അല്ലാഹു മഹത്ത്വം നല്‍കി ആദരിച്ച ഉല്‍കൃഷ്ട സൃഷ്ടിയാണ് മനുഷ്യന്‍. മറ്റെല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത് മനുഷ്യനു വേണ്ടിയാണ്. മനുഷ്യനെയോ, അല്ലാഹുവിന് ആരാധനകള്‍ നിര്‍വഹിക്കാന്‍ വേണ്ടിയും. “ഏറ്റവും നല്ല രൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെ’ന്ന് വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട് (95/4).

മറ്റുജീവികളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നതും ആകര്‍ഷണീയവുമായ ആകാരമാണ് മനുഷ്യന്‍റേത്. അവന്റെ അവയവ ഘടനയും സ്ഥാനവും നിരീക്ഷിച്ചാല്‍ ഇത് ബോധ്യപ്പെടും. ഉരഗവര്‍ഗങ്ങളെപ്പോലെ ശരീരം പൂര്‍ണമായി മണ്ണിലൂടെ വലിച്ചു നടക്കുന്ന പ്രകൃതിയല്ല അവനുള്ളത്. ഭൂമിയില്‍ തൊട്ടു നില്‍ക്കുന്നത് രണ്ട് പാദങ്ങള്‍ മാത്രം. പാദത്തിനു മുകളില്‍ ശരീരഭാഗങ്ങള്‍. ശരീരത്തിലെ ശ്രേഷ്ഠ അവയവമായി ഗണിക്കപ്പെടുന്ന മുഖമുള്‍പ്പെടുന്ന തല ഏറ്റവും മുകളിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. മറ്റു ജീവികളെപ്പോലെ ഭക്ഷണം നേരെ വായക്കൊണ്ട് കടിച്ചും കൊത്തിയും തിന്നുന്നതിനു പകരം, കയ്യിലെടുത്ത് വായിലെത്തിക്കാവുന്നത് മനുഷ്യന്റെ ഗുണം. കുരങ്ങുകളെപ്പോലെ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ചില ജീവികളുണ്ടെങ്കിലും അവയെല്ലാം, അതേ കൈ നിലത്തു കുത്തി നടക്കുന്നവരാണ്. ഈ ആകാരമെത്ര സുന്ദരം! ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു: “നിന്നെ സൃഷ്ടിക്കുകയും നല്ലരൂപത്തില്‍ സംവിധാനിക്കുകയും ചെയ്തവനാണവന്‍’ (82/7).

ശരീരം മുഴുവന്‍ രോമാവൃതമായോ, തീരെ രോമങ്ങളില്ലാതെയോ അല്ല മനുഷ്യ സൃഷ്ടിപ്പ് രണ്ടും ഒരുപോലെ അരോചകമായി അനുഭവപ്പെടാമെന്നതില്‍ മനുഷ്യ ശരീരം മധ്യ നില സ്വീകരിച്ചിരിക്കുന്നു. മനോഹരമായി പുഞ്ചിരിക്കുവാനുള്ള കഴിവ് മനുഷ്യന് മാത്രമുള്ള സിദ്ധിയാണ്. പുഞ്ചിരിക്കുന്ന മനുഷ്യന്റെ മുഖം എത്ര സന്തോഷദായകമായ കാഴ്ചയാണ്. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാനും സാമൂഹിക ജീവിതത്തില്‍ ആകര്‍ഷകമായ വ്യക്തിത്വമായിത്തീരാനും ചിരി സഹായിക്കുന്നു. തന്റെ സഹോദരനോട് പുഞ്ചിരിക്കുന്നത് ധര്‍മമാണെന്ന് മുത്ത് നബി പഠിപ്പിച്ചിരിക്കുന്നു.

മനുഷ്യന്റെ ബാഹ്യാകാരം അത്യാകര്‍ഷമാണെന്നതു പോലെതന്നെ ആന്തരിക ഘടന അതി സങ്കീര്‍ണമാണ്. മനുഷ്യ ശരീരത്തിനകത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടായാല്‍ സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവം മനസ്സിലാക്കാന്‍ അതുതന്നെ മതി. പിഎന്‍ ദാസ് പറയുന്നു: “മനുഷ്യ ശരീരത്തിനു സമാന്തരമായ ഒരു ഫാക്ടറി ഉണ്ടാക്കുകയാണെങ്കില്‍ അതിന് നാലു സ്ക്വയര്‍ മൈല്‍ ഭൂമിവേണം. 100 സ്ക്വയര്‍ മൈല്‍ വരെ അതിന്റെ ശബ്ദ ശല്യമുണ്ടാകും’ (വ്യാതിയും സമാധിയും). ഒന്ന് ഓര്‍ത്തു നോക്കൂ. സൃഷ്ടിപ്പിന്റെ നിഗൂഢതകള്‍. ഇത്ര സങ്കീര്‍ണമായ സംവിധാനങ്ങളാണ് കാഴ്ചയില്‍ അത്രയൊന്നും വലുതല്ലാത്ത മനുഷ്യന്റെ ആന്തരിക ഭാഗത്ത്.

ഏകദേശം അറുനൂറ് കോടി സെല്ലുകളുള്ള ജീവിയാണ് മനുഷ്യന്‍. ശരീരത്തിന്റെ 60% വും വെള്ളമാണ്. തലച്ചോറിന്റെ 85%വും രക്തത്തിന്റെ 80%വും ജലം തന്നെ. കൂടാതെ ഓക്സിജന്‍, കാര്‍ബണ്‍ഡൈഓക്സൈഡ,് ഹൈഡ്രജന്‍, നൈഡ്രജന്‍, ഫോസ്ഫറസ് തുടങ്ങി ഇരുപതോളം മൂലകങ്ങള്‍ മനുഷ്യ ശരീരത്തില്‍ സമ്മേളിച്ചിരിക്കുന്നു. എല്ലില്‍ പോലും കാല്‍ ഭാഗവും ജലമാണത്രേ (മനുഷ്യ ശരീരം മഹാത്ഭുതംഡോ.സി.എന്‍ പരമേശ്വരന്‍). 650 കോടിയോളം ജനങ്ങള്‍ ഇന്ന് ലോകത്ത് ജീവിക്കുന്നു. ഇവരോരുത്തരുടെയും മുഖഛായ, വിരലടയാളം, കണ്ണിന്റെ ഉള്‍വശം തുടങ്ങിയവ മറ്റുള്ളവരില്‍ നിന്ന് വിത്യസ്തമാണ്. നമുക്ക് മുമ്പ് മരിച്ചവരുടെയും ഇനി ജനിക്കാനിരിക്കുന്നവരെല്ലാം തമ്മില്‍ ഈ വ്യതിരിക്തതയുണ്ട്.

മനുഷ്യന്റെ ശബ്ദവും ഗന്ധവും പോലും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്. പരിശീലനം സിദ്ധിച്ച പോലീസ് നായകള്‍ ഗന്ധം വഴി പ്രതികളെ തിരിച്ചറിയുന്നത് ഓര്‍ക്കുക. സൃഷ്ടിപ്പിന്റെ കൃത്യതയും സൂക്ഷ്മതയുമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഈ വൈവിധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഖുര്‍ആന്‍ പരാമര്‍ശം ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു: “മനുഷ്യന്റെ വിരല്‍ കൊടികളെപ്പോലും കൃത്യമായി നിര്‍മിക്കാന്‍ കഴിവുള്ളവനാണ് നാം’ (അല്‍ ഖിയാമഃ 4).

സൃഷ്ടിപ്പ്

മനുഷ്യ സൃഷ്ടിപ്പിന്റെ രണ്ടു ഘട്ടങ്ങള്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഒന്ന്, ആദം നബി (അ)ന്റെ സൃഷ്ടിപ്പ.് പ്രഥമ മനുഷ്യനെ മണ്ണില്‍ നിന്നു സൃഷ്ടിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നു: “നിങ്ങളുടെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: കറുത്ത് പാകപ്പെടുത്തിയ മുഴക്കമുണ്ടാവുന്ന കളിമണ്ണില്‍ നിന്ന് ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കുകയാണ്. അങ്ങിനെ ഞാനവനെ ശരിയായ രൂപത്തിലാക്കുകയും എന്റെ അധികാര പരിധിയിലെ ആത്മാവില്‍ നിന്ന് അവനില്‍ ഞാന്‍ സന്നിവേശിപ്പിക്കുകയും ചെയ്താല്‍ നിങ്ങള്‍ അവന് നേരെ വണങ്ങുക’ (ഹിജ്ര്‍/28).

ആദം നബി(അ)ന് സകല വസ്തുക്കളെക്കുറിച്ചും അറിവ് നല്‍കുകയും മലക്കുകള്‍ക്കത് പഠിപ്പിച്ച് കൊടുക്കാന്‍ അവസരം നല്‍കുകയും ചെയ്തു. മനുഷ്യനുള്ള ആദരവ് എന്നോണം ആദമിന് സുജൂദ് ചെയ്യാന്‍ അല്ലാഹു കല്‍പ്പിച്ചു. മലക്കുകള്‍ ഇലാഹീ കല്‍പ്പന ചെവികൊണ്ടു പക്ഷേ, അഹങ്കാരിയായ ഇബ്ലീസ് സുജൂദിന് തയ്യാറായില്ല. അവന്‍ സ്വര്‍ഗ ഭ്രഷ്ടനാക്കപ്പെട്ടു. അഭിശപ്തനായി അന്ത്യനാള്‍ വരെ വസിക്കുന്നു. മനുഷ്യന് ലഭിച്ച ആദരവിന്റെ അംഗീകാരമാണ് ഈ സാഷ്ടാംഗം. ഖുര്‍ആന്‍ പറയുന്നു: “ഞാന്‍ മലക്കുകളോട് ആദമിന് സുജൂദ് ചെയ്യുകയെന്ന് കല്‍പ്പിച്ച സന്ദര്‍ഭം അവരെല്ലാവരും സുജൂദ് ചെയ്തു. ഇബ്ലീസ് ചെയ്തില്ല. അവന്‍ വിസമ്മതിച്ചു. അഹങ്കാരം കാണിച്ചു. അവന്‍ സത്യ നിഷേധികളില്‍ പെട്ടവനാകുന്നു’ (2/3034).

സൃഷ്ടിപ്പിന്റെ രണ്ടാം ഘട്ടം, മറ്റുമനുഷ്യരെ സൃഷ്ടിച്ച രീതിയാണ്. ഖുര്‍ആന്‍ അതവതരിപ്പിക്കുന്നു: “മനുഷ്യനെ നാം മണ്ണിന്റെ സത്തയില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് അവനെ ഒരു സുരക്ഷിത സ്ഥലത്ത് രേതസ്കണമായി മാറ്റി. തുടര്‍ന്ന് ആ ബീജത്തെ ഒരു ഭ്രൂണമായി പരിവര്‍ത്തിപ്പിച്ചു. ശേഷം ആ ഭ്രൂണത്തെ മാംസപിണ്ഡമാക്കി. തുടര്‍ന്ന് അതിനെ നാം അസ്ഥികൂടമായി സൃഷ്ടിച്ചു. പിന്നെ ആ അസ്ഥികൂടത്തെ നാം മാംസത്താല്‍ പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി അതിനെ നാം വളര്‍ത്തിയെടുത്തു. അപ്പോള്‍ സൃഷ്ടികര്‍ത്താക്കളില്‍ അത്യുന്നതനായ അല്ലാഹു ഏറെ അനുഗ്രഹ പൂര്‍ണനാകുന്നു’ (23/1214).

അല്ലാഹുവിന്റെ ഖലീഫ

മനുഷ്യനു മാത്രം ലഭിച്ച മറ്റൊരു അംഗീകാരമാണ് അല്ലാഹുവിന്റെ ഖലീഫ എന്ന പദവി, ഭൂമിയിലേക്ക് നിയോഗിതരായ അല്ലാഹുവിന്റെ പ്രതിനിധികള്‍, എത്ര ഉന്നതമാണത്. മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ച് മലക്കുകള്‍ക്ക് സൂചനകള്‍ നല്‍കി അല്ലാഹു പറഞ്ഞത്, “ഞാന്‍ ഭൂമിയില്‍ ഒരു ഖലീഫയെ നിയമിക്കുന്നു’ എന്നായിരുന്നു. അപ്പോള്‍ അവര്‍ തിരിച്ചു ചോദിച്ചു: “ഭൂമിയെ താറുമാറാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിശ്ചയിക്കുന്നത്. നിനക്ക് സ്തോത്രങ്ങള്‍ ചൊല്ലാനും നിന്നെ പ്രകീര്‍ത്തിക്കാനും ഞങ്ങളുണ്ടല്ലോ.” അപ്പോള്‍ അല്ലാഹുവിന്റെ മറുപടി “നിങ്ങള്‍ക്കറിഞ്ഞു കൂടാത്തത് ഞാന്‍ അറിയുന്നു’ (2/30). ഇങ്ങനെ സ്രഷ്ടാവിനെ പ്രതിനിധീകരിക്കാനുള്ള അവസരം ഇതര ജീവികള്‍ക്കൊന്നും ലഭിക്കാത്തതാണ്. ഭൂമിയില്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ പുലരുന്നതും അല്ലാഹുവിന്റെ മതം ജീവിക്കുന്നതും മനുഷ്യരിലൂടെയാണ് എന്നാണ് ഖലീഫയാക്കുന്നതിന്റെ ഒരു ഉദ്ദേശ്യം.

മനുഷ്യനു മാത്രം

സവിശേഷമായ ആകാരവും സൃഷ്ടിപ്പും മാത്രമല്ല അതിലേറെ പ്രധാനപ്പെട്ട മറ്റുചിലതു കൂടി ഔദാര്യവാനായ അല്ലാഹു മനുഷ്യന് നല്‍കി അനുഗ്രഹിച്ചിരിക്കുന്നു. “തീര്‍ച്ചയായും നാം മനുഷ്യനെ ആദരിച്ചിരിക്കുന്നു’ ഇത് ഖുര്‍ആനിന്റെ പ്രഖ്യാപനമാണ്. കാര്യങ്ങള്‍ തരംതിരിച്ച് മനസ്സിലാക്കാനും ചിന്തിക്കാനുമുള്ള വിശേഷ ബുദ്ധി വലിയ അനുഗ്രഹം തന്നെയാണ്. മനുഷ്യനെ ഇതര ജീവികളില്‍ നിന്ന് ശ്രേഷ്ഠനാക്കി നിര്‍ത്തുന്ന ഘടകവും ഈ ശക്തി തന്നെ. നഗ്നരായി നടന്നും പരിസരബോധമില്ലാതെ ലൈംഗിക വേഴ്ച നടത്തിയും മൃഗങ്ങള്‍ ജീവിക്കുന്നു. ഭാവിയെക്കുറിച്ചോ ഭൂതത്തെക്കുറിച്ചോ അവര്‍ക്ക് ചിന്തയില്ല. ശരിതെറ്റുകള്‍ വകതിരിക്കാനോ യുക്തിപൂര്‍വം ജീവിക്കാനോ അവര്‍ക്ക് സാധിക്കുന്നില്ല. ബുദ്ധിയും വിവേകവുമുള്ള മനുഷ്യന് ഇതിനെല്ലാം അവസരമുണ്ട്. എന്നാല്‍ മനുഷ്യന്‍ ഇത് ഉപയോഗപ്പെടുത്താതെ അധഃപതിച്ചാല്‍ മൃഗത്തെക്കാള്‍ സംസ്കാര ശൂന്യനാവും. വര്‍ത്തമാന കാലത്തെ വാര്‍ത്തകള്‍ ഇത് ശരിവെക്കുന്നുണ്ട്. വിവേകവും ബുദ്ധിയും ഉപയോഗപ്പെടുത്തി മനുഷ്യന്‍ നന്മകള്‍ ചെയ്തു ജീവിക്കുകയാണെങ്കില്‍ മലക്കുകളെക്കാള്‍ ഉന്നത സ്ഥാനങ്ങള്‍ എത്തിപ്പിടിക്കാനും സാധിക്കുന്നു. വികാരത്തെ തോല്‍പ്പിച്ചു കൊണ്ടാണ് മനുഷ്യര്‍ നന്മകള്‍ ചെയ്യുന്നത്. മലക്കുകള്‍ വികാര ജീവികളല്ല. അത് കൊണ്ട് തന്നെ അവരുടെതിനേക്കാള്‍ ഉദാത്തമാണ് മനുഷ്യന്റെ സുകൃതങ്ങള്‍.

ശരിയായ രീതിയിലുള്ള സംസാര ശേഷിയും മനുഷ്യന് മാത്രം ലഭിച്ച അനുഗ്രഹമാണ്. ആശയ വിനിമയത്തിന് ഇതര ജീവജാലങ്ങള്‍ പ്രകടവും അല്ലാത്തതുമായ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മനുഷ്യന്‍ സംസാരിച്ചു കൊണ്ട് ആശയ വിനിമയം നടത്തുന്നു. നല്ല വസ്ത്രം ധരിച്ചും പെരുമാറ്റത്തില്‍ മിതത്വം പാലിച്ചു കൊണ്ടും മനുഷ്യന്‍ ഉത്തമ സംസ്കാരം കാത്തു സൂക്ഷിക്കുന്നു. മനുഷ്യനെ നാം നല്ലരൂപത്തില്‍ സൃഷ്ടിച്ചിരിക്കുന്നുവെന്ന സൂക്തം ഈ മേന്മകളെല്ലാം ഉള്‍ക്കൊള്ളുന്നതാണെന്ന് വസ്തുത.

യഹ്യ ബ്നു അഖ്സം (റ)നെ തൊട്ട് ഉദ്ധരിക്കപ്പെടുന്ന ഒരു സംഭവം ഈ സൂക്തത്തിന്റെ ആശയം കൂടുതല്‍ ശരിവെക്കുന്നതാണ്. നിലാവുള്ള രാത്രിയില്‍ ഭാര്യയുമൊത്ത് സല്ലപിച്ചു കൊണ്ടിരിക്കെ ഭര്‍ത്താവ് പറഞ്ഞു: “നിന്റെ മുഖം ഈ ചന്ദ്രനെപ്പോലെ മനോഹരമായില്ലെങ്കില്‍ നിന്നെ ഞാന്‍ ത്വലാഖ് ചൊല്ലിയിരിക്കുന്നു.” വിവരം പുറം ലോകമറിഞ്ഞു. ഭാര്യയുടെ ത്വലാഖ് സംഭവിച്ചിരിക്കുന്നുവെന്ന് മുഴുവന്‍ പണ്ഡിതന്മാരും വിധിയെഴുതി. പൂര്‍ണ ചന്ദ്രന്റെ ശോണിമയൊന്നും ഒരു സ്ത്രീക്കില്ലെന്നായിരുന്നു അവരുടെ ഭാഷ്യം. എന്നാല്‍ പ്രശ്നം തന്റെ അടുക്കലെത്തിയപ്പോള്‍ യഹ്യാ(റ) പറഞ്ഞു: “ഭാര്യയുടെ ത്വലാഖ് സംഭവിക്കില്ല. കാരണം മനുഷ്യനെക്കാള്‍ മനോഹരമായ മറ്റൊന്നുമില്ലെന്ന് ഖുര്‍ആനിലുണ്ട്. അത് കൊണ്ട് ഭാര്യ ചന്ദ്രനെക്കാള്‍ മനോഹരി തന്നെ.’

ശേഷം ഈ ആയത്ത് തെളിവായി ഉദ്ധരിക്കുകയും ചെയ്തു. ഇത്രയും ഔദാര്യങ്ങള്‍ക്കൊത്ത് മാനവുകുലത്തെ ബഹുമാനിച്ച സ്രഷ്ടാവിനു നന്ദി ചെയ്തു ജീവിക്കുക നാം.

മുഹമ്മദ് നിഷാദ് രണ്ടത്താണി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ