ശാഖ എന്നര്‍ത്ഥം വരുന്ന ശഅബ് എന്ന മൂലപദത്തില്‍ നിന്നാണ് ശഅ്ബാന്‍ എന്ന നാമം രൂപപ്പെടുന്നത്. അടുത്തുവരുന്ന റമളാന്‍ കാലത്തെ സത്കര്‍മപൂരിതമാക്കാനായി നന്മകൊണ്ടു പരിശീലനമൊരുക്കുക എന്ന അടിസ്ഥാന ദൗത്യമാണ് ശഅ്ബാന്‍ എന്ന ശാഖക്കുള്ളത് (ഗാലിയ 1/782, ഗുന്‍യ 1/187).
റജബ്, റമളാന്‍ എന്നീ രണ്ടു വിശുദ്ധ മാസങ്ങള്‍ക്കിടയില്‍ ഇടം പിടിച്ചതിനാല്‍, പലരും അലസഭാവത്തോടെ തള്ളിക്കളയുന്ന ദിനങ്ങളാണ് ശഅ്ബാനിന്‍റേത്. എന്നാല്‍ തിരുനബി(സ്വ)യും അവിടുത്തെ അനുചര ശ്രേഷ്ഠരുമൊന്നടങ്കം അതിപ്രാധാന്യത്തോടെ സമീപിച്ചിരുന്ന മാസമാണ് ശഅ്ബാന്‍. ഇതറിയിക്കുന്ന ഒട്ടനവധി സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം.
സത്കര്‍മങ്ങളില്‍ മുഴുകിയ ശഅ്ബാനിലൂടെ റമളാനിനെ സ്വീകരിക്കുന്ന പതിവായിരുന്നു നബി(സ്വ)ക്കുണ്ടായിരുന്നതെന്ന് പ്രിയതമ ആയിശ(റ)യില്‍ നിന്നുദ്ധരിക്കുന്ന ഹദീസ് വ്യക്തമാക്കുന്നു (ലത്വാഇഫ് 1/253, ഗുന്‍യ 1/187). മാത്രമല്ല, ജനങ്ങള്‍ അലസമായി തള്ളിക്കളയുന്ന ഇക്കാലയളവിലെ ആരാധനകള്‍ക്ക് പ്രത്യേക പദവിയും പ്രതിഫലവും നല്‍കുമെന്ന് ലത്വാഇഫ് പറയുന്നു.
നോമ്പ്, ഖുര്‍ആന്‍ പാരായണം, നബി(സ്വ)യുടെ മേലിലുള്ള സ്വലാത്ത് തുടങ്ങിയ പ്രത്യേക ആരാധനകളിലൂടെയാണ് ഈ മാസത്തെ മഹാരഥന്മാര്‍ പരിഗണിച്ചുപോന്നത്.
നോമ്പ്
റമളാനൊഴികെയുള്ള മാസങ്ങളില്‍ നബി(സ്വ) ഏറ്റവും കൂടുതല്‍ നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നു. സൂക്ഷ്മതയോടെയും ബാധ്യതാ ബോധത്തോടെയും ചെയ്തുതീര്‍ക്കുന്ന അവിടുത്തെ നോമ്പ് കണ്ടു പത്നി ആയിശ(റ) ചോദിച്ചു: മറ്റു മാസങ്ങളില്‍ തങ്ങളനുഷ്ഠിക്കുന്ന നോമ്പുകളേക്കാള്‍ ഈ മാസം അനുഷ്ഠിച്ചു കാണുന്നുണ്ടല്ലോ? അവിടുന്ന് പറഞ്ഞു: മരണത്തിന്റെ മലക്ക് ജനങ്ങളുടെ ആത്മാവ് പിടിക്കാന്‍ സമയം രേഖപ്പെടുത്തുന്നത് ഈ മാസത്തിലാണ്. എന്റെ ആത്മാവ് ഞാന്‍ നോമ്പുകാരനായിരിക്കെ നിര്‍ണയം നടത്താനാണെനിക്കിഷ്ടം (ഹൈതമി, മജ്മഉസ്സവാഇദ് 3/192, അബൂയഅ്ല 8/312).
ഈ ഹദീസും മറ്റു ഹദീസുകളും ഉദ്ധരിച്ച്, ഇബ്നുല്‍ ജൗസി പോലും തന്റെ തബ്സ്വിറയില്‍ ശഅ്ബാന്‍ നോമ്പ് സുന്നത്താണെന്ന് പറയുന്നുണ്ട്. ശഅ്ബാന്‍ പൂര്‍ണമായും തങ്ങള്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു (ബുഖാരി) എന്ന ഹദീസ് വിശദീകരിക്കുന്ന പണ്ഡിതന്മാര്‍ യൗമുശക്ക് (റമളാനാണോ എന്ന സംശയദിവസം) നോമ്പ് സുന്നത്തുണ്ടോ എന്ന വിഷയത്തില്‍ മാത്രമാണ് അഭിപ്രായ ഭിന്നത പുലര്‍ത്തുന്നത് (ഗാലിയ 1/783).
ശഅ്ബാനില്‍ നബി(സ്വ)യും അവിടുത്തെ അനുചരരും നോമ്പനുഷ്ഠിച്ചത് പരാമര്‍ശിക്കുന്ന ഒട്ടനവധി ഹദീസുകളുണ്ട് (ലത്വാഇഫുല്‍ മആരിഫ് 1/256,257, മജ്മഉസ്സവാഇദ് 3/192 കാണുക).
ഖുര്‍ആന്‍ പാരായണം
ഖുര്‍ആനിന്റെ മാസമായ വിശുദ്ധ റമളാനിന് സ്വീകരണമൊരുക്കേണ്ടത് ഖുര്‍ആന്‍ പാരായണത്തിലൂടെയാണ്. അനസ്(റ) ഉദ്ധരിക്കുന്നു. ശഅ്ബാന്‍ പ്രവേശിച്ചാല്‍ ജനങ്ങള്‍ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുമായിരുന്നു. ഖുര്‍ആനില്‍ മുഖം കുത്തിവീഴുമായിരുന്നു എന്നര്‍ത്ഥം വരുന്ന അകബ്ബ എന്ന പദമാണ് അനസ്(റ) ഉപയോഗിച്ചിട്ടുള്ളത് (തഹ്ദീബുല്‍ കമാല്‍ 11/313, ലത്വാഇഫ്/258). സലമതുബ്നു കുഹൈല്‍ ഉദ്ധരിക്കുന്നു: ശഅ്ബാന്‍ മാസം ഖുര്‍ആന്‍ പാരായണക്കാരുടെ മാസമാണ് (സിയറു അഅ്ലാമിന്നുബല 5/295).
പ്രമുഖ പണ്ഡിതനും സ്വൂഫിവര്യനുമായിരുന്ന അംറുബ്നു ഖൈസില്‍ മുല്ലാസി(റ) ശഅ്ബാന്‍ പ്രവേശിച്ചാല്‍, തന്റെ സ്വകാര്യ ആരാധനാലയത്തില്‍ പ്രവേശിച്ച് വാതിലടച്ച് ഏറെ സമയം ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുമായിരുന്നു (ഹല്‍യതുല്‍ ഔലിയാഅ് 5/100, സിയറ് 6/250).
സ്വലാത്തിന്റെ മാസം
അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: “നബി(സ്വ) പറഞ്ഞു: ശഅ്ബാന്‍ എന്റെ മാസമാണ്.’ ഈ ഹദീസിന്റെ വിശാലാര്‍ത്ഥത്തില്‍ സ്വലാത്ത് വര്‍ധിപ്പിക്കല്‍ കൂടി ഉള്‍പ്പെടുമെന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നു.
ശഅ്ബാനിലെ സ്വലാത്തിന്റെ പ്രത്യേകത പണ്ഡിതന്മാര്‍ വളരെയധികം വിശദീകരിക്കുന്നുണ്ട്. അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ഗുന്‍യയില്‍ ഈ വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യുന്നുണ്ട് (1/187,188).
നബി(സ്വ) സമുദായത്തിന്റെ പ്രകാശമാണ്. അവിടുത്തെ ഇഷ്ടവും മോഹവും സമുദായത്തിന്റെ കൂടി താല്‍പര്യമാണ്. ഇതുകൊണ്ട് തന്നെ അവിടുത്തേക്ക് ലഭിച്ച ഒരു പ്രത്യേക മാസം തങ്ങളുടെ പ്രീതിക്കുവേണ്ടി നീക്കിവെക്കാനാണ് പൂര്‍വികര്‍ ഉദ്ഘോഷിക്കുന്നത് (ഗ്വാലിയ 1/784).
ബറാഅത്ത് രാവ്
സൂറത്തു ദുഖാനിലെ മൂന്ന്, നാല് ആയത്തുകള്‍ പരാമര്‍ശിക്കുന്ന, ഖുര്‍ആന്റെ പ്രത്യേക കൈമാറ്റവും വിധിവിസ്താരവും നടക്കുന്ന രാത്രി ശഅ്ബാന്‍ പതിനഞ്ച് രാത്രി (ബറാഅത്ത്)യാണെന്ന അഭിപ്രായം ഒട്ടനവധി മുഫസ്സിറുകള്‍ ഉദ്ധരിക്കുന്നുണ്ട് (റൂഹുല്‍ മആനി, ഖുര്‍തുബി കാണുക).
അലി(റ)യില്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു: ബറാഅത്ത് രാവില്‍ അല്ലാഹു ഒന്നാനാകാശത്തേക്ക് അവന്റെ പ്രത്യേക റഹ്മത് ഇറക്കും. ബഹുദൈവാരാധകരോ വ്യഭിചാരികളോ അല്ലാത്ത സര്‍വജനങ്ങള്‍ക്കും അവന്‍ അന്നു രാത്രി പൊറുത്തുകൊടുക്കും (ഗുന്‍യ 1/190).
ലൈലതുറഹ്മ (കാരുണ്യരാത്രി), ലൈലതുല്‍ മുബാറക (അനുഗ്രഹീതരാത്രി), ലൈലതുസ്വക്ക് (വിധിതീര്‍പ്പുരാത്രി), ലൈലതുല്‍ ബറാഅ (വിമോചനരാത്രി) എന്നീ നാമങ്ങളില്‍ ശഅ്ബാന്‍ പതിനഞ്ച് അറിയപ്പെടുന്നു (ഗാലിയ 1/778).
ആഇശ(റ) ഉദ്ധരിക്കുന്നു: നബി(സ്വ) ഒരു ശഅ്ബാന്‍ പതിനഞ്ചിന് എന്നോട് ചോദിച്ചു. ഇന്നത്തെ രാത്രിയുടെ പ്രത്യേക എന്താണെന്ന് നിനക്കറിയുമോ? ബനൂ കല്‍ബ് സമുദായത്തിലെ ആടുകളുടെ രോമത്തിന്റെ എണ്ണമത്രയും എന്റെ സമുദായത്തിലെ ദോഷികളെ നരകത്തില്‍ നിന്ന് മോചിപ്പിക്കും. ആഇശ(റ) ചോദിച്ചു: എന്താണ് നബിയെ ബനൂകല്‍ബിലെ ആടിന്റെ പ്രത്യേകത? അറബികളില്‍ അവരേക്കാള്‍ ആടുകളുള്ളവര്‍ മറ്റാരുമില്ല (മിശ്കാത്, ഗ്വാലിയ 1/778).
ഇങ്ങനെ ഒട്ടനവധി സവിശേഷതകള്‍ മേളിച്ച ഒരു ശ്രേഷ്ഠദിനമാണ് ശഅ്ബാന്‍ പതിനഞ്ച്. മതവേദിയിലെ അല്‍പബുദ്ധികളായ നവീന ആശയക്കാര്‍ അവരുടെ ചെറിയ ദൃഷ്ടി കോണില്‍ എത്തിപ്പെടാത്തത് മുഴുവന്‍ നിഷേധിക്കുന്നതിന്റെ ഭാഗമായാണ് ബറാഅത്ത് രാവിനെയും നിഷേധിക്കാനിറങ്ങിയത്.