നൈല്‍യൂഫ്രട്ടീസ്ടൈഗ്രീസ് കരകള്‍ക്കും ജിബ്രാള്ട്ടന് തടാക തീരങ്ങള്‍ക്കും നിരവധി കവികളുടെ ഇതിഹാസങ്ങള്‍ അയവിറക്കാനുണ്ട്. കാസ്പിയന്‍ കടലിനും അറേബ്യന്‍ ഉള്‍ക്കടലിനും ധാരാളം പണ്ഡിത കേസരികളുടെ കഥകളും പറയാനാവും. അന്ധകാര യുഗത്തിലെ മദ്യപാനികള്‍ക്കും അബ്ബാസിയാ ഭരണകാലത്തെ കൊട്ടാര കവികള്‍ക്കും ഉറക്കവും കറക്കവും സന്താപവും സന്തോഷവും കവിതകളായാണ് ഒഴുകിയത്.
എന്നാല്‍ കടലുണ്ടിപ്പുഴയുടെ തീരത്തിനും ഒരു സാഹിത്യകാരന്റെ കഥ പറയാനുണ്ട്. പക്ഷേ, അതൊരു കേവലം കവിയോ സാഹിത്യകാരനോ അല്ല. പ്രവാചകനോടും പൂര്‍വകാല മഹത്തുക്കളോടുമുള്ള അനുരാഗത്തിന്റെ പെരുമഴ പെയ്യിച്ച സാത്വികജ്ഞാനി. പ്രേമത്തിന്റെ തിരമാലകളായി അനുവാചകരുടെ കാതിലും കണ്ണിലും അലയടിക്കുകയായിരുന്നു ആ കവിതാ ശകലങ്ങള്‍. നന്മയുടെ നൂറു നിലാവുകള്‍ പൂര്‍വപിതാക്കളില്‍ സംഗമിച്ചപ്പോള്‍ പാണ്ഡിത്യവും പ്രവാചക പ്രേമവും രചനാവൈഭവവും പൗത്രനായ ആ കവിയില്‍ ഒത്തൊരുമിക്കുകയായിരുന്നു.
അലി(റ)യും ഇമാം ശാഫിഈ(റ)യും നബികുടുംബത്തിലെ പ്രമുഖരും അഗാധ പാണ്ഡിത്യത്തിന്റെ ഉടമകളുമായതോടൊപ്പം ലോകം കണ്ട കവികളുമായിരുന്നു. അവരുടെ കവിതകള്‍ പ്രവാചക സ്നേഹത്തിന്റെയും ആത്മ സംസ്കരണത്തിന്റെയും ഈരടികളുമായിരുന്നു. ഈ പാരമ്പര്യമാണ് സ്മര്യപുരുഷനായ ശൈഖുനാ തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്ക്കുണ്ടായത്. നബി(സ്വ) കുടുംബമെന്ന മഹത്വവും അഗാധ പാണ്ഡിത്യത്തിന്റെ ഉടമയും ആയിരിക്കെ രാപകലുകള്‍ ഭേദമന്യേ പഠനത്തിലും അധ്യാപനത്തിലും സദാ മുഴുകിയിരുന്ന ഇമാം ശാഫിഈ(റ)യുടെ കവിതാ സമാഹാരം നിസ്സാരമായിരുന്നില്ല. ഇതേ പിന്തുടര്ച്ചയാണ് ശൈഖുനാ ബാപ്പു മുസ്ലിയാരിലും കാണാനാവുക.
ജാഢകളിലും പുറംപൂച്ചിലും ഉള്‍പ്പെടാതെ വിനയത്തിന്റെയും എളിമയുടെയും ആള്‍രൂപമായി ജീവിതം നയിച്ച ബാപ്പു മുസ്ലിയാരെ അടുത്തറിയാന്‍ പലര്‍ക്കും കഴിഞ്ഞിട്ടുണ്ടാവില്ല.
അലിയാരുടെയും ഇമാം ശാഫിഈ(റ)യുടെയും ഫറസ്ദഖിന്റെയും ശൗഖി, ബൂസ്വീരി സാഹിത്യശൃംഖലയില് മലയാളത്തിന്റെ പുത്രനായി കടന്നുവന്ന വെളിയങ്കോട് ഉമര്‍ഖാളി(റ) തന്റെ പാണ്ഡിത്യവും സാഹിത്യവും കൊണ്ട് അറബ് ലോകത്തു നിറഞ്ഞുനിന്നുവെങ്കില്‍ അതിന്റെ പിന്തുടര്ച്ചക്കാരനാണ് ബാപ്പു മുസ്ലിയാരെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല.
അറബി ഭാഷയിലെ കവിതാ രചനാ നിയമവും പ്രാസവും ഒപ്പിച്ചു മാത്രമാണ് അറബി കവിതകളുണ്ടാക്കാറുള്ളതെങ്കിലും മാപ്പിളപ്പാട്ടുകളുടെയും മറ്റു സംഗീതങ്ങളുടെയും രീതി കേള്‍പ്പിച്ചുകൊടുത്താല്‍ നിമിഷങ്ങള്‍ക്കകം ആ രീതിയില്‍ കവിതയും കല്യാണപ്പാട്ടുകളും സ്വാഗതഗാനങ്ങളും അദ്ദേഹം രചിക്കും. അതില്‍ മലയാളത്തിന്റെയും അറബിയുടെയും കവിതാ പ്രാസങ്ങള്‍ ഒപ്പിച്ചെടുക്കാന്‍ നിഷ്പ്രയാസം അദ്ദേഹത്തിനായി.
1985ല്‍ സമസ്തയുടെ അറുപതാം വാര്‍ഷിക സമ്മേളനം ഫെബ്രുവരി 3,4,5,6 തിയ്യതികളില്‍ നടന്നപ്പോള്‍ നാലു ദിവസവും ബാപ്പു മുസ്ലിയാരുടെ സ്വാഗത ഗാനങ്ങള്‍ കൊണ്ടായിരുന്നു തുടങ്ങിയിരുന്നത്. സമാപന സമ്മേളനം കടപ്പുറത്ത് നടന്നപ്പോള്‍ അറബിക്കടലിന്റെ അലമാലകള്ക്കൊപ്പം അലയടിക്കുന്ന സ്വാഗതഗാനം ഇന്നും സുന്നീ ജനലക്ഷങ്ങളുടെ കാതുകളില്‍ നിന്ന് മറഞ്ഞിട്ടുണ്ടാവില്ല. “വാഹന്‍ ലക യാ…” എന്ന പ്രാരംഭ വരികള്‍ കേട്ട് സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്ന അറബ് ലോകത്തെ പ്രമുഖ പണ്ഡിതന് ഡോ. വഹബ് സുഹൈലി ഏറെ ആശ്ചര്യം പ്രകടിപ്പിക്കുകയുണ്ടായി.
അന്ന് സമ്മേളനത്തിന് വരുംവഴി ചിലര്‍ തടഞ്ഞതു കാരണം മടങ്ങിപ്പോയി പിന്നീട് കേരളത്തില്‍ വന്ന പ്രവാചക സ്നേഹിയും പണ്ഡിതനും കുവൈത്ത് ഔഖാഫ് മുന്‍ മന്ത്രിയുമായ ശൈഖ് യൂസുഫ് ഹാശിം രിഫാഈ, മക്കയിലെ പ്രമുഖ പണ്ഡിതന്മാരായ സയ്യിദ് മുഹമ്മദ് അലവി മാലികി, സയ്യിദ് അബ്ബാസ് മാലികി, മുഹമ്മദ് അലി സ്വാബൂനി, ഡോ. ഉമര്‍ അബ്ദുല്ലാ കാമില്‍ തുടങ്ങിയവരെയെല്ലാം ബാപ്പു മുസ്ലിയാരുടെ കവിതകള്‍ വളരെ സ്വാധീനിക്കുകയുണ്ടായിട്ടുണ്ട്.
തഖ്മീസ് (പഞ്ചവല്കരണം) എന്നത് പ്രാചീന കവിതാ ശൈലിയാണ്. രണ്ടു ഭാഗമുള്ള അറബി കവിതയുടെ ഒരു വരി അഞ്ചുഭാഗമാക്കി നിലവിലുള്ള വരികളോടും പദങ്ങളോടും ആശയങ്ങളോടും പ്രാസത്തോടും ഒപ്പിച്ച് വിപുലീകരിക്കുന്നതാണിത്. ഇത് കേരളത്തില്‍ കൂടുതലായി പ്രചരിച്ചത് ബാപ്പു മുസ്ലിയാരുടെ രചനകളിലൂടെയായിരുന്നു.
നബി(സ്വ)യെ വര്‍ണിച്ചുകൊണ്ടും അവിടുത്തോട് ഇടതേടിക്കൊണ്ടും ഇമാം അബൂഹനീഫ(റ) രചിച്ച അല്‍ ഖസ്വീദത്തുന്നുഅ്മാനിയ്യ എന്ന കവിതാ സമാഹരത്തിന് ബാപ്പു മുസ്ലിയാര് രചിച്ച തഖ്മീസ് അദ്ദേഹത്തിന്റെ സാഹിത്യലോകത്തെ കഴിവും മികവും പാണ്ഡിത്യവും വരച്ചുകാട്ടുന്നതാണ്. രണ്ടു ഭാഗത്തുമായി 106 വരികളുള്ള പ്രസ്തുത ബൈത്തില്‍ ഓരോ ഈരടികള്‍ക്കും മുന്നില്‍ മൂന്ന് പാളികള്‍ ചേര്‍ത്ത് തഖ്മീസ് രചിച്ചപ്പോള്‍ 265 പാളികളും മുഖവുരയിലെ അഞ്ചു പാളികളുമടക്കം 270 പാളികളുള്ള ബൈത്തായി ആ കവിത മാറി. ഓരോ വരിയിലും ഇമാം അബൂഹനീഫ നല്കിയ വിശേഷണങ്ങള്‍ക്ക് പൂരകമായിട്ടാണ് അര്‍ത്ഥത്തിലും പദപ്രയോഗത്തിലും ബാപ്പു മുസ്ലിയാര് രചന നടത്തിയത്. അതിനാല്‍ അടിസ്ഥാന കവിതയും പുതിയ വരികളും ഏതാണെന്ന് എത്ര ചിന്തിച്ചാലും വേറിട്ടറിയില്ലെന്ന് അറബ് രാജ്യങ്ങളിലെ പണ്ഡിതര്‍ വരെ സമ്മതിച്ചിട്ടുണ്ട്. അല്‍ അസ്വീദതുര്റഹ്മാനിയ്യ എന്ന ഈ തഖ്മീസിന്റെ രണ്ടാം പാതി ഇംറുല്‍ ഖൈസിനെയും സുഹൈറിനെയും ഖന്‍സാഇനെയും മറ്റും പിന്തള്ളുന്ന കാവ്യഭംഗിയുള്ളതാണ്.
മുന്‍ഗാമികളായ സാഹിത്യകാരന്മാരുടെ പ്രേമഭാജനങ്ങളെ തന്റെ സാഹിത്യവാളുകള് കൊണ്ട് വെട്ടിമാറ്റി അടര്‍ക്കളത്തിലേക്ക് എടുത്തുചാടുന്ന ഉസ്താദിന്റെ പ്രയോഗങ്ങള്‍ എങ്ങിനെയാണ് വര്‍ണിക്കുക!
പ്രവാചകരുടെ ഹുജ്റതുശരീഫയുടെ മുകളില്‍ കൊത്തിവെച്ച ചില പ്രശസ്ത വരികളുണ്ട്. അതില്‍ ചിലത് മായ്ച്ചിട്ടുണ്ടെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ കാണാം. പ്രവാചകരോടുള്ള അനുപമമായ പ്രേമം മുന്‍നിര്‍ത്തി സഹായാഭ്യര്‍ത്ഥന നടത്തുന്ന ഈ വരികള്‍ ലോകപ്രശസ്തമാണ്. 16 വരികളില്‍ 32 പാളികളായി നില്ക്കുന്ന ഈ കവിതയെ ബാപ്പു മുസ്ലിയാര് തഖ്മീസ് ആക്കി രചിച്ചപ്പോള്‍ 80 പാളികളായി. ഇതിലും അടിസ്ഥാന വരികള്‍ കണ്ടെത്തുക പ്രയാസം.
ശൈഖ് ഹദ്ദാദ് തങ്ങള്‍ നബി(സ്വ)യെ സിയാറത്ത് ചെയ്തപ്പോള്‍ രചിച്ച പ്രശസ്തമായ കവിതയും ഹുജ്റയുടെ കെട്ടിനകത്ത് ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ആ കവിതയും ബാപ്പു മുസ്ലിയാര് തഖ്മീസ് വല്‍ക്കരണത്തിലൂടെ വിപുലീകരിച്ചിട്ടുണ്ട്. ഈ ബൈത്തിന്റെ ഓരോ വരിയിലും പ്രാസത്തിലും പദപ്രയോഗത്തിലും ഒരേ ഒഴുക്കില്‍ ബാപ്പു മുസ്ലിയാര് പ്രണയം പകര്‍ന്നുവെച്ചു. അതിന്റെ രണ്ടാം പാതിയില്‍ എത്തുമ്പോള്‍ ഭാഷ തന്നെ മാറിയോ എന്നു പോലും സംശയിക്കേണ്ടിവരും.
ഹാദ്ദാദ്(റ)ന്റെ തീര്‍ത്ഥാടനത്തിന്റെ ത്യാഗചിത്രങ്ങള് വിവരിക്കുമ്പോള്‍ ബാപ്പു മുസ്ലിയാര് മരുഭൂമിയും താഴ്വരകളും ഒട്ടകവുമടങ്ങുന്ന പ്രകൃതിയുടെ മനോഹാരിതയും സഞ്ചാരത്തിന്റെ സൂക്ഷ്മതലങ്ങളും വരച്ചുകാട്ടുന്നു. 44 വരികളിലായി 88 പാളികളുള്ള “ഖസ്വീദതുല്‍ ബാ അലവിയ്യ” എന്ന ഈ കവിത ബാപ്പു മുസ്ലിയാരുടെ തഖ്മീസ് വല്‍ക്കരണത്തിലൂടെ നവീകരിച്ചപ്പോള്‍ സാഹിത്യ ലോകത്തിന് ലഭിച്ച ഒരു അമൂല്യ കൃതിയായി അത് മാറി. ഇങ്ങനെ ധാരാളം മുന്‍ഗാമികളുടെ കവിതകള്‍ക്ക് തഖ്മീസ് രചിച്ചതുപോലെ സ്വന്തം സൃഷ്ടികളില്‍ പലതും അദ്ദേഹം തഖ്മീസാക്കിയാണ് രചിച്ചത്.
അസ്ബാബുന്നസ്ര്‍ എന്ന ബദ്ര് ബൈത്ത് ഇന്ന് കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതാണ്. ഇതില്‍ 313 ബദ്ര് ശുഹദാക്കളുടെ പേരും ക്രമീകരിച്ച് തഖ്മീസ് രൂപത്തില്‍ തവസ്സുലും പ്രാര്‍ത്ഥനയും ഇടക്കിടെ ആവര്‍ത്തിച്ച് ചൊല്ലാനുള്ള ജവാബും ഉള്‍ക്കൊള്ളിച്ച് ബൃഹത്തായ സമാഹാരമാണ്. സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശദാര്‍ഢ്യവും ബിദ്അത്തുകാരെക്കുറിച്ചുള്ള വേവലാതിയുമടക്കം ആശയവും പദപ്രയോഗ ചാതുര്യവും എല്ലാം അതിനെ വേറിട്ട കാവ്യമാക്കുന്നു. ബദ്ര് ശുഹദാക്കളോട് നേരില്‍ സഹായാര്‍ത്ഥന നടത്തുന്ന സംബോധന ശൈലിയാണിതില്‍ സ്വീകരിച്ചിരിക്കുന്നത്.
നഖ്ശബന്ദീ ത്വരീഖത്തിന്റെ കുടുംബ പരമ്പരയില്‍ ജനിച്ച ബാപ്പു മുസ്ലിയാര് നഖ്ശബന്ദീ ത്വരീഖത്തിന്റെ ധാരാളം ശൈഖുമാരുമായി ബൈഅത്ത് ചെയ്തിട്ടുണ്ട്. പ്രസ്തുത ത്വരീഖത്തിന്റെ മശായിഖുമാരെ തവസ്സുല്‍ ചെയ്യുന്ന തഖ്മീസ് ബൈത്ത് ബാപ്പു മുസ്ലിയാരുടെ പ്രശസ്ത രചനയാണ്. അശ്റഫുല് ഹുദാ എന്ന മദ്ഹ്ഗാനം, മമ്പുറം തങ്ങളെ കുറിച്ചുള്ള കവിത, മര്‍കസ് സമ്മേളനത്തിന് രചിച്ച സ്വാഗത ഗാനം എന്നിവ ശ്രദ്ധേയം. കാന്തപുരം ഉസ്താദിനെ റിയാദില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ഇതേ രീതിയില്‍ ബാപ്പു മുസ്ലിയാര് രചിച്ച കവിത സുന്നീ കൈരളിയുടെ മനസ്സ് പകര്ത്തിയുള്ളതായിരുന്നു.
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)യെ കുറിച്ച് എഴുതിയ മലയാള രീതിയിലുള്ള കവിത ഏറെ ജനകീയമാണ്. കുണ്ടൂര്‍ ഉസ്താദിന്റെ മകന് കുഞ്ഞു രക്തസാക്ഷിത്വം വഹിച്ചപ്പോള്‍ കുഞ്ഞുവിനെ പറ്റിയെഴുതിയ കവിതകള്‍ ഏതൊരു കടുത്ത ഹൃദയനെയും കരയിപ്പിക്കുന്നതാണ്.
തഖ്മീസുകളുടെ കൂട്ടത്തില്‍ അല്‍ നബീസുല് ഹബശീ രചിച്ച അറബി അക്ഷരമാലാ ക്രമത്തില്‍ തുടങ്ങുന്ന വരികള്‍ ഉസ്താദ് മുഖമ്മസാക്കിയത് എടുത്തുപറയണം. മൂലകൃതിയുടെ കര്‍ത്താവ് ഒരു തവണയാണ് അറബി അക്ഷരം തുടങ്ങിയതെങ്കില്‍ ബാപ്പു മുസ്ലിയാര് മൂന്ന് പാളികളിലും അതേ അക്ഷരം വ്യത്യസ്ത ശൈലിയില്‍ പ്രയോഗിക്കുന്നത് ശ്രദ്ധേയമാണ്.
ശൈഖ് ആദം ഹസ്രത്തടക്കമുള്ള ധാരാളം പണ്ഡിതരുടെ മര്‍സിയ്യത്തുല്‍ (അനുശോചന കാവ്യങ്ങള്‍) ശൈഖുനായുടെ രചനകളിലുണ്ട്. ആദം ഹസ്രത്തിന്റെത് വെല്ലൂരിലെ ബാപ്പു മുസ്ലിയാരുടെ പഠന കാലത്തുള്ള രചനയായതിനാല്‍ ബാഖിയാത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചതാണ്. ചേറൂര് ശുഹദാക്കളുടേതടക്കം നിരവധി മൗലിദുകളും ആ പണ്ഡിത കേസരിയുടെ തൂലികയില്‍ നിന്നും പിറന്നുവീണതായി കാണാം. തിരൂരങ്ങാടി ധര്‍മപുരിയില്‍ എസ്എസ്എഫ് ജില്ലാ സമ്മേളനം നടന്നപ്പോള്‍ മാര്‍ച്ചിംഗ് ഗാനം ശൈഖുനാ രചിച്ചതായിരുന്നു.
മിനായില്‍ തീപ്പിടുത്തമുണ്ടായ 1987ല്‍ എസ്.വൈ.എസ് ഹജ്ജ് സെല്‍ അമീറായിരുന്നു ബാപ്പു മുസ്ലിയാര്. ബദ്റിലേക്കും മദീനയിലേക്കുമുള്ള യാത്രയില്‍ ആ നിമിഷ കവി രചിച്ച അനുശോചന കാവ്യം ആയിരത്തോളം വരുന്ന അന്നത്തെ ഹാജിമാരില്‍ പലരും ഇന്നുമോര്ക്കുന്നുണ്ടാവും.
ഇങ്ങനെ കാവ്യരചനകളുടെയും രസനകളുടെയും ബഹുവര്ണങ്ങളില് തിളങ്ങിനിന്ന കേരളത്തിന്റെ ബൂസ്വീരിയായിരുന്നു മര്‍ഹൂം ബാപ്പു മുസ്ലിയാര്. കവിതയിലെന്ന പോലെ പാണ്ഡിത്യത്തിലും മലയാള നാടിന്റെ കേളി ആധുനിക അറബ് സാഹിത്യലോകത്ത് അദ്ദേഹം അടയാളപ്പെടുത്തി. രചനകള്‍ വരുംതലമുറയുടെ വ്യവഹാരത്തിനായി ശേഷിപ്പിച്ച് ആ വാനമ്പാടി പറന്നകലുമ്പോള്‍ അറബ് സാഹിത്യ ലോകത്ത് വലിയൊരു ശൂന്യതയാണ് നിറയുന്നത്.
തറയിട്ടാല്‍ ഹസന് സഖാഫി