മഹോന്നതരാണ് മദ്ഹബിന്റെ ഇമാമുകള്‍. ഇസ്ലാമിന്റെ കര്‍മശാസ്ത്ര ഭാഗത്തെ സമൂഹത്തിന് പ്രാപിക്കാനും പ്രയോഗിക്കാനും സൗകര്യപ്പെടുത്തിയ മഹാസേവകര്‍. വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും കര്‍മ ധര്‍മ പാഠങ്ങള്‍ നിര്‍ദ്ധാരണം ചെയ്തെടുത്ത് സമൂഹത്തിനു സമര്‍പ്പിച്ചതവരാണ്. കേവലം ഭാഷാ പരിജ്ഞാനത്തിന്റെ പരിധിയില്‍ നിന്ന് നേടിയ യോഗ്യതയായിരുന്നില്ല അവരുടേതെന്നതിനു ചരിത്രം സാക്ഷി.
ഇമാം ശാഫിഈ(റ)യുടെ ജീവിതവും സേവനവും ചില സവിശേഷതകള്‍ പ്രകടമാക്കുന്നുണ്ട്. കുടുംബം, ജനനം, നാമം, വളര്‍ച്ച, പഠനം, സഞ്ചാരം, സമര്‍പ്പണം തുടങ്ങി എല്ലാ മേഖലയിലും വ്യതിരിക്തതയുടെ വ്യക്തമായ അടയാളങ്ങള്‍ കാണാം.
കുടുംബം
ഖുറൈശി കുടുംബത്തിലാണ് ഇമാം ജനിച്ചത്. നബി(സ്വ)യുടെ ഒരു സന്തോഷ അറിയിപ്പില്‍ ഇങ്ങനെ വന്നിട്ടുണ്ട്. “ഒരു ഖുറൈശി പണ്ഡിതന് ഭൂമിയാസകലം വിജ്ഞാനം നിറയ്ക്കും’ ഈ ഹദീസില്‍ സൂചിപ്പിക്കപ്പെട്ടത് ഇമാം ശാഫിഈ(റ) ആണെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹദീസുകള്‍ തെളിവിനു ലഭിക്കാത്ത കാര്യങ്ങള്‍ക്ക് ശാഫിഈ (റ)വിന്റെ വചനങ്ങളെ താന്‍ പ്രമാണമാക്കുമെന്ന അഹ്മദുബ്നു ഹമ്പല്‍(റ)ന്റെ വാക്കുകള്‍ പ്രസിദ്ധമാണല്ലോ. ഇതിനു മഹാന് പറയുന്ന ന്യായം ഇമാമിന്റെ ഔന്നിത്യം വിളിച്ചോതുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍: ഹദീസ് ലഭിച്ചിട്ടില്ലാത്ത കാര്യത്തില്‍ എന്നോട് വല്ലതും ചോദിക്കപ്പെട്ടാല്‍ ശാഫിഈ(റ)യുടെ വാക്ക് കൊണ്ട് ഞാന്‍ മറുപടി നല്‍കും. കാരണം അദ്ദേഹം ഖുറൈശീ പണ്ഡിതനാണ്. ഒരു ഖുറൈശീ പണ്ഡിതന് ഭൂമിയില്‍ വിജ്ഞാനത്തെ നിറക്കുമെന്ന് നബി(സ്വ)യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഖുറൈശികളില്‍ മഹാന്മാരായ പണ്ഡിതന്മാര് ധാരാളമുണ്ടായിട്ടുണ്ട്. അവരുടെ കാലഘട്ടത്തിലും തുടര്‍ന്നും വലിയ സ്വാധീനവും അംഗീകാരവും അവര്‍ നേടിയിട്ടുമുണ്ട്. പക്ഷേ, ഇമാം ശാഫിഈ(റ)വിനു സാധിച്ച വൈജ്ഞാനിക പ്രകാശനവും പ്രചാരണവും അവയില്‍ നിന്നെല്ലാം വ്യത്യസ്തവും വ്യാപകവുമാണ്.
ഇമാം നവവി(റ) എഴുതുന്നു: മുന്‍ഗാമികളും അനന്തരഗാമികളുമായ പണ്ഡിതരെല്ലാം ഈ ഹദീസ് ഇമാം ശാഫിഈ(റ)വിനെക്കുറിച്ചാണെന്ന് വിവരിച്ചിട്ടുണ്ട്. അതിനവര്‍ പ്രമാണമായി നിരത്തുന്ന ചരിത്രമിതാണ്. സ്വഹാബികളില്‍ നിന്ന് ചില എണ്ണപ്പെട്ട മസ്അലകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാരണം അവരുടെ കാലത്ത് അന്വേഷണവും നിവാരണവും ഉണ്ടായിരുന്നത് സംഭവങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. മാത്രമല്ല, സംഭവിച്ചിട്ടില്ലാത്ത ഒന്നിനെക്കുറിച്ച് ചോദിക്കുന്നത് തന്നെ അവര്‍ ഉപേക്ഷിച്ചിരുന്നതാണ്. അവര്‍ ശ്രദ്ധ മുഴുവന്‍ ഇസ്ലാമിന്റെ ഉയര്‍ച്ചക്കും അതിന്റെ ശത്രുക്കള്‍ക്കെതിരെയുള്ള പോരാട്ടത്തിലും ആത്മ സമരത്തിലും ഇബാദത്തിലും വിനിയോഗിച്ചവരായിരുന്നു. അതിനാല്‍ തന്നെ രചനയിലേക്കും ക്രോഡീകരണത്തിലേക്കും തിരിയാന്‍ അവര്‍ക്കായിരുന്നില്ല. താബിഉകളും ഇതുപോലെ ഗ്രന്ഥരചനകളൊന്നും നടത്തിയില്ല. അവര്‍ക്ക് ശേഷം ചിലര്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എന്നാല്‍ അവരിലാരും ഇമാം ശാഫിഈ(റ)വിന്റെ മുമ്പോ പിമ്പോ ഈ വിശേഷണം (ഭൂമിയിലാകെ വിജ്ഞാനം പരത്തുക) ഉള്ള ഒരു ഖുറൈശീ വംശജന് ഇന്നുവരെ ഉണ്ടായിട്ടില്ല.’ ഈ സമര്‍ത്ഥനത്തിന് പൂര്‍വിക പണ്ഡിതരില്‍ പലരെയും ഇമാം നവവി(റ) ഉദ്ധരിക്കുന്നുമുണ്ട് (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത് കാണുക).
ഇമാം ബൈഹഖി ഈ ഹദീസിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എഴുതുന്നു: അദ്ദേഹത്തിന്റെ ഇല്മ് താല്പര്യമുള്ളവര്ക്കെല്ലാം ഉപകരിച്ചിട്ടുണ്ട്. മദ്ഹബ് കൊണ്ട് ആലിമുകള്‍ മതവിധി പറഞ്ഞിട്ടുണ്ട്, ഭരണാധികാരികള്‍ അദ്ദേഹത്തിന്റെ തീരുമാനത്തിനനുസരിച്ച് വിധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വചനങ്ങള്‍ക്ക് സഹായവുമായി ഏറെ സഹായികളുണ്ടായിട്ടുണ്ട്. അദ്ദേഹത്തെ സത്യവാനായും അല്ലാഹുവിന്റെ കിതാബിനെ മുറുകെ പിടിക്കുന്നവരായും നബി(സ്വ)യെ പിന്തുടരുന്നവരായും സ്വഹാബത്തിന്റെ ചര്യ പിന്തുടരുന്നവരായും സ്വഹാബികള്‍ പഠിപ്പിച്ച ആശയങ്ങളെ പ്രാപിച്ചവരായും എത്തിച്ച കാരണത്താലാണ് ഇത്. അതിനാല്‍ അദ്ദേഹം തന്നെയാണ് ഖുറൈശികളില്‍ നിന്ന് ഭൂലോകത്ത് ഇല്മ് നിറച്ചത്. കാലാകാലങ്ങളില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ എല്ലാവരെക്കാളും ബന്ധപ്പെട്ടത് ഇമാം ശാഫിഈ(റ)യാണ്. (മഅ്രിഫത്തുസ്സുനന്‍).
ഇമാം ശാഫിഈ(റ)യാണിതില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തി എന്നത് ചരിത്രം സാക്ഷിയാക്കിയാണ് പണ്ഡിതരെല്ലാം അവതരിപ്പിച്ചിട്ടുള്ളത്. ഇത് നിര്‍മിത വചനമാണെന്ന ദുരാരോപണത്തെ ഇമാം ഹാഫിളുല്‍ ഇറാഖി(റ) ഖണ്ഡിച്ചിട്ടുണ്ട്. അഹ്മദ്ബ്നു ഹമ്പല്‍(റ)വിന്റെ പരാമര്ശത്തെയാണിതിന് അദ്ദേഹം പ്രധാനമായി അവലംബിച്ചത്.
ഇമാം അഹ്മദ്(റ) തന്റെ ഗുരുവര്യനായ ശാഫിഈ(റ)യുടെ വാക്കുകള്‍ മതവിധികള്‍ക്ക് പ്രമാണമോ പിന്‍ബലമോ ആയി ഉപയോഗിക്കുന്നതിന് ഒരു നിര്‍മിത ഹദീസിനെ അവലംബിക്കുമെന്ന് എങ്ങനെ പറയും? (കശ്ഫുല്‍ ഖഫാ).
ഖുറൈശി പണ്ഡിതനെ പരാമര്‍ശിക്കുന്ന വ്യത്യസ്ത രിവായത്തുകളില്‍ നിന്നും ചില കാര്യങ്ങള്‍ കൂടി ഗ്രഹിക്കാന്‍ സാധിക്കും. നബി(സ്വ) ഹജ്ജത്തുല്‍ വിദാഇല് അറഫയില്‍ നിന്ന് കൈകളുയര്‍ത്തി മൂന്ന് പ്രാവശ്യം ഇങ്ങനെ ദുആ ചെയ്തു: അല്ലാഹുവേ, ഖുറൈശികളെ നീ നേര്‍മാര്‍ഗത്തില്‍ നിലനിര്‍ത്തേണമേ… തുടര്‍ന്ന്, അല്ലാഹുവേ അവരില്‍ ആദ്യകാലക്കാരെ (അവര്‍ സത്യത്തിനെതിരായതിനാല്) നീ ശിക്ഷക്ക് വിധേയരാക്കി. അവസാനകാലക്കാര്ക്ക് (അവര്‍ ദീനിന് സഹായികളാവുന്നതിനായി) നീ അനുഗ്രഹങ്ങള്‍ നല്കേണമേ… നബി(സ്വ) തുടര്‍ന്ന് പറഞ്ഞു: അവരിലെ ഒരു പണ്ഡിതന്റെ ജ്ഞാനം ഭൂമിയാസകലം വിശാലമായിത്തീരുമല്ലോ’ (അഖ്ബാറു മക്ക).
ഖുറൈശികള്‍ക്ക് ഹിദായത്ത് സ്ഥിരപ്പെടുത്തേണമേ എന്ന പ്രാര്‍ത്ഥനക്ക് കാരണമായോ അല്ലെങ്കില്‍ അവര്‍ക്ക് ഹിദായത്ത് നല്‍കുന്നത് എങ്ങനെയെന്നോ അര്‍ത്ഥമാക്കാവുന്ന വിധം ഖുറൈശീ പണ്ഡിതന്റെ കുടുംബം ഖുറൈശിയാണെന്ന് ഈ പ്രാര്‍ത്ഥനയില്‍ വന്നിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനറിയാവുന്ന ഒരു കാര്യം തന്നെയാണ് നബി(സ്വ) പറയുന്നത്. അതിനാല്‍ അതൊരു അറിയിപ്പിന്റെ അര്‍ത്ഥം കുറിക്കുന്നില്ല താനും. അതിനാല്‍ ഖുറൈശികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ മാത്രം പില്ക്കാലത്ത് അവരില്‍ പിറക്കുന്ന ഒരു പണ്ഡിതന് കാരണമായിരിക്കുന്നു. അത് ഇമാം ശാഫിഈ(റ) ആണ്.
അല്ലാമാ അബ്ദുര്‍റഊഫുല്‍ മനാവി(റ) ഈ ഹദീസ് വ്യാഖ്യാനിച്ചെഴുതുന്നു: “ഖുറൈശികളിലെ ഒരു പണ്ഡിതന്റെ ഉന്നതി അല്ലാഹുവിനറിയിക്കലല്ല. കാരണം, ആലിമുല് ഗൈബിവശ്ശഹാദത്തായ അല്ലാഹു അതേറ്റം അറിയുന്നവനാണെന്ന് നബി(സ്വ)ക്കറിയാമല്ലോ. അതുകൊണ്ട് നബി(സ്വ) ഉദ്ദേശിച്ചതിതാണ്അവര് എന്നെ അക്രമിക്കുകയും എന്നോട് ഈര്‍ഷ്യത വെക്കുകയും ചെയ്തതിനാല്‍ ഞാനവര്ക്കെതിരില് നിന്നോട് പ്രാര്‍ത്ഥിക്കുന്നില്ല. മറിച്ച് അവരെ നീ ഹിദായത്തിലാക്കണമെന്നാണ് എന്റെ ആവശ്യം. കാരണം അവരുടെ സന്താന പരമ്പരയില്‍ നിന്ന് നീ ആ പണ്ഡിതനെ യാത്രയാക്കുക വഴി നിന്റെ ദീനിന്റെ വിധികള്‍ സുസ്ഥിരമാകുമല്ലോ (ഹൈളുല് ഖദീര്‍).
മറ്റൊരു ഹദീസില്‍ നബി(സ്വ) പറയുന്നു: “”നിങ്ങള്‍ ഖുറൈശിനെ ചീത്ത പറയരുത്. കാരണം അവരിലൊരു പണ്ഡിതന് ഭൂമിയിലെത്തും. വിജ്ഞാനം നിറക്കും (അബൂദാവൂദു തയാലിസി) വിശ്വാസികളോടുള്ള ഓര്‍മപ്പെടുത്തലാണിത്. ഖുറൈശികളില്‍ നിന്നും രംഗത്ത് വരുന്ന ഒരു പണ്ഡിതന്റെ ശ്രേഷ്ഠതയാല്‍ അവര്‍ ദുഷിച്ച് പറയപ്പെട്ടുകൂടാ എന്നാണിതിന്റെ പൊരുള്‍.
ഖുറൈശ് നബി(സ്വ)യുടെ കുടുംബമാണ്. ഇമാം ശാഫിഈ(റ)യും നബി(സ്വ)യും അബ്ദുമനാഫില്‍ ചെന്ന് സന്ധിക്കുന്നു. അബ്ദുമനാഫിന്റെ ആണ്മക്കളില് ഒന്നാമനായ മുത്ത്വലിബിന്റെ പരമ്പരയിലാണ് ഇമാം ശാഫിഈ(റ) ജനിച്ചത്. നബി(സ്വ) അബ്ദുമനാഫിന്റെ മറ്റൊരു മകനായ ഹാശിമിന്റെ പരമ്പരയിലും. ഇമാം ശാഫിഈ(റ)യുടെ മൂന്നാമത്തെ പിതാമഹനായ ശാഫിഈ്(റ) ചെറുപ്പത്തിലെ ഇസ്ലാം സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ്. നാലാമത്തെ പിതാമഹന് സാഇബ്(റ) ബദ്റില്‍ ശത്രുപക്ഷത്തായിരുന്നെങ്കിലും ബദ്റിന് ശേഷം മോചനദ്രവ്യം നല്കി മോചിതനാവുകയും പിന്നീട് ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. രണ്ടുപേരും സ്വഹാബികളാണ്. ഈ ശാഫിഈ(റ)യിലേക്ക് ചേര്‍ത്തിയാണ് ഇമാം ശാഫിഇയ്യ് എന്നറിയപ്പെട്ടത്.
പഴയ യമനിലെ “അസ്ദ്’ ഗോത്രക്കാരിയായ ഉമ്മു ഹബീബ എന്ന ഫാത്വിമയാണ് ശാഫിഈ(റ)യുടെ മാതാവ്. അലി(റ)വിന്റെ സന്താന പരമ്പരയില്‍ പെട്ട ഉബൈദുല്ലാഹിബ്നു ഹസന് എന്നവരുടെ പുത്രിയാണിവര്‍. നബി(സ്വ)യുടെ കുടുംബവുമായി മാതാവിനും ബന്ധമുണ്ടെന്നര്‍ത്ഥം.
ഇമാം സുബ്കി(റ) എഴുതുന്നു: “ഇമാം ശാഫിഈ(റ) മാതൃ പിതൃ വഴികളിലെല്ലാം ശ്രദ്ധേയനാണ്. മാതാവും പിതാവും മഹാന്മാരാണ്. അഥവാ രണ്ടു ഭാഗത്ത് കൂടിയും ഖുറൈശിയും ഹാശിമിയും മുത്തലിബിയുമാണ്. (ത്വബഖാത് ആമുഖം).
ചുരുക്കത്തില്‍ ഇമാം ശാഫിഈ(റ) ഖുറൈശിയായിരുന്നു. മാതാവും പിതാവും ഖുറൈശി വംശജരും. നബി(സ്വ) ഹിദായത്ത് നിലനിര്‍ത്താന്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചവരും, ദുഷിച്ച് പറയരുതെന്ന് ഉണര്ത്തിയവരുമാണവര്. അവരിലുദയം കൊള്ളുന്ന ജ്ഞാന തേജസ്സിയെ ഉയര്‍ത്തിക്കാട്ടിയായിരുന്നു നബി(സ്വ)യുടെ പ്രാര്‍ത്ഥനയും ഉപദേശവും.
ഇമാം ശാഫിഈ(റ)വിന്റെ ഒരു വചനത്തില്‍ എന്റെ ഉമ്മ അസദ്കാരിയാണ് എന്ന് കാണാം. ഇത് ഇമാമിന്റെ മാതാവ് ഖുറൈശിയാകുന്നതിനെതിരാവുന്നില്ല. കാരണം അണക്കെട്ട് തകര്‍ന്ന സമയത്ത് അസദുകാര്‍ യമനില്‍ നിന്നും മക്കയിലേക്കും മദീനയിലേക്കും മറ്റും കുടിയേറിയിരുന്നു. അവരില്‍ പെട്ടവര്‍ ശാഫിഈ(റ)വിന്റെ മാതാമഹികളില് വരുന്നതിനാല്‍ ഈ പ്രയോഗത്തില്‍ അപാകമൊന്നുമില്ല. പിന്നെ ഇമാം ശാഫിഈ(റ) എന്തിനായിരിക്കണം ഖുറൈശി എന്നതു വിട്ട് അസദ് പരാമര്‍ശിച്ചത് എന്ന ആലോചനയ്ക്കു പരിഹാരമായി നബി(സ്വ)യുടെ ചില വചനങ്ങള്‍ കാണാവുന്നതാണ്. അവിടുന്ന് പറഞ്ഞു: അസദ് എന്നാല്‍ ഭൂമിയില്‍ അല്ലാഹുവിന്റെ സൈന്യങ്ങളാണ്. ജനങ്ങള്‍ അവരെ തരംതാഴ്ത്താന്‍ ശ്രമിച്ചാലും അല്ലാഹു അവരെ ഉയര്‍ത്തുന്നതാണ്. ജനങ്ങള്‍ക്കൊരു കാലം വരാനുണ്ട്. അന്ന് ആളുകളിങ്ങനെ പറയും: എന്റെ പിതാവ് അസദ്കാരനായിരുന്നെങ്കില്/ എന്റെ ഉമ്മ അസദ്കാരിയായെങ്കില്(തുര്‍മുദി).
അസദ് ഗോത്രക്കാരില്‍ നിന്നും മദീനയിലെത്തിയവരാണ് അന്‍സ്വാറുകളുടെ കുടുംബം. നബി(സ്വ)യുമായി ആമിറുബ്നു ശാലിഖ് എന്ന പിതാമഹനില്‍ അസദ്കാര് സന്ധിക്കുന്നുണ്ട്. അനസ്(റ) പറയുന്നു: ഞങ്ങള്‍ അസദില്‍ പെട്ടവരല്ലായിരുന്നെങ്കില് ഞങ്ങള്‍ മനുഷ്യര്‍ തന്നെയാകുമായിരുന്നില്ല” (തുര്‍മുദി).
ഇങ്ങനെ വരുമ്പോള്‍ “അസദ്’ ഗോത്രവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന് പ്രസക്തിയുണ്ട്. പറയാനും അഭിമാനിക്കാനും പറ്റിയതാണ് അസദുമായുള്ള ബന്ധം. അതാണ് ഇമാം ശാഫിഈ(റ) വെളിപ്പെടുത്തിയത്.
ഇമാമിന്റെ ജീവിതചരിത്രത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളും സേവനത്തിന്റെ രീതിയും ഗതിയും വിലയിരുത്തുമ്പോള്‍ ചിട്ടയൊത്ത ഒരു ക്രമപ്പെടുത്തല്‍ പ്രത്യക്ഷമായി തന്നെ കാണാവുന്നതാണ്.
മദ്ഹബിന്റെ ഇമാമുകളില്‍ ഏറ്റവും കുറവ് ജീവിതകാലം ഇമാമിന്റേതായിരുന്നു. ഹിജ്റ 150ല്‍ പിറന്ന് 204 റജബ് 29ന് 54ാം വയസ്സില്‍ ആ വിസ്മയ ജീവിതം അവസാനിച്ചു. അതായത് മറ്റു ഇമാമുകളായ അബൂഹനീഫ(റ)നെക്കാള്‍ 16 വര്‍ഷവും മാലിക്(റ), അഹ്മദ്(റ) എന്നിവരേക്കാള്‍ യഥാക്രമം 32, 21 വര്‍ഷങ്ങളും കുറഞ്ഞ ജീവിതം. ഇതിനിടയില്‍ തന്നെ വൈജ്ഞാനിക ബോധന രംഗത്ത് മഹാത്ഭുതം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
അലവിക്കുട്ടി ഫൈസി എടക്കര