പിറന്നുവീഴുന്ന ശിശുവിനു യാതൊരു വികാരങ്ങളുമില്ല. പൊതുവായ ഉത്തേജനം മാത്രമേയുള്ളൂ. അതു വികാരമല്ല. ദേഹമാസകലം പ്രസരിച്ച വൈകാരിക സാമ്യമുള്ള അവസ്ഥയാണത്. അതില്‍ നിന്നത്രേ വികാരങ്ങള്‍ ഉരുത്തിരിയുക. ഏതാണ്ട് മൂന്ന് മാസം പ്രായമാകുമ്പോഴേക്കും ചില വൈകാരിക ഘടകങ്ങള്‍ കുട്ടികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ബ്രിഡ്ജ് എന്ന മനഃശാസ്ത്രജ്ഞന്റെ പഠന പ്രകാരം ആദ്യം പ്രസന്നത, വിരസത എന്നീ രണ്ടു വൈകാരിക ഭാവങ്ങള്‍ രൂപമെടുക്കുന്നു. ആറ് മാസമാകുന്നതോടെ അരിശം, വെറുപ്പ്, ഭയം എന്നീ വികാരങ്ങള്‍ കൂടി പ്രകടിപ്പിക്കും. വിരസമെന്ന വികാരമൂല്യത്തില് നിന്നാണവ പുറപ്പെടുക. അതുപോലെ പ്രസന്നതയില്‍ നിന്ന് ആഹ്ലാദം, സ്നേഹം, വാത്സല്യം തുടങ്ങിയവ പൊട്ടിവിരിയുന്നു. ഏതാണ്ട് ഒരു വയസ്സാകുന്നതോടെയാണവ പ്രകടമാകുക. ഒന്നര വയസ്സാകുന്നതോടെ മരുന്നില്ലാ രോഗമായ അസൂയയും കടന്നുകൂടുന്നു.
ചെറുപ്പത്തിലെ വൈകാരിക പാപ്പരത്തം പ്രായമാകുമ്പോള്‍ വൈകാരിക വിനകള്‍ വരുത്തിവെക്കും. ബാല്യകാലം കഴിഞ്ഞുണ്ടാകുന്ന ന്യോറോസിസ്, സൈകോസിസ് എന്നീ മാനസിക രോഗങ്ങള്‍ പലതും കുട്ടിക്കാലത്തെ വൈകാരിക തകരാറുകളുടെ ഫലമാണ്. മാതാപിതാക്കളുടെ അഭാവം, അവരുടെ ദാമ്പത്യത്തകര്‍ച്ച, വിവാഹ മോചനം, കുട്ടികളോടുള്ള താല്പര്യക്കുറവ്, അവരില്‍ നിന്നു കിട്ടേണ്ട സ്നേഹ വാത്സല്യങ്ങളുടേയും പ്രോത്സാഹനങ്ങളുടെയും അഭാവം ഇവയൊക്കെ ഭാവിയില്‍ പ്രശ്നം സൃഷ്ടിച്ചേക്കാം. ഉത്തമരായ മാതാപിതാക്കളുടെ സ്നേഹപൂര്‍വമായ പരിശീലനത്തില്‍ വളരുന്ന കുട്ടികള്‍ നല്ല മാനസികാരോഗ്യമുള്ളവരും സന്തുഷ്ടരുമായിരിക്കും.
മാതാവില്ലാതെ വളരുന്നവരും വാത്സല്യം ലഭിക്കാത്തവരും പറ്റിയ വളര്ത്തമ്മയെക്കിട്ടിയില്ലെങ്കില് ഒറ്റപ്പെട്ടു പോയേക്കാം. മനഃശാസ്ത്രജ്ഞനായ എച്ച്.എഫ്. ഫാര്ലൊയുടെ പഠനം ശ്രദ്ധേയമാണ്. അദ്ദേഹം മൂന്ന് കുരങ്ങിന് കുഞ്ഞുങ്ങളെ തിരഞ്ഞെടുത്തു. ഒന്നിനെ തള്ളയുടെ കൂടെ സുഖമായി വളര്‍ന്നുവരാന്‍ അനുവദിച്ചു. മറ്റൊന്നിനെ തള്ളയില്‍ നിന്നു മാറ്റി പകരം കൃത്രിമ തള്ളയെ കൊടുത്തു. റബ്ബര്‍ കൊണ്ടു നിര്‍മിച്ച തള്ള പാവ. രോമവും ചൂടും വാലും ഒക്കെയുള്ള ഇലക്ട്രസിറ്റി സജ്ജീകരണങ്ങളുള്ളതായിരുന്നുവത്. മുല കുടിക്കുമ്പോള്‍ റബ്ബര്‍ ട്യൂബ് വഴി കൃത്രിമ തള്ളയില്‍ നിന്ന് പാല് കിട്ടും. മൂന്നാമത്തേതിനെ തനിച്ചു കൂട്ടിലിട്ടു വളര്‍ത്തി. ഭക്ഷണം കൃത്യമായി കൊടുക്കും. തള്ളയെ ആശ്രയിക്കാതെ സ്വതന്ത്രമായി ജീവിക്കാന്‍ പ്രായമായപ്പോള്‍ ആദ്യത്തെ കുട്ടി സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. മറ്റു കുരങ്ങന്മാരെപ്പോലെ ജീവിച്ചു. രണ്ടാമത്തേത് അത്ര മെച്ചമായിരുന്നില്ല. എങ്കിലും തന്നെത്താന്‍ കഴിഞ്ഞുകൂടി. ഇടയ്ക്കു ചില പൊട്ടിത്തെറികള്‍ ഉണ്ടെന്ന് മാത്രം. മൂന്നാമത്തേതു തനി ഭ്രാന്തന്മാരുടെ മാതിരി സമനില തെറ്റി എപ്പോഴും പല്ലിറുമ്മലും വൈകാരിക സംഘട്ടനങ്ങളും. മറ്റു കുരങ്ങന്മാരുടെ കൂടെ ചേരുകയേ ഇല്ല. കാരണം വ്യക്തമാണ്. ചെറുപ്രായത്തില്‍ തള്ളയുമായി വൈകാരിക അടുപ്പത്തിനോ വികാര പ്രകടനത്തിനോ വളര്‍ച്ചയ്ക്കോ അവസരമില്ലായിരുന്നു. മനുഷ്യന്റെ കാര്യത്തില്‍ ഇതു കൂടുതല്‍ അന്വര്‍ത്ഥമത്രേ.
കുട്ടികളുടെ ദ്യേപ്രകടനത്തിന് ബാഹ്യവും ആന്തരികവുമായ ലക്ഷണങ്ങളുണ്ട്. കണ്ണു മിഴിക്കുകയും മുഖം വിളറുകയും നെറ്റി ചുളിയുകയും ദേഹം വിയര്‍ക്കുകയും രോമാഞ്ചമുണ്ടാകുകയും ആകെ വിറകൊള്ളുകയും ഒച്ച പതറുകയും ഒക്കെ ചെയ്യും. ഇതു ബാഹ്യ ലക്ഷണങ്ങളാണ്. അതിനടിസ്ഥാനമായ ആന്തരിക ശാരീരിക വ്യതിയാനങ്ങള്‍ നടക്കുന്നുണ്ട്. ദഹനം കുറയുന്നു, ഹൃദയമിടിപ്പ് കൂടുന്നു, രക്തധമനികള്‍ വികസിക്കുന്നു. മാംസ പേശികള്‍ക്കു മുറുക്കം കൂടുന്നു, കരളില്‍ നിന്നു കൂടുതല്‍ അന്നജം രക്തത്തിലേക്കു പ്രവഹിക്കുന്നു. അന്തഃശ്രാവ ഗ്രന്ഥികള്‍, പ്രത്യേകിച്ച് തൈറോയിഡ് & അഡ്രിനല്‍ ഗ്രന്ഥികള്‍ കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാകുന്നു. നാഡീവ്യൂഹം സമൂലമായ തയ്യാറെടുപ്പു നടത്തുന്നു. ആവശ്യമെങ്കില്‍ വിസര്‍ജനം കൂടി നടത്തുന്നു. ഇതെല്ലാം പെട്ടെന്നുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരുക്കമാണ്.
കുട്ടികളുടെ വികാരങ്ങള്‍ക്കു ചില പ്രത്യേകതകളുണ്ട്. അതു കൂടുതല്‍ ലളിതവും എളുപ്പം തിരിച്ചറിയാവുന്നതുമാണ്. കുട്ടികളുടെ വികാരങ്ങള്‍ ചുരുങ്ങിയതായതിനാല്‍ അതു പെട്ടെന്നു വന്ന് പെട്ടെന്നു തന്നെ അവസാനിക്കും. അല്പ നേരത്തേക്കു മാത്രമേ നീളൂ. അല്ലാതെ ഒരിക്കലും തീരാത്ത വഴക്കും വെറുപ്പുമായി അതുമാറി. വന്നാല്‍ അത്യുഗ്രമായ വികാരം തന്നെയായിരിക്കും. കാര്യം ഗൗരവമാകണമെന്നില്ല. എത്ര നിസ്സാര കാര്യത്തിനും, കരച്ചിലോ അരിശമോ ഭയമോ ഉണ്ടാകാം. അതു കഠിനമായിരിക്കുമെങ്കിലും പെട്ടെന്നു മാറുമെന്ന ഗുണമുണ്ട്. ശക്തിയിലും പെട്ടെന്നു മാറ്റങ്ങള്‍ സംഭവിക്കും. കരച്ചിലും ചിരിയും ഒപ്പം തന്നെ കഴിയും. വൈകാരിക പ്രകടനത്തില്‍ വ്യക്തിയാകെ ഉള്‍പ്പെട്ടിരിക്കും. ശരീരവും മനസ്സും ഒന്നാകെ പ്രവര്‍ത്തിക്കും. കുട്ടികള്‍ ചിരിക്കുന്നതും കരയുന്നതും കണ്ടാല്‍ ഇതറിയാം. ദേഹമാകെ ഇളക്കിമറിച്ചു കരയും. അതുപോലെ ചിരിയും തുള്ളിച്ചാടി മറിഞ്ഞാകും. ഭൂലോകം മുഴുവന്‍ കുലുങ്ങുന്നമട്ടാണ്. കൊച്ചു കുട്ടികളില്‍ ഒരാള്‍ കരഞ്ഞു തുടങ്ങിയാല്‍ പകര്‍ച്ച വ്യാധി പോലെ എല്ലാവര്ക്കും കരച്ചില് വരാറുണ്ടല്ലോ. കുട്ടികളില്‍ വികാരങ്ങള്‍ ഉണ്ടായാല്‍ അതു മനസ്സിലാക്കാന്‍ എളുപ്പമുണ്ട്. കാപട്യമോ മറച്ചുവയ്ക്കലോ ഇല്ലാത്തതിനാല്‍ ലക്ഷണങ്ങളില്‍ നിന്നു കാര്യം ഗ്രഹിക്കാം. ഉള്ളിലുള്ളതു തന്നെയായിരിക്കും പുറമെ കാണിക്കുന്നത്.
മാനസിക വളര്‍ച്ചയില്‍ കൂടുതല്‍ അപകട സാധ്യതയുള്ളത് ആദ്യ ജാതന്മാര്ക്കും അന്ത്യ ജാതന്മാര്ക്കുമാണ്. എന്നാല്‍ അതു വെറും സാധ്യതകളാണ്. മാതാപിതാക്കളുടെ ശ്രദ്ധാപൂര്‍വമായ നോട്ടമുണ്ടായാല്‍ അതൊഴിവാക്കാം. ആദ്യത്തെ കുട്ടി വീട്ടിലെ സ്ഥിരം വലിയവനാണല്ലോ. ആ നിലയ്ക്കു മറ്റെല്ലാവരെയും അടക്കി ഭരിക്കാനുള്ള ആധിപത്യ മനഃസ്ഥിതി അവനിലുണ്ടാകും. അതു സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ചെന്നു വരാം. വിവേകപൂര്‍വം നിയന്ത്രിക്കുകയാണു വേണ്ടത്. ഉത്തരവാദിത്വത്തിലും അറിവിലും അവന് മുമ്പന്തിയിലാകാനിടയുണ്ട്. കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ പ്രായമായവരെയാണ് അവനനുകരിക്കുക. അടുത്തനുകരിക്കത്തക്ക സഹോദരീ സഹോദന്മാരുടെ അഭാവമുണ്ടല്ലോ. അതുകൊണ്ട് വളര്‍ച്ച ശ്രമകരമാണ്. അതിരു കടന്ന ആധിപത്യ മന:സ്ഥിതിക്കു കടിഞ്ഞാണിട്ട് വേണ്ട നേതൃത്വവും പരിശീലനവും നല്കിയാല് മതിയാകും. ‘സിബ്ളിംങ്ങ് റൈവല്‍റി’ എന്നു പറയുന്ന സഹോദര വഴക്കുകാര്‍ ആദ്യത്തെ കുട്ടികളായിരിക്കും.
ഇളയ കുട്ടികളുണ്ടാകുന്നതോടെ മാതാപിതാക്കളുടെ ശ്രദ്ധയും വാത്സല്യവും മൂത്ത കുട്ടിയില്‍ നിന്നു മാറി ഇളയ കുട്ടിയിലേക്കു തിരിയുകയായി. സ്വാഭാവികമായും മൂത്തവന് അത് രസിച്ചെന്നു വരില്ല. തന്റെ കുത്തകയായിരുന്ന സ്നേഹ വാത്സല്യങ്ങള്‍ പിടിച്ചു പറ്റിയ അനുജനോട് അസൂയയായി. പിന്നെ ബാലിശമായ പെരുമാറ്റങ്ങളും, ശാഠ്യങ്ങളും ഒക്കെ തുടങ്ങുന്നു. കുഞ്ഞനുജനെ ഉപദ്രവിച്ചെന്നും വരാം.
അനുജന്റെ ജനനത്തിനു മുമ്പു തന്നെ മാതാപിതാക്കള്‍ ജ്യേഷ്ഠനെ പരിശീലിപ്പിക്കണം. അങ്ങനെ അനുജന്റെ ജനനം പ്രതീക്ഷിച്ചു കഴിയുന്ന ഉദാരമതിയാകണം അവന്. ഇളയ കുഞ്ഞ് ജനിക്കുമ്പോള്‍ അതിനെ തന്റേതായി കണ്ട് ശുശ്രൂഷിച്ച് വളര്‍ത്താനുള്ള ചുമതലാ ബോധം അവനിലുണ്ടാകണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്നതില്‍ മൂത്ത കൂട്ടിയുടെ സഹായം വിവേകപൂര്‍വം തേടാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അപ്പോള്‍ തന്റെ പ്രതിയോഗി എന്നതിനേക്കാള്‍ തന്റെ സഹായമര്‍ഹിക്കുന്ന കുഞ്ഞനുജനായി കരുതി അഭിമാനബോധത്തോടെ വളര്‍ത്തിക്കൊള്ളും.
അന്ത്യശിശു നിത്യ ശിശുവായി കഴിയേണ്ട ഗതികേടാണ് പലപ്പോഴുമുണ്ടാകുക. അതിലാളനയും അമിത വാത്സല്യവും കുട്ടിയെ നശിപ്പിച്ചെന്നു വരാം. ദീര്‍ഘ കാലം കുഞ്ഞായി കഴിയാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ ഉണ്ടാകാം. അത് മാനസിക വളര്‍ച്ച മുരടിപ്പിക്കാനിടയുണ്ട്. മനസ്സ് എന്നും കുഞ്ഞായി തന്നെ ഇരിക്കും. പ്രായമായി തറവാടു ഭരണമേറ്റെടുത്തു നടത്തേണ്ടി വരുമ്പോള്‍ അവനതിനു കഴിയില്ല. അതു പരിചയിച്ചിട്ടില്ല. ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ ശീലിച്ചിട്ടില്ല. തന്നെ അടക്കി ഭരിച്ചുവച്ചിരുന്ന ജ്യേഷ്ഠന്മാരോടും മാതാപിതാക്കളോടും ഭാവിയില്‍ ഇളയ സന്താനത്തിന് വെറുപ്പും എതിര്‍പ്പും ഉണ്ടായെന്നു വരാം. കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ക്രമപ്പെടുത്തുകയാണു വേണ്ടത്.
ഏകജാതന്മാര് നശിപ്പിക്കപ്പെടുമെന്നാണ് പഴം ചൊല്ല്. ”കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞിനെ കളഞ്ഞു” എന്നതു പോലെ ഓമനിച്ചു ചീത്തയാക്കുകയാവും കണ്ണിലുണ്ണിയായി എല്ലാവരും കൊഞ്ചിച്ചു വളര്‍ത്തുന്ന ഒറ്റയാന് സമൂഹത്തിലേക്കിറങ്ങുമ്പോള്‍ കരയ്ക്കിട്ട മീന്‍ പോലെയാവും.
വീട്ടില്‍ വാത്സല്യ പാത്രമായി സര്‍വാധിപതിയായി വളര്‍ന്ന കുട്ടി സമൂഹത്തിലും ആരെയും വകവച്ചെന്നു വരില്ല. ഫലമോ? അവിടെ പുറന്തള്ളപ്പെടുന്നു. കൂട്ടുകാരുമായി ഇണങ്ങിച്ചേരാത്ത ഏകജാതനെ അവര്‍ കുറ്റപ്പെടുത്തുന്നു. അപ്പോഴായിരിക്കും തന്നെപ്പോലെ മറ്റു കുട്ടികളും ഉണ്ടെന്നവന് ചിന്തിക്കാന്‍ തുടങ്ങുക. കുട്ടിയുടെ മാനസിക വളര്‍ച്ചയ്ക്കുതകുന്ന തരത്തില്‍ ഏകജാതനെ വളര്‍ത്തുവാന്‍ ശ്രദ്ധ പതിക്കണം. ഏകാന്തമായ കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളുടെ വൈകാരിക വളര്‍ച്ച മുരടിച്ചു പോകാം. മനഃശാസ്ത്രപരമായി നോക്കുമ്പോള്‍ ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ മാനസികമായി കൂടുതല്‍ ധന്യരാണെന്ന് പറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാവാം ഈയിടെ ഒരു പ്രസിദ്ധ റഷ്യന്‍ മനഃശാസ്ത്രജ്ഞന് കുട്ടികളുടെ എണ്ണം ഒന്നുകൊണ്ടു നിറുത്തരുതെന്ന മുന്നറിയിപ്പ് നല്‍കിയത്.
അകത്തളം ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി