കാസര്‍ഗോഡ് പടന്നയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിസരത്തെ പള്ളി ഉദ്ഘാടനത്തിനാണ് താജുല്‍ ഉലമയെ ഞാന്‍ ആദ്യമായി കാണുന്നത്. അന്നു ഉള്ളാളത്ത് മുദരിസായിരുന്നു തങ്ങള്‍. തുടര്‍ന്നുള്ള കാലങ്ങളില്‍ കൂടുതല്‍ ബന്ധപ്പെടാനും സഹവസിക്കാനും അവസരങ്ങളുണ്ടായി. പ്രത്യേകിച്ച് ശൈഖുനാ കണ്ണിയത്ത് ഉസ്താദിന്റെ ശിഷ്യര്‍ എന്ന നിലയിലും സമസ്തയുടെയും ജാമിഅ സഅദിയ്യയുടെയും പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ അതില്‍ ഉറച്ച്നില്ക്കാനുള്ള മനക്കരുത്ത് താജുല്‍ ഉലമയെ വ്യതിരിക്തനാക്കുന്നു. മറുവശത്ത് ആരായാലും എന്തായാലും സത്യം തുറന്നുപറയാനും പ്രവര്‍ത്തിക്കുവാനുമുള്ള തങ്ങളുടെ ആര്‍ജ്ജവം ആരെയും അതിശയിപ്പിക്കും. അല്ലാഹുവിനെയും റസൂലിനെയും പേടിച്ചാല്‍ പിന്നെ ആരെ പേടിക്കണം”എന്ന നിലപാടായിരുന്നു തങ്ങളുടേത്. സമസ്ത മുശാവറയില്‍ ബിദഇകളോടുള്ള സലാം പറയലുമായി ബന്ധപ്പെട്ട് മദ്റസയിലെ പാഠ പുസ്തകവും പാഠവും എടുത്ത്കളയാനുള്ള ചര്‍ച്ച വന്നപ്പോള്‍, അനുവദിക്കില്ല, നിങ്ങള്‍ ഗുണ്ടകളെ വിട്ട് എന്തു ചെയ്യിക്കും? ഞങ്ങള്‍ മരിക്കും എന്നാ തീര്വോ? മരിച്ചതിന് ശേഷമല്ലേ ജീവിതംതങ്ങള് ചോദിച്ചു.
മഹാന് സമസ്തയില്‍ നിന്നിറങ്ങിയപ്പോള്‍ കൂടെ ഞങ്ങളും ചേര്‍ന്നു.
സമസ്ത യോഗങ്ങളില്‍ സൂറത്തുന്നാസ് കഴിയലും തങ്ങളുടെ പ്രാര്‍ത്ഥന തുടങ്ങലുമാണ് പതിവ്. ഇതിന് വിപരീതമായി ദുആ ഇകെ അബൂബക്കര്‍ മുസ്ലിയാര് നടത്തുകയും സാധാരണ അദ്ധ്യക്ഷനാകുന്ന തങ്ങള്‍ക്ക് പകരം മറ്റൊരാളെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ക്ഷണിക്കുകയും ചെയ്തപ്പോഴും വൈകാരികമായി ഒന്നും പ്രതികരിക്കാത്ത താജുല്‍ ഉലമ, ദീനിന്റെ വിഷയത്തില്‍ വിട്ട് വീഴ്ചയുടെ ചര്‍ച്ചയിലെത്തിയപ്പോള്‍ അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് പുറത്തിറങ്ങുകയായിരുന്നു. താജുല്‍ ഉലമയുടെ ഗൗരവത്തോടെയുള്ള സംസാരവും ഇറങ്ങിപ്പോക്കും കണ്ട് നിന്നവര്‍ സ്തബ്ധരായി. താജുല്‍ ഉലമയുടെ ഈ ധീരമായ ഇടപെടലാണ് ആദര്‍ശ ബോധമുള്ള തലമുറയെ സൃഷ്ടിക്കാന്‍ ഹേതുവായത്.
ഇറങ്ങിപ്പോന്ന ശേഷം നടന്ന മസ്ലഹത് ചര്‍ച്ചയിലെ താജുല്‍ ഉലമയുടെ വാക്കുകള്‍ അവിടുത്തെ നിലപാട് കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു. ഞങ്ങളോട് പറഞ്ഞു: നീയും എപിയും ബാക്കിയെല്ലാവരും തിരിച്ച് പോയാലും ഞാന്‍ വ്യതിചലിക്കുന്ന പ്രശ്നമില്ല. സത്യം തുറന്നുപറയാന്‍ അംഗബലം പ്രശ്നമല്ലെന്നായിരുന്നു അവിടുന്ന് പഠിപ്പിച്ചത്.
സമസ്ത ഭിന്നിക്കുമ്പോള്‍ പ്രസിഡണ്ടായിരുന്ന കണ്ണിയത്തുസ്താദ് എല്ലാ നിലയിലും അംഗീകാരവും ആശിര്‍വാദവും നല്‍കിയത് പ്രിയ ശിഷ്യനായിരുന്ന താജുല്‍ ഉലമക്കാണ്, അത് നിരവധി സംഭവങ്ങളില്‍ നിന്നും വ്യക്തവുമാണ്. ഒരിക്കല്‍ രോഗബാധിതനായ ഉസ്താദിനെ സന്ദര്‍ശിക്കാന്‍ താജുല്‍ ഉലമയും ഞാനും എപി ഉസ്താദും കൊയ്യോടും ചെന്നു. ചികിത്സയെ കുറിച്ച് സംസാരിച്ചപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു: “ഞാന്‍ എല്ലാം തങ്ങളെ ഏല്പിച്ചിരിക്കുന്നു.’
എറണാകുളം സമ്മേളനം വിവാദങ്ങള്‍ക്കിടയില്‍ നടക്കാനിരിക്കെ താജുല്‍ ഉലമ എന്നോട് പറഞ്ഞു: “സമ്മേളനത്തിന് പോകുന്നതിന് മുമ്പ് നമുക്ക് ഉസ്താദിനെ കാണണം. അതുപ്രകാരം ഞാനും താജുല്‍ ഉലമയും ജീപ്പില്‍ പുറപ്പെടാനൊരുങ്ങി. അപ്പോള്‍ എറണാകുളം സമ്മേളന നഗരിയിലുയര്‍ത്താനുള്ള പതാക എപി ഉസ്താദ് തന്നു. അത് കണ്ണിയത്തുസ്താദിന്റെ അടുക്കലില്നിന്ന് ഏറ്റുവാങ്ങി ഫോട്ടോ പകര്‍ത്താന്‍ ഒരു ക്യാമറാമാനെയും അദ്ദേഹം ജീപ്പില്‍ കയറ്റി. കണ്ണിയത്തുസ്താദ് ഞങ്ങളെ കണ്ടപ്പോള്‍ കഴിഞ്ഞ ദിവസം ഒരുസമ്മേളനത്തില്‍ പ്രസംഗിച്ചതിനെ കുറിച്ച് പറഞ്ഞു തുടങ്ങി:“”എന്നെ ഇവര്‍ ഹോസ്പിറ്റലിലേക്ക് കൊണ്ട്പോയി; അവിടെ നിന്ന് എക്സറെ എടുക്കാനാണെന്നു പറഞ്ഞ് കൊണ്ട്പോയത് ഒരുയോഗത്തില്‍ പ്രസംഗിക്കാനാണ്.’”ഇത് പറയലോടെ അന്നു മറുചേരിയിലായിരുന്ന മകന് പറഞ്ഞു: സമസ്തയുടെ യോഗത്തിനെല്ലേ പോയത്, ഉള്ളാള്‍ തങ്ങളെയും ഹംസ മുസ്ലിയാരെയും സമസ്തയില്‍ നിന്ന് പുറത്താക്കിയതല്ലേ..?
പെടുന്നനെ ഉസ്താദ് പ്രതികരിച്ചു: “തങ്ങളേയും ഹംസയേയും പുറത്താക്കിയെങ്കില്‍ പുറത്താക്കപ്പെട്ട അവരുടെ കൂടെയാണ് ഞാന്‍.’ അല്ലാഹുവാണ് സത്യം ഞാന്‍ എന്റെ ചെവിടു കൊണ്ട് കേട്ടതാണ് ഈ വാക്കുകള്‍. അവര്‍ തമ്മില്‍ ഒരു വാക്കുതര്‍ക്കത്തിന് വേദിയൊരുങ്ങുന്നത് കണ്ടപ്പോള്‍ അവന് അറിവില്ലായ്മകൊണ്ട് പറഞ്ഞതാകും എന്ന് പറഞ്ഞ് ഞാന്‍ ഉസ്താദിനെ സമാധാനിപ്പിച്ചു.
മരണത്തോടടുത്ത് ഉസ്താദ് വിളിപ്പിച്ചതിനാല്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുവാന്‍ ഞാനും എപി ഉസ്താദും പോയി. കണ്ണിയത്തുസ്താദിന്റെ മുഖം ഞാന്‍ പതുക്കെ തടവി സലാം പറഞ്ഞു. ആരാ..? ഉസ്താദ് ചോദിച്ചു. “തളിപ്പറമ്പിലെ ഹംസയാ’ ഞാന്‍ മറുപടി പറഞ്ഞു. ഞമ്മളെ ഹംസയോ..? എന്ന് പറഞ്ഞ് ഒരുപാട് ദുആ ഇരന്നു. പിന്നീട് ചോദിച്ചു:“അതാരാ.? അത് എപിയാണ്. അദ്ദേഹത്തിനു വേണ്ടിയും പ്രാര്‍ത്ഥിച്ചു.
ചുരുക്കത്തില്‍ താജുല്‍ ഉലമയോടും അവിടുന്ന് നേതൃത്വം നല്കുന്ന സമസ്തയോടും സമസ്തയുടെ നേതാക്കളോടും കണ്ണിയത്തുസ്താദിന് ഏറെ സ്നേഹമായിരുന്നുവെന്നു മാത്രമല്ല ഉസ്താദിന്റെ മനസ്സ് താജുല്‍ ഉലമയോടൊപ്പമായിരുന്നു. താജുല്‍ ഉലമയെ പുകഴ്ത്തിയും പിന്തുണ പ്രഖ്യാപിച്ചുമുള്ള വാക്കുകളും സന്ദര്‍ഭങ്ങളും ഇനിയുമേറെയുണ്ട്; പൊതുവേദിയില്‍ വെച്ചുതന്നെ പലയാവര്‍ത്തി കണ്ണിയത്തുസ്താദ് ഇത് തുറന്നു പ്രഖ്യാപിച്ചിരുന്നു.
താജുല്‍ ഉലമയെ അനുസ്മരിക്കുമ്പോള്‍ പുതുതലമുറയിലെ പണ്ഡിതരും പ്രവര്‍ത്തകരും അവിടുത്തെ ആദര്‍ശ ബോധവും വിട്ടുവീഴ്ചയില്ലാത്ത നിലപാടും മുറുകെ പിടിക്കേണ്ടതും അടുത്ത തലമുറക്ക് കൈമാറേണ്ടതുമാണ്.
സഅദിയ്യയുടെ പ്രചാരണാര്‍ത്ഥം യുഎഇ, കുവൈത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്കും മറ്റും തങ്ങളോടൊന്നിച്ച് ദീര്‍ഘ യാത്രകള്‍ നടത്തിയിട്ടുണ്ട്. യാത്രയിലുടനീളം ഒരു സഹയാത്രികനെന്ന നിലയില്‍ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്തത് അനുഭവത്തിലൂടെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. കുടുംബ ബന്ധം പുലര്‍ത്താനും കുടുംബസ്നേഹം പകരാനും തങ്ങള്‍ക്ക് ഏറെ പ്രിയമായിരുന്നു. പണ്ഡിതനും സയ്യിദും ആബിദുമായി താജുല്‍ ഉലമക്ക് മാതൃകയായ ധാരാളം സവിശേഷതകളുണ്ട്. അവ പിമ്പറ്റാനും സ്വര്‍ഗത്തില്‍ ഒരുമിക്കാനും നാഥന് തൗഫീഖ് നല്‍കട്ടെആമീന്‍.
ചിത്താരി ഹംസ മുസ്ലിയാര്