നാലു വീടപ്പുറത്തെ ഒരയല്‍ക്കാരന്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദിച്ചു:
സാറിന്റെ റേഷന്‍ കാര്‍ഡ് ഏതാണ്?
‘ഏതാണെന്നു ചോദിച്ചാല്‍…’
എനിക്കു തീരെ മനസ്സിലായില്ല.
‘അല്ല; എപിഎല്‍ ആണോ ബിപിഎല്‍ ആണോ?’
‘എപിഎല്‍’ഞാന്‍ പറഞ്ഞു.
‘ബിപിഎല്‍ ആക്കാത്തതെന്താ?’
അയാള്‍ അമ്പരപ്പോടെ ചോദിച്ചു.
ഞാന്‍ പറഞ്ഞു: ‘ഞാന്‍ ബിപിഎല്‍ അല്ലാത്തതു കൊണ്ട്.’
എന്റെ മറുപടി അയാളെ അത്ഭുതപ്പെടുത്തിയതു പോലെ. ഇങ്ങനെയും ഒരു പോയത്തക്കാരന്‍ ജീവിച്ചിരിക്കുന്നോ ഇക്കാലത്ത്?
അര മണിക്കൂര്‍ സമയമെടുത്ത് അയാള്‍ ബിപിഎല്‍ കാര്‍ഡിന്റെ ആനുകൂല്യങ്ങളും നേട്ടങ്ങളും എനിക്കു വിവരിച്ചു തന്നു. രണ്ടുരൂപക്ക് അരി, 400 ഗ്രാം പഞ്ചസാര, രണ്ടുരൂപക്ക് ഗോതമ്പ്, മണ്ണെണ്ണ…
ഞാനെന്റെ സത്യാവസ്ഥ പറഞ്ഞു:
‘സമ്പന്നനൊന്നുമല്ലെങ്കിലും അത്യാവശ്യം സുഖമായി കഴിഞ്ഞുപോകാനുള്ള വരുമാനം എനിക്കുണ്ട്. പിന്നെങ്ങനെ ഞാന്‍ ബിപിഎല്‍ ആകും?’
അയല്‍ക്കാരന്‍ എന്നെ വിടുന്ന മട്ടില്ല, അയാളെന്നെ ‘നേര്‍വഴിക്കു’ കൊണ്ടുവരാന്‍ ശ്രമിച്ചു.
‘സാറേ, സാറിനു കഴിവുണ്ടെന്നു എനിക്കുമറിയാം. ബിപിഎല്‍ കാര്‍ഡ് സമ്പാദിക്കുന്നത് പാവപ്പെട്ടവരൊന്നുമല്ല.’
നാട്ടിലെയും എന്റെ പരിസരത്തെയും ബിപിഎല്‍കാരുടെ പേരുവിവരം അയാള്‍ നിരത്തി. പറമ്പുള്ളവര്‍, വാഹനമുടമകള്‍, വലിയ കച്ചവടവും ബിസിനസ്സുമുള്ളവര്‍, ഗള്‍ഫില്‍ മക്കളുള്ളവര്‍… ഒരു ഗുണകാംക്ഷിയുടെ സ്വരത്തില്‍ അയാള്‍ പറഞ്ഞു:
‘സാറേ, സര്‍ക്കാരില്‍ നിന്നു വെറുതെ കിട്ടുന്നതാ, എല്ലാവരും വാങ്ങുന്നുണ്ട്. സാറെന്തിനാ വേണ്ടെന്നുവെയ്ക്കുന്നത്?’
‘നിശ്ചിത വരുമാനത്തിനപ്പുറമുള്ള എനിക്കെങ്ങനെ ബിപിഎല്‍ ആകാന്‍ കഴിയും?’ഞാന്‍ ചോദിച്ചു.
‘സാറതിന് ഒട്ടും മെനക്കെടണ്ട, അതൊക്കെ ഒരു കളിയാ. സാറ് ആ കാര്‍ഡിങ്ങു തന്നാല്‍ മതി, എല്ലാം വേണ്ടതുപോലെ ഞാന്‍ ചെയ്തു തരാം. എന്റെ കൈയില്‍ ഒരു കക്ഷിയുണ്ട്. ടൂത്രീ കൊടുക്കേണ്ടി വരും!’
അപ്പോള്‍ അതാണു കാര്യം. ആലോചിക്കട്ടെ എന്നു പറഞ്ഞു കക്ഷിയെ പറഞ്ഞുവിട്ടു.
ആളുകളുടെ ഒരു ധാരണയാണിത്; സര്‍ക്കാരിനെ വഞ്ചിച്ചും ചതിച്ചും ആനുകൂല്യങ്ങള്‍ കൈക്കലാക്കുന്നതു തെറ്റല്ല എന്നൊരു വിചാരം. നിസ്കാരവും നോമ്പും വിശ്വാസവും ഒക്കെ കണിശമാണ്. ആരാന്റെ മുക്കാല്‍കാശ് തന്റെ കൈയില്‍ ആയിപ്പോകുന്നതു തെറ്റാണെന്ന വിചാരവും സൂക്ഷ്മതയുമുണ്ട്. പക്ഷേ, സര്‍ക്കാരിനെ കബളിപ്പിച്ചു ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് ശരിയാണെന്നാണു വിചാരം.
റേഷന്‍ കാര്‍ഡ് മാത്രമല്ല, നിങ്ങളും ബിപിഎല്‍ ആയിപ്പോകുമെന്നു മറക്കരുത്.
ഒരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനു ചെന്നപ്പോള്‍ വില്ലേജ് ഓഫീസറുമായി കമ്പനിയായി. സംസാരത്തിനിടയില്‍ അയാള്‍ പറഞ്ഞു:
‘എത്ര അമാന്യമായിട്ടാണു ആളുകള്‍ പെരുമാറുന്നത്. തീരെ ചെറിയ കാര്യത്തിനു പോലും നുണ പറയാനും കള്ളസാക്ഷ്യത്തിനും ഒരു മടിയുമില്ല.’
അയാള്‍ ഒരനുഭവം പറഞ്ഞു;
ഉച്ച കഴിഞ്ഞ നേരം. ഓഫീസില്‍ വലിയ തിരക്കില്ല. റോഡില്‍ നിന്ന് ഒരു സ്ത്രീ കയറിവരുന്നതു ഞാന്‍ കണ്ടതാണ്. ഒരു നിമിഷം കണ്ണൊന്നു മാറിയപ്പോള്‍ ആളെ കാണുന്നില്ല.
സീറ്റില്‍ നിന്നു എഴുന്നേറ്റ് ജനലിനരികില്‍ ചെന്നു നോക്കി; അതിശയം!
ജനലിനു താഴെ മറഞ്ഞുനിന്ന് ആ സ്ത്രീ കഴുത്തിലെ സ്വര്‍ണമാലയും കൈയിലെ വളകളും മോതിരവുമെല്ലാം ഊരി ഹാന്‍ബാഗിലിടുകയാണ്. ഞാന്‍ സീറ്റില്‍ ചെന്നിരുന്നു.
കുറച്ചു കഴിഞ്ഞു സ്ത്രീ കയറിവന്നു. അവര്‍ക്ക് ചെറിയ തുകക്കുള്ള ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് വേണം. പൂരിപ്പിച്ച ഫോറത്തിലെ വിവരങ്ങള്‍ പരിശോധിച്ചു. വീടുനില്‍ക്കുന്ന പത്തുസെന്‍റ് പുരയിടം മാത്രം. വരുമാനമില്ല. ഭര്‍ത്താവിനും രണ്ടാണ്‍മക്കള്‍ക്കും ജോലിയൊന്നുമില്ല.
കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. അവര്‍ പറഞ്ഞതില്‍ ആദ്യത്തേതു മാത്രമേ ശരിയുണ്ടായിരുന്നുള്ളൂ. പുരയിടത്തില്‍ വരുമാനമൊന്നുമില്ല. പക്ഷേ, ഭര്‍ത്താവ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനാണ്; നല്ല വരുമാനവുമുണ്ട്, രേഖയിലില്ല. ഒരു മകന്‍ മുംബൈയിലാണെന്നു പറഞ്ഞതു നുണയായിരുന്നു; അയാള്‍ ഗള്‍ഫിലാണ്.
മറ്റേ മകന് കൂലിപ്പണിയാണെന്നു പറഞ്ഞതും തെറ്റ്. അയാള്‍ക്കു ബാംഗ്ലൂരില്‍ ചെറിയൊരു കച്ചവട സ്ഥാപനമുണ്ട്. ഇതിനൊന്നും രേഖയും തെളിവുമില്ല.
‘ആഭരണങ്ങളൊന്നുമില്ലേ?’
ആ സ്ത്രീ നിസ്സങ്കോചം പറഞ്ഞു: ‘സാറേ, ബാപ്പ ഒരുപാടു തന്നതാ, കടംകയറി എല്ലാം കെട്ടിയോന്‍ വിറ്റു.’
സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിനു വേണ്ടിയാണു സര്‍ക്കാര്‍ പല ആശ്വാസ പദ്ധതികളും ആനുകൂല്യങ്ങളും ആസൂത്രണം ചെയ്യുന്നത്. സാമ്പത്തിക ശേഷിയുള്ളവര്‍ സൂത്രങ്ങളുപയോഗിച്ചു അതു തട്ടിയെടുക്കുന്നതു തെറ്റാണ്. ‘ഹറാമായ ഭക്ഷണം’ എന്ന് ഇസ്‌ലാം നിഷിദ്ധമാക്കിയ ഇനത്തില്‍ ഈ കബളിപ്പിച്ചു നേടുന്നതും പെടും.
കഞ്ഞിക്കു വകയില്ലാത്തവനു വേണ്ടി കൊണ്ടുവന്ന രണ്ടുരൂപ അരി തട്ടിയെടുക്കാന്‍ ഞാനൊരു ദരിദ്രനാണെന്നു രേഖയുണ്ടാക്കി റേഷന്‍ ഷാപ്പില്‍ ക്യൂ നില്‍ക്കാന്‍ നാണവും മാനവുമില്ലാതെയായിപ്പോകുന്നതാണു കഷ്ടം.
താഗൂത്തി സര്‍ക്കാരിന്റെതും അവിശ്വാസികളുടെതും പിടിച്ചെടുക്കുന്നതു ഹലാലാണെന്ന ഒരു ധാരണ സമുദായത്തിനിടയില്‍ പ്രചരിപ്പിച്ചതു ചില ബിദ്അത്ത് പ്രസ്ഥാനങ്ങളും തീവ്രവാദ സംഘടനകളുമാണ്.
ഇക്കൂട്ടത്തില്‍ ഓര്‍മിക്കേണ്ടതാണ് സ്വത്തു വ്യവഹാരങ്ങള്‍.
നിയമപ്രകാരം തനിക്ക് ഒരവകാശവുമില്ലാത്ത ഭൂമി. അത് അയല്‍ക്കാരന്‍റേതാവാം. കൂടെപ്പിറപ്പുകളായ അനന്തരാവകാശികളുടേതാകാം, സര്‍ക്കാര്‍ ഭൂമി തന്നെയുമാകാം.
നല്ല വക്കീലിനെ വെച്ചു കേസുനടത്തും, കള്ള സാക്ഷികളെയും കള്ളത്തെളിവുകളും രേഖകളും ചമയ്ക്കും. കോടതിയില്‍ നിന്നു അനുകൂലമായ വിധി സമ്പാദിക്കും.
കോടതിവിധിച്ചു കഴിഞ്ഞാല്‍ ഹലാലായി എന്നാണു ധാരണ, ഇതു തെറ്റാണ്. മുമ്പില്‍ വരുന്ന തെളിവുകളും സാക്ഷിമൊഴികളും രേഖകളും വച്ചുകൊണ്ടാണു കോടതി വിധി പ്രസ്താവിക്കുന്നത്.
ഇങ്ങനെ കൃത്രിമമായി വിധി സമ്പാദിക്കുന്നവര്‍ ബഹുതലത്തില്‍ ശിക്ഷിക്കപ്പെടും. കള്ളസാക്ഷ്യം ഉണ്ടാക്കിയതിന്, കള്ളത്തെളിവുണ്ടാക്കിയതിന്, കോടതിയെ കബളിപ്പിച്ചതിന്, അന്യന്‍റേത് അന്യായമായി കൈവശപ്പെടുത്തിയതിന്.
കള്ളസത്യവും കള്ളസാക്ഷ്യവും നബി(സ്വ) കര്‍ശനമായി നിരോധിക്കുകയുണ്ടായി. ആലു ഇംറാന്‍ 77-ആം വചനം അവതരിച്ചത് ഇത്തരമൊരു വിഷയത്തിലാണെന്നു ബുഖാരി(2356)യില്‍ കാണാം. ബുഖാരി (2652,54)ലും ഇതേ കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്.
സൂറതുല്‍ ബഖറ 188-ആം വചനത്തിന്റെ ആശയ വിവര്‍ത്തനം ഇങ്ങനെ: ‘അന്യായമായി നിങ്ങളുടെ സ്വത്തുക്കള്‍ അന്യോന്യം തിന്നരുത്. ആളുകളുടെ സ്വത്തില്‍ നിന്നു വല്ലതും കുറ്റകരമായി ഭക്ഷിക്കാന്‍ വേണ്ടി വ്യവഹാരവുമായി കരുതിക്കൂട്ടി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്.’
അലിബ്നു അബീത്വല്‍ഹ(റ), ഇബ്നു അബ്ബാസ്(റ) എന്നിവര്‍ നിവേദനം ചെയ്ത ഹദീസ് അനുസരിച്ച് തെറ്റായ മാര്‍ഗത്തിലൂടെ ഒരാളുടെ സമ്പത്ത് കൈവശപ്പെടുത്തിയ വ്യക്തിയെക്കുറിച്ചാണ് ഈ സൂക്തം അവതരിച്ചത്. അയാള്‍ക്കെതിരെ ഒരു തെളിവും പ്രത്യക്ഷത്തില്‍ ഇല്ലായിരുന്നുവെന്നും ഇബ്നുകസീര്‍ വിശദീകരിക്കുന്നു. മൗസൂഅതുല്‍ ഖുര്‍ആന്‍ (പേ. 30) ല്‍ ഡോ. വഹബ് അസ്സഹ്ലി പറയുന്നത്, ഇംറാഉല്‍ ഖയ്സ്ബ്നു ആബിസും ഒരു ഹള്റമി വംശജനും തമ്മിലുണ്ടായ തര്‍ക്കത്തിലാണ് വചനം അവതരിച്ചതെന്നാണ്.
ഉമ്മുസലമ(റ)യില്‍ നിന്നും ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീസില്‍ നബി(സ്വ) പറയുന്നു:
‘എന്റെ അടുക്കല്‍ ഒരാള്‍ തര്‍ക്കവുമായി വന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണു ഞാന്‍ വിധി പറയുക. എന്റെ വിധി കാരണം ആര്‍ക്കെങ്കിലും എന്തെങ്കിലും അവകാശം തെറ്റായി ലഭിച്ചാല്‍ അതൊരു തീക്കട്ടയാണ്. വേണമെങ്കില്‍ എടുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാം. ഉത്തരവാദി അവനവന്‍ തന്നെയായിരിക്കും.’
അനിസ്ലാമിക വിധി സമ്പാദിക്കുന്നതിന് ഭൗതിക കോടതികളെ സമീപിക്കുന്നവര്‍ക്കും ഇതു ബാധകമാണ്. സ്ത്രീകളെ പള്ളിയില്‍ കയറ്റാനും ഖുതുബയുടെ ഭാഷ മാറ്റാനും കോടതിയില്‍ പോകുന്നവര്‍ വിധി എന്തായാലും കുറ്റക്കാരായിരിക്കും.
ചെറുപ്പത്തില്‍ മദ്റസാ പാഠപുസ്തകത്തില്‍ പഠിച്ച ഒരാപ്തവാക്യം ഇപ്പോഴും ഓര്‍ക്കുന്നു:
‘ആരാന്‍റത് ആറാണ്ടു കഴിഞ്ഞാലും ആരാന്‍റതു തന്നെ!’
അര്‍ഹതയും അവകാശവുമില്ലാത്തത്; അതെത്ര ചെറുതാണെങ്കിലും തെറ്റായ വഴിയിലൂടെ കൈവശപ്പെടുത്തുന്നത് കുറ്റവും ശിക്ഷാര്‍ഹവുമാണ്. ബാധ്യത തീര്‍ക്കാതെ തൗബ പോലും സ്വീകരിക്കപ്പെടുകയില്ല.
വാല്‍ക്കഷ്ണം: സാധാരണക്കാരനെ നുണ പറയാന്‍ നിര്‍ബന്ധിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ചില നിയമങ്ങളുണ്ട്. നേരുപറഞ്ഞാല്‍ അന്യായമായ നികുതിയും നിയമനടപടികളുടെ സമയനഷ്ടവും അധ്വാനവും സഹിക്കണം. അതായത്, നേരു പറഞ്ഞാല്‍ നേരേ പോകാന്‍ പറ്റാത്ത ഊരാക്കുടുക്കിന്റെ നിയമങ്ങള്‍. അഴിമതിയും കൈക്കൂലിയും കടന്നുവരുന്നത് ഇത്തരം വളഞ്ഞ നിയമത്തിന്റെ പഴുതുകളിലൂടെയാണ്.

ഒഎം തരുവണ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ