡിതര്‍ പരസ്പരം നടത്തുന്ന വ്യക്തിപരമായ വിമര്‍ശനങ്ങളെ പോലും അവര്‍ അര്‍ഹിക്കുന്ന ആദരവുകള്‍ വകവെച്ചുകൊടുത്തു കൊണ്ടുതന്നെ അവഗണിക്കാനാണ് മതകല്‍പ്പന (ഇമാം സുലൈമാനുല്‍ കുര്‍ദി-റ-യുടെ ഫവാഇദുല്‍ മദനിയ്യ പു:23 കാണുക). സമകാലിക കേരളീയ പശ്ചാത്തലത്തില്‍ പോലും മതനേതൃത്വങ്ങള്‍ക്കു നേരെയുള്ള ‘വ്യാജ പ്രചാരണങ്ങള്‍’ക്കു പഞ്ഞമില്ലല്ലോ. വസ്തുത ഇങ്ങനെയായിരിക്കെ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്‍മാര്‍ മുന്നോട്ടു വെച്ച നിലപാടുകള്‍ തിരസ്‌കരിച്ചു കൊണ്ട് മതവിരുദ്ധരായ ഏതാനും ചിലരുടെ ദുരാരോപണങ്ങളെ അപ്പടി ഏറ്റുപിടിക്കാന്‍ ചിലര്‍ തയ്യാറാകുന്നത് അത്യധികം ദുഃഖകരമാണ്. അവരുടെ വീക്ഷണത്തില്‍ മഹ്മൂദ് ഗസ്‌നവി(റ)യെ മഹത്ത്വവത്കരിച്ചു തൂലിക ചലിപ്പിച്ചവരെല്ലാം കേവലം  ‘കൊട്ടാര പണ്ഡിതര്‍’ മാത്രമാണ്! അതാരൊക്കെയെന്നല്ലേ? ഇമാം സുബുകി(റ), ഇമാമുല്‍ ഹറമൈനി(റ) ഉള്‍പ്പെടെയുള്ള അനേകം പണ്ഡിതന്മാര്‍. ഇവരെയെല്ലാം ഈ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് എന്തിനായിരിക്കും?

ആയിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സൈനിക മുന്നേറ്റങ്ങളെയും മറ്റു സംഭവവികാസങ്ങളെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കണ്ണുകളിലൂടെ വീക്ഷിക്കുന്നു എന്ന പരിമിതിക്കു പുറമെ, മതപരമായ നിലപാടുകളിലെ അജ്ഞതയും പല ഗവേഷകരിലും നിഴലിച്ചു കാണുന്നുണ്ട്. മുന്‍ ശൈഖുല്‍ അസ്ഹറും ഈജിപ്തിലെ പ്രമുഖ സുന്നീ പണ്ഡിതനുമായിരുന്ന ശൈഖ് അഹ്മദ് ദമന്‍ഹൂരി(റ)യുടെ ‘ഇഖാമത്തുല്‍ ഹുജ്ജത്തില്‍ ബാഹിറ അലാ ഹദ്മി കനാഇസി മിസ്‌റ വല്‍ ഖാഹിറ’ പോലുള്ള രചനകള്‍ ഇത്തരക്കാരുടെ കണ്ണു തുറപ്പിക്കാന്‍ പര്യാപ്തമാണ്. എന്തായാലും ദീനീ രംഗത്തും ഭരണ മേഖലയിലും സൂര്യനെപ്പോലെ ജ്വലിച്ചുനില്‍ക്കുന്ന മഹാപണ്ഡിതനായിരുന്നു സുല്‍ത്താന്‍ ഗസ്‌നവി(റ). അദ്ദേഹത്തെക്കുറിച്ച് വിരുദ്ധമായി മനസ്സിലാക്കിയവര്‍ വസ്തുതകള്‍ പഠിച്ചറിയാന്‍ ശ്രമിക്കേണ്ടതുണ്ട്. പരലോകത്ത് മോക്ഷം നേടാന്‍ ഇതു സഹായിക്കും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ