സുന്നി യുവജന സംഘം മുഖപത്രമായ സുന്നിവോയ്സിന്റെ പ്രചാരണ കാലം വിജയകരമായി മുന്നേറുകയാണ്. സുസംഘടിതവും സമയബന്ധിതവുമായ ഇത്തരമൊരു പ്രചാരണമായിരുന്നില്ല പത്രത്തിന്റെ ആദ്യകാലങ്ങളില്‍. പ്രിന്റിംഗ്, വിതരണം, സാമ്പത്തികം തുടങ്ങിയവയിലെ പരാധീനതകളെല്ലാം അതിനു പ്രതിബന്ധങ്ങളായിരുന്നിരിക്കണം. പ്രചാരണത്തിന്റെ ഭാഗമായി വാരികയില്‍ ഒരു പ്രസ്താവന കൊടുക്കുകയായിരുന്നു അന്നെല്ലാം. ഏറിയാല്‍ ഒരു എഡിറ്റോറിയലും. അതിലൊതുങ്ങും പ്രചാരണം.
1982 മെയ് 7 ലക്കത്തിലെ എഡിറ്റോറിയല്‍ ഇതിനുദാഹരണമാണ്. നമ്മുടെ പത്രം എന്നാണു ശീര്‍ഷകം. ആ കുറിപ്പ് ഇങ്ങനെ:
“ആശയ പ്രചാരണ രംഗത്ത് പത്രത്തിനുള്ള പ്രാധാന്യം ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ആകാശത്തിനു ചുവടെയുള്ള എല്ലാ പ്രസ്ഥാനങ്ങളും പത്ര പ്രസിദ്ധീകരണങ്ങളിലൂടെയാണ് ജീവിക്കുന്നത്. സുന്നത്ത് ജമാഅത്ത് മഹത്തായൊരാദര്‍ശ പ്രസ്ഥാനമാണ്. സത്യമാര്‍ഗം അതൊന്നു മാത്രമാണെന്നതില്‍ തര്‍ക്കമില്ലതന്നെ. അതുകൊണ്ടുതന്നെ സുന്നീ പ്രസ്ഥാനത്തിന് എമ്പാടും ശത്രുക്കളുമുണ്ട്. അവരെ പ്രതിരോധിക്കുകയും സത്യം വ്യക്തമാക്കുകയും ചെയ്യേണ്ടത് എക്കാലത്തും ആവശ്യമാണ്.
പ്രസിദ്ധീകരണങ്ങളിലൂടെ ശക്തമായ ആക്രമണം സുന്നി പ്രസ്ഥാനത്തിനു നേരെ ശത്രുക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്നതില്‍ സംശയമില്ല. പക്ഷേ, അവയെല്ലാം തന്നെ തടുക്കാനും തകര്‍ക്കാനും സുന്നീ പ്രസ്ഥാനത്തിനു തീരെ പ്രയാസമില്ലെന്ന കാര്യം തീര്‍ച്ചയാണ്. കേരളത്തിലെ ആധികാരിക സുന്നീ സംഘടനയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഏക പത്രമാണ് സുന്നിവോയ്സ്. പത്രലോകത്ത് വളര്‍ന്നുവരുന്ന സുന്നിവോയ്സിന്റെ മുമ്പില്‍ എന്നും പ്രതിബന്ധങ്ങളും പ്രയാസങ്ങളും വിലങ്ങുനിന്നിട്ടുണ്ട്. പക്ഷേ, എല്ലാം തരണം ചെയ്തു അത് വിജയത്തിന്റെ സോപാനത്തിലേക്ക് കുതിക്കുകയാണ്.
സുന്നിവോയ്സ് നമ്മുടെ പത്രമാണ്. അതിനെ വളര്‍ത്തേണ്ടത് നാമാണ്. അതിന് ശക്തി പകരേണ്ടത് നമ്മുടെ ബാധ്യതയാണ്. സുന്നത്ത് ജമാഅത്തിന്റെ ശബ്ദം ജനമധ്യത്തില്‍ അലയടി കൊള്ളണം. ഉലമാക്കളുടെ തീരുമാനങ്ങളും ഉപദേശങ്ങളും യഥാക്രമം യഥാസമയം അനുയായികളറിയണം. അവരെ അറിയിക്കണം. അതിന് സുന്നിവോയ്സ് ആവശ്യമാണ്. അതിനെ പൂര്‍വോപരി ശക്തമാക്കുകയും വേണം.
തൊണ്ണൂറ്റഞ്ചു ശതമാനവും സുന്നികളാണിവിടെ. അവര്‍ക്കിടയില്‍ വോയ്സിന്റെ പ്രചാരണം നടത്തണം. സുന്നി പ്രവര്‍ത്തകര്‍ ഇക്കാര്യം ഗൗരവപൂര്‍വം കണക്കിലെടുത്ത് പ്രാവര്‍ത്തികമാക്കിയാല്‍ ഒരു പ്രതിബന്ധവും കൂടാതെ പത്രം മുന്നോട്ടുകൊണ്ടുപോവാനാവും. അപ്പോള്‍ ഈടുറ്റ ശില്‍പങ്ങളുമായി സൗന്ദര്യത്തിന്റെ ഭൂഷണമണിഞ്ഞ് സുന്നിവോയ്സ് അനുവാചക കരങ്ങളിലെത്തും. ഇവിടെ അണിയറയില്‍ അതിനായി ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. സുന്നി പ്രവര്‍ത്തകരും രംഗത്തിറങ്ങുക, അല്ലാഹു സഹായിക്കട്ടെ.”
82 ഏപ്രില്‍ 30 ലക്കത്തില്‍ രണ്ടു വായനക്കാരുടെ കത്തുകള്‍ കാണാം, സുന്നിവോയ്സിന്റെ ഇടപെടലുകളെ അഭിനന്ദിച്ചും ആശംസിച്ചുമുള്ളവ. കെ മുഹമ്മദ് മുണ്ടംപറമ്പ് എഴുതി: കേരളക്കരയിലെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ അത്യുന്നത നിലവാരം നേടിയെടുത്ത ഒരു ആഴ്ചപ്പതിപ്പാണ് സുന്നിവോയ്സ്. വായനക്കാര്‍ക്കിതിലൂടെ വളരെയധികം വിജ്ഞാന വിഭവങ്ങള്‍ ഗ്രഹിക്കുവാന്‍ സാധിച്ചിട്ടുണ്ട്. സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശങ്ങള്‍ തകര്‍ക്കാനായി പല അഴിഞ്ഞാട്ടങ്ങളും ഇന്നു നടന്നുകൊണ്ടിരിക്കുന്നു. അതിനെതിരെ പടപൊരുതുന്ന സുന്നിവോയ്സിനും അണിയറ ശില്‍പികള്‍ക്കും ആയിരമായിരം ആശംസകള്‍.
വിപി ഹസന്‍കോയ ചെറുവണ്ണൂര്‍ എഴുതി: കോഴിക്കുഞ്ഞുങ്ങളെ റാഞ്ചിയെടുക്കാന്‍ പരുന്തുകള്‍ വട്ടമിട്ട് പറക്കുന്നതുപോലെ മുസ്‌ലിം യുവ ഹൃദയങ്ങളില്‍ നിന്നും വിശ്വാസം തട്ടിയെടുക്കാന്‍ വിവിധ തരത്തിലുള്ള പരുന്തുകള്‍ വട്ടമിട്ടു പറക്കുന്ന ഈ കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ ശരിയായ രൂപം വരച്ചുകാട്ടുന്ന ലേഖനങ്ങളുമായി സമുദായത്തെ രക്ഷിക്കാന്‍ ധീരം ധീരം മുന്നോട്ടുകുതിക്കുന്ന സുന്നിവോയ്സിന് ആയിരമായിരം അഭിനന്ദനങ്ങള്‍.
82 ഏപ്രില്‍ വരെ ചീഫ് എഡിറ്ററായിരുന്ന ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍ പത്രാധിപ സ്ഥാനമൊഴിഞ്ഞതു സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസ്താവന മെയ് ലക്കം മുഖപേജില്‍ കാണാം: “വാരികയില്‍ വരുന്ന എല്ലാ വിഷയങ്ങളും വിശദമായി പരിശോധന ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ളതിനാലാണ് ഞാന്‍ സുന്നിവോയ്സ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നത്. സുന്നത്ത് ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചാരണം ചെയ്യാന്‍ സുന്നിവോയ്സ് വളരെയധികം ആവശ്യമുള്ള ഒരു കാലഘട്ടമാണിത്. അതുകൊണ്ട് എന്റെ മേല്‍നോട്ടത്തില്‍ തന്നെ സുന്നിവോയ്സിന്റെ നടത്തിപ്പ് ഞാന്‍ ക്രമീകരണം ചെയ്തിട്ടുണ്ട്. അതിനാല്‍ മുസ്‌ലിം ബഹുജനങ്ങളുടെ സഹായ സഹകരണങ്ങള്‍ സുന്നിവോയ്സിനുണ്ടാവണമെന്ന് ഇതിനാല്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.”
82 ജനുവരി മുതല്‍ പുതുക്കിയ വരിസംഖ്യയുടെ വിവരവും കാണാം. വാര്‍ഷിക വരിസംഖ്യ 25 രൂപ, ആറുമാസം 12.50. മൂന്നു മാസത്തിന് 6.50, ഒറ്റ കോപ്പി 50 പൈസ. ഇന്ത്യക്കു പുറത്തേക്ക് 90 രൂപയാണ് വര്‍ഷത്തിന്. അന്ന് ഓഫീസ് കോഴിക്കോട്ടെ ഹലുവാ ബസാറിലായിരുന്നുവെന്ന് വിലാസത്തിലുണ്ട്.
മുപ്പതു വര്‍ഷം കൊണ്ട് സംഘടനയും മുഖപത്രവും എത്രയാണ് മുന്നേറിയത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കൗതുകവും അഭിമാനവും തോന്നും വിധം ദ്രുതഗതിയിലാണീ സഞ്ചലനം.
ചരിത്രവിചാരം