അല്ലാഹുവിനെക്കുറിച്ചുള്ള ബൈബിള്‍ വിശ്വാസവും വിരുദ്ധമായ ഖുര്‍ആനിക ദര്‍ശനവും കണ്ടല്ലോ. രണ്ടു ഗ്രന്ഥങ്ങളും പരസ്പരം വച്ചുമാറിയതല്ലെന്നതിനു മൗലികമായ പ്രമാണമായിരുന്നു പ്രസ്തുത ചര്‍ച്ച. ഇനി പ്രവാചകന്മാരെ പ്രതിയുള്ള ഇരുഗ്രന്ഥങ്ങളുടെയും പരാമര്‍ശങ്ങള്‍ വിലയിരുത്താം.
വിശുദ്ധ വേദത്തില്‍ ആദം നബി(അ)ന്റെ സൃഷ്ടിപ്പിനെക്കുറിച്ചും തുടര്‍ന്നുള്ള സംഭവങ്ങളെക്കുറിച്ചും വിവരിക്കുന്നത് ഇപ്രകാരമാണ്:
“ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് താങ്കളുടെ നാഥന് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങള്‍ നിന്റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുകയും പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു. അവന് പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം’ (അല്‍ബഖറ/30).
അവന് ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് അവയെ അവന് മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്മാരാണെങ്കില് ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക് സ്തുതി. നീ പഠിപ്പിച്ചു തന്നതല്ലാതെ യാതൊരറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയും. അനന്തരം അവന് പറഞ്ഞു: ആദമേ, ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ ആദം അവര്‍ക്ക് ആ നാമങ്ങള്‍ പറഞ്ഞു കൊടുത്തപ്പോള്‍ അല്ലാഹു പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യ കാര്യങ്ങളും നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ. ആദമിന് നിങ്ങള്‍ സുജൂദ് ചെയ്യുക എന്നു നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). അവര്‍ വണങ്ങി; ഇബ്ലീസ് ഒഴികെ. അവന് വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന് സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു (അല്‍ബഖറ/3134).
ആദമേ, നീയും നിന്റെ തുണയും കൂടി ഈ തോട്ടത്തില്‍ താമസിക്കുകയും നിങ്ങള്‍ക്ക് ഇഷ്ടമുള്ളേടത്ത് നിന്നുകൊള്ളുകയും ചെയ്യുക. എങ്കിലും ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്. എങ്കില്‍ നിങ്ങള്‍ ഇരുവരും അക്രമികളില്‍ പെട്ടവരായിരിക്കും എന്നും (അല്ലാഹു പറഞ്ഞു).
അവരില്‍ നിന്നും മറച്ചുവെക്കപ്പെട്ടിരുന്ന അവരുടെ രഹസ്യസ്ഥാനങ്ങള് അവര്‍ക്ക് വെളിപ്പെടുത്തുവാനായി പിശാച് അവര്‍ ഇരുവരോടും ദുര്‍മന്ത്രണം നടത്തി. അവന് പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് ഈ വൃക്ഷത്തില്‍ നിന്ന് നിങ്ങളിരുവരെയും വിലക്കിയിട്ടുള്ളത് നിങ്ങളിരുവരും മലക്കുകളായിത്തീരുമെന്നത് കൊണ്ടോ, നിങ്ങള്‍ ഇവിടെ നിത്യവാസികളായിത്തീരുമെന്നത് കൊണ്ടോ അല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളില്‍ പെട്ടവനാണ് എന്ന് അവരോട് അവന് സത്യം ചെയ്തു പറയുകയും ചെയ്തു. അങ്ങനെ ഇരുവരെയും വഞ്ചനയിലൂടെ അവന് താഴ്ത്തിക്കളഞ്ഞു. ഇരുവരും ആ വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിവായി. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത് അവര്‍ തങ്ങളുടെ ശരീരം മറക്കാന്‍ തുടങ്ങി. അവര്‍ ഇരുവരെയും വിളിച്ച് അവരുടെ രക്ഷിതാവ് പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന് ഞാന്‍ നിങ്ങളെ വിലക്കിയിട്ടില്ലേ? തീര്‍ച്ചയായും പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുമില്ലേ? അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും. അവന് പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോവുക, നിങ്ങളില്‍ ചിലര്‍ മറ്റുചിലര്‍ക്ക് ശത്രുക്കളായിരിക്കും. നിങ്ങള്‍ക്ക് ഭൂമിയില്‍ വാസസ്ഥലമുണ്ട്. ഒരു നിശ്ചിത സമയം വരെ ജീവിത സൗകര്യങ്ങളുണ്ട്. അവന് പറഞ്ഞു: അതില്‍ തന്നെ നിങ്ങള്‍ ജീവിക്കും. അതില്‍ തന്നെ നിങ്ങള്‍ മരിക്കുകയും ചെയ്യും (അഅ്റാഫ്/1925).
ബൈബിള്‍ ഉല്പത്തി പുസ്തകത്തില്‍ പറയുന്ന ആദാമിന്റെ സൃഷ്ടിപ്പിനെക്കുറിച്ചുള്ള ഭാഗങ്ങളുമായി മേല്‍സൂക്തങ്ങളെ ഇങ്ങനെ താരതമ്യം ചെയ്യാം.
ദൈവം സ്വരൂപത്തില്‍ ആദമിനെ സൃഷ്ടിച്ചു എന്ന് ബൈബിള്‍ പറയുമ്പോള്‍ ദൈവത്തെപ്പോലെ ആരും ഇല്ല എന്നതുകൊണ്ട് അത്തരമൊരു ദൈവനിന്ദാ വചനം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ല. ദൈവത്തെപ്പോലെ ആരും ഇല്ലെന്നാണ് ബൈബിളിന്റെയും ശരിയായ അധ്യാപനം.
തെറ്റ് ചെയ്ത മനുഷ്യനെയും സ്ത്രീയെയും സര്‍പ്പത്തെയും യഹോവ ശപിക്കുന്നതായി ബൈബിള്‍ പരാമര്‍ശിക്കുമ്പോള്‍ അല്ലാഹു മനുഷ്യരെ പിഴപ്പിച്ച പിശാചിനെ മാത്രം ശപിക്കുകയും ആദം നബിയും പത്നി ഹവ്വാ(റ)യും ഖേദിച്ച് മടങ്ങുകയും ചെയ്യുന്നതായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു.
ബൈബിള്‍ വിശദീകരണ പ്രകാരം യഹോവ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കാതിരിക്കുകയും സര്‍പ്പം പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ദൈവത്തെ തരംതാഴ്ത്തുന്ന ഇത്തരം വചനം ഖുര്‍ആനിലില്ല.
വിലക്കപ്പെട്ട കനി തിന്നതിനാല്‍ യഹോവ സ്ത്രീയെ ശപിച്ചതുകൊണ്ടാണ് ഗര്‍ഭപീഡയും പ്രസവവേദനയും ഉണ്ടായത് എന്നാണ് ബൈബിള്‍ പറയുന്നത്. എന്നാല്‍ പരിശുദ്ധ ഖുര്‍ആന്‍ ഈ അനുഗ്രഹത്താല്‍ മാതാവിനെ ആദരിക്കണമെന്നാണ് കല്പിക്കുന്നത്.
തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു (അഹ്ഖാഫ്/15).
മനുഷ്യരുടെ കൃഷിയും അധ്വാനവും യഹോവയുടെ ശാപത്തിന്റെ ഫലമാണെന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍ ഖുര്‍ആന്‍ ഇവയൊക്കെ അല്ലാഹു നല്കിയ അനുഗ്രഹമായാണ് വിവരിക്കുന്നത്.
“അങ്ങനെ നിസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും അല്ലാഹുവിന്റെ ഔദാര്യത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിനെ കൂടുതലായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം വരിച്ചേക്കും’ (ജുമുഅ/10).
പിശാചിന്റെ പ്രേരണയാല്‍ വിലക്കപ്പെട്ട കനി തിന്നുപോയ ആദം നബിയും ഹവ്വ ബീവിയും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയും പശ്ചാതപിക്കുകയും അങ്ങനെ അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുക്കുകയും ചെയ്തതായി ഖുര്‍ആന്‍ പരാമര്‍ശിക്കുമ്പോള്‍ അതിനെക്കുറിച്ച് ബൈബിള്‍ മൗനം പാലിക്കുകയാണ്. മാത്രമല്ല, ആദാമും ഹവ്വയും പാപം ചെയ്തതിന്റെ ഫലമായി മനുഷ്യകുലം മുഴുവനും പാപികളായിത്തീരുകയും ചെയ്തു എന്ന ആദിപാപ സങ്കല്പം ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലായി മാറുകയുമുണ്ടായി.
രണ്ടു ഗ്രന്ഥങ്ങളും തമ്മില്‍ ആദ്യമനുഷ്യന്റെ സൃഷ്ടിപ്പ് സംബന്ധിച്ച് വേറെയും വൈരുധ്യങ്ങളുണ്ട്. അനുകരണവാദം തരിപ്പണമാവാന്‍ ഇത്രതന്നെ മതിയല്ലോ.
നൂഹ് നബി(അ)
ജനങ്ങളെ നന്മയിലേക്ക് ക്ഷണിക്കാന്‍ അല്ലാഹു നിയോഗിച്ച ഉല്‍കൃഷ്ട പ്രവാചകനായ നൂഹ് നബി(അ)ന്റെ ചരിത്രം ഖുര്‍ആന്‍ വിശദീകരിക്കുമ്പോള്‍ മ്ലേഛവും വൃത്തിഹീനവുമായ രീതിയിലാണ് ബൈബിള്‍ രചയിതാക്കള്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്.
“നോഹ കൃഷി ചെയ്യാന്‍ തുടങ്ങി. അവന് ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. അവന് അതിലെ വീഞ്ഞുകുടിച്ചു ലഹരി പിടിച്ച് നഗ്നനായി തന്റെ കൂടാരത്തില്‍ കിടന്നു. കനാന്റെ പിതാവായ സാം തന്റെ പിതാവിന്റെ നഗ്നത കണ്ടിട്ടു പുറത്തുചെന്ന് തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു. ശേമും യാഫെത്തും ഒരു വസ്ത്രമെടുത്ത് ഇരുവരുടെയും തോളിലിട്ടുകൊണ്ട് പുറകോട്ടു നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു. തങ്ങളുടെ മുഖം തിരിച്ചുപിടിച്ചിരുന്നതു കൊണ്ട് അവര്‍ പിതാവിന്റെ നഗ്നത കണ്ടില്ല. ലഹരി വിട്ടുമാറി നോഹ ഉണര്‍ന്നപ്പോള്‍ തന്റെ ഇളയമകന് തന്നോടു ചെയ്തത് അവന് അറിഞ്ഞു (ഉല്പത്തി 9/2024).
എന്നാല്‍ പരിശുദ്ധ ഖുര്‍ആന്‍ നൂഹ് നബി(അ)നെ പരിചയപ്പെടുത്തുന്നത് വിശ്വസ്തതയും സൂക്ഷ്മതയും പാലിച്ച് അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന മഹാ പ്രവാചകനായാണ്.
അവരുടെ സഹോദരന് നൂഹ് അവരോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (സ്മരണീയമാണ്): നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക. ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോക രക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക (ശുഅ്റാ/106110).
നൂഹ് നബി(അ)ന്റെ പ്രബോധന ചരിത്രം വിശദീകരിക്കുന്നിടത്തും ബൈബിളും ഖുര്‍ആനും ഇരുചേരിയില്‍ നില്ക്കുന്നതായി കാണാം.
നോഹക്ക് മൂന്ന് പുത്രന്മാരുണ്ടെന്ന് ബൈബിള്‍ വിശദീകരിക്കുന്നു. “നോഹക്ക് ശേം, ഹാം, യാഫെത്ത് എന്നീ മൂന്നു പുത്രന്മാര് ജനിച്ചു’ (ഉല്പത്തി 6/10).
ഇവര്‍ മൂന്നു പേരും ജലപ്രളയത്തില്‍ രക്ഷപ്പെട്ടതായും ഇവരുടെ സന്താന പരമ്പരകള്‍ ഭൂമിയിലാകെ വ്യാപിച്ചതായും ബൈബിള്‍ പറയുന്നു.
പേടകത്തില്‍ നിന്നും പുറത്തുവന്നവരായ നോഹയുടെ പുത്രന്മാര് ശേം, ഹാം, യാഫത്ത് എന്നിവരായിരുന്നു (ഉല്പത്തി 9/18). ഇവര്‍ മൂവരും ആയിരുന്നു നോഹയുടെ പുത്രന്മാര്, ഇവരുടെ സന്താന പരമ്പരകള്‍ ഭൂതലമാകെ വ്യാപിച്ചു (ഉല്പത്തി 9/19).
എന്നാല്‍ നൂഹ് നബി(അ)ന് കന്‍ആന്‍ എന്നു പേരുള്ള നാലാമതൊരു പുത്രനും ഉണ്ടായിരുന്നു. അവന് അവിശ്വാസിയായതു കൊണ്ട് ജലപ്രളയത്തില്‍ മുങ്ങിമരിച്ചു. ഇതിനെക്കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
പര്‍വതസമാന തിരമാലകള്‍ക്കിടയിലൂടെ അത് (കപ്പല്‍) അവരെയും കൊണ്ട് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. നൂഹ് തന്റെ മകനെ വിളിച്ചു. അവന് അകലെ ഒരു സ്ഥലത്തായിരുന്നു. എന്റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്. അവന് പറഞ്ഞു: വെള്ളത്തില്‍ നിന്ന് എനിക്ക് രക്ഷ നല്കുന്ന വല്ല മലയിലും ഞാന്‍ അഭയം പ്രാപിച്ചു കൊള്ളാം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ കല്പനയില് നിന്ന് ഇന്ന് രക്ഷ നല്കാന് ആരുമില്ല. അവന് കരുണ ചെയ്തവര്‍ക്കൊഴികെ. (അപ്പോഴേക്കും) അവര്‍ രണ്ടു പേര്‍ക്കുമിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന് മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി (ഹൂദ്/42,43).
ബൈബിള്‍ ഈ സംഭവത്തെ കുറിച്ച് മൗനം പാലിക്കുകയാണ്. നാലാമതൊരു മകന് നൂഹ്(അ)ന് ഉള്ളതായി പോലും അതില്‍ പരാമര്‍ശിക്കുന്നില്ല. ബൈബിളില്‍ നിന്ന് മുഹമ്മദ് റസൂല്‍(സ്വ) ചോര്ത്തിയെടുത്തുതാണ് ഖുര്ആനെങ്കില് ഈ മുടിയനായ പുത്രന്റെ ചരിത്രം എങ്ങനെ ഖുര്‍ആനിലുണ്ടായി. ബൈബിളെഴുത്തുകാരുടെ അജ്ഞതയെ തിരുത്തുകയാണ് ഇവിടെയും വിശുദ്ധ വേദം.
മഴവില്ല് ഉടമ്പടിയുടെ അടയാളമോ?
ദൈവം നോഹയോട് നടത്തിയ ഉടമ്പടിയുടെ അടയാളമായാണ് ബൈബിള്‍ മഴവില്ലിനെ പരിചയപ്പെടുത്തുന്നത്.
പിന്നെയും ദൈവം അരുളിചെയ്തത്. എനിക്കും നിങ്ങള്‍ക്കും നിങ്ങളോട് കൂടെയുള്ള സകല ജീവജാലങ്ങള്‍ക്കും മധ്യേ എന്നേക്കും തലമുറകള്‍ക്കായി നല്കുന്ന ഉടമ്പടിയുടെ അടയാളം ഇതാകുന്നു. ഞാന്‍ മേഘത്തില്‍ എന്റെ വില്ലു സ്ഥാപിക്കുന്നു. അത് എനിക്കും ഭൂമിക്കും തമ്മിലുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും. ഞാന്‍ ഭൂമിയുടെ മീതേ മേഘങ്ങളെ വരുത്തുകയും മേഘങ്ങളില്‍ മഴവില്ല് കാണുകയും ചെയ്യുമ്പോള്‍ നിങ്ങളോടും സകല ജീവജാലങ്ങളോടുമുള്ള എന്റെ ഉടമ്പടി ഞാന്‍ ഓര്‍ക്കും. സകല ജീവജാലങ്ങളെയും നശിപ്പിക്കുന്ന കുല പ്രളയം ഇനിയും ഉണ്ടാവുകയില്ല (ഉല്പത്തി 9/1215).
ഉദ്ധൃത വചനമനുസരിച്ച് മഴവില്ല് നോഹിന്റെ കാലഘട്ടത്തിലാണ് ആദ്യമായുണ്ടായത് എന്നുവരും. എന്നാല്‍ ഇതിന് ശാസ്ത്രീയമായ യാതൊരു പിന്‍ബലവുമില്ലെന്നാണ് യാഥാര്‍ത്ഥ്യം. വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെയൊരു അബദ്ധം പറയുന്നില്ല. ശാസ്ത്രം വികസിച്ചിട്ടില്ലാത്ത കാലത്ത് പകര്‍ത്തിയെഴുതുമ്പോള്‍ ഇതുകൂടെ ഉള്‍പ്പെടുക സ്വാഭാവികം. പക്ഷേ, അതുണ്ടാകാതിരുന്നതെന്തു കൊണ്ടാണ്? ഖുര്‍ആന്‍ സര്‍വകാല ജ്ഞാനിയായ അല്ലാഹുവിന്റെ കലാമായതു കൊണ്ടുതന്നെ!
ബൈബിള്‍ഖുര്‍ആന്‍/4 ജുനൈദ് ഖലീല്‍ സഖാഫി
പ്രവാചകന്മാരുടെ ചരിത്രം