അംഗസ്നാനം കൊണ്ട് ശുദ്ധീകരിക്കേണ്ട അശുദ്ധാവസ്ഥയും കുളികൊണ്ട് ശുദ്ധീകരിക്കേണ്ട അശുദ്ധാവസ്ഥയുമുണ്ട്. ആദ്യത്തേതിന് ചെറിയ അശുദ്ധിയെന്നും രണ്ടാമത്തേതിന് വലിയ അശുദ്ധിയെന്നും പറയുന്നു. ശുദ്ധീകരണത്തില്‍ ഒന്നാം സ്ഥാനം വെള്ളത്തിനാണ്. അതിനു സാധിക്കാതെ വരുമ്പോഴാണ് മറ്റു മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.
ശുദ്ധീകരണ സമയത്ത് നിശ്ചിത പ്രാവശ്യത്തിലധികം കഴുകല്‍ അമിതമാക്കലാണ്. സ്വന്തം ഉടമസ്ഥതയിലുള്ള വെള്ളമാണെങ്കില്‍ കറാഹത്താവുമത്. പൊതുവായ വെള്ളമാണെങ്കില്‍ മൂന്ന് പ്രാവശ്യത്തിലധികം അനുവദനീയമല്ല. വെള്ളം അധികമാവുന്നതിന് സാധ്യതയുള്ള സാഹചര്യം ഇല്ലാതാക്കുന്നതിന് കുളിക്കുന്നതിന് മുമ്പ് തലമുടി വെള്ളംചേര്‍ത്ത വിരലുകൊണ്ട് തിക്കകറ്റാന് നിര്‍ദേശമുണ്ട്.
നബി(സ്വ)യുടെ സവിധത്തില്‍ വന്ന് ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എങ്ങനെയാണ് വുളൂഅ് ചെയ്യുക’. അപ്പോള്‍ നബി(സ്വ) വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. അവിടുന്ന് (കഴുകലും തടവലും മൂന്നു പ്രാവശ്യം വീതം ചെയ്ത്) വുളൂഅ് ചെയ്തു കാണിച്ചു പറഞ്ഞു: ഇങ്ങനെയാണ് വുളൂഅ് ചെയ്യേണ്ടത്. ഇതിനെക്കാള്‍ അധികമാക്കുന്നവനും കുറക്കുന്നവനും അഹിതവും ക്രമരഹിതവുമാണ് ചെയ്തത്’ (ശറഹുമുസ്ലിം). ഈ നബിവചനത്തില്‍ പറഞ്ഞ അഹിതാവസ്ഥ അതുമായി ബന്ധപ്പെട്ട വിചാരപ്പെടലുകളുടെ കൂടി അടിസ്ഥാനത്തിലാണ്. അനുവദനീയമാണെന്നോ ആവശ്യമാണെന്നോ ഉള്ള വിചാരത്തില്‍ കുറ്റകരവും. വുളൂഅ് ആവര്‍ത്തിക്കല്‍ സുന്നത്താണെങ്കിലും അവിടെയും ചില നിര്‍ദേശങ്ങളുണ്ട്.
അമിതമായി വെള്ളം ചെലവഴിക്കുന്നതു നബി(സ്വ) വിലക്കിയിരുന്നു. ഇബ്നു ഉമര്‍(റ) പറയുന്നു: സഅ്ദ്(റ) വുളൂഅ് ചെയ്തുകൊണ്ടിരിക്കെ നബി(സ്വ) അദ്ദേഹത്തിന്റെ അടുത്തുകൂടി നടന്നുപോയി. അവിടുന്ന് ചോദിച്ചു: സഅ്ദ് എന്താണീ അമിതമായ ഉപയോഗം? സഅ്ദ്(റ) തിരിച്ചു ചോദിച്ചു: വുളൂഇല്‍ അമിതമാക്കുക എന്നതുണ്ടോ? നബി(സ്വ) പറഞ്ഞു: ഉണ്ട്, നീ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു പുഴയുടെ സമീപത്താണെങ്കില്‍ പോലും (ഇബ്നുമാജ).
വെള്ളത്തിന്റെ ദൗര്‍ലഭ്യം ഉണ്ടാകുമ്പോള്‍ മാത്രമല്ല, സുലഭമായിരിക്കുമ്പോഴും വെള്ളം ഉപയോഗിക്കേണ്ടത് മിതമായി മാത്രമാണ്. അതിനെക്കുറിച്ച് നബി(സ്വ)യുടെ ഭാഷ്യം ഇസ്റാഫ്’ എന്നാണ്. ഇസ്ലാമിക വ്യവസ്ഥയില്‍ ചെറുതല്ലാത്ത അപരാധമാണ് ഇസ്റാഫ് എന്ന ദുര്‍വ്യയം.
നബി(സ്വ)യുടെ മാതൃക
വെള്ളത്തിന്റെ അമിതോപയോഗത്തെ നിരുത്സാഹപ്പെടുത്തിയ നബി(സ്വ) മിതത്വത്തില്‍ കണിശത പാലിച്ചിരുന്നു. അനസ്(റ) പറയുന്നു: നബി(സ്വ) ഒരു മുദ്ദ് വെള്ളം കൊണ്ട് വുളൂഅ് ചെയ്യുകയും ഒരു സ്വാഅ് മുതല്‍ അഞ്ച് മുദ്ദ് വരെ വെള്ളം കൊണ്ട് കുളിക്കുകയും ചെയ്തിരുന്നു’ (മുസ്ലിം).
ഒരു മുദ്ദ് ഒരു ലിറ്റര്‍ തികയില്ല. കുളിക്കാന്‍ 4 ലിറ്റര്‍ വരെയാണ് പരമാവധി ഉപയോഗിച്ചിരുന്നത്. ഇത്ര വെള്ളമേ ശുദ്ധീകരണത്തിന് ഉപയോഗിക്കാവൂ എന്നു വ്യവസ്ഥയില്ലെങ്കിലും ശുദ്ധീകരണത്തിന്റെ പൂര്‍ണത ഉറപ്പിക്കലും അനാവശ്യമായി ഉപയോഗിക്കാതിരിക്കലും അനിവാര്യമാണ്.
ജാബിര്‍(റ)നോട് കുറച്ചാളുകള്‍ കുളിക്കാന്‍ എത്ര വെള്ളമാണുപയോഗിക്കാവുന്നത് എന്നു ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിനക്ക് ഒരു സ്വാഅ് മതിയാകും.’ അപ്പോള്‍ ചോദ്യകര്‍ത്താവ് പറഞ്ഞു: എനിക്കത് മതിയാവില്ല.’ ജാബിര്‍(റ) പറഞ്ഞു: നിന്നെക്കാള്‍ ഉത്തമനും മുടിയുമുണ്ടായിരുന്ന ആള്ക്ക്നബി(സ്വ)ക്ക്അതു മതിയായിരുന്നു’ (ബുഖാരി).
ഫലപ്രദമായ നിര്‍ദേശങ്ങള്‍
വെള്ളം പാഴാവാതിരിക്കുന്നതിന് മുകളില്‍ സൂചിപ്പിച്ച പോലെയുള്ള അമിതോപയോഗത്തിനെ നിരുത്സാഹപ്പെടുത്തുക മാത്രമല്ല. വെള്ളത്തിന്റെ ശുദ്ധീകരണ യോഗ്യത തിരികെ ലഭിക്കുന്ന മാര്‍ഗവും വെള്ളത്തിന്റെ ശുദ്ധി ഇല്ലാതാവുന്ന സാഹചര്യം കുറച്ചുകൊണ്ട് വരുന്ന രീതിയും ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍, ശുദ്ധീകരണത്തിന്റെയും വെള്ളത്തിന്റെയും അധ്യായങ്ങളില്‍ കാണാം.
ശുദ്ധീകരണത്തിനുപയോഗിക്കാവുന്ന വെള്ളത്തിന് ത്വഹൂര്‍’ എന്നാണ് പറയപ്പെടുന്നത്. ഖുര്‍ആനിലും ഹദീസിലും വെള്ളത്തിന് ഈ വിശേഷണം നല്‍കിയത് കാണാം. ശുദ്ധീകരണത്തിന് പറ്റുന്നതിനുള്ള സാധ്യത ഏറെയുള്ള വെള്ളത്തിന്റെ അളവ് രണ്ടുഖുല്ലത്തില് (ഏകദേശം 191 ലിറ്റര്‍) താഴെയാണ്. രണ്ടു ഖുല്ലത്തില്‍ അധികമുള്ള വെള്ളം അശുദ്ധമാവണമെങ്കില്‍ പ്രത്യക്ഷമായ പകര്‍ച്ച വേണം. പകര്‍ച്ചയില്ലെങ്കില്‍ അത് ഉപയുക്തവും ശുദ്ധീകരണ യോഗ്യവുമായിരിക്കും. ദീര്‍ഘ കാലമായതിനാലുണ്ടാകുന്ന വെള്ളത്തിന്റെ നിറപ്പകര്ച്ചയോ പ്രകൃതിപരമായ കലര്‍പ്പോ നിറമോ വെള്ളത്തെ ശുദ്ധീകരണത്തിന് പറ്റാതാക്കുന്നില്ല. മാലിന്യം മൂലം വെള്ളത്തിന് ഗുണവ്യത്യാസം വന്നിട്ടില്ലെങ്കില്‍ അതെടുത്ത് കളഞ്ഞ് ശുദ്ധീകരണത്തിനുപയോഗിക്കാവുന്നതാണ്.
വെള്ളം രണ്ടു ഖുല്ലത്തില്‍ താഴെയാണെങ്കില്‍ തന്നെ ചില ചെറിയതരം മാലിന്യങ്ങള്‍, പ്രാണികളുടെയും മറ്റും ശവശരീരം പോലുള്ളവ അതില്‍ വീണാല്‍ വെള്ളം അശുദ്ധമാവില്ല. അതുപയോഗിക്കാവുന്നതാണ്. ഇനി അല്പം വെള്ളത്തില്‍ മാലിന്യമായെങ്കില് തന്നെ അത്തരത്തിലുള്ള വെള്ളം കൂടിച്ചേര്‍ന്ന് രണ്ടു ഖുല്ലത്തിലധികമായാല്, വാസനയോ നിറമോ രുചിയോ വ്യത്യാസപ്പെട്ടിട്ടില്ലെങ്കില് ആ വെള്ളവും ശുദ്ധമായിത്തീരും.
കിണറിലെയും അരുവിയിലെയും മറ്റും വെള്ളം മാത്രമല്ല, ഉപ്പുരസമുള്ള സമുദ്രജലവും ശുദ്ധീകരണത്തിനുപയോഗിക്കാം. വായവെച്ച് കുടിച്ച വെള്ളത്തിന്റെ ബാക്കി വരുന്നതും വായില്‍ മാലിന്യമുണ്ടെന്നുറപ്പില്ലാത്ത (നായയും പന്നിയുമല്ലാത്തവ) ജീവികള്ഭക്ഷ്യയോഗ്യമല്ലാത്തവയാണെങ്കിലുംവായവെച്ച വെള്ളം അക്കാരണത്താല്‍ അശുദ്ധമാവില്ല. ഒരു പ്രാവശ്യം ശുദ്ധീകരണത്തിനുപയോഗിച്ച വെള്ളം അശുദ്ധമല്ലെങ്കിലും വീണ്ടും ശുദ്ധീകരണത്തിന് പറ്റില്ല. എന്നാല്‍ അത് രണ്ടു ഖുല്ലത്തിലധികമാവുകയും അതിന് മുകളില്‍ സൂചിപ്പിച്ച പകര്ച്ചയില്ലാതിരിക്കുകയും ചെയ്താല്‍ ശുദ്ധീകരണയോഗ്യമായിത്തീരും. ഇങ്ങനെ വെള്ളം പാഴാവാതിരിക്കാന്‍ സഹായകമാവുന്ന നിര്‍ദേശങ്ങള്‍ കര്‍മശാസ്ത്രത്തില്‍ ധാരാളമുണ്ട്.
ഒരു പ്രാവശ്യം വുളൂഅ് ചെയ്താല്‍ അത് മുറിയുന്ന കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍ അതുകൊണ്ട് എത്രവേണമെങ്കിലും നിസ്കരിക്കാം. വുളൂഅ് നിബന്ധനയായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്കും അതുമതി. വെള്ളത്തിന്റെ ലഭ്യത പോലെ മാത്രമേ കഴുകുന്നതിന്റെ എണ്ണം വര്ധിപ്പിക്കേണ്ടതുള്ളൂ. മൂന്നു പ്രാവശ്യം കഴുകല്‍ സുന്നത്താണ്. ഒരു പ്രാവശ്യം കഴുകിയാല്‍ തന്നെ ശുദ്ധി ലഭിക്കും. വുളൂഅ് സ്ഥിരമായി ഉണ്ടായിരിക്കല്‍ ഇസ്ലാം പ്രോത്സാഹിപ്പിച്ച പുണ്യവുമാണ്.
തിരുത്തേണ്ടത്
ശുദ്ധീകരണത്തിനും വൃത്തിക്കും വെള്ളം അമിതമായി ഉപയോഗിക്കുന്ന പ്രവണത പൊതുവെ ചിലര്‍ക്കുണ്ട്. ടാപ് തുറന്ന് വുളൂഅ് ചെയ്യുമ്പോള്‍ എത്രയോ വെള്ളം പാഴായിപ്പോവുന്നുണ്ട്. ടാപ് മുഴുവനായി തുറക്കാതെ കാല്‍ഭാഗം മാത്രം തുറന്നിട്ടെങ്കിലും വുളൂഅ് ചെയ്യാന്‍ നാം ശീലിക്കേണ്ടതാണ്. കുളിക്കുന്നതിന് ഷവര്‍ ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ വെള്ളത്തിന്റെ ഉപയോഗം കുറക്കാം. ബ്രഷ് ചെയ്യുമ്പോഴും ടാപ് തുറന്നിടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ശുദ്ധീകരണവുമായി ബന്ധപ്പെട്ട് ചില തെറ്റായ ധാരണകള്‍ പലരെയും കീഴ്പ്പെടുത്തിയതായി കാണാം. യഥാര്‍ത്ഥത്തില്‍ അതൊരു വലിയ പരീക്ഷണമാണ്. ശുദ്ധീകരണം ഉറപ്പായില്ലെന്ന ആശങ്ക തീരാതിരിക്കുക, അങ്ങനെ വെള്ളം നിര്‍ബാധം ഉപയോഗിക്കുക. ഫലമോ, സമയനഷ്ടവും ജലനഷ്ടവും ഉണ്ടാവുന്നു. ഇതിന് നാം വസ്വാസ്’ എന്നു പറയുന്നു. അതൊരു സൂക്ഷ്മതയാണെന്ന് ധരിച്ചവരുണ്ട്. അബദ്ധമാണത്.
ഇബ്നു ഖുദാമ(റ) പറയുന്നു: നബി(സ്വ)യും അനുചരന്മാരും ആരും തന്നെ വസ്വാസ് ഉള്ളവരായിരുന്നില്ല. അതൊരു പുണ്യകരമായിരുന്നുവെങ്കില് അല്ലാഹു അവന്റെ റസൂലിനും അനുചരന്മാര്ക്കും അത് നല്‍കുമായിരുന്നു. അവരാണല്ലോ സൃഷ്ടികളില്‍ ഉത്തമരും ശ്രേഷ്ഠരും. വസ്വാസുകാരനെ കണ്ടിരുന്നുവെങ്കില്‍ നബി(സ്വ) അവരോട് കോപം പ്രകടിപ്പിക്കുമായിരുന്നു. ഉമര്‍(റ) അവരെ കണ്ടിരുന്നുവെങ്കില്‍ അവരെ അടിക്കുകയും മര്യാദ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. സ്വഹാബികളില്‍ ആരെങ്കിലും അവരെ കാണുകയായിരുന്നുവെങ്കില്‍ അവരെ പുത്തന്‍വാദികളെന്ന് വിശേഷിപ്പിക്കുമായിരുന്നു’ (ശറഹുസ്വഫീരി ലി സ്വഹീഹില്‍ ബുഖാരി).
നബി(സ്വ) ഈ പരീക്ഷണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സമുദായത്തില്‍ പില്ക്കാലത്ത് ഒരു വിഭാഗം വരും. അവര്‍ ശുദ്ധീകരണത്തില്‍ അതിരു കടന്നുപോവുന്നതാണ്’ (അബൂദാവൂദ്). വുളൂഉമായി ബന്ധപ്പെട്ട് ഒരു പിശാചിന്റെ പ്രവര്‍ത്തനമുണ്ട്. അവന് വലഹാന്‍ എന്നാണ് പേര്. അതിനാല്‍ വെള്ളത്തിന്റെ കാര്യത്തില്‍ വസ്വാസ് നിങ്ങള്‍ സൂക്ഷിക്കുക’ (തിര്‍മുദി).
സൂക്ഷ്മതയുടെ മൂടുപടമണിഞ്ഞ് നമ്മെ കെണിയിലകപ്പെടുത്തി സമയവും വെള്ളവും നശിപ്പിക്കുന്ന വസ്വാസിനെ അകറ്റേണ്ടതാണ്. നമുക്ക് വുളൂഅ് ചെയ്യാന്‍ മാത്രമുള്ളതല്ല വെള്ളം. അതു ഉപയോഗിക്കാനവകാശമുള്ള ജീവജാലങ്ങളുടെ കൂട്ടത്തിലൊരുവന് മാത്രമാണ് താനെന്ന വിചാരം നമ്മെ സ്വാധീനിക്കണം.
മലിനീകരണത്തിനെതിരെ
വെള്ളം മലിനമാവാത്ത വിധം നമുക്കുവേണ്ടി പ്രപഞ്ചനാഥന് ക്രമീകരിച്ചിരിക്കുന്നു. അതില്‍ നമ്മുടെ കൈകടത്തലുകള്‍ കാരണം ഭംഗം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. അശ്രദ്ധമായ ഉപയോഗം കാരണം ലോകത്ത് ജലസ്രോതസ്സുകള്‍ മലിനമായിക്കൊണ്ടിരിക്കുന്നുവെന്നത് പേടിപ്പെടുത്തുന്ന വസ്തുതയാണ്. വര്‍ഷംതോറും ആയിരക്കണക്കിനാളുകളാണ് മലിനജലം കാരണം മരണപ്പെടുന്നതെന്നാണ് കണക്ക്. മൃഗങ്ങളുടേത് ഇതിന്റെ ഇരട്ടികള്‍ വരും. വെള്ളം മലിനപ്പെടാതെ ത്വഹൂറായി നില്ക്കുന്ന അവസ്ഥയില്‍ അത് എല്ലാറ്റിനും എല്ലാ ജീവികള്‍ക്കും ഉപകാരപ്പെടും. അല്ലാഹു വെള്ളത്തെ സംരക്ഷിക്കുന്നത് ശുദ്ധ പ്രകൃതിയില്‍ (ത്വഹൂര്‍) ആണ്. മനുഷ്യന്റെ ആത്മീയവും ശാരീരികവും കാര്‍ഷികവുമായ എല്ലാ ആവശ്യങ്ങള്‍ക്കും സര്‍വ സസ്യ, ജീവ ജാതികള്‍ക്കും ഉപയുക്തമായ അവസ്ഥയില്‍ നിന്നതിനെ മാറ്റുന്നത് ഗുണകരമല്ല. അശ്രദ്ധമായ ഉപയോഗം ജലനഷ്ടത്തിനും മലിനീകരണത്തിനും കാരണമാവും. പാചകത്തിനും ശുദ്ധീകരണത്തിനും അനാവശ്യമായി വെള്ളം ഉപയോഗിക്കുമ്പോള്‍ അത്രയും വെള്ളം പാഴാവും. അമിതോപയോഗം വഴി വെള്ളത്തെ മലിനപ്പെടുത്തുകയെന്നത് അല്ലാഹു നിശ്ചയിച്ച വെള്ളത്തിന്റെ ശുദ്ധാവസ്ഥയെ നശിപ്പിക്കലായിത്തീരും.
ശുദ്ധീകരണത്തിലും മറ്റും അശ്രദ്ധ മൂലമോ അവഗണന മൂലമോ സംഭവിക്കുന്ന ചെറിയ മലിനീകരണ സാധ്യതപോലും ഇസ്ലാം ഗൗരവപൂര്‍വം കാണുന്നു. നബി(സ്വ) പറയുന്നു: നിങ്ങള്‍ ഉറക്കില്‍ നിന്നുണര്‍ന്നാല്‍ കൈ മൂന്ന് പ്രാവശ്യം കഴുകാതെ വെള്ളപ്പാത്രത്തിലിടരുത്. കാരണം, ഉറങ്ങുന്ന സമയത്ത് അവന്റെ കൈകള്‍ എവിടെയൊക്കെയായിരുന്നു എന്ന് അവനറിയില്ലല്ലോ’ (മുസ്ലിം).
ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ കാണാവുന്നതാണ്. ഉറക്കത്തില്‍ കൈകൊണ്ട് മലമൂത്ര ദ്വാരങ്ങളില്‍ ചൊറിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത്തരം സാധ്യത പരിഗണിച്ച് വെള്ളത്തെ മലിനമാക്കാതിരിക്കാനാണ് ആദ്യം കൈ കഴുകുന്നത്. മാലിന്യം കൈയിലുണ്ടെന്ന് ഉറപ്പാണെങ്കില്‍ കഴുകാതെ വെള്ളത്തിലിടുന്നത് പാടില്ലാത്തതാണ്. വെള്ളത്തിന്റെ ശുദ്ധീകരണ യോഗ്യത ഇല്ലാതാക്കുന്നതില്‍ മാത്രം ഇതിനെ കാണേണ്ടതില്ല. കാരണം, രണ്ടു ഖുല്ലത്തില്‍ അധികമുള്ള വെള്ളത്തെ മലിനമാക്കാന്‍ മാത്രം കൈയില്‍ മാലിന്യം ഉണ്ടായിരിക്കില്ല. പക്ഷേ, അല്പമാണെങ്കിലും മാലിന്യം വെള്ളത്തില്‍ കലരാതെ ശ്രദ്ധിക്കണമെന്ന പാഠം ഇതിലുണ്ട്.
അബ്ദില്ലാഹിബ്നു ഉമര്‍(റ)ന്റെ പുത്രന് സാലിം(റ) പറയുന്നു: ഉറങ്ങിയുണര്‍ന്നാല്‍ കൈ കഴുകാതെ വെള്ളപാത്രത്തിലിടരുതെന്ന ഹദീസ് അബ്ദുല്ല(റ) ഉദ്ധരിച്ചപ്പോള്‍ ഒരാള്‍ ചോദിച്ചു: വെള്ളപാത്രം ഒരു ഹൗളാണെങ്കിലോ? ഉമര്‍(റ) അയാളെ ഒരു ഏറ് കൊടുത്തിട്ടു പറഞ്ഞു: നബി(സ്വ) ഇങ്ങനെ പറഞ്ഞിരിക്കുന്നു എന്നു ഞാന്‍ പറയുമ്പോള്‍, നീ ഹൗളാണെങ്കിലോ എന്നു ചോദിക്കുകയോ’ (ബൈഹഖി). വെള്ളം അധികമുണ്ടെങ്കിലും കൈ കഴുകി വൃത്തിയാക്കിയ ശേഷമേ വെള്ളത്തിലിടാവൂ എന്നാണ് ഗുരുവര്യര്‍ പഠിപ്പിക്കുന്നത്.
ഇമാം നവവി(റ) ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ പറയുന്നു: ഇതിന്റെ ആശയമിതാണ്: തന്റെ കൈയില്‍ മാലിന്യമില്ലെന്ന് ഉറപ്പിക്കാനാവില്ല. ഈ വിധി രാത്രിയിലെയും പകലിലെയും ഉറക്കിലും ഉണര്ച്ചയിലും ബാധകമാണ്. നജസിന്റെ സാധ്യതയുള്ളതിനാല്‍ വെള്ളത്തില്‍ കൈ ഇടുന്നതിന്റെ മുന്‍പായി അതു കഴുകണമെന്നതാണ് പൊതു നിര്‍ദേശം. എന്നാല്‍ നബി(സ്വ) രാത്രിയെ പ്രത്യേകം പറഞ്ഞത് രാത്രിയിലാണല്ലോ ഉറങ്ങാറുള്ളതും അതിലാണല്ലോ നാമറിയാതെ കൈകള്‍ പലയിടത്തും സഞ്ചരിക്കുന്നതുമെല്ലാം. രാത്രിയില്‍ മാത്രമാണു നിര്‍ദേശം എന്ന് ധരിക്കാതിരിക്കാനാണു നബി(സ്വ) രാത്രിയുറക്കം എന്നു പറഞ്ഞ് നിര്‍ത്താതെ അതിന്റെ കാരണമായ കൈ എവിടെയൊക്കെ സഞ്ചരിക്കുമെന്ന് അറിയില്ലെന്ന് കൂടി പറഞ്ഞത്. ഇനി നജസ് പുരണ്ടില്ല എന്നുറപ്പാണെങ്കില്‍ കൈ കഴുകാതിരിക്കുന്നത് കറാഹത്താവില്ലെങ്കിലും സുന്നത്ത് നഷ്ടപ്പെടും’ (ശര്‍ഹുമുസ്ലിം).
ഈ നിര്‍ദേശത്തെ കര്‍മശാസ്ത്രത്തില്‍ ഗൗരവപൂര്‍വം പരിഗണിച്ചുവെന്നത് തുടര്‍ന്ന് ഇമാം നവവി(റ) വ്യക്തമാക്കുന്നു: വെള്ളം വലിയ പാത്രത്തിലോ പാറയിലെ കുഴിയിലോ ആയതുമൂലം ചൊരിച്ച് കഴുകാന്‍ സാധിക്കാതെ വരികയും അതിന് സഹായകമായി ചെറിയ പാത്രം ഇല്ലാതിരിക്കുകയും ചെയ്താല്‍ വായകൊണ്ട് വെള്ളമെടുത്ത് കൈ കഴുകണം. അല്ലെങ്കില്‍ തന്റെ വൃത്തിയുള്ള തുണി വെള്ളത്തില്‍ മുക്കി അതില്‍നിന്ന് വെള്ളമെടുത്ത് കഴുകണം. അതുമല്ലെങ്കില്‍ ആരോടെങ്കിലും സഹായം തേടണം’ (ശര്‍ഹുമുസ്ലിം).
മലിനസാധ്യതയുള്ള അവസ്ഥയില്‍ കൈ വെള്ളത്തില്‍ മുക്കരുതെന്ന് സാരം. ഹൗളിലെ വെള്ളം വൃത്തികേടാവുന്ന വിധത്തില്‍ വല്ലതും മുഖത്തോ കൈകളിലോ ഉണ്ടെങ്കില്‍ അത് കഴുകിയ വെള്ളം ഹൗളില്‍ വീഴാതെ ശ്രദ്ധിക്കണം.
വെള്ളത്തിലെ വിസര്‍ജനം
വെള്ളത്തില്‍ മലമൂത്ര വിസര്‍ജനം നടത്തി വൃത്തികേടാക്കുന്നതിനെ തിരുനബി(സ്വ) നിരോധിച്ചിട്ടുണ്ട്. വെള്ളം കുടിക്കാനും കുളിക്കാനും മനുഷ്യനിടപഴകാനുമുള്ള അമൂല്യവസ്തുവാണ്. അതില്‍ പ്രകൃത്യാതന്നെ വെറുക്കപ്പെട്ട മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന്റെ സംസ്കാര രാഹിത്യം പറയേണ്ടതില്ല. നബി(സ്വ) പറയുന്നു: കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രിക്കരുത്. പിന്നീട് നീ അതില്‍ നിന്നും കുളിക്കുകയും ചെയ്യുന്നു’ (മുസ്ലിം). അഥവാ കുളിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ തന്നെ വിസര്‍ജനം നടത്തിക്കൂടാ. പിന്നീട് അതില്‍ നിന്ന് തന്നെ കുളിക്കുമ്പോള്‍ മൂത്രമെന്ന മാലിന്യം അതില്‍ ലയിച്ചിരിക്കുമല്ലോ. കുളിക്കുന്ന സമയത്ത് മൂത്രമൊഴിക്കരുതെന്ന് മാത്രമല്ല, കുളിക്കുന്നില്ലെങ്കിലും മൂത്രവിസര്‍ജനം നടത്തിക്കൂടാ.
പ്രത്യക്ഷത്തില്‍ അടയാളങ്ങളൊന്നും കാണാത്ത മൂത്രവിസര്‍ജനം തന്നെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ആവാന്‍ പറ്റില്ലെങ്കില്‍ മലവിസര്‍ജനം പ്രത്യേകം പറയേണ്ടതില്ല. കുറഞ്ഞ വെള്ളമാണെങ്കിലും കൂടുതലാണെങ്കിലും കെട്ടിനില്ക്കുന്നതാണെങ്കില് ഈ ഹദീസിലെ നിരോധനം ബാധകമാണ്. വെള്ളം നജസായിത്തീരുമോ ഇല്ലയോ എന്ന അര്‍ത്ഥത്തിലല്ല ഈ നിരോധനം. മറിച്ച് വെള്ളത്തെ അതിന്റെ ശുദ്ധപ്രകൃതത്തില്‍ നിന്നും മാറ്റാനത് കാരണമാകുമെന്ന നിലയിലാണ്.
ഇമാം നവവി(റ) എഴുതുന്നു: കെട്ടി നില്ക്കുന്ന വെള്ളത്തില്‍ മൂത്രിക്കലും കുളിക്കലും നിരോധിതമായത്, അതുകൊണ്ട് മാത്രം വെള്ളം നജസാവും എന്ന നിലക്കല്ല. മറിച്ച്, വെള്ളത്തെ അത് മലിനമാക്കുകയും പകര്ച്ചയാകുകയും ചെയ്യുമെന്ന നിലക്കാണ്. അതുകൊണ്ടാണ് ഇമാം ശാഫിഈ(റ)യും ശിഷ്യരും കെട്ടിനില്‍ക്കുന്ന വെള്ളം (രണ്ടു ഖുല്ലത്തില്‍) അധികമാണെങ്കിലും അതില്‍ ഇറങ്ങി കുളിക്കല്‍ കറാഹത്താണെന്ന് വ്യക്തമാക്കിയത്’ (ശര്‍ഹുല്‍ മുഹദ്ദബ്).
ഒലിക്കുന്ന വെള്ളത്തിലാണെങ്കിലും മലമൂത്ര വിസര്‍ജനവുമായി ബന്ധപ്പെട്ട് നിയമങ്ങളുണ്ട്: ഒലിക്കുന്ന വെള്ളം കുറഞ്ഞതാണെങ്കില്‍ കെട്ടിനില്ക്കുന്നതെന്ന പോലെ തന്നെ മൂത്രവിസര്‍ജനം നിഷിദ്ധമാണ്. കാരണം, അത് വെള്ളത്തെ അശുദ്ധമാക്കലും തനിക്കും മറ്റുള്ളവര്‍ക്കും ഉപദ്രവം വരുത്തലുമാണ്. എന്നാല്‍ കൂടുതലുള്ള, ഒലിക്കുന്ന വെള്ളത്തില്‍ മൂത്രിക്കല് നിഷിദ്ധമല്ലെങ്കിലും അതൊഴിവാക്കലാണ് ഉത്തമം. വെള്ളത്തിനടുത്ത് മലവിസര്‍ജനം നടത്തുന്നതും നിരോധിതമാണ്’ (ശര്‍ഹുമുസ്ലിം). അടിസ്ഥാനപരമായി തന്നെ വെള്ളത്തിന്റെ സംരക്ഷണവും പാരിസ്ഥിതികമായ സുസ്ഥിതിയില്‍ അത് നിലനിറുത്തുന്നതിനും വിമലാവസ്ഥ അനിവാര്യമാണ്. വൃത്തികെട്ട വെള്ളം തളംകെട്ടി നില്‍ക്കുന്നത് മനുഷ്യന്റെയും ജന്തുക്കളുടെയും ആരോഗ്യത്തിന് ഹാനികരമായിത്തീരുന്നു. പാഴ്ജലമുണ്ടാവുന്നത് പലപ്പോഴും അമിതമായ ഉപയോഗം മൂലമാണ്. വെള്ളത്തിന്റെ പ്രകൃതിക്ക് താങ്ങാനാവാത്ത കെമിക്കലുകള്‍ ചേര്‍ത്ത് വെള്ളവും സ്ഥലവും നിര്ജീവമാക്കുന്നത് ആശാസ്യമല്ല. ശുദ്ധീകരണത്തിനുപറ്റുന്ന ജലലഭ്യതക്ക് തടസ്സം നേരിടുന്നുവെന്നതാണിന്നത്തെ പ്രധാന പ്രശ്നം. ജലവും മണ്ണും പാരസ്പര്യപ്പെട്ട് സേവനധര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് ഉപയോഗപ്രദമായ ശുദ്ധജലത്തെ തിരിച്ചുനല്‍കാന്‍ ഭൂമിയെയും അതിന് വശപ്പെടാന്‍ വെള്ളത്തെയും അനുവദിക്കുന്ന വിധത്തിലുള്ള ജലോപയോഗശീലം ആര്‍ജിക്കേണ്ടതുണ്ട്.
മുശ്താഖ് അഹ് മദ്